Ind disable

Tuesday 31 August 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-1)

കണ്ണൂര്‍ നഗരത്തില്‍ നിന്നും ദേശീയപാതയിലൂടെ വടക്കോട്ട് തളിപ്പറമ്പ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചാല്‍ ഉദ്ദേശം മൂന്നു കിലോമീറ്റര്‍ കഴിയുമ്പോള്‍ “പള്ളിക്കുന്ന്” എന്ന ഭാഗത്തെത്തും. ഞങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന വിവിധ സ്ഥാപനങ്ങളാല്‍ അനുഗ്രഹീതമാണ് ഇവിടം. കണ്ണൂര്‍ എഫ്.എം റേഡിയോ സ്റ്റേഷന്‍, ദൂര്‍ദര്‍ശന്‍ പ്രസരണ കേന്ദ്രം (ഇത് അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയെന്നു തോന്നുന്നു), കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ്, ദേശാഭിമാനി പത്ര ഓഫീസ്, മില്‍മ ഡയറി അങ്ങനെ പലതും. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന ഒരു “മഹാ സ്ഥാപനം” അവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

“കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍”.

 അഞ്ചാള്‍ പൊക്കമുള്ള കനത്ത മതില്‍ കെട്ടിനുള്ളില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആയിരക്കണക്കിനു പേര്‍ അതിനുള്ളില്‍ ജീവിയ്ക്കുന്നു. ജയില്‍ വളപ്പില്‍  വളര്‍ന്നുയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മാവുകളുടെ തലപ്പുകള്‍ മാത്രമേ പുറമേ നിന്നു നമുക്കു കാണാനാവൂ. ദേശീയപാതയ്ക്ക്  മുകള്‍ ഭാഗത്ത് നെടുനീളത്തില്‍ ജയില്‍ പരന്നു കിടക്കുന്നു. അനേകം ആത്മാക്കള്‍ അതിലെ പറന്നു നടക്കുന്നതായി തോന്നും ഇരുണ്ട കൂറ്റന്‍ മതിലുകള്‍ കണ്ടാല്‍. റോഡിനു താഴെ ഭാഗത്ത് ജയില്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടേഴ്സുകളും മൈതാനവും ആണ്. ക്വാട്ടേഴ്സുകള്‍ക്കിടയിലുള്ള ഭാഗത്തൊക്കെ കപ്പയും വാഴയും നട്ടിരിയ്ക്കുന്നു. ഇതിനിടയില്‍ കൂടി വെള്ളം നിറച്ച കന്നാസുകളുമായി, തോര്‍ത്തുടുത്ത തടവുകാര്‍ പോകുന്നതു കാണാം.  കണ്ണൂരില്‍ പഠിയ്ക്കുന്ന കാലത്ത് നിത്യവും ഈ കാഴ്ച കാണാറുണ്ട്. ഞാനല്‍ഭുതപെട്ടിട്ടുണ്ട്, എന്തു ധൈര്യത്തിലാണ് ഈ തടവുകാരെ ഇങ്ങനെ പുറത്തു കൂടി വിട്ടിരിയ്ക്കുന്നത് എന്ന്. പിന്നീടാണ് അറിഞ്ഞത്, തടവു കാലാവധി  തീരാറായ, മര്യാദക്കാരായ ആള്‍ക്കാരാണിവര്‍ എന്ന്.

ജയില്‍ നിത്യക്കാഴ്ചയായ ആ കാലത്തൊക്കെ അതിനുള്ളിലെ ലോകമെന്തെന്ന് അറിയുവാനൊരു കൌതുകമുണ്ടായിരുന്നു. എന്നാല്‍ കുറ്റവാളിയായിട്ടല്ലാതെ എങ്ങനെ പോകും?  അതു  കൊണ്ട് അതൊരാഗ്രഹം മാത്രമായി മനസ്സില്‍ സൂക്ഷിച്ചു. പിന്നെ പല സിനിമയിലും കണ്ടിട്ടുണ്ടല്ലോ ഈ ജയില്‍. “സദയം” പോലുള്ള സിനിമയിലൊക്കെ അതു നന്നായി ഫീല്‍ ചെയ്യും. ഏതായാലും എന്റെ ഒട്ടുമിക്ക ആഗ്രഹങ്ങളും സാധിച്ചു തരുന്നതില്‍, അല്പം വൈകിയായാല്‍ പോലും, ദൈവം തമ്പുരാന്‍ ശ്രദ്ധിയ്ക്കാറുണ്ടെന്ന് എനിയ്ക്ക് എത്രയോവട്ടം ബോധ്യമായിരിയ്ക്കുന്നു, ഇക്കാര്യത്തിലടക്കം!

പോലീസ് ലോക്കപ്പ്, സെന്‍‌ട്രല്‍ ജയില്‍ ഇവരണ്ടും ശരീര ക്ഷതമേല്‍ക്കാതെ അടുത്തറിയാനും അനുഭവിച്ചറിയാനും ഈയുള്ളവനൊരു മഹാഭാഗ്യം ഉണ്ടായി. സാധാരണ ഇത്തരം അനുഭവങ്ങള്‍ ഉള്ളവര്‍ അതു മറച്ചു വയ്ക്കാനാണ്  ആഗ്രഹിയ്ക്കുന്നതെങ്കില്‍, ഞാനതു നിങ്ങളുമായി പങ്കു വയ്ക്കാനാഗ്രഹിയ്ക്കുന്നു. എന്താണ് അവിടുത്തെ ജീവിതമെന്ന് നാം അറിയുന്നത് നല്ലതാണ്.

പഠനശേഷമുള്ള കുറച്ചുകാലം രയറോത്ത് രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു മുഖ്യതൊഴില്‍. ഞങ്ങള്‍ കുറച്ച് യുവാക്കളും മൂത്ത സഖാക്കളും ചേര്‍ന്ന് രയറോത്ത് വിപ്ലവ പാര്‍ട്ടിയ്ക്ക് കുറെ അടിത്തറ ഉണ്ടാക്കിയെടുത്തു. തികച്ചും യാഥാസ്തിതിക മൂരാച്ചി രാഷ്ട്രീയ മനോഭാവമുണ്ടായിരുന്ന ഇവിടെ ഇത്തരം ഒരു മാറ്റം വന്നത്, കുറെ പേരെയെങ്കിലും അലോസരപെടുത്തുന്നുണ്ടായിരുന്നു. അതിന്റേതായ ചെറിയ ഉരസലുകള്‍ വല്ലപ്പോഴും ഉണ്ടാകുകയും ചെയ്തിരുന്നു. എങ്കിലും അതൊക്കെ പെട്ടെന്നു കെട്ടടങ്ങും. രയറോം പുഴ വീണ്ടും ശാന്തമായൊഴുകും.

പൊതുവെ വിപ്ലവ പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ അണികള്‍ക്ക് ആവേശമാണ്. അതു വിജയിപ്പിയ്ക്കാന്‍ അവര്‍ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങും. രയറോത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ടിയുടെ തളിപ്പറമ്പ് ഏരിയ സമ്മേളനം അവിടെ വച്ചു നടത്താന്‍ തീരുമാനമെടുത്തു; ഞങ്ങളുടെയെല്ലാം ആഗ്രഹവും നിര്‍ബന്ധവും മൂലം. . ഇക്കാലത്ത് ഞാന്‍ തളിപ്പറമ്പിലാണ് ജോലിയും താമസവും. ആഴ്ചയിലൊന്നു വരും. അപ്പൊഴുള്ള പാര്‍ടി ബന്ധം മാത്രമേയുള്ളു. ഭാസിയെ പോലുള്ള  ചെറുപ്പക്കാര്‍ നേതൃരംഗത്തുണ്ട്. അങ്ങനെ, പാര്‍ടി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ രയരോത്തു തകൃതിയായി നടന്നു വരുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്.

”കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ പോലീസ് വെടിയേറ്റു മരിച്ചു..!”

ഈ വാര്‍ത്ത കണ്ണൂര്‍ ജില്ലയിലുണ്ടാക്കിയ പ്രകമ്പനം വിവരണാതീതമാണ്. രണ്ടു ദിവത്തേയ്ക്ക് ഒരൊറ്റ പോലീസുകാരന്‍ പോലും പുറത്തിറങ്ങിയിട്ടില്ല എന്നത് അതിശയോക്തിയില്ലാത്ത സത്യം മാത്രം. ആലക്കോട് പോലീസ് സ്റ്റേഷനു മുന്‍പില്‍ പലവട്ടം പാര്‍ട്ടിക്കാര്‍ കൂട്ടമായി നിന്ന് വെല്ലുവിളിയും പ്രകോപനവുമുണ്ടാക്കി.  ജാഥ നടത്തി. പല സ്ഥലങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി കൊണ്ടിരുന്നു. കണ്ണൂര്‍ നഗരത്തില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തിയാണ് ശാന്തത പുന:സ്ഥാപിച്ചത്.
ഇതോടെ രയറോത്ത് നിശ്ചയിച്ചിരുന്ന സമ്മേളനം മാറ്റി വച്ചു. അവിടെ ആകെ ഒരു സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും അക്രമമൊന്നുമുണ്ടായില്ല.

അങ്ങനെയിരിയ്ക്കെ, അടുത്തദിവസം രാത്രി പാര്‍ടി അനുഭാവിയായ ഒരു ജീപ്പ് ഡ്രൈവറും സുഹൃത്തായ മറ്റൊരു വ്യക്തിയും സൌഹൃദ സംഭാഷണം നടത്തവേ, തമാശയായി ഡ്രൈവര്‍ ജീപ്പ് റെയിസാക്കി അല്പം പുക വര്‍ഷിച്ചു. ഇത് ചെറിയൊരു വാക്കു തര്‍ക്കം ഉണ്ടാക്കി. അതു കണ്ട് ഒരു മൂത്ത സഖാവ് ഇതില്‍ ഇടപെടുകയും അത് വളര്‍ന്ന് അടിപിടിയുണ്ടാകുകയും , സഖാവ് മര്‍ദ്ദനമേറ്റ് ആശുപത്രിയിലാകുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ പ്രകോപിതരായ പാര്‍ടിപ്രവര്‍ത്തകര്‍‍, ഈ അടിപിടിയ്ക്കു കാരണഭൂതനായ വ്യക്തിയെ പിറ്റേ ദിവസം രാത്രി വീടു കയറി ആക്രമിച്ചു. അദ്ദേഹത്തിനും അമ്മയ്ക്കും സഹോദരിയ്ക്കും പരിയ്ക്കു പറ്റുകയും ചെയ്തു. ഈ തല്ലു സംഘത്തില്‍ തേര്‍ത്തല്ലി പോലുള്ള സ്ഥലങ്ങളില്‍ നിന്നും ആരൊക്കെയോ ഉള്‍പ്പെട്ടിരുന്നുവത്രേ.

എന്തായാലും പിറ്റേന്നത്തെ പത്രങ്ങളില്‍ വെണ്ടക്ക നിരന്നു.

“വീടുകയറി ഒരു കുടുംബത്തെ ഒന്നാകെ വെട്ടിയരിഞ്ഞു!”

മര്‍ദനമേറ്റ വ്യക്തി ഭരണ പക്ഷത്തെ ഒരു ചെറു പാര്‍ടിയുടെ ജില്ലാ നേതാവായിരുന്നത്രേ! സംഭവം നിയമസഭയില്‍ വരെയെത്തി..!പോലീസ് ഊര്‍ജിതമായി. അന്വേഷണം റോന്തു ചുറ്റല്‍, റെയ്ഡ്. പുറമേ നിന്നും “മനുഷ്യാവകാശ” പ്രവര്‍ത്തകര്‍ രയറോത്തെത്തി. അക്രമത്തിനെതിരെ കവിത ചൊല്ലലും ധര്‍ണയും ഉണ്ടായി !

പ്രമുഖരായ പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ പതിനഞ്ചു പേരുടെ പേരില്‍ കേസെടുത്തു. അവരെല്ലാം ഒളിവിലായി.

അപ്പോള്‍ ഞാന്‍ രയറോത്തുണ്ട്. തളിപ്പറമ്പ് ഓഫീസ് അവധിയിലാണ്, എങ്ങും കുഴപ്പങ്ങളാണല്ലോ. ഞാന്‍ മിക്കവാറും രയറോത്തു വരുകയും സംഭവഗതികള്‍ നിരീക്ഷിയ്ക്കുകയും ചെയ്തു വന്നു. പ്രതികളായവരെ കുറിച്ചോര്‍ത്തു സഹതപിയ്ക്കുകയും ചെയ്തു, എല്ലാവരും എന്റെ അടുത്ത സഖാക്കളാണല്ലോ!  തുടര്‍ ദിവസങ്ങളില്‍ പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

പ്രമുഖ പാര്‍ടി ആയതിനാല്‍, പോലീസ്  റെയ്ഡ് പലപ്പോഴും പ്രഹസനമായിരിയ്ക്കും. മുന്‍‌കൂട്ടി അറിയിച്ച ശേഷമേ വരുകയുള്ളൂ. തന്നെയുമല്ല, പ്രതിപട്ടികയൊക്കെ കൃത്യമായി ലഭിച്ചു. പോലീസുമായി എപ്പോഴും ഒരു കമ്യൂണിക്കേഷന്‍ ഉണ്ടായിരിയ്ക്കും.

അങ്ങനെയൊരു ദിവസം ഞാന്‍ രയറോത്ത് നില്‍ക്കുമ്പോള്‍, ഒരു വലിയ സഖാവ് അവിടെയെത്തി. എന്നെ കണ്ടപാടെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:

“ബിജു ഒന്നു സൂക്ഷിച്ചോണം!”

“എന്തിന്?” ഞാനല്‍ഭുതപ്പെട്ടു.

“ബിജുവിന്റെ പേരും പ്രതിപട്ടികയിലുണ്ടെന്നാണ് അറിഞ്ഞത്..!”

ഒരു ഞെട്ടല്‍. തൊണ്ട വരണ്ടതു പോലെ. ഒരു കുടുംബത്തെ ആക്രമിച്ചു വധിയ്ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരിയ്ക്കുന്നു ഞാന്‍ ! സംഭവദിവസം സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയ ഈ ഞാന്‍..! എനിക്കല്‍ഭുതം തോന്നി. ഈ ആക്രമിയ്ക്കപെട്ടയാളും അയാളുടെ അനുജനുമായി വളരെ അടുത്ത സുഹൃത് ബന്ധമുള്ളയാളാണു ഞാന്‍. അതറിയാന്‍, ഇതിനു  ഏതാനും ആഴ്ച മുന്‍പ് നടന്ന കാര്യം അറിയണം. ഈ അനുജന് ബാങ്കില്‍ കുറച്ചു സ്വര്‍ണം പണയം വെയ്ക്കേണ്ടിയിരുന്നു. എന്നാല്‍ എന്തോ ചില പ്രശ്നങ്ങളാല്‍ കക്ഷിയ്ക്ക് അവിടെ ഇടപാടു നടക്കില്ല. അന്ന് നാലു പവന്‍ ആഭരണങ്ങള്‍ എന്റെ കൈയില്‍ തന്നിട്ട് പണയം വച്ചു കൊടുക്കാന്‍ അപേക്ഷിച്ചു. ഞാന്‍ പണയം വച്ചു നല്‍കുകയും ചെയ്തു. ആ ഇടപാടടക്കം നില നില്‍ക്കേയാണ് ഞാനിപ്പോള്‍ അവരെ ആക്രമിച്ചതിന് പ്രതിയായിരിയ്ക്കുന്നത്!

എന്റെ ഏറ്റവും വലിയ വിഷമം ഇതെങ്ങിനെ വീട്ടിലറിയിയ്ക്കും എന്നതാണ്. അമ്മയുടെ പ്രതികരണം എന്താവുമെന്നറിയില്ല. വിവാഹിതനായിട്ടില്ലാത്തതിനാല്‍  ആ ഒരു വിഷമം ഇല്ല. ഉള്ളില്‍ കനത്ത ഭാരവുമായാണ് ഞാനന്ന് വീട്ടിലെത്തിയത്. വീടിനു താഴെ ഏതെങ്കിലും ജീപ്പിന്റെ ശബ്ദം കേട്ടാല്‍ ആകെ പരിഭ്രാന്തനാകും. പോലീസാണെങ്കിലോ? അവര്‍ വന്ന് അമ്മയുടെ മുന്‍പില്‍ വച്ച് പിടിച്ചു കൊണ്ടു പോകുക എന്നത് ചിന്തിയ്ക്കാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ ചെവി കൂര്‍പ്പിച്ച് ജാഗ്രതയോടെ കിടന്നു. ഉറക്കം വന്നില്ല.

പിറ്റേന്ന് മറ്റു സഖാക്കന്മാരുമായി ബന്ധപെട്ടു. അപ്പോഴാണ് ഭാസിയടക്കം പ്രധാനപെട്ട എല്ലാവരും പ്രതികളാണ് എന്നറിഞ്ഞത്. ആദ്യ ലിസ്റ്റില്‍ ഞങ്ങളാരും ഉണ്ടായിരുന്നില്ല. ഏറെ രസകരം, പാര്‍ട്ടിക്കാരോട് സുഹൃത് ബന്ധം പുലര്‍ത്തുന്നവരടക്കം കേസി പ്രതികളാക്കപ്പെട്ടു എന്നതാണ്. വ്യക്തമായ പ്ലാനിങ്ങോടെ ആരുടെയൊക്കെയോ കൈകള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചു.

ഇതിനിടെ ധാരാളം കിംവദന്തികളും പ്രചരിച്ചു. ആക്രമിയ്ക്കപ്പെട്ട കുടുംബത്തിലെ അമ്മ മരിച്ചു എന്നു വരെ വാര്‍ത്ത പരന്നു. അതോടെ പ്രതികളായവര്‍ കൂടുതല്‍ ഭയന്നു. സംഗതി കൊലക്കേസായി മാറും. മറ്റൊന്ന്, പ്രതികളുടെ വീടുകളില്‍ ഗുണ്ടാ ആക്രമണം ഉണ്ടാകും എന്നതാണ്. എന്നാല്‍ ഇതൊക്കെ ചിലരുടെ പ്രചരണം മാത്രമാണെന്ന് പിന്നെ ബോധ്യമായി.

ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ പെട്ടാല്‍, നമ്മുടെ ബന്ധങ്ങളുടെ തീവ്രത അളക്കാന്‍ പറ്റുമെന്നെനിയ്ക്ക് ബോധ്യമായി. മിക്കവാറും പോകുമായിരുന്ന ഒരു വീട്ടില്‍ നിന്ന്, ഞാനവിടെ ചെന്നപ്പോള്‍ “അധിക നേരം അവിടെ നില്‍ക്കണ്ടാ” എന്ന് മുഖത്തു നോക്കിയുള്ള നിര്‍ദേശം കിട്ടി. അതേ സമയം മറ്റൊരു വീട്ടിലെ അമ്മച്ചി, എന്നെ വിളിച്ചിരുത്തി സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിയ്ക്കുകയും എന്നെ പ്രതിയാക്കിയവരെ പ്രാകുകയും ചെയ്തു !

സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും പ്രധാനപെട്ട ആരെയും പിടികൂടാത്തതിന് മുകളില്‍ നിന്നും പോലീസിനു മേല്‍ സമ്മര്‍ദ്ദം ഏറി വന്നു. അവര്‍ അക്കാര്യം രഹസ്യമായി അറിയിയ്ക്കുകയും ചെയ്തു. പ്രതികള്‍ കീഴടങ്ങിയേ പറ്റൂ. അല്ലാത്തപക്ഷം റെയിഡിന് അവര്‍ നിര്‍ബന്ധിതരാകും.

പാര്‍ട്ടി മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിയ്ക്കുന്നുണ്ട്. ആയതുകൊണ്ട്മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഞങ്ങള്‍ “ഒളിവില്‍” പോകാന്‍ തീരുമാനിച്ചു. അതായത്, എല്ലാവരും കൂടി “സൌകര്യ”മായ ഏതെങ്കിലും വീട്ടില്‍ താമസിയ്ക്കുക. എന്തുചെയ്യണമെന്ന് പാര്‍ട്ടി സമയാസമയം അറിയിയ്ക്കും. അങ്ങനെ ഞങ്ങളെല്ലാം സോമേട്ടന്‍ എന്ന സഖാവിന്റെ വീട്ടില്‍ ഒളിവില്‍ താമസമായി. ആ വീട്ടിലെ ചേച്ചി നല്ല ചോറും കറികളുമൊക്കെ ഞങ്ങള്‍ക്ക് ഉണ്ടാക്കി തന്നു. അന്ന് എട്ട് പേരുണ്ട് അവിടെ ഒളിയ്ക്കാന്‍.

പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ “ഒളിവില്‍” ചീട്ടു കളിയ്ക്കുകയാണ്, നേരം പോക്കിന്. എങ്കിലും ഒരു ശ്രദ്ധയുണ്ട്, പോലീസു വരുന്നുണ്ടോ എന്ന്. ഞങ്ങളോടൊപ്പം, ഇതിനെല്ലാം തുടക്കമിട്ട ആ ഡ്രൈവറുമുണ്ട്. അവന്റെ വൃത്തികെട്ട നാവില്‍ നിന്നും വരുന്നതു കേട്ടാല്‍ അറിയാതെ കൈവച്ചു പോകും. കളിയ്ക്കിടയില്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

“ഓടിയ്ക്കോടാ..അതാ പോലീസ്..”

ഇതും പറഞ്ഞ് അവന്‍ ഇറങ്ങി പറമ്പിലേയ്ക്ക് ഓടി. ഇതു കണ്ട് ഞങ്ങളെല്ലാം ചീട്ടും വലിച്ചെറിഞ്ഞ് പുറകേ ഓടി. ഇത്ര സ്പീഡിലൊക്കെ കയ്യാല ചാടിക്കയറി ഓടാന്‍ പറ്റുമെന്ന് അന്നാണെനിയ്ക്ക് ബോധ്യമായത്. ഏകദേശം അരകിലോമീറ്റര്‍ ഓടിയിട്ട് തിരിഞ്ഞു നോക്കി. എവിടെ പോലീസ്?

നോക്കുമ്പോള്‍ ആ ഡ്രൈവര്‍ നിലത്തു കിടന്നു  ചിരിയ്ക്കുന്നു..! ഞങ്ങളെ പറ്റിച്ചതിന്റെ സന്തോഷമാണ്..! ഭാസിയെ ഞാന്‍ കഷ്ടപെട്ടാണ് പിടിച്ചു നിര്‍ത്തിയത്, അല്ലെങ്കില്‍ ഒരു കൊല അപ്പോള്‍ തന്നെ നടന്നേനെ..!

രണ്ടു ദിവസത്തിനകം ഞങ്ങള്‍ക്ക് അറിയിപ്പു കിട്ടി, മുന്‍‌കൂര്‍ ജാമ്യം കിട്ടില്ല. നാളെ പോലീസില്‍ കീഴടങ്ങണം ! ഭാസിയ്ക്കും മറ്റു നാല് പ്രതികള്‍ക്കും ബാങ്കില്‍ ജോലിയുണ്ട്. കോടതി റിമാന്‍ഡു ചെയ്തു  ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാല്‍ അവരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യും. അതാണ് നിയമം. ആയതിനാല്‍ മുന്‍‌കൂര്‍ ജാമ്യം കിട്ടും വരെ അവര്‍ പിടി കൊടുക്കേണ്ടതില്ല എന്നു തീരുമാനമായി. ബാക്കി ഞങ്ങളോട് രാത്രി വീട്ടില്‍ പോയി അത്യാവശ്യം ഡ്രസ്സ് എടുത്ത് റെഡിയായിരിയ്ക്കാന്‍ നിര്‍ദേശമെത്തി.

 അന്നു വൈകിട്ട് എട്ടുമണിയ്ക്ക് ഞാന്‍ വീട്ടിലെത്തി. അമ്മയും അച്ഛനും മാത്രം. ഒരു സഹോദരിയുള്ളത് കോട്ടയത്ത് അമ്മവീട്ടില്‍ പോയിരിയ്ക്കുന്നു. അവള്‍ ഇതേ വരെ ഈ  സംഭവങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല.സങ്കടവും വിഷമവും കലര്‍ന്ന മനസ്സോടെ ഞാന്‍ കയറിചെന്നു വീട്ടിലേയ്ക്ക്. ഒരു പൊട്ടിത്തെറിയോ പൊട്ടിക്കരച്ചിലോ പ്രതീക്ഷിച്ച്. വീടാകെ ശോകമയം. ഞാന്‍ ചെന്ന ഉടനെ കുളിച്ച് ഡ്രസ്സ് മാറി. അപ്പോള്‍ ഭക്ഷണം വിളമ്പി വച്ച് അമ്മ വിളിച്ചു.

ഞാനല്‍ഭുതപെട്ടു. ഒരല്പവും ഭാവമാറ്റമില്ല അമ്മയ്ക്ക്. അച്ഛനുമതേ. ഞാനവരുടെ മുഖത്ത് നോക്കാതെ ഭക്ഷണം കഴിച്ചു. എന്നിട്ട് തുണിയൊക്കെ പൊതിഞ്ഞെടുത്തു.

“ഞാന്‍ പോകുവാ..കുറച്ചു ദിവസം കഴിഞ്ഞേ വരുകയുള്ളൂ..”

ഇത്രയും പറഞ്ഞ് ഞാന്‍ വേഗം ഇറങ്ങി നടന്നു. ആരും പൊട്ടിക്കരഞ്ഞില്ല ! ഒരക്ഷരം മിണ്ടികൂടിയില്ല. സത്യത്തില്‍ എന്നെ എന്റെ അമ്മയ്ക്ക് നന്നായറിയാമെന്നും അവരെത്ര ധീരയാണെന്നും എനിയ്ക്കു ബോധ്യമായ സന്ദര്‍ഭമായിരുന്നു അത്.

പിറ്റേന്ന് വെളുപ്പിനെ ഞങ്ങളെല്ലാം ഉണര്‍ന്നു. കുളിച്ചു കട്ടന്‍ കാപ്പികുടിച്ചു, പോകാന്‍ റെഡിയായി. ഇത്രയും ദിവസം ഞങ്ങള്‍ക്കു വെച്ചു വിളമ്പി തന്ന ആ വീട്ടുകാരോടു യാത്ര പറഞ്ഞിറങ്ങി. രയറോം പുഴയ്ക്കക്കരെയുള്ള നെല്ലിപ്പാറ എന്ന സ്ഥലത്തെ ഒരു സഖാവിന്റെ വീട്ടില്‍ ഞങ്ങള്‍ പ്രതികളെല്ലാം എത്തി. പന്ത്രണ്ടു പേര്‍. ഞങ്ങള്‍ ആ വീടിന്റെ മുറ്റത്തിരുന്നു. അപ്പോള്‍ സമയം രാവിലെ ആറുമണി. അല്പസമയത്തിനകം ഒരു പോലീസ് ജീപ്പു വന്നു. ഒരു എ.എസ്.ഐ. വന്നു എല്ലാവരെയും അറ്സ്റ്റ് ചെയ്തിരിയ്ക്കുന്നു എന്നു പറഞ്ഞു.  ആരും ഒന്നും മിണ്ടാതെ ജീപ്പില്‍ കയറി. സ്ഥലമില്ലാത്തതിനാല്‍ കുറച്ചു പേര്‍ തൂങ്ങിപ്പിടിച്ചു നിന്നു.

ജീപ്പ് പതിനഞ്ചു മിനിട്ടിനകം ആലക്കോട് പോലീസ് സ്റ്റേഷനിലെത്തി.അവിടെയെത്തിയപ്പോള്‍ മറ്റു പ്രതികളും ഉണ്ടായിരുന്നു, ഞങ്ങളുടെയെല്ലാം നേതാവായ വന്ദ്യ വയോധികനായ ബേബിച്ചേട്ടന്‍ അടക്കം. ആകെയുള്ള ഇരുപത്തിമൂന്നു പ്രതികളില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്തല്ലോ. അഞ്ചു പേര്‍ പിടികൊടുക്കാത്തവര്‍.  ബാക്കി പതിനാറു പേരുണ്ട് ഞങ്ങള്‍. രയറോത്തെ എല്ലാ നേതാക്കന്മാരും ഇതിലുള്‍പ്പെട്ടിരുന്നു.

പ്രതികളായാലും പാര്‍ട്ടിക്കാര്‍, പാര്‍ട്ടിക്കാര്‍ തന്നെ എന്നു പോലീസിനു നല്ല ബോധ്യമുണ്ടെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും ബോധ്യമായി. നിറ ചിരിയോടെ സ്വീകരണം. ബേബിച്ചേട്ടനെ പോലുള്ളവരോടു കുശലാന്വേഷണം.

ഒരു പോലീസുകാരന്‍ ലോക്കപ്പ് തുറന്നു തന്നു. ഞങ്ങള്‍ അതിനുള്ളിലേയ്ക്ക് കയറി. പത്തടി സമചതുരമായ മുറിയാണത്. രണ്ടാള്‍ ഉയരമുണ്ട്. മുകളില്‍ ഒരു വെന്റിലേറ്റര്‍ മാത്രം. തറയില്‍ ഒരു കരിമ്പടവും പഴകി കീറിയ പായും കിടപ്പുണ്ട്. ഒരു മൂലയ്ക്കായി മൂത്രമൊഴിയ്ക്കാന്‍ ചതുരാകൃതിയില്‍ ഒരു പാത്തി പുറത്തേയ്ക്ക്. അസഹ്യമായ മൂത്ര നാറ്റം ആ മുറിയില്‍ തങ്ങി നില്‍ക്കുന്നു. എത്രയോ പേരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയ മുറിയാണിത്! ആ മുറിയാകെ നിലവിളികള്‍ തങ്ങി നില്‍ക്കുന്ന പോലെ. ചില സിനിമകളിലും നോവലിലുമൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണല്ലോ നേരില്‍ കാണുന്നത്.
ഞങ്ങള്‍ പായും കരിമ്പടവും വിരിച്ച് അതില്‍ ഇരുന്നു. ഐസ് കട്ടയില്‍ ഇരിയ്ക്കും പോലെ മരവിപ്പാണ് അതിന്റെ തറയ്ക്ക്. പുറത്തെ വിശാല സ്വാതന്ത്ര്യത്തില്‍ നിന്നും പത്തടി സമചതുരത്തിലേയ്ക്ക് ഒതുങ്ങുന്നതിന്റെ ഞെരുക്കം ശരിയ്ക്കും അറിഞ്ഞു. അപ്പോള്‍ ഒരു പോലീസുകാരന്‍ ലോക്കപ്പിന്റെ വാതില്‍ ചെറുതായി ഒന്നു ചാരി..

Sunday 15 August 2010

ഒരു ഓണാഘോഷം - (രയറോം കഥകള്‍ )

നാം മലയാളികളുടെ ദേശീയാഘോഷമാണല്ലോ ഓണം. കാലവര്‍ഷത്തിന്റെയും വറുതിയുടെയും (ഇപ്പോള്‍ അങ്ങനെയൊന്നുമില്ല) നാളുകള്‍ക്കു ശേഷം മാനം തെളിയുകയും ആശ്വാസത്തിന്റെ പൊന്‍‌കിരണങ്ങള്‍ തലനീട്ടുകയും ചെയ്യുന്ന ആ നാളുകള്‍ നമുക്കെല്ലാം അതിരില്ലാത്ത ആഹ്ലാദമാണല്ലോ നല്‍കുക. ഓരോ നാട്ടുകാര്‍ക്കും ഓണാഘോഷത്തിന് അവരുടേതായ സവിശേഷത ഉണ്ടാവും. 

ഈയുള്ളവന്റെ സ്കൂള്‍ കാലം കോട്ടയത്തായിരുന്നു. അവിടുത്തെ ആഘോഷങ്ങള്‍ക്കൊക്കെ കോട്ടയം ടച്ച് ഉണ്ടായിരുന്നു. അത്തപ്പൂക്കളം, തുമ്പി തുള്ളല്‍ , പച്ച കളി (കബഡിയുടെ മറ്റൊരു രൂപം), കിളിത്തട്ടു കളി, എട്ടു കളി, പകിട കളി അങ്ങനെ ധാരാളം വ്യത്യസ്ത കളികള്‍ അവിടെയുണ്ടായിരുന്നു. പിന്നീടാണ് ഞാന്‍ രയറോത്ത് താമസമാകുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഓരം ചേര്‍ന്നു കിടക്കുന്ന ഇവിടെ കുടിയേറ്റക്കാരായ കൃസ്ത്യാനികളും തദ്ദേശീയരായ മുസ്ലീങ്ങളുമായിരുന്നു അധികം. അതുകൊണ്ടു തന്നെ അങ്ങനെ വിപുലമായ ഓണാഘോഷമൊന്നുമുണ്ടായിരുന്നില്ല. അത് ഓണത്തോടുള്ള ഇഷ്ടക്കേടുകൊണ്ടൊന്നുമല്ല, മറിച്ച് അക്കാര്യങ്ങള്‍ക്കൊക്കെ മുന്‍‌കൈയെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

കുടിയേറ്റക്കാരെല്ലാം മുരത്ത കൃഷിക്കാര്‍ . പറമ്പില്‍ കിളയ്ക്കല്‍ , കാടു പറിക്കല്‍ ,റബറിനു തുരിശടി , ചുവടു ചെത്തല്‍ ,കയ്യാല കെട്ടല്‍ , വൈകിട്ട് റാക്കടിയ്ക്കല്‍ , അത്യാവശ്യം തെറി പറച്ചില്‍ , ഞായറാഴ്ചകളില്‍ പന്നിയിറച്ചി അല്ലെങ്കില്‍ മാട്ടിറച്ചി കൂട്ടി സമൃദ്ധമായി കപ്പയടിയ്ക്കുക ഇതൊക്കെയാണ് അവരുടെ നിത്യ ജീവിതം. അതിനപ്പുറമുള്ള ആഘോഷം അരങ്ങം അമ്പലത്തിലെ ഉത്സവമാണ്. ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ , വിഷു ഇതൊക്കെ ഒറ്റദിവസത്തെ ആഘോഷത്തിലൊതുങ്ങും. രയറോം കാരെ സംബന്ധിച്ച് ഈ ആഘോഷം എന്നത്, മാഹിയില്‍ നിന്നും കൊണ്ടു വരുന്ന ഇന്ത്യന്‍ നിര്‍മ്മിത (വ്യാജ) വിദേശ മദ്യം അടിച്ച് കഴുത്തൊടിഞ്ഞു നടക്കുക എന്നതാണ്.

ഇവിടെ ഞങ്ങള്‍ കുറെ യുവാക്കള്‍ പിന്നീട് വിപുലമായ പല ഓണാഘോഷങ്ങളും നടത്തി. ആ കഥകളില്‍ ചിലതു ഞാന്‍ പറഞ്ഞിട്ടുണ്ട്. ചിലത് പിന്നീട് പറയാം. ഇപ്പോള്‍ പറയാന്‍ പോകുന്നത് മറ്റൊരാഘോഷമാണ്.
ഞാന്‍ വിവാഹിതനായ ശേഷമുള്ള ആദ്യ ഓണം. ആദ്യ ഓണത്തിന് ഉച്ചയ്ക്കു ശേഷം നല്ല പാതിയുടെ വീട്ടില്‍ പോകണമെന്നത് അലിഖിത നിയമമാണ്. അതു സാരമില്ല നമുക്കും താല്പര്യമുള്ള കേസാണല്ലോ. ഒരു വി.ഐ.പി. ട്രീറ്റ്മെന്റ് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

അത്തവണത്തെ ഓണാഘോഷം ഒന്നു ഗംഭീരമാക്കണമെന്ന് ഞങ്ങളുടെ സംഘം തീരുമാനിച്ചു. എന്നു വെച്ചാല്‍ ഞാന്‍ , ഭാസി, സിബിച്ചന്‍ അങ്ങനെ അഞ്ചെട്ടു പേര്‍ . ഗംഭീരം എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് നന്നായിട്ടൊന്ന് “ഫിറ്റാ“കുക എന്നതാണ്. ഞാനും ഭാസിയുമൊക്കെ “പബ്ലിക്ക് ഫിഗറാ“യതുകൊണ്ട് വെള്ളമടി അത്യപൂര്‍വം. അതും ഒന്നോ രണ്ടോ പെഗ്. ഇത്തവണത്തെ ഞങ്ങളുടെ തീരുമാനം വിദേശിയെ പൂര്‍ണമായും ഒഴിവാക്കി സ്വയം ഉല്പാദിപ്പിച്ച നാടന്‍ കൊണ്ടൊരാഘോഷം എന്നതായിരുന്നു. പലതാണ് ഗുണം. കളറടിച്ച വ്യാജനു പകരം അസ്സല്‍ “സൊയമ്പന്‍ “ സാധനം കഴിയ്ക്കാം. പിന്നെ, കാശു മുടക്കും കുറവ്. നാടന്‍ നിര്‍മാണത്തിന്റെ മര്‍മ്മമറിഞ്ഞ ആള്‍ക്കാര്‍ നമ്മുടെ സംഘത്തിലുണ്ടല്ലോ.

ഓണത്തിന് ഒരാഴ്ച മുന്‍പേ ഞങ്ങളൊന്നിരുന്നു. വേണ്ട അസംസ്കൃത വസ്തുക്കള്‍ , നിര്‍മാണ സംവിധാനങ്ങള്‍ ഇവയെക്കുറിച്ചുള്ള ഒരാലോചനാ യോഗമായിരുന്നു അത്.  കുറേ നേരത്തെ കൂലംകഷമായ  ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു തീരുമാനത്തിലെത്തി. സാധാരണ നാടന്മാര്‍ വാറ്റുല്പാദിപ്പിയ്ക്കുന്നത് “കാട്ടി വെല്ലം” എന്നറിയപ്പെടുന്ന താഴ്ന്നയിനം ശര്‍ക്കര, നെല്ല്, ബാറ്ററി, അമോണിയ (അമോണിയം നൈട്രേറ്റ്), ഗന്ധകം (സള്‍ഫര്‍ ) എന്നിവ സംയോജിപ്പിച്ചാണ്. അതു പൊതുവിതരണത്തിനായതിനാല്‍ സാരമില്ല. ഇതു സ്വകാര്യ ആവശ്യമായതിനാല്‍ നിലവാരമുള്ള വസ്തുക്കള്‍ വേണം ഉപയോഗിയ്ക്കാന്‍ എന്നത് ഏകകണ്ഠമായ അഭിപ്രായമായിരുന്നു. അതിന്‍ പ്രകാരം കൈതച്ചക്ക, മുന്തിരി, നല്ലയിനം ശര്‍ക്കര (വെല്ലം), പച്ചരി ചതച്ചത് എന്നിവ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഏലയ്ക്കയും ഗ്രാമ്പൂവും കൂടി ചേര്‍ക്കാമെന്നാരോ പറഞ്ഞെങ്കിലും ചില വിദഗ്ധര്‍ അതംഗീകരിച്ചില്ല.പിന്നെ നിര്‍മ്മാണ സാമഗ്രികളായ ഓവു പലക, കലങ്ങള്‍ എന്നിവ സംഘടിപ്പിയ്ക്കണം. ഒരു ലോക്കല്‍ ഉല്പാദകനില്‍ നിന്നും അതു സംഘടിപ്പിച്ചു തരാമെന്ന് ഒരു ചങ്ങാതി ഏറ്റു.

അങ്ങനെ കാര്യങ്ങള്‍ക്കെല്ലാം തീരുമാനമായി. അതു നടപ്പിലാക്കാന്‍ സിബിച്ചന്റെ നേതൃത്വത്തില്‍ ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചു.ടാസ്ക് ഫൊഴ്സ് അത്യുത്സാഹത്തോടെ കാര്യങ്ങള്‍ നീക്കി. പിറ്റേദിവസം തന്നെ അസംസ്കൃത വസ്തുക്കള്‍ സംഘടിപ്പിച്ച് അളവനുസരിച്ച് യോജിപ്പിച്ച് ഞങ്ങളുടെ സ്വന്തം മലയായ  “നായരുമല“യുടെ ഏതോ നിഗൂഡ ഗര്‍ത്തത്തില്‍ ഒളിപ്പിച്ചു. നാലഞ്ചു ദിവസം ഇരുന്നാലേ സംഗതി നന്നായി മൂത്തു കിട്ടൂ!

അങ്ങനെ പൂരാടത്തിന്‍ നാള്‍ രാത്രി വീണ്ടും ഞങ്ങളെല്ലാം ഒത്തുകൂടി. ഓവു പലകയും പാത്രങ്ങളുമെല്ലാം എത്തിയ്ക്കാമെന്നേറ്റവന്‍ കൃത്യമായി എത്തിച്ചു. (ഇത് അവന്റെ സ്വന്തമാണെന്ന് പിന്നെയാരോ പറഞ്ഞു കേട്ടു!)
ഇനി ഡിസ്റ്റിലേഷന്‍ എവിടെ നടത്തും? കാരണം ആ പ്രക്രിയയ്ക്കിടയില്‍ നല്ല മണം വരും. രയറോത്തെ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും പ്രസ്തുത ഗന്ധം സുപരിചിതമായതിനാല്‍ സംഗതി “മണത്തറി”യുമെന്നുറപ്പ്.  ഇതിന്റെ പുറകില്‍ ഞാനും ഭാസിയുമൊക്കെയുണ്ടന്നറിഞ്ഞാല്‍ പിന്നെ നാടു വിടുകയേ രക്ഷയുള്ളു.ഏതായാലും കൂട്ടത്തിലൊരാളുടെ അമ്മച്ചി അവരുടെ മുറ്റത്തു അടുപ്പു കൂട്ടി വാറ്റിയ്ക്കോളാന്‍ പറഞ്ഞു. ഞങ്ങളോടെല്ലാം മക്കളെ പോലുള്ള വാത്സല്യമാണാ അമ്മച്ചിയ്ക്ക്.

അങ്ങനെ ഇരുട്ടിന്റെ മറപറ്റി സാങ്കേതിക വിദഗ്ധന്മാര്‍ വാറ്റാനുള്ള “യന്ത്രം” തയ്യാറാക്കി. ഒരേകദേശ രൂപം പറയാം. മൂന്നു തട്ടായിട്ടാണ് നിര്‍മ്മാണം. ഏറ്റവും അടിയില്‍ വലിയൊരു കലം. ഇതിലാണ് മൂത്ത “വാഷ്” എന്നറിയപ്പെടുന്ന അസംസ്കൃത മിശ്രിതം ഒഴിക്കുന്നത്. അതിനു മുകളില്‍ കളിമണ്ണു കൊണ്ടുള്ള പരന്ന ഒരു ചട്ടി. ഈ ചട്ടിയുടെ അടിയില്‍ വലിയൊരു ദ്വാരം കാണും. ഉള്ളിലായി “ഓവു പലക” ഫിറ്റു ചെയ്യും. ഓവു പലകയ്ക്ക് പുറത്തേയ്ക്ക് ഒരു കുഴലുണ്ട്. ഈ ചട്ടിയ്ക്കു മുകളില്‍ ഒരു കലത്തില്‍ നല്ല തണുത്ത വെള്ളം. പിന്നെ ആവി വെളിയില്‍ പോകാതിരിയ്ക്കാന്‍ മണ്ണു കൊണ്ട് നന്നായി അടച്ച് സീല്‍ ചെയ്യും.ഇത്രയുമായാല്‍ സംഗതി റെഡി. വാഷ് തിളപ്പിയ്ക്കുമ്പോള്‍ , നീരാവി ദ്വാരം വഴി ചട്ടിയിലെത്തും. മുകളിലെ കലത്തിലുള്ള തണുത്ത വെള്ളത്തില്‍ തട്ടി ആവി ചാരായമായി ഓവു പലകയില്‍ വീഴും, പിന്നെ  കുഴല്‍ വഴി പുറത്തു വച്ചിരിയ്ക്കുന്ന കുപ്പിയിലേയ്ക്ക്.  ആദ്യത്തെ ഒരു കുപ്പി “തലവെള്ളം” എന്നാണറിയപ്പെടുന്നത്. ശുദ്ധമായ ചാരായം. വിരലില്‍ തൊട്ട് തീയില്‍ കാണിച്ചാല്‍ കത്തും! അന്ന് എതാണ്ട് മൂന്നു കുപ്പി “സാധനം” കിട്ടി. ചില ആക്രാന്തം പിടിച്ചവന്മാര്‍ അപ്പോള്‍ തന്നെ കുറെ അകത്താക്കി.

ഉത്രാടത്തിന്‍ നാള്‍ വൈകുന്നേരമാണ് പരിപാടി പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. പിറ്റേ ദിവസം ഉച്ചയ്ക്ക് എനിയ്ക്കു ഭാര്യവീട്ടില്‍ പോകണമല്ലോ. നായരുമലയുടെ വിശാലമായ ഒരു വിജനതയില്‍ ഞങ്ങള്‍ ഒത്തു കൂടി. കപ്പ, ഇറച്ചി മുതലായ “ടച്ചിംഗ്സും” കരുതിയിട്ടുണ്ട്. മുന്തിരി, കൈതച്ചക്ക ഇവയൊക്കെ ചേര്‍ന്നതിനാല്‍ ജ്യൂസിന്റെ രുചിയുണ്ടാവുമെന്നായിരുന്നു എന്റെ ധാരണ. അതിന്‍ പ്രകാരം ഗ്ലാസ് അല്പം കൂടുതലായി വായിലേയ്ക്ക് ചെരിച്ചു.
ഹോ.. നാവു കത്തുന്നതു പോലെ തോന്നി! നവരസങ്ങളും ഒന്നിച്ച് മുഖത്ത് പൊട്ടിവിരിഞ്ഞു. പഴുത്ത കാന്താരിമുളക് ചതച്ച് അണ്ണാക്കില്‍ വച്ചാലെന്ന മാതിരി ഞാനൊരൂത്തൂതി!

“ഹൂ...........”
പല വേന്ദ്രന്മാരും ദാഹിച്ചു വശം കെട്ടവര്‍ പച്ചവെള്ളം കുടിയ്ക്കുന്ന മാതിരി അടിയാണടിച്ചത്. സത്യത്തില്‍ ആരാധന തോന്നിപ്പോയി! നമ്മളൊക്കെ വെറും ശിശുക്കള്‍ !അതൊരു കൂടല്‍ തന്നെയായിരുന്നു കേട്ടോ..ആരുമില്ലാത്ത മലഞ്ചെരുവില്‍ ഞങ്ങള്‍ എട്ടു പേര്‍ . ആകെ ആര്‍പ്പും വിളിയും. തമാശകളും പൊട്ടിച്ചിരിയും. ഇടയ്ക്ക് തെറിയും വഴക്കും .പിന്നെയും ചിരിയും ബഹളവും.

സന്ധ്യ മയങ്ങി. എങ്ങനെയെക്കെയോ തപ്പിപിടിച്ച് വീട്ടിലെത്തി പറ്റി. പുതുമണവാട്ടി മുഖം കോട്ടി.  തലയില്‍ കേറി നിരങ്ങാന്മാത്രം കാലമൊന്നുമാകാത്തതു കൊണ്ട് ഒന്നും മിണ്ടിയില്ല. ഞാന്‍ ചെന്ന പാടെ ഒരു കുളിയൊക്കെ കുളിച്ച് നമ്മളു “നോര്‍മലാ”ണെന്നു കാണിയ്ക്കാനായി, ഒരു ചിരി പാസാക്കി. (സാധാരണ ചിരി വളരെ കമ്മിയായ ഞാന്‍ കാരണമില്ലാതെ ചിരിക്കുന്നതു കണ്ടപ്പോഴേ അവള്‍ക്കു മനസ്സിലായി, ഫിറ്റാണെന്ന്!)

“ചോറു വെളമ്പ് ..വല്ലാത്ത വെശപ്പ്..!” 

വയറ്റില്‍ കിടക്കുന്ന കപ്പയും ഇറച്ചിയും അവറ്റയ്ക്കു ജീവനുണ്ടായിരുന്നെങ്കില്‍ എന്നെ അപ്പോള്‍ തന്നെ തല്ലിക്കൊന്നേനെ! ശ്രീമതി ഒന്നു തറപ്പിച്ചു നോക്കിയിട്ട് അടുക്കളയില്‍ പോയി ചോറും കറികളും എടുത്തു വച്ചു.
വളരെ കഷ്ടപെട്ട് ഞാന്‍ പകുതിയോളം അകത്താക്കി,രണ്ടു മീന്‍ പൊരിച്ചതുള്‍പ്പെടെ. ഉടനെ തന്നെ വന്നുകിടക്കുകയും ചെയ്തു. അമ്മയോ അച്ഛനോ ഒന്നും അറിഞ്ഞ മട്ടില്ല. നവ വധു എന്റെ അരികിലെത്തി തിരിഞ്ഞു കിടന്നു. വെളിച്ചം അണഞ്ഞു.

ഒരഞ്ചു മിനിട്ട്. എന്റെ വയറ്റില്‍ കൂടി ഒരു ഗോളം ഉരുളുന്ന പ്രതീതി. ഞാന്‍ ഒന്നു തിരുമ്മി നോക്കി. നോ രക്ഷ.
ഗോളം അല്പം കൂടി മുകളിലെത്തി. സംഗതിയുടെ കിടപ്പു വശം മനസ്സിലായ ഞാന്‍ വായ പൊത്തിക്കൊണ്ട് ചാടിയെഴുനേറ്റു. മുറ്റമാണ് ലക്ഷ്യം. പണ്ടാരമടങ്ങാനായിട്ട് മുന്‍‌വാതിലിന്റെ കൊളുത്ത് നീങ്ങാന്‍ അല്പം താമസിച്ചു. ഒരു വാളിന്റെ സീല്‍ക്കാരം.

“ഗ്വാ..“

സാമാന്യം നല്ല ഉച്ചത്തില്‍ ഈ സൌണ്ടിന്റെ അകമ്പടിയോടെ മുന്‍‌വാതിലിലേയ്ക്ക് കപ്പ, ഇറച്ചി, ചോറ്, മീന്‍ പൊരിച്ചത്, നാടന്‍ ഇവയെല്ലാം കൂടി ഒന്നായി പ്രവഹിച്ചു..

“കുട്ടായിയെ..എന്താടാ ഒരു ശബ്ദം?”

അമ്മയാണ്. അകത്തു നിന്നും അച്ഛനും എഴുനേറ്റു. കാതരമിഴികളോടെ നല്ല പാതിയും. ഇനിയിപ്പോ ആരും അറിയാനില്ലല്ലോ.
മുറ്റത്ത് കുനിഞ്ഞിരുന്ന് പലവട്ടം ഗ്വാ..ഗ്വാ..വച്ചു. നവവധു പുറം തിരുമ്മി തന്നു. പിന്നെ കിണറ്റില്‍ നിന്നും വെള്ളം കോരി വാതില്‍ , തിണ്ണ എല്ലാം അടിച്ചു വാരി വൃത്തിയാക്കി. അന്നു രാത്രി നാലു തവണ ഇങ്ങനെ, ഓട്ടം..ഗ്വാ ഗ്വാ..,പരിപാ‍ടി നടന്നു എന്നാണോര്‍മ്മ.

പിറ്റേദിവസം തിരുവോണം. ഞാന്‍ പതിവു പോലെ ഏഴുമണിയ്ക്ക് തലയുയര്‍ത്താന്‍ ശ്രമിച്ചു. നടന്നില്ല. വെളിച്ചം കണ്ണിലടിയ്ക്കുമ്പോഴേയ്ക്കും തല പിളര്‍ക്കുന്ന വേദന. വീണ്ടും ചുരുണ്ടു കൂടി.ഉച്ചയായി. എല്ലാവരും തിരുവോണമുണ്ണുമ്പോള്‍ ഞാന്‍ തലപൊത്തി ചുരുണ്ടു കൂടി കിടന്നു. നല്ല പാതി അടുത്തിരുന്ന് കണ്ണീരൊഴുക്കി. ഇടയ്ക്കിടയ്ക്ക് മോരും വെള്ളം കൊണ്ടു തന്നു. മോരുംവെള്ളം പോയിട്ട് ഒരിറ്റു വെള്ളമിറക്കാനാവാതെ ഞാന്‍ തിരിഞ്ഞു കിടന്നു. 

ഏതാണ്ട് അഞ്ചുമണിയോടെയാണ് കെട്ടിറങ്ങിയത്. പിന്നെ, ഒരു വിധം കുളിച്ച് ഓളെയും കൂട്ടി അവളുടെ വീട്ടിലേയ്ക്കു പോയി.ഏഴുമണിയായി അവിടെ എത്തുമ്പോള്‍ . ഉച്ചയ്ക്ക് വരുമെന്നു പ്രതീക്ഷിച്ച് എന്തൊക്കെയോ ഉണ്ടാക്കിയിരുന്നു. ഒക്കെ വളിയ്ക്കാനായി.

“അല്ല..എന്താ മിനിയെ നീയിത്രേം താമസിച്ചേ? സന്ധ്യാ നേരത്താണോ ഓണം കൂടാന്‍ വരുന്നെ? “

ഫാദര്‍ -ഇന്‍ -ലോയുടേത് ന്യായമായ സംശയം.

“അതോ..ഏട്ടന്‍ അവ്ടത്തെ ക്ലബ് സെക്രട്ടറിയല്ലേ..എന്തൊക്കെയോ ഓണപ്പരിപാടിയായ കാരണം
താമസിച്ചതാ അച്ഛാ..”

എന്റെ നേരെ ഒന്നു പാളി നോക്കിയിട്ട് അവള്‍ പറഞ്ഞു.

“ങാ..നാട്ടില്‍ വേണ്ടപ്പെട്ടോരൊക്കെ ആവുമ്പം അങ്ങനെയൊക്കെയാ..നിങ്ങളു കുളിച്ചിട്ട് വല്ലതും കഴിയ്ക്ക്”

പാവം മിനീടച്ഛന്‍ ! അങ്ങേരറിയുന്നുണ്ടോ നമ്മുടെ ഓണാഘോഷം!

Thursday 5 August 2010

പുഴയില്‍ വിഷം കലര്‍ത്തുന്നവര്‍



നമ്മുടെ സാമൂഹ്യബോധവും പരിസ്തിതി ബോധവും എവിടെയെത്തി എന്നതിന് ഉത്തമ ഉദാഹരണം രയറോത്ത് നടന്നിരിയ്ക്കുന്നു!
മുകളില്‍ കൊടുത്ത വാര്‍ത്ത ഇതു വരെ വായിയ്ക്കാത്തവര്‍ തീര്‍ച്ചയായും വായിയ്ക്കണം.

പുതിയ കച്ചവട സ്ഥാപനം തുടങ്ങുമ്പോള്‍ പഴയ, ബാക്കിയായ കെട്ടുകണക്കിന് കുപ്പി കീടനാശിനി അല്പവും മടി കൂടാതെ തങ്ങളുടെ അടുത്ത പുഴയിലേയ്ക്ക്  കെട്ടിത്താഴ്ത്തുന്നവരുടെ ബോധം എന്തായിരിയ്ക്കും?
പുഴയില്‍ നിന്നും ശേഖരിച്ച കീടനാശിനികള്‍: മാതൃഭൂമി

ഇവര്‍ ഇത്രയും കാലം ജീവിച്ചിട്ട് ഈ സമൂഹത്തില്‍ നിന്നും എന്തു ബോധമാണ് സ്വീകരിച്ചിരിയ്ക്കുക? ഇത്തരം ആള്‍ക്കാര്‍ ജീവിച്ചിട്ട് ഈ സമൂഹത്തിനെന്താണ് ഗുണം?

കണ്ണാടി പോലുള്ള അമൃതജലം ഒഴുകുന്ന നൂറുകണക്കിന് പേര്‍ നിത്യവും മുങ്ങിക്കുളിയ്ക്കുന്ന അപൂര്‍വ ജൈവ സമ്പത്തുള്ള രയറോം പുഴയിലേയ്ക്കാണ് ഈ സമൂഹ്യ ദ്രോഹികള്‍ കൊടും വിഷം തള്ളി വിട്ടത് എന്നോര്‍ക്കുമ്പോള്‍ സങ്കടവും ലജ്ജയും തോന്നുന്നു.

നാം മലയാളി സമൂഹം പതിച്ചുകൊണ്ടിരിയ്ക്കുന്ന പടുകുഴിയുടെ ആഴം വെളിവാക്കുന്നതാണ് ഈ സംഭവം. ഞാനും എന്റെ സ്വന്തവും മാത്രം മതി, ബാക്കിയെന്തായാലും എനിയ്ക്കെന്താ എന്ന ഈ രീതി നമ്മുടെയെല്ലാം മുഖമുദ്രയായി കഴിഞ്ഞിരിയ്കുന്നു.


ശത്രുക്കള്‍ പോലും ചെയ്യാന്‍ മടിയ്ക്കുന്ന ഈ പ്രവൃത്തി ചെയ്തവര്‍ക്ക് നിയമം അനുശാസിയ്ക്കുന്ന ഏറ്റവും കഠിന ശിക്ഷ നല്‍കേണ്ടതാണ്.

പരിസ്ഥിതിയെന്നും കണ്ടലെന്നും കേള്‍ക്കുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന ആരേയും ഇതു വരെ രയറോത്തേയ്ക്കു കണ്ടില്ല!

ഇതുസംബന്ധമായ വാര്‍ത്തകള്‍:
 മാതൃഭൂമി, മാതൃഭൂമി