Ind disable

Thursday, 2 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-2)ജീവവായു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം സ്വാതന്ത്ര്യമാണ് എന്നത് നമുക്കു ബോധ്യമാകുക അതു നഷ്ടമാകുമ്പോഴാണ്. നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഒന്നിനും നാം വില കല്പിയ്ക്കാറില്ലല്ലോ! കൂട്ടിലടച്ച ഒരു കിളിക്കുഞ്ഞിന്റെയൊ അണ്ണാന്‍ കുഞ്ഞിന്റെയൊ വിഷമം എന്താണെന്നറിയാന്‍ നാമും അതുപോലൊരവസ്ഥയില്‍ എത്തണം. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്താവുമ്പോള്‍ അടിമത്തം അനുഭവിച്ചറിയുകയാണ്.

പോലീസ് ലോക്കപ്പ് മുറിയുടെ തറയില്‍ ഞങ്ങള്‍ പതിനാറ് പേരും ഇരുന്നു. എന്തെന്നില്ലാത്ത ഒരനിശ്ചിതത്വം ആയിരുന്നു ഞങ്ങള്‍ക്കെല്ലാം. ബേബിച്ചേട്ടന്‍ ഒഴിച്ച് ആരും മുന്‍പ് ഇങ്ങനെയൊരവസ്ഥയില്‍ സ്റ്റേഷനില്‍ വന്നിട്ടില്ല. അദ്ദേഹം ഞങ്ങളുടെ മുഖത്തെ വിഷമം കണ്ട് ആ കഥ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. എഴുപതുകളില്‍ ഒരു സമര രംഗത്ത് എസ്.ഐ. യെ വെട്ടിയ കാര്യവും തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പിടിച്ച് കൊണ്ടുവന്ന് ഇതേ സ്റ്റേഷന്റെ തറയില്‍ കിടത്തി മര്‍ദിച്ച് അവശനാക്കിയ കാര്യവുമെല്ലാം. പൊലീസുകാരെ പ്രകോപിപ്പിയ്ക്കുക എന്ന ആദ്യകാല കമ്യൂണിസ്റ്റ് ശൈലിയില്‍ തന്നെ പറച്ചില്‍.

ഏതായാലും അത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടാവില്ല എന്നാണ് തോന്നുന്നത്.  പോലീസുകാര്‍ ഞങ്ങളെ ശ്രദ്ധിയ്ക്കുന്നു പോലുമില്ല. ഇത്രയും “ക്രിമിനലു”കളെ ഒന്നിച്ചു കിട്ടിയതിന്റെ ഒരു ആവേശവും ആരിലും കാണാനില്ല. അല്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു:

“നിങ്ങള്‍ ചായ കുടിച്ചോ? വേണമെങ്കില്‍ മേടിപ്പിയ്ക്കാം..”

“ആവട്ടെ..ഓരോ ചായയും പഴം പൊരിച്ചതും വേണം.”

ബേബി ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ സ്റ്റേഷന്‍ മുറ്റത്ത് കുറേ സഖാക്കന്മാര്‍ ഉണ്ടായിരുന്നു. ഞങ്ങളെ അറസ്റ്റു ചെയ്തതറിഞ്ഞ് വന്നതാണ്. അതിലൊരാള്‍ എന്റെ കൊച്ചച്ചനാണ്. അവരെ വിളിച്ച് കാര്യം പറഞ്ഞു. അല്പസമയത്തിനകം ചായയും കടിയും എത്തി. എങ്കിലും ലോക്കപ്പിനുള്ളിലെ മൂത്ര നാറ്റത്തില്‍ ഇരുന്ന് അതു തിന്നുക അസഹ്യമായിരുന്നു. തന്നെയുമല്ല വിശപ്പ്, ദാഹം ഇവയൊക്കെ എവിടെയോ പോയൊളിച്ച പോലെ....!

എട്ടുമണി കഴിഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വന്നു. പ്രമാദമായ കേസായതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്
അന്വേഷണോദ്യോഗസ്ഥന്‍. ഒരു മെല്ലിച്ച അന്‍പത്തിനാലു വയസ്സുകാരന്‍. സാദാ പൊലീസ് മൂത്തു സര്‍ക്കിള്‍ വരെയെത്തി. വിശിഷ്ട സേവനത്തിനു മെഡല്‍ നേടിയ ആളാണ്. (ഇയാള്‍ വാദിയുടെയും പ്രതിയുടെയും കൈയില്‍ നിന്നും കാശു മേടിയ്ക്കുന്ന ആളാണെന്ന് പിന്നീട് മനസ്സിലായി). അയാള്‍ വന്ന പാടെ ലോക്കപ്പില്‍ നോക്കി. ഞങ്ങളെല്ലാം നിരന്നിരിയ്ക്കുകയാണല്ലോ..!

“പതിനാറു പേരുണ്ടല്ലേ..? ഉം..എല്ലാവരും ആ ഷര്‍ട്ടങ്ങഴിച്ചേ..!”

അപ്പോഴാണ് ഓര്‍ത്തത്, ഞങ്ങളെല്ലാം വന്ന അതേ ഡ്രസ്സില്‍ തന്നെയാണ്. ലോക്കപ്പില്‍ പ്രതികള്‍ ഷര്‍ട്ട്, മുണ്ട് ഇവയൊന്നും ഉപയോഗിയ്ക്കാന്‍ പാടില്ല എന്നാണ് നിയമം. എങ്ങാനും തൂങ്ങി മരിച്ചാലോ ! എന്നാല്‍ പോലീസുകാര്‍ക്ക് അങ്ങനെയൊരു സംശയമില്ലാത്തതു കൊണ്ട് ആരോടും തുണിയഴിക്കാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ സര്‍ക്കിളേമാന് നിയമം പാലിക്കണമല്ലോ..! ഞങ്ങള്‍ ഷര്‍ട്ടൂരി കൈയില്‍ പിടിച്ചു. ഭാഗ്യത്തിന് മുണ്ടഴിയ്ക്കാന്‍ പറഞ്ഞില്ല.

അയാള്‍ ഓഫീസിലിരുന്ന് കുറച്ചു സമയം എന്തെല്ലാമോ ചെയ്ത ശേഷം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

“അവന്മാരെയെല്ലാം വെളിയിലിറക്ക്..”

എന്തിനാണാവോ? ആകെയൊരാശങ്ക. അയാളുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് അടി കിട്ടിയേക്കുമോ എന്ന ഒരു സംശയവുമുണ്ട്. ഞങ്ങള്‍ ഷര്‍ട്ട് കൈയില്‍ പിടിച്ച് ലോക്കപ്പിനു വെളിയിലിറങ്ങി.

“ഉം..നിരന്നു നില്‍ക്ക്..”

ഏമാന്റെ ആജ്ഞ!
ഞങ്ങള്‍ പതിനാറു പേരും നിരന്നു നിന്നു. അയാള്‍ ഞങ്ങളുടെ മുന്നില്‍ കൂടി ഒന്നു ഉലാത്തി, ഇരു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകികൊണ്ട് സുരേഷ് ഗോപി സ്റ്റൈലില്‍.  പൊലീസുകാര്‍ അല്പം മാറി ഇതു കണ്ട് നില്‍ക്കുന്നു. അടുത്തതെന്ത് എന്ന ആകാംക്ഷയോടെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ബേബിച്ചേട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം:

“ഈ തറയിലിട്ടാ എസ്.ഐ.യെ വെട്ടിയ കേസില്‍ എന്നെ അഞ്ചു പൊലീസുകാര്‍ കൂടിനിന്ന് അടിച്ചത്..!”

ഞങ്ങളാകെ വിഷമിച്ചു. ഇങ്ങേരെന്തിനാ ഇതിപ്പോള്‍ വിളിച്ചു പറയുന്നത്? ഏമാന് കലി കേറി എല്ലാത്തിനിട്ടും കേറി പെരുമാറാന്‍ തോന്നിയാലോ? പ്രായമായിട്ടും വിപ്ലവ വീര്യം കത്തിജ്വലിക്കുന്നൂ അങ്ങേര്‍ക്ക്..
സര്‍ക്കിളേമാന്‍ ഒന്നു ചിരിച്ചതേയുള്ളൂ. എന്നിട്ടു പറഞ്ഞു:

“ഒരു വീട്ടില്‍ കയറി ആ കുടുംബത്തെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് നിങ്ങളുടെ ചാര്‍ജ്. എവിടെയാണ് വെട്ടാനുപയോഗിച്ച വാക്കത്തി ?“

വാക്കത്തിയോ? സത്യത്തില്‍ അവിടെ അടിയ്ക്കാന്‍ പോയവന്മാര്‍ പട്ടിക കഷണത്തിനാണ് തല്ലിയത്. തല്ലിനിടയില്‍  തടസം പിടിയ്ക്കാന്‍ വന്നതു കൊണ്ടു മാത്രമാണ് ഇരുട്ടത്ത് അവിടുത്തെ അമ്മയ്ക്കും പെങ്ങള്‍ക്കും പരിക്കു പറ്റിയത്. പെട്ടെന്നുണ്ടായ ഒരു പ്രകോപനം എന്നല്ലാതെ ആരെയും കൊല്ലാനൊന്നും ശ്രമിച്ചിട്ടേയില്ല. പക്ഷെ ഇപ്പോള്‍ കേസു വേറെയായി.

“ഞങ്ങളാരെയും വെട്ടിയിട്ടില്ല..”

ബേബിച്ചേട്ടന്‍ പറഞ്ഞു. ( ബേബിച്ചേട്ടന്‍ താമസിയ്ക്കുന്നത് ആലക്കോടാണ്. സംഭവദിവസം അങ്ങേര്‍ തളിപ്പറമ്പില്‍ ഏരിയ കമ്മിറ്റിയിലായിരുന്നു ! )

“വേണ്ട..വാക്കത്തി ഞാനുണ്ടാക്കിക്കോളാം. “

എന്നിട്ടയാള്‍ അടുത്തു നിന്ന പോലീസുകാരനോടു പറഞ്ഞു.

“ഷാജി, ആലക്കോടു നിന്നും നല്ല മൂര്‍ച്ചയുള്ള ഒരു വാക്കത്തി വാങ്ങി വാ..”

അങ്ങനെ ആക്രമിയ്ക്കാനുപയോഗിച്ച ആയുധം “റെഡി”യായി. അടുത്ത നടപടിക്രമം ഞങ്ങള്‍ക്കെതിരെയുള്ള FIR  തയ്യാറാക്കലാണ്. പതിനാറു പേര്‍ക്കെതിരെ അത് എഴുതിയുണ്ടാക്കല്‍ ഒരു വലിയ പണി തന്നെയാണ്. സ്റ്റേഷന്‍ റൈറ്റര്‍ക്കാണ് അതിന്റെ ചുമതല. കക്ഷി പരിപാടി ആരംഭിച്ചു. ഓരോ ആളെയും വിളിച്ച് പേര്, അഡ്രസ്സ്, വയസ്, തൂക്കം, പൊക്കം, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇവയെല്ലാം രേഖപ്പെടുത്തി. പിന്നെ എഴുത്തോടെഴുത്ത്.

 ഒന്നും രണ്ടും പ്രതികള്‍ രയറൊത്തുള്ള ലോക്കല്‍ കമ്മിറ്റി സഖാവും ബ്രാഞ്ച് സെക്രട്ടറിയും. ശുദ്ധ സാധുവും രാഷ്ട്രീയം നോക്കാത്ത പരോപകാരിയുമാണ് ഒന്നാം പ്രതിയായ ലോക്കല്‍ സഖാവ്. രണ്ടാം പ്രതിയും ഒരു പാവം വ്യക്തി. രണ്ടു പേരും പെണ്മക്കള്‍ മാത്രമുള്ള കുടുംബസ്ഥര്‍. ഞാന്‍ പതിനെട്ടാം പ്രതിയാണ്. പിന്നീട് ചാര്‍ജു ഷീറ്റ് വായിച്ചപ്പോഴാണ് ഞാന്‍ ചെയ്ത കുറ്റങ്ങള്‍ എനിയ്ക്കു മനസ്സിലായത്.

കുറ്റം ഒന്ന്: ആ കുടുംബത്തെ കൊല്ലാന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി. കുറ്റം രണ്ട്: അക്രമത്വരയാല്‍ പ്രചോദിതനായി സംഘം ചേര്‍ന്ന് വീടാക്രമിച്ചു. കുറ്റം മൂന്ന് :ആക്രമിക്കപെട്ട വീട്ടിലെ സഹോദരിയുടെ കഴുത്തിനു വെട്ടാനായി, അവരുടെ മുടി മാറ്റി പിടിച്ച്, ഒന്നാം പ്രതിയ്ക്ക്   സൌകര്യം ചെയ്തു കൊടുത്തു ! (ഏതായാലും അവരുടെ കഴുത്തിന് വെട്ടൊന്നും കിട്ടാത്തതിനാല്‍ ചെയ്തു കൊടുത്ത “സൌകര്യം” വെറുതെയായി പോയി !) കുറ്റം തെളിയിയ്ക്കപെട്ടാല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിയ്ക്കാം !

ഏതാണ്ട് പതിനൊന്നുമണിയ്ക്ക് കുറ്റം ചാര്‍ത്തല്‍ പൂര്‍ത്തിയായതോടെ ഞങ്ങളെ കോടതിയില്‍ ഹാജരാക്കാനുള്ള ഏര്‍പ്പാടായി. തളിപ്പറമ്പിലാണു കോടതി. ആലക്കോട് നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ. പോലീസ് ജീപ്പും ഒരു ടാക്സി ജീപ്പും തയ്യാറായി നിന്നു.  എ.എസ്.ഐ.യും രണ്ടു പോലീസുകാരും  ഞങ്ങള്‍ക്ക് അകമ്പടിയുണ്ട്.

കോടതിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് ചേംബറിലാണുള്ളത്. ഞങ്ങളെ അവിടെ ഹാജരാക്കി . അയാള്‍ എന്തെക്കെയൊ എഴുതിയ ശേഷം മുഖമുയര്‍ത്തി ചോദിച്ചു:

“എന്തെങ്കിലും പറയാനുണ്ടോ?”

ഞാന്‍ നിരപരാധിയാണെന്ന് വിളിച്ചു പറയാന്‍ വായ് തുറന്നെങ്കിലും അടുത്തു നിന്ന സഖാക്കന്മാര്‍ തടഞ്ഞു. എന്നിട്ടു പറഞ്ഞു:

 “ഇല്ല”.

“നിങ്ങളെ പതിനാലു ദിവസത്തേയ്ക്ക് റിമാന്‍ഡ്  ചെയ്തിരിയ്ക്കുന്നു.”

 ഇതും പറഞ്ഞ് അയാള്‍ ആ കടലാസില്‍ ഒപ്പിട്ടു.

ഇനി ഞങ്ങളെ ജയിലിലാക്കണം. അതും കൂടെ വന്ന പോലീസിന്റെ ചുമതലയാണ്. കടലാസെല്ലാം റെഡിയാക്കി ആറുമണിയ്ക്ക് മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്താലേ ഇന്ന് തന്നെ അവിടെ കയറാന്‍ പറ്റൂ. അല്ലെങ്കില്‍ രാത്രി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കിടന്നിട്ട് നാളെ മാത്രമേ അവിടെ പ്രവേശിയ്ക്കാനാവൂ. അതിന്റെ തൊല്ലപ്പാട് മുഴുവന്‍ പോലീസിനാണ്. അതു കൊണ്ട് അവര്‍ വേഗം കാര്യങ്ങള്‍ നീക്കി.

സാധാരണ റിമാന്‍ഡ് പ്രതികളെ താമസിപ്പിയ്ക്കുന്നത് സബ് ജയിലുകളിലാണ്. എന്നാല്‍ കൂത്തു പറമ്പ് വെടി വയ്പിനോടനുബന്ധിച്ചുള്ള അക്രമ കേസുകളിലെ പ്രതികളെ കൊണ്ട് സബ്-ജയില്‍ എന്നേ നിറഞ്ഞിരുന്നു. പിന്നെയുള്ളവരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലേക്കാണ് വിടുന്നത്. അവിടെയും നിറയാറായി. ഞങ്ങളെയും അങ്ങോട്ടാണ് കൊണ്ടു പോകുന്നത്.

നടപടി ക്രമങ്ങള്‍ എല്ലാം കഴിഞ്ഞ്  കണ്ണൂരേയ്ക്ക് പുറപ്പെടുമ്പോള്‍ സമയം നാലു മണി. കൂടെ വന്ന എ.എസ്.ഐ. ഒരു രസികനാണ്. ധാരാളം പോലീസ് കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കക്ഷി ആദ്യം ആലക്കോട് വന്നപ്പോള്‍ എല്ലാവരോടും മര്യാദയോടെയാണു പോലും പെരുമാറിയത്. അതുകൊണ്ടെന്താ ആരും പുള്ളിയെ ബഹുമാനിച്ചില്ല. അതോടെ അങ്ങത്ത കൈയില്‍ കിട്ടിയവരെയെല്ലാം പെരുമാറാന്‍ തുടങ്ങി. ഇപ്പോ ദൂരെ നിന്നു കണ്ടാല്‍ തന്നെ മുണ്ടഴിച്ചിട്ടു ബഹുമാനിയ്ക്കുമത്രേ!

അഞ്ചുമണിയായി സെന്‍‌ട്രല്‍ ജയില്‍  കവാടത്തില്‍ എത്തിയപ്പോള്‍. വലിയ വിശാലമായ മുറ്റത്ത് ഗാന്ധിജിയുടെ ഒരു പ്രതിമ ഉയര്‍ന്നു നിപ്പുണ്ട്. കൂറ്റന്‍ തണല്‍ മരങ്ങളുടെ വേരുകള്‍ മണ്ണില്‍ നിന്നും പൊന്തിക്കാണാം. മുറ്റമാകെ അവയുടെ വാടിയ ഇലകള്‍ വീണുകിടക്കുന്നു. മരത്തണലില്‍ ആരൊക്കെയോ തളര്‍ന്നിരിപ്പുണ്ട്. ഊഴം കാത്തിരിന്നു മടുത്തിട്ടാവാം.ദൂരെ നിന്നും തടവുകാരെ സന്ദര്‍ശിയ്ക്കാനെത്തിയ ബന്ധുക്കളാണ്.  അവരുടെ കൂടെയുള്ള  കൊച്ചുകുട്ടികള്‍ ഞങ്ങളെ കൌതുകത്തോടെ നോക്കി.

 അപ്പോഴാണ് അറിഞ്ഞത്, ഇന്നിനി ജയിലില്‍ നിന്നും ഭക്ഷണം കിട്ടില്ല. അതു കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടു പോയാല്‍ മതി, അല്ലെങ്കില്‍ രാത്രി പട്ടിണി കിടക്കേണ്ടി വരും. പോലീസുകാര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ജയില്‍ വളപ്പിനു വെളിയില്‍ പോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഓരോ തോര്‍ത്തും കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണവും മേടിച്ചു. (ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഞങ്ങളാണ് പുറത്തു പോയി ഈ പര്‍ച്ചേസിങ്ങ് നടത്തിയതെന്നോര്‍ക്കണം!)

എല്ലാം കഴിഞ്ഞു ജയില്‍ വളപ്പില്‍ ചെല്ലുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞു. ജയില്‍ കവാടത്തിന്റെ മുന്നില്‍ തോക്കു പിടിച്ച രണ്ടു ഗാര്‍ഡുകള്‍ പാറാവുണ്ട്‍. പോലീസുകാര്‍  അവരുമായി എന്തോ കുശു കുശുത്തു. എന്നിട്ട് ഞങ്ങളെ വിളിച്ച് ചെല്ലാന്‍ പറഞ്ഞു. ഞങ്ങള്‍ ആകാംക്ഷയോടെയും ആശങ്കയോടെയും ചെന്നു. ജയിലില്‍ “നടയടി” എന്നൊരേര്‍പ്പാടുണ്ട്. ആദ്യം ചെല്ലുന്നവര്‍ക്കുള്ള ഹാദ്ദവമായ സ്വീകരണം. അതു മേടിയ്ക്കേണ്ടി വരുമോ എന്നതാണ് ആശങ്ക. ഇത്ര കാലം കാണാന്‍ കൊതിച്ച ആ കാഴ്ചകള്‍ ഇതാ തൊട്ടു മുന്‍പില്‍ എന്നതാണ് ആകാംക്ഷ.

അങ്ങനെ ഞങ്ങള്‍ സെന്‍‌ട്രല്‍ ജയിലിന്റെ പടുകൂറ്റന്‍ വാതിലിന്റെ  മുന്‍പില്‍ നിന്നു. ഇതു വരെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് കൈവീശി യാത്രയായി. പാറാവുകാരിലൊരാള്‍ കൂറ്റന്‍ വാതിലിനകത്തെ ചെറുവാതില്‍ തുറന്നു. തലകുനിച്ച് മാത്രമേ അതില്‍ കൂടി കയറാന്‍ പറ്റുകയുള്ളു. ആ വാതിലിനപ്പുറം ഇതു വരെ കാണാത്ത ഒരു ലോകമാണ്. കൊലപാതകികളും കൊള്ളക്കാരും ബലാത്സംഗവീരന്മാരും രാഷ്ട്രീയ തടവുകാരുമെല്ലാം വിഹരിയ്ക്കുന്ന ലോകം!

ഊഴമെത്തിയതോടെ ഞാനും തലകുനിച്ച്, ആ കൂറ്റന്‍ മതില്‍കെട്ടിനകത്തേയ്ക്കു എന്റെ ഇടതു കാല്‍ വച്ചു, കാണാകാഴ്ചകളിലേയ്ക്ക്.....!

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-3)

14 comments:

 1. സസ്പെന്‍സ് ആക്കുവാ അല്ലെ, കൊള്ളാം നന്നാവുന്നുണ്ട്.

  ReplyDelete
 2. ഇത് തുടങ്ങിയിരുന്നോ. സാരസമായ എഴുത്ത്. നല്ല വായന തരുന്നുണ്ട്. അടുത്ത ലക്കങ്ങള്‍ വരട്ടെ.

  ReplyDelete
 3. ഒരു രാത്രി ലോക്കപ്പില്‍ കിടന്നുള അനുഭവം ഉള്ളതുകൊണ്ട് ഈ കഥ ഗൃഹാതുരത്വം ഉണര്തുന്നുണ്ട്...... സെന്‍ട്രല്‍ ജൈലിന്റെ അകം കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായില്ല .. കണ്ണൂര്‍ ജയില്‍ സഘാക്കള്‍ക്ക് സുഖവാസ കേന്ദ്രമാണ് എന്ന് സുഖം അനുഭവിച്ചറിഞ്ഞ സുഹൃത്തുക്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട് ... രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു .......

  ReplyDelete
 4. അടുത്ത ഭാഗം വരട്ടെ.
  നന്നായിട്ടുണ്ട് എഴുത്ത്.

  ReplyDelete
 5. വായിക്കുന്നു...

  ReplyDelete
 6. കാണാക്കാഴ്ച്ചകള്‍ കാണാന്‍ ആകാംക്ഷയോടെ.....

  ReplyDelete
 7. ബാക്കി പോരെട്ടെ പോരട്ടെ. നല്ല രസമുണ്ട്..........സസ്നേഹം

  ReplyDelete
 8. ബാക്കി പ്രതീക്ഷിക്കുന്നു ...........

  ReplyDelete
 9. ഹും.... സസ്പന്‍സ്..... സസ്പന്‍സ് ..... അടുത്തതും പോരട്ടെ...!

  ReplyDelete
 10. 2 ഭാഗവും കൂടി ഒറ്റയടിക്കു വായിച്ചു. ബാക്കിക്കായി ഉദ്വേഗത്തോടെ കാത്തിരിക്കുന്നു.

  ReplyDelete
 11. @ എബിന്‍: ഞാനെന്തുമാത്രം സസ്പെന്‍സ് അനുഭവിച്ചാ അതിനകത്തു പോയത്! കുറച്ച് നിങ്ങളും അനുഭവിയ്ക്ക്..
  @ ജസ്റ്റിന്‍ : വായനയ്ക്ക് നന്ദി.
  @ ലാല്‍ : അവിടുത്തെ സുഖത്തെക്കുറിച്ച് അടുത്ത ഭാഗത്ത് വിവരിയ്ക്കാം
  @ മഴതുള്ളികള്‍: നന്ദി.
  @ അനില്‍കുമാര്‍ : നന്ദി
  @ അലി : സന്തോഷം.
  @മില്‍ട്ടണ്‍ : കാത്തിരിയ്ക്കൂ...
  @ യാത്രികന്‍ : വളരെ നന്ദി. പ്ലീസ് വെയ്റ്റ്....
  @ രമണിക : ഉടനുണ്ട്..അധികം വൈകിക്കില്ല
  @ ആളവന്താന്‍ : ഉടനുണ്ട്..
  @ പാവത്താന്‍ : ഹ ഹ എഴുതുന്നു..ഉടനുണ്ട്..

  ReplyDelete
 12. അങ്ങനെ ജയിലിന്റെ ഗേറ്റ് വരെ എത്തി.

  ReplyDelete
 13. ഏതായാലും ദൈവം ആഗ്രഹം സാധിപ്പിച്ഛല്ലോ....ഇനി മുതല്‍ സൂക്ഷിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതി കേട്ടോ !

  ReplyDelete