Ind disable

Tuesday, 7 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 4)

 
 പകല്‍ കാഴ്ചകള്‍

എത്രമാത്രം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായാലും, ഒരു പരിധി കഴിഞ്ഞാല്‍ നാം ബോധം കെട്ടുറങ്ങിപ്പോകും. അതിന് പതുപതുത്ത മെത്തയോ പായോ ഒന്നുംവേണ്ട. ശരീരം സ്വസ്ഥമായി ഒന്നു ചാരാനുള്ള സൌകര്യം കിട്ടിയാല്‍ മതി. ആ അഗാധ നിദ്രയുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ നാമറിയാതെ ഉണര്‍ന്നു പോയേക്കും, വ്യാകുലതകളിലേയ്ക്ക്. അങ്ങനെയൊരു ഘട്ടത്തില്‍ ഞാനും ഉണര്‍ന്നു പോയി.

കണ്ണു മിഴിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് കിടക്കുന്ന സ്ഥലം ഓര്‍മ്മ വന്നത് . ആ ബോധ്യം തള്ളിക്കയറി വന്നതോടെ ഉറക്കമെല്ലാം പമ്പ കടന്നു. വലിയ ആ ഹാളില്‍ നല്ല നിശ്ശബ്ദത, ചിലരുടെ കൂര്‍ക്കം വലിയും ഇടവിട്ടുള്ള ചുമയും ഒഴിച്ചാല്‍. സുകുമാരന്‍ അടുത്തു കിടന്ന് നന്നായി ഉറങ്ങുന്നുണ്ട്(?). ഞാന്‍ തല ഉയര്‍ത്തി നോക്കി. രണ്ടു “കട്ടിലി”നപ്പുറത്തു നിന്നും പുകചുരുളുകള്‍ ഉയരുന്നു. മങ്ങിയ വെളിച്ചത്തില്‍ ആളെ കാണാം. ലോക്കല്‍ സഖാവ് കുത്തിയിരുന്നു ദിനേശ് ബീഡി വലിയ്ക്കുകയാണ്! പാവം ഉറക്കമില്ലാതെ എന്തൊക്കെയോ ആലോചിച്ചിരിയ്ക്കുന്നു. ഒന്നാം പ്രതി, മൂന്നു പെണ്‍കുട്ടികളുടെ പിതാവ്. രയറോത്തെ വീട്ടില്‍ ആ മക്കളും ഭാര്യയും ഇപ്പോള്‍ ഇതേ പോലെ തന്നെ ഉറക്കമില്ലാതിരിയ്ക്കുകയാവാം.   ഓരോന്നാലോചിച്ച് കിടന്ന് വീണ്ടും മയങ്ങിപ്പോയി.

“ഫയലേ..കോണ്‍ ഫയല്‍..!”

ഉച്ചത്തിലുള്ള അലര്‍ച്ച.! ഞെട്ടിയെഴുനേറ്റു. എന്താണു സംഭവമെന്നൊരു പിടിയുമില്ല. എല്ലാരും അവിടുന്നുമിവിടുന്നും ഒക്കെ ചാടിയെഴുനേല്‍ക്കുന്നു. മടിച്ചു കിടന്ന ചിലരെ ആരൊക്കെയോ തട്ടിയെഴുനേല്‍പ്പിയ്ക്കുന്നു. ആകെപ്പാടെ ഒരു ബഹളം. ഞാന്‍ അന്തംവിട്ടിരുന്നു.

“ഫയല്‍..ഫയല്‍..!”

വീണ്ടും അതേ അലര്‍ച്ച..!

നോക്കുമ്പോള്‍ തടവുപുള്ളികളെല്ലാം വരിയായി കുത്തിയിരിയ്ക്കുന്നതാണു കണ്ടത്. ഒരാളുടെ പുറകില്‍ ഒരാളായി. നമ്മളും ഇരിയ്ക്കണമല്ലോ. ഞങ്ങളെല്ലാം അതേ പോലെ അനുകരിച്ചു. അപ്പോള്‍ രണ്ടു പേര്‍, ഒരാള്‍ മുന്‍പില്‍ നിന്നു പുറകോട്ടും  മറ്റേയാള്‍ പുറകില്‍ നിന്നു മുന്‍പോട്ടും, തലതൊട്ട് എണ്ണി വന്നു. എണ്ണല്‍ കഴിഞ്ഞ ശേഷം അവര്‍ പരസ്പരം  എണ്ണംകൃത്യമാണെന്നുറപ്പു വരുത്തി. അതോടെ എല്ലാവരും എഴുനേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍  കാര്യം മനസ്സിലായി. ജെയില്‍ പുള്ളികളുടെ എണ്ണമെടുത്തതാണ്. എന്നാല്‍ ഈ “ഫയല്‍” എന്ന വാക്കും ഇതുമായുള്ള ബന്ധം മനസ്സിലായില്ല.

ഈ എണ്ണമെടുപ്പു നടത്തിയ ആള്‍ തടവുകാരന്‍ തന്നെയാണ്.  അയാള്‍ക്ക് “മേസ്ത്രി” എന്ന ഒരു സ്ഥാനം നല്‍കിയിരിയ്ക്കുന്നു. പൊതുവില്‍ ശിക്ഷാകാലാവധി കഴിയാറായ, മര്യാദക്കാ‍രായ ആള്‍ക്കാരെയാണ് ഈ ചുമതല ഏല്‍പ്പിയ്ക്കുക. ഒരു ബ്ലോക്കില്‍ മൂന്നോ നാലോ മേസ്ത്രിമാരുണ്ടാകും. അവര്‍ക്ക് ഓരോ ഏരിയ തിരിച്ചു കൊടുത്തിട്ടുണ്ട്.
ആ ഏരിയയിലെ മേല്‍നോട്ടം  അവരുടെ ചുമതലയാണ്. അതിലൊന്നാണ് രാവിലെയും വൈകുന്നേരവുമുള്ള, തടവു പുള്ളികളുടെ കണക്കെടുപ്പ്.

അപ്പോള്‍ സമയമെന്തായെന്നറിയില്ല. എങ്കിലും അഞ്ചുമണിയായിക്കാണുമെന്ന് ഊഹിച്ചു, മുറ്റത്ത് കാക്കകളുടെ കരച്ചില്‍ കേള്‍ക്കാം. ആറുമണിയായാല്‍ ഹാളിന്റെ വാതില്‍ തുറക്കും. പിന്നെ ഈ ബ്ലോക്കിനുള്ളില്‍ (ഹാളിനു വെളിയിലുള്ള വളപ്പില്‍)  “സ്വതന്ത്രരായി” നടക്കാം. വീണ്ടും, വൈകുന്നേരം ആറുമണിയ്ക്ക് എല്ലാവരെയും ഉള്ളിലാക്കി ഹാള്‍ പൂട്ടും. ഇതാണു രീതിയെന്നു മനസ്സിലായി.

“എല്ലാ സഖാക്കളും ഇങ്ങോട്ടു വരൂ..”

സഖാവ് ബാബുരാജാണ് വിളിയ്ക്കുന്നത്. (ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഉന്നത ബിരുദധാരിയും പാര്‍ടി ലോക്കല്‍ സെക്രട്ടറിയും.‍). ഞങ്ങള്‍ കക്ഷിയുടെ ചുറ്റും കൂടി.

“ഇങ്ക്വിലാബ് സിന്ദാബാദ്..
രക്തസാക്ഷികള്‍ സിന്ദാബാദ്.“

ബാബുരാജിന്റെ ചെവിപൊട്ടുന്ന ശബ്ദം ജയില്‍ മുറിയില്‍ മുഴങ്ങി. പിന്നെയെന്തു നോക്കാന്‍..ഞങ്ങളും വിളിച്ചു ഉച്ചത്തില്‍. ഒരു പത്തു മിനിട്ടു നേരത്തേയ്ക്ക് തകര്‍പ്പന്‍ വിളി തന്നെ. അപ്പോള്‍ ഹാളിന്റെ പല ഭാഗത്തു നിന്നും ഈ വിളി കേട്ടു തുടങ്ങി. അതോടെ ഞങ്ങള്‍ക്ക് ആവേശം കൂടി. നമ്മുടെ ആള്‍ക്കാര്‍ ഇഷ്ടം പോലെ കിടപ്പുണ്ടല്ലോ!

ഈ മുദ്രാവാക്യം വിളി സംഘബോധം സൃഷ്ടിയ്ക്കുന്നതിനൊപ്പം ഒരു അധീശത്വ പ്രഖ്യാപനം കൂടിയാണ്. കാരണം ജയിലില്‍ വിവിധ തരത്തിലുള്ള കുറ്റവാളികളുണ്ട്. കൈക്കരുത്തില്‍ വിശ്വസിയ്ക്കുന്നവര്‍. ക്രൂര മനോഭാവമുള്ളവര്‍. അവരെയൊക്കെ ഒതുക്കി നിര്‍ത്താന്‍ ഇതു വഴി സാധിയ്ക്കും.

ആറുമണി അടുക്കാറായതോടെ വാതിലിനു മുന്‍പില്‍ വലിയൊരു കൂട്ടം രൂപപെട്ടു. ആദ്യം പുറത്തു ചാടാനുള്ള തിരക്കാണ്. ഈ തിരക്കിനു കാരണം പിന്നീടാണു ബോധ്യമായത്. ബ്ലോക്കില്‍ ആളിനനുസരിച്ചുള്ള ടോയിലറ്റുകള്‍ ഇല്ല. ആകെ എട്ടോ പത്തോ എണ്ണം മാത്രം. ആദ്യം അതു പിടിയ്ക്കാനാണ് ഈ തിരക്ക്. ഞങ്ങള്‍ ഏതായാലും ഇതെല്ലാം നോക്കി മാറിയിരുന്നു.

ആറുമണിയായപ്പോള്‍ സെ‌ന്‍‌ട്രല്‍ ടവറില്‍ സൈറണ്‍ മുഴങ്ങി. ഒരു ഗാര്‍ഡ് വന്ന്‍ കൂറ്റന്‍ വാതില്‍ തുറന്നിട്ടു. കോഴിയെ അഴിച്ചു വിട്ടമാതിരി ഒരു തള്ളലാണ് പുറത്തേയ്ക്ക്. കുറേപേര്‍ മുന്നിലിറങ്ങി പാഞ്ഞു. ഞങ്ങള്‍ ഈ തള്ളല്‍  കഴിഞ്ഞ് തോര്‍ത്തുമെടുത്ത് മുറ്റത്തിറങ്ങി. പ്രഭാതമായിരിയ്ക്കുന്നല്ലോ..!. നല്ല ശുദ്ധമായ അന്തരീക്ഷം. കുളിര്‍മ്മയുള്ള ഇളം കാറ്റ് കവിളില്‍ തട്ടി. കാക്കകളുടെ ചിലയ്ക്കല്‍. കൊച്ചു കുരുവികള്‍ അവിടെയൊക്കെ വന്നിരുന്നു എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. ചെറിയ മുറ്റം കഴിഞ്ഞാല്‍ വിശാലമായ വളപ്പാണ്. അവിടെയെങ്ങും പടുകൂറ്റന്‍ മാവുകളും തെങ്ങുമൊക്കെ. വലിയൊരു തറവാട്ടു വളപ്പ് മാതിരി. എന്തൊരു ഹരിതാഭ !

വളപ്പില്‍ അല്പം അകലത്തായി വലിയൊരു കിണറും നിലത്തു കെട്ടിയിരിയ്ക്കുന്ന ചതുരാകൃതിയിലുള്ള ടാങ്കുമുണ്ട്. നാലടിയോളം പൊക്കമുണ്ട് ടാങ്കിന്റെ ഭിത്തികള്‍ക്ക്. രണ്ടു മൂന്നു പേര്‍ ടാങ്കില്‍ വെള്ളം നിറയ്ക്കുന്നു. ഞങ്ങള്‍ അവിടെ പോയി, മാവില കൊണ്ട് പല്ലു തേച്ച് മുഖം കഴുകി വന്നു. ടോയിലറ്റിലേയ്ക്ക് ഇപ്പോള്‍ പോക്കു നടക്കില്ല.

ഏഴുമണിയായിക്കാണും, പുറത്തെ വലിയ വരാന്തയിലേയ്ക്ക് വലിയ പാത്രങ്ങള്‍ ചുമന്നു കൊണ്ട് കുറച്ചു പേര്‍ എത്തി.

“ചേട്ടാ ചായയും ചപ്പാത്തിയുമാണ്. പോയി മേടിച്ചോ..”

രാമന്‍ ഞങ്ങളോടു വിളിച്ചു പറഞ്ഞു. ഓഹോ, ചപ്പാത്തിയാണോ? ജയിലാഹാരത്തെ പറ്റി പറയുന്നത് “ഗോതമ്പുണ്ട” എന്നാണല്ലോ..! ഹായ്... .ചപ്പാത്തി എനിയ്ക്കു വലിയ ഇഷ്ടമാണ്. വീട്ടില്‍ മിക്കവാറും ഗോതമ്പ് മേടിച്ച് പൊടിപ്പിയ്ക്കാറുണ്ട് ചപ്പാത്തി ഉണ്ടാക്കാന്‍.ഞാനും സുകുമാരനും പ്ലേറ്റും ഗ്ലാസുമെടുത്ത് അങ്ങോട്ടേയ്ക്ക് ചെന്നു. തിരക്കല്പം ഒഴിഞ്ഞ് ഞങ്ങളുടെ ഊഴമായി. ഞാന്‍ പ്ലേറ്റ് നീട്ടി....

ഉദ്ദേശം ഒരടിയോളം വ്യാസമുള്ള, അര സെന്റിമീറ്റര്‍ കനമുള്ള രണ്ടു “ചപ്പാത്തി”കള്‍ പ്ലേറ്റിലേയ്ക്കു വീണു. പുറകേ ബ്രൌണ്‍ നിറമുള്ള ഒരു ദ്രാവകം. അതില്‍ നാലോ അഞ്ചോ കടല അങ്ങിങ്ങായി കിടക്കുന്നു. പിന്നെ ഒരു കെറ്റിലില്‍ നിന്നും ചായ പോലെ തോന്നിക്കുന്ന എന്തോ ഒന്നു സ്റ്റീല്‍ ഗ്ലാസിലും ഒഴിച്ചു തന്നു. അതും നോക്കി കൂടുതല്‍ അന്തം വിട്ടു നില്‍ക്കാന്‍ പറ്റില്ല, പുറകില്‍ ആളുണ്ട്. കിട്ടിയതുമായി ഞങ്ങള്‍ കിടപ്പാടത്തെത്തി.

“ചപ്പാത്തി”യ്ക്ക് നല്ല ഇരുണ്ട നിറമാണ്. ഗോതമ്പിന്റെ ഉമി പോലെ എന്തോ ആകെ പറ്റിയിരിയ്ക്കുന്നു. “ചായ“ കുടിച്ചു നോക്കി. വീട്ടില്‍ ചായവെച്ചു കഴിഞ്ഞ് കലത്തില്‍ വെള്ളമൊഴിച്ചു വയ്ക്കാറില്ലേ, അതു തന്നെ സാധനം. എന്തൊരു ടേസ്റ്റ്! എന്തായാലും ചെറിയ ചൂടുണ്ട്.  വിശപ്പുള്ളതിനാല്‍ ഒന്നിനും വലിയ അരുചിയൊന്നും തോന്നിയില്ല. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു “ചപ്പാത്തി”യിലധികം പോയില്ല.

“ബ്രേക്ക്ഫാസ്റ്റി“നു ശേഷം ബ്ലോക്ക് പരിസരമൊക്കെ ഒന്നു ചുറ്റിക്കാണാന്‍ ഞാനും സുകുമാരനും തീരുമാനിച്ചു. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഇരിയ്ക്കാനായി സിമന്റുകൊണ്ട് ബഞ്ചുകള്‍ ഉണ്ട്, ഒന്നോ രണ്ടോ എണ്ണം. കൂടാതെ ഒരു തട്ടും ചുറ്റിനും നാലുപേര്‍ക്കിരിയ്ക്കാനുള്ള സിമന്റു ബ്ലോക്കും. തട്ടിന്മേല്‍ ഒരു ക്യാരംസ് ബോര്‍ഡുണ്ട്. പ്രായമായ ചിലരൊക്കെ അവിടവിടെ ഇരിയ്ക്കുന്നു. എല്ലാം വിഷാദച്ഛവിയുള്ള മുഖങ്ങള്‍. ഇവരൊക്കെ കുറ്റവാളികളാണെന്ന് വിശ്വസിയ്ക്കാനാവുന്നില്ലല്ലോ? നമ്മളൊക്കെ എപ്പോഴും എവിടെ വച്ചും കാണുന്ന സാധാരണ മനുഷ്യര്‍. പലരും ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയതേ ഇല്ല. അറിയാതെയെങ്ങാനും കണ്ണുടക്കിയാല്‍ ഉടനെ പിന്‍‌വലിച്ചു കളയുന്നു. ഞങ്ങള്‍ താല്‍ക്കാലിക സന്ദര്‍ശകരാണെന്ന് അവര്‍ക്കറിയാം.

 ഞങ്ങള്‍ മുറ്റത്തു നിന്നും താഴെ ഭാഗത്തേയ്ക്കു നടന്നു. ഹാ..അതാ രണ്ട് കൂട്ടുപ്രതികള്‍ ഇളം വെയിലും കൊണ്ടിരിയ്ക്കുന്നു! തലയിലും ശരീരത്തുമൊക്കെ എണ്ണ തേച്ചു പിടിപ്പിച്ചിരിയ്ക്കുന്നു..! ഈ പുള്ളികളെ ഞങ്ങളെയൊക്കെ പിടിയ്ക്കുന്നതിനു മുന്‍പേ പിടിച്ചതാണ്. (ഭാഗം-1 ല്‍ ഇവരുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്). ഞങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷമായി. അവര്‍ ഓരോരോ ജയില്‍ വിശേഷങ്ങള്‍ പറഞ്ഞു തന്നു. ഞങ്ങള്‍ കിടക്കുന്നത് രണ്ടാം ബ്ലോക്കിലാണ് എന്ന് മനസ്സിലായി.   ജയിലില്‍ കിടക്കുന്നതിന്റേതായ ഒരു വിഷമവും അവരുടെ മുഖത്തു കണ്ടില്ല. ഇപ്പോള്‍ ഏതാണ്ട് എട്ടോ പത്തോ ദിവസമായിക്കാണുമല്ലോ. ഒരാള്‍ ചെത്തുകാരനും മറ്റേയാള്‍ കൂലിപ്പണിക്കാരനും ആണ്. മനുഷ്യരങ്ങനെയാണല്ലോ, എവിടവുമായും പൊരുത്തപ്പെടുന്നതു വരെയേ ഉള്ളൂ വിഷാദം.

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഏതാണ്ട് രണ്ടു മണിക്കൂര്‍ ആയതോടെ വയറ്റില്‍ നല്ല വേദന..! ഞാന്‍ വയറും തിരുമ്മി കുറെ നേരം  ഇരുന്നു. രക്ഷയില്ല. പിന്നെ നേരെ ടോയിലറ്റിലേയ്ക്കോടി. അല്പം അകലെയാണത്. അരയാള്‍ ഉയരത്തിലുള്ള മറയേ ഉള്ളു. ഇപ്പോള്‍ തിരക്കൊന്നുമില്ല.

ഞാന്‍ തിരികെ പോകുമ്പോള്‍ സുകുമാരനും വയറും തിരുമ്മി വരുന്നുണ്ട്. വേദന തന്നെ..! ഞങ്ങളുടെ മിക്ക കൂട്ടുപ്രതികളും ഇതേ വേദന അനുഭവിച്ചു. പിന്നീട് കാര്യം മനസ്സിലായി. “ചപ്പാത്തി” പറ്റിച്ച പണിയാണ്. അതിന്മേലുള്ള പൊടി (ഉമി) നന്നായി തട്ടിക്കളഞ്ഞ ശേഷമേ അതു തിന്നാന്‍ പാടുള്ളു പോലും!

ഞങ്ങള്‍ വീണ്ടും ഹാളിലേക്ക് പോയി. സഖാക്കള്‍ പലരും കൂട്ടം കൂടിയിരിയ്ക്കുന്നു. മിക്കവരുടെയും മുഖത്ത് വല്ലാത്ത നിരാശയും മ്ലാനതയുമാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ ! എന്നും രാവിലെ രയറോത്തെ ചായക്കടകളില്‍ നിന്നും ചായയോടൊപ്പം രണ്ടോ മൂന്നോ പത്രങ്ങളും വായിയ്ക്കുന്നവര്‍, റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുന്നവര്‍ (ടി.വി. ആയിവരുന്നതേയുള്ളു), അത്യാവശ്യം രാഷ്ട്രീയം പറയുന്നവര്‍, റബ്ബര്‍ ടാപ്പു ചെയൂന്നവര്‍, പശുവിനെ കറന്നു മില്‍മയില്‍ പാലളക്കുന്നവര്‍, മറ്റു ജോലികള്‍ക്കു പോകുന്നവര്‍ അങ്ങനെ വിവിധ ദിനചര്യകളുള്ളവരാണ് എല്ലാവരും. അതിന്റെ ആ ഒരു താളത്തിലാണ് അവരുടെ ഓരോ ദിനവും വരുന്നതും പോകുന്നതും. നമുക്ക്  എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അത് നമ്മളെ എപ്പോഴും ഉത്സാഹഭരിതരായി നിലനിര്‍ത്തും. മനസ്സിന് ചലനോര്‍ജം നല്‍കും. ചുറ്റുപാടുകളില്‍ നിന്നും, മനസ്സ് എന്തിലേയ്ക്കെങ്കിലും കേന്ദ്രീകരിയ്ക്കുമ്പോള്‍ വിരസത നമ്മെ വിട്ടുപോകും. ഇവിടെയിതാ, ഞങ്ങള്‍ ഒന്നും  ചെയ്യാനില്ലാതെ  നിസ്സഹായതയിലേയ്ക്കു വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നു..

അപരിചിതരായ ഒട്ടേറെ ആള്‍ക്കാര്‍കിടയില്‍ -കുറ്റവാളികള്‍ക്കിടയില്‍ ‌‌- എങ്ങനെ കഴിച്ചു കൂട്ടും? ഇവരുടെയൊക്കെ  പ്രതികരണം എങ്ങനെയാവും ? എന്നാണിനി ഇവിടെ നിന്നൊന്നു രക്ഷപെടുക? ഈ ആശങ്കകളാണ് എല്ലാവര്‍ക്കും. മുതിര്‍ന്നവര്‍ അത്ര പരസ്യമായി പറഞ്ഞില്ലെങ്കിലും ആ മുഖങ്ങളില്‍ നിന്നും അതു വായിച്ചെടുക്കാം. എല്ലാവരുടെയും ആകാംക്ഷ എന്നാണു ജാമ്യം കിട്ടുക എന്നതു മാത്രമാണ്. പുറത്ത് പാര്‍ട്ടി അക്കാര്യങ്ങള്‍ നീക്കുന്നുണ്ട് എന്നാണറിവ്.

ഇതിനിടയില്‍ മറ്റു ചില സഖാക്കള്‍ പരിചയപെടാനെത്തി. പലരും പല പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍. ഒരിയ്ക്കലും കണ്ടിട്ടില്ലാത്തവര്‍. എങ്കിലും ഒരേ തൂവല്‍ പക്ഷികളാണന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സാഹോദര്യം തോന്നും. പരസ്പരം ചെയ്ത “കുറ്റങ്ങള്‍” പറഞ്ഞ് ചിരിയ്ക്കും. പലരും നല്ല വിദ്യാഭ്യാസമുള്ളവരും തൊഴിലെടുക്കുന്നവരുമൊക്കെയാണ്.
ഒരു പഞ്ചായത്ത് പ്രസിഡണ്ട്, സഹകരണ ബാങ്ക് സെക്രട്ടറി, അധ്യാപകന്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ചുമട്ടുകാര്‍ അങ്ങനെ പലരുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ക്കൊക്ക പലപ്രാവശ്യത്തെ മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാല്‍ അത്ര വലിയ ആശങ്കയൊന്നുമില്ല.

അങ്ങനെ കുറച്ചു നേരം പോയി. പിന്നെ ഞാനും സുകുമാരനും കൂടി ടാങ്കില്‍ നിന്നും വെള്ളം കോരി കുളിച്ചു. അതു കഴിഞ്ഞപ്പോള്‍ കുറച്ചൊരുന്മേഷം കിട്ടി. തിരികെയെത്തി അല്പസമയം കഴിഞ്ഞു; അതാ വീണ്ടും വലിയ കുട്ടകവും ചുമന്ന് ആള്‍ക്കാര്‍ വരുന്നു..!

 ഉച്ചഭക്ഷണം എത്തി. വലിയ ക്യൂ. ഞങ്ങള്‍ പ്ലേറ്റുമായി വരിയില്‍ നിന്നു. നല്ല റേഷന്‍ അരി ചോറാണ്. പഴയ സ്റ്റീല്‍ ടിഫിന്‍ കാരിയര്‍ കണ്ടിട്ടില്ലേ? അതിന്റെ ചുവട്ടിലെ വലിയ തട്ടിന് കണക്കായ വലിപ്പത്തില്‍ വൃത്താകൃതിയിലുള്ള, അമര്‍ത്തിയെടുത്ത ഒരു “കട്ട“ ചോറ്. ശരിയ്ക്കും ഒരാള്‍ക്ക് മിച്ചം കഴിയ്ക്കാം. ചോറിനൊപ്പം സാമ്പാര്‍ എന്നു വിളിയ്ക്കപെടുന്ന ദ്രാവകം. അതില്‍ എന്തൊക്കെയോ ഒന്നു രണ്ടു കഷണങ്ങള്‍ കിടക്കുന്നു. അപൂര്‍വമായി പാറ്റയും കിട്ടാറുണ്ടത്രേ !

(ഇപ്പറഞ്ഞതു വെച്ച് ജയില്‍ കറി എപ്പൊഴും മോശമാണെന്നു കരുതണ്ട. ചില ദിവസങ്ങളില്‍ നല്ല ഒന്നാന്തരം കറി തന്നെ കിട്ടും. അതു പോലെ ഓരോ ദിവസവും കറികള്‍ മാറി മാറി വരും. ആഴ്ചയിലൊന്ന് ഇറച്ചി, മീന്‍, ഉണക്ക മീന്‍ ഇവയുമുണ്ട്, ഒക്കെ പേരിനു മാത്രമാണേ. എന്നാല്‍ ഒരു ദിവസം പുഴുക്കു കറി കഴിച്ചിരുന്നു. ജയിലില്‍ തന്നെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടുള്ളത്. അതിന്റെ രുചി ഇന്നും നാവിലുണ്ട്.)

ഉച്ചയൂണു കഴിഞ്ഞ് ചെറിയൊരു ഉറക്കം നടത്തി. മൂന്നു മണിയായപ്പോള്‍ വീണ്ടും സൈറണ്‍ മുഴങ്ങി. ചിലരൊക്കെ തട്ടിക്കുടഞ്ഞെഴുനേറ്റു. കൂടെ ഞങ്ങളും. ഇനി ഒരു മണിക്കൂര്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുമത്രേ..! അതായത്  ബ്ലോക്കിന്റെ വേലി ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് തുറന്നു കിട്ടും. ഈ സമയത്ത് കാന്റീനില്‍ പോകാം, അത്യാവശ്യം എന്തെങ്കിലും മേടിയ്ക്കണമെങ്കില്‍ ആവാം. സെന്‍ട്രല്‍ ടവറില്‍ റേഡിയോ ഉണ്ട് അതു കേള്‍ക്കാം. പിന്നെ വേണമെങ്കില്‍ മറ്റു ബ്ലോക്കുകളും സന്ദര്‍ശിയ്ക്കാം.

കിട്ടിയ അവസരം ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചാറു പേര്‍ ബ്ലോക്കിനു വെളിയില്‍ വന്നു. സെ‌ന്‍ട്രല്‍ ടവര്‍ കണ്ടു. നല്ല ഉഗ്രന്‍ കെട്ടിടം. ചുറ്റിലും രണ്ടടി ഉയരമുള്ള ചെറുമതില്‍. അതില്‍ ചിലരൊക്കെ ഇരിയ്ക്കുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഒരു കോളാമ്പി കാണാം. അതു വഴി റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നുണ്ട്.

ടവര്‍ മുറ്റത്തുകൂടി മറുവശത്തേയ്ക്കു നടന്നു. അവിടെ മറ്റൊരു ബോക്കിലേക്കു പ്രവേശിയ്ക്കാം. ഈ ഭാഗത്താണ് കാന്റീന്‍. അവിടെ തന്നെ, തടി അറുക്കുന്ന സ്ഥലം, ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന സ്ഥലം, അടുക്കള, ചില ഓഫീസുകള്‍ ഇവയെല്ലാമുണ്ട്. ഇവിടെയെല്ലാം ജോലി ചെയ്യുന്നത് തടവുകാരാണ്. തടവുകാരില്‍ നല്ല വിദ്യാഭ്യാസമുള്ളവരുമുണ്ട്. അവര്‍ക്കൊക്കെ അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടും. കുറ്റവാസനയില്ലാത്ത, മര്യാദക്കാരായ തടവുകാര്‍ക്കേ ഇതൊക്കെ ലഭിയ്ക്കൂ.

കാന്റീനില്‍ നല്ല തിരക്കാണ്. ചായ, ബോണ്ട (ഉണ്ടം പൊരി), പഴം പൊരിച്ചത് അങ്ങനെയുള്ള “കടി”കള്‍, ബീഡി, അച്ചാര്‍, പല്പൊടി, പേസ്റ്റ്, തുവര്‍ത്ത് ഇങ്ങനെയുള്ള പലവസ്തുക്കളും അവിടെ കിട്ടും. പുറത്ത് ചായയ്ക്ക് ഒന്നര രൂപാ വിലയുള്ളപ്പോള്‍ ജയില്‍ കാന്റീനില്‍ അന്‍പതു പൈസയാണ്. കടികള്‍ക്കും അതേ വില തന്നെ. എന്നാല്‍ ബീഡി, അച്ചാര്‍ അങ്ങനെയുള്ള പുറം സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം. അന്ന് ഒരു ജയില്‍ പുള്ളിയ്ക്ക് ദിവസകൂലി കേവലം നാലര രൂപയാണ്. പുറത്ത് കൂലി അന്‍പതു മുതല്‍ അറുപതു രൂപ വരെ. (ഇപ്പോള്‍ ജയിലിലെ കൂലി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട് ). കാന്റീനില്‍ ഒരാള്‍ക്ക് ഒരു മാസം ചിലവാക്കാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. പരമാവധി അറുപതു രൂപാ മാത്രം.

തിരക്കിനിടയില്‍ കൂടി ഞങ്ങള്‍ ഓരോ ചായയും കടിയും പല്‍പ്പൊടിയും മേടിച്ചു. (പുറത്തു നിന്നും മേടിച്ച നമ്പൂതിരിപ്പൊടി ജയില്‍ കവാടത്തില്‍ മേടിച്ചു വച്ചിരുന്നല്ലോ). ചായയും കടിയും ഒന്നാംതരം. അതും കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരു മധ്യ വയസ്ക്കന്‍ ചിരിച്ചു കൊണ്ടു വന്നു. നല്ല കുലീനത്വം തുളുമ്പുന്ന മുഖഭാവം. ജയില്‍ വസ്ത്രങ്ങളാണ് വേഷം. ഞങ്ങളോടൊപ്പമുള്ള മൂത്ത സഖാക്കളെല്ലാം കക്ഷിയുടെ പരിചയക്കാരാണല്ലോ !. അവര്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞു. തിരിച്ചു നടക്കുമ്പോള്‍ അതാരാണെന്നു ഞാന്‍ അന്വേഷിച്ചു.

രയറോത്തിന്റെ അടുത്ത പ്രദേശമായ തേര്‍ത്തല്ലി സ്വദേശിയാണയാള്‍. നല്ല സാമ്പത്തികമുള്ള, വിദ്യാഭ്യാസമുള്ള വ്യക്തി. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മണ്ഡലം നേതാവായിരുന്നു. ഒരു കൊലപാതകവുമായി ബന്ധപെട്ട് ജീവപര്യന്തം തടവു ശിക്ഷ അനുഭവിയ്ക്കുകയാണ്. ഇനിയും മൂന്നോ നാലോ വര്‍ഷങ്ങള്‍ ബാക്കിയുണ്ട് പുറത്തിറങ്ങാന്‍. ഇവിടെ അക്കൌണ്ട് സെക്ഷനില്‍ ജോലിയെടുക്കുകയാണ്.

കാന്റീന്‍ കെട്ടിടത്തിലെ സൈഡില്‍ കനത്ത ഇരുമ്പു വേലിയണ്. അതിനുള്ളില്‍ നീളത്തില്‍ കുറച്ചു എടുപ്പുകള്‍. അവയാണ് “കണ്ടെംഡ് സെല്ലുകള്‍“. വധശിക്ഷയ്ക്ക് വിധിക്കപെട്ടവരേയും കൊടും കുറ്റവാളികളെയും ജയിലില്‍ അതിക്രമം കാണിയ്ക്കുന്നവരേയുമൊക്കെയാണ് അതില്‍ ഇടുന്നത്. ശരിയ്ക്കും ഏകാന്ത തടവാണവിടെ. ഓരോന്നും ഓരോ ചെറിയ സെല്ലുകള്‍. അവിടെ പോയി കാണണമെന്നുണ്ടെങ്കിലും അങ്ങോട്ടേയ്ക്ക് പ്രവേശനമില്ല.  അതിനുമപ്പുറത്താണ് വധശിക്ഷ നടപ്പാക്കുന്ന തൂക്കുമുറി. തടവുകാരനായിട്ടല്ലായിരുന്നു ചെന്നതെങ്കില്‍ ഒരു പക്ഷെ അതൊക്കെ പോയി കാണാമായിരുന്നു.

നാലുമണിയോടെ സൈറണ്‍ മുഴങ്ങി. തിരിച്ച് ബ്ലോക്കിലെത്തി. ഗേറ്റ് പൂട്ടപെടുകയും ചെയ്തു. അഞ്ചുമണിയായപ്പോള്‍ വീണ്ടും ഭക്ഷണമെത്തി. രാത്രിയിലേയ്ക്കുള്ള ചോറും കറിയും. ക്യൂ നിന്ന് മേടിച്ചു.  ഇപ്പോഴേ ആരും തന്നെ കഴിയ്ക്കില്ല. ഏഴുമണിയെങ്കിലും ആവണം.

ആറുമണിയായതോടെ വീണ്ടും സൈറണ്‍. എല്ലാവരും ഹാളിനകത്തു കയറി. ഗാര്‍ഡുമാര്‍ വാതില്‍ പൂട്ടി, എന്നിട്ട് പുറത്ത് കാത്തു നിന്നു.
അകത്ത് അതാ രാവിലത്തെ അലര്‍ച്ച..!

“ഫയലേ..ഫയല്‍. ..കോണ്‍ ഫയല്‍..”

എല്ലാം കൂടി രാവിലത്തെ മാതിരി കുന്തിച്ചിരുന്നു. വീണ്ടും മേസ്ത്രിയും സഹായിയും എണ്ണി നോക്കി കൃത്യത ഉറപ്പാക്കി. എന്നിട്ട് ആ വിവരം ഗാര്‍ഡുകളെ അറിയിച്ചു. എണ്ണത്തില്‍ തൃപ്തരായി അവര്‍ മടങ്ങി.

പുറത്ത് സന്ധ്യ ആവുന്നതേയുള്ളു. മാവുകളില്‍ നിറയെ കാക്കകളുടെയും മറ്റു പക്ഷികളുടെയും ആരവം. അവരും ചേക്കേറുകയാണല്ലോ ..! അതിനിടയില്‍ കുയിലിന്റെ ശബ്ദവും കേട്ടു. അപ്പോള്‍ എന്തെന്നില്ലാത്ത ഒരു വിഷാദം മനസ്സില്‍ പടര്‍ന്നു കയറി. പുറത്ത് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദം  കേള്‍ക്കുന്നുണ്ട്. എത്രയോ വൈകുന്നേരങ്ങളില്‍ കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേയ്ക്കു പോയിരിയ്ക്കുന്നു. അന്നൊക്കെ പലപ്രാവശ്യം ഈ കനത്ത മതില്‍ കെട്ടിലേയ്ക്ക് അലസമായി നോക്കിയിട്ടുണ്ട്. അതിനുള്ളിലെ പക്ഷികളുടെ ചിലപ്പുകള്‍ കേട്ടിട്ടുമുണ്ട്. അവയൊക്കെ മനസ്സില്‍ ഇരച്ചു വന്നു. ഇവയെല്ലാം എന്റെ ഓര്‍മ്മ ചിന്തുകളില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നോ? തലച്ചോറിലെവിടെയോ ഉറങ്ങിക്കിടന്ന അവ ശക്തിയോടെ ഉണര്‍ന്നെണീറ്റിരിയ്ക്കുകയാണ് ! അതേ, ഇപ്പോള്‍ അവരുടെ സമയമാണല്ലോ..!

ബാബുരാജ് വീണ്ടും എല്ലാവരെയും വി|ളിച്ചു. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകിട്ടും ശീവേലി കഴിയ്ക്കും പോലെ ഇവിടെയുമൊരു ശീവേലിയുണ്ടല്ലോ, മുദ്രാവാക്യം വിളി. പൂര്‍വാധികം ശക്തിയോടെ ആ പരിപാടി അങ്ങു നടത്തി. ഇത്തവണ മറ്റു ചില സഖാക്കന്മാരും കൂടിയിരുന്നു. ബാബുരാജിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടാവാം.

പിന്നെ, കുറേ നേരത്തെ വര്‍ത്തമാനങ്ങള്‍, ഭക്ഷണം, മൂത്രമൊഴിക്കാനുള്ള ഭാഗത്തു തന്നെ പാത്രം കഴുകലും കൈകഴുകലും. അതും കഴിഞ്ഞ് നമ്മുടെ കിടപ്പാടത്ത്, ജമുക്കാളത്തില്‍ നീണ്ടു നിവര്‍ന്നൊരു കിടപ്പ്.

കനത്ത കരിങ്കല്‍ ഭിത്തിയില്‍ വിഷാദം ചുരുളുകളായി ഒളിച്ചിരുന്നു. പരന്നു കിടന്ന നേര്‍ത്ത പുകപടലത്തില്‍ ഏകാന്തത തങ്ങി നില്‍ക്കും പോലെ. അനേകം പേരുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന മച്ചില്‍ തട്ടി പ്രതിധ്വനിച്ചു.  അപ്പോള്‍ അറിയാതെ മനസ്സ് വീണ്ടും വീട്ടിലേയ്ക്കു പോയി. അവിടെ അകത്തെ മുറിയില്‍, ഉറങ്ങാതെ, വെളിയിലേയ്ക്ക് ചെവിയോര്‍ത്ത്, തേങ്ങുന്ന മനസ്സുമായി അമ്മ..! അടുക്കളയില്‍ ഒരു പാത്രം ചോറ് എനിയ്ക്കായി കാത്തിരിപ്പുണ്ടാവും. നെഞ്ചില്‍ ഉരുണ്ടു വന്ന വിങ്ങല്‍ കടിച്ചമര്‍ത്തി കണ്ണു പൂട്ടി കിടന്നു.

(തുടരും)

Sunday, 5 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 3)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 2) ഇവിടെ വായിയ്ക്കാം

ജയിലിലെ ആദ്യരാത്രി.

പതിനാറുപേരും കയറി കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തോടെ ജയില്‍ വാതില്‍ ഞങ്ങള്‍ക്കു പിന്നില്‍ അടഞ്ഞു. പുറം ലോകത്തു നിന്നും ഞങ്ങള്‍ വേര്‍പിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറം കാഴ്ചകള്‍  ഇനിയെന്നു കാണാനാകുമെന്നറിയില്ല. കനത്ത ശൂന്യത വന്നു പൊതിഞ്ഞ പോലെ തോന്നി. പുറത്തു ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഹോണടിച്ചു പായുന്നതു കേള്‍ക്കാം. ഇത്രയും സമയം അതു ശ്രദ്ധിച്ചിരുന്നതേ ഇല്ല. ആ വാതില്‍ അടഞ്ഞപ്പോഴാണ് ആ ശബ്ദം അവിടെയുണ്ടായിരുന്നു എന്നോര്‍ത്തത്.. ദൃശ്യം നമ്മില്‍ നിന്നും മാറ്റപ്പെടുമ്പോഴാണല്ലോ ശബ്ദത്തില്‍ ഒളിച്ചിരിയ്ക്കുന്ന അര്‍ത്ഥതലങ്ങള്‍ നാം അറിയുന്നത്, അന്ധനായ ഒരു മനുഷ്യന്‍ ശബ്ദത്തിലൂടെ ലോകത്തെ തിരിച്ചറിയുന്ന പോലെ.  ഇതു വരെ കണ്ടിരുന്ന കാഴ്ചകള്‍ ഇനിയില്ല എന്നറിയുമ്പോഴുള്ള നഷ്ടബോധം  വിവരണാതീതമാണ്.

കവാടത്തിന്റെ ഉള്‍ഭാഗത്ത് ചെറിയൊരു ഓഫീസുകെട്ടിടമാണ്. പുതുതായി വരുന്ന തടവുകാരെ ജയിലിലേയ്ക്ക് ഏറ്റുവാങ്ങാനും അവരുടെ കൈയിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുമൊക്കെയുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നതവിടെയാണ്. ഒരു ഉദ്യോഗസ്ഥനും (ജയിലര്‍) മൂന്നാലു ഗാര്‍ഡുമാരും അവിടെയുണ്ട്. ഞങ്ങള്‍ വരിയായി നിന്നു. ഞങ്ങളെ റിമാന്‍ഡു ചെയ്ത കോടതിയുത്തരവും മറ്റു രേഖകളും പോലീസുകാര്‍  ഏല്‍പ്പിച്ചത് ആ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇരുപ്പുണ്ട്. അയാള്‍ ഞങ്ങളെ കണ്ണു കൊണ്ട് എണ്ണി നോക്കി. പിന്നെ ഓരോ ആളെയും പേരു വിളിച്ച് ഉറപ്പു വരുത്തി. തുടര്‍ന്ന്, ഞങ്ങളുടെ കൈയിലുള്ള രൂപ, വാച്ച്, വിലപിടിച്ച മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം അവിടെ ഏല്‍പ്പിയ്ക്കാനാവശ്യപ്പെട്ടു. എല്ലാം തിട്ടപെടുത്തിയ ശേഷം ഒരു അക്കൌണ്ട് നമ്പര്‍ തന്നു. ഈ നമ്പര്‍ ജയില്‍ കാന്റീനിലും മറ്റും ഉപയോഗിച്ച് അത്യാവശ്യ സാധനങ്ങള്‍ മേടിയ്ക്കാം മതിയായ രൂപാ അക്കൌണ്ടിലുണ്ടെങ്കില്‍ . നമ്മുടെ വസ്തുക്കള്‍ അവിടെ തന്നെ സൂക്ഷിയ്ക്കും.  പുറത്തിറങ്ങിമ്പോള്‍ ഈ നമ്പര്‍ കാണിച്ചാല്‍ അവയെല്ലാം തിരിച്ചു കിട്ടും.

പതിനാറുപേരെയും ജയിലില്‍ “സ്വീകരിച്ചു” കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി തുടങ്ങി. ആശ്വാസമായി. “നടയടി“യൊന്നും ഉണ്ടായില്ല. ഞങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. അപ്പോഴാണ് ജയില്‍ കവാടം തുറന്ന് ഒരു യുവാവിനെ കൊണ്ടു വന്നത്. ഈ സമയത്ത് സാധാരണ തടവുകാരെ സ്വീകരിയ്ക്കാറില്ലങ്കിലും എന്തു കൊണ്ടോ അവനെ കൊണ്ടു വന്നു. ഒരു മെല്ലിച്ച, ഇരുപതോ ഇരുപത്തി രണ്ടോ വയസ്സു വരുന്ന പയ്യന്‍.  കൌതുകം കൊണ്ട് നടപ്പിനിടയില്‍ തിരിഞ്ഞ് അവനെ നോക്കി. പേടിച്ചാണ് നില്‍പ്പ്.

“അഴിയ്ക്കെടാ മുണ്ടും ഷര്‍ട്ടും..”

ഗാര്‍ഡുമാരിലൊരാള്‍ അലറി. അവന്‍ വിറച്ചു കൊണ്ട് ഷര്‍ട്ടും ഉടുമുണ്ടും അഴിച്ചു കൈയില്‍ പിടിച്ചു. വെറും ഷഡ്ഡിയിലാണു നില്‍ക്കുന്നത്. പിന്നെ കണ്ട കാഴ്ച, ഒരു ഗാര്‍ഡ് അവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ടു തള്ളിക്കൊണ്ടു പോകുന്നതാണ്. ഞെട്ടലോടെ ഞാന്‍ കണ്ണുകള്‍ പിന്‍‌വലിച്ച് വേഗം നടക്കാനാരംഭിച്ചു. പിന്നില്‍ നിന്നും “പടേ..പടേ”ന്നു അടിയുടെ ശബ്ദം! എന്താണു "നടയടി"യെന്നു മനസ്സിലായി. ഇവിടെ മറ്റൊരു സാഹചര്യത്തിലാണ് എത്തിപ്പെട്ടെതെങ്കില്‍ ഉറപ്പായും കിട്ടിയേനെ..!

കവാടത്തില്‍ നിന്നു നോക്കുമ്പോള്‍ ഇരുനൂറുമീറ്ററോളം അകലെ (ദൂരമൊക്കെ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ്, അത്ര കൃത്യമായിരിയ്ക്കണമെന്നില്ല ) ഉയര്‍ന്നു നില്‍ക്കുന്ന വലിയൊരു ടവര്‍ -കെട്ടിടം- കാണാം. അവിടെ നിന്നും പത്തോ ഇരുപതോ മീറ്റര്‍ താഴെയാണ് നാം നില്‍ക്കുന്നത്. അതായത് ടവറിനടുത്തേയ്ക്ക്  പോകുംതോറും കയറ്റമാണ്. പതിനഞ്ചു മീറ്ററോളം വിസ്താരമുള്ള ചരല്‍ വിരിച്ച വഴിയാണ്  ടവറിനടുത്തേയ്ക്ക്. വഴിയ്ക്കിരുവശവും അലങ്കാര ചെടികള്‍. സമയം ഒരു വിധം ഇരുട്ടി തുടങ്ങി. ഞങ്ങള്‍ പതിനാറു പേരും ഒരു വരിയായി, നിശബ്ദരായി  മുന്നോട്ട് നടന്നു. ഒരു ഗാര്‍ഡ് ഞങ്ങളെ അനുഗമിക്കുന്നുണ്ട്. അയാള്‍ പറഞ്ഞറിഞ്ഞു, ആ നടയടി മേടിച്ച പയ്യന്‍ ഒരു വിഗ്രഹമോഷണ കേസിലാണ് വന്നതെന്ന്. മോഷണം‍, ബലാത്സംഗം-പെണ്ണു കേസ് ഇവയിലുള്ളവരൊക്കെ ജയിലിലെത്തിയാല്‍ ഇടിച്ചു “കലക്കു”മത്രേ ! എന്നാല്‍ രാഷ്ട്രീയ കേസുകള്‍, കൊലക്കേസുകള്‍ എന്നിവയോട് ആ സമീപനമില്ല.

ഞങ്ങള്‍ ടവറിനടുത്തെത്തി. ഇരുട്ടു കാരണം അത്ര വ്യക്തമല്ലെങ്കിലും വളരെ വലുപ്പമുള്ള, വൃത്താകൃതിയുള്ള ഒരു കെട്ടിടമാണതെന്നു മനസ്സിലായി. “സെന്‍‌ട്രല്‍ ടവര്‍“ എന്നാണറിയപ്പെടുന്നത്. ജയിലിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് അതിന്റെ സ്ഥാനം. അതിന്റെ മുകളില്‍ നിന്നാല്‍ ജയില്‍ പരിസരം മൊത്തം കാണാമത്രെ. നിരീക്ഷണോദ്ദേശത്തിലാണിത് നിര്‍മിച്ചിരിയ്ക്കുന്നത്.  ടവര്‍ കെട്ടിടത്തിന്റെ താഴെ നില സ്റ്റോര്‍ റൂം ഉണ്ടെന്നു തോന്നുന്നു. ഞങ്ങള്‍ ചെല്ലുന്നതും കാത്ത് രണ്ടു ഗാര്‍ഡുകള്‍ ടവര്‍ കെട്ടിടത്തിന്റെ വരാന്തയില്‍ നില്‍പ്പുണ്ട്. അവര്‍  ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഒരു കട്ടി ജമുക്കാളം (ചവക്കാളം), ഒരു അലുമിനിയ പ്ലേറ്റ്, ഒരു സ്റ്റീല്‍ ഗ്ലാസ് എന്നിവ തന്നു. ജമുക്കാളം എന്നാല്‍ മുക്കാല്‍ സെന്റിമീറ്റര്‍  കട്ടിയുള്ള ഒരു ബെഡ് ഷീറ്റെന്നു പറയാം. പായയ്ക്കു പകരം അതു  വിരിച്ചാണ് കിടന്നുറങ്ങേണ്ടത്. നാട്ടില്‍ കൂടി, കക്ഷത്തില്‍ ഒരു ബാഗും തിരുകി നാട്ടുകാരുടെയും പാര്‍ട്ടിക്കാരുടെയും ബഹുമാന്യ നേതാവായി നടന്ന ബേബിച്ചേട്ടന്‍ കക്ഷത്തില്‍ ജമുക്കാളം അമര്‍ത്തിപ്പിടിച്ച് അലുമിനിയപാത്രവും ഗ്ലാസുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ സത്യമായും ചിരി വന്നു പോയി. ഇവിടെ എല്ലാവരും സമന്മാരാണല്ലോ..!

വൃത്താകാരമായ സെന്‍‌ട്രല്‍ ടവറിനു ചുറ്റും പത്തു മീറ്ററോളം വരുന്ന മുറ്റമുണ്ട്. മുറ്റത്തിനതിരിട്ട് ചുറ്റും അഞ്ചടി പൊക്കമുള്ള കറുത്ത ഇരുമ്പു വേലി. ഈ ഇരുമ്പു വേലിക്കപ്പുറം വലിയ നെടും നീളമുള്ള കെട്ടിടങ്ങളാണ്. കരിങ്കല്ല് കെട്ടി കറുത്ത ചായമടിച്ചത്.  ഓരോ കെട്ടിടവും ഒരു ബ്ലോക്കാണ്. ഇങ്ങനെ ഒന്‍പതു ബ്ലോക്കുണ്ടെന്നാണ് അറിഞ്ഞത്. എല്ലാ ബ്ലോക്കിന്റെയും വേലി തുറക്കുന്നത് സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തേയ്ക്കാണ്.

സമയം നന്നേ ഇരുട്ടിയിരിയ്ക്കുന്നു. അപ്പോഴാണ് ആരോ പറഞ്ഞത്, ഞങ്ങളുടെ നാട്ടുകാരനായ ഒരു യുവാവ് ഇവിടെയുണ്ടെന്ന്. അവനെ നമുക്കു രാമന്‍ എന്നു വിളിയ്ക്കാം. ഒരു കൊലകേസില്‍ പിടിയിലായതാണ്. അഞ്ചാറുപേര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിട്ട്, എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ ഒരുത്തനെ തല്ലി. അവന്‍ ചത്തു പോകുകയും ചെയ്തു. ഈ സംഭവം മറ്റെവിടെയോ ആണ് നടന്നത്. രാമന് ഞങ്ങളെയും ഞങ്ങള്‍ക്ക് രാമനെയും നല്ല പരിചയമുണ്ട്.

അങ്ങനെ അതും പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ഗാര്‍ഡ്  വിളിച്ചു പറഞ്ഞു; കൂടെ ചെല്ലാന്‍. ഞങ്ങള്‍, പുതുതായി കിട്ടിയ ജംഗമവസ്തുക്കളുമായി അയാളുടെ പുറകെ ചെന്നു. ഒപ്പം വേറേ രണ്ടു ഗാര്‍ഡുകളും. അയാള്‍ ഒരു ബ്ലോക്കിന്റെ വേലി തുറന്നു. മുന്നില്‍ നല്ല ഇരുട്ട്. വേലിയ്ക്കല്‍ നിന്നും പത്തു മീറ്ററോളം മുന്‍പിലായി ഇറക്കത്തില്‍ കൂറ്റന്‍ ഓട്ടു കെട്ടിടം. രണ്ടു നിലയുടെ ഉയരമുണ്ട് ഭിത്തികള്‍ക്ക്. മുകളില്‍ വലിയ വെന്റിലേറ്ററുകള്‍. അതില്‍ കൂടി നേരിയ വെളിച്ചം കാണാം. പിന്നെ, തേനീച്ചകൂട്ടില്‍ നിന്നെന്ന പോലെ ഒരിരമ്പലും.

ഗാര്‍ഡുകളുടെ  കൈയിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കെട്ടിടത്തിലേയ്ക്കു നടന്നു. താഴേയ്ക്ക് നല്ല നീളമുണ്ട് കെട്ടിടത്തിന്. അല്പം ഉയര്‍ന്ന നല്ല വീതിയുള്ള  വരാന്ത നെടുനീളത്തില്‍. ഞങ്ങള്‍ അങ്ങോട്ടു കയറി. അതേ, അവിടെ വലിയൊരു വാതിലുണ്ട്. നല്ല ബലവത്തായ കനത്ത അഴികളാണ് അതിന്. ഉള്ളിലേക്കു നോക്കിയാല്‍ കാണാം കുറേ പേര്‍ ആകാംക്ഷയോടെ നില്‍ക്കുന്നത്.ഒരു ഗാര്‍ഡ് അഴിയിട്ട വാതിലിന്റെ കനത്ത പൂട്ടുകള്‍ തുറന്നു. ഞങ്ങളെ എണ്ണി നോക്കി ഉള്ളിലേയ്ക്ക് വിട്ടു. എന്നിട്ട് വാതില്‍ വീണ്ടും ഭദ്രമായി പൂട്ടി.

ഏതോ ഒരു വിചിത്ര ലോകത്തെത്തിപ്പെട്ട പ്രതീതി. വളരെ വലിയൊരു ഹാള്‍. കനത്ത തടി കഴുക്കോലുകളും മോന്തായവും. എല്ലത്തിനും നല്ല കറുപ്പു നിറം. ഭിത്തിയ്ക്ക് മങ്ങിയ വെള്ള നിറമാണ്. പണ്ട് ഇവ കറുപ്പായിരുന്നത്രേ. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് വെള്ളയടിയ്ക്കാന്‍ ഉത്തരവിട്ടത്.  ആകെ മങ്ങിയ കുറച്ച് ബള്‍ബുകള്‍ മേല്‍ക്കൂരയില്‍ നിന്നും തൂങ്ങികിടന്നു പ്രകാശിയ്ക്കുന്നു, മഴക്കാലത്തെ ചന്ദ്രനെപോലെ.  പഴക്കം ചെന്നു തുരുമ്പിച്ച ഒന്നു രണ്ടു ഫാനുകള്‍ അരോചകമായ ഒച്ച കേള്‍പ്പിച്ചു കൊണ്ട് തിരിയുന്നുണ്ട്. ഒരീച്ചയ്ക്കു പോലും അതിന്റെ അടുത്തു കൂടെ ധൈര്യമായി പറക്കാം, അത്രയ്ക്കുണ്ട് കറക്കത്തിന്റെ സ്പീഡ്. ഹാളാകെ മൊത്തം ഒരു പുകപടലം തങ്ങി നില്‍ക്കുന്ന പോലെ. അതെല്ലാം പോട്ടെ, അസംഖ്യം മനുഷ്യര്‍ അവിടവിടെ നില്‍ക്കുകയും ഇരിയ്ക്കുകയും ചെയ്യുന്നു. ചിലര്‍ ഞങ്ങളെ തുറിച്ചു നോക്കി. ചിലരാകട്ടെ, ഗൌനിച്ചതേയില്ല. ചിലര്‍ തകൃതിയായി വര്‍ത്തമാനം പറയുകയാണെങ്കില്‍ ചിലര്‍ മൌനമായി മച്ചും നോക്കിയിരിയ്ക്കുന്നു.  ഒരു വല്ലാത്ത ഇരമ്പം ചെവിയില്‍ മുഴങ്ങിക്കൊണ്ടേ ഇരുന്നു. ചെറുപ്പത്തില്‍ കഥകളില്‍ വായിച്ച യമലോകമാണോ ഇത്?

ഈ കെട്ടിടം മുകളില്‍ നിന്നും താഴേയ്ക്ക് ഇറക്കത്തിലായിട്ടാണല്ലോ നിര്‍മാണം. അതു കൊണ്ട് മൂന്നു തട്ടായിട്ടാണ് തറ നിരപ്പ്. ഓരോ നിരപ്പില്‍ നിന്നും അടുത്തതിലേയ്ക്ക് നാലഞ്ചു സ്റ്റെപ്പുകളുണ്ട്. അത്തരമൊരു സ്റ്റെപ്പിന്റെ മുന്നിലാണ് ഞങ്ങള്‍. മുകളിലേയ്ക്കു പോകാം എന്നു കരുതി ഞങ്ങള്‍ സ്റ്റെപ്പു കയറി.

മുകളിലെത്തുമ്പോഴതാ രാമന്‍ ചിരിച്ചു കൊണ്ട് മുന്നില്‍ ! രാമനും അന്തം വിട്ടുകാണും. നാട്ടിലെ നേതാക്കന്മാരും മാന്യന്മാരുമല്ലേ പ്ലേറ്റും ഗ്ലാസും പിടിച്ച് അവന്റെ മുന്നില്‍.

ആദ്യത്തെ അന്തംവിടലെല്ലാം കഴിഞ്ഞതോടെ രാമന്‍ ഞങ്ങളോട് ലോഹ്യം ചൊദിച്ചു.  അന്നത്തെ സാഹചര്യത്തില്‍ ധാരാളം പാര്‍ട്ടിക്കാര്‍ ജയിലിലേയ്ക്കു വരുന്നതിനാല്‍ ഞങ്ങള്‍ അവിടെ എത്തിയതിനെ കുറിച്ച് അവനും അത്ര വലിയ പ്രത്യേകത തോന്നാന്‍ വഴിയില്ല. തറയില്‍ ഇരു വശത്തും നിര നിരയായി ഒരു കട്ടിലിന്റെ രൂപത്തിലുള്ള സിമന്റു ബ്ലോക്കുകള്‍ പണിതിട്ടിട്ടുണ്ട്. “യാത്ര“ സിനിമയിലൊക്കെ കണ്ടിട്ടുണ്ടല്ലൊ അതു തന്നെ. നിലവില്‍ ഈ ബ്ലോക്കുകള്‍ ഒന്നും ഒഴിവില്ല. തറ തന്നെ ശരണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രി പോലെ. അപ്പോള്‍ രാമന്‍ വിളിച്ചൂ:

“വാ.. അവിടെ വലിയ കുഴപ്പമില്ലാത്ത സ്ഥലമുണ്ട്.”

അവന്‍ പറഞ്ഞ ഭാഗത്തേയ്ക്കു ഞങ്ങള്‍ ചെന്നു. രണ്ടു സിമന്റ് ബ്ലോക്കുകള്‍ക്കിടയില്‍ ഒരു ജമുക്കാളം വിരിയ്ക്കാനുള്ള സൌകര്യമുണ്ട്. അങ്ങനെ വിവിധ ഭാഗത്തായി തറയില്‍ ഞങ്ങളെല്ലാം സ്ഥലം കണ്ടെത്തി ജമുക്കാളം വിരിച്ചു. സര്‍ക്കാര്‍ ഔദാര്യപൂര്‍വം തന്ന പ്ലേറ്റും ഗ്ലാസും തലക്കല്‍ വച്ചു.

സമയം ഏകദേശം രാത്രി ഏഴര ആയിക്കാണും. ഇന്നു വെളുപ്പിനു തുടങ്ങിയ കഷ്ടപ്പാടാണ്. കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി, ലോക്കപ്പില്‍ കുറച്ചു വിശ്രമിച്ചു, കോടതിയില്‍ കയറിയിറങ്ങി, അവസാനം ജയിലിലെത്തി. അറിയാതെ മനസ്സ് വീട്ടിലേയ്ക്കു പോയി. അമ്മ എന്തു ചെയ്യുകയായിരിയ്ക്കും? പോലീസ് പിടിച്ചതൊക്കെ അറിഞ്ഞുകാണും. ഒരു പക്ഷെ ജയിലിലായതും അറിഞ്ഞു കാണും. പാവം വല്ലാതെ വിഷമിയ്ക്കുന്നുണ്ടാവും. ഞാനാണെങ്കില്‍ ഏകപുത്രന്‍. അല്പം രാഷ്ട്രീയമുണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ക്കൊന്നും പോകാറില്ല. നാട്ടില്‍ അങ്ങനെ ചീത്തപേരുമില്ല. ഏതു പാതിരാത്രിയിലും, ഞാന്‍ എത്താതെ, എനിയ്ക്കു ചോറു വിളമ്പി തരാതെ അമ്മ ഉറങ്ങില്ല. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ വീണു വലതുകാല്‍ ഉളുക്കി കിടന്നപ്പോള്‍, അവര്‍ വന്ന് എന്റെ കാല്‍ മടിയില്‍ വച്ച് കുഴമ്പിട്ട് തിരുമ്മിയത് ഓര്‍ത്തു പോയി. ഒരു കൊച്ചു കുട്ടിയോടുള്ള അതേ വാത്സല്യം മനസ്സില്‍ സൂക്ഷിയ്ക്കുന്നു അവര്‍ എപ്പോഴും. ആ എന്റെ ഇപ്പൊഴത്തെ അവസ്ഥ അമ്മയെ എത്രമാത്രം വേദനിപ്പിയ്ക്കുന്നുണ്ടാവും! പൊതുവെ പോലീസ് സ്റ്റേഷന്‍, ജയില്‍ ഇവയൊക്കെ മര്‍ദനത്തിന്റെ പര്യായങ്ങളാണല്ലോ? രാഷ്ട്രീയ പോരാട്ടങ്ങളുടെ വഴിയില്‍ ഇങ്ങനെ എത്ര അമ്മമാരുടെ കണ്ണീര്‍ വീണു കിടപ്പുണ്ട് !

എന്റെ കൂടെ നല്ലൊരു സുഹൃത്തായ സുകുമാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ജമുക്കാളത്തില്‍ കിടക്കാമെന്നു വിചാരിച്ചു. അല്പം പേടിയില്ലാതെയില്ല. ചുറ്റും കുറ്റവാളികളാണ് (?). പലരെയും ഒറ്റനോട്ടം കൊണ്ടു തന്നെ മതിയായി. കറുത്തിരുണ്ട കൂറ്റന്മാര്‍. (കറുപ്പ് നിറം ഭീകരതയുടെ ലക്ഷണമായി ഉദ്ദേശിച്ചല്ല ഇപ്പറഞ്ഞത്, ആ രാത്രിയില്‍ കണ്ടവരെല്ലാം അങ്ങനെ തോന്നിയതു കൊണ്ടു മാത്രമാണ് ). കള്ളനെയും കൊലപാതകിയെയും ബലാത്സംഗക്കരനെയും രാഷ്ട്രീയക്കാരനെയും ഒരേ ഹാളിലാണല്ലോ ഇട്ടിരിയ്ക്കുന്നത്. ഞങ്ങള്‍ ഒരു ജമുക്കാളം വിരിച്ചു, മറ്റേത് ചുരുട്ടി തലയിണയാക്കി വച്ചു. പുതപ്പിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, നല്ല ഉഷ്ണമുണ്ട് ഹാളില്‍. ധാരാളം കൊതുകുകള്‍ മൂളിപറക്കുന്നു. ഒരു സൈഡില്‍ ഭിത്തിയോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ചതുരത്തില്‍ ഒരു ചെറിയ ബണ്ട് കെട്ടിയിരിയ്ക്കുന്നു. അതിനകത്ത് ഒരു റബര്‍ തൊട്ടിയുണ്ട്. അവിടം മൂത്രമൊഴിയ്ക്കാനുള്ള സ്ഥലമാണ് ! അതിന്റെ ഒരു നാറ്റവും ഹാളില്‍ അല്പമുണ്ടായിരുന്നു.

ഞങ്ങള്‍ ഇരിയ്ക്കുന്ന ഭാഗത്തിനു ഇരു വശവുമുള്ള  “കട്ടില്‍ ബ്ലോക്കി“ല്‍ പ്രായമുള്ള രണ്ടു പേരാണ് കിടക്കുന്നത്. അവര്‍ ഞങ്ങളെ ശ്രദ്ധിച്ചേ ഇല്ല. എന്തൊക്കെയോ ആലോചിച്ച് കിടക്കുന്നു. പല “കട്ടിലി”ന്മേലും ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. ഓരോരുത്തരും ഓരോ സംഘമാണെന്നു തോന്നുന്നു.
ഞങ്ങളോടൊപ്പമുള്ളവരെല്ലാം അവിടവിടെയായി തറയില്‍ വിരിവച്ചു കൂടി. കഠിനമായ ക്ഷീണം പലര്‍ക്കുമുണ്ട്.
ഇതിനിടെ രാമന്‍ എല്ലാവരുടെയും അടുത്തു വന്ന് സൌകര്യങ്ങളൊക്കെ തൃപ്തികരമല്ലേ എന്നു പരിശോധിച്ചു.
അവന് സ്വന്തമായി ഒരു “കട്ടില്‍“ ബ്ലോക്കുണ്ട്, ഭാഗ്യവാന്‍!!

 ഞാനും സുകുമാരനും അല്പനേരം മുഖത്തോടു മുഖം നോക്കി. സുകുമാരന്‍ ഏതു ബുദ്ധിമുട്ടിനിടയിലും ചിരിയ്ക്കാന്‍ കഴിയുന്ന ഒരപൂര്‍വ മനുഷ്യനാണ്. ഇവിടെയും പുള്ളി ചിരിച്ചു. ആലക്കോട് ഒരു കടയില്‍ ജോലിചെയ്യുന്നു ആ സാധു. കടയുടെ മുതലാളി, ഒരു പാര്‍ടി അനുഭാവിയുടെ ബന്ധുവാണ്. അതുകൊണ്ട് ബന്ധുവും അയാളുടെ പണിക്കാരനും കേസില്‍ ഉള്‍പ്പെട്ടു! കാശുള്ളതു കൊണ്ട് ബന്ധു എങ്ങനെയൊ കേസില്‍ നിന്നും ഊരിയെടുത്തു, എന്നാല്‍ പണിക്കാരന്‍ കുടുങ്ങി.

 നേരത്തെ പുറത്തു നിന്നും ഭക്ഷണം കഴിച്ചതിനാല്‍ വിശപ്പൊന്നുമില്ല. എന്നാല്‍ ചെറിയ ദാഹമുണ്ട്. എന്തു കാര്യം,  തല്‍ക്കാലം സഹിയ്ക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ? മൂത്രമൊഴിക്കാന്‍ സൈഡില്‍ സൌകര്യമുണ്ട്. എന്നാല്‍ ഹോട്ടല്‍ ഭക്ഷണം വയറ്റില്‍ പിടിയ്ക്കാതെ വല്ല വയറിളക്കവും വന്നാല്‍..?

അങ്ങനെയൊന്നും സംഭവിക്കല്ലേ എന്നു പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കിടന്നു. മുഖത്തും കൈകളിലുമൊക്കെ കൊതുകുകള്‍ മൂളി വന്നിരുന്നു. അതിനെ കൈകൊണ്ട് ആട്ടുമ്പോഴത്തെ കാറ്റില്‍ ഉഷ്ണം അല്പം അടങ്ങി. അങ്ങനെ, അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി...

(തുടരും )

Thursday, 2 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-2)



ജീവവായു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം സ്വാതന്ത്ര്യമാണ് എന്നത് നമുക്കു ബോധ്യമാകുക അതു നഷ്ടമാകുമ്പോഴാണ്. നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഒന്നിനും നാം വില കല്പിയ്ക്കാറില്ലല്ലോ! കൂട്ടിലടച്ച ഒരു കിളിക്കുഞ്ഞിന്റെയൊ അണ്ണാന്‍ കുഞ്ഞിന്റെയൊ വിഷമം എന്താണെന്നറിയാന്‍ നാമും അതുപോലൊരവസ്ഥയില്‍ എത്തണം. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്താവുമ്പോള്‍ അടിമത്തം അനുഭവിച്ചറിയുകയാണ്.

പോലീസ് ലോക്കപ്പ് മുറിയുടെ തറയില്‍ ഞങ്ങള്‍ പതിനാറ് പേരും ഇരുന്നു. എന്തെന്നില്ലാത്ത ഒരനിശ്ചിതത്വം ആയിരുന്നു ഞങ്ങള്‍ക്കെല്ലാം. ബേബിച്ചേട്ടന്‍ ഒഴിച്ച് ആരും മുന്‍പ് ഇങ്ങനെയൊരവസ്ഥയില്‍ സ്റ്റേഷനില്‍ വന്നിട്ടില്ല. അദ്ദേഹം ഞങ്ങളുടെ മുഖത്തെ വിഷമം കണ്ട് ആ കഥ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. എഴുപതുകളില്‍ ഒരു സമര രംഗത്ത് എസ്.ഐ. യെ വെട്ടിയ കാര്യവും തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പിടിച്ച് കൊണ്ടുവന്ന് ഇതേ സ്റ്റേഷന്റെ തറയില്‍ കിടത്തി മര്‍ദിച്ച് അവശനാക്കിയ കാര്യവുമെല്ലാം. പൊലീസുകാരെ പ്രകോപിപ്പിയ്ക്കുക എന്ന ആദ്യകാല കമ്യൂണിസ്റ്റ് ശൈലിയില്‍ തന്നെ പറച്ചില്‍.

ഏതായാലും അത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടാവില്ല എന്നാണ് തോന്നുന്നത്.  പോലീസുകാര്‍ ഞങ്ങളെ ശ്രദ്ധിയ്ക്കുന്നു പോലുമില്ല. ഇത്രയും “ക്രിമിനലു”കളെ ഒന്നിച്ചു കിട്ടിയതിന്റെ ഒരു ആവേശവും ആരിലും കാണാനില്ല. അല്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു:

“നിങ്ങള്‍ ചായ കുടിച്ചോ? വേണമെങ്കില്‍ മേടിപ്പിയ്ക്കാം..”

“ആവട്ടെ..ഓരോ ചായയും പഴം പൊരിച്ചതും വേണം.”

ബേബി ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ സ്റ്റേഷന്‍ മുറ്റത്ത് കുറേ സഖാക്കന്മാര്‍ ഉണ്ടായിരുന്നു. ഞങ്ങളെ അറസ്റ്റു ചെയ്തതറിഞ്ഞ് വന്നതാണ്. അതിലൊരാള്‍ എന്റെ കൊച്ചച്ചനാണ്. അവരെ വിളിച്ച് കാര്യം പറഞ്ഞു. അല്പസമയത്തിനകം ചായയും കടിയും എത്തി. എങ്കിലും ലോക്കപ്പിനുള്ളിലെ മൂത്ര നാറ്റത്തില്‍ ഇരുന്ന് അതു തിന്നുക അസഹ്യമായിരുന്നു. തന്നെയുമല്ല വിശപ്പ്, ദാഹം ഇവയൊക്കെ എവിടെയോ പോയൊളിച്ച പോലെ....!

എട്ടുമണി കഴിഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വന്നു. പ്രമാദമായ കേസായതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്
അന്വേഷണോദ്യോഗസ്ഥന്‍. ഒരു മെല്ലിച്ച അന്‍പത്തിനാലു വയസ്സുകാരന്‍. സാദാ പൊലീസ് മൂത്തു സര്‍ക്കിള്‍ വരെയെത്തി. വിശിഷ്ട സേവനത്തിനു മെഡല്‍ നേടിയ ആളാണ്. (ഇയാള്‍ വാദിയുടെയും പ്രതിയുടെയും കൈയില്‍ നിന്നും കാശു മേടിയ്ക്കുന്ന ആളാണെന്ന് പിന്നീട് മനസ്സിലായി). അയാള്‍ വന്ന പാടെ ലോക്കപ്പില്‍ നോക്കി. ഞങ്ങളെല്ലാം നിരന്നിരിയ്ക്കുകയാണല്ലോ..!

“പതിനാറു പേരുണ്ടല്ലേ..? ഉം..എല്ലാവരും ആ ഷര്‍ട്ടങ്ങഴിച്ചേ..!”

അപ്പോഴാണ് ഓര്‍ത്തത്, ഞങ്ങളെല്ലാം വന്ന അതേ ഡ്രസ്സില്‍ തന്നെയാണ്. ലോക്കപ്പില്‍ പ്രതികള്‍ ഷര്‍ട്ട്, മുണ്ട് ഇവയൊന്നും ഉപയോഗിയ്ക്കാന്‍ പാടില്ല എന്നാണ് നിയമം. എങ്ങാനും തൂങ്ങി മരിച്ചാലോ ! എന്നാല്‍ പോലീസുകാര്‍ക്ക് അങ്ങനെയൊരു സംശയമില്ലാത്തതു കൊണ്ട് ആരോടും തുണിയഴിക്കാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ സര്‍ക്കിളേമാന് നിയമം പാലിക്കണമല്ലോ..! ഞങ്ങള്‍ ഷര്‍ട്ടൂരി കൈയില്‍ പിടിച്ചു. ഭാഗ്യത്തിന് മുണ്ടഴിയ്ക്കാന്‍ പറഞ്ഞില്ല.

അയാള്‍ ഓഫീസിലിരുന്ന് കുറച്ചു സമയം എന്തെല്ലാമോ ചെയ്ത ശേഷം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

“അവന്മാരെയെല്ലാം വെളിയിലിറക്ക്..”

എന്തിനാണാവോ? ആകെയൊരാശങ്ക. അയാളുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് അടി കിട്ടിയേക്കുമോ എന്ന ഒരു സംശയവുമുണ്ട്. ഞങ്ങള്‍ ഷര്‍ട്ട് കൈയില്‍ പിടിച്ച് ലോക്കപ്പിനു വെളിയിലിറങ്ങി.

“ഉം..നിരന്നു നില്‍ക്ക്..”

ഏമാന്റെ ആജ്ഞ!
ഞങ്ങള്‍ പതിനാറു പേരും നിരന്നു നിന്നു. അയാള്‍ ഞങ്ങളുടെ മുന്നില്‍ കൂടി ഒന്നു ഉലാത്തി, ഇരു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകികൊണ്ട് സുരേഷ് ഗോപി സ്റ്റൈലില്‍.  പൊലീസുകാര്‍ അല്പം മാറി ഇതു കണ്ട് നില്‍ക്കുന്നു. അടുത്തതെന്ത് എന്ന ആകാംക്ഷയോടെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ബേബിച്ചേട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം:

“ഈ തറയിലിട്ടാ എസ്.ഐ.യെ വെട്ടിയ കേസില്‍ എന്നെ അഞ്ചു പൊലീസുകാര്‍ കൂടിനിന്ന് അടിച്ചത്..!”

ഞങ്ങളാകെ വിഷമിച്ചു. ഇങ്ങേരെന്തിനാ ഇതിപ്പോള്‍ വിളിച്ചു പറയുന്നത്? ഏമാന് കലി കേറി എല്ലാത്തിനിട്ടും കേറി പെരുമാറാന്‍ തോന്നിയാലോ? പ്രായമായിട്ടും വിപ്ലവ വീര്യം കത്തിജ്വലിക്കുന്നൂ അങ്ങേര്‍ക്ക്..
സര്‍ക്കിളേമാന്‍ ഒന്നു ചിരിച്ചതേയുള്ളൂ. എന്നിട്ടു പറഞ്ഞു:

“ഒരു വീട്ടില്‍ കയറി ആ കുടുംബത്തെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് നിങ്ങളുടെ ചാര്‍ജ്. എവിടെയാണ് വെട്ടാനുപയോഗിച്ച വാക്കത്തി ?“

വാക്കത്തിയോ? സത്യത്തില്‍ അവിടെ അടിയ്ക്കാന്‍ പോയവന്മാര്‍ പട്ടിക കഷണത്തിനാണ് തല്ലിയത്. തല്ലിനിടയില്‍  തടസം പിടിയ്ക്കാന്‍ വന്നതു കൊണ്ടു മാത്രമാണ് ഇരുട്ടത്ത് അവിടുത്തെ അമ്മയ്ക്കും പെങ്ങള്‍ക്കും പരിക്കു പറ്റിയത്. പെട്ടെന്നുണ്ടായ ഒരു പ്രകോപനം എന്നല്ലാതെ ആരെയും കൊല്ലാനൊന്നും ശ്രമിച്ചിട്ടേയില്ല. പക്ഷെ ഇപ്പോള്‍ കേസു വേറെയായി.

“ഞങ്ങളാരെയും വെട്ടിയിട്ടില്ല..”

ബേബിച്ചേട്ടന്‍ പറഞ്ഞു. ( ബേബിച്ചേട്ടന്‍ താമസിയ്ക്കുന്നത് ആലക്കോടാണ്. സംഭവദിവസം അങ്ങേര്‍ തളിപ്പറമ്പില്‍ ഏരിയ കമ്മിറ്റിയിലായിരുന്നു ! )

“വേണ്ട..വാക്കത്തി ഞാനുണ്ടാക്കിക്കോളാം. “

എന്നിട്ടയാള്‍ അടുത്തു നിന്ന പോലീസുകാരനോടു പറഞ്ഞു.

“ഷാജി, ആലക്കോടു നിന്നും നല്ല മൂര്‍ച്ചയുള്ള ഒരു വാക്കത്തി വാങ്ങി വാ..”

അങ്ങനെ ആക്രമിയ്ക്കാനുപയോഗിച്ച ആയുധം “റെഡി”യായി. അടുത്ത നടപടിക്രമം ഞങ്ങള്‍ക്കെതിരെയുള്ള FIR  തയ്യാറാക്കലാണ്. പതിനാറു പേര്‍ക്കെതിരെ അത് എഴുതിയുണ്ടാക്കല്‍ ഒരു വലിയ പണി തന്നെയാണ്. സ്റ്റേഷന്‍ റൈറ്റര്‍ക്കാണ് അതിന്റെ ചുമതല. കക്ഷി പരിപാടി ആരംഭിച്ചു. ഓരോ ആളെയും വിളിച്ച് പേര്, അഡ്രസ്സ്, വയസ്, തൂക്കം, പൊക്കം, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇവയെല്ലാം രേഖപ്പെടുത്തി. പിന്നെ എഴുത്തോടെഴുത്ത്.

 ഒന്നും രണ്ടും പ്രതികള്‍ രയറൊത്തുള്ള ലോക്കല്‍ കമ്മിറ്റി സഖാവും ബ്രാഞ്ച് സെക്രട്ടറിയും. ശുദ്ധ സാധുവും രാഷ്ട്രീയം നോക്കാത്ത പരോപകാരിയുമാണ് ഒന്നാം പ്രതിയായ ലോക്കല്‍ സഖാവ്. രണ്ടാം പ്രതിയും ഒരു പാവം വ്യക്തി. രണ്ടു പേരും പെണ്മക്കള്‍ മാത്രമുള്ള കുടുംബസ്ഥര്‍. ഞാന്‍ പതിനെട്ടാം പ്രതിയാണ്. പിന്നീട് ചാര്‍ജു ഷീറ്റ് വായിച്ചപ്പോഴാണ് ഞാന്‍ ചെയ്ത കുറ്റങ്ങള്‍ എനിയ്ക്കു മനസ്സിലായത്.

കുറ്റം ഒന്ന്: ആ കുടുംബത്തെ കൊല്ലാന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി. കുറ്റം രണ്ട്: അക്രമത്വരയാല്‍ പ്രചോദിതനായി സംഘം ചേര്‍ന്ന് വീടാക്രമിച്ചു. കുറ്റം മൂന്ന് :ആക്രമിക്കപെട്ട വീട്ടിലെ സഹോദരിയുടെ കഴുത്തിനു വെട്ടാനായി, അവരുടെ മുടി മാറ്റി പിടിച്ച്, ഒന്നാം പ്രതിയ്ക്ക്   സൌകര്യം ചെയ്തു കൊടുത്തു ! (ഏതായാലും അവരുടെ കഴുത്തിന് വെട്ടൊന്നും കിട്ടാത്തതിനാല്‍ ചെയ്തു കൊടുത്ത “സൌകര്യം” വെറുതെയായി പോയി !) കുറ്റം തെളിയിയ്ക്കപെട്ടാല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിയ്ക്കാം !

ഏതാണ്ട് പതിനൊന്നുമണിയ്ക്ക് കുറ്റം ചാര്‍ത്തല്‍ പൂര്‍ത്തിയായതോടെ ഞങ്ങളെ കോടതിയില്‍ ഹാജരാക്കാനുള്ള ഏര്‍പ്പാടായി. തളിപ്പറമ്പിലാണു കോടതി. ആലക്കോട് നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ. പോലീസ് ജീപ്പും ഒരു ടാക്സി ജീപ്പും തയ്യാറായി നിന്നു.  എ.എസ്.ഐ.യും രണ്ടു പോലീസുകാരും  ഞങ്ങള്‍ക്ക് അകമ്പടിയുണ്ട്.

കോടതിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് ചേംബറിലാണുള്ളത്. ഞങ്ങളെ അവിടെ ഹാജരാക്കി . അയാള്‍ എന്തെക്കെയൊ എഴുതിയ ശേഷം മുഖമുയര്‍ത്തി ചോദിച്ചു:

“എന്തെങ്കിലും പറയാനുണ്ടോ?”

ഞാന്‍ നിരപരാധിയാണെന്ന് വിളിച്ചു പറയാന്‍ വായ് തുറന്നെങ്കിലും അടുത്തു നിന്ന സഖാക്കന്മാര്‍ തടഞ്ഞു. എന്നിട്ടു പറഞ്ഞു:

 “ഇല്ല”.

“നിങ്ങളെ പതിനാലു ദിവസത്തേയ്ക്ക് റിമാന്‍ഡ്  ചെയ്തിരിയ്ക്കുന്നു.”

 ഇതും പറഞ്ഞ് അയാള്‍ ആ കടലാസില്‍ ഒപ്പിട്ടു.

ഇനി ഞങ്ങളെ ജയിലിലാക്കണം. അതും കൂടെ വന്ന പോലീസിന്റെ ചുമതലയാണ്. കടലാസെല്ലാം റെഡിയാക്കി ആറുമണിയ്ക്ക് മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്താലേ ഇന്ന് തന്നെ അവിടെ കയറാന്‍ പറ്റൂ. അല്ലെങ്കില്‍ രാത്രി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കിടന്നിട്ട് നാളെ മാത്രമേ അവിടെ പ്രവേശിയ്ക്കാനാവൂ. അതിന്റെ തൊല്ലപ്പാട് മുഴുവന്‍ പോലീസിനാണ്. അതു കൊണ്ട് അവര്‍ വേഗം കാര്യങ്ങള്‍ നീക്കി.

സാധാരണ റിമാന്‍ഡ് പ്രതികളെ താമസിപ്പിയ്ക്കുന്നത് സബ് ജയിലുകളിലാണ്. എന്നാല്‍ കൂത്തു പറമ്പ് വെടി വയ്പിനോടനുബന്ധിച്ചുള്ള അക്രമ കേസുകളിലെ പ്രതികളെ കൊണ്ട് സബ്-ജയില്‍ എന്നേ നിറഞ്ഞിരുന്നു. പിന്നെയുള്ളവരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലേക്കാണ് വിടുന്നത്. അവിടെയും നിറയാറായി. ഞങ്ങളെയും അങ്ങോട്ടാണ് കൊണ്ടു പോകുന്നത്.

നടപടി ക്രമങ്ങള്‍ എല്ലാം കഴിഞ്ഞ്  കണ്ണൂരേയ്ക്ക് പുറപ്പെടുമ്പോള്‍ സമയം നാലു മണി. കൂടെ വന്ന എ.എസ്.ഐ. ഒരു രസികനാണ്. ധാരാളം പോലീസ് കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കക്ഷി ആദ്യം ആലക്കോട് വന്നപ്പോള്‍ എല്ലാവരോടും മര്യാദയോടെയാണു പോലും പെരുമാറിയത്. അതുകൊണ്ടെന്താ ആരും പുള്ളിയെ ബഹുമാനിച്ചില്ല. അതോടെ അങ്ങത്ത കൈയില്‍ കിട്ടിയവരെയെല്ലാം പെരുമാറാന്‍ തുടങ്ങി. ഇപ്പോ ദൂരെ നിന്നു കണ്ടാല്‍ തന്നെ മുണ്ടഴിച്ചിട്ടു ബഹുമാനിയ്ക്കുമത്രേ!

അഞ്ചുമണിയായി സെന്‍‌ട്രല്‍ ജയില്‍  കവാടത്തില്‍ എത്തിയപ്പോള്‍. വലിയ വിശാലമായ മുറ്റത്ത് ഗാന്ധിജിയുടെ ഒരു പ്രതിമ ഉയര്‍ന്നു നിപ്പുണ്ട്. കൂറ്റന്‍ തണല്‍ മരങ്ങളുടെ വേരുകള്‍ മണ്ണില്‍ നിന്നും പൊന്തിക്കാണാം. മുറ്റമാകെ അവയുടെ വാടിയ ഇലകള്‍ വീണുകിടക്കുന്നു. മരത്തണലില്‍ ആരൊക്കെയോ തളര്‍ന്നിരിപ്പുണ്ട്. ഊഴം കാത്തിരിന്നു മടുത്തിട്ടാവാം.ദൂരെ നിന്നും തടവുകാരെ സന്ദര്‍ശിയ്ക്കാനെത്തിയ ബന്ധുക്കളാണ്.  അവരുടെ കൂടെയുള്ള  കൊച്ചുകുട്ടികള്‍ ഞങ്ങളെ കൌതുകത്തോടെ നോക്കി.

 അപ്പോഴാണ് അറിഞ്ഞത്, ഇന്നിനി ജയിലില്‍ നിന്നും ഭക്ഷണം കിട്ടില്ല. അതു കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടു പോയാല്‍ മതി, അല്ലെങ്കില്‍ രാത്രി പട്ടിണി കിടക്കേണ്ടി വരും. പോലീസുകാര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ജയില്‍ വളപ്പിനു വെളിയില്‍ പോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഓരോ തോര്‍ത്തും കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണവും മേടിച്ചു. (ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഞങ്ങളാണ് പുറത്തു പോയി ഈ പര്‍ച്ചേസിങ്ങ് നടത്തിയതെന്നോര്‍ക്കണം!)

എല്ലാം കഴിഞ്ഞു ജയില്‍ വളപ്പില്‍ ചെല്ലുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞു. ജയില്‍ കവാടത്തിന്റെ മുന്നില്‍ തോക്കു പിടിച്ച രണ്ടു ഗാര്‍ഡുകള്‍ പാറാവുണ്ട്‍. പോലീസുകാര്‍  അവരുമായി എന്തോ കുശു കുശുത്തു. എന്നിട്ട് ഞങ്ങളെ വിളിച്ച് ചെല്ലാന്‍ പറഞ്ഞു. ഞങ്ങള്‍ ആകാംക്ഷയോടെയും ആശങ്കയോടെയും ചെന്നു. ജയിലില്‍ “നടയടി” എന്നൊരേര്‍പ്പാടുണ്ട്. ആദ്യം ചെല്ലുന്നവര്‍ക്കുള്ള ഹാദ്ദവമായ സ്വീകരണം. അതു മേടിയ്ക്കേണ്ടി വരുമോ എന്നതാണ് ആശങ്ക. ഇത്ര കാലം കാണാന്‍ കൊതിച്ച ആ കാഴ്ചകള്‍ ഇതാ തൊട്ടു മുന്‍പില്‍ എന്നതാണ് ആകാംക്ഷ.

അങ്ങനെ ഞങ്ങള്‍ സെന്‍‌ട്രല്‍ ജയിലിന്റെ പടുകൂറ്റന്‍ വാതിലിന്റെ  മുന്‍പില്‍ നിന്നു. ഇതു വരെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് കൈവീശി യാത്രയായി. പാറാവുകാരിലൊരാള്‍ കൂറ്റന്‍ വാതിലിനകത്തെ ചെറുവാതില്‍ തുറന്നു. തലകുനിച്ച് മാത്രമേ അതില്‍ കൂടി കയറാന്‍ പറ്റുകയുള്ളു. ആ വാതിലിനപ്പുറം ഇതു വരെ കാണാത്ത ഒരു ലോകമാണ്. കൊലപാതകികളും കൊള്ളക്കാരും ബലാത്സംഗവീരന്മാരും രാഷ്ട്രീയ തടവുകാരുമെല്ലാം വിഹരിയ്ക്കുന്ന ലോകം!

ഊഴമെത്തിയതോടെ ഞാനും തലകുനിച്ച്, ആ കൂറ്റന്‍ മതില്‍കെട്ടിനകത്തേയ്ക്കു എന്റെ ഇടതു കാല്‍ വച്ചു, കാണാകാഴ്ചകളിലേയ്ക്ക്.....!

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-3)

Tuesday, 31 August 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-1)

കണ്ണൂര്‍ നഗരത്തില്‍ നിന്നും ദേശീയപാതയിലൂടെ വടക്കോട്ട് തളിപ്പറമ്പ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചാല്‍ ഉദ്ദേശം മൂന്നു കിലോമീറ്റര്‍ കഴിയുമ്പോള്‍ “പള്ളിക്കുന്ന്” എന്ന ഭാഗത്തെത്തും. ഞങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന വിവിധ സ്ഥാപനങ്ങളാല്‍ അനുഗ്രഹീതമാണ് ഇവിടം. കണ്ണൂര്‍ എഫ്.എം റേഡിയോ സ്റ്റേഷന്‍, ദൂര്‍ദര്‍ശന്‍ പ്രസരണ കേന്ദ്രം (ഇത് അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയെന്നു തോന്നുന്നു), കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ്, ദേശാഭിമാനി പത്ര ഓഫീസ്, മില്‍മ ഡയറി അങ്ങനെ പലതും. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന ഒരു “മഹാ സ്ഥാപനം” അവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

“കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍”.

 അഞ്ചാള്‍ പൊക്കമുള്ള കനത്ത മതില്‍ കെട്ടിനുള്ളില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആയിരക്കണക്കിനു പേര്‍ അതിനുള്ളില്‍ ജീവിയ്ക്കുന്നു. ജയില്‍ വളപ്പില്‍  വളര്‍ന്നുയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മാവുകളുടെ തലപ്പുകള്‍ മാത്രമേ പുറമേ നിന്നു നമുക്കു കാണാനാവൂ. ദേശീയപാതയ്ക്ക്  മുകള്‍ ഭാഗത്ത് നെടുനീളത്തില്‍ ജയില്‍ പരന്നു കിടക്കുന്നു. അനേകം ആത്മാക്കള്‍ അതിലെ പറന്നു നടക്കുന്നതായി തോന്നും ഇരുണ്ട കൂറ്റന്‍ മതിലുകള്‍ കണ്ടാല്‍. റോഡിനു താഴെ ഭാഗത്ത് ജയില്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടേഴ്സുകളും മൈതാനവും ആണ്. ക്വാട്ടേഴ്സുകള്‍ക്കിടയിലുള്ള ഭാഗത്തൊക്കെ കപ്പയും വാഴയും നട്ടിരിയ്ക്കുന്നു. ഇതിനിടയില്‍ കൂടി വെള്ളം നിറച്ച കന്നാസുകളുമായി, തോര്‍ത്തുടുത്ത തടവുകാര്‍ പോകുന്നതു കാണാം.  കണ്ണൂരില്‍ പഠിയ്ക്കുന്ന കാലത്ത് നിത്യവും ഈ കാഴ്ച കാണാറുണ്ട്. ഞാനല്‍ഭുതപെട്ടിട്ടുണ്ട്, എന്തു ധൈര്യത്തിലാണ് ഈ തടവുകാരെ ഇങ്ങനെ പുറത്തു കൂടി വിട്ടിരിയ്ക്കുന്നത് എന്ന്. പിന്നീടാണ് അറിഞ്ഞത്, തടവു കാലാവധി  തീരാറായ, മര്യാദക്കാരായ ആള്‍ക്കാരാണിവര്‍ എന്ന്.

ജയില്‍ നിത്യക്കാഴ്ചയായ ആ കാലത്തൊക്കെ അതിനുള്ളിലെ ലോകമെന്തെന്ന് അറിയുവാനൊരു കൌതുകമുണ്ടായിരുന്നു. എന്നാല്‍ കുറ്റവാളിയായിട്ടല്ലാതെ എങ്ങനെ പോകും?  അതു  കൊണ്ട് അതൊരാഗ്രഹം മാത്രമായി മനസ്സില്‍ സൂക്ഷിച്ചു. പിന്നെ പല സിനിമയിലും കണ്ടിട്ടുണ്ടല്ലോ ഈ ജയില്‍. “സദയം” പോലുള്ള സിനിമയിലൊക്കെ അതു നന്നായി ഫീല്‍ ചെയ്യും. ഏതായാലും എന്റെ ഒട്ടുമിക്ക ആഗ്രഹങ്ങളും സാധിച്ചു തരുന്നതില്‍, അല്പം വൈകിയായാല്‍ പോലും, ദൈവം തമ്പുരാന്‍ ശ്രദ്ധിയ്ക്കാറുണ്ടെന്ന് എനിയ്ക്ക് എത്രയോവട്ടം ബോധ്യമായിരിയ്ക്കുന്നു, ഇക്കാര്യത്തിലടക്കം!

പോലീസ് ലോക്കപ്പ്, സെന്‍‌ട്രല്‍ ജയില്‍ ഇവരണ്ടും ശരീര ക്ഷതമേല്‍ക്കാതെ അടുത്തറിയാനും അനുഭവിച്ചറിയാനും ഈയുള്ളവനൊരു മഹാഭാഗ്യം ഉണ്ടായി. സാധാരണ ഇത്തരം അനുഭവങ്ങള്‍ ഉള്ളവര്‍ അതു മറച്ചു വയ്ക്കാനാണ്  ആഗ്രഹിയ്ക്കുന്നതെങ്കില്‍, ഞാനതു നിങ്ങളുമായി പങ്കു വയ്ക്കാനാഗ്രഹിയ്ക്കുന്നു. എന്താണ് അവിടുത്തെ ജീവിതമെന്ന് നാം അറിയുന്നത് നല്ലതാണ്.

പഠനശേഷമുള്ള കുറച്ചുകാലം രയറോത്ത് രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു മുഖ്യതൊഴില്‍. ഞങ്ങള്‍ കുറച്ച് യുവാക്കളും മൂത്ത സഖാക്കളും ചേര്‍ന്ന് രയറോത്ത് വിപ്ലവ പാര്‍ട്ടിയ്ക്ക് കുറെ അടിത്തറ ഉണ്ടാക്കിയെടുത്തു. തികച്ചും യാഥാസ്തിതിക മൂരാച്ചി രാഷ്ട്രീയ മനോഭാവമുണ്ടായിരുന്ന ഇവിടെ ഇത്തരം ഒരു മാറ്റം വന്നത്, കുറെ പേരെയെങ്കിലും അലോസരപെടുത്തുന്നുണ്ടായിരുന്നു. അതിന്റേതായ ചെറിയ ഉരസലുകള്‍ വല്ലപ്പോഴും ഉണ്ടാകുകയും ചെയ്തിരുന്നു. എങ്കിലും അതൊക്കെ പെട്ടെന്നു കെട്ടടങ്ങും. രയറോം പുഴ വീണ്ടും ശാന്തമായൊഴുകും.

പൊതുവെ വിപ്ലവ പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ അണികള്‍ക്ക് ആവേശമാണ്. അതു വിജയിപ്പിയ്ക്കാന്‍ അവര്‍ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങും. രയറോത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ടിയുടെ തളിപ്പറമ്പ് ഏരിയ സമ്മേളനം അവിടെ വച്ചു നടത്താന്‍ തീരുമാനമെടുത്തു; ഞങ്ങളുടെയെല്ലാം ആഗ്രഹവും നിര്‍ബന്ധവും മൂലം. . ഇക്കാലത്ത് ഞാന്‍ തളിപ്പറമ്പിലാണ് ജോലിയും താമസവും. ആഴ്ചയിലൊന്നു വരും. അപ്പൊഴുള്ള പാര്‍ടി ബന്ധം മാത്രമേയുള്ളു. ഭാസിയെ പോലുള്ള  ചെറുപ്പക്കാര്‍ നേതൃരംഗത്തുണ്ട്. അങ്ങനെ, പാര്‍ടി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ രയരോത്തു തകൃതിയായി നടന്നു വരുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്.

”കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ പോലീസ് വെടിയേറ്റു മരിച്ചു..!”

ഈ വാര്‍ത്ത കണ്ണൂര്‍ ജില്ലയിലുണ്ടാക്കിയ പ്രകമ്പനം വിവരണാതീതമാണ്. രണ്ടു ദിവത്തേയ്ക്ക് ഒരൊറ്റ പോലീസുകാരന്‍ പോലും പുറത്തിറങ്ങിയിട്ടില്ല എന്നത് അതിശയോക്തിയില്ലാത്ത സത്യം മാത്രം. ആലക്കോട് പോലീസ് സ്റ്റേഷനു മുന്‍പില്‍ പലവട്ടം പാര്‍ട്ടിക്കാര്‍ കൂട്ടമായി നിന്ന് വെല്ലുവിളിയും പ്രകോപനവുമുണ്ടാക്കി.  ജാഥ നടത്തി. പല സ്ഥലങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി കൊണ്ടിരുന്നു. കണ്ണൂര്‍ നഗരത്തില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തിയാണ് ശാന്തത പുന:സ്ഥാപിച്ചത്.
ഇതോടെ രയറോത്ത് നിശ്ചയിച്ചിരുന്ന സമ്മേളനം മാറ്റി വച്ചു. അവിടെ ആകെ ഒരു സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും അക്രമമൊന്നുമുണ്ടായില്ല.

അങ്ങനെയിരിയ്ക്കെ, അടുത്തദിവസം രാത്രി പാര്‍ടി അനുഭാവിയായ ഒരു ജീപ്പ് ഡ്രൈവറും സുഹൃത്തായ മറ്റൊരു വ്യക്തിയും സൌഹൃദ സംഭാഷണം നടത്തവേ, തമാശയായി ഡ്രൈവര്‍ ജീപ്പ് റെയിസാക്കി അല്പം പുക വര്‍ഷിച്ചു. ഇത് ചെറിയൊരു വാക്കു തര്‍ക്കം ഉണ്ടാക്കി. അതു കണ്ട് ഒരു മൂത്ത സഖാവ് ഇതില്‍ ഇടപെടുകയും അത് വളര്‍ന്ന് അടിപിടിയുണ്ടാകുകയും , സഖാവ് മര്‍ദ്ദനമേറ്റ് ആശുപത്രിയിലാകുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ പ്രകോപിതരായ പാര്‍ടിപ്രവര്‍ത്തകര്‍‍, ഈ അടിപിടിയ്ക്കു കാരണഭൂതനായ വ്യക്തിയെ പിറ്റേ ദിവസം രാത്രി വീടു കയറി ആക്രമിച്ചു. അദ്ദേഹത്തിനും അമ്മയ്ക്കും സഹോദരിയ്ക്കും പരിയ്ക്കു പറ്റുകയും ചെയ്തു. ഈ തല്ലു സംഘത്തില്‍ തേര്‍ത്തല്ലി പോലുള്ള സ്ഥലങ്ങളില്‍ നിന്നും ആരൊക്കെയോ ഉള്‍പ്പെട്ടിരുന്നുവത്രേ.

എന്തായാലും പിറ്റേന്നത്തെ പത്രങ്ങളില്‍ വെണ്ടക്ക നിരന്നു.

“വീടുകയറി ഒരു കുടുംബത്തെ ഒന്നാകെ വെട്ടിയരിഞ്ഞു!”

മര്‍ദനമേറ്റ വ്യക്തി ഭരണ പക്ഷത്തെ ഒരു ചെറു പാര്‍ടിയുടെ ജില്ലാ നേതാവായിരുന്നത്രേ! സംഭവം നിയമസഭയില്‍ വരെയെത്തി..!പോലീസ് ഊര്‍ജിതമായി. അന്വേഷണം റോന്തു ചുറ്റല്‍, റെയ്ഡ്. പുറമേ നിന്നും “മനുഷ്യാവകാശ” പ്രവര്‍ത്തകര്‍ രയറോത്തെത്തി. അക്രമത്തിനെതിരെ കവിത ചൊല്ലലും ധര്‍ണയും ഉണ്ടായി !

പ്രമുഖരായ പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ പതിനഞ്ചു പേരുടെ പേരില്‍ കേസെടുത്തു. അവരെല്ലാം ഒളിവിലായി.

അപ്പോള്‍ ഞാന്‍ രയറോത്തുണ്ട്. തളിപ്പറമ്പ് ഓഫീസ് അവധിയിലാണ്, എങ്ങും കുഴപ്പങ്ങളാണല്ലോ. ഞാന്‍ മിക്കവാറും രയറോത്തു വരുകയും സംഭവഗതികള്‍ നിരീക്ഷിയ്ക്കുകയും ചെയ്തു വന്നു. പ്രതികളായവരെ കുറിച്ചോര്‍ത്തു സഹതപിയ്ക്കുകയും ചെയ്തു, എല്ലാവരും എന്റെ അടുത്ത സഖാക്കളാണല്ലോ!  തുടര്‍ ദിവസങ്ങളില്‍ പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

പ്രമുഖ പാര്‍ടി ആയതിനാല്‍, പോലീസ്  റെയ്ഡ് പലപ്പോഴും പ്രഹസനമായിരിയ്ക്കും. മുന്‍‌കൂട്ടി അറിയിച്ച ശേഷമേ വരുകയുള്ളൂ. തന്നെയുമല്ല, പ്രതിപട്ടികയൊക്കെ കൃത്യമായി ലഭിച്ചു. പോലീസുമായി എപ്പോഴും ഒരു കമ്യൂണിക്കേഷന്‍ ഉണ്ടായിരിയ്ക്കും.

അങ്ങനെയൊരു ദിവസം ഞാന്‍ രയറോത്ത് നില്‍ക്കുമ്പോള്‍, ഒരു വലിയ സഖാവ് അവിടെയെത്തി. എന്നെ കണ്ടപാടെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:

“ബിജു ഒന്നു സൂക്ഷിച്ചോണം!”

“എന്തിന്?” ഞാനല്‍ഭുതപ്പെട്ടു.

“ബിജുവിന്റെ പേരും പ്രതിപട്ടികയിലുണ്ടെന്നാണ് അറിഞ്ഞത്..!”

ഒരു ഞെട്ടല്‍. തൊണ്ട വരണ്ടതു പോലെ. ഒരു കുടുംബത്തെ ആക്രമിച്ചു വധിയ്ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരിയ്ക്കുന്നു ഞാന്‍ ! സംഭവദിവസം സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയ ഈ ഞാന്‍..! എനിക്കല്‍ഭുതം തോന്നി. ഈ ആക്രമിയ്ക്കപെട്ടയാളും അയാളുടെ അനുജനുമായി വളരെ അടുത്ത സുഹൃത് ബന്ധമുള്ളയാളാണു ഞാന്‍. അതറിയാന്‍, ഇതിനു  ഏതാനും ആഴ്ച മുന്‍പ് നടന്ന കാര്യം അറിയണം. ഈ അനുജന് ബാങ്കില്‍ കുറച്ചു സ്വര്‍ണം പണയം വെയ്ക്കേണ്ടിയിരുന്നു. എന്നാല്‍ എന്തോ ചില പ്രശ്നങ്ങളാല്‍ കക്ഷിയ്ക്ക് അവിടെ ഇടപാടു നടക്കില്ല. അന്ന് നാലു പവന്‍ ആഭരണങ്ങള്‍ എന്റെ കൈയില്‍ തന്നിട്ട് പണയം വച്ചു കൊടുക്കാന്‍ അപേക്ഷിച്ചു. ഞാന്‍ പണയം വച്ചു നല്‍കുകയും ചെയ്തു. ആ ഇടപാടടക്കം നില നില്‍ക്കേയാണ് ഞാനിപ്പോള്‍ അവരെ ആക്രമിച്ചതിന് പ്രതിയായിരിയ്ക്കുന്നത്!

എന്റെ ഏറ്റവും വലിയ വിഷമം ഇതെങ്ങിനെ വീട്ടിലറിയിയ്ക്കും എന്നതാണ്. അമ്മയുടെ പ്രതികരണം എന്താവുമെന്നറിയില്ല. വിവാഹിതനായിട്ടില്ലാത്തതിനാല്‍  ആ ഒരു വിഷമം ഇല്ല. ഉള്ളില്‍ കനത്ത ഭാരവുമായാണ് ഞാനന്ന് വീട്ടിലെത്തിയത്. വീടിനു താഴെ ഏതെങ്കിലും ജീപ്പിന്റെ ശബ്ദം കേട്ടാല്‍ ആകെ പരിഭ്രാന്തനാകും. പോലീസാണെങ്കിലോ? അവര്‍ വന്ന് അമ്മയുടെ മുന്‍പില്‍ വച്ച് പിടിച്ചു കൊണ്ടു പോകുക എന്നത് ചിന്തിയ്ക്കാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ ചെവി കൂര്‍പ്പിച്ച് ജാഗ്രതയോടെ കിടന്നു. ഉറക്കം വന്നില്ല.

പിറ്റേന്ന് മറ്റു സഖാക്കന്മാരുമായി ബന്ധപെട്ടു. അപ്പോഴാണ് ഭാസിയടക്കം പ്രധാനപെട്ട എല്ലാവരും പ്രതികളാണ് എന്നറിഞ്ഞത്. ആദ്യ ലിസ്റ്റില്‍ ഞങ്ങളാരും ഉണ്ടായിരുന്നില്ല. ഏറെ രസകരം, പാര്‍ട്ടിക്കാരോട് സുഹൃത് ബന്ധം പുലര്‍ത്തുന്നവരടക്കം കേസി പ്രതികളാക്കപ്പെട്ടു എന്നതാണ്. വ്യക്തമായ പ്ലാനിങ്ങോടെ ആരുടെയൊക്കെയോ കൈകള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചു.

ഇതിനിടെ ധാരാളം കിംവദന്തികളും പ്രചരിച്ചു. ആക്രമിയ്ക്കപ്പെട്ട കുടുംബത്തിലെ അമ്മ മരിച്ചു എന്നു വരെ വാര്‍ത്ത പരന്നു. അതോടെ പ്രതികളായവര്‍ കൂടുതല്‍ ഭയന്നു. സംഗതി കൊലക്കേസായി മാറും. മറ്റൊന്ന്, പ്രതികളുടെ വീടുകളില്‍ ഗുണ്ടാ ആക്രമണം ഉണ്ടാകും എന്നതാണ്. എന്നാല്‍ ഇതൊക്കെ ചിലരുടെ പ്രചരണം മാത്രമാണെന്ന് പിന്നെ ബോധ്യമായി.

ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ പെട്ടാല്‍, നമ്മുടെ ബന്ധങ്ങളുടെ തീവ്രത അളക്കാന്‍ പറ്റുമെന്നെനിയ്ക്ക് ബോധ്യമായി. മിക്കവാറും പോകുമായിരുന്ന ഒരു വീട്ടില്‍ നിന്ന്, ഞാനവിടെ ചെന്നപ്പോള്‍ “അധിക നേരം അവിടെ നില്‍ക്കണ്ടാ” എന്ന് മുഖത്തു നോക്കിയുള്ള നിര്‍ദേശം കിട്ടി. അതേ സമയം മറ്റൊരു വീട്ടിലെ അമ്മച്ചി, എന്നെ വിളിച്ചിരുത്തി സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിയ്ക്കുകയും എന്നെ പ്രതിയാക്കിയവരെ പ്രാകുകയും ചെയ്തു !

സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും പ്രധാനപെട്ട ആരെയും പിടികൂടാത്തതിന് മുകളില്‍ നിന്നും പോലീസിനു മേല്‍ സമ്മര്‍ദ്ദം ഏറി വന്നു. അവര്‍ അക്കാര്യം രഹസ്യമായി അറിയിയ്ക്കുകയും ചെയ്തു. പ്രതികള്‍ കീഴടങ്ങിയേ പറ്റൂ. അല്ലാത്തപക്ഷം റെയിഡിന് അവര്‍ നിര്‍ബന്ധിതരാകും.

പാര്‍ട്ടി മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിയ്ക്കുന്നുണ്ട്. ആയതുകൊണ്ട്മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഞങ്ങള്‍ “ഒളിവില്‍” പോകാന്‍ തീരുമാനിച്ചു. അതായത്, എല്ലാവരും കൂടി “സൌകര്യ”മായ ഏതെങ്കിലും വീട്ടില്‍ താമസിയ്ക്കുക. എന്തുചെയ്യണമെന്ന് പാര്‍ട്ടി സമയാസമയം അറിയിയ്ക്കും. അങ്ങനെ ഞങ്ങളെല്ലാം സോമേട്ടന്‍ എന്ന സഖാവിന്റെ വീട്ടില്‍ ഒളിവില്‍ താമസമായി. ആ വീട്ടിലെ ചേച്ചി നല്ല ചോറും കറികളുമൊക്കെ ഞങ്ങള്‍ക്ക് ഉണ്ടാക്കി തന്നു. അന്ന് എട്ട് പേരുണ്ട് അവിടെ ഒളിയ്ക്കാന്‍.

പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ “ഒളിവില്‍” ചീട്ടു കളിയ്ക്കുകയാണ്, നേരം പോക്കിന്. എങ്കിലും ഒരു ശ്രദ്ധയുണ്ട്, പോലീസു വരുന്നുണ്ടോ എന്ന്. ഞങ്ങളോടൊപ്പം, ഇതിനെല്ലാം തുടക്കമിട്ട ആ ഡ്രൈവറുമുണ്ട്. അവന്റെ വൃത്തികെട്ട നാവില്‍ നിന്നും വരുന്നതു കേട്ടാല്‍ അറിയാതെ കൈവച്ചു പോകും. കളിയ്ക്കിടയില്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

“ഓടിയ്ക്കോടാ..അതാ പോലീസ്..”

ഇതും പറഞ്ഞ് അവന്‍ ഇറങ്ങി പറമ്പിലേയ്ക്ക് ഓടി. ഇതു കണ്ട് ഞങ്ങളെല്ലാം ചീട്ടും വലിച്ചെറിഞ്ഞ് പുറകേ ഓടി. ഇത്ര സ്പീഡിലൊക്കെ കയ്യാല ചാടിക്കയറി ഓടാന്‍ പറ്റുമെന്ന് അന്നാണെനിയ്ക്ക് ബോധ്യമായത്. ഏകദേശം അരകിലോമീറ്റര്‍ ഓടിയിട്ട് തിരിഞ്ഞു നോക്കി. എവിടെ പോലീസ്?

നോക്കുമ്പോള്‍ ആ ഡ്രൈവര്‍ നിലത്തു കിടന്നു  ചിരിയ്ക്കുന്നു..! ഞങ്ങളെ പറ്റിച്ചതിന്റെ സന്തോഷമാണ്..! ഭാസിയെ ഞാന്‍ കഷ്ടപെട്ടാണ് പിടിച്ചു നിര്‍ത്തിയത്, അല്ലെങ്കില്‍ ഒരു കൊല അപ്പോള്‍ തന്നെ നടന്നേനെ..!

രണ്ടു ദിവസത്തിനകം ഞങ്ങള്‍ക്ക് അറിയിപ്പു കിട്ടി, മുന്‍‌കൂര്‍ ജാമ്യം കിട്ടില്ല. നാളെ പോലീസില്‍ കീഴടങ്ങണം ! ഭാസിയ്ക്കും മറ്റു നാല് പ്രതികള്‍ക്കും ബാങ്കില്‍ ജോലിയുണ്ട്. കോടതി റിമാന്‍ഡു ചെയ്തു  ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാല്‍ അവരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യും. അതാണ് നിയമം. ആയതിനാല്‍ മുന്‍‌കൂര്‍ ജാമ്യം കിട്ടും വരെ അവര്‍ പിടി കൊടുക്കേണ്ടതില്ല എന്നു തീരുമാനമായി. ബാക്കി ഞങ്ങളോട് രാത്രി വീട്ടില്‍ പോയി അത്യാവശ്യം ഡ്രസ്സ് എടുത്ത് റെഡിയായിരിയ്ക്കാന്‍ നിര്‍ദേശമെത്തി.

 അന്നു വൈകിട്ട് എട്ടുമണിയ്ക്ക് ഞാന്‍ വീട്ടിലെത്തി. അമ്മയും അച്ഛനും മാത്രം. ഒരു സഹോദരിയുള്ളത് കോട്ടയത്ത് അമ്മവീട്ടില്‍ പോയിരിയ്ക്കുന്നു. അവള്‍ ഇതേ വരെ ഈ  സംഭവങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല.സങ്കടവും വിഷമവും കലര്‍ന്ന മനസ്സോടെ ഞാന്‍ കയറിചെന്നു വീട്ടിലേയ്ക്ക്. ഒരു പൊട്ടിത്തെറിയോ പൊട്ടിക്കരച്ചിലോ പ്രതീക്ഷിച്ച്. വീടാകെ ശോകമയം. ഞാന്‍ ചെന്ന ഉടനെ കുളിച്ച് ഡ്രസ്സ് മാറി. അപ്പോള്‍ ഭക്ഷണം വിളമ്പി വച്ച് അമ്മ വിളിച്ചു.

ഞാനല്‍ഭുതപെട്ടു. ഒരല്പവും ഭാവമാറ്റമില്ല അമ്മയ്ക്ക്. അച്ഛനുമതേ. ഞാനവരുടെ മുഖത്ത് നോക്കാതെ ഭക്ഷണം കഴിച്ചു. എന്നിട്ട് തുണിയൊക്കെ പൊതിഞ്ഞെടുത്തു.

“ഞാന്‍ പോകുവാ..കുറച്ചു ദിവസം കഴിഞ്ഞേ വരുകയുള്ളൂ..”

ഇത്രയും പറഞ്ഞ് ഞാന്‍ വേഗം ഇറങ്ങി നടന്നു. ആരും പൊട്ടിക്കരഞ്ഞില്ല ! ഒരക്ഷരം മിണ്ടികൂടിയില്ല. സത്യത്തില്‍ എന്നെ എന്റെ അമ്മയ്ക്ക് നന്നായറിയാമെന്നും അവരെത്ര ധീരയാണെന്നും എനിയ്ക്കു ബോധ്യമായ സന്ദര്‍ഭമായിരുന്നു അത്.

പിറ്റേന്ന് വെളുപ്പിനെ ഞങ്ങളെല്ലാം ഉണര്‍ന്നു. കുളിച്ചു കട്ടന്‍ കാപ്പികുടിച്ചു, പോകാന്‍ റെഡിയായി. ഇത്രയും ദിവസം ഞങ്ങള്‍ക്കു വെച്ചു വിളമ്പി തന്ന ആ വീട്ടുകാരോടു യാത്ര പറഞ്ഞിറങ്ങി. രയറോം പുഴയ്ക്കക്കരെയുള്ള നെല്ലിപ്പാറ എന്ന സ്ഥലത്തെ ഒരു സഖാവിന്റെ വീട്ടില്‍ ഞങ്ങള്‍ പ്രതികളെല്ലാം എത്തി. പന്ത്രണ്ടു പേര്‍. ഞങ്ങള്‍ ആ വീടിന്റെ മുറ്റത്തിരുന്നു. അപ്പോള്‍ സമയം രാവിലെ ആറുമണി. അല്പസമയത്തിനകം ഒരു പോലീസ് ജീപ്പു വന്നു. ഒരു എ.എസ്.ഐ. വന്നു എല്ലാവരെയും അറ്സ്റ്റ് ചെയ്തിരിയ്ക്കുന്നു എന്നു പറഞ്ഞു.  ആരും ഒന്നും മിണ്ടാതെ ജീപ്പില്‍ കയറി. സ്ഥലമില്ലാത്തതിനാല്‍ കുറച്ചു പേര്‍ തൂങ്ങിപ്പിടിച്ചു നിന്നു.

ജീപ്പ് പതിനഞ്ചു മിനിട്ടിനകം ആലക്കോട് പോലീസ് സ്റ്റേഷനിലെത്തി.അവിടെയെത്തിയപ്പോള്‍ മറ്റു പ്രതികളും ഉണ്ടായിരുന്നു, ഞങ്ങളുടെയെല്ലാം നേതാവായ വന്ദ്യ വയോധികനായ ബേബിച്ചേട്ടന്‍ അടക്കം. ആകെയുള്ള ഇരുപത്തിമൂന്നു പ്രതികളില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്തല്ലോ. അഞ്ചു പേര്‍ പിടികൊടുക്കാത്തവര്‍.  ബാക്കി പതിനാറു പേരുണ്ട് ഞങ്ങള്‍. രയറോത്തെ എല്ലാ നേതാക്കന്മാരും ഇതിലുള്‍പ്പെട്ടിരുന്നു.

പ്രതികളായാലും പാര്‍ട്ടിക്കാര്‍, പാര്‍ട്ടിക്കാര്‍ തന്നെ എന്നു പോലീസിനു നല്ല ബോധ്യമുണ്ടെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും ബോധ്യമായി. നിറ ചിരിയോടെ സ്വീകരണം. ബേബിച്ചേട്ടനെ പോലുള്ളവരോടു കുശലാന്വേഷണം.

ഒരു പോലീസുകാരന്‍ ലോക്കപ്പ് തുറന്നു തന്നു. ഞങ്ങള്‍ അതിനുള്ളിലേയ്ക്ക് കയറി. പത്തടി സമചതുരമായ മുറിയാണത്. രണ്ടാള്‍ ഉയരമുണ്ട്. മുകളില്‍ ഒരു വെന്റിലേറ്റര്‍ മാത്രം. തറയില്‍ ഒരു കരിമ്പടവും പഴകി കീറിയ പായും കിടപ്പുണ്ട്. ഒരു മൂലയ്ക്കായി മൂത്രമൊഴിയ്ക്കാന്‍ ചതുരാകൃതിയില്‍ ഒരു പാത്തി പുറത്തേയ്ക്ക്. അസഹ്യമായ മൂത്ര നാറ്റം ആ മുറിയില്‍ തങ്ങി നില്‍ക്കുന്നു. എത്രയോ പേരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയ മുറിയാണിത്! ആ മുറിയാകെ നിലവിളികള്‍ തങ്ങി നില്‍ക്കുന്ന പോലെ. ചില സിനിമകളിലും നോവലിലുമൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണല്ലോ നേരില്‍ കാണുന്നത്.
ഞങ്ങള്‍ പായും കരിമ്പടവും വിരിച്ച് അതില്‍ ഇരുന്നു. ഐസ് കട്ടയില്‍ ഇരിയ്ക്കും പോലെ മരവിപ്പാണ് അതിന്റെ തറയ്ക്ക്. പുറത്തെ വിശാല സ്വാതന്ത്ര്യത്തില്‍ നിന്നും പത്തടി സമചതുരത്തിലേയ്ക്ക് ഒതുങ്ങുന്നതിന്റെ ഞെരുക്കം ശരിയ്ക്കും അറിഞ്ഞു. അപ്പോള്‍ ഒരു പോലീസുകാരന്‍ ലോക്കപ്പിന്റെ വാതില്‍ ചെറുതായി ഒന്നു ചാരി..

Sunday, 15 August 2010

ഒരു ഓണാഘോഷം - (രയറോം കഥകള്‍ )

നാം മലയാളികളുടെ ദേശീയാഘോഷമാണല്ലോ ഓണം. കാലവര്‍ഷത്തിന്റെയും വറുതിയുടെയും (ഇപ്പോള്‍ അങ്ങനെയൊന്നുമില്ല) നാളുകള്‍ക്കു ശേഷം മാനം തെളിയുകയും ആശ്വാസത്തിന്റെ പൊന്‍‌കിരണങ്ങള്‍ തലനീട്ടുകയും ചെയ്യുന്ന ആ നാളുകള്‍ നമുക്കെല്ലാം അതിരില്ലാത്ത ആഹ്ലാദമാണല്ലോ നല്‍കുക. ഓരോ നാട്ടുകാര്‍ക്കും ഓണാഘോഷത്തിന് അവരുടേതായ സവിശേഷത ഉണ്ടാവും. 

ഈയുള്ളവന്റെ സ്കൂള്‍ കാലം കോട്ടയത്തായിരുന്നു. അവിടുത്തെ ആഘോഷങ്ങള്‍ക്കൊക്കെ കോട്ടയം ടച്ച് ഉണ്ടായിരുന്നു. അത്തപ്പൂക്കളം, തുമ്പി തുള്ളല്‍ , പച്ച കളി (കബഡിയുടെ മറ്റൊരു രൂപം), കിളിത്തട്ടു കളി, എട്ടു കളി, പകിട കളി അങ്ങനെ ധാരാളം വ്യത്യസ്ത കളികള്‍ അവിടെയുണ്ടായിരുന്നു. പിന്നീടാണ് ഞാന്‍ രയറോത്ത് താമസമാകുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഓരം ചേര്‍ന്നു കിടക്കുന്ന ഇവിടെ കുടിയേറ്റക്കാരായ കൃസ്ത്യാനികളും തദ്ദേശീയരായ മുസ്ലീങ്ങളുമായിരുന്നു അധികം. അതുകൊണ്ടു തന്നെ അങ്ങനെ വിപുലമായ ഓണാഘോഷമൊന്നുമുണ്ടായിരുന്നില്ല. അത് ഓണത്തോടുള്ള ഇഷ്ടക്കേടുകൊണ്ടൊന്നുമല്ല, മറിച്ച് അക്കാര്യങ്ങള്‍ക്കൊക്കെ മുന്‍‌കൈയെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

കുടിയേറ്റക്കാരെല്ലാം മുരത്ത കൃഷിക്കാര്‍ . പറമ്പില്‍ കിളയ്ക്കല്‍ , കാടു പറിക്കല്‍ ,റബറിനു തുരിശടി , ചുവടു ചെത്തല്‍ ,കയ്യാല കെട്ടല്‍ , വൈകിട്ട് റാക്കടിയ്ക്കല്‍ , അത്യാവശ്യം തെറി പറച്ചില്‍ , ഞായറാഴ്ചകളില്‍ പന്നിയിറച്ചി അല്ലെങ്കില്‍ മാട്ടിറച്ചി കൂട്ടി സമൃദ്ധമായി കപ്പയടിയ്ക്കുക ഇതൊക്കെയാണ് അവരുടെ നിത്യ ജീവിതം. അതിനപ്പുറമുള്ള ആഘോഷം അരങ്ങം അമ്പലത്തിലെ ഉത്സവമാണ്. ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ , വിഷു ഇതൊക്കെ ഒറ്റദിവസത്തെ ആഘോഷത്തിലൊതുങ്ങും. രയറോം കാരെ സംബന്ധിച്ച് ഈ ആഘോഷം എന്നത്, മാഹിയില്‍ നിന്നും കൊണ്ടു വരുന്ന ഇന്ത്യന്‍ നിര്‍മ്മിത (വ്യാജ) വിദേശ മദ്യം അടിച്ച് കഴുത്തൊടിഞ്ഞു നടക്കുക എന്നതാണ്.

ഇവിടെ ഞങ്ങള്‍ കുറെ യുവാക്കള്‍ പിന്നീട് വിപുലമായ പല ഓണാഘോഷങ്ങളും നടത്തി. ആ കഥകളില്‍ ചിലതു ഞാന്‍ പറഞ്ഞിട്ടുണ്ട്. ചിലത് പിന്നീട് പറയാം. ഇപ്പോള്‍ പറയാന്‍ പോകുന്നത് മറ്റൊരാഘോഷമാണ്.
ഞാന്‍ വിവാഹിതനായ ശേഷമുള്ള ആദ്യ ഓണം. ആദ്യ ഓണത്തിന് ഉച്ചയ്ക്കു ശേഷം നല്ല പാതിയുടെ വീട്ടില്‍ പോകണമെന്നത് അലിഖിത നിയമമാണ്. അതു സാരമില്ല നമുക്കും താല്പര്യമുള്ള കേസാണല്ലോ. ഒരു വി.ഐ.പി. ട്രീറ്റ്മെന്റ് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

അത്തവണത്തെ ഓണാഘോഷം ഒന്നു ഗംഭീരമാക്കണമെന്ന് ഞങ്ങളുടെ സംഘം തീരുമാനിച്ചു. എന്നു വെച്ചാല്‍ ഞാന്‍ , ഭാസി, സിബിച്ചന്‍ അങ്ങനെ അഞ്ചെട്ടു പേര്‍ . ഗംഭീരം എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് നന്നായിട്ടൊന്ന് “ഫിറ്റാ“കുക എന്നതാണ്. ഞാനും ഭാസിയുമൊക്കെ “പബ്ലിക്ക് ഫിഗറാ“യതുകൊണ്ട് വെള്ളമടി അത്യപൂര്‍വം. അതും ഒന്നോ രണ്ടോ പെഗ്. ഇത്തവണത്തെ ഞങ്ങളുടെ തീരുമാനം വിദേശിയെ പൂര്‍ണമായും ഒഴിവാക്കി സ്വയം ഉല്പാദിപ്പിച്ച നാടന്‍ കൊണ്ടൊരാഘോഷം എന്നതായിരുന്നു. പലതാണ് ഗുണം. കളറടിച്ച വ്യാജനു പകരം അസ്സല്‍ “സൊയമ്പന്‍ “ സാധനം കഴിയ്ക്കാം. പിന്നെ, കാശു മുടക്കും കുറവ്. നാടന്‍ നിര്‍മാണത്തിന്റെ മര്‍മ്മമറിഞ്ഞ ആള്‍ക്കാര്‍ നമ്മുടെ സംഘത്തിലുണ്ടല്ലോ.

ഓണത്തിന് ഒരാഴ്ച മുന്‍പേ ഞങ്ങളൊന്നിരുന്നു. വേണ്ട അസംസ്കൃത വസ്തുക്കള്‍ , നിര്‍മാണ സംവിധാനങ്ങള്‍ ഇവയെക്കുറിച്ചുള്ള ഒരാലോചനാ യോഗമായിരുന്നു അത്.  കുറേ നേരത്തെ കൂലംകഷമായ  ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു തീരുമാനത്തിലെത്തി. സാധാരണ നാടന്മാര്‍ വാറ്റുല്പാദിപ്പിയ്ക്കുന്നത് “കാട്ടി വെല്ലം” എന്നറിയപ്പെടുന്ന താഴ്ന്നയിനം ശര്‍ക്കര, നെല്ല്, ബാറ്ററി, അമോണിയ (അമോണിയം നൈട്രേറ്റ്), ഗന്ധകം (സള്‍ഫര്‍ ) എന്നിവ സംയോജിപ്പിച്ചാണ്. അതു പൊതുവിതരണത്തിനായതിനാല്‍ സാരമില്ല. ഇതു സ്വകാര്യ ആവശ്യമായതിനാല്‍ നിലവാരമുള്ള വസ്തുക്കള്‍ വേണം ഉപയോഗിയ്ക്കാന്‍ എന്നത് ഏകകണ്ഠമായ അഭിപ്രായമായിരുന്നു. അതിന്‍ പ്രകാരം കൈതച്ചക്ക, മുന്തിരി, നല്ലയിനം ശര്‍ക്കര (വെല്ലം), പച്ചരി ചതച്ചത് എന്നിവ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഏലയ്ക്കയും ഗ്രാമ്പൂവും കൂടി ചേര്‍ക്കാമെന്നാരോ പറഞ്ഞെങ്കിലും ചില വിദഗ്ധര്‍ അതംഗീകരിച്ചില്ല.പിന്നെ നിര്‍മ്മാണ സാമഗ്രികളായ ഓവു പലക, കലങ്ങള്‍ എന്നിവ സംഘടിപ്പിയ്ക്കണം. ഒരു ലോക്കല്‍ ഉല്പാദകനില്‍ നിന്നും അതു സംഘടിപ്പിച്ചു തരാമെന്ന് ഒരു ചങ്ങാതി ഏറ്റു.

അങ്ങനെ കാര്യങ്ങള്‍ക്കെല്ലാം തീരുമാനമായി. അതു നടപ്പിലാക്കാന്‍ സിബിച്ചന്റെ നേതൃത്വത്തില്‍ ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചു.ടാസ്ക് ഫൊഴ്സ് അത്യുത്സാഹത്തോടെ കാര്യങ്ങള്‍ നീക്കി. പിറ്റേദിവസം തന്നെ അസംസ്കൃത വസ്തുക്കള്‍ സംഘടിപ്പിച്ച് അളവനുസരിച്ച് യോജിപ്പിച്ച് ഞങ്ങളുടെ സ്വന്തം മലയായ  “നായരുമല“യുടെ ഏതോ നിഗൂഡ ഗര്‍ത്തത്തില്‍ ഒളിപ്പിച്ചു. നാലഞ്ചു ദിവസം ഇരുന്നാലേ സംഗതി നന്നായി മൂത്തു കിട്ടൂ!

അങ്ങനെ പൂരാടത്തിന്‍ നാള്‍ രാത്രി വീണ്ടും ഞങ്ങളെല്ലാം ഒത്തുകൂടി. ഓവു പലകയും പാത്രങ്ങളുമെല്ലാം എത്തിയ്ക്കാമെന്നേറ്റവന്‍ കൃത്യമായി എത്തിച്ചു. (ഇത് അവന്റെ സ്വന്തമാണെന്ന് പിന്നെയാരോ പറഞ്ഞു കേട്ടു!)
ഇനി ഡിസ്റ്റിലേഷന്‍ എവിടെ നടത്തും? കാരണം ആ പ്രക്രിയയ്ക്കിടയില്‍ നല്ല മണം വരും. രയറോത്തെ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും പ്രസ്തുത ഗന്ധം സുപരിചിതമായതിനാല്‍ സംഗതി “മണത്തറി”യുമെന്നുറപ്പ്.  ഇതിന്റെ പുറകില്‍ ഞാനും ഭാസിയുമൊക്കെയുണ്ടന്നറിഞ്ഞാല്‍ പിന്നെ നാടു വിടുകയേ രക്ഷയുള്ളു.ഏതായാലും കൂട്ടത്തിലൊരാളുടെ അമ്മച്ചി അവരുടെ മുറ്റത്തു അടുപ്പു കൂട്ടി വാറ്റിയ്ക്കോളാന്‍ പറഞ്ഞു. ഞങ്ങളോടെല്ലാം മക്കളെ പോലുള്ള വാത്സല്യമാണാ അമ്മച്ചിയ്ക്ക്.

അങ്ങനെ ഇരുട്ടിന്റെ മറപറ്റി സാങ്കേതിക വിദഗ്ധന്മാര്‍ വാറ്റാനുള്ള “യന്ത്രം” തയ്യാറാക്കി. ഒരേകദേശ രൂപം പറയാം. മൂന്നു തട്ടായിട്ടാണ് നിര്‍മ്മാണം. ഏറ്റവും അടിയില്‍ വലിയൊരു കലം. ഇതിലാണ് മൂത്ത “വാഷ്” എന്നറിയപ്പെടുന്ന അസംസ്കൃത മിശ്രിതം ഒഴിക്കുന്നത്. അതിനു മുകളില്‍ കളിമണ്ണു കൊണ്ടുള്ള പരന്ന ഒരു ചട്ടി. ഈ ചട്ടിയുടെ അടിയില്‍ വലിയൊരു ദ്വാരം കാണും. ഉള്ളിലായി “ഓവു പലക” ഫിറ്റു ചെയ്യും. ഓവു പലകയ്ക്ക് പുറത്തേയ്ക്ക് ഒരു കുഴലുണ്ട്. ഈ ചട്ടിയ്ക്കു മുകളില്‍ ഒരു കലത്തില്‍ നല്ല തണുത്ത വെള്ളം. പിന്നെ ആവി വെളിയില്‍ പോകാതിരിയ്ക്കാന്‍ മണ്ണു കൊണ്ട് നന്നായി അടച്ച് സീല്‍ ചെയ്യും.ഇത്രയുമായാല്‍ സംഗതി റെഡി. വാഷ് തിളപ്പിയ്ക്കുമ്പോള്‍ , നീരാവി ദ്വാരം വഴി ചട്ടിയിലെത്തും. മുകളിലെ കലത്തിലുള്ള തണുത്ത വെള്ളത്തില്‍ തട്ടി ആവി ചാരായമായി ഓവു പലകയില്‍ വീഴും, പിന്നെ  കുഴല്‍ വഴി പുറത്തു വച്ചിരിയ്ക്കുന്ന കുപ്പിയിലേയ്ക്ക്.  ആദ്യത്തെ ഒരു കുപ്പി “തലവെള്ളം” എന്നാണറിയപ്പെടുന്നത്. ശുദ്ധമായ ചാരായം. വിരലില്‍ തൊട്ട് തീയില്‍ കാണിച്ചാല്‍ കത്തും! അന്ന് എതാണ്ട് മൂന്നു കുപ്പി “സാധനം” കിട്ടി. ചില ആക്രാന്തം പിടിച്ചവന്മാര്‍ അപ്പോള്‍ തന്നെ കുറെ അകത്താക്കി.

ഉത്രാടത്തിന്‍ നാള്‍ വൈകുന്നേരമാണ് പരിപാടി പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. പിറ്റേ ദിവസം ഉച്ചയ്ക്ക് എനിയ്ക്കു ഭാര്യവീട്ടില്‍ പോകണമല്ലോ. നായരുമലയുടെ വിശാലമായ ഒരു വിജനതയില്‍ ഞങ്ങള്‍ ഒത്തു കൂടി. കപ്പ, ഇറച്ചി മുതലായ “ടച്ചിംഗ്സും” കരുതിയിട്ടുണ്ട്. മുന്തിരി, കൈതച്ചക്ക ഇവയൊക്കെ ചേര്‍ന്നതിനാല്‍ ജ്യൂസിന്റെ രുചിയുണ്ടാവുമെന്നായിരുന്നു എന്റെ ധാരണ. അതിന്‍ പ്രകാരം ഗ്ലാസ് അല്പം കൂടുതലായി വായിലേയ്ക്ക് ചെരിച്ചു.
ഹോ.. നാവു കത്തുന്നതു പോലെ തോന്നി! നവരസങ്ങളും ഒന്നിച്ച് മുഖത്ത് പൊട്ടിവിരിഞ്ഞു. പഴുത്ത കാന്താരിമുളക് ചതച്ച് അണ്ണാക്കില്‍ വച്ചാലെന്ന മാതിരി ഞാനൊരൂത്തൂതി!

“ഹൂ...........”
പല വേന്ദ്രന്മാരും ദാഹിച്ചു വശം കെട്ടവര്‍ പച്ചവെള്ളം കുടിയ്ക്കുന്ന മാതിരി അടിയാണടിച്ചത്. സത്യത്തില്‍ ആരാധന തോന്നിപ്പോയി! നമ്മളൊക്കെ വെറും ശിശുക്കള്‍ !അതൊരു കൂടല്‍ തന്നെയായിരുന്നു കേട്ടോ..ആരുമില്ലാത്ത മലഞ്ചെരുവില്‍ ഞങ്ങള്‍ എട്ടു പേര്‍ . ആകെ ആര്‍പ്പും വിളിയും. തമാശകളും പൊട്ടിച്ചിരിയും. ഇടയ്ക്ക് തെറിയും വഴക്കും .പിന്നെയും ചിരിയും ബഹളവും.

സന്ധ്യ മയങ്ങി. എങ്ങനെയെക്കെയോ തപ്പിപിടിച്ച് വീട്ടിലെത്തി പറ്റി. പുതുമണവാട്ടി മുഖം കോട്ടി.  തലയില്‍ കേറി നിരങ്ങാന്മാത്രം കാലമൊന്നുമാകാത്തതു കൊണ്ട് ഒന്നും മിണ്ടിയില്ല. ഞാന്‍ ചെന്ന പാടെ ഒരു കുളിയൊക്കെ കുളിച്ച് നമ്മളു “നോര്‍മലാ”ണെന്നു കാണിയ്ക്കാനായി, ഒരു ചിരി പാസാക്കി. (സാധാരണ ചിരി വളരെ കമ്മിയായ ഞാന്‍ കാരണമില്ലാതെ ചിരിക്കുന്നതു കണ്ടപ്പോഴേ അവള്‍ക്കു മനസ്സിലായി, ഫിറ്റാണെന്ന്!)

“ചോറു വെളമ്പ് ..വല്ലാത്ത വെശപ്പ്..!” 

വയറ്റില്‍ കിടക്കുന്ന കപ്പയും ഇറച്ചിയും അവറ്റയ്ക്കു ജീവനുണ്ടായിരുന്നെങ്കില്‍ എന്നെ അപ്പോള്‍ തന്നെ തല്ലിക്കൊന്നേനെ! ശ്രീമതി ഒന്നു തറപ്പിച്ചു നോക്കിയിട്ട് അടുക്കളയില്‍ പോയി ചോറും കറികളും എടുത്തു വച്ചു.
വളരെ കഷ്ടപെട്ട് ഞാന്‍ പകുതിയോളം അകത്താക്കി,രണ്ടു മീന്‍ പൊരിച്ചതുള്‍പ്പെടെ. ഉടനെ തന്നെ വന്നുകിടക്കുകയും ചെയ്തു. അമ്മയോ അച്ഛനോ ഒന്നും അറിഞ്ഞ മട്ടില്ല. നവ വധു എന്റെ അരികിലെത്തി തിരിഞ്ഞു കിടന്നു. വെളിച്ചം അണഞ്ഞു.

ഒരഞ്ചു മിനിട്ട്. എന്റെ വയറ്റില്‍ കൂടി ഒരു ഗോളം ഉരുളുന്ന പ്രതീതി. ഞാന്‍ ഒന്നു തിരുമ്മി നോക്കി. നോ രക്ഷ.
ഗോളം അല്പം കൂടി മുകളിലെത്തി. സംഗതിയുടെ കിടപ്പു വശം മനസ്സിലായ ഞാന്‍ വായ പൊത്തിക്കൊണ്ട് ചാടിയെഴുനേറ്റു. മുറ്റമാണ് ലക്ഷ്യം. പണ്ടാരമടങ്ങാനായിട്ട് മുന്‍‌വാതിലിന്റെ കൊളുത്ത് നീങ്ങാന്‍ അല്പം താമസിച്ചു. ഒരു വാളിന്റെ സീല്‍ക്കാരം.

“ഗ്വാ..“

സാമാന്യം നല്ല ഉച്ചത്തില്‍ ഈ സൌണ്ടിന്റെ അകമ്പടിയോടെ മുന്‍‌വാതിലിലേയ്ക്ക് കപ്പ, ഇറച്ചി, ചോറ്, മീന്‍ പൊരിച്ചത്, നാടന്‍ ഇവയെല്ലാം കൂടി ഒന്നായി പ്രവഹിച്ചു..

“കുട്ടായിയെ..എന്താടാ ഒരു ശബ്ദം?”

അമ്മയാണ്. അകത്തു നിന്നും അച്ഛനും എഴുനേറ്റു. കാതരമിഴികളോടെ നല്ല പാതിയും. ഇനിയിപ്പോ ആരും അറിയാനില്ലല്ലോ.
മുറ്റത്ത് കുനിഞ്ഞിരുന്ന് പലവട്ടം ഗ്വാ..ഗ്വാ..വച്ചു. നവവധു പുറം തിരുമ്മി തന്നു. പിന്നെ കിണറ്റില്‍ നിന്നും വെള്ളം കോരി വാതില്‍ , തിണ്ണ എല്ലാം അടിച്ചു വാരി വൃത്തിയാക്കി. അന്നു രാത്രി നാലു തവണ ഇങ്ങനെ, ഓട്ടം..ഗ്വാ ഗ്വാ..,പരിപാ‍ടി നടന്നു എന്നാണോര്‍മ്മ.

പിറ്റേദിവസം തിരുവോണം. ഞാന്‍ പതിവു പോലെ ഏഴുമണിയ്ക്ക് തലയുയര്‍ത്താന്‍ ശ്രമിച്ചു. നടന്നില്ല. വെളിച്ചം കണ്ണിലടിയ്ക്കുമ്പോഴേയ്ക്കും തല പിളര്‍ക്കുന്ന വേദന. വീണ്ടും ചുരുണ്ടു കൂടി.ഉച്ചയായി. എല്ലാവരും തിരുവോണമുണ്ണുമ്പോള്‍ ഞാന്‍ തലപൊത്തി ചുരുണ്ടു കൂടി കിടന്നു. നല്ല പാതി അടുത്തിരുന്ന് കണ്ണീരൊഴുക്കി. ഇടയ്ക്കിടയ്ക്ക് മോരും വെള്ളം കൊണ്ടു തന്നു. മോരുംവെള്ളം പോയിട്ട് ഒരിറ്റു വെള്ളമിറക്കാനാവാതെ ഞാന്‍ തിരിഞ്ഞു കിടന്നു. 

ഏതാണ്ട് അഞ്ചുമണിയോടെയാണ് കെട്ടിറങ്ങിയത്. പിന്നെ, ഒരു വിധം കുളിച്ച് ഓളെയും കൂട്ടി അവളുടെ വീട്ടിലേയ്ക്കു പോയി.ഏഴുമണിയായി അവിടെ എത്തുമ്പോള്‍ . ഉച്ചയ്ക്ക് വരുമെന്നു പ്രതീക്ഷിച്ച് എന്തൊക്കെയോ ഉണ്ടാക്കിയിരുന്നു. ഒക്കെ വളിയ്ക്കാനായി.

“അല്ല..എന്താ മിനിയെ നീയിത്രേം താമസിച്ചേ? സന്ധ്യാ നേരത്താണോ ഓണം കൂടാന്‍ വരുന്നെ? “

ഫാദര്‍ -ഇന്‍ -ലോയുടേത് ന്യായമായ സംശയം.

“അതോ..ഏട്ടന്‍ അവ്ടത്തെ ക്ലബ് സെക്രട്ടറിയല്ലേ..എന്തൊക്കെയോ ഓണപ്പരിപാടിയായ കാരണം
താമസിച്ചതാ അച്ഛാ..”

എന്റെ നേരെ ഒന്നു പാളി നോക്കിയിട്ട് അവള്‍ പറഞ്ഞു.

“ങാ..നാട്ടില്‍ വേണ്ടപ്പെട്ടോരൊക്കെ ആവുമ്പം അങ്ങനെയൊക്കെയാ..നിങ്ങളു കുളിച്ചിട്ട് വല്ലതും കഴിയ്ക്ക്”

പാവം മിനീടച്ഛന്‍ ! അങ്ങേരറിയുന്നുണ്ടോ നമ്മുടെ ഓണാഘോഷം!

Thursday, 5 August 2010

പുഴയില്‍ വിഷം കലര്‍ത്തുന്നവര്‍



നമ്മുടെ സാമൂഹ്യബോധവും പരിസ്തിതി ബോധവും എവിടെയെത്തി എന്നതിന് ഉത്തമ ഉദാഹരണം രയറോത്ത് നടന്നിരിയ്ക്കുന്നു!
മുകളില്‍ കൊടുത്ത വാര്‍ത്ത ഇതു വരെ വായിയ്ക്കാത്തവര്‍ തീര്‍ച്ചയായും വായിയ്ക്കണം.

പുതിയ കച്ചവട സ്ഥാപനം തുടങ്ങുമ്പോള്‍ പഴയ, ബാക്കിയായ കെട്ടുകണക്കിന് കുപ്പി കീടനാശിനി അല്പവും മടി കൂടാതെ തങ്ങളുടെ അടുത്ത പുഴയിലേയ്ക്ക്  കെട്ടിത്താഴ്ത്തുന്നവരുടെ ബോധം എന്തായിരിയ്ക്കും?
പുഴയില്‍ നിന്നും ശേഖരിച്ച കീടനാശിനികള്‍: മാതൃഭൂമി

ഇവര്‍ ഇത്രയും കാലം ജീവിച്ചിട്ട് ഈ സമൂഹത്തില്‍ നിന്നും എന്തു ബോധമാണ് സ്വീകരിച്ചിരിയ്ക്കുക? ഇത്തരം ആള്‍ക്കാര്‍ ജീവിച്ചിട്ട് ഈ സമൂഹത്തിനെന്താണ് ഗുണം?

കണ്ണാടി പോലുള്ള അമൃതജലം ഒഴുകുന്ന നൂറുകണക്കിന് പേര്‍ നിത്യവും മുങ്ങിക്കുളിയ്ക്കുന്ന അപൂര്‍വ ജൈവ സമ്പത്തുള്ള രയറോം പുഴയിലേയ്ക്കാണ് ഈ സമൂഹ്യ ദ്രോഹികള്‍ കൊടും വിഷം തള്ളി വിട്ടത് എന്നോര്‍ക്കുമ്പോള്‍ സങ്കടവും ലജ്ജയും തോന്നുന്നു.

നാം മലയാളി സമൂഹം പതിച്ചുകൊണ്ടിരിയ്ക്കുന്ന പടുകുഴിയുടെ ആഴം വെളിവാക്കുന്നതാണ് ഈ സംഭവം. ഞാനും എന്റെ സ്വന്തവും മാത്രം മതി, ബാക്കിയെന്തായാലും എനിയ്ക്കെന്താ എന്ന ഈ രീതി നമ്മുടെയെല്ലാം മുഖമുദ്രയായി കഴിഞ്ഞിരിയ്കുന്നു.


ശത്രുക്കള്‍ പോലും ചെയ്യാന്‍ മടിയ്ക്കുന്ന ഈ പ്രവൃത്തി ചെയ്തവര്‍ക്ക് നിയമം അനുശാസിയ്ക്കുന്ന ഏറ്റവും കഠിന ശിക്ഷ നല്‍കേണ്ടതാണ്.

പരിസ്ഥിതിയെന്നും കണ്ടലെന്നും കേള്‍ക്കുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന ആരേയും ഇതു വരെ രയറോത്തേയ്ക്കു കണ്ടില്ല!

ഇതുസംബന്ധമായ വാര്‍ത്തകള്‍:
 മാതൃഭൂമി, മാതൃഭൂമി

Wednesday, 28 July 2010

“യുവജന മാര്‍ച്ച് “ - (രയറോം കഥകള്‍ )

സി.ഡി, ഡി.വി.ഡി, ഇന്റെര്‍നെറ്റ് മുതലായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ആവിര്‍ഭവിയ്ക്കുന്നതിന് മുന്‍പ് കൌമാര-യുവത്വങ്ങളുടെ വന്യസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നത് നാന, മാരമ, മുത്തുച്ചിപ്പി, സഖി തുടങ്ങി പുറമേ തൂക്കിയിടാവുന്ന മാഗസിനുകളും, പിന്നെ പുറത്തുകാണിയ്ക്കാന്‍ പാടില്ലാത്തതിനാല്‍ ഒളിച്ചു മാത്രം കച്ചവടം നടത്തിയിരുന്ന “കൊച്ചു പുസ്തകം” എന്നറിയപ്പെടുന്ന പുസ്തകങ്ങളും ആയിരുന്നു. കാശുള്ളവന്മാര്‍ വീഡിയോ കാസറ്റ് വാടകയ്കെടുത്ത് എവിടെയെങ്കിലും അടച്ചു പൂട്ടിയിരുന്ന് ചൂടന്‍ സിനിമ കാണും. 

മുതിര്‍ന്നു കഴിഞ്ഞാല്‍ നമ്മളെ പോലെയുള്ള സാദാ പയ്യന്‍സിന് ആകെ സാധ്യത തീയേറ്ററുകളില്‍ പോയി “പീസ്” പടം കാണാം എന്നതാണ്. എന്നാല്‍ “കുടുംബത്തില്‍ പിറന്ന” തീയേറ്ററുകളിലൊന്നും “പീസ്“ പ്രദര്‍ശനം ഉണ്ടാവില്ല. ചില “പ്രത്യേക“ തീയേറ്ററുകളില്‍ മാത്രമേ അതുണ്ടാവുകയുള്ളു. അത്തരം തീയേറ്ററുകള്‍ നല്ല “ഫെയ്മസും“ ആയിരിയ്ക്കും. പീസെന്നു പറഞ്ഞാല്‍ ഒരു മിനിട്ടു മുതല്‍ അഞ്ചുമിനിട്ടു വരെ നീളുന്ന ഇടത്തരം “നീല”യെന്നര്‍ത്ഥം. അന്നൊക്കെ അത്രയും ധാരാളം. വളരെ സമര്‍ത്ഥന്മാരായ ഓപറേറ്റര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. “പ്രാ‍ദേശിക വാര്‍ത്തകള്‍ “ എന്ന സിനിമ കണ്ടാല്‍ ഇത്തരം ഒരോപ്പറേറ്ററെ കാണാം.

അക്കാലത്ത് കണ്ണുരെ പ്രമുഖ വ്യവസായ മേഖലയാണ് വളപട്ടണം. (ഇപ്പോഴുമതേ). അവിടുത്തെ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് വളരെ പ്രശസ്തമായ വ്യവസായ സ്ഥാപനമാണ്. ഇവിടെ ഞങ്ങളുടെ റയറോത്തു നിന്നുമുള്ള ചിലര്‍ ഓഫീസു ജോലിയെടുത്തിരുന്നു. ഈ സ്ഥാപനത്തിന്റെ അടുത്തായി “ഫെയ്മസാ”യ ഒരു തീയേറ്റര്‍ ഉണ്ട്. ചിറയ്ക്കല്‍ “രമേശ് “ തീയേറ്റര്‍ (പേര്‍ ഞാനൊന്നു പരിഷ്കരിച്ചതാണ്) . ഇപ്പോളതുണ്ടൊ എന്നറിയില്ല. കണ്ണൂര്‍ നഗരത്തില്‍ ധാരാളം തീയേറ്ററുകള്‍ ഉള്ളതിനാല്‍ പ്രാന്തപ്രദേശത്തുള്ള ഇത്തരം ചെറുകിട തീയേറ്ററിലൊന്നും ആളുകയറില്ല. കയറണമെങ്കില്‍ “പീസ്” കൂടിയേ കഴിയൂ. അങ്ങനെയാണ് രമേശ് പ്രശസ്തമായത്. ബുദ്ധിമാന്മാരായ തീയേറ്റര്‍ മാനേജ്മെന്റ് തന്ത്രപൂര്‍വമാണ് ഷോകള്‍ ഷെഡ്യൂള്‍ ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാരംഭിയ്ക്കുന്ന ഷോയില്‍ നീല രംഗപ്രവേശം ചെയ്യുന്നത്, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്ഡിലെ ലഞ്ച് സമയത്തായിരിയ്ക്കും. അതായത്, ലഞ്ചല്പം താമസിച്ചാലും ഇത്തിരി “പീസ്” കാണമെന്നാഗ്രഹമുള്ളവരുടെ സൌകര്യാര്‍ത്ഥം. ആ തന്ത്രം വിജയിച്ചതിന്റെ ഫലമായി രയരോത്തും രമേശിന്റെ കീര്‍ത്തിയെത്തി.

മേല്‍പ്പടി രയറോംകാര്‍ ഞങ്ങളുടെയെല്ലാം സുഹൃത്തുക്കളായതിനാല്‍ , ഇടയ്ക്കിടെ പീസ് വിശേഷം വിളമ്പും. ആവശ്യത്തിലധികം മസാല ചേര്‍ത്ത ഈ വിശേഷങ്ങള്‍ എന്റെയും ഭാസിയുടെയും മനസ്സില്‍ വല്ലാത്ത ഓളവും തിരയുമിളക്കാന്‍ പര്യാപ്തമായിരുന്നു. എന്തു ചെയ്യാന്‍ ? അക്കാലത്തൊക്കെ കണ്ണൂരില്‍ പോയി ചുമ്മാ ഒരു പടം കണ്ടു വരുക എന്നതു അത്ര എളുപ്പമല്ല. വിപ്ലവ യുവജന ലോക്കല്‍ നേതാക്കളായ ഞങ്ങളെ സംബന്ധിച്ച് അതേക്കുറിച്ച് ആലൊചിയ്ക്കാന്‍ കൂടി പറ്റില്ല. എങ്കിലും പ്രകൃതിയുടെ സഹജമായ ഹോര്‍മോണ്‍ പ്രവര്‍ത്തനത്താലുണ്ടാകുന്ന ആ “കിരുകിരുപ്പ്” ഞങ്ങളെ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്നു.

അക്കാലത്ത് ഞാന്‍ വിപ്ലവ യുവജന സംഘടനയുടെ യൂണിറ്റ് സെക്രട്ടറിയും ഭാസി പ്രസിഡണ്ടുമാണ്. സാമാന്യം തരക്കേടില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. (ചിലതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ ) പൊതുവെ മൂത്ത നേതാക്കന്മാര്‍ക്ക് നമ്മളെ മതിപ്പുമാണ്. അങ്ങനെയിരിയ്ക്കെയാണ് എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ യുവ സംഘടന കണ്ണൂരില്‍ സംഘടിപ്പിയ്ക്കുന്ന “യുവജന മാര്‍ച്ചി”ന്റെ അറിയിപ്പു വരുന്നത്.  യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും നിര്‍ബന്ധമായും പങ്കെടുക്കണം, ഒപ്പം കഴിയാവുന്നത്ര അണികളും. അണികളുടെ കാര്യം ബുദ്ധിമുട്ടാണ്. രയറോത്തു നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയുള്ള തളിപ്പറമ്പാണ് ഞങ്ങളുടെ അടുത്തുള്ള നഗരം. തളിപ്പറമ്പില്‍ നിന്നും പതിനാറു കിലോമീറ്റര്‍ അകലെ കണ്ണൂര്‍ . ഇത്രയും ദൂരം കാശും ചിലവാക്കി വരാന്‍ തയ്യാറുള്ളവര്‍ ചുരുക്കം.

ഈ അറിയിപ്പു കിട്ടിയപാടെ എന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി. രമേശ് തീയേറ്ററിലെ നയനമനോഹരമായ വെള്ളിത്തിര മനസ്സില്‍ തെളിഞ്ഞു. ഭാസിയെ എങ്ങനെയെങ്കിലും ഒഴിവാക്കിയാല്‍ ഒരു “പീസ്“ കാണാനുള്ള സുവര്‍ണ്ണാവസരം!
 ഉറ്റ ചങ്ങാതിയാണെങ്കിലും ഇക്കാര്യത്തിന് അവനെ കൂട്ടിയാല്‍ നമ്മുടെ ഇമേജ് ഇടിഞ്ഞു പോകും. വായില്‍ സദാ സമയവും താത്വിക ചിന്തയും ആദര്‍ശങ്ങളും തിരുകി നടക്കുന്ന ഒരു “ബു.ജി.യാണല്ലോ നമ്മള്‍ (!!!)
അവനെ തനിയെ കണ്ണൂര്‍ക്ക് വിടാന്‍ ഞാനൊരു ഐഡിയ പ്ലാന്‍ ചെയ്തു മനസ്സില്‍ സൂക്ഷിച്ചു.

 രയറോത്തു നിന്നും എല്ലാവരും കാണ്‍കെ ഞാനും ഭാസിയും “യുവജന മാര്‍ച്ചി“നായി ടേക്ക് ഓഫ് ചെയ്തു. ബസ്സില്‍ തൂങ്ങിപ്പിടിച്ച് ഒന്നരമണിക്കൂര്‍ യാത്ര. ക്ഷീണം മാറാന്‍ തളിപ്പറമ്പില്‍ ഇറങ്ങി ഒരു ചായ കുടിച്ചു. എന്നിട്ട് ഞാന്‍ ഭാസിയോടു പറഞ്ഞു:

“എടാ ഭാസി.. കുറെ ദിവസമായി നെഞ്ചിനു വല്ലാത്ത വേദന. എനിയ്കൊരു ഡോക്ടറെ കാണണം.”

അവനെന്നെ ഒന്നു സൂക്ഷിച്ചു നോക്കി.

“എന്നിട്ടു നീയെന്നോടിതു വരെ പറഞ്ഞില്ലല്ലോ? “

“പറഞ്ഞില്ലന്നേയൊള്ളു..എന്തൊരൊടുക്കത്തെ വേദനയാ..രാത്രിയിലാ കൂടുതല്‍ “

“എന്നാ ഞാനും കൂട്ടു വരാം..”

“ഹേയ് അതു വേണ്ട. നമ്മളു രണ്ടുപേരും മാര്‍ച്ചില്‍ പങ്കെടുത്തില്ലെങ്കില്‍ മോശമാ..അറിഞ്ഞാ പ്രശ്നമാകും.”

“എന്നാലും നിനക്കു സുഖമില്ലെങ്കില്‍ ....”

“അതൊന്നും സാരമില്ല. ഡോക്ടറെ നേരത്തെ കണ്ടാല്‍ ഞാനുമെത്തും. മാര്‍ച്ച് കഴിഞ്ഞ് നീ കണ്ണൂര് ബസ്റ്റാന്‍ഡിന്റെ പടിഞ്ഞാറെ സൈഡില്‍ നിന്നാല്‍ മതി.” (പാവം. ലാസ്റ്റ് ബസിനെങ്കിലും രയറോത്തേയ്ക്ക് കേറിയ്ക്കോണെ!)

“നീയേതു ആശുപത്രിയിലാ പോണത്? എന്തെങ്കിലും ആവശ്യം വന്നാല്‍ അന്വേഷിയ്ക്കാമല്ലോ..”

“ഹോ..നീയതുമിതും പറഞ്ഞ് സമയം കളയാതെ ഭാസീ..മാര്‍ച്ചുടനെ തുടങ്ങും.. ഞാന്‍ ഉടനെ എത്തുമെന്നേ..!”

ഞാനവനെ ഉന്തിതള്ളി കണ്ണൂരു ബസിനു കയറ്റി. എന്നിട്ടും അവനെന്നെ തിരിഞ്ഞു നോക്കി. ഇഷ്ടനു വല്ല സംശയമുണ്ടോ? ഞാനിടയ്ക്കിടെ വെറുതെ നെഞ്ചില്‍ തിരുമ്മിക്കൊണ്ടിരുന്നു. ഏതായാലും പാവം ഭാസിയെയും കൊണ്ട് ബസ് സ്റ്റാന്‍ഡ് വിട്ടു.

ഹ..ഹ..ഹ..അങ്ങനെ ഞാന്‍ സ്വതന്ത്രനായിരിയ്ക്കുന്നു! ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് നൂണ്‍ ഷോ. നേരത്തെ അവിടെ പോയി വായും പൊളിച്ചു നിന്നാല്‍ ആള്‍ക്കാരു ശ്രദ്ധിയ്ക്കും. മാനം മര്യാദയുള്ളവര്‍ക്കു പറ്റിയ ഷോയല്ലല്ലോ! തളിപ്പറമ്പില്‍ തന്നെ തമ്പടിച്ചു.
ബസ് സ്റ്റാന്‍ഡില്‍ നിന്നാല്‍ സമയം പോകാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോ? പോരാഞ്ഞിട്ട് തളിപ്പറമ്പില്‍  കോളേജ് രണ്ടാ‍ണ് ‍. സുന്ദരിക്കുട്ടികള്‍ ഇഷ്ടം പോലെ. വടക്കേ മലബാറിന്റെ ശാ‍ലീന സൌന്ദര്യത്തിന്റെ നേര്‍ പരിച്ഛേദം തന്നെ അവിടവിടെ തിളങ്ങുന്നു. പിന്നെ, ഏതാണ്ട് ഒരു പതിനൊന്നേ മുക്കാലിന് തീയേറ്ററിലെത്താവുന്ന സമയം കണക്കു കൂട്ടി ഞാന്‍ ബസ് കയറി.

അതി വിശാലമാണ് വളപട്ടണം പുഴ. അഴിമുഖത്തിനടുത്തായതിനാല്‍ നല്ല വീതി. ഒരു കാല്പനിക നദിയ്ക്കു വേണ്ട എല്ലാ സൌന്ദര്യവും തികഞ്ഞിരിയ്ക്കുന്നു. ഇരുകരകളിലും സമൃദ്ധമായ കണ്ടല്‍ കാട്. സദാസമയവും നല്ല കുളിര്‍മ്മയുള്ള കാറ്റ് . നല്ല നീളമുള്ള പാലത്തില്‍ നിന്നു പടിഞ്ഞാറേയ്ക്ക് നോക്കിയാല്‍ കാണുന്ന റെയില്‍‌വേ പാലത്തിലൂടെ  മിക്കപ്പോഴും ഏതെങ്കിലും ഒരു തീവണ്ടി വലിയൊരു പെരുമ്പാമ്പു പോലെ നദി കടക്കുന്നുണ്ടാവും. ഈ പുഴത്തീരത്താണ് വളപട്ടണം ടൌണും വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്  പോലുള്ള ഫാക്ടറികളും.

വളപട്ടണം പാലത്തിനടുത്ത്  ബസ്സിറങ്ങി, ഒരു ഷോര്‍ട്ട് വഴിയേ തീയറ്ററിലേയ്ക്കു നടന്നു. വഴി രയറോം ചേട്ടന്മാര്‍ പറഞ്ഞു തന്നതാണ്.അവിടെയാണ് ഒരു പ്രശ്നമുള്ളത്. ഈ ചേട്ടന്മാര്‍ നൂണ്‍ഷോയ്ക്കെങ്ങാനുമുണ്ടെങ്കില്‍ ? ആവൂ.. അക്കാര്യം ഇതു വരെ ചിന്തിച്ചില്ല..!
ഞാനൊന്നാലോചിച്ചു. തിരിച്ചു പോകണോ? ഭാസിയോടു വാക്കു പാലിയ്ക്കണോ? എന്നിട്ടും മനസ്സിലെ “കിരുകിരുപ്പ്“ മുന്നോട്ടു തന്നെ എന്നെ തള്ളിക്കൊണ്ടിരുന്നു.

ഞാന്‍ തീയേറ്റര്‍ പരിസരത്തെത്തുമ്പോള്‍ നമ്മളു കണക്കു കൂട്ടിയ സമയം തന്നെ.  പക്ഷെ അവിടെയെങ്ങും ഒരു മനുഷ്യനുമില്ല! പാട്ടില്ല..ഒരനക്കവുമില്ല! ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു മാതിരി. ഇതെന്തു കൂത്ത്? ഷോയുണ്ടെങ്കില്‍ നേരത്തെ പാട്ടൊക്കെ വയ്ക്കേണ്ടതല്ലേ..!എനിയ്ക്കു സമയം തെറ്റിയോ? ഞാനാകെ വിഷണ്ണനായി. വെറുതെ കണ്ട നുണയൊക്കെ പറഞ്ഞ് വന്നിട്ടിപ്പോ..

ഞാന്‍ അടുത്ത വെയിറ്റിങ്ങ് ഷെഡില്‍ കയറി നിന്നു. പതിനഞ്ചു മിനിട്ടു കൂടി നോക്കാം. എന്നിട്ട് ഇല്ലെങ്കില്‍ വേഗം കണ്ണൂര്‍ക്ക് വിടുക. സമയം ഇഴഞ്ഞു നീങ്ങി. ഷോ തുടങ്ങുന്ന ലക്ഷണമൊന്നുമില്ല. രയറോം ചേട്ടന്മാരെ പുല്ലന്മാരെ, മനുഷ്യനെ ഇങ്ങനെ പറ്റിയ്ക്കാമോ? എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു... നീല..പീസ്..മാങ്ങാത്തൊലി!

അല്ലെങ്കിലും എനിയ്ക്കിതു തന്നെ കിട്ടണം. നല്ലൊരു സംഘടനാ പരിപാടിയ്ക്കിറങ്ങിയിട്ട് വേണ്ടാത്ത ഏര്‍പ്പാടിനു പോയിട്ടല്ലേ..കണ്ണൂരിനും തിരിച്ചും ധാരാളം ബസുണ്ട് അതിലെ. അവയിങ്ങനെ വന്നും പോയും ഇരിയ്ക്കുന്നു. ഞാന്‍ നിരാശയോടെ അടുത്ത ബസിനു കയറാന്‍ തീരുമാനിച്ചു.

തീയേറ്റര്‍ പരിസരത്തേയ്ക്ക് ഒന്നുകൂടി പാളി നോക്കിയിട്ട് മുന്നില്‍ വന്നു നിന്ന ബസിലേയ്ക്ക് കയറാന്‍  ഞാന്‍ കാലുയര്‍ത്തി.ഉയര്‍ത്തിയ കാല്‍ ഏതാനും സെക്കന്‍ഡ് നേരം നിലം തൊടാതെ അങ്ങനെ തന്നെ നിന്നു.
ആ ബസില്‍ നിന്നതാ ഇറങ്ങി വരുന്നു ഭാസിയെ പോലൊരാള്‍ !
 
ഞാന്‍ കണ്ണുകള്‍ തിരുമ്മിയിട്ട് ഒന്നു കൂടി നോക്കി. ഒരാളെ പ്പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറച്ചില്‍ ..
അതേ നിറം..അതേ പൊക്കം..അതേ വണ്ണം. പോരാഞ്ഞിട്ട് അതേ ഷര്‍ട്ടും. ഇതു ഭാസി തന്നെ..! എന്നെ ക്കണ്ട ഭാസിയുടെ അവസ്ഥയും ഇതു തന്നെ. അവനും കണ്ണു തിരുമ്മി സൂക്ഷിച്ചു നോക്കി. അതേ പൊക്കം..അതേ നിറം..അതേ വേഷം. അതേ ബിജു ..!
 
ചില സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ക്കു പ്രസക്തി നഷ്ടപ്പെടുമല്ലോ..അതു കൊണ്ട് ഒന്നും മിണ്ടാതെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.

“ഷോയില്ലെന്നാ തോന്നുന്നേ..” ഞാനവനോടു പറഞ്ഞു.

“ഷോയൊക്കെയുണ്ട്..  തുടങ്ങുന്ന സമയത്തേ അവരു ടിക്കറ്റു കൊടുക്കു..നീ വാ.. ഇപ്പോ തുടങ്ങും”

എടാ ഭയങ്കരാ ഇവനെങ്ങനെ ഇതൊക്കെയറിഞ്ഞു?!

ഞങ്ങള്‍ രണ്ടുപേരും തീയറ്ററിലേയ്ക്കോടി. ശരിയാണ് ടിക്കറ്റു കൊടുത്തു തുടങ്ങി. രണ്ടു ടിക്കറ്റെടുത്ത് കയറി. ആളധികമൊന്നുമില്ല.പടം തുടങ്ങിയപ്പോഴല്ലേ പൂരം. പെരുമഴയ്ക്കു ഡാം തുറന്നു വിടുന്നമാതിരി കൌമാര-യൌവന-വാര്‍ദ്ധക്യ ജനസഞ്ചയം തീയേറ്ററിലെ ഇരുട്ടിലേയ്ക്കിരച്ചു കയറി. തപ്പീം തടഞ്ഞും കിട്ടാവുന്നിടത്തൊക്കെ കയറിപ്പറ്റി. എന്നിട്ടും സീറ്റു ഫുള്ളായൊന്നുമില്ല കേട്ടോ..

അഞ്ചു മിനിട്ട് പീസു കാണാന്‍ ഇന്റെര്‍വെല്‍ വരെ കാത്തിരിയ്ക്കേണ്ടി വന്നു. അപ്പോഴേയ്ക്കും ലഞ്ച് ബ്രേക്കിനിറങ്ങിയ വൈറ്റ് കോളേഴ്സ് അടക്കം തീയേറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. എന്തൊരു നിശബ്ദതയാണെന്നോ ആ അഞ്ചു മിനിട്ടിന്!
അനന്തരം കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ തീയേറ്റര്‍ ശുന്യമായി. ഞങ്ങളിറങ്ങിയില്ല.  കാശു കൊടുത്തതല്ലേ മുഴുവന്‍ കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളു..

ഞാനും ഭാസിയും ഒത്തിരി വര്‍ത്തമാനം പറഞ്ഞു. പീസിനെ വിലയിരുത്തി. തീയേറ്ററിനെ വിലയിരുത്തി. ഇത്രയൊക്കെയായിട്ടും യുവജന മാര്‍ച്ചിനെ പറ്റി ഞാനോ അവനോ ഒരക്ഷരം മിണ്ടിയില്ല!