Ind disable

Sunday, 30 May 2010

ചില വിപ്ലവ പ്രവര്‍ത്തനങ്ങള്‍

ഞങ്ങളുടെ രയറോത്തോളം രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു പ്രദേശം കേരളത്തില്‍ തന്നെ അപൂര്‍വമായിരിയ്ക്കും. എതാണ്ട് ഒട്ടുമിക്കവാറും പാര്‍ട്ടികള്‍ ഇവിടെയുണ്ട്. പൊതുവില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാവരും സഹകരിച്ച് സന്തോഷിച്ച് ജനങ്ങളെ സേവിച്ചൂ പോന്നു. പിന്നെ ചട്ടീം കലവുമൊക്കെയാവുമ്പോള്‍ വല്ലപ്പോഴുമൊന്നു തട്ടിയെന്നും മുട്ടിയെന്നുമൊക്കെയിരിയ്ക്കും. അതിത്ര കാര്യമാക്കാനുണ്ടോ! പണ്ടൊക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-ലീഗ് ഇവറ്റകളൊക്കെ അടക്കിവാണിരുന്ന ഇവിടേയ്ക്ക് ആരൊക്കെയോ ചേര്‍ന്ന് ചുവപ്പു തീപ്പൊരി വാരിയിട്ടു. കോളേജില്‍ പോയ ചെക്കന്മാര്‍ പലരും അതില്‍ കേറിപ്പിടിച്ചു. അങ്ങനെ ചുവപ്പിനും അത്യാവശ്യം അഡ്രസ്സൊക്കെ ആയി. ഇപ്പറയുന്ന ഞാനും അതില്‍ പെട്ടു. എന്റെ കൂടെ എറ്റവും അടുത്ത സുഹൃത്ത് ഭാസിയും എല്ലാത്തിനുമൊപ്പം കാണും.ഞങ്ങള്‍ യുവജന നേതാക്കള്‍ . അത്യാവശ്യം പിരിവുകള്‍ , മെംബര്‍ഷിപ്പ് ചേര്‍ക്കല്‍ ,രയറോത്ത് പ്രകടനം നടത്തല്‍ ഇതൊക്കെയാണ് ഞങ്ങള്‍ ചെക്കന്മാരുടെ ഡ്യൂട്ടി. പിന്നെ വല്ലപ്പോഴുമൊക്കെ തളിപ്പറമ്പ്, കണ്ണൂര്‍ മുതലായ വിദൂരദിക്കുകളിലും പോകും,സമരത്തിന് .
ഞങ്ങളുടെ നാട്ടിലേയ്ക്ക് അന്ന് ബസ് നാലാണ് തളിപ്പറമ്പില്‍ നിന്നും കണ്ണൂരുനിന്നുമായിട്ട്. അതില്‍ തന്നെ രണ്ടു ബസ് ഒരാളുടേതാണ്. അയാളോ മഹാ അഹങ്കാരിയും. ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിതാന്ത ശത്രുക്കളായിരുന്നു ഈ ബസുകളിലെ ജീവനക്കാര്‍. കാരണം അവന്മാര്‍ക്ക് കണ്‍സെഷന്‍ തരണമെങ്കില്‍ പാസ് നിര്‍ബന്ധമാണുപോലും. പിന്നെ ഒരു മാതിരി ചോദ്യങ്ങളും. അങ്ങനെയിരിയ്ക്കെ സര്‍ക്കാര്‍ ഒരു ദിവസം വണ്ടിക്കൂലിയെല്ലാം കൂട്ടി വിളംബരമിറക്കി. ഹാ..ഞങ്ങളെല്ലാം സമരത്തിലായില്ലേ. ഒറ്റ ബസും ഓടാന്‍ സമ്മതിയ്ക്കില്ല. ഞങ്ങള്‍ പ്രഖ്യാപിച്ചു.(കേരളത്തിലെല്ലായിടത്തും അങ്ങനെ തന്നെയായിരുന്നു അന്ന്). ആ എരണം കെട്ട മുതലാളിയുടെ ഒഴിച്ച് രണ്ടു ബസും അന്നങ്ങോട്ട് വന്നേയില്ല. അവര്‍ക്ക് കാര്യമറിയാം. എന്നാ ഇവന്‍ അങ്ങനെ ഒതുങ്ങുന്നവനല്ലല്ലോ? അത്യാവശ്യം പോലീസിലും രാഷ്ട്രീയത്തിലും നല്ല പിടിപാടുമുണ്ട്. ഞങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അയാളുടെ “എമ്പയര്‍ “ ബസ്സു രയറോത്തേയ്ക്ക് ഹോണുമടിച്ച് വന്നു. അന്നേരം രയറോത്ത് ഞങ്ങള്‍ പത്തിരുപതു പേരുണ്ട്. പിന്നെ മറ്റുള്ളവരായി കുറച്ചു പേരും. ഞങ്ങള്‍ അട്ടഹസിച്ചുകൊണ്ട് ബസിനു മുന്നില്‍ ചാടി. അങ്ങനെയങ്ങു പോകാനോ? നില്ലവിടെ...
യാത്രക്കരൊക്കെ കുറച്ചുപേര്‍ മാത്രം.
അവേശം പൂണ്ട് ഞങ്ങള്‍ കുറച്ച് മുദ്രാവാക്യമൊക്കെ വിളിച്ച് രംഗം ചൂടാക്കി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസൊരിടത്ത് ഒതുക്കി പണിക്കാര്‍ മാറി നില്‍ക്കുകയേ ഒള്ളൂ. എന്നാല്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നാണല്ലോ. അവന്മാരൊരു ചൂടാകല്. ആരൊ കിട്ടിയ ഒരു വിറകു കമ്പെടുത്ത് ബസിന്റെ ബോഡിയ്ക്കൊരടി അടിച്ചു. (ബസിനെന്നാ പറ്റാനാ). പിന്നെ കൂടുതല്‍ മൂപ്പിച്ച കിളിയ്കിട്ടൊരു തള്ളും കൊടുത്തു. ഇത്ര മാത്രമേ ഞങ്ങള്‍ ചെയ്തൊള്ളു. അവന്മാരതൊരു വലിയ ഇഷ്യൂ ആയിട്ടെടുത്തു. ഒരുത്തന്‍ ഒരു ജീപ്പും പിടിച്ച് പാഞ്ഞു പോകുന്നതു കണ്ടു. ഏതാണ്ടു പതിനഞ്ചു മിനിട്ടുകഴിഞ്ഞില്ല നീലവണ്ടി വന്നു ബ്രേക്കിട്ടു, മനസ്സിലായല്ലോ പൊലീസ്! പോലീസ് പുല്ലാണെന്നൊക്കെ പറയുമെങ്കിലും സത്യം പറഞ്ഞാല്‍ ചെറിയൊരു പേടി ഇല്ലാതില്ല. വകതിരിവില്ലാത്തവന്മാരാണ്.
എന്തായാലും ആളു കൂടി. പലരും നമ്മുടെ പരിചയക്കാരൊക്കെയാണല്ലോ. പിന്നെ ഞങ്ങള്‍ നല്ലൊരു കാര്യത്തിനാണല്ലോ സമരം ചെയ്യുന്നതും. സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം. എസ്.ഐ.ഒരു മര്യാദക്കാരനാണെന്നു തോന്നുന്നു, അങ്ങനെ വിരട്ടിയൊന്നുമില്ല. മാത്രമല്ല കുറച്ചു മര്യാദയോടെ സംസാരിയ്ക്കുകയും ചെയ്യുന്നു! അതോടെ നമുക്കു കുറച്ചു വീര്യം വച്ചു. മേലു നോവില്ലെങ്കില്‍ പിന്നെ അല്പം യൌവനം തിളച്ചാലെന്താ? കുറേ നേരം വിപ്ലവ വായാടിത്തം നടത്തി.
അപ്പോള്‍ എസ്.ഐ ഏമാന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: “നിങ്ങളൊരു കാര്യം ചെയ്യ്. ഒരു മാസ് പെറ്റീഷന്‍(ഭീമ ഹര്‍ജി) ഒപ്പിട്ട് ഇങ്ങു താ..ഞാന്‍ മുകളിലോട്ടു കൊടുക്കാം. വെറുതെ കിടന്ന് ഒച്ചേം ബഹളോം വച്ചിട്ടെന്തു കാര്യാടോ?” അതൊരു നല്ല ഐഡിയാ ആണല്ലോ. അതാണ് വിദ്യാഭ്യാസമുള്ളവരെ പോലീസിലെടുക്കണമെന്നു പറയുന്നത്. ഞങ്ങള്‍ വേഗം ഒരു പായ വെള്ളക്കടലാസ്, ബോള്‍ പേന ഇവ സംഘടിപ്പിച്ചു. ഒന്നാമതായി ഞാന്‍ , പിന്നെ ഭാസി അങ്ങനെ അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൊണ്ട് ഒപ്പിടുവിച്ചു. എന്നിട്ടും കടലാസങ്ങോട്ട് നിറയുന്നില്ല. ഒരു പായ ബാക്കി കിടക്കുന്നു. പെറ്റീഷനൊരു ഗുമ്മുവേണമെങ്കില്‍ നിറയെ ആളുടെ ഒപ്പു വേണം. അല്ല അതിനെന്താ വിഷമം? എല്ലാവരേം നമ്മളറിയുന്നതു തന്നെയല്ലേ..പേരും ഒപ്പും അങ്ങോട്ട് വച്ചു കാച്ചണം! ഒരു നല്ല കാര്യത്തിനല്ലേ? അങ്ങനെ ഞങ്ങള്‍ ഒരിടത്ത് കുത്തിയിരുന്ന് പേപ്പര്‍ നിറയുവോളം ഒരു മാതിരി അറിയുന്നവരുടെ പേരും വീട്ടുപേരും ഒപ്പുമങ്ങ് തട്ടി. വളരെ അഭിമാനത്തോടെ ആണ് ഞാന്‍ ആ ഭീമ ഹര്‍ജി എസ്.ഐ യെ ഏല്പിച്ചത്. ബസ് കൂലി കുറയ്ക്കേണ്ടതിന്റെ ആവശ്യകത, ചാര്‍ജ് കൂട്ടിയ സര്‍ക്കാരിന്റെ നെറികെട്ട നയത്തിനെതിരെ തീതുപ്പുന്ന രണ്ട് ഡയലോഗ് എന്നിവ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ജി.
അതേല്പിയ്ക്കുമ്പോള്‍ പരമാവധി വിപ്ലവവീര്യം മുഖത്തു വരുത്താനും ഞാന്‍ മറന്നില്ല. അപ്പോള്‍ ഭാസിയും കൂട്ടരും ചുരുട്ടിയ മുഷ്ടികള്‍ കൊണ്ട് വായുവില്‍ ആഞ്ഞിടിച്ച് മുദ്രാവാക്യം വിളിച്ചു.  ഞങ്ങളുടെ ആള്‍ബലം കണ്ടിട്ടോ എന്തോ കിളിയെ തള്ളിയതിനെയോ  ബസിനിട്ട് അടിച്ചതിനെയോ കുറിച്ച് ഒരു വാക്ക് പോലീസ് ചൊദിച്ചില്ല. അങ്ങനെ രയറോത്ത് ഒരു കൊച്ചു സഖാവ് ഉദയം ചെയ്തു.
എതാണ്ട് ഒരു മാസം കഴിഞ്ഞു. രയറോത്ത് ഒരു പോലീസുകാരന്‍ ബസിറങ്ങി. ആലിക്കായുടെ ചായക്കടയില്‍ കേറി ഒരു ചായയും കടിയും കഴിയ്ക്കുന്നതിനിടെ തിരക്കി:
“ഈ മഠത്തില്‍ ബിജുകുമാറിന്റെ വീടെവിടെയാ..?“ ആലിക്കാ റൂട്ടും പറഞ്ഞുകൊടുത്തു. എന്തിനു കൂടുതല്‍ വിസ്തരിയ്ക്കണം, ബിജുകുമാര്‍ , ഭാസി തുടങ്ങി നൂറ്റിയിരുപതു പേരുടെ പേരില്‍ കേസ്! കോടതിയില്‍ നിന്നും സമന്‍സുമായി വന്നതാണ്. എന്റമ്മേ..കള്ളനെ വിശ്വസിച്ചാലും ഈ പോലീസിനെ വിശ്വസിക്കരുതെന്നു പറയുന്നതെത്ര ശരി. അല്ലേലും ബസ് ചാര്‍ജ് കൂട്ടിയതിന് പോലീസിനെന്തിനാ പെറ്റീഷന്‍ കൊടുക്കുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതായിപ്പോയല്ലോ! ഞങ്ങടെ കാര്യം പോട്ട്. വെറുതെ വീട്ടിലിരുന്നവരുടെ പേരിലും കേസായില്ലേ. പണ്ടാരടങ്ങാനായിട്ട് ആരുടെയൊക്കെ പേരുണ്ടെന്നു പോലും ഓര്‍മ്മയില്ല.
ഏതായാലും മൂത്ത സഖാക്കന്മാര് ഇടപെട്ടതു കൊണ്ട് ആരും അങ്ങനെ ചീത്ത വിളിയ്ക്കുകയോ കൈവക്കുകയോ ചെയ്തില്ല.അങ്ങനെയിരിക്കെയാണ് യുവ വിപ്ലവ സംഘടനയുടെ മെംബര്‍ ഷിപ്പ് ചേര്‍ക്കല്‍ പരിപാടി വന്നത്. സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ എനിയ്ക്കും ഭാസിയ്ക്കും ഒഴിയാനേ പറ്റില്ല.  പിന്നെ നമ്മുടെ തന്നെ സഖാക്കന്മാരുടെ വീടുകളാണല്ലോ. ഇടയ്ക്കു കാപ്പി, ചായ, ചിലപ്പോള്‍ ബിസ്കറ്റ്, റസ്ക് പോലുള്ള കടികള്‍ ഒക്കെ കിട്ടും. അങ്ങനെ ചേര്‍ത്തു ചേര്‍ത്തു വരുന്ന സമയം.
ഒരു അച്ചായന്റെ വീടുണ്ട്. ആളു ചെറിയൊരു അനുഭാവിയെന്നു പറയാം. വോട്ടൊക്കെ ചെയ്യും എന്നാല്‍ പാര്‍ട്ടിയെ ചീത്ത വിളിക്കുകേം ചെയ്യും. ഒരു മാതിരി പൂള അച്ചായന്‍ . എന്നാല്‍ പുള്ളീടെ മോന്‍ നമ്മുടെ ഒരു മെംബറാണ്, രഹസ്യമായി. അച്ചായനീ പരിപാടിയൊന്നും പിടിക്കത്തില്ല. രാവിലെ പറമ്പിലിറങ്ങിക്കോണം കിളച്ചോണം ആ ഒരു ലൈനാണ് കക്ഷിയ്ക്ക്. നമ്മുടെ ഈ യുവ മെംബര്‍ ആകെ ആഴ്ചയിലൊരിയ്ക്കല്‍ അതായത് ശനിയാഴ്ചയാണ് രയറോത്തിറങ്ങുക. മനോരമ ആഴ്ചപതിപ്പ്, ഉണക്ക മത്തി അല്ലെങ്കില്‍ അയല, ദിനേശ് ബീഡി, പിന്നെ വല്ല ചൂടിക്കയറോ മറ്റോ അങ്ങനെ ഒരാഴ്ചത്തേയ്ക്ക് വേണ്ട പര്‍ച്ചേസിങ്ങാണ് ലക്ഷ്യം. ആകെ പുറം ലോകവുമായുള്ള ബന്ധം അതാണ്. കക്ഷിയെ നമുക്ക് മത്തിയാസേന്നു വിളിയ്ക്കാം. അങ്ങനെ ഈ മത്തിയാസിനെയാണ് ഇനി ചേര്‍ക്കേണ്ടത്. ഞങ്ങളു നോക്കുമ്പോള്‍ മത്തിയാസും അച്ചായനും ആരോടോ കലി തീര്‍ക്കുന്ന മാതിരി വെട്ടുതൂമ്പായെടുത്ത് ആഞ്ഞു കിളയ്ക്കുകയാണ്.
“എടാ ഭാസീ..ഇയാടെ പേര് മറ്റേ ലിസ്റ്റിലുണ്ടായിരുന്നോ? “ഞാന്‍ ചൊദിച്ചു. ആ.. അവനോര്‍മ്മയില്ല പോലും. ഉണ്ടെങ്കില്‍ എന്തായാലും അയാള്‍ക്കോര്‍മ്മയില്ലാതിരിയ്ക്കില്ല.
“അവിടെ കേറണോ?” എനിയ്ക്ക് സംശയം. “പിന്നെ കേറാതെ..” ഭാസി. യുവ വിപ്ലവകാരികള്‍ ഒരു പൂളച്ചേട്ടനെ പേടിച്ച് കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിയ്ക്കുകയോ?
പുറകില്‍ നിന്നും ആരോ തള്ളി മലകയറ്റുന്നതു പോലെ ഞങ്ങള്‍ രസീത് കുറ്റി, പേന ഇവയൊക്കെ കൈയിലെന്തി പറമ്പിലെയ്ക്ക് കയറി. അച്ചായന്റെ നോട്ടത്തില്‍ എന്തോ ഒരു പന്തികേടില്ലേ..ആ സാരമില്ല. വേഗം രസീതെഴുതികൊടുത്തിട്ട് സ്ഥലം കാലിയാക്കണം.
ചെറിയൊരു ഉപചാര വചനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ മത്തിയാസിനോടു പറഞ്ഞു.: “മത്തിയാസെ, ഈ വര്‍ഷത്തെ മെംബര്‍ഷിപ്പ് പുതുക്കേണ്ടെ?” മത്തിയാസ് വിളറിയ ഒരു ചിരി ചിരിച്ചിട്ട് അപ്പച്ചനെ ഒളികണ്ണിട്ട് നോക്കി.
ഭാസിയും ഞാനും കുന്തങ്കാലില്‍ ഇരുന്നു കൊണ്ട് രസീത് താളു മറിച്ചു, പുതിയത് എഴുതിക്കൊടുക്കാന്‍.
“എഴുന്നെക്കടാ അവ്ട്ന്ന്. ഒരു കുറ്റീം കൊണ്ടിറങ്ങിയിരിയ്ക്കുന്നു! നിന്റെയൊക്കെ മറ്റേടത്തെ പണികൊണ്ട് ഞാനിപ്പം കോടതി കേറി നടക്കുവാ..മര്യാദയ്ക്ക് പറമ്പിപണിതോണ്ടിരുന്ന എന്റെ പേര് ആരാടാ പോലീസില്‍ കൊടുത്തത്?” ‘പിള്ളേരെ വഴിതെറ്റിക്കാനായിട്ട് ഇറങ്ങിക്കോളും ഒരു പണീം ഇല്ലാതെ”. (ഏതാണ്ട് ഈ അര്‍ത്ഥം വരുന്ന വാക്കുകളാണ് ടിയാന്‍ പ്രയോഗിച്ചത്.അതിന്റെ ഏറ്റവും മാന്യവും നിലവാരമുള്ളതുമായ പരിഭാഷയാണ് ഈ എഴുതിയത്.)
വഴിയിലേയ്ക്ക് ചാടുന്നതിനിടയില്‍ എന്റെ കാല് ഒരു കല്ലില്‍ തട്ടുകയും ചെയ്തു. ഹോ..എന്നാലും മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ? ഒന്നുവല്ലേ അയാടെ മകന്റെ പ്രായമല്ലേ ഞങ്ങള്‍ക്കും? വെറുതെയല്ല ആള്‍ക്കാര്‍ നക്സലും മാവോയിസ്റ്റുമൊക്കെയാകുന്നത്. ആര്‍ക്കായാലും തലയെടുക്കാന്‍ തോന്നിപ്പോകും. മത്തിയാസ് നിരപരാധിയും സ്ഥിരം മെംബറുമായതുകൊണ്ട് എന്റെ പോക്കറ്റില്‍ നിന്നും ഒരു രൂപ ഫീസടച്ച് അവന്റെ പേരില്‍ രെസീത് കീറി.
വാല്‍ക്കഷണം: പണിയെടുക്കാതെ രാഷ്ട്രീയം കളിച്ചു നടക്കുന്ന എന്നെപ്പോലുള്ള തലതെറിച്ചവന്മാരോട് അപ്പനമ്മമാര്‍ പറയാറുള്ളത്. “ നീയൊക്കെ ആ മത്തിയാസിനെ കണ്ടു പടിക്കടാ.. രാവിലെ അപ്പന്റെ കൂടെ പറമ്പിലെറങ്ങിയാല്‍ വൈകിട്ടേ കേറുകയുള്ളൂ. അങ്ങനെയാ അധ്വാനിയ്ക്കുന്ന ചൊവ്വൊള്ള പിള്ളേര്.കുടുംബം മുടിക്കാനായിട്ട് ഓരോന്നൊക്കെ രാവിലെ എറങ്ങിക്കോളും നാടു നന്നാക്കാന്‍ “
മത്തിയാസിനെ ഈ അടുത്ത ഇടയ്ക്കും ഞാന്‍ കണ്ടു. കക്ഷത്തില്‍ മനോരമ വീക്കിലി. തലയില്‍ ഒരു സഞ്ചിപിണ്ണാക്ക്, ഉണക്കമീന്‍ , പിന്നെ കൈയില്‍ കയറും. ഓ പിന്നെ, എനിയ്ക്കത്രയ്ക്കങ്ങോട്ട് നന്നാകണ്ടാ.

(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)

Tuesday, 25 May 2010

നെല്ലിക്കാനം തോമാചേട്ടന്‍

രയരോം പാലം കടന്നാല്‍ ആദ്യം കാണുന്നത് ജമാ‍ അത്ത് പള്ളി. പിന്നെ നിരനിരയായി കുറച്ചു കടകളും മൂന്നു ചായക്കടകളും. അതും കടന്നാല്‍ ഗവ: സ്കൂള്‍ ,ക്രിസ്ത്യന്‍ പള്ളി. അതിനുമപ്പുറത്ത് രയറോത്തോട് സഹവസിച്ചു കഴിയുന്ന രാജ്യമാകുന്നു നെല്ലിക്കാനം. ചെറിയൊരു മലയും മലനിറയെ റബറും അടിവാരത്ത് വലിയൊരു പാറമടയും ചേര്‍ന്ന നയനമനോഹരമായ രാജ്യം. അവിടെ ആ പാറമടയുടെ അല്പം മുകളിലായി ഞങ്ങടെ നെല്ലിക്കാനം തോമാ ചേട്ടന്‍ വസിയ്ക്കുന്നു. ഒപ്പം ഒരു ഭാര്യയും രണ്ടു കുട്ടികളും. ഭാര്യയും കുട്ടികളെയും തോമാചേട്ടനെയും ഒന്നിച്ചു കണ്ടാല്‍ അവരുടെ വയസ്സുകള്‍ തമ്മിലങ്ങോട്ട് ടാലിയാകുന്നില്ലല്ലോ എന്നൊരു സാമാന്യ സംശയം ആര്‍ക്കും തോന്നാം. സംഗതി സത്യമാണ്. ഇത് തോമാചേട്ടന്റെ രണ്ടാം കെട്ടാണ്. ഒന്നാം കെട്ടിലെ നല്ല ഗഡാകടിയന്മാര്‍ ആമ്പ്രന്നോന്മാര്‍ പെണ്ണും കെട്ടി വേറേ താമസിയ്ക്കുന്നുണ്ട്.
തോമാചേട്ടനെക്കുറിച്ച് പറഞ്ഞാല്, പി.ഡബ്ലിയൂ ക്കാര് ടാറിങ്ങ് കഴിഞ്ഞിട്ട് ബാക്കി ഉപേക്ഷിച്ച് പോകുന്ന വീപ്പയോട് സാമ്യപ്പെടുത്താം നിറത്തിലും രൂപത്തിലും. കഴുത്തിലെ കൊന്തയാണ് മുഖ്യ ട്രേഡ്മാര്‍ക്ക്. ഇടതുകാലിന് സാമാന്യം നല്ല മുടന്തുണ്ട്. ഈ മുടന്തിന്റെ പുറകില്‍ ഒരു കഥ(സംഭവം തന്നെ)യുണ്ട്. തോമാചേട്ടന്റെ ആദ്യകുടിയിലെ ആണ്മക്കളിലൊരുത്തനു കശാപ്പാണു പണി. അന്ന് അപ്പനും മക്കളും നല്ല ടേംസില്‍ . ഭാര്യ മരിച്ചിട്ടും  അപ്പന്‍ രണ്ടാമതു കെട്ടിയിട്ടുമില്ല. ഇടയ്ക്കൊക്കെ മകനെ സഹായിക്കാന്‍ അപ്പനും കൂടും.
ഒരു ഈസ്റ്റര്‍ വെളുപ്പാന്‍ കാലം. ഒന്നാന്തരം പോത്തൊരെണ്ണത്തിനെയാണ് തട്ടാന്‍ റെഡിയാക്കിയിരിയ്ക്കുന്നത്. കശാപ്പിന്റെ അന്നത്തെയൊരു രീതി, നല്ല കനമുള്ള ഒരു കോടാലിയെടുത്ത് പോത്തിന്റെ നെറ്റിനോക്കി ആഞ്ഞോരടിയടിയ്ക്കുക എന്നതാണ്. നല്ല ശക്തിയില്‍ കൃത്യമായി അടിച്ചാലെ സാധനം വീഴൂ. എന്തോ അന്ന് മകനു പകരം അപ്പനാണ് അടിയ്ക്കാനേറ്റത്. പുള്ളി ഇക്കാര്യത്തില്‍ മാസ്റ്ററുമാണ് കേട്ടോ. അങ്ങനെ ആ വെളുപ്പാന്‍ കാലത്ത് അരണ്ട പെട്രോമാക്സിന്റെ വെട്ടത്തില്‍ നല്ല വാക്കത്തിന് നിന്ന് കനമുള്ള കോടാലിയൊരെണ്ണം പോത്തിന്റെ തിരുനെറ്റി നോക്കി തോമാചേട്ടന്‍ ആഞ്ഞു വീശി! വിവരം കെട്ട പോത്ത് തലയങ്ങു വെട്ടിച്ചുകളഞ്ഞു! പോത്ത് നല്ല മുറ്റനായതിനാല്‍ അടിയ്ക്കും അസാമാന്യ മുറ്റായിരുന്നു. പോത്ത് തലവെട്ടിച്ചു എന്ന സത്യം കണ്ണുകളില്‍ നിന്നും തലച്ചോറിലെത്തുന്നതിന്റെ പകുതിസമയം കൊണ്ട് അതു സംഭവിച്ചുകഴിഞ്ഞിരുന്നു!ഇടത് മുട്ട് പൊത്തിക്കൊണ്ട് തോമാച്ചേട്ടന്‍ നിലത്തുകിടന്ന് ഉരുണ്ടു.
ഏറെക്കാലത്തെ ചികിത്സക്കുശേഷമാണ് തോമാച്ചേട്ടന് ഒരുവിധം നടക്കാനായത്. അക്കാലത്താണ് ഒരു പെണ്‍‌തുണയുടെ ആവശ്യം ബോധ്യമായതും അതേച്ചൊല്ലി ആണ്‍‌മക്കള്‍ ഒടക്കിയതും. പോട്ടെ അതൊക്കെ കഴിഞ്ഞ കഥകള്‍..
തോമാചേട്ടന്‍ ആരോടും വലിയ ലോഹ്യത്തിനില്ല. ചുരുക്കം ചിലര്‍ മാത്രമേ കമ്പനിയുള്ളൂ. അത്യാവശ്യം പരദൂഷണം, കുന്നായ്മ ഇതൊക്കെയില്ലാത്ത ഏതു മലയാളിയാ ഒള്ളത്? തോമാചേട്ടനും ഒരു മലയാളിയല്ല്യോ?
തോമാചേട്ടന്റെ ഒരു രീതിയെന്താന്നു വെച്ചാല് പുള്ളിക്കല്പം ഈര്‍ഷ്യയുള്ള ആരെക്കുറിച്ച് പറഞ്ഞാലും ഒരു നാമവിശേഷണം ചേര്‍ത്തേ പറയുകയുള്ളു എന്നതാണ്. ആ വിശേഷണപദമാകട്ടെ, ആണുങ്ങളുടെ ഏതൊ അവയവത്തിന്റെ അസംസ്കൃതനാമവും എനിയ്ക്കിവിടെ എഴുതുവാന്‍ പറ്റാത്തതുമാകയാല്‍ “ഡാഷ് “എന്നു മാത്രം പറയുന്നു.
ഒരിയ്ക്കല്‍ രയറോം പള്ളിയില്‍ കള്ളന്‍ കയറുകയും കുറേ റബര്‍ ഷീറ്റ് അടിച്ചോണ്ടു പോകുകയും ചെയ്തു. ഇടിയന്‍ ജോര്‍ജാണന്നത്തെ ആലക്കോട് എസ്.ഐ. ഇടിയനും കുറച്ചു കടിയന്മാരും കൂടെ അന്വേഷണത്തിനെത്തി. പള്ളിമുറ്റത്തൊരു കസേരയിട്ട് ഇടിയന്‍  സാക്ഷി മൊഴിയെടുക്കല്‍ , കണ്ണുരുട്ടല്‍ , കുറ്റവിചാരണ, ഇടയ്കിടെ കുശിനിക്കാരന്‍ കൊണ്ടുകൊടുത്ത ചായകുടിക്കല്‍ എന്നിവ മാറി മാറി ചെയ്തുകൊണ്ടിരുന്നു. സൈഡിലൊരിടത്ത് നമ്മുടെ തോമാച്ചേട്ടന്‍ എല്ലാം ശ്രദ്ധിച്ചുംകൊണ്ട് ഘോഷയാത്രയിലെ ടാബ്ലോ പോലെ നില്‍ക്കുന്നു. അപ്പോഴാണ് തോമാചേട്ടനൊരല്പം വൈരാഗ്യമുള്ള പള്ളി കൈക്കാരന്‍ ജോര്‍ജ്കുട്ടി പള്ളിയിലേയ്ക്ക് കയറുന്നത് കണ്ടത്. എരച്ചുവന്ന ചൊറിച്ചില്‍ അടക്കാന്‍ പരമാവധി ശ്രമിച്ചിട്ടും പറ്റാതെ ഒടുവില്‍ തോമാച്ചേട്ടന്‍ പറഞ്ഞു പോയി.
“ഏമാനെ..എമാനെ. ദാ ആപോകുന്ന ...(ഡാഷി)നെ.. പിടിച്ചാല്‍ മിനിറ്റ്കൊണ്ടെല്ലാം പുറത്ത് വരും! “ ഡാഷ് “ പദത്തിന്അവന്‍ “എന്നതില്‍ കവിഞ്ഞ യാതൊരര്‍ത്ഥവും തോമാച്ചേട്ടന്‍ ഉദ്ദേശിച്ചില്ലായിരുന്നിട്ടും ആസിഡ് മുഖത്ത് വീണപോലെ ഇടിയന്‍ ഞെട്ടി എഴുനേറ്റു. തന്റെ സര്‍വീസ് കാ‍ലത്തിനിടയിലാദ്യമായിട്ടാണൊരുത്തന്‍ നേരെ നോക്കി ഇമ്മാതിരി കൊള്ളിത്തരം പറയുന്നത്! തോമാചേട്ടന്റെ പ്രായവും പടുതിയും ഇടിയന്റെ തരിച്ചുവന്ന കൈകളെ പിറകോട്ടു വലിപ്പിച്ചെങ്കിലും നാവിന് അതു ബാധകമായിരുന്നില്ല.
തോമാച്ചേട്ടന്റെ രണ്ടാം ഭാര്യയ്ക്ക് ഒരല്പം കേള്‍വിക്കുറവുണ്ട്. രാവിലത്തെ രയറോം കറങ്ങലും കഴിഞ്ഞ് പുള്ളിക്കാരന്‍ കയറി വരുമ്പോള്‍ മിക്കവാറും ചേടത്തി പറമ്പില്‍ പുല്ലരിയുകയായിരിയ്ക്കും. വന്നാലുടന്‍ ഒരു ഗ്ലാസ് വെള്ളത്തിനായി ചേട്ടന്‍ ഉച്ചത്തില്‍ വിളിയ്ക്കും “എടീ..ഏലിയേ..” പാവം ചേടത്തി കേള്‍ക്കില്ല.
അല്പം കൂടി കടുപ്പിച്ച് ഉച്ചത്തില്‍ വീണ്ടും വിളി “എട്ടീ ഏലിയേ..“ പാവം അതും കേള്‍ക്കില്ല. എങ്കിലും ഒരു സംശയം; ആരോ വിളിച്ചോ? പുല്ലരിയല്‍ നിര്‍ത്തി തലയുയര്‍ത്തി ചെവി വട്ടം പിടിയ്ക്കും.
ഈ ഘട്ടത്തില്‍ സകല ക്ഷമയും നശിച്ച തോമാചേട്ടന്‍ അവസാനവിളി വിളിയ്ക്കും : “എട്ടീ.. #%@#%യേ!” ചേച്ചീ അനുസരണയോടെ വിളികേള്‍ക്കും “എന്തോ!”. ഇത് മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിയ്ക്കുന്നതും അയല്‍ക്കാര്‍ക്ക് കേള്‍ക്കാവുന്നതുമായ ഒരു നടപടിക്രമമായിരുന്നു.
പൊതുവേ അയല്‍ക്കാരുമായി അത്രനല്ല ബന്ധമല്ല തോമാചേട്ടനുള്ളത്. ഒരിയ്ക്കല്‍ അയലത്തെ ജോണേട്ടനുമായി ഒരു അതിരു തര്‍ക്കം ഉണ്ടായി. ഒന്നു പറഞ്ഞ് രണ്ടു പറഞ്ഞ് ജോണേട്ടന്‍ തോമച്ചേട്ടനെ ചെറിയൊരു തള്ളുകൊടുത്തു. അതോടെ കക്ഷി ഒന്നും മിണ്ടാതെ വീട്ടിലേയ്ക്കു പോന്നു. അഭിമാനക്ഷതം വന്ന ഏലി ചേച്ചി തോമാച്ചേട്ടന്റെ മുഖത്തു നോക്കി ചൊദിച്ചു:
“ഇതിയാനെന്തു പണിയാ കാണിച്ചത്, അവനിട്ടൊരു ചവിട്ടു കൊടുത്തുകൂടാരുന്നോ?”  ഒരിയ്ക്കല്‍ തകര്‍ന്നുപോയ ഇടതുകാല്‍ മുട്ട് പൊക്കിക്കൊണ്ട് ചാടിയെന്നേറ്റ തോമാചേട്ടന്‍ ഏലിച്ചേച്ചിയോടൊരു ചീറ്റല്‍ “
“ഭ. .........മോളേ, എന്നിട്ടുവേണം അവനെന്റെ മറ്റേക്കാലുകൂടി ചവിട്ടിയൊടിക്കാന്‍ അല്ലേടി? ” തന്റെ അച്ചായനൊരു ടാര്‍സനാണെന്നു വിചാരിച്ച് അഭിപ്രായം പറഞ്ഞ ചേച്ചി പിന്നൊന്നും മിണ്ടിയില്ല.
തോമച്ചേട്ടന് അത്യാവശ്യം ബ്ലേഡ് പരിപാടിയുമുണ്ട്. ആയിരം രണ്ടായിരം എന്നിങ്ങനെ. ഒരിക്കല്‍ ഇദ്ദേഹം രാവിലെ രയറോത്ത് ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആയിരം രൂപാ പലിശയ്ക്കു ചൊദിച്ചു. “കോയിന്നാ ഞാനൊരു കല്യാണം കൂടാമ്പോകുവാ. വൈകിട്ടു വരുമ്പം തരാം”. അങ്ങനെ ഗോവിന്ദന്‍ വൈകിട്ട് തോമാചേട്ടനെ കാത്തു നിന്നു. നല്ലോണം സന്ധ്യയായി. പോകുമ്പോള്‍ കൈയിലിരുന്ന കാലന്‍‌കുട കക്ഷത്തിലിറുക്കി പിടിച്ചും കൊണ്ട് തോമാചേട്ടന്‍ രയറോത്ത് ബസിറങ്ങി. ഗൊവിന്ദനെ കുറച്ചങ്ങു മാറ്റി നിര്‍ത്തി. കക്ഷത്തില്‍ നിന്നും കുടയെടുത്തു.കുടയ്ക്കെന്തോ ഒരു നാറ്റം. എന്തോ ഇതിനുള്ളിലുണ്ടോ?   തോമാചേട്ടന്‍  കുടയൊന്നു നിവര്‍ത്തിയതും ഒരു വള്ളിനിക്കര്‍ താഴെ ചാടി. കല്യാണത്തിന് കീട്ടിയതൊക്കെ മൂക്കുമുട്ടെ തട്ടിയത് വയറംഗീകരിക്കാതിരുന്നതിനാല്‍ ഏതോ ദുര്‍നിമിഷത്തില്‍ അടി വസ്ത്രമായ വള്ളിനിക്കറില്‍ പ്രകൃതിയുടെ വിളിയനുസരിച്ചുള്ള കര്‍മ്മം നടന്നുപോയിരുന്നു. പണമടങ്ങിയ പേഴ്സ് ടി വസ്ത്രത്തിന്റെ പോക്കറ്റിലാകയാലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ തടിച്ച പേഴ്സ് വയ്ക്കാനുള്ള മടിയാലും ടി വസ്ത്രം ശ്രദ്ധാപൂര്‍വം കാലന്‍‌കുടയുടെ ഗര്‍ഭാശയത്തില്‍ ഒളിപ്പിയ്ക്കുകയിരുന്നു തന്ത്രശാലിയായ തോമാചേട്ടന്‍ . എടുത്തുകൊടുത്ത രൂപയ്ക്ക് നാറ്റമുണ്ടായിരുന്നെങ്കിലും അത് നിരസിയ്ക്കാന്‍ തക്കവണ്ണമുള്ള സ്ഥിതിയിലല്ലാത്തതിനാല്‍ ഗോവിന്ദന് ഇടതുകൈ കൊണ്ട് ` സ്വീകരിയ്ക്കേണ്ടിവന്നു.
എന്നാല്‍ തോമാചേട്ടനെ രയറോം ചരിത്രത്തില്‍ അനശ്വരനാക്കിയ സംഭവം വെറുമൊരു സംഭാഷണം മാത്രമായിരുന്നു. അതിങ്ങനെ: ഒരു വൈകുന്നേരം രയറോത്ത് തോമാചേട്ടന്‍ സുഹൃത്തുമായി (ഗോവിന്ദനോ മറ്റോ ആണെന്നു തോന്നുന്നു) സംഭാഷിയ്ക്കുന്നു.
സുഹൃത്ത്: അല്ലാ എന്താ തോമാചേട്ടാ ആകെയൊരു ക്ഷീണം?
തോമാചേട്ടന്‍ : ഓ.. എന്നാ പറയാനാന്നേ..  വലിച്ച് വലിച്ച് ആകെ ഊപ്പാടു തട്ടിപ്പോയി. ഞാനവിടെ കുത്തിയിരുന്ന് അരമണിയ്ക്കൂറ് വലിച്ചിട്ട് ഒരു തൊള്ളി വെള്ളം? ങേ.ഹേ. വന്നില്ല. അവസാനം എന്റെ ഏലി വന്നങ്ങിരുന്നിട്ട് അതെടുത്തങ്ങ് വായിലേയ്ക്ക് വച്ച് രണ്ടു വലിയങ്ങു വലിച്ചു!. ഹോ.. മിശുമിശാന്നല്ലേ വെള്ളം വന്നേ.. അവളാരാ മോള്‍‌!”
ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന ചിലര്‍ കേറിയങ്ങിടപെട്ടു. വയസ്സും പ്രായവുമായ ഒരാളു പറയേണ്ട വര്‍ത്തമാനമാണോ ഇത്? ഇത്തരം പോക്രിത്തരമൊക്കെ മറ്റാരും കേള്‍ക്കാതെ പറഞ്ഞോളണമെന്ന് ചിലര്‍ . വീട്ടിലിരിയ്ക്കുന്ന സ്ത്രീകളെക്കുറിച്ച് ഇമ്മാതിരി തോന്ന്യാസം പറയുന്ന ഇയാള്‍ക്കിട്ട് രണ്ടു പെട പെടയ്ക്കുകയാണ് വേണ്ടതെന്ന് മറ്റു ചിലര്‍ . ചെറിയൊരു കശപിശയ്ക്കു ശേഷം കാര്യം ബോധ്യപ്പെട്ട എല്ലാവരും സമാധാനമായി പിരിഞ്ഞുപോയി. കാര്യമിത്രമാത്രം.
തോമാചേട്ടന്റെ വീട്ടിലെ കിണര്‍ വറ്റിപ്പോകുകയും തുടര്‍ന്ന് പറമ്പിനു കുറേ മുകളില്‍ നിന്നുള്ള ഒരു ഓലിയില്‍ നിന്നും വീട്ടിലെയ്ക്കു ഹോസിട്ട് വെള്ളമെടുക്കുകയും ചെയ്തു. ഹോസില്‍ കൂടി വെള്ളം താഴെ വരണമെങ്കില്‍ അതിലെ വായു വലിച്ചെടുക്കണമല്ലോ? പാവം തോമാചേട്ടന്‍ അരമണിക്കൂര്‍ ശ്രമിച്ചിട്ടും പറ്റിയില്ല. അവസാനം ഏലി ചേച്ചി വന്ന് ഹോസില്‍ നിന്ന് ഈസിയായി വെള്ളം വലിച്ചെടുത്തു! പാവം തോമാചേട്ടന്‍ തനതായ ശൈലിയില്‍ അതൊന്നു പറഞ്ഞതിനാണ് നാട്ടുകാരീ പുകിലുണ്ടാക്കിയത്. കഷ്ടം!
മുന്‍‌കൂര്‍ ജാമ്യം : തോമാചേട്ടന്റെ മേല്‍‌സംഭാഷണം ആരെങ്കിലും മറ്റു വല്ല അര്‍ത്ഥത്തിലുമെടുത്താല്‍ ഈയുള്ളവന്‍അതില്‍ നിരപരാധിയെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.