Ind disable

Thursday 9 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം : (ഭാഗം-5)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം : (ഭാഗം-4) ഇവിടെ വായിയ്ക്കാം
പല മുഖങ്ങള്‍

വീണ്ടും ഒരു പുലരി കൂടി. “ഫയല്‍” പരിപാടി, മുദ്രാവാക്യ ശീവേലി എല്ലാം കഴിഞ്ഞ് “കൂടി“ന്റെ വാതില്‍ തുറക്കുന്നതും കാത്ത് ഞങ്ങളിരുന്നു. പതിവുപോലെ, ആറുമണിയ്ക്ക് സൈറണ്‍ മുഴങ്ങി, തിരക്കുള്ളവര്‍ മുന്‍പില്‍ കുതിച്ചു പാഞ്ഞു. ആ തള്ളല്‍ കഴിഞ്ഞ പാടെ ഞങ്ങളും വെളിയിലിറങ്ങി.

അല്പം പല്‍‌പൊടിയുമെടുത്ത് ഞാന്‍ ഹാള്‍ കെട്ടിടത്തിന്റെ പിന്‍‌വശത്തെയ്ക്കു നടന്നു. അവിടെയുമുണ്ട് നെടു നീളന്‍ വരാന്ത. ഹാളില്‍ നിന്നും അങ്ങോട്ടുള്ള വാതിലുകള്‍ ഒരിക്കലും തുറക്കാറില്ല. ആ വരാന്തയിലേയ്ക്കു നോക്കിയ ഞാന്‍ അന്തം വിട്ടു പോയി. പത്തിരുപത്തഞ്ചു കൂറ്റന്മാര്‍ നിരന്നു നിന്നു വ്യായാമം ചെയ്യുന്നു. മൂന്നാലു പേര്‍ ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നു. കുറച്ചു പേര്‍ പുഷ് അപ് ചെയ്യുന്നു. വേറെ ചിലര്‍ ഭാരമുള്ള എന്തൊക്കെയോ വസ്തുക്കള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഒരു മിനി ജിമ്മു തന്നെ. സര്‍ക്കാര്‍ ചിലവില്‍ ആഹാരവും കഴിച്ച് ശരീരം നന്നാക്കുകയാണവര്‍.

അന്ന് രാവിലത്തെ “ചപ്പാത്തി“ വളരെ ശ്രദ്ധാപൂര്‍വം പൊടി തട്ടിയാണു കഴിച്ചത്. ഇന്നലത്തെ മാതിരി പറ്റരുതല്ലോ.
ആ പരിപാടി കഴിഞ്ഞു മുറ്റത്തിറങ്ങിയപ്പോള്‍ കാരംസ് ബോര്‍ഡിനുമുന്‍പില്‍ നാലുപേര്‍ ഇരുന്നു കളിയ്ക്കുന്നു. അത്യാവശ്യം തട്ടിമുട്ടി ഈ കളി അറിയാമെന്നുള്ളതു കൊണ്ട് ഒരു കൌതുകം. അറിയാമെന്നു പറഞ്ഞാല്‍ കോയിന്‍ കൃത്യം വീഴിയ്ക്കാനൊന്നും അറിയില്ല, എങ്കിലും അബദ്ധത്തില്‍ ചിലതൊക്കെ വീഴാറുണ്ട്; അത്ര തന്നെ. ജയില്‍ പുള്ളികളുടെ കളിയൊന്നു കണ്ടേക്കാമെന്നു കരുതി ഞാനും സുകുമാരനും അതിനടുത്തു പോയി നിന്നു.

കളിക്കാര്‍ നാലുപേരും പ്രായമുള്ളവര്‍. അതില്‍ തന്നെ ഒരാള്‍ വളരെ പ്രായമുള്ളയാളാണ്. താടിയും മുടിയുമെല്ലാം തൂവെള്ള. വളരെ മെലിഞ്ഞ ഒരാള്‍. വെറും കളിയല്ല, കാര്യമായ കളിയാണതെന്നു സംസാരത്തില്‍ നിന്നും മനസ്സിലായി. “ഡോളറി“നാണു കളി. ഓരോ ആളും രണ്ടു “ഡോളര്‍“ വയ്ക്കണം. ജയിയ്ക്കുന്ന ആള്‍ക്ക് മൊത്തം എടുക്കാം. “ഡോളര്‍“ എടുത്തു കളത്തിലിടുന്നതു കാണാന്‍ നിന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് കുറച്ച് “ദിനേശ് ബീഡി“ കളത്തില്‍ വീണു !

അപ്പോള്‍ അതാണു ഡോളര്‍. ദിനേശ് ബീഡി..!

കാര്യങ്ങള്‍ അല്പാല്പം ബോധ്യമായി വരുന്നു. മിക്കവാറും തടവുകാരുടെ ദൌര്‍ബല്യമാണ് പുകവലി. കഠിനമായ മനോസംഘര്‍ഷങ്ങള്‍ ലഘൂകരിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മറ്റു വരുമാനങ്ങള്‍ ഇല്ലാത്ത അവരെ സംബന്ധിച്ച് നിത്യവും കെട്ടുകണക്കിന് ബീഡി വാങ്ങാനുള്ള കഴിവില്ല. ദിവസക്കൂലിയുടെ നല്ലൊരു പങ്ക മാറ്റി വച്ചാലെ ബീഡി വാങ്ങല്‍ നടക്കൂ. ആയതിനാല്‍ ബീഡി ജയിലിലെ ഏറ്റവും വിലപിടിച്ച ഒരവശ്യ വസ്തുവാകുന്നു.

കളത്തില്‍ കറുപ്പും വെളുപ്പും കോയിന്‍സ് സ്ട്രൈക്കറിന്റെ അടിയേറ്റ് ചിതറി. പ്രിയ സുഹൃത്തെ, ഞാനെന്താ പറയുക! അലസമായ ഒരു സ്ട്രൈക്കിങ്ങിനു പോലും ഒന്നും രണ്ടും കോയിനുകള്‍ കുഴിയില്‍ വീഴുന്നു!  ഞാ‍നാദ്യം പറഞ്ഞ ആ വയോധികന്‍ ഒറ്റയടിയ്ക്ക് മൂന്നെണ്ണം വീഴിയ്ക്കുന്നതും ഞാന്‍ കണ്ടു ! ബോര്‍ഡിന്റെ ഏതു ഭാഗത്തിരിയ്ക്കുന്ന കോയിനും നിസ്സാരമായി കുഴിയില്‍ വീഴിയ്ക്കുന്നു! ജയിലിനു വെളിയിലാണെങ്കില്‍ കാരംസ് ചാമ്പ്യനാകേണ്ട ആള്‍. സദാസമയവും ഇതിനു മുന്‍പിലിരിയ്ക്കുന്ന അവര്‍ക്ക് ഈ കഴിവ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഞങ്ങള്‍ വീണ്ടും ബ്ലോക്കിലൂടെ കറങ്ങി. അല്പം അകലെയായി ഒരു ചെറിയ ഓട്ടു കെട്ടിടമുണ്ട്. അതിനുള്ളില്‍ നിന്നും “ചട പട“ ശബ്ദം. അതൊരു തുണിനെയ്തു ശാലയാണ്. ജയില്‍ വസ്ത്രങ്ങള്‍ ഇവിടെ ഉല്പാദിപ്പിയ്ക്കുന്നു. കോടതി ശിക്ഷിച്ച തടവു പുള്ളികള്‍ക്ക് പ്രത്യേക വസ്ത്രമാണ്. വെളുത്ത കൈത്തറി ഷര്‍ട്ടും മുണ്ടും. (റിമാന്‍ഡ് തടവുകാര്‍ക്ക് സ്വന്തം വസ്ത്രം ഉപയോഗിയ്ക്കാം). അവയ്ക്കു ആവശ്യമായി വരുന്ന തുണി കഴിച്ച് ബാക്കിയുള്ളവ വെളിയില്‍ ഇതു വില്‍ക്കുന്നുമുണ്ട്.  ആ കെട്ടിടത്തിനുള്ളില്‍ കുറേ പേര്‍ കൈത്തറിയില്‍ തുണികള്‍ നെയ്തു കൊണ്ടിരിയ്ക്കുകയാണ്. അതിന്റെ “ചാടി“ന്റെ ശബ്ദമാണ് പുറത്തു കേള്‍ക്കുന്നത്.

 ഈ കെട്ടിടത്തിനു അല്പം മാറി ഒരു വോളിബോള്‍ കോര്‍ട്ടുണ്ട്. പിന്നെയും അല്പം താഴേയ്ക്കു പോയാല്‍ ജയില്‍ ക്ലിനിക്ക് ആണ്. ഇടയ്ക്കിടെ അവിടെ ഒരു ഡോക്ടര്‍ വരും. ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് അവിടെ ചികിത്സ ലഭിയ്ക്കും. ജയില്‍ വളപ്പ് അവിടുന്നങ്ങോട്ട് കൃഷിസ്ഥലമാണ്. അങ്ങോട്ടധികം പോയില്ല.

തിരികെ ഹാളിലെത്തിയ ഞങ്ങളെ കാത്ത് രാമന്റെ വക ഒരു “ഓഫര്‍“ ഉണ്ടായിരുന്നു. ഞങ്ങളുടെ ഭക്ഷണം മേടിച്ചു വയ്ക്കല്‍, കുടിയ്ക്കാന്‍ വെള്ളമെടുത്തു വയ്ക്കല്‍ ഇതൊക്കെ അവന്‍ ചെയ്തു കൊള്ളും. പകരമായി അവനു ബീഡി മേടിച്ചു കൊടുത്താല്‍ മതി ! ആ ഓഫര്‍ നിരാകരിയ്ക്കാനായില്ല. അപ്പോള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ വന്നു. നല്ല ഉയരമുള്ള സുമുഖനായ ഒരു യുവാവ്. ഇരുപത്-ഇരുപത്തിരണ്ട് വയസ്സുണ്ടാകും. മീശയൊക്കെ പേരിനു മാത്രം. മുഷിഞ്ഞ ഒരു കൈലിമുണ്ടും ഷര്‍ട്ടും വേഷം. സമൃദ്ധമായി ചിരിച്ചു കൊണ്ടാണു വരവ്. അപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ഒരു പ്രതിയും അവനെ നോക്കി ചിരിച്ചു. അവര്‍ പരിചയക്കാരാണെന്നു തോന്നുന്നു.

“നീ..! ജോഷിയല്ലേ ?! ” നമ്മുടെ കൂട്ടുപ്രതിയുടേതാണു ചൊദ്യം.

“ഉം..ആറുമാസമായി ..”

“എന്തു പറ്റീ..?”

“ഹ ഹ..!” അവന്‍ ഞങ്ങളുടെ അടുത്തിരുന്നു. “ഒക്കെ എന്റെ വിധി..അല്ലാതെന്താ..”

ഞങ്ങളെല്ലാം അവനെ ശ്രദ്ധിച്ചു. ആ മുഖത്ത് വല്ലത്തൊരു വിഷാദം. കണ്ടാല്‍ തന്നെ അറിയാം ഏതോ കൊള്ളാവുന്ന കുടുംബത്തില്‍ പിറന്നതാണെന്ന്. അവന്‍ അല്പനേരം തല കുമ്പിട്ടിരുന്നു. പിന്നെ പറഞ്ഞു:

“അപ്പനെന്റെ പേരില്‍ കേസു കൊടുത്തതാണ്.  ആറുമാസമായിട്ടും ജാമ്യമെടുക്കാന്‍ ആരും വന്നിട്ടില്ല..”

ആരുമൊന്നും മിണ്ടിയില്ല. പിന്നീട് അവന്‍ പറഞ്ഞും, നമ്മുടെ കൂട്ടു പ്രതി പറഞ്ഞും അറിഞ്ഞ കഥയിങ്ങനെ:
ചെറുപുഴ-പയ്യന്നൂര്‍ പാതയില്‍ പാടിച്ചാല്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ നമ്മുടെ കൂട്ടുപ്രതിയുടെ ഒരു ജ്യേഷ്ഠന്‍ താമസിയ്ക്കുന്നു. ഈ ജ്യേഷ്ഠന്റെ അയലത്ത് വലിയൊരു സമ്പന്ന കര്‍ഷകന്‍ ഉണ്ട്. റബര്‍, കുരുമുളക് ഒക്കെ ധാരാളം കൃഷിയുള്ള ആള്‍. അയാളുടെ ഏക പുത്രനാണ് ഈ ജോഷി. അവന്റെ അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയി. അതോടെ അപ്പന്‍ വേറെ കെട്ടി. രണ്ടാനമ്മയ്ക്ക് മക്കളായതോടെ കുടുംബത്തില്‍ ഒറ്റപെട്ടുപോയ  അവന്‍ താന്തോന്നിയായി. ലക്ഷങ്ങളുടെ ബാധ്യതയാണ് വരുത്തി വച്ചത്. വീട്ടില്‍ നിന്നും റബറും കുരുമുളകും മോഷ്ടിച്ചു വിറ്റു. അവസാനം അപ്പന്‍ അവന്റെ പേരില്‍ കേസു കൊടുത്ത് ജയിലിലുമാക്കി. കോഴിക്കോട് ദേവഗിരി കോളേജില്‍ പ്രീഡിഗ്രി വരെ പഠിച്ചതാണ് ജോഷി. കഥയറിഞ്ഞപ്പോള്‍ ആ യുവാവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ചെറുപ്പത്തിലെ സ്നേഹം ലഭിയ്ക്കാതെ ഒറ്റപെട്ടുപോയ അവനെ എങ്ങനെ കുറ്റപ്പെടുത്താനാവും?

ഞങ്ങള്‍ കിടക്കുന്ന ഭാഗത്തെ മേസ്ത്രി കറുത്ത ഒരു  മധ്യവയസ്കനാണ്. വൈകുന്നേരം ആറര മുതല്‍ അരമണിക്കൂര്‍ അങ്ങേര്‍ ആ ഭാഗത്തുകൂടി നല്ല സ്പീഡില്‍ നിര്‍ത്താതെ നടക്കും. വ്യായാമമാണ്. ആള്‍ നല്ല മര്യാദക്കാരനും മാന്യനുമാണെന്ന് പെരുമാറ്റത്തില്‍ നിന്നും ബോധ്യപ്പെട്ടു. അബൂബക്കര്‍ എന്നാണു പേര്. കേസെന്താണെന്നു മാത്രംമനസ്സിലായില്ല. കെട്ടിടത്തിന്റെ ഒരു മൂലയിലുള്ള “കട്ടിലില്‍” ആരോടും അധികം മിണ്ടാതെ ഒതുങ്ങികൂടലാണു പതിവ്.

ജയിലില്‍ ശിക്ഷിക്കപെട്ടവര്‍ക്ക് ദിവസവും നിശ്ചയിക്കപെട്ട ജോലിയുണ്ട്. ഓരൊ ദിവസവും രാവിലെ അതവര്‍ മുടങ്ങാതെ ചെയ്യും. അങ്ങനെ എന്നും രാവിലെ വെള്ളം കോരി കൃഷികള്‍ക്കു നനക്കുന്ന ഒരാള്‍ ഞങ്ങളുടെ തൊട്ടടുത്ത് “കട്ടിലില്‍” കിടപ്പുണ്ട്. മിക്കവാറും ഒരു തോര്‍ത്തും ഷര്‍ട്ടുമാണ് വേഷം. വെള്ളം വീണ് മേലാകെ നനഞ്ഞിരിയ്ക്കും എപ്പൊഴും. ആരോടും ഒന്നും സംസാരിച്ചു കണ്ടിട്ടില്ല. ജോലി കഴിഞ്ഞു വന്നാല്‍ തന്റെ കിടപ്പാടത്ത് സ്വസ്ഥനായി കിടക്കും. ചിലപ്പോള്‍ എന്തെങ്കിലും പുസ്തകം വായിയ്ക്കും. മുപ്പത്തഞ്ചോ നാല്പതോ വയസ്സു കാണും. നല്ല കുലീനത ആ മുഖത്തു കാണാമെങ്കിലും സ്ഥായിയായ വിഷാദം അതിനെ മായ്ചു കളയുന്നു. എന്തോ ഒരിഷ്ടം തോന്നിയ്ക്കുന്ന ഭാവമാണയാള്‍ക്ക്. അയാളോട് അങ്ങോട്ട് പരിചയപെടാനുള്ള ധൈര്യം എന്തായാലും എനിക്കില്ല. എന്നാല്‍ നമ്മുടെ രണ്ടാം പ്രതി ബ്രാഞ്ച് സെക്രട്ടറി സഖാവ് ഇക്കാ‍ര്യത്തിലൊക്കെ മിടുക്കനാണ്. കക്ഷി കേറി മുട്ടി. പലപ്പോഴായി കിട്ടിയ വിവരങ്ങള്‍ :

കണ്ണൂരിനടുത്ത് ചിറക്കല്‍ സ്വദേശിയാണ്. കൊലക്കേസ് പ്രതി. അഞ്ചു വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിയ്ക്കുന്നത്. നാലുവര്‍ഷം അനുഭവിച്ചു കഴിഞ്ഞു, ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ട്. ഒരു പൊതുമേഖലാ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. അയാളുടെ ജീവിതത്തില്‍ ദുര്‍വിധി വിളയാടിയത് ഇപ്രകാരമാണ്. ഒരു സന്ധ്യയ്ക്ക് അയാളും ഭാര്യയും ബസ്സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു മദ്യപന്‍ അവരുടെ അടുത്തെത്തി, ഭാര്യയെ ശല്യപ്പെടുത്താനാരംഭിച്ചു. അസഹനീയമായപ്പോള്‍ ഇദ്ദേഹം കൈയിലിരുന്ന സ്യൂട്ട്കേസ് കൊണ്ട് അയാളെ ആഞ്ഞടിച്ചു. തലയ്ക്കടിയേറ്റ അയാള്‍ പിന്നീട് മരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരതികായന്റെ അകന്ന ബന്ധുവായിരുന്നു മരണപെട്ട മദ്യപന്‍. ഈ മനുഷ്യന്‍ കൊലക്കേസില്‍ പ്രതിയായി ജയിലുമായി. ഒരു നിമിഷ നേരത്തെ പ്രകോപനം ഒരാളുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞതു നോക്കൂ.

ഇതൊക്കെ അല്ലാത്ത ചിലകാഴ്ചകളും കാണാനുള്ള (നിര്‍)ഭാഗ്യമുണ്ടായി. ഹാളിന്റെ മറ്റൊരു ഭാഗത്തു ചെല്ലുമ്പോള്‍   കുറച്ചു പേര്‍ തറയിലിരുന്നു വര്‍ത്തമാനം പറയുന്നതു കണ്ടു. അതിലൊരാളെ നല്ല മുഖപരിചയമുണ്ട്. ആള്‍  രയറോത്തിനടുത്തുള്ള നെല്ലിപ്പാറ സ്വദേശിയാണ്‌‍. പലപ്പോഴും ആലക്കോട്ട് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ നല്ല ടിപ്-ടോപ് വേഷത്തില്‍ ബൈക്കില്‍ വിലസി നടപ്പായിരിയ്ക്കും. രാമന്റെ കൈയില്‍ നിന്നും പൂര്‍ണ വിവരങ്ങള്‍ കിട്ടി. കക്ഷി നല്ല ഒന്നാന്തരം മോഷ്ടാവാണ് ! പുറത്തൊക്കെ പോയി മോഷണം നടത്തിയിട്ട്, നാട്ടില്‍ മിടുക്കനായി നടക്കും..! അതുപോലെ എനിയ്ക്കു നല്ല പരിചയമുള്ള ഒരു തേര്‍ത്തല്ലി സ്വദേശിയേയും കണ്ടു. എന്നെ മുഖാമുഖം കണ്ടപ്പോള്‍ കക്ഷി ആദ്യം ഒഴിഞ്ഞുമാറി. എങ്കിലും ഞാന്‍ കാര്യങ്ങള്‍ തിരക്കി.

 “ഓ..ഒരു കാര്യവുമില്ലാതെ എന്നെ കള്ളകേസില്‍ കുടുക്കിയാതാന്നേ..”

ഇതാണെന്നോടു പറഞ്ഞത്. ഞാനാദ്യം വിശ്വസിച്ചെങ്കിലും രാമന്‍ തിരുത്തി തന്നു. ഏതോ വീട്ടില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കേസാണത്രേ..!

ഞാന്‍ അവിടെ കണ്ട പലമുഖങ്ങളില്‍ നിന്നും എനിയ്ക്ക് ബോധ്യമായത്, ഇതാണ്.

ജയില്‍ പുള്ളികളില്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന്,  പെട്ടെന്നുള്ള പ്രകോപനത്താലോ, സാഹചര്യങ്ങള്‍ മൂലമോ കുറ്റം ചെയ്തവര്‍. മിക്ക കൊലക്കേസ് പ്രതികളും ഈ വിഭാഗത്തില്‍ പെടും. കൊലപാതകം ചെയ്യണമെന്ന് വിചാരിച്ച് ചെയ്തവരായിരിയ്ക്കില്ല ഇവര്‍. ഒരു നിമിഷ നേരത്തെ നിയന്ത്രണമില്ലായ്മ, ജീവിതത്തെ ആകെ തകര്‍ത്തവര്‍. ഇവര്‍ ചെയ്തു പോയ തെറ്റില്‍ പശ്ചാത്തപിക്കുന്നവരും ഇനിയൊരിയ്ക്കലും ആ തെറ്റ് ചെയ്യാന്‍ ആഗ്രഹിയ്ക്കാത്തവരുമാണ്. സ്വന്തം കുടുംബത്തെയോര്‍ത്ത് ഓരോ നിമിഷവും ഉള്ളുനീറിയാണവര്‍ തടവറയില്‍ കഴിയുന്നത്. ഇക്കൂട്ടര്‍ അധികവും അധോമുഖരാണ്. മറ്റുള്ളവരോട് അധികം ഇടപഴകാന്‍ ആഗ്രഹിയ്ക്കുന്നില്ല. തടവറയ്ക്കു വെളിയിലെ കഴിഞ്ഞകാല ജീവിതത്തിന്റെ മാധുര്യം അയവിറക്കി, മോചനത്തിന്റെ ദിനവും കാത്തു കഴിയുന്നവര്‍. കണ്ണീരിന്റെ ഉപ്പു പുരണ്ടതാണവരുടെ ജീവിതം. തടവറയില്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരങ്ങനെ തന്നെ.

മറ്റൊരു വിഭാഗം, ജന്മനാ കുറ്റവാസനയുള്ളവരാണ്. ക്വട്ടേഷന്‍ കൊലകള്‍, മോഷണം, കൊള്ള, ബലാത്സംഗം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലെ പ്രതികള്‍ അധികവും ഈയിനത്തില്‍ പെടുന്നു. അവരെ കണ്ടാല്‍ തന്നെ നമുക്കു തിരിച്ചറിയാം.  വിട്ടു പോകാത്ത കൌശലം, ക്രൂരത, പുച്ഛം, ഇവയൊക്കെ മുഖത്തു നിന്നും വായിച്ചെടുക്കാം. പരിസരത്തെ എപ്പോഴും നിരീക്ഷിയ്ക്കുന്നവരാണിവര്‍. മിക്കവാറും കൂട്ടുചേര്‍ന്നായിരിയ്ക്കും നടപ്പ്.  നമ്മുടെ ജയിലുകള്‍  മോഷ്ടാക്കള്‍ക്കും ജന്മനാ കുറ്റവാസനയുള്ളവര്‍ക്കും മികച്ച പഠനകേന്ദ്രങ്ങളാണ്.

ആദ്യമായി ജയിലിലെത്തുന്ന തുടക്കക്കാരനായ മോഷ്ടാവ്, ജയിലിലുള്ള പ്രൊഫഷണല്‍ മോഷ്ടാക്കളുമായി കൂട്ടു ചേര്‍ന്ന് പുതിയവിദ്യകള്‍ പഠിയ്ക്കും, അല്ലെങ്കില്‍ പഠിപ്പിയ്ക്കും. പിന്നെ ജയിലില്‍ വച്ചു തന്നെ  പുതിയ സംഘങ്ങള്‍ രൂപീകരിയ്ക്കുന്നു. അകത്തുപോയ തുടക്കക്കാരന്‍ വെളിയില്‍ വരുന്നത്  തികഞ്ഞ പ്രൊഫഷണല്‍ ആയിട്ടായിരിയ്ക്കും. ഇത്തരം ആള്‍ക്കാരെ നിരീക്ഷിയ്ക്കാനോ ഇവര്‍ സംഘം ചേരുന്നതു തടയാനോ യാതൊരു സംവിധാനവും ജയിലിലില്ല. ഇത്തരം ഒരു സംഘത്തെ ഞങ്ങള്‍ കിടക്കുന്ന ഏരിയയില്‍ തന്നെ കണ്ടു. ഏതാനും ചെറുപ്പക്കാരാണ്. ഒരു പ്രധാനിയും നാലഞ്ചു സില്‍ബന്ധികളും. എപ്പോഴും ഒന്നിച്ചു നടക്കുന്നു. സന്ധ്യയായാല്‍ വലിയ ചര്‍ച്ചകള്‍ കേള്‍ക്കാം. അതിലൊരുവന്‍, സ്വന്തം കേസ് കോടതിയില്‍ തനിയെ വാദിയ്ക്കാനുള്ള  ശ്രമത്തിലാണു പോലും! അതിനുള്ള “ലാ പോയിന്റു“കളെ പറ്റിയാണ്  ചര്‍ച്ച. ഇതൊക്കെ നമ്മുടെ ചാരന്‍ രാമന്‍ വഴിയാണ് അറിയുന്നത്.

പിന്നെ മറ്റൊരു ചെറുപ്പക്കാരനെ കണ്ടു. അവന്‍ പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതാനുള്ള തായ്യാറെടുപ്പിലാണ്. അതിനായുള്ള പുസ്തകങ്ങള്‍ പഠിയ്ക്കുന്നു. ജയിലില്‍ ഇപ്പോള്‍ കോളേജ് വിദ്യാഭ്യാസം വരെ നേടാനുള്ള സംവിധാനം ഉണ്ട്. കണ്ണൂര്‍ ജയിലില്‍ നിന്നും ബിരുദാനന്തര ബിരുദവും എം.ബി.എ.യും നേടിയവരുണ്ട്!  നമ്മുടെ പഴയ രാഷ്ട്രീയ നേതാക്കള്‍ പലരും സ്വസ്ഥമായിരുന്നു വായിച്ചതും പഠിച്ചതും ജയിലില്‍ നിന്നായിരുന്നു.  സെല്ലുകളിലും മറ്റും കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ മാത്രമാണല്ലോ കൂട്ട്.

രണ്ടാം ദിവസം ഇങ്ങനെ പലമുഖങ്ങളെ പരിചയപെടാനിടയായി. അവിടെയുള്ള ഓരൊ തടവുകാരന്റെയും പിന്നില്‍ ദുരിതപൂര്‍ണമോ നിര്‍ഭാഗ്യപൂര്‍ണമോ ആയ ഭൂതകാലം ഉണ്ടാവും. ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലല്ലോ? ഏതു ക്രൂരന്റെയും അഞ്ചോ ആറോ വയസ്സിലെ ചിത്രം കണ്ടു നോക്കൂ.. എന്തോരമനത്വമായിരിയ്ക്കും ആ മുഖത്ത് ! പിന്നീടെപ്പോഴോ കുറ്റവാസന മുളപൊട്ടുന്നു. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അവനെ അതിലേയ്ക്കു തള്ളി വിടുന്നു. ഒരിക്കല്‍ കുറ്റവാളിയായി മുദ്രകുത്തപെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല. സമൂഹം അവനെ വെറുക്കപെട്ടവരുടെ കൂട്ടത്തിലേയ്ക്കു തള്ളും. എവിടെയും അവഗണനയും പരിഹാസവും അവനെ വേട്ടയാടും. ക്രമേണ സമൂഹ വിരുദ്ധനാകുന്ന അവന്‍ പൂര്‍ണകുറ്റവാളിയായി പരിണമിയ്ക്കുന്നു.

അന്നു ഉച്ചകഴിഞ്ഞതോടെ ഒരു സംഘം പാര്‍ട്ടിക്കാര്‍ പുതുതായി ഞങ്ങളുടെ ബ്ലോക്കില്‍ എത്തി. പട്ടുവം എന്ന സ്ഥലത്തു നിന്നും ആയിരുന്നു അവര്‍. പത്തുപേരുണ്ടായിരുന്നു എന്നാണോര്‍മ്മ. അക്കൂട്ടത്തില്‍ പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ള സുമുഖനായ ഒരു വിദ്യാര്‍ത്ഥി ഉണ്ടായിരുന്നു. ആദ്യമായി ജയിലിലെത്തിയതിന്റെ വിഷമം അവന്റെ മുഖത്തും കാണാനുണ്ട്. ഞങ്ങള്‍ അവരുമായി പരിചയപെട്ടു. കോണ്‍ഗ്രസ് പാര്‍ടിയുടെ ഒരു ഓഫീസ് തകര്‍ത്തു എന്നതാണവരുടെ കുറ്റം.

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് കിടന്നു. അതാ ജോഷി ഉച്ചത്തില്‍ ഒരു പഴയ സിനിമ പാട്ടു പാടുന്നു. ഒരു വിധം മോശമല്ലാത്ത ഈണമുണ്ടവന്. നഷ്ട സ്നേഹത്തിന്റെയും വ്യര്‍ത്ഥ യൌവനത്തിന്റെയും വേദനയും നിരാശയും ആ ശബ്ദത്തില്‍ നിന്നും വായിച്ചെടുക്കാം. കാത്തിരിയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ..! എത്ര ഭീകരമാണത്..!

 മനസ്സ്  വീണ്ടും നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും സഞ്ചരിച്ചു. നാടിനും നാട്ടിലെ പുഴയ്ക്കുമെല്ലാം എന്തുമാത്രം സൌന്ദര്യമുണ്ടെന്ന് ഇപ്പൊഴാണറിയുന്നത്. എന്നും കാണുമ്പോള്‍  നാമതറിയുന്നില്ലല്ലോ.  വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്തുള്ള വെടിപറച്ചില്‍, വിജയന്റെ തയ്യല്‍കടയിലിരുന്നുള്ള  ചെസുകളി, ക്ലബ്ബിലെ കാരംസ് കളി, പിന്നെ പതിവായി കാണാറുള്ള, പിടയ്ക്കുന്ന മിഴികളുള്ള, ചുണ്ടിനുമുകളില്‍ നേരിയ  വിയര്‍പ്പണിഞ്ഞ, പ്രിയപ്പെട്ട ഒരു മുഖം. ഒന്നും മിണ്ടാറില്ല. വല്ലപ്പോഴും ഒരു ചിരി. പിന്നെ ഒരു നോട്ടത്തില്‍ ഒത്തിരി വിശേഷം പങ്കിടും.  എല്ലാം ഏതോ വിദൂരതയിലിരുന്നെന്നെ ഉറ്റു നോക്കുന്നു. എന്തേ അവരെ വിട്ടു പോയതെന്നോടു ചോദിയ്ക്കുന്നു.

രണ്ടുദിവസം കൊണ്ടു ഞാനിത്രയും അനുഭവിയ്ക്കുന്നു എങ്കില്‍ വര്‍ഷങ്ങള്‍ ഇവിടെ തള്ളിനീക്കുന്നവരുടെ അവസ്ഥയെന്താണ് ? നഷ്ടപെട്ട ജീവിതത്തെ ഓര്‍ത്ത്, പ്രിയപെട്ടവരെ ഓര്‍ത്ത്, സ്നേഹത്തെയും സന്തോഷത്തെയും ഓര്‍ത്ത് ഓരോ നിമിഷവും വേദനയില്‍ ജീവിയ്ക്കുക. ജയില്‍ ഒരു ശിക്ഷയാകുന്നത് ഇപ്പോഴാണ്. ഉള്ളില്‍ സ്നേഹവും നൈര്‍മല്യവും ഉള്ളവര്‍ക്ക് മരണമാണ് ജയില്‍ ശിക്ഷ. തൂക്കുകയര്‍ അവര്‍ക്ക് രക്ഷയാണ്.

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6)

11 comments:

  1. വായനക്കാരുടെ താല്പര്യം ബാക്കിയും എഴുതാനുള്ള പ്രചോദനമാകുന്നു.

    ReplyDelete
  2. ബാക്കി കാത്തിരിക്കുന്നു ..........

    ReplyDelete
  3. രസകരമാകുന്നുണ്ട് ജയില്‍ ജീവിതം അല്ലെ. എത്രയോ ഉപ കഥകള്‍ ആണ്. ആ കള്ളക്കേസ് എന്താണെന്ന് പുള്ളീ പറഞ്ഞില്ലെ. അടുത്ത ലക്കങ്ങള്‍ വരട്ടെ.

    ReplyDelete
  4. കണ്ണൂർ സെൻട്രൽ ജെയിൽ ..
    ഒരു തവണ അതിനകത്ത് കടക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.
    കുറ്റവാളിയായിട്ടല്ല; അദ്ധ്യാപിക ആയപ്പോൾ ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ പഠനയാത്രയുടെ ഭാഗമായി കൂടെ പോയതാണ്.
    മറ്റുള്ളവർ മുന്നിൽ ഓടിനടക്കുമ്പോൾ ജയിലിനകത്തുള്ള ഒരു ഉദ്യോഗസ്ഥൻ എല്ലാം വിവരിച്ച് തരുന്നത്കേട്ട് ഞാനും ഏതാനും വിദ്യാർത്ഥിനികളും പിന്നിലായി പതുക്കെ നടന്നു.
    ഒരിടത്തെത്തിയപ്പോൾ ആ മനുഷ്യൻ പറഞ്ഞു, “അവിടെ അതിനപ്പുറത്താണ് തൂക്കുമരം. അവസാനമായി അതിൽ തൂക്കിയത് ആരെയെന്ന് അറിയുമോ?”
    വിദ്യാർത്ഥിനികൾ ഉത്തരം പറഞ്ഞു, “റിപ്പർ”
    ജയിലിനകത്തുള്ള കാർഷിക സമ്പത്താണ് എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്! സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട വേറിട്ട ഒരു ലോകം,,,

    ReplyDelete
  5. ഒറ്റപ്പെടലിനേക്കാള്‍ വലിയ വേദനയുണ്ടോ ..അല്ലേ?.. അതിനെക്കാള്‍ വലിയ ശിക്ഷയും...
    ജയില്‍ എന്തെന്നു അറിയുന്നു... ഒരു വിങ്ങല്‍ ഉള്ളില്‍...

    ReplyDelete
  6. ‘അൽഭുത ലോകത്തിലെആ‍ലീസ്“.... അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു..

    ReplyDelete
  7. അഞ്ചു ഭാഗങ്ങളും വായിച്ചു.
    വളരെ ഇഷ്ടപ്പെട്ടു.
    പണ്ട് എം.ടി എഴുതിയ ഒരു ഡയലോഗു പോലെ എനിക്കു പിറക്കാതെപോയ ഒരു പോസ്റ്റാണല്ലോ ബിജൂ ഇത്!

    സത്യത്തിൽ ഒരു ഭാഗം എഴുതി ബാക്കി ഉഴപ്പി വച്ചിരിക്കുകയാണ്!

    എനിക്കും ഉണ്ട് ജയിൽ അനുഭവങ്ങൾ.
    അതും പൂജപ്പുര സെൻട്രൽ ജയിലിൽ!

    സസ്പെൻസ് അവിടിരിക്കട്ടെ!
    ജയിലുകൾക്ക് അത്ഭുതകരമായ സാദൃശ്യം ഉണ്ട്.

    ReplyDelete
  8. വളരെ താല്പര്യത്തോടെ വായിക്കുന്നു. വിശദമായ കമന്റ് അവസാനം ആവാം .........സസ്നേഹം

    ReplyDelete
  9. @ മായാവി: സുഹൃത്തേ, CK ബാബു, ഇതു സി.പി.എമ്മിന്റെ പ്രൊമോഷനു വേണ്ടിയുള്ള ബ്ലൊഗല്ല. ഒരു കാലഘട്ടത്തിലെ ഓര്‍മ്മക്കുറിപ്പാണ്. ഞാന്‍ സി.പി.എമ്മിന്റെ അടിമയോ ഗുണ്ടയോ എന്നുള്ളത് എന്റെ സ്വകാര്യവിഷയമാണ്. അതു വായനക്കാരനെ ബാധിയ്ക്കുന്ന കാര്യമല്ല. തുടര്‍ന്നും വായിയ്ക്കൂ...

    ReplyDelete