Ind disable

Tuesday, 7 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 4)

 
 പകല്‍ കാഴ്ചകള്‍

എത്രമാത്രം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായാലും, ഒരു പരിധി കഴിഞ്ഞാല്‍ നാം ബോധം കെട്ടുറങ്ങിപ്പോകും. അതിന് പതുപതുത്ത മെത്തയോ പായോ ഒന്നുംവേണ്ട. ശരീരം സ്വസ്ഥമായി ഒന്നു ചാരാനുള്ള സൌകര്യം കിട്ടിയാല്‍ മതി. ആ അഗാധ നിദ്രയുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ നാമറിയാതെ ഉണര്‍ന്നു പോയേക്കും, വ്യാകുലതകളിലേയ്ക്ക്. അങ്ങനെയൊരു ഘട്ടത്തില്‍ ഞാനും ഉണര്‍ന്നു പോയി.

കണ്ണു മിഴിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് കിടക്കുന്ന സ്ഥലം ഓര്‍മ്മ വന്നത് . ആ ബോധ്യം തള്ളിക്കയറി വന്നതോടെ ഉറക്കമെല്ലാം പമ്പ കടന്നു. വലിയ ആ ഹാളില്‍ നല്ല നിശ്ശബ്ദത, ചിലരുടെ കൂര്‍ക്കം വലിയും ഇടവിട്ടുള്ള ചുമയും ഒഴിച്ചാല്‍. സുകുമാരന്‍ അടുത്തു കിടന്ന് നന്നായി ഉറങ്ങുന്നുണ്ട്(?). ഞാന്‍ തല ഉയര്‍ത്തി നോക്കി. രണ്ടു “കട്ടിലി”നപ്പുറത്തു നിന്നും പുകചുരുളുകള്‍ ഉയരുന്നു. മങ്ങിയ വെളിച്ചത്തില്‍ ആളെ കാണാം. ലോക്കല്‍ സഖാവ് കുത്തിയിരുന്നു ദിനേശ് ബീഡി വലിയ്ക്കുകയാണ്! പാവം ഉറക്കമില്ലാതെ എന്തൊക്കെയോ ആലോചിച്ചിരിയ്ക്കുന്നു. ഒന്നാം പ്രതി, മൂന്നു പെണ്‍കുട്ടികളുടെ പിതാവ്. രയറോത്തെ വീട്ടില്‍ ആ മക്കളും ഭാര്യയും ഇപ്പോള്‍ ഇതേ പോലെ തന്നെ ഉറക്കമില്ലാതിരിയ്ക്കുകയാവാം.   ഓരോന്നാലോചിച്ച് കിടന്ന് വീണ്ടും മയങ്ങിപ്പോയി.

“ഫയലേ..കോണ്‍ ഫയല്‍..!”

ഉച്ചത്തിലുള്ള അലര്‍ച്ച.! ഞെട്ടിയെഴുനേറ്റു. എന്താണു സംഭവമെന്നൊരു പിടിയുമില്ല. എല്ലാരും അവിടുന്നുമിവിടുന്നും ഒക്കെ ചാടിയെഴുനേല്‍ക്കുന്നു. മടിച്ചു കിടന്ന ചിലരെ ആരൊക്കെയോ തട്ടിയെഴുനേല്‍പ്പിയ്ക്കുന്നു. ആകെപ്പാടെ ഒരു ബഹളം. ഞാന്‍ അന്തംവിട്ടിരുന്നു.

“ഫയല്‍..ഫയല്‍..!”

വീണ്ടും അതേ അലര്‍ച്ച..!

നോക്കുമ്പോള്‍ തടവുപുള്ളികളെല്ലാം വരിയായി കുത്തിയിരിയ്ക്കുന്നതാണു കണ്ടത്. ഒരാളുടെ പുറകില്‍ ഒരാളായി. നമ്മളും ഇരിയ്ക്കണമല്ലോ. ഞങ്ങളെല്ലാം അതേ പോലെ അനുകരിച്ചു. അപ്പോള്‍ രണ്ടു പേര്‍, ഒരാള്‍ മുന്‍പില്‍ നിന്നു പുറകോട്ടും  മറ്റേയാള്‍ പുറകില്‍ നിന്നു മുന്‍പോട്ടും, തലതൊട്ട് എണ്ണി വന്നു. എണ്ണല്‍ കഴിഞ്ഞ ശേഷം അവര്‍ പരസ്പരം  എണ്ണംകൃത്യമാണെന്നുറപ്പു വരുത്തി. അതോടെ എല്ലാവരും എഴുനേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍  കാര്യം മനസ്സിലായി. ജെയില്‍ പുള്ളികളുടെ എണ്ണമെടുത്തതാണ്. എന്നാല്‍ ഈ “ഫയല്‍” എന്ന വാക്കും ഇതുമായുള്ള ബന്ധം മനസ്സിലായില്ല.

ഈ എണ്ണമെടുപ്പു നടത്തിയ ആള്‍ തടവുകാരന്‍ തന്നെയാണ്.  അയാള്‍ക്ക് “മേസ്ത്രി” എന്ന ഒരു സ്ഥാനം നല്‍കിയിരിയ്ക്കുന്നു. പൊതുവില്‍ ശിക്ഷാകാലാവധി കഴിയാറായ, മര്യാദക്കാ‍രായ ആള്‍ക്കാരെയാണ് ഈ ചുമതല ഏല്‍പ്പിയ്ക്കുക. ഒരു ബ്ലോക്കില്‍ മൂന്നോ നാലോ മേസ്ത്രിമാരുണ്ടാകും. അവര്‍ക്ക് ഓരോ ഏരിയ തിരിച്ചു കൊടുത്തിട്ടുണ്ട്.
ആ ഏരിയയിലെ മേല്‍നോട്ടം  അവരുടെ ചുമതലയാണ്. അതിലൊന്നാണ് രാവിലെയും വൈകുന്നേരവുമുള്ള, തടവു പുള്ളികളുടെ കണക്കെടുപ്പ്.

അപ്പോള്‍ സമയമെന്തായെന്നറിയില്ല. എങ്കിലും അഞ്ചുമണിയായിക്കാണുമെന്ന് ഊഹിച്ചു, മുറ്റത്ത് കാക്കകളുടെ കരച്ചില്‍ കേള്‍ക്കാം. ആറുമണിയായാല്‍ ഹാളിന്റെ വാതില്‍ തുറക്കും. പിന്നെ ഈ ബ്ലോക്കിനുള്ളില്‍ (ഹാളിനു വെളിയിലുള്ള വളപ്പില്‍)  “സ്വതന്ത്രരായി” നടക്കാം. വീണ്ടും, വൈകുന്നേരം ആറുമണിയ്ക്ക് എല്ലാവരെയും ഉള്ളിലാക്കി ഹാള്‍ പൂട്ടും. ഇതാണു രീതിയെന്നു മനസ്സിലായി.

“എല്ലാ സഖാക്കളും ഇങ്ങോട്ടു വരൂ..”

സഖാവ് ബാബുരാജാണ് വിളിയ്ക്കുന്നത്. (ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഉന്നത ബിരുദധാരിയും പാര്‍ടി ലോക്കല്‍ സെക്രട്ടറിയും.‍). ഞങ്ങള്‍ കക്ഷിയുടെ ചുറ്റും കൂടി.

“ഇങ്ക്വിലാബ് സിന്ദാബാദ്..
രക്തസാക്ഷികള്‍ സിന്ദാബാദ്.“

ബാബുരാജിന്റെ ചെവിപൊട്ടുന്ന ശബ്ദം ജയില്‍ മുറിയില്‍ മുഴങ്ങി. പിന്നെയെന്തു നോക്കാന്‍..ഞങ്ങളും വിളിച്ചു ഉച്ചത്തില്‍. ഒരു പത്തു മിനിട്ടു നേരത്തേയ്ക്ക് തകര്‍പ്പന്‍ വിളി തന്നെ. അപ്പോള്‍ ഹാളിന്റെ പല ഭാഗത്തു നിന്നും ഈ വിളി കേട്ടു തുടങ്ങി. അതോടെ ഞങ്ങള്‍ക്ക് ആവേശം കൂടി. നമ്മുടെ ആള്‍ക്കാര്‍ ഇഷ്ടം പോലെ കിടപ്പുണ്ടല്ലോ!

ഈ മുദ്രാവാക്യം വിളി സംഘബോധം സൃഷ്ടിയ്ക്കുന്നതിനൊപ്പം ഒരു അധീശത്വ പ്രഖ്യാപനം കൂടിയാണ്. കാരണം ജയിലില്‍ വിവിധ തരത്തിലുള്ള കുറ്റവാളികളുണ്ട്. കൈക്കരുത്തില്‍ വിശ്വസിയ്ക്കുന്നവര്‍. ക്രൂര മനോഭാവമുള്ളവര്‍. അവരെയൊക്കെ ഒതുക്കി നിര്‍ത്താന്‍ ഇതു വഴി സാധിയ്ക്കും.

ആറുമണി അടുക്കാറായതോടെ വാതിലിനു മുന്‍പില്‍ വലിയൊരു കൂട്ടം രൂപപെട്ടു. ആദ്യം പുറത്തു ചാടാനുള്ള തിരക്കാണ്. ഈ തിരക്കിനു കാരണം പിന്നീടാണു ബോധ്യമായത്. ബ്ലോക്കില്‍ ആളിനനുസരിച്ചുള്ള ടോയിലറ്റുകള്‍ ഇല്ല. ആകെ എട്ടോ പത്തോ എണ്ണം മാത്രം. ആദ്യം അതു പിടിയ്ക്കാനാണ് ഈ തിരക്ക്. ഞങ്ങള്‍ ഏതായാലും ഇതെല്ലാം നോക്കി മാറിയിരുന്നു.

ആറുമണിയായപ്പോള്‍ സെ‌ന്‍‌ട്രല്‍ ടവറില്‍ സൈറണ്‍ മുഴങ്ങി. ഒരു ഗാര്‍ഡ് വന്ന്‍ കൂറ്റന്‍ വാതില്‍ തുറന്നിട്ടു. കോഴിയെ അഴിച്ചു വിട്ടമാതിരി ഒരു തള്ളലാണ് പുറത്തേയ്ക്ക്. കുറേപേര്‍ മുന്നിലിറങ്ങി പാഞ്ഞു. ഞങ്ങള്‍ ഈ തള്ളല്‍  കഴിഞ്ഞ് തോര്‍ത്തുമെടുത്ത് മുറ്റത്തിറങ്ങി. പ്രഭാതമായിരിയ്ക്കുന്നല്ലോ..!. നല്ല ശുദ്ധമായ അന്തരീക്ഷം. കുളിര്‍മ്മയുള്ള ഇളം കാറ്റ് കവിളില്‍ തട്ടി. കാക്കകളുടെ ചിലയ്ക്കല്‍. കൊച്ചു കുരുവികള്‍ അവിടെയൊക്കെ വന്നിരുന്നു എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. ചെറിയ മുറ്റം കഴിഞ്ഞാല്‍ വിശാലമായ വളപ്പാണ്. അവിടെയെങ്ങും പടുകൂറ്റന്‍ മാവുകളും തെങ്ങുമൊക്കെ. വലിയൊരു തറവാട്ടു വളപ്പ് മാതിരി. എന്തൊരു ഹരിതാഭ !

വളപ്പില്‍ അല്പം അകലത്തായി വലിയൊരു കിണറും നിലത്തു കെട്ടിയിരിയ്ക്കുന്ന ചതുരാകൃതിയിലുള്ള ടാങ്കുമുണ്ട്. നാലടിയോളം പൊക്കമുണ്ട് ടാങ്കിന്റെ ഭിത്തികള്‍ക്ക്. രണ്ടു മൂന്നു പേര്‍ ടാങ്കില്‍ വെള്ളം നിറയ്ക്കുന്നു. ഞങ്ങള്‍ അവിടെ പോയി, മാവില കൊണ്ട് പല്ലു തേച്ച് മുഖം കഴുകി വന്നു. ടോയിലറ്റിലേയ്ക്ക് ഇപ്പോള്‍ പോക്കു നടക്കില്ല.

ഏഴുമണിയായിക്കാണും, പുറത്തെ വലിയ വരാന്തയിലേയ്ക്ക് വലിയ പാത്രങ്ങള്‍ ചുമന്നു കൊണ്ട് കുറച്ചു പേര്‍ എത്തി.

“ചേട്ടാ ചായയും ചപ്പാത്തിയുമാണ്. പോയി മേടിച്ചോ..”

രാമന്‍ ഞങ്ങളോടു വിളിച്ചു പറഞ്ഞു. ഓഹോ, ചപ്പാത്തിയാണോ? ജയിലാഹാരത്തെ പറ്റി പറയുന്നത് “ഗോതമ്പുണ്ട” എന്നാണല്ലോ..! ഹായ്... .ചപ്പാത്തി എനിയ്ക്കു വലിയ ഇഷ്ടമാണ്. വീട്ടില്‍ മിക്കവാറും ഗോതമ്പ് മേടിച്ച് പൊടിപ്പിയ്ക്കാറുണ്ട് ചപ്പാത്തി ഉണ്ടാക്കാന്‍.ഞാനും സുകുമാരനും പ്ലേറ്റും ഗ്ലാസുമെടുത്ത് അങ്ങോട്ടേയ്ക്ക് ചെന്നു. തിരക്കല്പം ഒഴിഞ്ഞ് ഞങ്ങളുടെ ഊഴമായി. ഞാന്‍ പ്ലേറ്റ് നീട്ടി....

ഉദ്ദേശം ഒരടിയോളം വ്യാസമുള്ള, അര സെന്റിമീറ്റര്‍ കനമുള്ള രണ്ടു “ചപ്പാത്തി”കള്‍ പ്ലേറ്റിലേയ്ക്കു വീണു. പുറകേ ബ്രൌണ്‍ നിറമുള്ള ഒരു ദ്രാവകം. അതില്‍ നാലോ അഞ്ചോ കടല അങ്ങിങ്ങായി കിടക്കുന്നു. പിന്നെ ഒരു കെറ്റിലില്‍ നിന്നും ചായ പോലെ തോന്നിക്കുന്ന എന്തോ ഒന്നു സ്റ്റീല്‍ ഗ്ലാസിലും ഒഴിച്ചു തന്നു. അതും നോക്കി കൂടുതല്‍ അന്തം വിട്ടു നില്‍ക്കാന്‍ പറ്റില്ല, പുറകില്‍ ആളുണ്ട്. കിട്ടിയതുമായി ഞങ്ങള്‍ കിടപ്പാടത്തെത്തി.

“ചപ്പാത്തി”യ്ക്ക് നല്ല ഇരുണ്ട നിറമാണ്. ഗോതമ്പിന്റെ ഉമി പോലെ എന്തോ ആകെ പറ്റിയിരിയ്ക്കുന്നു. “ചായ“ കുടിച്ചു നോക്കി. വീട്ടില്‍ ചായവെച്ചു കഴിഞ്ഞ് കലത്തില്‍ വെള്ളമൊഴിച്ചു വയ്ക്കാറില്ലേ, അതു തന്നെ സാധനം. എന്തൊരു ടേസ്റ്റ്! എന്തായാലും ചെറിയ ചൂടുണ്ട്.  വിശപ്പുള്ളതിനാല്‍ ഒന്നിനും വലിയ അരുചിയൊന്നും തോന്നിയില്ല. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു “ചപ്പാത്തി”യിലധികം പോയില്ല.

“ബ്രേക്ക്ഫാസ്റ്റി“നു ശേഷം ബ്ലോക്ക് പരിസരമൊക്കെ ഒന്നു ചുറ്റിക്കാണാന്‍ ഞാനും സുകുമാരനും തീരുമാനിച്ചു. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഇരിയ്ക്കാനായി സിമന്റുകൊണ്ട് ബഞ്ചുകള്‍ ഉണ്ട്, ഒന്നോ രണ്ടോ എണ്ണം. കൂടാതെ ഒരു തട്ടും ചുറ്റിനും നാലുപേര്‍ക്കിരിയ്ക്കാനുള്ള സിമന്റു ബ്ലോക്കും. തട്ടിന്മേല്‍ ഒരു ക്യാരംസ് ബോര്‍ഡുണ്ട്. പ്രായമായ ചിലരൊക്കെ അവിടവിടെ ഇരിയ്ക്കുന്നു. എല്ലാം വിഷാദച്ഛവിയുള്ള മുഖങ്ങള്‍. ഇവരൊക്കെ കുറ്റവാളികളാണെന്ന് വിശ്വസിയ്ക്കാനാവുന്നില്ലല്ലോ? നമ്മളൊക്കെ എപ്പോഴും എവിടെ വച്ചും കാണുന്ന സാധാരണ മനുഷ്യര്‍. പലരും ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയതേ ഇല്ല. അറിയാതെയെങ്ങാനും കണ്ണുടക്കിയാല്‍ ഉടനെ പിന്‍‌വലിച്ചു കളയുന്നു. ഞങ്ങള്‍ താല്‍ക്കാലിക സന്ദര്‍ശകരാണെന്ന് അവര്‍ക്കറിയാം.

 ഞങ്ങള്‍ മുറ്റത്തു നിന്നും താഴെ ഭാഗത്തേയ്ക്കു നടന്നു. ഹാ..അതാ രണ്ട് കൂട്ടുപ്രതികള്‍ ഇളം വെയിലും കൊണ്ടിരിയ്ക്കുന്നു! തലയിലും ശരീരത്തുമൊക്കെ എണ്ണ തേച്ചു പിടിപ്പിച്ചിരിയ്ക്കുന്നു..! ഈ പുള്ളികളെ ഞങ്ങളെയൊക്കെ പിടിയ്ക്കുന്നതിനു മുന്‍പേ പിടിച്ചതാണ്. (ഭാഗം-1 ല്‍ ഇവരുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്). ഞങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷമായി. അവര്‍ ഓരോരോ ജയില്‍ വിശേഷങ്ങള്‍ പറഞ്ഞു തന്നു. ഞങ്ങള്‍ കിടക്കുന്നത് രണ്ടാം ബ്ലോക്കിലാണ് എന്ന് മനസ്സിലായി.   ജയിലില്‍ കിടക്കുന്നതിന്റേതായ ഒരു വിഷമവും അവരുടെ മുഖത്തു കണ്ടില്ല. ഇപ്പോള്‍ ഏതാണ്ട് എട്ടോ പത്തോ ദിവസമായിക്കാണുമല്ലോ. ഒരാള്‍ ചെത്തുകാരനും മറ്റേയാള്‍ കൂലിപ്പണിക്കാരനും ആണ്. മനുഷ്യരങ്ങനെയാണല്ലോ, എവിടവുമായും പൊരുത്തപ്പെടുന്നതു വരെയേ ഉള്ളൂ വിഷാദം.

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഏതാണ്ട് രണ്ടു മണിക്കൂര്‍ ആയതോടെ വയറ്റില്‍ നല്ല വേദന..! ഞാന്‍ വയറും തിരുമ്മി കുറെ നേരം  ഇരുന്നു. രക്ഷയില്ല. പിന്നെ നേരെ ടോയിലറ്റിലേയ്ക്കോടി. അല്പം അകലെയാണത്. അരയാള്‍ ഉയരത്തിലുള്ള മറയേ ഉള്ളു. ഇപ്പോള്‍ തിരക്കൊന്നുമില്ല.

ഞാന്‍ തിരികെ പോകുമ്പോള്‍ സുകുമാരനും വയറും തിരുമ്മി വരുന്നുണ്ട്. വേദന തന്നെ..! ഞങ്ങളുടെ മിക്ക കൂട്ടുപ്രതികളും ഇതേ വേദന അനുഭവിച്ചു. പിന്നീട് കാര്യം മനസ്സിലായി. “ചപ്പാത്തി” പറ്റിച്ച പണിയാണ്. അതിന്മേലുള്ള പൊടി (ഉമി) നന്നായി തട്ടിക്കളഞ്ഞ ശേഷമേ അതു തിന്നാന്‍ പാടുള്ളു പോലും!

ഞങ്ങള്‍ വീണ്ടും ഹാളിലേക്ക് പോയി. സഖാക്കള്‍ പലരും കൂട്ടം കൂടിയിരിയ്ക്കുന്നു. മിക്കവരുടെയും മുഖത്ത് വല്ലാത്ത നിരാശയും മ്ലാനതയുമാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ ! എന്നും രാവിലെ രയറോത്തെ ചായക്കടകളില്‍ നിന്നും ചായയോടൊപ്പം രണ്ടോ മൂന്നോ പത്രങ്ങളും വായിയ്ക്കുന്നവര്‍, റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുന്നവര്‍ (ടി.വി. ആയിവരുന്നതേയുള്ളു), അത്യാവശ്യം രാഷ്ട്രീയം പറയുന്നവര്‍, റബ്ബര്‍ ടാപ്പു ചെയൂന്നവര്‍, പശുവിനെ കറന്നു മില്‍മയില്‍ പാലളക്കുന്നവര്‍, മറ്റു ജോലികള്‍ക്കു പോകുന്നവര്‍ അങ്ങനെ വിവിധ ദിനചര്യകളുള്ളവരാണ് എല്ലാവരും. അതിന്റെ ആ ഒരു താളത്തിലാണ് അവരുടെ ഓരോ ദിനവും വരുന്നതും പോകുന്നതും. നമുക്ക്  എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അത് നമ്മളെ എപ്പോഴും ഉത്സാഹഭരിതരായി നിലനിര്‍ത്തും. മനസ്സിന് ചലനോര്‍ജം നല്‍കും. ചുറ്റുപാടുകളില്‍ നിന്നും, മനസ്സ് എന്തിലേയ്ക്കെങ്കിലും കേന്ദ്രീകരിയ്ക്കുമ്പോള്‍ വിരസത നമ്മെ വിട്ടുപോകും. ഇവിടെയിതാ, ഞങ്ങള്‍ ഒന്നും  ചെയ്യാനില്ലാതെ  നിസ്സഹായതയിലേയ്ക്കു വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നു..

അപരിചിതരായ ഒട്ടേറെ ആള്‍ക്കാര്‍കിടയില്‍ -കുറ്റവാളികള്‍ക്കിടയില്‍ ‌‌- എങ്ങനെ കഴിച്ചു കൂട്ടും? ഇവരുടെയൊക്കെ  പ്രതികരണം എങ്ങനെയാവും ? എന്നാണിനി ഇവിടെ നിന്നൊന്നു രക്ഷപെടുക? ഈ ആശങ്കകളാണ് എല്ലാവര്‍ക്കും. മുതിര്‍ന്നവര്‍ അത്ര പരസ്യമായി പറഞ്ഞില്ലെങ്കിലും ആ മുഖങ്ങളില്‍ നിന്നും അതു വായിച്ചെടുക്കാം. എല്ലാവരുടെയും ആകാംക്ഷ എന്നാണു ജാമ്യം കിട്ടുക എന്നതു മാത്രമാണ്. പുറത്ത് പാര്‍ട്ടി അക്കാര്യങ്ങള്‍ നീക്കുന്നുണ്ട് എന്നാണറിവ്.

ഇതിനിടയില്‍ മറ്റു ചില സഖാക്കള്‍ പരിചയപെടാനെത്തി. പലരും പല പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍. ഒരിയ്ക്കലും കണ്ടിട്ടില്ലാത്തവര്‍. എങ്കിലും ഒരേ തൂവല്‍ പക്ഷികളാണന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സാഹോദര്യം തോന്നും. പരസ്പരം ചെയ്ത “കുറ്റങ്ങള്‍” പറഞ്ഞ് ചിരിയ്ക്കും. പലരും നല്ല വിദ്യാഭ്യാസമുള്ളവരും തൊഴിലെടുക്കുന്നവരുമൊക്കെയാണ്.
ഒരു പഞ്ചായത്ത് പ്രസിഡണ്ട്, സഹകരണ ബാങ്ക് സെക്രട്ടറി, അധ്യാപകന്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ചുമട്ടുകാര്‍ അങ്ങനെ പലരുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ക്കൊക്ക പലപ്രാവശ്യത്തെ മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാല്‍ അത്ര വലിയ ആശങ്കയൊന്നുമില്ല.

അങ്ങനെ കുറച്ചു നേരം പോയി. പിന്നെ ഞാനും സുകുമാരനും കൂടി ടാങ്കില്‍ നിന്നും വെള്ളം കോരി കുളിച്ചു. അതു കഴിഞ്ഞപ്പോള്‍ കുറച്ചൊരുന്മേഷം കിട്ടി. തിരികെയെത്തി അല്പസമയം കഴിഞ്ഞു; അതാ വീണ്ടും വലിയ കുട്ടകവും ചുമന്ന് ആള്‍ക്കാര്‍ വരുന്നു..!

 ഉച്ചഭക്ഷണം എത്തി. വലിയ ക്യൂ. ഞങ്ങള്‍ പ്ലേറ്റുമായി വരിയില്‍ നിന്നു. നല്ല റേഷന്‍ അരി ചോറാണ്. പഴയ സ്റ്റീല്‍ ടിഫിന്‍ കാരിയര്‍ കണ്ടിട്ടില്ലേ? അതിന്റെ ചുവട്ടിലെ വലിയ തട്ടിന് കണക്കായ വലിപ്പത്തില്‍ വൃത്താകൃതിയിലുള്ള, അമര്‍ത്തിയെടുത്ത ഒരു “കട്ട“ ചോറ്. ശരിയ്ക്കും ഒരാള്‍ക്ക് മിച്ചം കഴിയ്ക്കാം. ചോറിനൊപ്പം സാമ്പാര്‍ എന്നു വിളിയ്ക്കപെടുന്ന ദ്രാവകം. അതില്‍ എന്തൊക്കെയോ ഒന്നു രണ്ടു കഷണങ്ങള്‍ കിടക്കുന്നു. അപൂര്‍വമായി പാറ്റയും കിട്ടാറുണ്ടത്രേ !

(ഇപ്പറഞ്ഞതു വെച്ച് ജയില്‍ കറി എപ്പൊഴും മോശമാണെന്നു കരുതണ്ട. ചില ദിവസങ്ങളില്‍ നല്ല ഒന്നാന്തരം കറി തന്നെ കിട്ടും. അതു പോലെ ഓരോ ദിവസവും കറികള്‍ മാറി മാറി വരും. ആഴ്ചയിലൊന്ന് ഇറച്ചി, മീന്‍, ഉണക്ക മീന്‍ ഇവയുമുണ്ട്, ഒക്കെ പേരിനു മാത്രമാണേ. എന്നാല്‍ ഒരു ദിവസം പുഴുക്കു കറി കഴിച്ചിരുന്നു. ജയിലില്‍ തന്നെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടുള്ളത്. അതിന്റെ രുചി ഇന്നും നാവിലുണ്ട്.)

ഉച്ചയൂണു കഴിഞ്ഞ് ചെറിയൊരു ഉറക്കം നടത്തി. മൂന്നു മണിയായപ്പോള്‍ വീണ്ടും സൈറണ്‍ മുഴങ്ങി. ചിലരൊക്കെ തട്ടിക്കുടഞ്ഞെഴുനേറ്റു. കൂടെ ഞങ്ങളും. ഇനി ഒരു മണിക്കൂര്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുമത്രേ..! അതായത്  ബ്ലോക്കിന്റെ വേലി ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് തുറന്നു കിട്ടും. ഈ സമയത്ത് കാന്റീനില്‍ പോകാം, അത്യാവശ്യം എന്തെങ്കിലും മേടിയ്ക്കണമെങ്കില്‍ ആവാം. സെന്‍ട്രല്‍ ടവറില്‍ റേഡിയോ ഉണ്ട് അതു കേള്‍ക്കാം. പിന്നെ വേണമെങ്കില്‍ മറ്റു ബ്ലോക്കുകളും സന്ദര്‍ശിയ്ക്കാം.

കിട്ടിയ അവസരം ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചാറു പേര്‍ ബ്ലോക്കിനു വെളിയില്‍ വന്നു. സെ‌ന്‍ട്രല്‍ ടവര്‍ കണ്ടു. നല്ല ഉഗ്രന്‍ കെട്ടിടം. ചുറ്റിലും രണ്ടടി ഉയരമുള്ള ചെറുമതില്‍. അതില്‍ ചിലരൊക്കെ ഇരിയ്ക്കുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഒരു കോളാമ്പി കാണാം. അതു വഴി റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നുണ്ട്.

ടവര്‍ മുറ്റത്തുകൂടി മറുവശത്തേയ്ക്കു നടന്നു. അവിടെ മറ്റൊരു ബോക്കിലേക്കു പ്രവേശിയ്ക്കാം. ഈ ഭാഗത്താണ് കാന്റീന്‍. അവിടെ തന്നെ, തടി അറുക്കുന്ന സ്ഥലം, ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന സ്ഥലം, അടുക്കള, ചില ഓഫീസുകള്‍ ഇവയെല്ലാമുണ്ട്. ഇവിടെയെല്ലാം ജോലി ചെയ്യുന്നത് തടവുകാരാണ്. തടവുകാരില്‍ നല്ല വിദ്യാഭ്യാസമുള്ളവരുമുണ്ട്. അവര്‍ക്കൊക്കെ അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടും. കുറ്റവാസനയില്ലാത്ത, മര്യാദക്കാരായ തടവുകാര്‍ക്കേ ഇതൊക്കെ ലഭിയ്ക്കൂ.

കാന്റീനില്‍ നല്ല തിരക്കാണ്. ചായ, ബോണ്ട (ഉണ്ടം പൊരി), പഴം പൊരിച്ചത് അങ്ങനെയുള്ള “കടി”കള്‍, ബീഡി, അച്ചാര്‍, പല്പൊടി, പേസ്റ്റ്, തുവര്‍ത്ത് ഇങ്ങനെയുള്ള പലവസ്തുക്കളും അവിടെ കിട്ടും. പുറത്ത് ചായയ്ക്ക് ഒന്നര രൂപാ വിലയുള്ളപ്പോള്‍ ജയില്‍ കാന്റീനില്‍ അന്‍പതു പൈസയാണ്. കടികള്‍ക്കും അതേ വില തന്നെ. എന്നാല്‍ ബീഡി, അച്ചാര്‍ അങ്ങനെയുള്ള പുറം സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം. അന്ന് ഒരു ജയില്‍ പുള്ളിയ്ക്ക് ദിവസകൂലി കേവലം നാലര രൂപയാണ്. പുറത്ത് കൂലി അന്‍പതു മുതല്‍ അറുപതു രൂപ വരെ. (ഇപ്പോള്‍ ജയിലിലെ കൂലി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട് ). കാന്റീനില്‍ ഒരാള്‍ക്ക് ഒരു മാസം ചിലവാക്കാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. പരമാവധി അറുപതു രൂപാ മാത്രം.

തിരക്കിനിടയില്‍ കൂടി ഞങ്ങള്‍ ഓരോ ചായയും കടിയും പല്‍പ്പൊടിയും മേടിച്ചു. (പുറത്തു നിന്നും മേടിച്ച നമ്പൂതിരിപ്പൊടി ജയില്‍ കവാടത്തില്‍ മേടിച്ചു വച്ചിരുന്നല്ലോ). ചായയും കടിയും ഒന്നാംതരം. അതും കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരു മധ്യ വയസ്ക്കന്‍ ചിരിച്ചു കൊണ്ടു വന്നു. നല്ല കുലീനത്വം തുളുമ്പുന്ന മുഖഭാവം. ജയില്‍ വസ്ത്രങ്ങളാണ് വേഷം. ഞങ്ങളോടൊപ്പമുള്ള മൂത്ത സഖാക്കളെല്ലാം കക്ഷിയുടെ പരിചയക്കാരാണല്ലോ !. അവര്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞു. തിരിച്ചു നടക്കുമ്പോള്‍ അതാരാണെന്നു ഞാന്‍ അന്വേഷിച്ചു.

രയറോത്തിന്റെ അടുത്ത പ്രദേശമായ തേര്‍ത്തല്ലി സ്വദേശിയാണയാള്‍. നല്ല സാമ്പത്തികമുള്ള, വിദ്യാഭ്യാസമുള്ള വ്യക്തി. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മണ്ഡലം നേതാവായിരുന്നു. ഒരു കൊലപാതകവുമായി ബന്ധപെട്ട് ജീവപര്യന്തം തടവു ശിക്ഷ അനുഭവിയ്ക്കുകയാണ്. ഇനിയും മൂന്നോ നാലോ വര്‍ഷങ്ങള്‍ ബാക്കിയുണ്ട് പുറത്തിറങ്ങാന്‍. ഇവിടെ അക്കൌണ്ട് സെക്ഷനില്‍ ജോലിയെടുക്കുകയാണ്.

കാന്റീന്‍ കെട്ടിടത്തിലെ സൈഡില്‍ കനത്ത ഇരുമ്പു വേലിയണ്. അതിനുള്ളില്‍ നീളത്തില്‍ കുറച്ചു എടുപ്പുകള്‍. അവയാണ് “കണ്ടെംഡ് സെല്ലുകള്‍“. വധശിക്ഷയ്ക്ക് വിധിക്കപെട്ടവരേയും കൊടും കുറ്റവാളികളെയും ജയിലില്‍ അതിക്രമം കാണിയ്ക്കുന്നവരേയുമൊക്കെയാണ് അതില്‍ ഇടുന്നത്. ശരിയ്ക്കും ഏകാന്ത തടവാണവിടെ. ഓരോന്നും ഓരോ ചെറിയ സെല്ലുകള്‍. അവിടെ പോയി കാണണമെന്നുണ്ടെങ്കിലും അങ്ങോട്ടേയ്ക്ക് പ്രവേശനമില്ല.  അതിനുമപ്പുറത്താണ് വധശിക്ഷ നടപ്പാക്കുന്ന തൂക്കുമുറി. തടവുകാരനായിട്ടല്ലായിരുന്നു ചെന്നതെങ്കില്‍ ഒരു പക്ഷെ അതൊക്കെ പോയി കാണാമായിരുന്നു.

നാലുമണിയോടെ സൈറണ്‍ മുഴങ്ങി. തിരിച്ച് ബ്ലോക്കിലെത്തി. ഗേറ്റ് പൂട്ടപെടുകയും ചെയ്തു. അഞ്ചുമണിയായപ്പോള്‍ വീണ്ടും ഭക്ഷണമെത്തി. രാത്രിയിലേയ്ക്കുള്ള ചോറും കറിയും. ക്യൂ നിന്ന് മേടിച്ചു.  ഇപ്പോഴേ ആരും തന്നെ കഴിയ്ക്കില്ല. ഏഴുമണിയെങ്കിലും ആവണം.

ആറുമണിയായതോടെ വീണ്ടും സൈറണ്‍. എല്ലാവരും ഹാളിനകത്തു കയറി. ഗാര്‍ഡുമാര്‍ വാതില്‍ പൂട്ടി, എന്നിട്ട് പുറത്ത് കാത്തു നിന്നു.
അകത്ത് അതാ രാവിലത്തെ അലര്‍ച്ച..!

“ഫയലേ..ഫയല്‍. ..കോണ്‍ ഫയല്‍..”

എല്ലാം കൂടി രാവിലത്തെ മാതിരി കുന്തിച്ചിരുന്നു. വീണ്ടും മേസ്ത്രിയും സഹായിയും എണ്ണി നോക്കി കൃത്യത ഉറപ്പാക്കി. എന്നിട്ട് ആ വിവരം ഗാര്‍ഡുകളെ അറിയിച്ചു. എണ്ണത്തില്‍ തൃപ്തരായി അവര്‍ മടങ്ങി.

പുറത്ത് സന്ധ്യ ആവുന്നതേയുള്ളു. മാവുകളില്‍ നിറയെ കാക്കകളുടെയും മറ്റു പക്ഷികളുടെയും ആരവം. അവരും ചേക്കേറുകയാണല്ലോ ..! അതിനിടയില്‍ കുയിലിന്റെ ശബ്ദവും കേട്ടു. അപ്പോള്‍ എന്തെന്നില്ലാത്ത ഒരു വിഷാദം മനസ്സില്‍ പടര്‍ന്നു കയറി. പുറത്ത് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദം  കേള്‍ക്കുന്നുണ്ട്. എത്രയോ വൈകുന്നേരങ്ങളില്‍ കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേയ്ക്കു പോയിരിയ്ക്കുന്നു. അന്നൊക്കെ പലപ്രാവശ്യം ഈ കനത്ത മതില്‍ കെട്ടിലേയ്ക്ക് അലസമായി നോക്കിയിട്ടുണ്ട്. അതിനുള്ളിലെ പക്ഷികളുടെ ചിലപ്പുകള്‍ കേട്ടിട്ടുമുണ്ട്. അവയൊക്കെ മനസ്സില്‍ ഇരച്ചു വന്നു. ഇവയെല്ലാം എന്റെ ഓര്‍മ്മ ചിന്തുകളില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നോ? തലച്ചോറിലെവിടെയോ ഉറങ്ങിക്കിടന്ന അവ ശക്തിയോടെ ഉണര്‍ന്നെണീറ്റിരിയ്ക്കുകയാണ് ! അതേ, ഇപ്പോള്‍ അവരുടെ സമയമാണല്ലോ..!

ബാബുരാജ് വീണ്ടും എല്ലാവരെയും വി|ളിച്ചു. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകിട്ടും ശീവേലി കഴിയ്ക്കും പോലെ ഇവിടെയുമൊരു ശീവേലിയുണ്ടല്ലോ, മുദ്രാവാക്യം വിളി. പൂര്‍വാധികം ശക്തിയോടെ ആ പരിപാടി അങ്ങു നടത്തി. ഇത്തവണ മറ്റു ചില സഖാക്കന്മാരും കൂടിയിരുന്നു. ബാബുരാജിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടാവാം.

പിന്നെ, കുറേ നേരത്തെ വര്‍ത്തമാനങ്ങള്‍, ഭക്ഷണം, മൂത്രമൊഴിക്കാനുള്ള ഭാഗത്തു തന്നെ പാത്രം കഴുകലും കൈകഴുകലും. അതും കഴിഞ്ഞ് നമ്മുടെ കിടപ്പാടത്ത്, ജമുക്കാളത്തില്‍ നീണ്ടു നിവര്‍ന്നൊരു കിടപ്പ്.

കനത്ത കരിങ്കല്‍ ഭിത്തിയില്‍ വിഷാദം ചുരുളുകളായി ഒളിച്ചിരുന്നു. പരന്നു കിടന്ന നേര്‍ത്ത പുകപടലത്തില്‍ ഏകാന്തത തങ്ങി നില്‍ക്കും പോലെ. അനേകം പേരുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന മച്ചില്‍ തട്ടി പ്രതിധ്വനിച്ചു.  അപ്പോള്‍ അറിയാതെ മനസ്സ് വീണ്ടും വീട്ടിലേയ്ക്കു പോയി. അവിടെ അകത്തെ മുറിയില്‍, ഉറങ്ങാതെ, വെളിയിലേയ്ക്ക് ചെവിയോര്‍ത്ത്, തേങ്ങുന്ന മനസ്സുമായി അമ്മ..! അടുക്കളയില്‍ ഒരു പാത്രം ചോറ് എനിയ്ക്കായി കാത്തിരിപ്പുണ്ടാവും. നെഞ്ചില്‍ ഉരുണ്ടു വന്ന വിങ്ങല്‍ കടിച്ചമര്‍ത്തി കണ്ണു പൂട്ടി കിടന്നു.

(തുടരും)

16 comments:

 1. ജയില്‍ കഥകള്‍ വായനക്കാര്‍ക്ക് ഒരനുഭവമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം

  ReplyDelete
 2. എന്നാണിനി പുറത്തേക്ക്....??? വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ‍‍..

  ReplyDelete
 3. നല്ല സ്റ്റൈല്‍ ആയി കഥ പറയുന്നുണ്ട് ബിജു. ജയിലും പരിസരവും, എന്തിനു ആ ചായയും ചപ്പാത്തിയും കടലയും വരെ മുന്നില്‍ തേളിഞ്ഞു നില്‍ക്കുന്നു.

  കഥയില്‍ മനൊധര്‍മ്മം ആവശ്യമില്ല്ലാതെ ഉപയൊഗിച്ചിട്ടില്ല എന്നത് നന്നായി തോന്നി. തുടര്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കാന്‍ വായനക്കാരെ മോഹിപ്പിക്കുന്നുണ്ട് കഥ.

  ReplyDelete
 4. നിറം പിടിപ്പിച്ച ഒരുപാട് കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള ജയില്‍ ജീവിതം വളരെ നന്നായി അവതരിപ്പിക്കുന്നു.

  ReplyDelete
 5. കൂട് തുറന്നു കിട്ടിയാലും പരന്നുയരാനാവാത്ത കിളിക്കുഞ്ഞിനെപ്പോലെ ..ജയിലിനകത്ത് തന്നെ കിടക്കുന്നു..മനസ്സ്...!
  ആ പറച്ചിലിന്റെയാവും..
  അഭിനന്ദനങ്ങള്‍..!

  ReplyDelete
 6. ബിജുവേട്ടാ, ഒരിക്കലും പോകാന്‍ ഇടവരരുതേ എന്നൊക്കെ പ്രാര്‍ഥിക്കാറുണ്ട് - ജയിലില്‍. പക്ഷെ ഇപ്പൊ അവിടെ പോയി ഒക്കെ ഒന്ന് കാണാന്‍ തോന്നുന്നു. ഒക്കത്തിനും കാരണക്കാരന്‍ നിങ്ങള്‍ ഒറ്റ ഒരുത്തനാ...! അല്ല പിന്നെ.
  നല്ല സുഖമുള്ള വായന കിട്ടുന്നു. സന്തോഷം...

  ReplyDelete
 7. അനുഭവം നന്നായിരിക്കുന്നു.... പ്രതിയായതെങ്ങനെയെന്നറിയാന്‍ ഇനി എത്ര ഭാഗം വായിക്കണം?

  ReplyDelete
 8. അഭിപ്രായങ്ങള്‍ എഴുതിയ സുഗന്ധി,ജസ്റ്റിന്‍,അനില്‍കുമാര്‍,ഷൈന,റിജേഷ്, ആളവന്താന്‍, മുക്കുവന്‍ : എല്ലാവര്‍ക്കും നന്ദി.
  @ മുക്കുവന്‍:ദയവായി ഒന്നാം ഭാഗം മുതല്‍ വായിയ്ക്കൂ..

  ReplyDelete
 9. സഖാക്കള്‍ എല്ലാരും ചേര്‍ന്നു രാവിലെ നടത്തിയ " ഇംക്വിലബ് സിന്ദാബാദ് " ആ രംഗം മനസ്സിലോര്‍ത്തു ശരിക്കും ചിരിച്ചു പോയി കേട്ടോ. നന്നാകുന്നുണ്ട്‌, അനുഭവമല്ലേ......ഭാവുകങ്ങങള്‍....Lalsalam.

  ReplyDelete
 10. ബിജുവേട്ടാ എഴുത്ത് വളരെ നന്നാവുന്നുണ്ട് , കണ്ണൂര്‍ ജയിലില്‍ കയറാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ആ ആഗ്രഹം side effect ഇല്ലാതെ നിറവേറുന്നുണ്ട് ......... ഒരുപാട് നന്ദി ........ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ ഒന്നുരണ്ടു തവണ അവിടെ പോയിട്ടുണ്ട് , കയറി ചെല്ലുമ്പോള്‍ തന്നെ ഒരു രക്തസാക്ഷി മണ്ഡപം കണ്ടത് ഓര്‍ക്കുന്നു .. അതിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉണ്ട് ..........

  ReplyDelete
 11. ഒന്നാ‍ാം ഭാഗത്തില്‍ പറഞ്ഞത് ആരൊ അടിപിടിയിണ്ടാക്കിയതിനു തന്നെ പോലീസ് പ്രതി ചേര്‍ത്തു എന്നാണു വായിച്ചത്... എന്ന് പറഞ്ഞാല്‍ ഏതോ പോലീസുകാര്‍ക്ക് ഇതില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്നു യതാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാ‍ാന്‍. കണ്ണൂരില്‍ എന്നും ഇടതുപക്ഷം ഇത്ര ആധിപത്യമുള്ളിടത്ത്, തന്നെ പ്രതി ചേര്‍ക്കാന്‍ താല്പര്യം, അപ്പോള്‍ പാര്‍ട്ടിക്കും ഒരു ചെറിയ പങ്കില്ലേ എന്ന് വര്‍ണ്യത്തിലാശങ്ക!

  ReplyDelete
 12. @ മുക്കുവന്‍:കാര്യങ്ങള്‍ എല്ലാം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. കൂത്തുപറമ്പ് വെടിവയ്പിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ പല അക്രമസംഭവങ്ങളും നടന്നു. അതില്‍ ഒട്ടുമിക്ക പാര്‍ടിപ്രവര്‍ത്തകരെയും പെടുത്തുകയുമുണ്ടായി. അങ്ങനെയാണു ഞാനും പെട്ടത്. അതിനു പുറകിലുണ്ടായിരുന്നവരെയൊക്കെ പിന്നീടു മനസ്സിലാകുകയും ചെയ്തു..താങ്കളുടെ സംശയത്തിന്റെ ധ്വനി മനസ്സിലായി..എന്നാല്‍ ഈ കേസു സംബന്ധമായി ഒരു ചില്ലിപൈസാ-ബസുകൂലിയല്ലാതെ- ഞങ്ങള്‍ക്കാര്‍ക്കും മുടക്കു വന്നില്ല. പാര്‍ടി വഴിയില്‍ ഉപേക്ഷിച്ചില്ലാ എന്നര്‍ത്ഥം.

  ReplyDelete
 13. ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്. ഒറ്റയിരിപ്പിനു നാല് ഭാഗങ്ങള്‍ തീര്‍ത്തു. ഈ ഭാഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞു. വായിച്ചവരില്‍ ആരോ പറഞ്ഞതുപോലെ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. വളരെ നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍... നേരം ഏറെ വൈകിയതുകൊണ്ട് ബാക്കി നാളെ വായിക്കാം എന്ന് കരുതി നിര്‍ത്തുന്നു.

  ReplyDelete