Ind disable

Sunday 15 August 2010

ഒരു ഓണാഘോഷം - (രയറോം കഥകള്‍ )

നാം മലയാളികളുടെ ദേശീയാഘോഷമാണല്ലോ ഓണം. കാലവര്‍ഷത്തിന്റെയും വറുതിയുടെയും (ഇപ്പോള്‍ അങ്ങനെയൊന്നുമില്ല) നാളുകള്‍ക്കു ശേഷം മാനം തെളിയുകയും ആശ്വാസത്തിന്റെ പൊന്‍‌കിരണങ്ങള്‍ തലനീട്ടുകയും ചെയ്യുന്ന ആ നാളുകള്‍ നമുക്കെല്ലാം അതിരില്ലാത്ത ആഹ്ലാദമാണല്ലോ നല്‍കുക. ഓരോ നാട്ടുകാര്‍ക്കും ഓണാഘോഷത്തിന് അവരുടേതായ സവിശേഷത ഉണ്ടാവും. 

ഈയുള്ളവന്റെ സ്കൂള്‍ കാലം കോട്ടയത്തായിരുന്നു. അവിടുത്തെ ആഘോഷങ്ങള്‍ക്കൊക്കെ കോട്ടയം ടച്ച് ഉണ്ടായിരുന്നു. അത്തപ്പൂക്കളം, തുമ്പി തുള്ളല്‍ , പച്ച കളി (കബഡിയുടെ മറ്റൊരു രൂപം), കിളിത്തട്ടു കളി, എട്ടു കളി, പകിട കളി അങ്ങനെ ധാരാളം വ്യത്യസ്ത കളികള്‍ അവിടെയുണ്ടായിരുന്നു. പിന്നീടാണ് ഞാന്‍ രയറോത്ത് താമസമാകുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഓരം ചേര്‍ന്നു കിടക്കുന്ന ഇവിടെ കുടിയേറ്റക്കാരായ കൃസ്ത്യാനികളും തദ്ദേശീയരായ മുസ്ലീങ്ങളുമായിരുന്നു അധികം. അതുകൊണ്ടു തന്നെ അങ്ങനെ വിപുലമായ ഓണാഘോഷമൊന്നുമുണ്ടായിരുന്നില്ല. അത് ഓണത്തോടുള്ള ഇഷ്ടക്കേടുകൊണ്ടൊന്നുമല്ല, മറിച്ച് അക്കാര്യങ്ങള്‍ക്കൊക്കെ മുന്‍‌കൈയെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

കുടിയേറ്റക്കാരെല്ലാം മുരത്ത കൃഷിക്കാര്‍ . പറമ്പില്‍ കിളയ്ക്കല്‍ , കാടു പറിക്കല്‍ ,റബറിനു തുരിശടി , ചുവടു ചെത്തല്‍ ,കയ്യാല കെട്ടല്‍ , വൈകിട്ട് റാക്കടിയ്ക്കല്‍ , അത്യാവശ്യം തെറി പറച്ചില്‍ , ഞായറാഴ്ചകളില്‍ പന്നിയിറച്ചി അല്ലെങ്കില്‍ മാട്ടിറച്ചി കൂട്ടി സമൃദ്ധമായി കപ്പയടിയ്ക്കുക ഇതൊക്കെയാണ് അവരുടെ നിത്യ ജീവിതം. അതിനപ്പുറമുള്ള ആഘോഷം അരങ്ങം അമ്പലത്തിലെ ഉത്സവമാണ്. ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ , വിഷു ഇതൊക്കെ ഒറ്റദിവസത്തെ ആഘോഷത്തിലൊതുങ്ങും. രയറോം കാരെ സംബന്ധിച്ച് ഈ ആഘോഷം എന്നത്, മാഹിയില്‍ നിന്നും കൊണ്ടു വരുന്ന ഇന്ത്യന്‍ നിര്‍മ്മിത (വ്യാജ) വിദേശ മദ്യം അടിച്ച് കഴുത്തൊടിഞ്ഞു നടക്കുക എന്നതാണ്.

ഇവിടെ ഞങ്ങള്‍ കുറെ യുവാക്കള്‍ പിന്നീട് വിപുലമായ പല ഓണാഘോഷങ്ങളും നടത്തി. ആ കഥകളില്‍ ചിലതു ഞാന്‍ പറഞ്ഞിട്ടുണ്ട്. ചിലത് പിന്നീട് പറയാം. ഇപ്പോള്‍ പറയാന്‍ പോകുന്നത് മറ്റൊരാഘോഷമാണ്.
ഞാന്‍ വിവാഹിതനായ ശേഷമുള്ള ആദ്യ ഓണം. ആദ്യ ഓണത്തിന് ഉച്ചയ്ക്കു ശേഷം നല്ല പാതിയുടെ വീട്ടില്‍ പോകണമെന്നത് അലിഖിത നിയമമാണ്. അതു സാരമില്ല നമുക്കും താല്പര്യമുള്ള കേസാണല്ലോ. ഒരു വി.ഐ.പി. ട്രീറ്റ്മെന്റ് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

അത്തവണത്തെ ഓണാഘോഷം ഒന്നു ഗംഭീരമാക്കണമെന്ന് ഞങ്ങളുടെ സംഘം തീരുമാനിച്ചു. എന്നു വെച്ചാല്‍ ഞാന്‍ , ഭാസി, സിബിച്ചന്‍ അങ്ങനെ അഞ്ചെട്ടു പേര്‍ . ഗംഭീരം എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് നന്നായിട്ടൊന്ന് “ഫിറ്റാ“കുക എന്നതാണ്. ഞാനും ഭാസിയുമൊക്കെ “പബ്ലിക്ക് ഫിഗറാ“യതുകൊണ്ട് വെള്ളമടി അത്യപൂര്‍വം. അതും ഒന്നോ രണ്ടോ പെഗ്. ഇത്തവണത്തെ ഞങ്ങളുടെ തീരുമാനം വിദേശിയെ പൂര്‍ണമായും ഒഴിവാക്കി സ്വയം ഉല്പാദിപ്പിച്ച നാടന്‍ കൊണ്ടൊരാഘോഷം എന്നതായിരുന്നു. പലതാണ് ഗുണം. കളറടിച്ച വ്യാജനു പകരം അസ്സല്‍ “സൊയമ്പന്‍ “ സാധനം കഴിയ്ക്കാം. പിന്നെ, കാശു മുടക്കും കുറവ്. നാടന്‍ നിര്‍മാണത്തിന്റെ മര്‍മ്മമറിഞ്ഞ ആള്‍ക്കാര്‍ നമ്മുടെ സംഘത്തിലുണ്ടല്ലോ.

ഓണത്തിന് ഒരാഴ്ച മുന്‍പേ ഞങ്ങളൊന്നിരുന്നു. വേണ്ട അസംസ്കൃത വസ്തുക്കള്‍ , നിര്‍മാണ സംവിധാനങ്ങള്‍ ഇവയെക്കുറിച്ചുള്ള ഒരാലോചനാ യോഗമായിരുന്നു അത്.  കുറേ നേരത്തെ കൂലംകഷമായ  ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു തീരുമാനത്തിലെത്തി. സാധാരണ നാടന്മാര്‍ വാറ്റുല്പാദിപ്പിയ്ക്കുന്നത് “കാട്ടി വെല്ലം” എന്നറിയപ്പെടുന്ന താഴ്ന്നയിനം ശര്‍ക്കര, നെല്ല്, ബാറ്ററി, അമോണിയ (അമോണിയം നൈട്രേറ്റ്), ഗന്ധകം (സള്‍ഫര്‍ ) എന്നിവ സംയോജിപ്പിച്ചാണ്. അതു പൊതുവിതരണത്തിനായതിനാല്‍ സാരമില്ല. ഇതു സ്വകാര്യ ആവശ്യമായതിനാല്‍ നിലവാരമുള്ള വസ്തുക്കള്‍ വേണം ഉപയോഗിയ്ക്കാന്‍ എന്നത് ഏകകണ്ഠമായ അഭിപ്രായമായിരുന്നു. അതിന്‍ പ്രകാരം കൈതച്ചക്ക, മുന്തിരി, നല്ലയിനം ശര്‍ക്കര (വെല്ലം), പച്ചരി ചതച്ചത് എന്നിവ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഏലയ്ക്കയും ഗ്രാമ്പൂവും കൂടി ചേര്‍ക്കാമെന്നാരോ പറഞ്ഞെങ്കിലും ചില വിദഗ്ധര്‍ അതംഗീകരിച്ചില്ല.പിന്നെ നിര്‍മ്മാണ സാമഗ്രികളായ ഓവു പലക, കലങ്ങള്‍ എന്നിവ സംഘടിപ്പിയ്ക്കണം. ഒരു ലോക്കല്‍ ഉല്പാദകനില്‍ നിന്നും അതു സംഘടിപ്പിച്ചു തരാമെന്ന് ഒരു ചങ്ങാതി ഏറ്റു.

അങ്ങനെ കാര്യങ്ങള്‍ക്കെല്ലാം തീരുമാനമായി. അതു നടപ്പിലാക്കാന്‍ സിബിച്ചന്റെ നേതൃത്വത്തില്‍ ഒരു ടാസ്ക് ഫോഴ്സും രൂപീകരിച്ചു.ടാസ്ക് ഫൊഴ്സ് അത്യുത്സാഹത്തോടെ കാര്യങ്ങള്‍ നീക്കി. പിറ്റേദിവസം തന്നെ അസംസ്കൃത വസ്തുക്കള്‍ സംഘടിപ്പിച്ച് അളവനുസരിച്ച് യോജിപ്പിച്ച് ഞങ്ങളുടെ സ്വന്തം മലയായ  “നായരുമല“യുടെ ഏതോ നിഗൂഡ ഗര്‍ത്തത്തില്‍ ഒളിപ്പിച്ചു. നാലഞ്ചു ദിവസം ഇരുന്നാലേ സംഗതി നന്നായി മൂത്തു കിട്ടൂ!

അങ്ങനെ പൂരാടത്തിന്‍ നാള്‍ രാത്രി വീണ്ടും ഞങ്ങളെല്ലാം ഒത്തുകൂടി. ഓവു പലകയും പാത്രങ്ങളുമെല്ലാം എത്തിയ്ക്കാമെന്നേറ്റവന്‍ കൃത്യമായി എത്തിച്ചു. (ഇത് അവന്റെ സ്വന്തമാണെന്ന് പിന്നെയാരോ പറഞ്ഞു കേട്ടു!)
ഇനി ഡിസ്റ്റിലേഷന്‍ എവിടെ നടത്തും? കാരണം ആ പ്രക്രിയയ്ക്കിടയില്‍ നല്ല മണം വരും. രയറോത്തെ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും പ്രസ്തുത ഗന്ധം സുപരിചിതമായതിനാല്‍ സംഗതി “മണത്തറി”യുമെന്നുറപ്പ്.  ഇതിന്റെ പുറകില്‍ ഞാനും ഭാസിയുമൊക്കെയുണ്ടന്നറിഞ്ഞാല്‍ പിന്നെ നാടു വിടുകയേ രക്ഷയുള്ളു.ഏതായാലും കൂട്ടത്തിലൊരാളുടെ അമ്മച്ചി അവരുടെ മുറ്റത്തു അടുപ്പു കൂട്ടി വാറ്റിയ്ക്കോളാന്‍ പറഞ്ഞു. ഞങ്ങളോടെല്ലാം മക്കളെ പോലുള്ള വാത്സല്യമാണാ അമ്മച്ചിയ്ക്ക്.

അങ്ങനെ ഇരുട്ടിന്റെ മറപറ്റി സാങ്കേതിക വിദഗ്ധന്മാര്‍ വാറ്റാനുള്ള “യന്ത്രം” തയ്യാറാക്കി. ഒരേകദേശ രൂപം പറയാം. മൂന്നു തട്ടായിട്ടാണ് നിര്‍മ്മാണം. ഏറ്റവും അടിയില്‍ വലിയൊരു കലം. ഇതിലാണ് മൂത്ത “വാഷ്” എന്നറിയപ്പെടുന്ന അസംസ്കൃത മിശ്രിതം ഒഴിക്കുന്നത്. അതിനു മുകളില്‍ കളിമണ്ണു കൊണ്ടുള്ള പരന്ന ഒരു ചട്ടി. ഈ ചട്ടിയുടെ അടിയില്‍ വലിയൊരു ദ്വാരം കാണും. ഉള്ളിലായി “ഓവു പലക” ഫിറ്റു ചെയ്യും. ഓവു പലകയ്ക്ക് പുറത്തേയ്ക്ക് ഒരു കുഴലുണ്ട്. ഈ ചട്ടിയ്ക്കു മുകളില്‍ ഒരു കലത്തില്‍ നല്ല തണുത്ത വെള്ളം. പിന്നെ ആവി വെളിയില്‍ പോകാതിരിയ്ക്കാന്‍ മണ്ണു കൊണ്ട് നന്നായി അടച്ച് സീല്‍ ചെയ്യും.ഇത്രയുമായാല്‍ സംഗതി റെഡി. വാഷ് തിളപ്പിയ്ക്കുമ്പോള്‍ , നീരാവി ദ്വാരം വഴി ചട്ടിയിലെത്തും. മുകളിലെ കലത്തിലുള്ള തണുത്ത വെള്ളത്തില്‍ തട്ടി ആവി ചാരായമായി ഓവു പലകയില്‍ വീഴും, പിന്നെ  കുഴല്‍ വഴി പുറത്തു വച്ചിരിയ്ക്കുന്ന കുപ്പിയിലേയ്ക്ക്.  ആദ്യത്തെ ഒരു കുപ്പി “തലവെള്ളം” എന്നാണറിയപ്പെടുന്നത്. ശുദ്ധമായ ചാരായം. വിരലില്‍ തൊട്ട് തീയില്‍ കാണിച്ചാല്‍ കത്തും! അന്ന് എതാണ്ട് മൂന്നു കുപ്പി “സാധനം” കിട്ടി. ചില ആക്രാന്തം പിടിച്ചവന്മാര്‍ അപ്പോള്‍ തന്നെ കുറെ അകത്താക്കി.

ഉത്രാടത്തിന്‍ നാള്‍ വൈകുന്നേരമാണ് പരിപാടി പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. പിറ്റേ ദിവസം ഉച്ചയ്ക്ക് എനിയ്ക്കു ഭാര്യവീട്ടില്‍ പോകണമല്ലോ. നായരുമലയുടെ വിശാലമായ ഒരു വിജനതയില്‍ ഞങ്ങള്‍ ഒത്തു കൂടി. കപ്പ, ഇറച്ചി മുതലായ “ടച്ചിംഗ്സും” കരുതിയിട്ടുണ്ട്. മുന്തിരി, കൈതച്ചക്ക ഇവയൊക്കെ ചേര്‍ന്നതിനാല്‍ ജ്യൂസിന്റെ രുചിയുണ്ടാവുമെന്നായിരുന്നു എന്റെ ധാരണ. അതിന്‍ പ്രകാരം ഗ്ലാസ് അല്പം കൂടുതലായി വായിലേയ്ക്ക് ചെരിച്ചു.
ഹോ.. നാവു കത്തുന്നതു പോലെ തോന്നി! നവരസങ്ങളും ഒന്നിച്ച് മുഖത്ത് പൊട്ടിവിരിഞ്ഞു. പഴുത്ത കാന്താരിമുളക് ചതച്ച് അണ്ണാക്കില്‍ വച്ചാലെന്ന മാതിരി ഞാനൊരൂത്തൂതി!

“ഹൂ...........”
പല വേന്ദ്രന്മാരും ദാഹിച്ചു വശം കെട്ടവര്‍ പച്ചവെള്ളം കുടിയ്ക്കുന്ന മാതിരി അടിയാണടിച്ചത്. സത്യത്തില്‍ ആരാധന തോന്നിപ്പോയി! നമ്മളൊക്കെ വെറും ശിശുക്കള്‍ !അതൊരു കൂടല്‍ തന്നെയായിരുന്നു കേട്ടോ..ആരുമില്ലാത്ത മലഞ്ചെരുവില്‍ ഞങ്ങള്‍ എട്ടു പേര്‍ . ആകെ ആര്‍പ്പും വിളിയും. തമാശകളും പൊട്ടിച്ചിരിയും. ഇടയ്ക്ക് തെറിയും വഴക്കും .പിന്നെയും ചിരിയും ബഹളവും.

സന്ധ്യ മയങ്ങി. എങ്ങനെയെക്കെയോ തപ്പിപിടിച്ച് വീട്ടിലെത്തി പറ്റി. പുതുമണവാട്ടി മുഖം കോട്ടി.  തലയില്‍ കേറി നിരങ്ങാന്മാത്രം കാലമൊന്നുമാകാത്തതു കൊണ്ട് ഒന്നും മിണ്ടിയില്ല. ഞാന്‍ ചെന്ന പാടെ ഒരു കുളിയൊക്കെ കുളിച്ച് നമ്മളു “നോര്‍മലാ”ണെന്നു കാണിയ്ക്കാനായി, ഒരു ചിരി പാസാക്കി. (സാധാരണ ചിരി വളരെ കമ്മിയായ ഞാന്‍ കാരണമില്ലാതെ ചിരിക്കുന്നതു കണ്ടപ്പോഴേ അവള്‍ക്കു മനസ്സിലായി, ഫിറ്റാണെന്ന്!)

“ചോറു വെളമ്പ് ..വല്ലാത്ത വെശപ്പ്..!” 

വയറ്റില്‍ കിടക്കുന്ന കപ്പയും ഇറച്ചിയും അവറ്റയ്ക്കു ജീവനുണ്ടായിരുന്നെങ്കില്‍ എന്നെ അപ്പോള്‍ തന്നെ തല്ലിക്കൊന്നേനെ! ശ്രീമതി ഒന്നു തറപ്പിച്ചു നോക്കിയിട്ട് അടുക്കളയില്‍ പോയി ചോറും കറികളും എടുത്തു വച്ചു.
വളരെ കഷ്ടപെട്ട് ഞാന്‍ പകുതിയോളം അകത്താക്കി,രണ്ടു മീന്‍ പൊരിച്ചതുള്‍പ്പെടെ. ഉടനെ തന്നെ വന്നുകിടക്കുകയും ചെയ്തു. അമ്മയോ അച്ഛനോ ഒന്നും അറിഞ്ഞ മട്ടില്ല. നവ വധു എന്റെ അരികിലെത്തി തിരിഞ്ഞു കിടന്നു. വെളിച്ചം അണഞ്ഞു.

ഒരഞ്ചു മിനിട്ട്. എന്റെ വയറ്റില്‍ കൂടി ഒരു ഗോളം ഉരുളുന്ന പ്രതീതി. ഞാന്‍ ഒന്നു തിരുമ്മി നോക്കി. നോ രക്ഷ.
ഗോളം അല്പം കൂടി മുകളിലെത്തി. സംഗതിയുടെ കിടപ്പു വശം മനസ്സിലായ ഞാന്‍ വായ പൊത്തിക്കൊണ്ട് ചാടിയെഴുനേറ്റു. മുറ്റമാണ് ലക്ഷ്യം. പണ്ടാരമടങ്ങാനായിട്ട് മുന്‍‌വാതിലിന്റെ കൊളുത്ത് നീങ്ങാന്‍ അല്പം താമസിച്ചു. ഒരു വാളിന്റെ സീല്‍ക്കാരം.

“ഗ്വാ..“

സാമാന്യം നല്ല ഉച്ചത്തില്‍ ഈ സൌണ്ടിന്റെ അകമ്പടിയോടെ മുന്‍‌വാതിലിലേയ്ക്ക് കപ്പ, ഇറച്ചി, ചോറ്, മീന്‍ പൊരിച്ചത്, നാടന്‍ ഇവയെല്ലാം കൂടി ഒന്നായി പ്രവഹിച്ചു..

“കുട്ടായിയെ..എന്താടാ ഒരു ശബ്ദം?”

അമ്മയാണ്. അകത്തു നിന്നും അച്ഛനും എഴുനേറ്റു. കാതരമിഴികളോടെ നല്ല പാതിയും. ഇനിയിപ്പോ ആരും അറിയാനില്ലല്ലോ.
മുറ്റത്ത് കുനിഞ്ഞിരുന്ന് പലവട്ടം ഗ്വാ..ഗ്വാ..വച്ചു. നവവധു പുറം തിരുമ്മി തന്നു. പിന്നെ കിണറ്റില്‍ നിന്നും വെള്ളം കോരി വാതില്‍ , തിണ്ണ എല്ലാം അടിച്ചു വാരി വൃത്തിയാക്കി. അന്നു രാത്രി നാലു തവണ ഇങ്ങനെ, ഓട്ടം..ഗ്വാ ഗ്വാ..,പരിപാ‍ടി നടന്നു എന്നാണോര്‍മ്മ.

പിറ്റേദിവസം തിരുവോണം. ഞാന്‍ പതിവു പോലെ ഏഴുമണിയ്ക്ക് തലയുയര്‍ത്താന്‍ ശ്രമിച്ചു. നടന്നില്ല. വെളിച്ചം കണ്ണിലടിയ്ക്കുമ്പോഴേയ്ക്കും തല പിളര്‍ക്കുന്ന വേദന. വീണ്ടും ചുരുണ്ടു കൂടി.ഉച്ചയായി. എല്ലാവരും തിരുവോണമുണ്ണുമ്പോള്‍ ഞാന്‍ തലപൊത്തി ചുരുണ്ടു കൂടി കിടന്നു. നല്ല പാതി അടുത്തിരുന്ന് കണ്ണീരൊഴുക്കി. ഇടയ്ക്കിടയ്ക്ക് മോരും വെള്ളം കൊണ്ടു തന്നു. മോരുംവെള്ളം പോയിട്ട് ഒരിറ്റു വെള്ളമിറക്കാനാവാതെ ഞാന്‍ തിരിഞ്ഞു കിടന്നു. 

ഏതാണ്ട് അഞ്ചുമണിയോടെയാണ് കെട്ടിറങ്ങിയത്. പിന്നെ, ഒരു വിധം കുളിച്ച് ഓളെയും കൂട്ടി അവളുടെ വീട്ടിലേയ്ക്കു പോയി.ഏഴുമണിയായി അവിടെ എത്തുമ്പോള്‍ . ഉച്ചയ്ക്ക് വരുമെന്നു പ്രതീക്ഷിച്ച് എന്തൊക്കെയോ ഉണ്ടാക്കിയിരുന്നു. ഒക്കെ വളിയ്ക്കാനായി.

“അല്ല..എന്താ മിനിയെ നീയിത്രേം താമസിച്ചേ? സന്ധ്യാ നേരത്താണോ ഓണം കൂടാന്‍ വരുന്നെ? “

ഫാദര്‍ -ഇന്‍ -ലോയുടേത് ന്യായമായ സംശയം.

“അതോ..ഏട്ടന്‍ അവ്ടത്തെ ക്ലബ് സെക്രട്ടറിയല്ലേ..എന്തൊക്കെയോ ഓണപ്പരിപാടിയായ കാരണം
താമസിച്ചതാ അച്ഛാ..”

എന്റെ നേരെ ഒന്നു പാളി നോക്കിയിട്ട് അവള്‍ പറഞ്ഞു.

“ങാ..നാട്ടില്‍ വേണ്ടപ്പെട്ടോരൊക്കെ ആവുമ്പം അങ്ങനെയൊക്കെയാ..നിങ്ങളു കുളിച്ചിട്ട് വല്ലതും കഴിയ്ക്ക്”

പാവം മിനീടച്ഛന്‍ ! അങ്ങേരറിയുന്നുണ്ടോ നമ്മുടെ ഓണാഘോഷം!

16 comments:

  1. നോർമലാന്നു കാട്ടാൻ രണ്ടു മീനടക്കം അകത്താക്കേണ്ടി വരുന്ന സാഹസം ഹഹാ!

    ReplyDelete
  2. വയറ്റിക്കിടക്കുന്ന കപ്പയും ഇറച്ചിയും അവയ്ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ എന്നെ അപ്പൊ തല്ലി കൊന്നേനെ!
    ഹ ഹ .... രസികന്‍ അനുഭവം.
    ശരിക്കും പണ്ട് ഒരിക്കല്‍ ഞാനും നമ്മുടെ ഒരു ഗ്യാങ്ങും ചേര്‍ന്ന് രാത്രി തോട്ടില്‍ വച്ച് ആദ്യമായി ബിയര്‍ അടിച്ചത് ഓര്‍ത്തു പോയി. പക്ഷെ ഗ്വാ ഗ്വാ ഇല്ലായിരുന്നു കേട്ടോ ബിജുവേട്ടാ....

    ReplyDelete
  3. അല്ല ബിജുവേട്ടാ അപ്പോൾ ഇപ്രാവശ്യത്തെ ഓണം എങ്ങെനെ ആയിരിക്കും?

    ReplyDelete
  4. @സുഗന്ധി: അന്നു കുറെ കഷ്ടപെട്ടു. പിന്നെ ആറുമാസത്തേയ്ക്ക് “കുപ്പി”യുടെ മണമടിച്ചാല്‍ ഓക്കാനം വരുമായിരുന്നു.
    @ ആളവന്താന്‍ : ഞാന്‍ ഇക്കാര്യത്തില്‍ ശിശുവായതിനാല്‍ ഒരു പെഗിലധികമായാല്‍ ഗ്വാ..ഗ്വാ ഉറപ്പാ..(ഒരു കണക്കിന് അതനുഗ്രഹമാണേ)
    ആ ബീയര്‍ അനുഭവങ്ങളൊക്കെ ഒന്നു താങ്ങ്..
    @ അനില്‍ കുമാര്‍ : ഹ..ഹ..അന്ന് അമ്മയൊരു നോട്ടം നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല.
    @ശ്യാം: ഇപ്രാശ്യം വെറും “പച്ച” ആയിരിയ്ക്കും.

    ReplyDelete
  5. ആഹാ അപ്പം ഈ പരുപടീം ഉണ്ടല്ലേ?

    ReplyDelete
  6. ഇപ്പൊഴും ഇതൊക്കെ കാണുമോ?

    ReplyDelete
  7. ഓണം വന്നു അല്ലേ.. അപ്പോള്‍ ഇക്കുറീ‍ എന്താ പരിപാടി?

    ReplyDelete
  8. എനിക്കതല്ല സംശയം ..സത്യം പറ ചേച്ചി നല്ല തെറി പറഞ്ഞില്ലേ .......ഇതാണ് പറയുന്നത് അവനവനു ചെയ്യാന്‍ പറ്റുനത് മത്ത്രാമേ ചെയ്യാവു എന്ന് .......ശമക്കുള്ള നോബല്‍ സമ്മാനം ചേച്ചിക്ക് കുടുക്കാന്‍ ഞാന്‍ രെക്കമെന്ന്റ്റ് ചെയുന്നു ...നന്നായിടുണ്ട് കേട്ടോ .......

    ReplyDelete
  9. @ എബിന്‍ :കുട്ടാ..നിങ്ങടെയൊക്കെ മുന്നില്‍ ഈ ചേട്ടനാര് ? നെല്ലിപ്പാറയല്ലേ സ്ഥലം? എനിയ്ക്കറിയാം.
    @ മിനി : പൊന്നു ടീച്ചറെ, ഞാനിപ്പം ഫയങ്കര ഡീസന്റാ!
    @മനോരാജ് : പതിവിന്‍ പടി. രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലിരിയ്ക്കുക. ഇന്റെര്‍നെറ്റ്, സിനിമ, പത്രം വായന , ബ്ലോഗെഴുത്ത് മുതലായ പ്രധാന പരിപാടികള്‍ ചെയ്യുക. മേലാളന്മാരെ കാണുമ്പോള്‍ തിരക്കിട്ട് ജോലി ചെയ്യുന്നതായി ഭാവിയ്ക്കുക. ഉച്ചയ്ക്ക് തണുത്ത ടിഫിന്‍ കഴിയ്ക്കുക. ഒരു പ്രവാസിയ്ക്ക് ഇതൊക്കെയല്ലേ വിധി!
    @ സുനില്‍ : ഞാന്‍ പറഞ്ഞല്ലോ, അന്ന് തലയില്‍ കേറി നിരങ്ങാന്മാത്രം കാലമായില്ലല്ലോ! തന്നെയുമല്ല ചേച്ചിയ്ക്ക് നല്ല തെറിയൊന്നും അറിയുകയുമില്ല. പ്രധാന ആയുധം കണ്ണീര്‍ !

    ReplyDelete
  10. ഒനാംതരമായിരിക്കുന്നു ബിജു . വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തോര്‍ത്തു ചിരിച്ച കുറച്ചു ഭാഗങ്ങള്‍ പറയട്ടെ -

    'നവരസങ്ങള്‍ ഒന്നിച്ചു മുഖത്ത് പൊട്ടി വിരിഞ്ഞത് ' , 'ഏട്ടന്‍ അവിടുത്തെ ക്ലബ്‌ സെക്രടറിയല്ലേ ' ......

    (ഇത്ര നല്ല ഭാര്യയെ കിട്ടിയതിനു ദൈവത്തിനോട് നന്ദി പറയണം .)

    പിന്നെ ഈ 'ചാരായം വാറ്റല്‍ ' എന്നൊക്കെ പറഞ്ഞാല്‍ 'ഇത്ര ബുധിമൂട്ടുള്ള ജോലിയാണെന്ന് ' ഇപ്പോഴാണ് മനസ്സിലായത്‌ .

    ഇനിയുമിനിയും ഇത്തരം ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കു വക്കണം . വായിക്കുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു .

    ആശംസകളോടെ

    ReplyDelete
  11. ഗ്വാ ഗ്വാ വച്ചാല്‍ പിറ്റെന്നുള്ള എനീക്കലാ പ്രശ്നം ശോ ...

    ReplyDelete
  12. @ മിനി നമ്പൂതിരി : വളരെ നന്ദി. ഇനിയും കഥകള്‍ വരാനുണ്ട്. കാത്തിരിയ്ക്കൂ
    @ചെറുവാടി : നന്ദി.
    @ എറക്കാടന്‍ : കണ്ടൊ തുല്യ ദുഖിതര്‍ക്കറിയാം അതിന്റെ വിഷമം

    ReplyDelete
  13. രസകരമായ ഓണവിശേഷം.

    ReplyDelete
  14. Onam ponnonamakki alle bijuvetta
    Nammal okke pavam shishukkal

    ReplyDelete