നഷ്ട ജീവിതങ്ങള്‍
പിറ്റേന്ന് പുലര്‍ച്ചെ വലിയ ബഹളം കേട്ടാണു ഞെട്ടിയെഴുനേറ്റത്. “ഫയലി”ന്റെ പതിവു ബഹളമല്ല. ഇന്നലെ പുതുതായി വന്ന പട്ടുവംകാര്‍ കിടക്കുന്ന ഭാഗത്തു നിന്നാണ് കേള്‍ക്കുന്നത് . കുറേപേര്‍ കൂടി നില്‍ക്കുന്നു. ഞങ്ങളും അങ്ങോട്ടു ചെന്നു. പട്ടുവംകാരുടെ കൂടെയുള്ള ആ സുമുഖനായ പയ്യന്‍ ആകെ വിരണ്ടു നില്‍ക്കുന്നു. ബാബുരാജ് കാര്യം അന്വേഷിച്ചു. ഇന്നലെ രാത്രിയില്‍ പലപ്പൊഴായി ചിലര്‍ ആ യുവാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നു പറഞ്ഞാല്‍ ലൈംഗീക അതിക്രമത്തിനു ശ്രമിച്ചു..! സഹികെട്ടപ്പോള്‍ അവന്‍ ബഹളം വെച്ചതാണ്.
“ആരാ..ആള്‍ക്കാര്‍...?” ബാബുരാജ് അന്വേഷിച്ചു.
ആ പയ്യന്‍ ചിലരെ കാണിച്ചു തന്നു. അപ്പോഴേയ്ക്കും”ഫയല്‍“ വിളി മുഴങ്ങി. അതോടെ എല്ലാവരും അങ്ങോട്ടു പോയി. ആ പരിപാടിയും മുദ്രാവാക്യം വിളിയും കഴിഞ്ഞതോടെ ബാബുരാജ് സഖാക്കന്മാരില്‍ തടിമിടുക്കുള്ള പത്തു പേരെ പ്രത്യേകം വിളിച്ചു കൂട്ടി. ( റെഡ് വാളണ്ടിയര്‍ ക്യാപ്റ്റന്‍ കൂടിയാണ് ബാബുരാജ് ). ആറുമണിയ്ക്ക് ഹാള്‍ തുറന്നതോടെ കുറെപേര്‍ പുറത്തു പോയി. ആ പയ്യനെ ഉപദ്രവിച്ചവരെ ബാബുരാജും കൂട്ടരും നോട്ടത്തില്‍ വച്ചിരിയ്ക്കുകയാണ്. അവര്‍ ഹാളിനു വെളിയിലെത്തിയതും സഖാക്കന്‍മാരുടെ സംഘം അവരെ വളഞ്ഞു. വളരെ പെട്ടെന്ന് ഒരു വിധം മോശമല്ലാത്ത തരത്തില്‍ നാലു പൂശങ്ങു പൂശി. എന്തിനാണു പൂശിയതെന്നു മനസ്സിലായതിനാല്‍ കിട്ടിയവര്‍ ഒന്നും മിണ്ടാതെ തടവിക്കൊണ്ടു പോയതേയുള്ളു.
ജയിലില്‍ വ്യാപകമായ ഒരു പ്രശ്നമാണ് ലൈംഗീക പീഡന ശ്രമങ്ങള്‍. ഇളംപ്രായക്കാരായ ചെറുപ്പക്കാരാണ് ഇതിനിരയാകുക. എന്തെങ്കിലും കേസില്‍ പെട്ട് ഒറ്റയ്ക്ക് ജയിലിലെത്തിപ്പെട്ടാല്‍ അവര്‍ ഇങ്ങനെ പീഡിപ്പിയ്ക്കപ്പെടാന്‍ സാധ്യത ഏറെയാണ്. ആരോടു പരാതിപെട്ടിട്ടും കാര്യമില്ല. വിവിധ തരക്കാരായ കുറ്റവാളികളെ ഒന്നിച്ചിടുന്നതിന്റെ കുഴപ്പമാണിത്. പതിനെട്ടു വയസ്സു പൂര്‍ത്തിയായ പ്രതികളെ കോടതി സബ് ജെയിലിലേയ്ക്കോ സെന്‍ട്രല്‍ ജയിലിലേയ്ക്കോ ആണ് അയയ്ക്കുക. സബ് ജയിലില്‍ ഇത്തരം ആക്രമണ സാധ്യത കുറവാണ്. പ്രായേണ ചെറിയ കാലത്തേയ്ക്കുള്ള തടവുകാരാണല്ലോ അവിടെ. തന്നെയുമല്ല എണ്ണം കുറവുമായിരിയ്ക്കും. എന്നാല്‍ സെന്‍ട്രല്‍ ജയിലിലെ കഥ അതല്ല. തഴക്കവും പഴക്കവുമുള്ള ഒന്നാംതരം ക്രിമിനലുകളാണ് അവിടെ കാത്തിരിയ്ക്കുന്നത്. അവരുടെ ഇടയില്‍ പെട്ടു പോകുന്ന ഈ യുവാക്കള്‍ ക്രമേണ അവരെ പോലെ തന്നെ ആയിതീരുകയും ചെയ്യും, ചുരുക്കം അപവാദങ്ങളൊഴിച്ചാല്‍..! പലപ്പോഴും മനസാക്ഷിയുള്ള പോലീസ് ഓഫീസര്‍മാര്‍ ഇങ്ങനെയുള്ള കേസുകള്‍ കോടതിയിലെത്തിയ്ക്കാതെ നോക്കാറുണ്ട്. പക്ഷെ, നമ്മുടെ മാധ്യമങ്ങളും നാട്ടുകാരും വിടുമോ? അവര്‍ ആ ഓഫീസറെ കുരിശിലേറ്റാന്‍ ശ്രമിയ്ക്കും.
മൂന്നാം ദിവസമായിട്ടും ജാമ്യത്തെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തതിനാല്‍ ഞങ്ങള്‍ വിഷമിച്ചു. ഉച്ചയൂണും കഴിഞ്ഞ് അതുമിതും പറഞ്ഞിരിയ്ക്കുമ്പോള്‍ ഒരു ഗാര്‍ഡ് കൈയിലൊരു വെള്ളക്കടലാസുമായി ഹാളിലേയ്ക്കു വന്നു. ഞങ്ങള്‍ കുറേ പേരുടെ പേര്‍ ഉച്ചത്തില്‍ വിളിച്ചു. എന്നിട്ടു പറഞ്ഞു:
“നിങ്ങള്‍ക്ക് ഇന്റെര്‍വ്യൂ ഉണ്ട്..! “
എന്ത് ? ഇന്റര്‍വ്യൂവോ..? ജയിലിലോ ? അത്ഭുതപെട്ടു പോയി. നാട്ടില്‍ കുറെ തെണ്ടി നടന്നു നോക്കിയിട്ടും ഒരിടത്തു നിന്നും ഇതു വരെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ടില്ല. ഇപ്പൊഴിതാ ജയിലില്‍ വന്നപ്പോള്‍ ഇന്റര്‍വ്യൂവിന് വിളിച്ചിരിക്കുന്നു. എന്തു ജോലിയ്ക്കാണാവോ ?
കടലാസു മേടിച്ചു നോക്കി. ഞാനുള്‍പ്പെടെ അഞ്ചാറുപേര്‍ക്ക് ഇന്റര്‍വ്യൂവിനു ക്ഷണമുണ്ട്. എന്നെ ക്ഷണിച്ചിരിയ്ക്കുന്നത് മറ്റാരുമല്ല സ്വന്തം അച്ഛന്‍ തന്നെ ! മറ്റുള്ളവര്‍ക്ക് സഹോദരന്‍, മകന്‍, സുഹൃത്ത് എന്നിങ്ങനെ. ഹ ഹ..സംഭവം പിടികിട്ടി. ബന്ധുക്കള്‍ ജയിലില്‍ തടവുപുള്ളികളെ സന്ദര്‍ശിയ്ക്കുന്നതിനുള്ള ഔദ്യോഗിക പേരാണ് ഈ “ഇന്റര്‍വ്യൂ”.
മൂന്നിനും നാലിനുമിടയ്ക്കുള്ള സമയത്താണ് “ഇന്റര്‍വ്യൂ” നടത്തേണ്ടത്. അപ്പോഴാണല്ലോ ബ്ലോക്ക് തുറക്കുന്നത്.
പറഞ്ഞ സമയത്ത് ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി. ജയില്‍ കവാടത്തില്‍ തന്നെയുള്ള ഒരു മുറിയാണത്. വലിയ കമ്പി വലയിട്ടിരിയ്ക്കുന്നു. ഒരു വശത്ത് സന്ദര്‍ശകനും മറുവശത്ത് തടവുകാരനും. പരസ്പരം കാണാം. അഞ്ചോ പത്തോ മിനിട്ടു സംസാരിയ്ക്കാം. കൈകള്‍ ഇടാനും അത്യാവശ്യ സാധനങ്ങള്‍ കൈമാറാനുമുള്ള ഒരു ചെറിയ കിളിവാതിലുണ്ട്. ഗാര്‍ഡുകളുടെ പരിശോധനയ്ക്കു ശേഷം അനുവദനീയമായ വസ്തുക്കള്‍ കൈമാറാം.
പുറത്തു നിന്നും ഗാര്‍ഡുകള്‍ സന്ദര്‍ശകനെ കയറ്റി വിട്ടു. കമ്പിവലയ്ക്കപ്പുറം അച്ഛന്‍ !ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്നെ അല്പനേരം നോക്കി. ഞാന്‍ താഴോട്ടു നോക്കി നിന്നു.
“ഇതാ..”
കമ്പി വലയ്ക്കുള്ളിലൂടെ ഒരു പ്ലാസ്റ്റിക് പൊതി നീട്ടി തന്നു. ഗാര്‍ഡ് വെറുതെ നോക്കി നിന്നതേയുള്ളു. ഞാനതു മേടിച്ചു. ഒരു ജോഡി ഷര്‍ട്ടും മുണ്ടുമായിരുന്നു അത്. അച്ഛന്‍ തിരിഞ്ഞു നടന്നു. അടുത്തയാള്‍ക്കായി ഞാനും വഴിമാറി. ഞാന്‍ ആ പൊതി തുറന്ന് തുണിയിലേയ്ക്കു നോക്കി. പിന്നെ പലപ്രാവശ്യം മണത്തു. അതില്‍ അമ്മയുടെ ഗന്ധമുണ്ട്. എനിയ്ക്കറിയാം, അത് അമ്മ അലക്കി ഉണക്കി തേച്ച് കൊടുത്തു വിട്ടതാണ്. ആ വാത്സല്യം അതില്‍ പറ്റിയിരിയ്ക്കുന്നതു പോലെ തോന്നി. ഞാനതു നെഞ്ചത്തടുക്കി പിടിച്ചു. ഒരു കൊച്ചു കുട്ടി കുറെ കാലത്തിനു ശേഷം അമ്മയെ കാണുമ്പോഴുണ്ടാകുന്ന ഒരനുഭവമായിരുന്നു അത്.
തിരികെ ഞങ്ങള്‍ സെന്‍ട്രല്‍ ടവറിലേയ്ക്കു നടന്നു. നാലുമണിയാകാന്‍ ഇനിയും അല്പസമയമുണ്ടല്ലോ... ടവറിനു ചുറ്റുമുള്ള ചെറിയ മതിലില്‍ ഞങ്ങള്‍ ഇരുന്നു. ചുറ്റുമുള്ള ബ്ലോക്കുകളില്‍ നിന്നും ആരൊക്കെയോ വരുകയും പോകുകയും ചെയ്യുന്നു. അപ്പോള്‍ കാണാം കുറെ കൊച്ചുകുട്ടികള്‍, യു.പി., ഹൈസ്കൂള്‍ കുട്ടികളായിരിയ്ക്കണം, ലൈനായി നടന്നു വരുന്നു. അവരുടെ ഒപ്പം ടീച്ചറും അകമ്പടിയായി ഒരു ഗാര്‍ഡും. മരുഭൂമിയില്‍ പൂക്കള്‍ വിരിഞ്ഞ പ്രതീതിയായിരുന്നു ആ കുട്ടികളെ കണ്ടപ്പോള്‍. അവര്‍ ചുറ്റുപാടും കൌതുകത്തോടെ നോക്കി നടന്നു വരുന്നു. ഞങ്ങള്‍ മതിലിന്മേലിരുന്നു അവരെയും നോക്കി. നടന്നു നടന്നു ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ അല്പം വിട്ടു നടന്നു. ചെറിയൊരു പേടി ആ മുഖങ്ങളില്‍ വന്നുവോ? ടീച്ചറാണെങ്കില്‍ മുഖം താഴ്ത്തി സ്പീഡില്‍ നടന്നു. എന്നിട്ടു കുട്ടികളോട് അടക്കം പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു:
“അതൊക്കെ കുറ്റവാളികളാ..അടുത്തുകൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം !”
ടീച്ചറെ ഞാന്‍ കുറ്റം പറയില്ല. ജയിലില്‍ കിടക്കുന്നവര്‍ “കുറ്റവാളികള“ല്ലാതെ പിന്നാരാണ്? ഞങ്ങള്‍ അല്പനേരം മുഖത്തോടു മുഖം നോക്കി ചിരിച്ചു.
അപ്പോള്‍ ചിലര്‍ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. എല്ലാവരും ശിക്ഷ അനുഭവിയ്ക്കുന്നവരാണെന്നു വേഷത്തില്‍ നിന്നറിയാം. വന്നവര്‍ മൂത്ത സഖാക്കളുമായി കുശലം പറഞ്ഞു. ഉടനെ മനസ്സിലായി എല്ലാം ഒരേ തൂവല്‍ പക്ഷികള്‍ തന്നെ. കണ്ണൂര്‍ ജയിലിപ്പോള്‍ സഖാക്കളുടെ സമ്മേളനത്തിനുള്ള ആളുണ്ടല്ലോ..! ദിവസവും കുറച്ചു പേര്‍ പോകും, ഒപ്പം കുറേ പേര്‍ വരുകയും ചെയ്യും. ഇവിടെ വര്‍ഷങ്ങളായി കഴിയുന്നവരെന്ന നിലയ്ക്ക് ഈ സഖാക്കള്‍ക്ക് അവരോടൊക്കെ പ്രത്യേക വാത്സല്യവും ഉത്തരവാദിത്വവുമാണ് ! തങ്ങളുടെ “തറവാട്ടി“ല്‍ വരുന്ന ബന്ധുക്കളുടെ ക്ഷേമമന്വേഷിയ്ക്കണമല്ലോ..!
അങ്ങനെ പരിചയമായി, സംസാരമായി. വന്ന കൂട്ടത്തില്‍ എല്ലാവരും ബഹുമാനിയ്ക്കുന്ന ഒരാളെ കണ്ടു. അല്പം പൊക്കം കുറഞ്ഞ, എന്നാല്‍ കാഴ്ചയില്‍ കുലീനനായ ഒരു യുവാവ്. മുപ്പത്തഞ്ചു-നാല്പത് വയസ്സുകാണും. സംസാരത്തില്‍ പാര്‍ടി ഭാഷയും അച്ചടക്കവും. തളിപ്പറമ്പിനടുത്തുള്ള ഒരു സ്ഥലത്തെ ലോക്കല്‍ സെക്രട്ടറി (ആണ്) ആയിരുന്നു. കൊലക്കേസില്‍ ജീവപര്യന്തം തടവാണ്. ഒരാള്‍ കേസില്‍ ശിക്ഷിയ്ക്കപെട്ടു എന്നതു കൊണ്ട് പാര്‍ടിയില്‍ ഉണ്ടായിരുന്ന സ്ഥാനം നഷ്ടമാകില്ല. ആ സീനിയോരിറ്റി നിലനില്‍ക്കും. ആയതിനാല്‍ ആള്‍ ഇപ്പോഴും ലോക്കല്‍ സെക്രട്ടറി എന്നു തന്നെ അറിയപ്പെടുന്നു.
ഞാനാ മുഖത്തേയ്ക്കു നോക്കി. പടയാളിയുടെ ധീരതയോ, നഷ്ടപെട്ടവന്റെ വേദനയോ? രണ്ടും ഞാനവിടെ കണ്ടു. എന്തൊക്കെ ആയാലും അയാളൊരു മനുഷ്യനാണ്. മാതാപിതാക്കളും ഭാര്യയും മക്കളുമുള്ള ഒരു പച്ചയായ മനുഷ്യന്‍. പാര്‍ടിയോടുള്ള കൂറു മൂലം ജീവിതം അതിനായി ഉഴിഞ്ഞു വച്ചു. ഇപ്പോള്‍ ജീവിതത്തിലെ നല്ലകാലം തടവറയില്‍. കുടുംബത്തിനുള്ള ചിലവു തുക പാര്‍ടി മാസാമാസം എത്തിയ്ക്കും. എങ്കിലും..? ആ ഭാര്യയുടെ നഷ്ടം, കുഞ്ഞുങ്ങളുടെ നഷ്ടം, അതാര്‍ക്കു നികത്താനാവും? കേവലം രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള കൊലകള്‍ എത്ര ജീവിതങ്ങളെയാണു തകര്‍ത്തു കളയുന്നത് ? മരണപെട്ടവന്റെ കുടുംബത്തിലും ഇതു തന്നെയല്ലേ അവസ്ഥ ?
അവരുടെയൊപ്പം തന്നെയുള്ള ഒരു യുവാവിനെയും ഞാന്‍ ശ്രദ്ധിച്ചു. ഇതേ കേസിലെ പ്രതി തന്നെയാണയാളും. കഷ്ടിച്ച് ഇരുപത്തഞ്ചു വയസ്സു പ്രായം. ജീവിതത്തിന്റെ ഏറ്റവും ഓജസ്സുറ്റ ഭാഗം, യുവത്വം, തടവറയില്‍ കഴിയാന്‍ വിധിക്കപെട്ടവര്‍. എനിയ്ക്കവരെ നോക്കാന്‍ തന്നെ മടി തോന്നി. ഈ ജീവിതങ്ങളുടെ നഷ്ടത്തിന് ആരു മറുപടി പറയും? പലരും എന്നെ പോലെ കേസില്‍ പെട്ടവരാകും. കേസില്‍ ഗൂഡാലോചന എന്ന വകുപ്പ് തെളിയിക്കപെട്ടാല്‍ കേസിലുള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ശിക്ഷ കിട്ടാം. കോടതിയില്‍ കേസ് തെളിയുന്നതും തെളിയാതിരിയ്ക്കുന്നതും പലപ്പോഴും സത്യത്തിന്റെയും നീതിയുടെയും പേരിലാവണമെന്നില്ല.
ജീവപര്യന്തം എന്നാല്‍ പ്രത്യേകകാലാവധി പറയാത്ത പക്ഷം പതിനാലു വര്‍ഷമാണ്. ഇതില്‍ വിവിധ ഇളവുകള്‍ കഴിച്ചാല്‍ എട്ടുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ശിക്ഷാകാലത്ത് മര്യാദക്കാരായവരെ തിരഞ്ഞെടുത്ത് ഒരു അവലോകനസമിതിയാണ് ഈ ഇളവ് അനുവദിയ്ക്കുന്നത്. ഗവണ്മെന്റിന് വിരോധമില്ലാത്ത പക്ഷം എട്ടു വര്‍ഷം പൂര്‍ത്തിയായവരെ മോചിപ്പിയ്ക്കാം. പൊതുവില്‍ ഇടതു സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴാണ് ഇത്തരം മോചനങ്ങള്‍ നടക്കാറ്. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്ത് ഒരു തുറന്ന ജയില്‍ സ്ഥാപിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി തീരാറായ, മര്യാദക്കാരായ തടവുകാരെ അങ്ങോട്ടു മാറ്റും. ജയിലിന്റെ കാടന്‍ നിയമങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരന്തരീക്ഷം സൃഷ്ടിയ്ക്കുകയാണ് ലക്ഷ്യം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരാണ് കൂടുതലെന്നു പറയാം. വിപ്ലവ പാര്‍ട്ടിക്കൊപ്പം കാവി പാര്‍ട്ടിയ്ക്കും ഖദര്‍ പാര്‍ട്ടിയ്ക്കും മോശമല്ലാത്ത അംഗസംഖ്യ ഉണ്ടവിടെ. സ്വാഭാവികമായും വിപ്ലവ പാര്‍ട്ടിയ്ക്ക് അല്പം കൂടുതലുണ്ടെന്നു മാത്രം. ചില ബ്ലോക്കുകള്‍ ചില പാര്‍ട്ടികള്‍ കുത്തകയാക്കി വച്ചിട്ടുമുണ്ട്. അതുപോലെ ചിലപ്പോള്‍ രാഷ്ട്രീയ സംഘടങ്ങള്‍ വരെ നടക്കാറുണ്ട്. കുറച്ചു നാള്‍ മുന്‍പ് ഒരു തടവുകാരന്‍ സംഘടനത്തില്‍ മരണപെട്ടു. ജയിലിലെത്തിയാലും അവസാനിയ്ക്കാത്ത രാഷ്ട്രീയ വൈരാഗ്യമോ?!
(തുടരും)
സെന്‍ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-7)
ജയില്‍ ഓര്‍മ്മകള്‍ തുടരുന്നു..
ReplyDeleteഈ കഥകള്‍ വായിച്ച് ഇത് ഒരു പാര്‍ട്ടിയ്ക്കുള്ള പ്രൊമോഷനാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിയ്ക്കുന്നു. ഈ എഴുത്തിന് ഒരു പാര്‍ട്ടിയോടും പ്രതിബദ്ധതയൊന്നുമില്ല. ഉള്ള കാര്യങ്ങള്‍ അതേപടി കുറിയ്ക്കുന്നു എന്നു മാത്രം. അതിനാല്‍ ആരും വികാരഭരിതരാകാതെ വായിക്കുക.
വായിക്കുന്നു. ഈ അടുത്തായി പരിയാരത്ത് കൊടിമരതര്‍ക്കത്തിലും രഷ്റ്റ്രീയത്തടവുകാരായി പിടിച്ച് 40 മുതല്‍ 75 ദിവസം വരെ ഇരുപാര്‍ട്ടിയിലുള്ള നാല്പതോളം പേരെ അകത്താക്കിയിരുന്നു.
ReplyDeleteവേറിട്ടത്
ReplyDeleteവായനാ സുഖമുള്ളത്
തുടരുക
അനുഭവങ്ങള്‍ വായന ഒരു അനുഭവമായി മാറ്റുന്നു .........
ReplyDeleteഅനുഭവങ്ങൾ വായിക്കാൻ നല്ല രസം
ReplyDelete“അതിൽ അമ്മയുടെ ഗന്ധമുണ്ട്,അമ്മ അലക്കി ഉണക്കി തേച്ച് കൊടുത്ത് വിട്ടതാണ്.“...വായിച്ചപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ....വളരെ നന്നാവുന്നുണ്ട്..
ReplyDeleteജയിലിലെ സദാചാര വിരുദ്ധത്തയും ഈ 10 ദിവസത്തിനുള്ളിൽ തന്നെ കാണേണ്ടി വാന്നു അല്ലെ. പരിചയമില്ലാത്ത പല വാക്കുകളും വരുന്നുണ്ട്. ഫയൽ, ഇന്റർവ്യൂ. എന്ത് കൊണ്ട് ഇത് വാരെ ഈ വാക്കൂകൾ മലയാള സാഹീത്യത്തിൽ വേണ്ട പോലെ ഊപയോഗിക്കപ്പെട്ടില്ല.. അതോ ഞാ കാണാതെ പോയതോ
ReplyDeleteതാങ്കളുടെ അനുഭവങ്ങളും അത് present ചെയ്യുന്ന രീതിയും എല്ലാം ഇഷ്ടപ്പെട്ടു. പക്ഷെ പാര്‍ട്ടി എല്ലാം നോക്കും എന്നുള്ളത് കൊണ്ട് തന്നെ പലരും (താങ്കളെ അല്ല ഉദ്ധേശിക്കുന്നത്) വേറെ പല കൊള്ളരുതായ്മകളും ചെയ്യുന്നുണ്ടല്ലോ.. ഒരു പാര്‍ട്ടി യും അതില്‍ മോശമല്ല. ഇത് നിക്ഷ്പക്ഷരായ എല്ലാര്ക്കും അറിയാവുന്നതും ആണ്. ജയിലിന്റെ ഉള്ളിലെ മുദ്രാവാക്യം വിളിക്കൊക്കെ വേറെയും ആവശ്യങ്ങള്‍ ഉണ്ടല്ലോ അല്ലെ. കുറച്ചു കാലം കൂടി കഴിഞ്ഞു അല്ലെങ്കില്‍ രാഷ്ട്രീയ കണ്ണട ഒക്കെ മാറ്റി നോക്കുമ്പോള്‍ കുറച്ചു കൂടി വ്യത്യസ്തമായി മനസ്സിലാക്കാന്‍ സാധിക്കും. ആശംസകള്‍..
ReplyDeleteഈ കഴിഞ്ഞവാരം ഞാന്‍ എന്റെ ഒരു ബന്ദുവിനെ ജയിലില്‍ കാണാല്‍ പോയി...”അതില്‍ അമ്മയുടെ മണമുണ്ട്” ഈ വരികള്‍ എന്നെ കരയിപ്പിച്ചു അണ്ണാാാാാ!
ReplyDeleteപാര്‍ട്ടി കൊലയാളികള്‍ക്ക് മാസവരുമാനം കൊടുക്കുന്നു.. കൊള്ളാം. ചുമ്മാതതല്ല ജയിലില്‍ പോലും ജയ്‌വിളിക്കാന്‍ സഖാക്കളുണ്ടാകുന്നത്!
As puthumbi and Mukkuvan told - About Ammma realy touching
ReplyDeleteI felt realy the same