Ind disable

Monday 28 June 2010

രയറോം കഥകള്‍ : പുരാവൃത്തം.

രയറോം പുഴയുടെ വടക്കേക്കരയില്‍ പാലം കടന്നാല്‍  “ടൌണ്‍‌ “ എന്നറിയപ്പെടുന്ന നാല്‍ക്കവല. അതിനെ രണ്ടായി പകുത്ത്, കിഴക്കു നിന്നും പടിഞ്ഞാറേയ്ക്ക് തേര്‍ത്തല്ലി റോഡ് പോകുന്നു. ഈ റോഡിനിരുവശവുമുള്ള നാലഞ്ചു കടകളിലും മൂന്നാലു ചായപ്പീടികകളിലുമായി രയറോംകാര്‍ തങ്ങളുടെ ദൈനംദിനവ്യാപാരം നടത്തിപ്പോന്നു. ഇവയുടെ എണ്ണത്തില്‍ എപ്പോഴും മാറ്റം വരാവുന്നതിനാല്‍ കൃത്യമായി ഇത്ര എന്നു പറയാനാവില്ല.

ടൌണു വിട്ട് ഒരു ഫര്‍ലോംഗ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ സ്കൂള്‍ . അവിടുന്നും ഒരു വിളിപ്പാട് മുന്നോട്ട് പോയാല്‍ മൈതാനി ആയി. മൈതാനിയെത്തുമ്പോള്‍ റോഡിന് ഇടതു വശത്ത് ചെറിയൊരു കുന്ന്. അവിടെ രയറോം ജമാ അത്തിന്റെ സ്വന്തം മഖാമുണ്ട്. മഖാമില്‍ ഔലിയാക്കള്‍ കാലങ്ങളോളമായി നിദ്ര ചെയ്യുന്നു.  മഖാമരികില്‍  ഖബര്‍സ്ഥാന്‍ .അതില്‍ നിര നിരയായി മീശാങ്കല്ലുകള്‍ . ആ കുന്നിനു താഴെ വിശാലമായ നിരപ്പ്  കാടു മൂടി കിടക്കുന്നു.  വലതു വശത്തുമുണ്ടൊരു ചെറു കുന്ന്. അവിടെ സെന്റ് സെബാസ്റ്റ്യന്‍ പുണ്യപുണ്യവാളന്റെ പള്ളി ഉയര്‍ന്നു നില്‍ക്കുന്നു. വടക്ക് വശത്ത് സിമിത്തേരി.

മഖാമിന്റെ താഴ്വാരത്ത് ഇരുകരകളിലും പച്ചത്തുരുത്തുകള്‍ക്കിടയിലൂടെ രയറോം പുഴ പൊട്ടിച്ചിരിച്ച് ഗതകാലത്തെപ്പോഴോ തുടങ്ങിയ പ്രയാണം തുടരുന്നു. ആ ഓരം പറ്റി അല്പം മുന്നോട്ടു ചെന്നാല്‍ എടത്തുംകര കാവായി. മനുഷ്യശല്യമില്ലാതെ, കരിനാഗങ്ങളിഴയുന്ന  കാവില്‍ ഭഗവതി ഒറ്റയ്ക്കായിരുന്നു.
രാവിന്റെ മധ്യയാമങ്ങളില്‍ ഖബര്‍സ്ഥാനില്‍ മീശാങ്കല്ലുകള്‍ക്കു താഴെ നിന്നും രയറോത്തിന്റെ മുന്നവകാശികളായ റൂഹുകള്‍ എഴുനേറ്റു വരും. എന്നിട്ട് മഖാമിന്റെ ചെറു മിനാരങ്ങളില്‍ വന്നിരുന്ന് അപ്പുറത്തെ സെമിത്തേരിയിലേയ്ക്ക് എത്തി നോക്കും. കൃത്യം അതേ സമയത്തു തന്നെ, മരക്കുരിശുകള്‍ നാട്ടിയ കുഴിമാടങ്ങളില്‍ നിന്നും പിതാക്കള്‍ ഉറക്കം വിട്ടെണീറ്റിരിക്കും. അവരപ്പോള്‍ മിനാരങ്ങളില്‍ വന്നിരിയ്ക്കുന്ന റൂഹുകളെ നോക്കി കൈവീശും. എന്നിട്ട് രണ്ടു കൂട്ടരും ഉച്ചത്തില്‍ വിളിയ്ക്കും:
പൂഹോയ്..!
കാവിലേയ്ക്കാണ്. ഭഗവതിയപ്പോള്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന്, വള്ളിക്കൂട്ടത്തിന്റെ മറയില്‍ നിന്നീറന്‍ മാറ്റി, പനങ്കുലതോല്‍ക്കും വാര്‍ മുടി കോതിയൊതുക്കി, ഒരു നുള്ളു കുങ്കുമം നെറ്റിയില്‍ പൂശി മൈതാനിയിലേയ്ക്ക് പറന്നു വരും. പിന്നെ, സെമിത്തേരിയിയിലെ പിതാക്കളും ഖബര്‍സ്ഥാനിലെ റൂഹുകളും ഭഗവതിയും ചേര്‍ന്ന്  അന്നത്തെ വിശേഷങ്ങള്‍ കൈമാറും. അപ്പോള്‍ മൈതാനിയില്‍ കാലന്‍ കോഴികള്‍ ചിറകടിച്ച് ഉച്ചത്തില്‍ കൂവുമത്രേ!
രാത്രിയില്‍ വൈകി അതു വഴിവന്ന എത്രയോ രയറോംകാര്‍ ഇതു കേട്ടിരിയ്ക്കുന്നു. അപ്പോള്‍ പേടിയ്ക്കരുത്. മുസല്‍മാനെങ്കില്‍ കലിമ ചൊല്ലണം. ക്രിസ്ത്യാനിയാണെങ്കില്‍ പുണ്യാളനെ സ്തുതിയ്ക്കണം. ഹൈന്ദവനെങ്കില്‍ ഭഗവതിയെ ജപിയ്ക്കണം.അവരതുകേട്ട് മനം നിറഞ്ഞ് വാത്സല്യത്തോടെ പഥികരെ മൈതാനി കടത്തിവിടും.

പണ്ടിതിലെ പകല്‍ പോലും ആള്‍ക്കാര്‍ സഞ്ചരിയ്ക്കാന്‍ മടിച്ചിരുന്നുവത്രേ! അന്നൊക്കെ രയറോത്തെയ്ക്കു കുടിയേറ്റക്കാര്‍ കടന്നു വരുന്നതേയുള്ളു. പല ദിവസങ്ങളിലും തിരുവിതാംകൂറില്‍ നിന്നും വേരുകള്‍ പറിച്ചടുക്കിയ ലോറികള്‍ രയറോം പുഴ കടന്നു. പിന്നെ ഏതെങ്കിലും മലഞ്ചെരുവില്‍ തെളിച്ചെടുത്ത കന്നിമണ്ണില്‍ കുടില്‍ കെട്ടി അടിഞ്ഞു. അവരവിടെ കോഴി, പശു, പന്നി മുതലായവയൊക്കെ വളര്‍ത്തി. കാടു വെട്ടി തീയില്‍ ചുട്ടു. ഉണ്ടന്‍ കല്ലുകള്‍ പെറുക്കി കയ്യാലകള്‍ കെട്ടി. കന്നിമണ്ണില്‍ തൂമ്പകള്‍ ആഞ്ഞുപതിച്ചു. കന്യചര്‍മ്മം പൊട്ടിയ മണ്ണിന്റെ ഇളം മേനിയില്‍ കുഴിയും കൂനകളും ഉണ്ടായി. കുഴികളില്‍ വാഴയും കാച്ചിലും കിഴങ്ങും ചേനയും കൂനകളില്‍ കപ്പയും തഴച്ചു. കല്ലന്‍ ശരീരവും മനസ്സുമുള്ള കുടിയേറ്റമക്കള്‍ കന്നിമണ്ണിനെ പൊന്നാക്കി മാറ്റി.

അന്നൊക്കെ കര്‍ക്കിടകത്തില്‍ തുമ്പിക്കൈ വണ്ണത്തില്‍ മഴപെയ്യും! രണ്ടു രാവും രണ്ടു പകലും നിര്‍ത്താതെ പെയ്യുമത്രേ. അപ്പോള്‍ പറമ്പിലൊക്കെ പെരുങ്കൂണ്‍ പൊന്തിവരും. വറുതിക്കാലത്തെ പശിയകറ്റാന്‍ മലദേവത കനിഞ്ഞു നല്‍കുന്നതാണത്.
അങ്ങനെയുള്ള പെരുമ്പെയ്തുകാലത്താണ് ഉരുള്‍ പൊട്ടുക. പെയ്ത് പെയ്ത് തിടം നിറഞ്ഞ മലദേവതയുടെ നെടും മാറില്‍ നിന്നൊരു ചീന്ത് കൂലം കുത്തി താഴേയ്ക്ക് പായും. ആ പാച്ചിലിനിടയില്‍ കാണുന്നതൊക്കെ അവള്‍ കലിപൂണ്ട് തകര്‍ത്തെറിയും. ഒടുക്കം രയറോം പുഴയുടെ മടിയില്‍ തളര്‍ന്നു മയങ്ങും.അങ്ങനെ എത്രയോ കാലങ്ങള്‍ ..

അന്നൊക്കെ മനുഷ്യനും മൃഗങ്ങള്‍ക്കും ജ്വരം വന്നാല്‍ മുക്രി ഹംസയുടെ ചരടും വെള്ളവും ആണ് ശരണം. ശത്രുരക്ഷയ്ക്ക് തകിടും ഉറുക്കും. ആര്‍ത്തന്മാര്‍ ആരെയും മുക്രി കൈവിടില്ല. മഖാമിലെ റൂഹുകള്‍ മുക്രിയുടെ ഓത്ത് കേട്ട് ചരടിലേയ്ക്കും നീരിലേയ്ക്കും  തകിടിലേയ്കും ഉറുക്കിലേയ്ക്കും ആവാഹനം ചെയ്യപ്പെടുന്നു. അവര്‍ പിന്നെ രയറോംകാരെയും അവരുടെ വളര്‍ത്തു മൃഗങ്ങളേയും ജാതിമത ഭേദമില്ലാതെ സംരക്ഷിച്ചു വന്നു. എന്നിട്ട് രാത്രികാലങ്ങളിലെ കൂടിച്ചേരലുകളില്‍ മൈതാനിയില്‍ വന്നിരുന്ന് ഇതും പറഞ്ഞ് പൊട്ടിച്ചിരിയ്ക്കും.
മൈതാനിയിലെ മഖാമില്‍ എല്ലാവര്‍ഷവും ഉറൂസുണ്ട്. അന്നത്തെ രാത്രി രയറോംകാരെല്ലാം മഖാമിലെത്തി റൂഹുകളെ വണങ്ങും. സത്യവിശ്വാസികള്‍ സ്വലാത്ത് നടത്തും. അല്ലാത്തവര്‍ക്ക് നേര്‍ച്ചക്കഞ്ഞിയുണ്ട്. അപ്പോള്‍ അപ്പുറത്ത് നിന്ന്  പുണ്യാളന്‍ റുഹുകള്‍ക്ക് സലാം ചൊല്ലും.
പിന്നെ പുണ്യാളന്റെ പെരുന്നാളാണ്. അന്നു പള്ളിയില്‍ നിന്നും രയറോത്തേയ്ക്ക് പുണ്യാളനെ എഴുന്നെള്ളിയ്ക്കും. അപ്പോള്‍ മഖാമിന്റെ മിനാരങ്ങളില്‍ വന്നിരുന്ന് റൂഹുകള്‍ സലാം മടക്കും.തന്റെ നാടിനെ കണ്‍കുളിര്‍ക്കെ കണ്ട് പുണ്യാളന്‍ തിരിച്ച് പള്ളിയിലേയ്ക്ക് യാത്രയാകും, അടുത്ത വര്‍ഷം വരേയ്ക്കുമുള്ള  ഓര്‍മ്മകള്‍ സൂക്ഷിച്ചുകൊണ്ട്.

അപ്പോഴും ഭഗവതിയുടെ കാവില്‍ മനുഷ്യരാരും കാലുകുത്താന്‍ ധൈര്യപ്പെട്ടില്ല. പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പില്‍ പച്ചില പാമ്പും വില്ലൂന്നിയും തൂങ്ങിയാടി. കിളിക്കൂട്ടം അതിനിടയില്‍ കൂടുകൂട്ടിയും മുട്ടയിട്ടും കഴിഞ്ഞു പോന്നു. പുഴക്കരയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍ കരിനാഗങ്ങള്‍ ഭഗവതിയ്ക്ക് കാവലിരുന്നു..അവരോടൊപ്പം എടത്തുംകര ദേവി സ്വൈര്യമായി ഉല്ലസിച്ചു നടന്നു, ഭഗവതിയ്ക്കവിടെ അമ്പലമില്ലല്ലോ!

രയരോം മക്കളെ കാണണമെന്നു തോന്നുമ്പോള്‍ ഭഗവതി, വെള്ളച്ചിയില്‍ ആവേശിയ്ക്കും. കിഴക്ക് വൈതല്‍ കുന്നുകളില്‍ ചുവപ്പുരാശി പടരുമ്പോള്‍ വെള്ളച്ചി പുളിയിലംകുണ്ടിറങ്ങും. പിന്നെ പടിഞ്ഞാറ് എരിഞ്ഞടങ്ങുന്ന വരെ രയരോത്തെ ഓരോ കല്ലിനോടും ഓരോ മരത്തോടും വിശേഷം പങ്കിട്ട് നടപ്പ്. കഴുത്തില്‍ കല്ലുമാലയിട്ട, കാതില്‍ തോടയിട്ട , ഇരുകൈയും നിറയെ ലോഹ വളകളണിഞ്ഞ, നിറം മങ്ങിയ ജമ്പറും മുഷിഞ്ഞ മുട്ടോളമെത്തുന്ന മുണ്ടുമണിഞ്ഞ വെള്ളച്ചിയിലൂടെ ഭഗവതി തന്റെ മക്കളെ എന്നും കണ്ടു. മുറുക്കിന്റെ രുധിരമൊഴുകുന്ന ആ നാവിലൂടെ ഭഗവതി ഞങ്ങളോട് സംസാരിച്ചു. ഞങ്ങളുടെ സുഖദു:ഖങ്ങള്‍ ചോദിച്ചു. വല്ലപ്പോഴും ചെറിയ നാണയതുട്ടുകള്‍ ഞങ്ങള്‍ കാണിയ്ക്കയര്‍പ്പിച്ചു.
കാലങ്ങളോളമായി വെള്ളച്ചിയുടെ നടപ്പു തുടര്‍ന്നു കൊണ്ടേയിരുപ്പാണ്. എപ്പോഴുമുണ്ടാകും മാറത്തടുക്കിയ ഒരു കെട്ട് ചൂലുകള്‍ .അവയെല്ലാം വെള്ളച്ചി കെട്ടിയുണ്ടാക്കുന്നതാണ്. ഓരോ ചന്ദ്രപക്ഷം ഇടവിട്ട് മാറി മാറി ഞങ്ങളുടെയെല്ലാം വീടുകളില്‍ എത്തും വെള്ളച്ചി. ഞങ്ങള്‍ക്കു വേണ്ടെങ്കിലും ഒരെണ്ണം വാങ്ങും. പകരം ഒരു നേരത്തെ ആഹാരവും കഴിച്ച് കിട്ടുന്ന ദക്ഷിണയും വാങ്ങി അടുത്ത ലക്ഷ്യത്തിലേയ്ക്കു യാത്രയാകും.ഭഗവതി വീടു കാണാനെത്തിയതാണ്.
ഇടയ്ക്കൊക്കെ പുഴയുടെ കരയില്‍ വെള്ളച്ചി  ഇരിയ്ക്കും. പിന്നെ ദീര്‍ഘനേരം പുഴയുമായി സംസാരിയ്ക്കും. പുഴയില്‍ മീനുകളപ്പോള്‍ ഓരം ചേര്‍ന്നു നില്‍ക്കും പോലും,  സംസാരം ഒളിഞ്ഞുകേള്‍ക്കാന്‍ . എന്നാലും പുഴക്കരയിലെ മുളങ്കൂട്ടത്തെ കിഴക്കന്‍ കാറ്റ് ഇളക്കിക്കൊണ്ടേയിരിയ്ക്കുന്നതിനാല്‍ കാര്യമായൊന്നും കേട്ടെന്നു വരില്ല.
അങ്ങനെ ഒരു സല്ലാപത്തിനിടയിലെപ്പോഴൊ കഴിഞ്ഞവര്‍ഷം വെള്ളച്ചി ഞങ്ങളെ ഉപേക്ഷിച്ചു പോയി, ഒന്നും പറയാതെ.
ഭഗവതിയിപ്പോള്‍ ഞങ്ങളെ കാണാറില്ല. റൂഹുകളുമതേ, മുക്രിയും പോയ്ക്കഴിഞ്ഞല്ലോ.
ഞങ്ങളിപ്പോള്‍ അനാഥരാണ്.

8 comments:

 1. വളരെ നല്ലൊരു രചന...

  ReplyDelete
 2. ഒരു നാടിന്റെ, ജനതയുടെ, ആത്മാവിലൂടെ, ഒരു യാത്ര; ഒപ്പം ഞാനും സഞ്ചരിക്കുന്നു.

  ReplyDelete
 3. @ നൌഷു: വളരെ നന്ദി അഭിപ്രായത്തിന്
  @ മിനി:വളരെ നന്ദി ടീച്ചര്‍

  ReplyDelete
 4. ബിജു ഞാൻ ഇപ്പോൾ പോസ്റ്റിനു കമന്റുന്നില്ല. അത് വഴിയെ. എന്തിനാ ണു ഇത്രയധികം ബ്ലോഗുകൾ കൊണ്ടു നടക്കുന്നത്? വായിക്കാൻ വരുന്നവർ ഏതിൽ കയറണമെന്നു സംശയിച്ചു നിന്നിട്ട് തിരിച്ചു പോകും ബ്ലോഗ് ഒരു സുപ്പർ മാർക്കറ്റ് ആണ് എല്ലാം കൈയെത്തൂം ദൂരത്ത് ലഭിക്കണമെന്നാണ് എല്ലാവർരടെയും ആഗ്രഹം.

  ReplyDelete
 5. നാടന്‍ ആചാരങ്ങള്‍, ശീലങ്ങള്‍ ഒക്കെ വീണ്ടുമോര്‍മ്മിപ്പിച്ചു.

  ReplyDelete
 6. ...Superb Dear...Nostalgic feelings ...Pls Continue....

  ReplyDelete
 7. നല്ല ലേഖനം. കൃതഹസ്തനായ എഴുത്തുകാരന്‍.

  സ്ഥലനാമങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിയ്‌ക്കുന്ന ഒരു ലേഖനപരമ്പരയുടെ തയ്യാറെടുപ്പിലാണു ഞാന്‍. 'രയറോം' എന്ന വാക്കിന്റെ അര്‍ത്ഥം ലഭ്യമെങ്കില്‍ ramukaviyoor@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.

  താഴെക്കാണിച്ചിരിയ്ക്കുന്ന സര്‍ക്കാര്‍ സൈറ്റിലും വിക്കിപീഡിയയിലും ആലക്കോട്ടെ വാര്‍ഡുകളുടെ പേരുകള്‍ തെറ്റിച്ചിട്ടുണ്ട്. യഥാര്‍ത്ഥസ്ഥലനാമങ്ങള്‍ അയച്ചുതന്നാല്‍ വലിയ ഉപകാരമായിരിയ്‌ക്കും.

  http://lsgkerala.in/alakode/
  https://ml.wikipedia.org/wiki/ആലക്കോട്_ഗ്രാമപഞ്ചായത്ത്,_കണ്ണൂർ_ജില്ല


  സാദരം,
  രാമു കവിയൂര്‍
  www.ramukaviyoor.blogspot.in

  ReplyDelete