Ind disable

Tuesday 14 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-8)

സ്വാതന്ത്ര്യത്തിലേയ്ക്ക്.

അങ്ങനെ ജയിലിലെ ഒന്‍പതാം പുലരിയും പിറന്നു. പ്രതീക്ഷയുടേതായ ഒരു നേരിയ വെളിച്ചം എല്ലാവരുടെയും മുഖത്തുണ്ട്. ദിനചര്യകള്‍ എല്ലാം പതിവിന്‍ പടി നടന്നു. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഉച്ചയായി, വൈകുന്നേരമായി. നാലുമണിയ്ക്കുള്ള “ഇന്റെര്‍വ്യൂ“വില്‍ വിവരമെത്തി,  സെഷന്‍സ് കോടതി ഞങ്ങള്‍ക്ക് ജാമ്യമനുവദിച്ചിരിയ്ക്കുന്നു! ആ വിവരം ഒരു വൈദ്യുതിപ്രവാഹം പോലെയാണ് മനസ്സിലൂടെ പാഞ്ഞുപോയത്. കാത്തു കാത്തിരുന്ന  സന്തോഷം ഉള്ളിലേയ്ക്ക് കുത്തിയൊലിച്ച പോലെ ! എന്നാല്‍ ഇന്നു പോക്കു നടക്കില്ല..! കോടതിയില്‍ നിന്നുള്ള കടലാസുകളൊക്കെ ജയിലെലെത്തി വരാന്‍ സമയമെടുക്കും. നാളെ ഉച്ചയായായേക്കും. എന്നാലും സാരമില്ല. നാളെ പോകാമെന്നൊരു പ്രതീക്ഷയായല്ലോ..

വിഷാദം മാറി മനസ്സ് തെളിഞ്ഞതോടെ ജയിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നു. ഒക്കെ ഒന്നുകൂടി ആസ്വദിച്ചു കണ്ടുകളയാമെന്നൊരു തോന്നലായി. കാന്റീനില്‍ നിന്നും ചായയും കടിയും വാങ്ങിക്കഴിച്ചു. കണ്ടെംഡ് സെല്ലുകളെ ഒന്നു കൂടി ദൂരെ നിന്നു നോക്കി ക്കണ്ടു. ഈ സെല്ലുകള്‍ക്ക് എന്തുമാത്രം കഥകള്‍ പറയാനുണ്ട് ! കയ്യൂര്‍ സമര സേനാനികളായ അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പു എന്നിവര്‍ കിടന്നതവിടെയാണ്. അവരുടെ ജീവന്‍ പറിച്ചെടുത്ത തൂക്കുമരം അതിനടുത്തു തന്നെയുള്ള കെട്ടിടത്തിലുണ്ട്.  അവയൊന്നും അടുത്തുകാണാന്‍ കഴിഞ്ഞില്ല എന്ന ഖേദം ഉള്ളില്‍ തിങ്ങി.

 ഞങ്ങള്‍ എത്തുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയത്. കണ്ണൂര്‍ ജയിലിലെ അവസാന തൂക്കിക്കൊല അതായിരുന്നു എന്നുതോന്നുന്നു. (അതോ വാകേരി ബാലകൃഷ്ണനോ? കൃത്യ ഓര്‍മ്മയില്ല ). നമ്മുടെ രാമനടക്കമുള്ള ആള്‍ക്കാര്‍ അന്നു ജയിലിലുണ്ടായിരുന്നു. ഞാന്‍ അവനോട് അന്നത്തെ ജയിലിലെ അവസ്ഥയെപറ്റി ചോദിച്ചു.

തൂക്കിക്കൊല വെളുപ്പിന് അഞ്ചുമണിയ്ക്കാണ് നടപ്പാക്കുക. പല സിനിമകളിലും ആ ദൃശ്യങ്ങള്‍ - പ്രത്യേകിച്ചും “സദയം” എന്ന ചിത്രത്തില്‍‌ - കണ്ടിട്ടുണ്ടാകും. ഒരാളെ ഇഞ്ചിഞ്ചായി മരണത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുമ്പോള്‍, അതെത്ര കൊടിയ കുറ്റവാളിയായാലും, സഹതാപം ഉണ്ടാകും. റിപ്പറിനെ തൂക്കിലിട്ട ആ തലേരാത്രി ജയിലില്‍ ആകെ മൂകത ആയിരുന്നത്രേ! പലരും ആഹാരം കഴിച്ചില്ല.  ആ വെളുപ്പിന്, അഞ്ചുമണിയ്ക്ക് തൂക്കുകയറില്‍ ഒരു ജീവന്‍ പിടയുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതിനാല്‍ ചിലരൊക്കെ പ്രാര്‍ത്ഥനയില്‍ ഇരുന്നു.

കണ്ണൂര്‍ സെ‌ന്‍‌ട്രല്‍ ജയിലില്‍ എ.കെ.ജി., നായനാര്‍, കെ.പി.ആര്‍ ഗോപാലന്‍, എ.വി.കുഞ്ഞമ്പു ഇങ്ങനെ അനേകം മഹാരഥന്മാര്‍ തടവില്‍ കിടന്നിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ധാരാളം രാഷ്ട്രീയ നേതാക്കന്മാരെ ഇവിടെ തടവിലിട്ടിരുന്നു. കൂടാതെ ഒട്ടനവധി നക്സലൈറ്റ് പ്രവര്‍ത്തകരും ഇവിടെ കിടന്നിട്ടുണ്ട്. അന്നൊക്കെ ക്രൂരമായ പല മര്‍ദ്ദനമുറകളും തടവുകാരുടെ മേല്‍ പ്രയോഗിയ്ക്കപെട്ടിരുന്നു. ഒരു നക്സല്‍ സുഹൃത്ത് എന്നോടു പറഞ്ഞത്, സെല്ലിലാകെ തണുത്ത വെള്ളമൊഴിച്ചിട്ടാണ് അവരെ തടവിലിട്ടത് എന്നാണ്. ചിലരെ ഐസുകട്ടയില്‍ കിടത്തിയിട്ടുണ്ടത്രേ! പിന്നെ ക്രൂരമായ അനേകം ഭേദ്യമുറകള്‍ വേറെയും.

പിറ്റേന്നത്തെ പുലരിയ്ക്ക് നല്ല സൌന്ദര്യമായിരുന്നു. വെയിലിന് പൊന്‍‌തിളക്കം. മുറ്റത്തെയും വളപ്പിലെയും മാവുകളിലിരുന്ന് പാടിയ കുയിലുകളുടെ ശബ്ദത്തിന് വല്ലാത്ത മാധുര്യം. കാക്കകളുടെ “ക്രാ ക്രാ“ ശബ്ദം പോലും ഹൃദ്യം. അവിടവിടെ വന്നിരുന്ന് കിലുകിലാ ചിലച്ച കുരുവികളെ ഞാന്‍ വാത്സല്യത്തോടെ നോക്കി. ഞങ്ങള്‍ പോകുകയാണല്ലോ..! ഇനി നിങ്ങളെ കാണുകയില്ല...!
എന്റെ സന്തോഷം മനസ്സിലായിട്ടെന്നവണ്ണം അവര്‍ അവിടെയൊക്കെ തന്നെ ചുറ്റിപ്പറ്റി നിന്നു.

ടാങ്കില്‍ നിന്നും തണുത്ത വെള്ളം കോരി കുളിച്ചു. ബ്ലോക്കിന്റെ വളപ്പ് ഒന്നുകൂടി ചുറ്റി നടന്നു കണ്ടു. ഇവയൊന്നും ഇനി കാണാന്‍ ആഗ്രഹിയ്ക്കുന്നില്ലല്ലോ..നെയ്ത്തുശാലയില്‍ നിന്നും ചാടുകളുടെ ചടുല താളം അനവരതം ഉയരുന്നുണ്ട്. തടവുകാരെല്ലാം പതിവു പരിപാടികളില്‍ തന്നെ. ചിലര്‍ ക്യാരംസ് കളിയ്ക്കുന്നു. ബീഡി കത്തി കത്തി, തീ ചുണ്ടില്‍ മുട്ടാനാകും വരെ വലിച്ച്, എന്തെല്ലാമോ ചിന്തകളില്‍ ലയിച്ചിരിയ്ക്കുന്നു മറ്റുചിലര്‍. ബാങ്കിലെ കറങ്ങുന്ന കസേരയിലിരുന്ന ഉദ്യോഗം ഭരിച്ചയാള്‍ പതിവുപോലെ നനഞ്ഞൊട്ടിയ തോര്‍ത്തുമുടുത്ത് വെള്ളം കോരുന്നു. മറ്റു ചിലര്‍ അകലെയുള്ള കല്‍പ്പണകളില്‍ കല്ലു കൊത്തുന്നു. പ്രതീക്ഷകളില്ലാത്തതിനാല്‍  ആ മുഖങ്ങള്‍  നിര്‍വികാരമാണല്ലോ ‍..

ഞങ്ങള്‍ പോകുന്നു എന്നറിഞ്ഞ് രാമനും ജോഷിയ്ക്കും വിഷമം. ഞാന്‍ എന്റെ തുണികള്‍ ഒക്കെ അടുക്കി വയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ ജോഷി എന്റെ അടുത്ത്  നിലത്തിരുന്നു.

“ചേട്ടനൊക്കെ രക്ഷപെട്ടല്ലോ അല്ലേ..?”

“സാരമില്ല ജോഷി..ഒക്കെ ശരിയാകും. നീ വിഷമിയ്ക്കാതിരിയ്ക്കൂ..”

അവന്‍ കുറേ നേരം തല കുമ്പിട്ടിരുന്നു. ആ മുഖത്തെ വിഷമം വായിച്ചെടുക്കാം.

“ചേട്ടനേതായാലും പോകുവല്ലേ. എനിയ്ക്ക് ആ തോര്‍ത്തും മുണ്ടും തരാമോ? ”

ഞാന്‍ നിശബ്ദനായി അവനെ നോക്കി. ലക്ഷപ്രഭുവായി ജീവിയ്ക്കേണ്ട  യുവാവ്. വിധി അവനെ എവിടെയെത്തിച്ചു എന്നു നോക്കൂ !  ഉപയോഗിച്ചു മുഷിഞ്ഞ ഒരു തോര്‍ത്തിനും മുണ്ടിനും കൈനീട്ടുകയാണവന്‍.

“തരാം..”

ഞാനവന്റെ തോളില്‍ കൈവച്ചു പറഞ്ഞു.

ഞങ്ങളുടെയെല്ലാവരുടെയും തോര്‍ത്തുകളും മുണ്ടുകളുമൊക്കെ ഓരോ ആള്‍ക്കാര്‍ വന്നു ചോദിച്ചു. ആരും  ജാമ്യത്തിലെടുക്കാനില്ലാത്ത റിമാന്‍ഡു തടവുകാരാണ് അവരൊക്കെ. ശിക്ഷിയ്ക്കപെട്ടവരല്ലാത്തതിനാല്‍ ജയില്‍ വസ്ത്രം കിട്ടില്ല. മറ്റു യാതൊരു വരുമാനവുമില്ലാത്തതിനാല്‍ കാന്റീനില്‍ നിന്നു വാങ്ങാനും കഴിയില്ല. കോടതി അവരെ ശിക്ഷിയ്ക്കുകയോ വെറുതെ വിടുകയോ ചെയ്യും വരെ അവര്‍ക്കാകെയുള്ള സാധ്യത, ഇതേ പോലെ ജാമ്യത്തില്‍ പോകുന്നവരുടെ തുണികള്‍ ചോദിച്ചു മേടിയ്ക്കുക എന്നതു മാത്രമാണ്.

ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പ്രതീക്ഷയോടെ ഇരിയ്ക്കെ ഒരു വാര്‍ഡന്‍ വന്ന് ഞങ്ങളോട് പോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. ഹോ..ആ നിമിഷത്തിന്റെ സന്തോഷം എങ്ങനെ പറഞ്ഞറിയിയ്ക്കും ?
വീട്ടില്‍ നിന്നും കൊടുത്തു വിട്ട പുതിയ വസ്ത്രങ്ങള്‍ ധരിച്ച് ഞങ്ങളെല്ലാം പോകാന്‍ റെഡിയായി. എന്റെ തോര്‍ത്തും മുണ്ടും മടക്കി ഞാന്‍ ജോഷിയ്ക്ക് കൊടുത്തു. മറ്റുള്ളവരും അവരുടെ ചില വസ്ത്രങ്ങള്‍ പലര്‍ക്കായി കൊടുത്തു. നിധികിട്ടിയ സന്തോഷത്തോടെ ആണവര്‍ അവ സ്വീകരിച്ചത്.

ബ്ലോക്കില്‍ ഇനിയുമുള്ള മറ്റു സഖാക്കളോടൊക്കെ യാത്ര പറഞ്ഞ്, ഞങ്ങള്‍ സ്വന്തം ജമുക്കാളം, പാത്രം ഗ്ലാസ് ഇവയുമായി ഹാളിനു വെളിയിലിറങ്ങി. രാമനും ജോഷിയും മറ്റു ചിലരും ഞങ്ങളെ നോക്കി കൈവീശി. അറിയാതെ ഒരു നൊമ്പരം എവിടെയോ മുള പൊട്ടിയോ...?

സെന്‍‌ട്രല്‍ ടവറില്‍, ഞങ്ങള്‍ക്കുപയോഗിയ്ക്കാന്‍ തന്ന വസ്തുക്കള്‍ തിരികെ ഏല്പിച്ച് ഞങ്ങള്‍ താഴെ ജയില്‍ കവാടത്തിലുള്ള ഓഫീസിലേയ്ക്ക് നടന്നു.  രണ്ടാം നിലയിലാണ് ജയില്‍ സൂപ്രണ്ട് അടക്കമുള്ളവരുടെ ഓഫീസ്. അവിടെ ഒരു മുറിയിലേയ്ക്ക് ഓരോരുത്തരെ വിളിപ്പിച്ചു. ജയിലില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊടുത്തിട്ടുള്ള അടയാളങ്ങള്‍ പരിശോധിച്ച് പുറത്ത് പോകുന്നത് ശരിയായ ആള്‍ തന്നെയാണെന്ന് ഉറപ്പാക്കി. പിന്നെ ഏതൊക്കെയോ കടലാസുകളില്‍ ഒപ്പും വിരലടയാളവും.
എല്ലാം കഴിഞ്ഞ്, താഴെ ഓഫീസിലെത്തി. അവിടെയാണല്ലോ വരുമ്പോള്‍ കൈയിലുണ്ടായിരുന്ന വസ്തുക്കള്‍- വാച്ച്, മോതിരം, കാശ്, നമ്പൂതിരിപ്പൊടി  ഇവയൊക്കെ- ഏല്പിച്ചത്. നമ്മുടെ നമ്പര്‍ കൊടുത്തപ്പോള്‍ അവയൊക്കെ തിരികെ കിട്ടി.

അങ്ങനെ അവസാനം ആ വാതില്‍ തുറന്നു. തലകുനിച്ച്, വലതുകാല്‍ വെളിയിലേയ്ക്കു വച്ചു. പുറത്തെ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശക്തിയോടെ മുഖത്തേയ്ക്കടിച്ചു. കണ്ണില്‍ നിന്നും മറഞ്ഞിരുന്ന, ശബ്ദത്താല്‍ അറിഞ്ഞിരുന്ന, ആ കാഴ്കകളൊക്കെ മുന്നിലേയ്ക്ക് തിക്കി കയറി വന്നു. ആദ്യമായി  കാണുന്ന പോലെ,  ആര്‍ത്തിയോടെ കണ്ണു മിഴിച്ച് എല്ലാത്തിനേയും ഉള്ളിലേയ്ക്ക് വലിച്ചെടുത്തു. എന്നിട്ട് മനസ്സിനോട് ഉച്ചത്തില്‍ വിളിച്ചു കൂവി. ഞാന്‍ സ്വതന്ത്രനായിരിയ്ക്കുന്നു..!

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മുന്നില്‍ നില്‍ക്കുന്നവരെ ശ്രദ്ധിച്ചത്. ലോക്കല്‍ സെക്രട്ടറി കരുണാകരനും മറ്റു ചില സഖാക്കളും. ഞങ്ങളെ കൊണ്ടു പോകാന്‍ വാഹനവുമായിട്ടാണവര്‍ വന്നിരിയ്ക്കുന്നത്.  കരുണാകരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തോളില്‍ തട്ടി പറഞ്ഞു:

“ വിഷമിയ്ക്കേണ്ട ബിജൂ..ഇതൊക്കെ ജീവിതത്തിലെ വേറിട്ട ഒരനുഭവമായി കണ്ടാല്‍ മതി..”

“ ഓ..സാരമില്ല കരുണേട്ടാ..എനിയ്ക്കിതൊക്കെ കാണാന്‍ പറ്റിയല്ലോ..”

ആത്മാര്‍ത്ഥമായി തന്നെയാണ് ഞാന്‍ അതു പറഞ്ഞത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഈ കണ്ണൂര്‍ നഗരത്തില്‍ തന്നെ ഞാനുണ്ടായിരുന്നു, പത്തു ദിവസമായി. എന്നാല്‍ അതു മറ്റൊരു ലോകത്തായിരുന്നല്ലോ..

ഞങ്ങള്‍ കയറിയ വാഹനം ജയില്‍ കോമ്പൌണ്ടില്‍ നിന്നും മെല്ലെ നീങ്ങി.

ഞാന്‍ തിരിഞ്ഞ് ആ കനത്ത മതില്‍കെട്ടിലേയ്ക്ക് നോക്കി. ഇത്രദിവസവും ഞാനിതിനകത്തായിരുന്നോ..? ആ ഇരുണ്ട കോട്ടയ്ക്കുള്ളില്‍ എത്രയെത്ര മനുഷ്യ ജന്മങ്ങള്‍? ജന്മരേഖയിലെ ഏതൊക്കെയോ മാറ്റം മറിച്ചിലുകളാല്‍ വ്യര്‍ത്ഥമായിപ്പോയ ജീവിതങ്ങള്‍. അവരുടെയെല്ലാം നെടുവീര്‍പ്പുകളും നിലവിളികളും ആ മതില്‍കെട്ടില്‍ ആര്‍ത്തലയ്ക്കുന്നതായി തോന്നി. അനേകം പേരുടെ നഷ്ടസ്വപ്നങ്ങള്‍ ഗതികിട്ടാ പ്രേതങ്ങളായി അതിനുള്ളില്‍ അലയുന്നുണ്ട്. പൊങ്ങിക്കാണാവുന്ന മാവിന്‍ തലപ്പുകളില്‍ അപ്പൊഴും കുയിലുകള്‍ പാടുന്നുണ്ടാവാം. പുറത്തേയ്ക്കു എറിഞ്ഞുകളയുന്ന ചോറിനും ചപ്പാത്തിയ്ക്കും കാത്ത് കാക്കകള്‍ ചില്ലകളില്‍ ഇരിപ്പുണ്ടാകാം. കുരുവികള്‍ കുസൃതിയോടെ ആ മുറ്റത്തൊക്കെ ചിതറി പറക്കുണ്ടാകാം. നിങ്ങളിനി എന്റെ ഓര്‍മ്മകളില്‍ മാത്രം ജീവിയ്ക്കട്ടെ..
കാണെ കാണെ ആ കൂറ്റന്‍ മതില്‍ കണ്ണില്‍ നിന്നകന്നു പോയി..

സന്ധ്യയോടെ ഞങ്ങള്‍ രയറോത്തെത്തി. പുഴയുടെ ആരവം വീണ്ടും ചെവികളില്‍ ഇക്കിളിയിട്ടു. രയറോംകാരെല്ലാം സന്ധ്യയോടെ വീടുകള്‍ പൂകിയിരുന്നു. വിജനമായ ടൌണില്‍ ഞങ്ങള്‍ അല്പനേരം സംസാരിച്ചു നിന്നശേഷം വീടുകളിലേയ്ക്ക്  തിരിച്ചു.

എന്റെ കാലടി കേട്ടിട്ടാവാം അമ്മ വിളക്കുമായി വാതില്‍ പടിയില്‍ നില്‍പ്പുണ്ട്. ഞാന്‍ ഒന്നും മിണ്ടാതെ തിണ്ണയിലേയ്ക്കു കയറി. അരണ്ട വിളക്കു വെളിച്ചത്തില്‍ അമ്മയെന്നെ സൂക്ഷിച്ചു നോക്കി. അപ്പോള്‍ ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു. ഇടറിയ ശബ്ദം എന്നോടു ചോദിച്ചു:

“ഏതു ജന്മത്തിലെ പാപം തീര്‍ക്കാനാ നീയിതൊക്കെ അനുഭവിച്ചെ?“

നിശബ്ദനായി ഞാന്‍ ചിരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ, ആ മടിത്തട്ടിലിരുന്നു ചിരിച്ച ഒരു കൊച്ചു ബാലനെ പോലെ. 

വസ്ത്രങ്ങള്‍ മാറ്റി, ജട പിടിച്ച മുടിയില്‍ വെളിച്ചെണ്ണ തേച്ച്, കിണറ്റിലെ തണുത്ത വെള്ളത്തില്‍  സുഖമായി കുളിച്ചു. ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും ഏതോ ഒരാവരണം ഊരിപോയതു പോലെ.

അമ്മയപ്പോള്‍ പാത്രം നിറയെ ചോറുമായി കാത്തിരിപ്പുണ്ടായിരുന്നു. ചുവന്ന കുത്തരിചോറ്  ആര്‍ത്തിയോടെ വായിലേയ്ക്കു വയ്ക്കുമ്പോള്‍ മുടിയിഴകളില്‍ ഒരു തലോടല്‍.  ഞാനതറിഞ്ഞെങ്കിലും അറിയാത്തതായി നടിച്ചു. എന്റെ കൈത്തണ്ടയിലേയ്ക്കു വീണ രണ്ടുതുള്ളി കണ്ണീര്‍ കണ്ടില്ലെന്നും ഭാവിച്ചു.

(അവസാനിച്ചു )

അടിക്കുറിപ്പുകള്‍:
(1). ജാമ്യം ലഭിച്ച ശേഷം എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടണമായിരുന്നു. പിന്നീടത് രണ്ടാഴ്ചയിലൊരിയ്ക്കലായി. കൂടാതെ മാസത്തിലൊരിയ്ക്കല്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാകണം. കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സിലേയ്ക്ക് കമിറ്റ് ചെയ്തതോടെ പയ്യന്നൂരേയ്ക്കായി മാസത്തിലൊരിയ്ക്കലുള്ള പോക്ക്.  കേസിനായി ഒരു രൂപ പോലും ചിലവായില്ലെങ്കിലും യാത്രക്കൂലി, ജോലി ഒഴിവാക്കിയുള്ള കോടതിയില്‍ പോക്ക് തുടങ്ങിയ വകയില്‍ വലിയ ചിലവ് ഉണ്ടായി. എന്റെ ഭാര്യയെ പ്രസവത്തിനയയ്ക്കുന്ന ദിനത്തില്‍ ഞാന്‍ കോടതിയിലായിരുന്നു. ഏതാണ്ട് നാലരവര്‍ഷം ഇങ്ങനെ തുടര്‍ന്ന ശേഷമാണ് കേസ് വിചാരണയ്ക്കെടുത്തത്.
അപ്പോഴേയ്ക്കും വാദികളും പ്രതികളും വൈരാഗ്യമെല്ലാം മറന്ന് സൌഹൃദത്തിലായി കഴിഞ്ഞിരുന്നു! അങ്ങനെ കേസ് ഒത്തു തീര്‍ക്കാന്‍ ധാരണയാകുകയും ഒറ്റദിവസത്തെ വിചാരണയില്‍ കേസ് തള്ളുകയും  ചെയ്തു. ഇന്ന് ഞങ്ങളെല്ലാം രയറോത്ത്, പഴയ പോലെ തന്നെ സന്തോഷത്തിലും സൌഹൃദത്തിലും ജീവിയ്ക്കുന്നു.

(2). മുഖ്യവാദിയുടെ അനുജന്‍ എന്റെ കൈയില്‍ നാലു പവന്‍ സ്വര്‍ണം പണയം വയ്ക്കാന്‍ തന്നതു ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഞാന്‍ ജയിലില്‍ നിന്നും വന്ന് ഒരു മാസത്തിനു ശേഷം ഒരാള്‍ എന്റെ അടുത്തു വന്നു പറഞ്ഞു, ദയവായി ആ സ്വര്‍ണം എടുത്തു കൊടുക്കണമെന്ന്. എന്നെ ഏല്‍പ്പിച്ച ആള്‍ നേരിട്ടു വന്നാല്‍ അതിനെക്കുറിച്ചാലോചിയ്ക്കാ‍മെന്ന് ഞാന്‍ മറുപടി കൊടുത്തു. ഈ വിവരം അറിഞ്ഞ ചില പാര്‍ടിക്കാര്‍, പണയം എടുത്തുകൊടുക്കരുതെന്ന് എനിയ്ക്ക് മുന്നറിയിപ്പു തന്നു. വിശ്വസിച്ചേല്പിച്ച ഒരു സാധനം, എന്നെ തൂക്കിലിടാന്‍ വിധിച്ചാലും എടുത്തു കൊടുക്കുമെന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി. മൂത്ത സഖാക്കള്‍ എന്റെ നിലപാടിനെ പിന്തുണച്ചു. ഏതായാലും അനുജന്‍ എന്നെ നേരിട്ട് കാണുകയും, ഞാന്‍ കേസില്‍ പെട്ടതില്‍ അവര്‍ക്കു യാതൊരു പങ്കുമില്ലെന്ന് പറയുകയും ചെയ്തു. എനിയ്ക്ക് പറയാനുള്ളതു പറഞ്ഞിട്ട്, ഞാന്‍ ആഭരണങ്ങള്‍ എടുത്തു കൊടുത്തു.

(3). കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍ ഇപ്പോള്‍ കുറെ പരിഷ്കരിക്കപെട്ടതായി വാര്‍ത്തയുണ്ട്. സെന്‍‌ട്രല്‍ ടവറില്‍ ടി.വി. അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഒരു അനൌപചാരിക സ്കൂളും കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള ഒരു കോളേജിന്റെ പഠന കേന്ദ്രവും ഇവിടെയുണ്ട്. വീഡിയോ കോണ്‍ഫറസിങ്ങ് വഴി തടവുകാരെ കോടതിയില്‍ ഹാജരാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയിട്ടുമുണ്ട്.

(4). കുറ്റകൃത്യമാകാനിടയുള്ള എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും മൂന്നു വട്ടം ആലോചിയ്ക്കുക. ഇതു ചെയ്യേണ്ടതുണ്ടോ ? ഇതിന്റെ പരിണിതഫലം കാരാഗൃഹവാസമാകാം. കേസില്‍ പ്രതിയായി അവിടെ എത്തിപ്പെട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ കീഴ്മേല്‍ മറിയുന്ന അനുഭവങ്ങളാകാം നിങ്ങളെ കാത്തിരിയ്ക്കുന്നത്. ഒരു തടവുപുള്ളിയായി ഒരിയ്ക്കലും അവിടെ പോകാതിരിയ്ക്കുക.

31 comments:

  1. തടവറയിലായിരിക്കുമ്പോള്‍ നമ്മള്‍ സ്വാതന്ത്ര്യത്തെ കുറിച്ചോര്‍ത്തു കണ്ണീര്‍ പൊഴിക്കും . എന്നാലത് മുന്നില്‍.വന്നു നമ്മളെ നോക്കുമ്പോഴോ...??

    മനോഹരം..!
    അഭിനന്ദനങ്ങള്‍..!!

    ReplyDelete
  2. നന്നായിരുന്നു... പഴയ കമന്റുകള്‍ വായിച്ചു, എല്ലാരും കാത്തിരിക്കുകയായിരുന്നെന്ന് തോന്നി. പിന്നെ ഉപദേശവും കലക്കി. ഗൃഹാതുരത്വമൊന്നും തോന്നുന്നില്ലല്ലോ?...

    ReplyDelete
  3. വായിച്ചു, എല്ലാ ഭാഗങ്ങളും... തെറ്റു ചെയ്തവരും അല്ലാത്തവരുമായി പുറം ലോകം കാ‍ണാതെ എത്രയോ പേർ.. ജയിലിലെ അനുഭവങ്ങളെല്ലാം വളരെ നന്നായി എഴുതിയിരിക്കുന്നു.

    ആശംസകൾ!

    ReplyDelete
  4. സഖാവെ സമാനമായ മറ്റൊരു സംഭവത്തിന്റെ പോരാളിയായിരുന്നു ഈ നാടകക്കാരനും . പക്ഷെ ...ജയിലിൽ പോകേണ്ടി വന്നിട്ടില്ല.
    പുതിയ സഖാക്കൾക്കു വേണ്ട് ഒരു കഥയെഴുതി www.nadakakkaran.co.cc onnu nOkkiyeru

    ReplyDelete
  5. വേറിട്ട അനുഭവങ്ങള്‍....... എഴുത്ത് മനോഹരം.

    ReplyDelete
  6. അനുഭവം അതേപടി വരച്ചുചേർത്തിരിക്കുന്നു. നല്ല വായനാനുഭവം.

    ReplyDelete
  7. feels something different, Let me pray that i should not get a chance feel it..

    All the best..

    ReplyDelete
  8. ശരിക്കും നിങ്ങളുടെ കൂടെ കഴിഞ്ഞപോലെ ഒരു തോന്നല്‍
    അനുഭവം കാരണം ഒരു നല്ല പോസ്റ്റ്‌ കിട്ടി
    ആശംസകള്‍ .........

    ReplyDelete
  9. ‘എനിയ്ക്ക് ആ തോർത്തും മുണ്ടും തരാമോ?’മതി..ഇത്ര മതി..

    മുൻപ് ആ പരിസരത്തൂടെ പോകുമ്പോ ഒ.വി യുടെ വെള്ളായിയപ്പനെയായിരുന്നു ഓർക്കുക..ഇപ്പൊ ബിജുവെട്ടനെം ജോഷിയേം ഒക്കെ ഓർക്കാം-ആഗ്രഹിക്കുന്നില്ലെങ്കിലും
    ഏറ്റവും നന്നായത് അവസാന ഭാഗം.

    ReplyDelete
  10. രണ്ട് തൂള്ളി കണ്ണുനീരില്‍ കഥ അവസാനിപ്പിച്ചു അല്ലെ. ജയിലില്‍ 10 ദിവസം 8 അദ്ധ്യായം കൊണ്ട് തീര്‍ത്തു കളഞ്ഞു. കുറച്ച് കൂടി വായിക്കാന്‍ തോന്നുന്നുണ്ടായിരുന്നു.

    തൂക്കുമരം കഥയില്‍ വന്ന ഇടം മനസ്സില്‍ ഒരു നീറ്റല്‍ ഉണ്ടാക്കി. കുറ്റവാളിയെ ആണെങ്കിലും ഒരു മനുഷ്യനെ തൂക്കുക എന്നത് മനസാക്ഷി ഉള്ളവര്‍ക്ക് വേദന ഉണ്ടാക്കും. ജയിലിനെക്കുറിച്ച് ചില പുതിയ അറിവുകള്‍ കീട്ടാനും ബിജു സഹായിച്ചു. പ്രത്യേകിച്ചും റിമാന്റ് തടവ് കാരെക്കുറിച്ച്. ജാമ്യം എടുക്കാന്‍ ആളില്ലാത്തവരുടെ കഷ്ടങ്ങള്‍, ഫയല്‍, ഇന്റര്‍വ്യൂ തുടങ്ങിയ വാക്കുകള്‍.

    നന്ദി ഈ അനുഭവ കഥക്ക്.

    ReplyDelete
  11. വിയൂരില്‍ നിന്നും കണ്ണുരിലേക്ക് ഒരുപാടു ദൂരമുണ്ട് ... പക്ഷെ ... വിയുരിലെ തടവറയില്‍ കണ്ട മുഖങ്ങളും ബിജുവേട്ടന്‍ വാക്കുകളിലൂടെ വരച്ചു കാണിച്ച മുഖങ്ങള്‍ക്കും ഒരേ ഭാവം .... ഇരുളിനും നോവിനും എല്ലായിടത്തും ഒരേ ഭാവമാണ് ....

    ReplyDelete
  12. വിയൂരില്‍ നിന്നും കണ്ണുരിലേക്ക് ഒരുപാടു ദൂരമുണ്ട് ... പക്ഷെ ... വിയുരിലെ തടവറയില്‍ കണ്ട മുഖങ്ങളും ബിജുവേട്ടന്‍ വാക്കുകളിലൂടെ വരച്ചു കാണിച്ച മുഖങ്ങള്‍ക്കും ഒരേ ഭാവം .... ഇരുളിനും നോവിനും എല്ലായിടത്തും ഒരേ ഭാവമാണ് ....

    ReplyDelete
  13. വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും പൈസ വാങ്ങുന്ന സി.ഐ, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ഷോപ്പിങ്, ഇതെല്ലാം ഒഴിവാക്കാമായിരുന്നു. നല്ല വായനാസുഖമുള്ളതായിരുന്നു അനുഭവകഥ. അഭിനന്ദനങ്ങള്‍...

    ReplyDelete
  14. ബിജൂ, ഇന്ന് എല്ലാ ഭാഗവും ഒരുവട്ടം കൂടി വായിച്ചു. എന്തിനെന്നറിയാതെ കണ്ണൊന്നു നിറഞ്ഞു. വേറെന്താ പറയുക.

    ReplyDelete
  15. ബിജു....എന്താ പറയുക. അനുഭവത്തിന്റെ തീക്ഷ്ണത എഴുത്തിലുടനീളം അനുഭവവേദ്യമായി. വിവരണങ്ങളിലുള്ള സൂക്ഷ്മത, വരികളിലെ ലാളിത്യം എല്ലാം ശ്ലാഘനീയം. എല്ലാഭാഗവും വായിച്ചിരുന്ന. മനോഹരമായ, ഹൃദ്യമായ ഒരനുഭവക്കുറിപ്പായി ഇത്. ആശംസകള്‍......സസ്നേഹം

    ReplyDelete
  16. വിവരണം നന്നായി.
    ഒരാഴ്‌ച ജയിലില്‍ കഴിയാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിരുന്നു.ഒരു സമരത്തിനിടക്ക് ഒരു മണ്ടത്തരം പറ്റിയതാണ്.തിരിഞ്ഞു നോക്കുമ്പോള്‍ നന്നായെന്നു തോന്നുന്നു.
    ജീവിതം കീഴ്‌മേല്‍ മറിയുന്ന അനുഭവങ്ങള്‍ എവിടേയും ഉണ്ടാകാം,അതിന് ജയിലില്‍ പോകണമെന്നില്ല.ജയില്‍ എപ്പോഴും ഒഴിവാക്കാന്‍ പറ്റിക്കൊള്ളണമെന്നുമില്ല.

    ReplyDelete
  17. ഏതു ജന്മത്തിലെ പാപം തീറ്ക്കാനാ നീയിതൊക്കെ അനുഭവിച്ചെ? അമ്മയുടെ വാക്കുകള്‍ ഹ്ര്ദയത്തില്‍ തട്ടി.

    ReplyDelete
  18. മുഴുവനും ഒറ്റയിരുപ്പിനു തന്നെ വായിച്ചു . വളരെ വിശദമായ ഒരു കമന്റ് ഇടണമെന്നുണ്ടായിരുന്നു. പക്ഷെ സാധിക്കുന്നില്ല .കാരണം ഒന്നാമതായി വായിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വല്ലാതെ അസ്വസ്ഥയായി . കുറെ നേരം നിശബ്ദയായി ഇരുന്നു .(താങ്കളുടെ ഏത് പോസ്റ്റ്‌ വായിച്ചാലും ഇങ്ങിനെ ഒരു തോന്നല്‍ ഉണ്ടാവാറുണ്ട് - അതാണല്ലോ ബിജുവിന്റെ കഴിവ് ) പിന്നെ എവിടെ തുടങ്ങണം എന്തൊക്കെ എഴുതണം എന്ന കാര്യത്തിലും സംശയം വന്നു . എന്നാലും ചുരുക്കിപറയട്ടെ .'കുറ്റവാളികള്‍' ഭരിക്കുന്ന പാര്‍ട്ടിയില്‍പെട്ടവരാണെങ്കില്‍ അവരോടു പോലീസുകാര്‍ കാണിക്കുന്ന 'പരിഗണനകള്‍ ' (ഇത് പരസ്യമായ രഹസ്യമാണ് ) , സ്വാതന്ത്ര്യം ഉള്ളപ്പോള്‍ അതിന്റെ വില നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന് പറഞ്ഞത് , രണ്ടു തരം കുറ്റവാളികളെക്കുറിച്ച് പറഞ്ഞത് അമ്മയുടെ സ്നേഹാര്‍ദ്രമായ തലോടല്‍ പിന്നെ ഏറ്റവും ഒടുവില്‍ എല്ലാവരോടുമായി പറഞ്ഞ ഉപദേശങ്ങള്‍ .

    ജയില്‍ അനുഭവങ്ങള്‍ ഞാനാദ്യമായി വായിച്ചിട്ടുള്ളത് യശശ്ശരീരനായ 'ബേപ്പൂര്‍ സുല്‍ത്താന്‍ ' വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'ഓര്‍മ്മക്കുറിപ്പിലും ' മറ്റു പല കഥകളില്‍ നിന്നുമാണ് .

    ജോലി തിരക്കുകള്‍ക്കിടയിലും പഴയ അനുഭവങ്ങള്‍ എല്ലാം ഇത്ര കൃത്യമായി ഓര്‍ത്തെടുത്തു ,അതും ഇത്ര സത്യസന്ധമായി അവതരിപ്പിച്ച താങ്കള്‍ക്ക് കോടി അഭിനന്ദനങ്ങള്‍ . കൂടുതലൊന്നും പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല .

    ReplyDelete
  19. നന്നായിരിക്കുന്നു.. ഒന്നുകൂടി വായിക്കണം... അവസാന ഉപദേശവും കിടിലം..

    ReplyDelete
  20. ഞാന്‍ ഇതു മുഴുവന്‍ വായിച്ചു. കാണാത്ത കാഴ്ചകളിലേയ്ക്ക് ക്ഷണിച്ചതിന് നന്ദി.

    ReplyDelete
  21. Realy touching, ending superb - Ammayude kannu neer marakkaan pattunnillla, athupole thanne Joshiyude mukhavum .................

    Congratzzzzzzzzzz

    ReplyDelete
  22. oru thulli kanneer mathram !!!!!!!!!

    ReplyDelete
  23. ഇപ്പോഴാണു ഇതിന്റെ ലിങ്ക് കിട്ടിയത്. ഗൾഫനുഭവത്തിൽ നിന്നും. മുഴുവൻ ഒറ്റയിരിപ്പിൽ വായിച്ചു. ഈ അനുഭവം ഉള്ളവരിൽ എല്ലാവർക്കും ഇങ്ങിനെ പകർത്താനാവില്ലല്ലോ? നല്ല എഴുത്ത്

    ReplyDelete
  24. അച്ഛനെയും അമ്മയെയും പറ്റി എഴുതിയത് വളരെ ടച്ചിംഗ് ആയിരുന്നു. ഇപ്പൊ ജീവിക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ പലപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്നേഹം മിസ്സ്‌ ചെയ്യും.
    കടയില്‍ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ തേച്ചാല്‍ ജലദോഷം വരുമെന്ന് പറഞ്ഞു അമ്മ ഇപ്പോഴും കാച്ചിയ എണ്ണ തന്നു വിടും. ഉപയോഗം കഴിഞ്ഞിട്ടും ആ കുപ്പി കളയാന്‍ എനിക്ക് മനസ്സ് വരാറില്ലായിരുന്നു.
    സത്യം പറഞ്ഞാല്‍ ഇത് വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു ..അമ്മയുടെ സ്നേഹം ആണ് ആ ഒഴിഞ്ഞ കുപ്പിയില്‍ ഞാന്‍ കാണുന്നതെന്ന്

    ReplyDelete
  25. ഈ പോസ്റ്റുകള്‍ ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ജയില്‍ എന്ന നിഗൂഢലോകത്തെക്കുറിച്ചറിയാന്‍ ആകാംക്ഷയായിരുന്നു. വേറിട്ട അനുഭവമായി ഈ വായന.... നന്ദി...

    ReplyDelete
  26. ബിജു താങ്കളുടെ ഈ പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്..കഴിഞ്ഞ ദിവസത്തെ പോലീസ് ലാത്തിച്ചാര്‍ജു ഫോട്ടോയുടെ കൊമ്മേന്റ്സില്‍ നിന്നും....ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു...വളരെ ആധ്മാര്ധമായി, ഹൃദയത്തില്‍ നിന്നും എഴുതിയ വരികള്‍....എല്ലാം മനസ്സില്‍ കാണുന്നത് പോലെ തോന്നി...താങ്കളുടെ ഗ്രാമവും ജീപ്പിന്റെ രയിസിങ്ങും ഡ്രൈവറുടെ തമാശയും എല്ലാം...അമ്മയുടെ വേദന അറിയാതെ കണ്ണില്‍ കന്നുനീരനിയിച്ചു.....നല്ല ഭാഷ....എല്ലാ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  27. കുറേ കാലത്തിന്‌ ശേഷം ഒരു ബ്ലോഗ് മുഴ്‌ുവാന്‍ ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു. വ്യത്യസ്തമായ ഒരു വായന അനുഭവം. ജൈലു മുഴ്‌ുവാന്‍ ഒന്നു ചുറ്റി കണ്ടത്‌ പോല് ഉണ്ട്‌.

    ReplyDelete
  28. bijuetta.. ithepole anubhavichavar vereyum indavum alle..
    nannayittu ezhutheettund.. deepa nair paranja poley otta irippinu vaayichu.. nannayittund orupadorupaadu..

    ReplyDelete