Ind disable

Wednesday 28 July 2010

“യുവജന മാര്‍ച്ച് “ - (രയറോം കഥകള്‍ )

സി.ഡി, ഡി.വി.ഡി, ഇന്റെര്‍നെറ്റ് മുതലായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ആവിര്‍ഭവിയ്ക്കുന്നതിന് മുന്‍പ് കൌമാര-യുവത്വങ്ങളുടെ വന്യസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നത് നാന, മാരമ, മുത്തുച്ചിപ്പി, സഖി തുടങ്ങി പുറമേ തൂക്കിയിടാവുന്ന മാഗസിനുകളും, പിന്നെ പുറത്തുകാണിയ്ക്കാന്‍ പാടില്ലാത്തതിനാല്‍ ഒളിച്ചു മാത്രം കച്ചവടം നടത്തിയിരുന്ന “കൊച്ചു പുസ്തകം” എന്നറിയപ്പെടുന്ന പുസ്തകങ്ങളും ആയിരുന്നു. കാശുള്ളവന്മാര്‍ വീഡിയോ കാസറ്റ് വാടകയ്കെടുത്ത് എവിടെയെങ്കിലും അടച്ചു പൂട്ടിയിരുന്ന് ചൂടന്‍ സിനിമ കാണും. 

മുതിര്‍ന്നു കഴിഞ്ഞാല്‍ നമ്മളെ പോലെയുള്ള സാദാ പയ്യന്‍സിന് ആകെ സാധ്യത തീയേറ്ററുകളില്‍ പോയി “പീസ്” പടം കാണാം എന്നതാണ്. എന്നാല്‍ “കുടുംബത്തില്‍ പിറന്ന” തീയേറ്ററുകളിലൊന്നും “പീസ്“ പ്രദര്‍ശനം ഉണ്ടാവില്ല. ചില “പ്രത്യേക“ തീയേറ്ററുകളില്‍ മാത്രമേ അതുണ്ടാവുകയുള്ളു. അത്തരം തീയേറ്ററുകള്‍ നല്ല “ഫെയ്മസും“ ആയിരിയ്ക്കും. പീസെന്നു പറഞ്ഞാല്‍ ഒരു മിനിട്ടു മുതല്‍ അഞ്ചുമിനിട്ടു വരെ നീളുന്ന ഇടത്തരം “നീല”യെന്നര്‍ത്ഥം. അന്നൊക്കെ അത്രയും ധാരാളം. വളരെ സമര്‍ത്ഥന്മാരായ ഓപറേറ്റര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. “പ്രാ‍ദേശിക വാര്‍ത്തകള്‍ “ എന്ന സിനിമ കണ്ടാല്‍ ഇത്തരം ഒരോപ്പറേറ്ററെ കാണാം.

അക്കാലത്ത് കണ്ണുരെ പ്രമുഖ വ്യവസായ മേഖലയാണ് വളപട്ടണം. (ഇപ്പോഴുമതേ). അവിടുത്തെ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് വളരെ പ്രശസ്തമായ വ്യവസായ സ്ഥാപനമാണ്. ഇവിടെ ഞങ്ങളുടെ റയറോത്തു നിന്നുമുള്ള ചിലര്‍ ഓഫീസു ജോലിയെടുത്തിരുന്നു. ഈ സ്ഥാപനത്തിന്റെ അടുത്തായി “ഫെയ്മസാ”യ ഒരു തീയേറ്റര്‍ ഉണ്ട്. ചിറയ്ക്കല്‍ “രമേശ് “ തീയേറ്റര്‍ (പേര്‍ ഞാനൊന്നു പരിഷ്കരിച്ചതാണ്) . ഇപ്പോളതുണ്ടൊ എന്നറിയില്ല. കണ്ണൂര്‍ നഗരത്തില്‍ ധാരാളം തീയേറ്ററുകള്‍ ഉള്ളതിനാല്‍ പ്രാന്തപ്രദേശത്തുള്ള ഇത്തരം ചെറുകിട തീയേറ്ററിലൊന്നും ആളുകയറില്ല. കയറണമെങ്കില്‍ “പീസ്” കൂടിയേ കഴിയൂ. അങ്ങനെയാണ് രമേശ് പ്രശസ്തമായത്. ബുദ്ധിമാന്മാരായ തീയേറ്റര്‍ മാനേജ്മെന്റ് തന്ത്രപൂര്‍വമാണ് ഷോകള്‍ ഷെഡ്യൂള്‍ ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാരംഭിയ്ക്കുന്ന ഷോയില്‍ നീല രംഗപ്രവേശം ചെയ്യുന്നത്, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്ഡിലെ ലഞ്ച് സമയത്തായിരിയ്ക്കും. അതായത്, ലഞ്ചല്പം താമസിച്ചാലും ഇത്തിരി “പീസ്” കാണമെന്നാഗ്രഹമുള്ളവരുടെ സൌകര്യാര്‍ത്ഥം. ആ തന്ത്രം വിജയിച്ചതിന്റെ ഫലമായി രയരോത്തും രമേശിന്റെ കീര്‍ത്തിയെത്തി.

മേല്‍പ്പടി രയറോംകാര്‍ ഞങ്ങളുടെയെല്ലാം സുഹൃത്തുക്കളായതിനാല്‍ , ഇടയ്ക്കിടെ പീസ് വിശേഷം വിളമ്പും. ആവശ്യത്തിലധികം മസാല ചേര്‍ത്ത ഈ വിശേഷങ്ങള്‍ എന്റെയും ഭാസിയുടെയും മനസ്സില്‍ വല്ലാത്ത ഓളവും തിരയുമിളക്കാന്‍ പര്യാപ്തമായിരുന്നു. എന്തു ചെയ്യാന്‍ ? അക്കാലത്തൊക്കെ കണ്ണൂരില്‍ പോയി ചുമ്മാ ഒരു പടം കണ്ടു വരുക എന്നതു അത്ര എളുപ്പമല്ല. വിപ്ലവ യുവജന ലോക്കല്‍ നേതാക്കളായ ഞങ്ങളെ സംബന്ധിച്ച് അതേക്കുറിച്ച് ആലൊചിയ്ക്കാന്‍ കൂടി പറ്റില്ല. എങ്കിലും പ്രകൃതിയുടെ സഹജമായ ഹോര്‍മോണ്‍ പ്രവര്‍ത്തനത്താലുണ്ടാകുന്ന ആ “കിരുകിരുപ്പ്” ഞങ്ങളെ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരുന്നു.

അക്കാലത്ത് ഞാന്‍ വിപ്ലവ യുവജന സംഘടനയുടെ യൂണിറ്റ് സെക്രട്ടറിയും ഭാസി പ്രസിഡണ്ടുമാണ്. സാമാന്യം തരക്കേടില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. (ചിലതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ ) പൊതുവെ മൂത്ത നേതാക്കന്മാര്‍ക്ക് നമ്മളെ മതിപ്പുമാണ്. അങ്ങനെയിരിയ്ക്കെയാണ് എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ യുവ സംഘടന കണ്ണൂരില്‍ സംഘടിപ്പിയ്ക്കുന്ന “യുവജന മാര്‍ച്ചി”ന്റെ അറിയിപ്പു വരുന്നത്.  യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും നിര്‍ബന്ധമായും പങ്കെടുക്കണം, ഒപ്പം കഴിയാവുന്നത്ര അണികളും. അണികളുടെ കാര്യം ബുദ്ധിമുട്ടാണ്. രയറോത്തു നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയുള്ള തളിപ്പറമ്പാണ് ഞങ്ങളുടെ അടുത്തുള്ള നഗരം. തളിപ്പറമ്പില്‍ നിന്നും പതിനാറു കിലോമീറ്റര്‍ അകലെ കണ്ണൂര്‍ . ഇത്രയും ദൂരം കാശും ചിലവാക്കി വരാന്‍ തയ്യാറുള്ളവര്‍ ചുരുക്കം.

ഈ അറിയിപ്പു കിട്ടിയപാടെ എന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി. രമേശ് തീയേറ്ററിലെ നയനമനോഹരമായ വെള്ളിത്തിര മനസ്സില്‍ തെളിഞ്ഞു. ഭാസിയെ എങ്ങനെയെങ്കിലും ഒഴിവാക്കിയാല്‍ ഒരു “പീസ്“ കാണാനുള്ള സുവര്‍ണ്ണാവസരം!
 ഉറ്റ ചങ്ങാതിയാണെങ്കിലും ഇക്കാര്യത്തിന് അവനെ കൂട്ടിയാല്‍ നമ്മുടെ ഇമേജ് ഇടിഞ്ഞു പോകും. വായില്‍ സദാ സമയവും താത്വിക ചിന്തയും ആദര്‍ശങ്ങളും തിരുകി നടക്കുന്ന ഒരു “ബു.ജി.യാണല്ലോ നമ്മള്‍ (!!!)
അവനെ തനിയെ കണ്ണൂര്‍ക്ക് വിടാന്‍ ഞാനൊരു ഐഡിയ പ്ലാന്‍ ചെയ്തു മനസ്സില്‍ സൂക്ഷിച്ചു.

 രയറോത്തു നിന്നും എല്ലാവരും കാണ്‍കെ ഞാനും ഭാസിയും “യുവജന മാര്‍ച്ചി“നായി ടേക്ക് ഓഫ് ചെയ്തു. ബസ്സില്‍ തൂങ്ങിപ്പിടിച്ച് ഒന്നരമണിക്കൂര്‍ യാത്ര. ക്ഷീണം മാറാന്‍ തളിപ്പറമ്പില്‍ ഇറങ്ങി ഒരു ചായ കുടിച്ചു. എന്നിട്ട് ഞാന്‍ ഭാസിയോടു പറഞ്ഞു:

“എടാ ഭാസി.. കുറെ ദിവസമായി നെഞ്ചിനു വല്ലാത്ത വേദന. എനിയ്കൊരു ഡോക്ടറെ കാണണം.”

അവനെന്നെ ഒന്നു സൂക്ഷിച്ചു നോക്കി.

“എന്നിട്ടു നീയെന്നോടിതു വരെ പറഞ്ഞില്ലല്ലോ? “

“പറഞ്ഞില്ലന്നേയൊള്ളു..എന്തൊരൊടുക്കത്തെ വേദനയാ..രാത്രിയിലാ കൂടുതല്‍ “

“എന്നാ ഞാനും കൂട്ടു വരാം..”

“ഹേയ് അതു വേണ്ട. നമ്മളു രണ്ടുപേരും മാര്‍ച്ചില്‍ പങ്കെടുത്തില്ലെങ്കില്‍ മോശമാ..അറിഞ്ഞാ പ്രശ്നമാകും.”

“എന്നാലും നിനക്കു സുഖമില്ലെങ്കില്‍ ....”

“അതൊന്നും സാരമില്ല. ഡോക്ടറെ നേരത്തെ കണ്ടാല്‍ ഞാനുമെത്തും. മാര്‍ച്ച് കഴിഞ്ഞ് നീ കണ്ണൂര് ബസ്റ്റാന്‍ഡിന്റെ പടിഞ്ഞാറെ സൈഡില്‍ നിന്നാല്‍ മതി.” (പാവം. ലാസ്റ്റ് ബസിനെങ്കിലും രയറോത്തേയ്ക്ക് കേറിയ്ക്കോണെ!)

“നീയേതു ആശുപത്രിയിലാ പോണത്? എന്തെങ്കിലും ആവശ്യം വന്നാല്‍ അന്വേഷിയ്ക്കാമല്ലോ..”

“ഹോ..നീയതുമിതും പറഞ്ഞ് സമയം കളയാതെ ഭാസീ..മാര്‍ച്ചുടനെ തുടങ്ങും.. ഞാന്‍ ഉടനെ എത്തുമെന്നേ..!”

ഞാനവനെ ഉന്തിതള്ളി കണ്ണൂരു ബസിനു കയറ്റി. എന്നിട്ടും അവനെന്നെ തിരിഞ്ഞു നോക്കി. ഇഷ്ടനു വല്ല സംശയമുണ്ടോ? ഞാനിടയ്ക്കിടെ വെറുതെ നെഞ്ചില്‍ തിരുമ്മിക്കൊണ്ടിരുന്നു. ഏതായാലും പാവം ഭാസിയെയും കൊണ്ട് ബസ് സ്റ്റാന്‍ഡ് വിട്ടു.

ഹ..ഹ..ഹ..അങ്ങനെ ഞാന്‍ സ്വതന്ത്രനായിരിയ്ക്കുന്നു! ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് നൂണ്‍ ഷോ. നേരത്തെ അവിടെ പോയി വായും പൊളിച്ചു നിന്നാല്‍ ആള്‍ക്കാരു ശ്രദ്ധിയ്ക്കും. മാനം മര്യാദയുള്ളവര്‍ക്കു പറ്റിയ ഷോയല്ലല്ലോ! തളിപ്പറമ്പില്‍ തന്നെ തമ്പടിച്ചു.
ബസ് സ്റ്റാന്‍ഡില്‍ നിന്നാല്‍ സമയം പോകാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോ? പോരാഞ്ഞിട്ട് തളിപ്പറമ്പില്‍  കോളേജ് രണ്ടാ‍ണ് ‍. സുന്ദരിക്കുട്ടികള്‍ ഇഷ്ടം പോലെ. വടക്കേ മലബാറിന്റെ ശാ‍ലീന സൌന്ദര്യത്തിന്റെ നേര്‍ പരിച്ഛേദം തന്നെ അവിടവിടെ തിളങ്ങുന്നു. പിന്നെ, ഏതാണ്ട് ഒരു പതിനൊന്നേ മുക്കാലിന് തീയേറ്ററിലെത്താവുന്ന സമയം കണക്കു കൂട്ടി ഞാന്‍ ബസ് കയറി.

അതി വിശാലമാണ് വളപട്ടണം പുഴ. അഴിമുഖത്തിനടുത്തായതിനാല്‍ നല്ല വീതി. ഒരു കാല്പനിക നദിയ്ക്കു വേണ്ട എല്ലാ സൌന്ദര്യവും തികഞ്ഞിരിയ്ക്കുന്നു. ഇരുകരകളിലും സമൃദ്ധമായ കണ്ടല്‍ കാട്. സദാസമയവും നല്ല കുളിര്‍മ്മയുള്ള കാറ്റ് . നല്ല നീളമുള്ള പാലത്തില്‍ നിന്നു പടിഞ്ഞാറേയ്ക്ക് നോക്കിയാല്‍ കാണുന്ന റെയില്‍‌വേ പാലത്തിലൂടെ  മിക്കപ്പോഴും ഏതെങ്കിലും ഒരു തീവണ്ടി വലിയൊരു പെരുമ്പാമ്പു പോലെ നദി കടക്കുന്നുണ്ടാവും. ഈ പുഴത്തീരത്താണ് വളപട്ടണം ടൌണും വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്  പോലുള്ള ഫാക്ടറികളും.

വളപട്ടണം പാലത്തിനടുത്ത്  ബസ്സിറങ്ങി, ഒരു ഷോര്‍ട്ട് വഴിയേ തീയറ്ററിലേയ്ക്കു നടന്നു. വഴി രയറോം ചേട്ടന്മാര്‍ പറഞ്ഞു തന്നതാണ്.അവിടെയാണ് ഒരു പ്രശ്നമുള്ളത്. ഈ ചേട്ടന്മാര്‍ നൂണ്‍ഷോയ്ക്കെങ്ങാനുമുണ്ടെങ്കില്‍ ? ആവൂ.. അക്കാര്യം ഇതു വരെ ചിന്തിച്ചില്ല..!
ഞാനൊന്നാലോചിച്ചു. തിരിച്ചു പോകണോ? ഭാസിയോടു വാക്കു പാലിയ്ക്കണോ? എന്നിട്ടും മനസ്സിലെ “കിരുകിരുപ്പ്“ മുന്നോട്ടു തന്നെ എന്നെ തള്ളിക്കൊണ്ടിരുന്നു.

ഞാന്‍ തീയേറ്റര്‍ പരിസരത്തെത്തുമ്പോള്‍ നമ്മളു കണക്കു കൂട്ടിയ സമയം തന്നെ.  പക്ഷെ അവിടെയെങ്ങും ഒരു മനുഷ്യനുമില്ല! പാട്ടില്ല..ഒരനക്കവുമില്ല! ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു മാതിരി. ഇതെന്തു കൂത്ത്? ഷോയുണ്ടെങ്കില്‍ നേരത്തെ പാട്ടൊക്കെ വയ്ക്കേണ്ടതല്ലേ..!എനിയ്ക്കു സമയം തെറ്റിയോ? ഞാനാകെ വിഷണ്ണനായി. വെറുതെ കണ്ട നുണയൊക്കെ പറഞ്ഞ് വന്നിട്ടിപ്പോ..

ഞാന്‍ അടുത്ത വെയിറ്റിങ്ങ് ഷെഡില്‍ കയറി നിന്നു. പതിനഞ്ചു മിനിട്ടു കൂടി നോക്കാം. എന്നിട്ട് ഇല്ലെങ്കില്‍ വേഗം കണ്ണൂര്‍ക്ക് വിടുക. സമയം ഇഴഞ്ഞു നീങ്ങി. ഷോ തുടങ്ങുന്ന ലക്ഷണമൊന്നുമില്ല. രയറോം ചേട്ടന്മാരെ പുല്ലന്മാരെ, മനുഷ്യനെ ഇങ്ങനെ പറ്റിയ്ക്കാമോ? എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു... നീല..പീസ്..മാങ്ങാത്തൊലി!

അല്ലെങ്കിലും എനിയ്ക്കിതു തന്നെ കിട്ടണം. നല്ലൊരു സംഘടനാ പരിപാടിയ്ക്കിറങ്ങിയിട്ട് വേണ്ടാത്ത ഏര്‍പ്പാടിനു പോയിട്ടല്ലേ..കണ്ണൂരിനും തിരിച്ചും ധാരാളം ബസുണ്ട് അതിലെ. അവയിങ്ങനെ വന്നും പോയും ഇരിയ്ക്കുന്നു. ഞാന്‍ നിരാശയോടെ അടുത്ത ബസിനു കയറാന്‍ തീരുമാനിച്ചു.

തീയേറ്റര്‍ പരിസരത്തേയ്ക്ക് ഒന്നുകൂടി പാളി നോക്കിയിട്ട് മുന്നില്‍ വന്നു നിന്ന ബസിലേയ്ക്ക് കയറാന്‍  ഞാന്‍ കാലുയര്‍ത്തി.ഉയര്‍ത്തിയ കാല്‍ ഏതാനും സെക്കന്‍ഡ് നേരം നിലം തൊടാതെ അങ്ങനെ തന്നെ നിന്നു.
ആ ബസില്‍ നിന്നതാ ഇറങ്ങി വരുന്നു ഭാസിയെ പോലൊരാള്‍ !
 
ഞാന്‍ കണ്ണുകള്‍ തിരുമ്മിയിട്ട് ഒന്നു കൂടി നോക്കി. ഒരാളെ പ്പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറച്ചില്‍ ..
അതേ നിറം..അതേ പൊക്കം..അതേ വണ്ണം. പോരാഞ്ഞിട്ട് അതേ ഷര്‍ട്ടും. ഇതു ഭാസി തന്നെ..! എന്നെ ക്കണ്ട ഭാസിയുടെ അവസ്ഥയും ഇതു തന്നെ. അവനും കണ്ണു തിരുമ്മി സൂക്ഷിച്ചു നോക്കി. അതേ പൊക്കം..അതേ നിറം..അതേ വേഷം. അതേ ബിജു ..!
 
ചില സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ക്കു പ്രസക്തി നഷ്ടപ്പെടുമല്ലോ..അതു കൊണ്ട് ഒന്നും മിണ്ടാതെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.

“ഷോയില്ലെന്നാ തോന്നുന്നേ..” ഞാനവനോടു പറഞ്ഞു.

“ഷോയൊക്കെയുണ്ട്..  തുടങ്ങുന്ന സമയത്തേ അവരു ടിക്കറ്റു കൊടുക്കു..നീ വാ.. ഇപ്പോ തുടങ്ങും”

എടാ ഭയങ്കരാ ഇവനെങ്ങനെ ഇതൊക്കെയറിഞ്ഞു?!

ഞങ്ങള്‍ രണ്ടുപേരും തീയറ്ററിലേയ്ക്കോടി. ശരിയാണ് ടിക്കറ്റു കൊടുത്തു തുടങ്ങി. രണ്ടു ടിക്കറ്റെടുത്ത് കയറി. ആളധികമൊന്നുമില്ല.പടം തുടങ്ങിയപ്പോഴല്ലേ പൂരം. പെരുമഴയ്ക്കു ഡാം തുറന്നു വിടുന്നമാതിരി കൌമാര-യൌവന-വാര്‍ദ്ധക്യ ജനസഞ്ചയം തീയേറ്ററിലെ ഇരുട്ടിലേയ്ക്കിരച്ചു കയറി. തപ്പീം തടഞ്ഞും കിട്ടാവുന്നിടത്തൊക്കെ കയറിപ്പറ്റി. എന്നിട്ടും സീറ്റു ഫുള്ളായൊന്നുമില്ല കേട്ടോ..

അഞ്ചു മിനിട്ട് പീസു കാണാന്‍ ഇന്റെര്‍വെല്‍ വരെ കാത്തിരിയ്ക്കേണ്ടി വന്നു. അപ്പോഴേയ്ക്കും ലഞ്ച് ബ്രേക്കിനിറങ്ങിയ വൈറ്റ് കോളേഴ്സ് അടക്കം തീയേറ്റര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. എന്തൊരു നിശബ്ദതയാണെന്നോ ആ അഞ്ചു മിനിട്ടിന്!
അനന്തരം കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ തീയേറ്റര്‍ ശുന്യമായി. ഞങ്ങളിറങ്ങിയില്ല.  കാശു കൊടുത്തതല്ലേ മുഴുവന്‍ കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളു..

ഞാനും ഭാസിയും ഒത്തിരി വര്‍ത്തമാനം പറഞ്ഞു. പീസിനെ വിലയിരുത്തി. തീയേറ്ററിനെ വിലയിരുത്തി. ഇത്രയൊക്കെയായിട്ടും യുവജന മാര്‍ച്ചിനെ പറ്റി ഞാനോ അവനോ ഒരക്ഷരം മിണ്ടിയില്ല!

9 comments:

  1. യുവജന മാർച്ച് കൊള്ളാം. ചിരിപ്പിച്ചു. പണ്ട് എന്റെ ഒരു സുഹൃത്തിനോട് അവന്റെ അച്ഛൻ മാറ്റിനിക്ക് പോകരുത് വേണേൽ ഫസ്റ്റ് സ്ഃഓക്ക് പോയ്ക്കോ എന്ന് പറഞ്ഞത് ഓർമ്മ വന്നു

    ReplyDelete
  2. ഹഹ കുറെ കോളേജ് ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു പോസ്റ്റ്‌.

    ReplyDelete
  3. ഹഹഹ .. യുവജന മാര്‍ച്ച്‌ കൊള്ളാം..

    നമ്മുടെ ഒരു ചെങ്ങായിയുമായി പടത്തിനുപോയി. കുറെ കഴിഞ്ഞപ്പോഴാണ് അവന്റെ അനിയന്‍ രണ്ടു മൂന്നു റോ മുന്നില്‍ ഇരിക്കുന്നത് കണ്ടത്.
    അനിയനും പീസെല്ലാം കാണുന്നുന്ടെല്ലോ എന്നോര്‍ത്ത് ഇവന് സമാധാനമില്ല.

    അതെല്ലാം നായികാ ഓര്‍ക്കുന്ന സീനായിരുന്നു.
    കുഴപ്പമില്ലെടാ. ഇതൊന്നും കഥയിലില്ലെല്ലോ. ഓര്‍ക്കുന്നതല്ലേ എന്ന് പറഞ്ഞാ സമാധാനിപ്പിച്ചത്.

    ReplyDelete
  4. ഒരു മാതിരിപ്പെട്ട ചെറുപ്പക്കാര്‍ക്കൊക്കെ ഇമ്മാതിരി കഥകള്‍ ഉണ്ടാകും. അന്ന് ഇതൊക്കെ വളരെ സീരിയസ് ആയിട്ട് ചെയ്യുന്ന കാര്യങ്ങളാണ്. ഇപ്പോഴാണ് അതിന്റെ തമാശകള്‍ മനസ്സിലാവുന്നത്. അഭിപ്രായം എഴുതിയവര്‍ക്കൊക്കെ നന്ദി.നമസ്കാരം

    ReplyDelete
  5. ഈ തമാശകളൊക്കെ ഇപ്പോള്‍ ഓര്‍ത്തുചിരിക്കാന്‍ വകനല്‍കുന്നതാണ്. അത് ഒരു കാലം.

    ReplyDelete
  6. ഷോ ഇല്ലെന്നാ തോന്നുന്നേ.......
    ഒടുക്കം എന്താകും എന്ന് നേരത്തെ തന്നെ മനസ്സിലായെങ്കിലും രസകരമായിരുന്നു, എഴുത്ത്.

    ReplyDelete
  7. പാമ്പിനെ പാമ്പ് വിഴുങ്ങിയല്ലേ?? നന്നായിട്ടുണ്ട്... ആശംസകള്‍..

    ReplyDelete
  8. ബിജു ചേട്ട ഞാന്‍ പഴയകാലത്തിലേക്ക് ഒന്നു യാത്രചെയ്തു..

    ReplyDelete