ഞങ്ങളുടെ രയറോത്തിന്റെ ഐശ്വര്യം എന്നു പറയുന്നത് രയറോം പുഴയാണ്. അതി സുന്ദരിയാണവള്‍ .അങ്ങ് കിഴക്ക് വൈതല്‍ മലയിലാണ് ജനനം. അവിടെ അവളൊരു കൊച്ചുകുഞ്ഞാണ് . പിന്നെ ഓരോ മലയിടുക്കുകളിലെത്തുംതോറും അവള്‍ വളരും. അങ്ങനെ വളര്‍ന്ന് ഞങ്ങളുടെ നാട്ടിലെത്തുമ്പോഴേയ്ക്കും അവളൊരു ഒത്ത സുന്ദരിയായി തീര്‍ന്നിരിയ്ക്കും. ഓരോ കാലത്തും അവള്‍ക്കോരോ ഭാവമാണ്. കൌമാരസുന്ദരിമാരങ്ങനെ തന്നെയാണല്ലോ! മകരമാസത്തില്‍ അതിരാവിലെ ആവി പൊങ്ങിപ്പരക്കുന്ന അവളുടെ ഇളം ചൂടുള്ള തെളിനീരില്‍ ഒന്നു മുങ്ങി നിവര്‍ന്നാല്‍ സകല മാലിന്യങ്ങളും പോകുമെന്നാണ് ഞങ്ങളുടെ വിശ്വാസം, ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും. വേനലിലോ, കുളിര്‍മ്മയാര്‍ന്ന അമൃതജലമാണവള്‍ ഞങ്ങള്‍ക്കായി കരുതി വച്ചിട്ടുള്ളത്. ഇരു കരകളിലും ആറ്റു വഞ്ചിയും ചേരും മുളങ്കൂട്ടവുമൊക്കെയായി ആ ഹരിതകാന്തിയങ്ങനെ നിബിഡമായിരിയ്ക്കുന്നു.
ആഴം തീരെയില്ല അവള്‍ക്ക്.എന്നാല്‍ ചിലയിടങ്ങളില്‍ കയങ്ങളുണ്ടുതാനും. ഇടയ്ക്കിടെ, കടഞ്ഞെടുത്ത പോലുള്ള കല്ലുകളിങ്ങനെ പൊന്തി നില്‍ക്കുന്നതു കണ്ടാല്‍ നീരാട്ടിനിറങ്ങിയ കാട്ടാനകള്‍ വശം ചെരിഞ്ഞു കിടന്ന് അവളുടെ കുളിര്‍മ്മ ആസ്വദിയ്ക്കുകയാണന്നേ തോന്നൂ. കല്ലുകളില്‍ തട്ടി അവള്‍ ചിരിയ്ക്കുമ്പോള്‍ ആ ചിരിയുടെ മാധുര്യം കള കള ശബ്ദമായി നമ്മുടെ ചെവികള്‍ക്കു കുളിരു പകരും.
മഴക്കാലത്ത് ഇവള്‍ മഹാകാളിയാകും. നിമിഷം വച്ച് അവള്‍ വളര്‍ന്നു വരും. ചിലപ്പോള്‍ ഞങ്ങളുടെ കൊച്ചു രയറോത്തു വരെ അവള്‍ എത്തി നോക്കും. അപ്പോഴവള്‍ക്ക് ഏതോ മദകാലത്തെ ക്രൌര്യമാണ്. തെളിഞ്ഞ നിറമെല്ലാം പോയി ഉടലാകെ കുങ്കുമം വാരിപ്പൂശി മുടിയഴിച്ചിട്ട് അവള്‍ ചാമുണ്ഡിയെപ്പോലെ ഉറഞ്ഞു തുള്ളും.
ഞങ്ങളൊക്കെ മഴക്കാലത്ത് ഇവളുടെ കലി കാണാന്‍ വേണ്ടി കരകളിലിങ്ങനെ അന്തം വിട്ട് നോക്കി നില്‍ക്കും. എന്തൊക്കെയാണെന്നോ അവള്‍ കൊണ്ടു വരുക. കട പുഴകിയ മരങ്ങള്‍ , വിറകുകള്‍ , കിഴക്ക് ആരൊക്കെയോ നട്ടുവളര്‍ത്തിയ വാഴകള്‍ , തെങ്ങിന്‍ തൈകള്‍ ,അങ്ങനെ പലതും . ചങ്കുറപ്പുള്ള ആണാളുകള്‍ അവളെ വെല്ലു വിളിച്ച് കുതിച്ച് ചാടി തടിയും വിറകുമൊക്കെ വലിച്ചു കേറ്റും.
അന്നൊക്കെ മഴക്കാലത്ത് രയറോംകാര്‍ പുറം ലോകത്തു നിന്നും വേര്‍തിരിയ്ക്കപ്പെടും. എന്നു വച്ചാല്‍ എല്ലാ കാര്യങ്ങള്‍ക്കും ആലക്കോട്, തളിപ്പറമ്പ് അങ്ങോട്ടൊക്കെയാണ് പോകേണ്ടത്. പുഴയില്‍ വെള്ളം പൊങ്ങുന്നതോടെ ആ ബന്ധം അറ്റു പോകും. കാരണം ബസും മറ്റു വാഹനങ്ങളും പുഴയില്‍കൂടി തന്നെയാണ് രയറോത്തേയ്ക്ക് കയറി വന്നിരുന്നത്. പുഴയില്‍ നിന്നു കേറിയാല്‍ ആദ്യമൊരു വളവ്, പിന്നെ കാളിമമ്മുക്കായുടെ മുറുക്കാന്‍ പീടിക, മുസ്ലീം പള്ളി, കാട്ടാമ്പള്ളിക്കായുടെ പലചരക്കുകട, രയറോം അതായിരുന്നു കാഴ്ചയുടെ ക്രമം.
മഴക്കാലത്ത് പുഴയില്‍ വെള്ളം പൊന്തിയാല്‍ അക്കരെ കാക്കടവ് വരെയേ ബസുള്ളു. പിന്നെ മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകണമെങ്കില്‍ കടത്തു കടക്കണം .ഇതു ഒരു താല്‍ക്കാലിക ഏര്‍പ്പാടാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണെന്നു തോന്നുന്നു എവിടെ നിന്നോ വള്ളം കൊണ്ടുവരും. മഴയുടെ ശക്തി കുറയും വരെ പിന്നെ വള്ളം പുഴയിലുണ്ടാവും. വള്ളത്തില്‍ പരിചയക്കുറവുള്ള രയറോംകാര്‍ക്ക് ഈ കടത്ത് പരിപാടി ഒരല്പം ബുദ്ധിമുട്ടായിരുന്നു.
അക്കാലത്ത് രയറോത്ത് ചെറിയൊരു സ്റ്റേഷനറിക്കട നടത്തുന്ന പിള്ളേച്ചന്‍ ഉണ്ട്. ഞാനപ്പോള്‍ കോട്ടയത്ത് സ്കൂളില്‍ പഠിയ്ക്കുകയാണ്. അവധിയ്ക്കു മാത്രമേ രയറോത്തു വരൂ. അന്ന് എന്റെ ഏറ്റവും വലിയ കൌതുകം പിള്ളേച്ചന്റെ കടയില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ബാലരമയും പൂമ്പാറ്റയും ആയിരുന്നു. പിന്നെ കണ്ണാടിഭരണിയില്‍ നിറച്ചുവച്ചിരിയ്ക്കുന്ന മിച്ചര്‍ (മിക്സ്ചര്‍ ), പട്ടാണിക്കടല, വലിയ കുപ്പിയിലെ ഓറഞ്ച് നിറമുള്ള സ്ക്വാഷ് . ഞാന്‍ ഓരോ തവണയും അവധിയ്ക്കു വരുമ്പോള്‍ ആദ്യം കാണുന്നമാത്രയില്‍ പിള്ളേച്ചന്‍ പറയും “എടാ നീയാകെ മെലിഞ്ഞു പോയല്ലോടാ മോനേ”. വളരെ സ്നേഹമായിരുന്നു എന്നെ.
ആ പിള്ളേച്ചനെ ഒരു മഴക്കാലത്ത് രയറോം പുഴ എടുത്തു. പാഞ്ഞു വന്ന മലവെള്ളത്തില്‍ പെട്ട് വള്ളം ആടിയുലഞ്ഞ് മറിഞ്ഞു. നീന്തലറിയാത്ത പാവം പിള്ളേച്ചനെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം കുറെ ദൂരെ ഒരിടത്തു നിന്നാണ് കിട്ടിയത്.
അതോടെ ഇവള്‍ക്കു മൂക്കുകയറിടണമെന്ന് രയറോം കാര്‍ തീരുമാനിച്ചു. അങ്ങനെ ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കു ശേഷം രയറോം പുഴയ്ക്ക് കുറുകെ പാലം വന്നു. നല്ല വീതിയില്‍ ഒന്നാന്തരമൊരു പാലം.
കോട്ടയത്തെ പഠനമൊക്കെ കഴിഞ്ഞ് ഞാന്‍ രയറോത്ത് താമസമാക്കിയ കാലം. ടീന്‍സ് കഴിഞ്ഞ് ട്വെന്റീസിലേയ്ക്ക് കയറിയിരിയ്ക്കുന്നു. ഇക്കാലത്താണ് എനിയ്ക്ക് വിപ്ലവ വീര്യം ഉണ്ടായതും അതു മൂര്‍ധന്യാവസ്ഥയിലെത്തി സംഘടിതരൂപം കൈക്കൊണ്ടതും. അന്നൊക്കെ രയറോത്തെ പ്രധാന ആഘോഷങ്ങള്‍ രണ്ടേ രണ്ടെണ്ണമാണ്; ഓണം, ക്രിസ്തുമസ്. (കൂടാതെ വിഷു, ഈസ്റ്റര്‍ , റംസാന്‍ ഇവയൊക്കെ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ വീടുകളില്‍ തന്നെ തങ്ങി നിന്നു.)
ഇതില്‍ തന്നെ ഓണമാണ് മുഖ്യം. അതിനു കാരണം, കര്‍ക്കിടകത്തിലെ മഴയെല്ലാം ഒന്നൊതുങ്ങി കുറച്ച് വെട്ടവും വെളിച്ചവുമൊക്കെ കാണുന്നതപ്പോഴാണല്ലോ! മനസ്സിനൊരു ഉണര്‍വുണ്ടാകും. പിന്നെ, അന്ന് ടീവിം കൊടച്ചക്രോമൊന്നും വ്യാപകമല്ലല്ലോ?
അക്കാലത്തെ ഓണത്തിന്റെ മുഖ്യാഘോഷം ഉച്ചയൂണ് , വെള്ളമടി , ഗുലാന്‍ പരിശുകളി എന്നിവയൊക്കെയാണ്. കോട്ടയത്ത് മീനച്ചിലാറിന്റെ കരയില്‍ തുമ്പി തുള്ളലും കബഡികളിയും കിളിത്തട്ടുകളിയും എട്ടുകളിയും പകിടകളിയുമൊക്കെ കണ്ടും കളിച്ചും വളര്‍ന്ന എനിയ്ക്ക് ഇതില്‍ ഒരു രസവും തോന്നിയില്ല.
ഛായ്.. കള്‍ച്ചര്‍ലെസ് ഫെല്ലോസ്! നമുക്കിതൊന്നു മാറ്റിയെടുക്കണം. പിന്നെ രയറോത്ത് ഒരു ഇന്‍ട്രോഡക്ഷനും വേണമല്ലോ?
അങ്ങനെ ഒരോണക്കാലത്ത് ഞാന്‍ ചില സുഹൃത്തുക്കളെയൊക്കെ വിളിച്ചു കൂട്ടി. അവരുടെ മഹനീയ സാന്നിധ്യത്തില്‍ ഒരു ക്ലബ്ബ് രൂപം കൊണ്ടു. (അപ്പോള്‍ വിപ്ലവ സംഘടനയില്‍ സജീവമായിട്ടില്ല. ഈ ക്ലബൊക്കെയാണ് അതിലെയ്ക്ക് നയിച്ചത്).
മുഖ്യ അജണ്ട ഓണാഘോഷമായിരുന്നു. ഗുലാന്‍ പരിശല്ലാത്ത ശരിയ്ക്കുമുള്ള ഓണാഘോഷം. അത്തപ്പൂക്കളം, വടംവലി, കബഡി എന്നിവയാണ് ആഘോഷപരിപാടികളായി നിശ്ചയിച്ചത് .ശരിയ്ക്കും രയറോത്ത് ഒരു വലിയ വാര്‍ത്തയായിരുന്നു അത്. അത്തപ്പൂക്കളം രയറോം സ്കൂളിലാണ് സംഘടിപ്പിച്ചത്. കബഡി പുഴയോരത്തും. രണ്ടിനും ഞങ്ങളാരും പ്രതീക്ഷിയ്ക്കാത്ത ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. (അക്കഥകള്‍ പിന്നീടൊരിയ്ക്കല്‍ പറയാം).
എന്നാല്‍ ജനങ്ങള്‍ ഏറ്റവും ആവേശത്തോടെ എതിരേറ്റത് വടം വലിയെ ആണ്. കുടിയേറ്റ ജനതയാണല്ലോ. അധ്വാനശീലര്‍ . കരുത്തിന്റെ കളികളാണവര്‍ക്കേറെയിഷ്ടം.സത്യത്തില്‍ വലിയ ആലോചനയൊന്നും കൂടാതെയാണ് വടംവലിയെന്നൊക്കെ വച്ചു കാച്ചിയത്. ആള്‍ക്കാരിത് വലിയ കാര്യമായിട്ടെടുക്കുമെന്നൊന്നും അന്നേരം വിചാരിച്ചതേയില്ല.
തിരുവോണനാള്‍ . ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് വടം വലി തുടങ്ങേണ്ടത്. രാവിലെ വരെ ഇതൊരു വലിയ കാര്യമായി പരിഗണിച്ചില്ല. പൂക്കളമത്സരത്തിന്റെ പുറകേയായിരുന്നല്ലോ അന്നേരം.വലിയ്ക്കാന്‍ നാലു ടീമുകളുണ്ട്. പിന്നൊരു റഫറിയും. അതിന് ഞങ്ങള്‍ നേരത്തേ ഒരു മാഷിനെ ചാക്കിട്ട് പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കക്ഷി ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഞങ്ങളുടെ കാലുപിടിയ്ക്കലിനുമുന്‍പില്‍ കീഴടങ്ങുകയായിരുന്നു. മാഷുമ്മാരാകുമ്പം ആള്‍ക്കാര്‍ക്ക് കുറച്ചു ബഹുമാനമൊക്കെയുണ്ടാകുല്ലോ!
ശരി എല്ലാമായി. വടമെവിടെ?
മുന്‍കൂട്ടി ഒരു മരംവെട്ടുകാരനോട് പറഞ്ഞിട്ടുണ്ടല്ലോ. കക്ഷിയെ അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ആടു കിടന്നിടത്തു പൂട പോലുമില്ല! പുള്ളിയും കുടുംബവും വീടും പൂട്ടി തലേദിവസമേ ഓണംകൂടാന്‍ ഭാര്യവീട് പിടിച്ചിരുന്നു. നല്ല ചതിയായിപ്പോയി! ഇനിയിപ്പോള്‍ എന്തു ചെയ്യും? ഞങ്ങള്‍ തലപുകഞ്ഞിട്ടൊന്നും ഒരു വഴിയുമില്ല. ഈ സമയത്തെവിടെ പോയി വടം കൊണ്ടു വരാന്‍ ?
ഉച്ച ആയതോടെ സംഗതി ഗുരുതരമാകുമെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ഓണസദ്യയും കഴിഞ്ഞ് എല്ലാവനും രയറോത്തിനിറങ്ങിയിരിയ്ക്കുകയാണ് വടം വലി കാണാന്‍ !.
“എപ്പോളാ ബിജു വടം വലി തുടങ്ങുന്നേ?“ കാണുന്നവന്മാര്‍ക്കൊക്കേ ഇതേ ചോദ്യമുള്ളു. ഏതായാലും ഊരാന്‍ പറ്റില്ലന്നുറപ്പായി.
ഞങ്ങള്‍ അവസാനം തീരുമാനിച്ചു. ഒരു വടം മേടിയ്ക്കാം! കൊള്ളാം നല്ല തീരുമാനം. പക്ഷേ എവിടെപ്പോയി മേടിയ്ക്കും. ഒറ്റക്കട തുറന്നിട്ടില്ല.
റയറോത്ത് അത്യാവശ്യം എല്ലാ ഐറ്റംസും വില്‍ക്കുന്ന ഒരു കടയുണ്ട്. അതിന്റെ ഓണര്‍ ഷാജിയുടെ വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. ഭാഗ്യം ആളുണ്ട്. വടം വലി കാണാന്‍ പുറപ്പെടാന്‍ തുടങ്ങുന്നു.
“ഷാജി ചേട്ടാ..കടയൊന്നു തൊറക്കണമല്ലോ.. ഒരു വടം വേണം”
“വടമോ? അതിനെന്റെ കടയിലെവിടാ വടം! അതു കണ്ണുരോ തളിപ്പറമ്പോ ഒക്കെ വലിയ കടയിലേ കിട്ടു!”
ദൈവമേ.. കെണിഞ്ഞു. ഞങ്ങള്‍ കഷ്ടപ്പെട്ട് ഉമിനീരിറക്കി പരസ്പരം നോക്കി.
“അല്ല ചേട്ടാ ..ചേട്ടന്റെ കടയില്‍ ഒരു സൈസ് വണ്ണമുള്ള കയറുണ്ടല്ലോ..അതു മതിയല്ലോ”.
“അതോ..എടാ അത് കിണറ്റുകയറാ. വടമല്ല.”
“സാരമില്ല. അതു മതി.”
“ദേ എനിയ്ക്കുത്തരവാദിത്തമൊന്നുമില്ല കേട്ടോ. സാധനം വേണമെങ്കില്‍ ഞാനെടുത്തു തരാം”.
ഹോ.. ആശ്വാസമായി. വലിയ്ക്കാന്‍ എന്തെങ്കിലുമായല്ലോ. ഷാജിച്ചേട്ടന്‍ വേഗം വന്ന് കടതുറന്ന് മുഴുത്ത ഒരു “വടം” (കിണറ്റുകയറ്) എടുത്തു തന്നു. നൂറ്റിയിരുപത്തഞ്ചു രൂപാ!.
വടമായി. ഇനി വലിയെവിടെ നടത്തും? ആലോചനയില്ലാതെ ഓരോന്നൊക്കെ തീരുമാനിച്ചിട്ട്... സ്കൂളില്‍ വടംവലിയ്ക്ക് സൌകര്യമില്ല. റോഡാണെങ്കില്‍ പൊട്ടിപ്പൊളിഞ്ഞത്.
വേറെയെവിടെ സൌകര്യം?
അപ്പോഴാണ് പാലത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. ഹായ് നല്ല വിശാലമായ, നിരപ്പായ പാലം തുറന്നിങ്ങനെ കിടക്കുമ്പോള്‍ വേറെ സ്ഥലമെന്തിനന്വേഷിയ്ക്കണം? തീരുമാനിച്ചു, വടം വലി രയറോം പാലത്തില്‍ തന്നെ.
ഏതാണ്ട് മൂന്നരയായി. പാലത്തിന്മേല്‍ അപാര ജന സഞ്ചയം . തിരുവോണമായതു കൊണ്ടാവാം അങ്ങനെ വാഹനതിരക്കൊന്നുമില്ല. വല്ലപ്പോഴും ഒരു ജീപ്പോ മറ്റോ വന്നാലായി. നാലു ടീമുകള്‍ റെഡിയായിട്ടുണ്ട്. ടീമൊക്കെ ലോക്കല്‍ തന്നെ. ലോഡിങ്ങുകാരും ഡ്രൈവര്‍മാരും പിന്നെ തടിമിടുക്കുള്ള ചിലരുമൊക്കെ ചേര്‍ന്ന് പെട്ടെന്നുണ്ടാക്കിയതാണ്.
പാലത്തിന്റെ ഒത്ത മധ്യത്തില്‍ കുമ്മായം കൊണ്ട് കുറുകെ ഒരു വരയിട്ടു. പിന്നെ നാലടി വിട്ട് വലതും ഇടതും ഓരോന്ന്. വടം വലിയുടെ നിയമം അറിയാമല്ലോ. വടത്തിന്റെ ഒത്ത നടുക്ക് ഒരു റിബ്ബണ്‍ കെട്ടും. അത് നടുക്കത്തെ വരയ്ക്ക് കണക്കായി പിടിയ്ക്കും. വലി തുടങ്ങിയാല്‍ ഇടത്തോ വലത്തോ ഉള്ള വരയ്ക്കുള്ളില്‍ റിബണ്‍ കടത്തുന്ന ടീം ജയിയ്ക്കും. സാധാരണ രണ്ടോ മൂന്നോ മിനിട്ടില്‍ കൂടുതല്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല. അതിനുള്ളില്‍ ഒരു ടീം വര കടത്തും.
ഞങ്ങള്‍ “വടം“ എടുത്ത് ഒരു ചുവന്ന റിബ്ബണ്‍ കെട്ടിയിട്ട്, നടുക്കത്തെ വരയ്ക്കൊപ്പം റിബണ്‍ വരുന്ന പോലെ പാലത്തില്‍ നെടുനീളത്തില്‍ വച്ചു. “വട”ത്തിന്റെ മടക്കുകളൊന്നും ശരിയ്ക്കു നിവര്‍ന്നിട്ടില്ല. കയര്‍ നാരുകള്‍ പൊന്തി പൊന്തി നില്‍ക്കുന്നു. കണ്ടിട്ടു തന്നെ ഒരേനക്കേട് തോന്നുന്നുണ്ട്. കാരണം നമ്മളു കണ്ടിട്ടുള്ള വടത്തിനൊന്നും മടക്കുകള്‍ കാണാനേ ഉണ്ടാവില്ല, അതു പോലെ പൊന്തി നില്‍ക്കുന്ന നാരുകളും.
എന്തുമാവട്ടെ, ഇതൊന്നു കഴിഞ്ഞുകിട്ടിയാല്‍ മതി. വയറ്റിലെ ശൂന്യതയില്‍ കാറ്റ് നിറഞ്ഞിരിയ്ക്കുകയാണ്. ഓണം ഉണ്ണാന്‍ ഗതിയില്ലാത്ത ലക്ഷക്കണക്കിന് കേരളീയരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളിവിടെ ഈ പണിയെടുക്കുന്നത്.
റഫറി മാഷിനെ ആനയിച്ചുകൊണ്ടു വന്നു. മാഷ് ഒരു വിസിലും കടിച്ചു പിടിച്ച്കൊണ്ട് ചുറ്റും ഒന്നു നോക്കി. അപ്പോഴേയ്ക്കും പാലത്തിന്റെ കൈവരിയില്‍ പിടിച്ച് പുഴനോക്കി നിന്നവരും അല്ലാത്തവരുമായ രയറോം പൌരന്മാരെല്ലാം ഒന്നിച്ചുകൂടി വലിയൊരു മനുഷ്യമതില്‍ തീര്‍ത്തു. ഞങ്ങളെ പുറകോട്ട് തള്ളിമാറ്റിക്കൊണ്ട് മൂന്നാല് അജാനുബാഹുക്കളായ രയറോം ചേട്ടന്മാര്‍ പരിപാടിയുടെ കടിഞ്ഞാണ്‍ പിടിച്ചെടുത്തു.
“മാഷ് വിസിലൂത് മാഷെ, മത്സരം തൊടങ്ങാം. എടാ പിള്ളേരെ ,ആ ആള്‍ക്കാരെ അങ്ങോട്ട് മാറ്റി നിര്‍ത്തെടാ”.
നോക്കണം സംഘാടകരായ ഞങ്ങളോടാണ് ആജ്ഞ! വാക്കുകള്‍ക്കൊപ്പം നാടന്‍ വാറ്റുചാരായത്തിന്റെ മണവും തെറിച്ചു വീഴുന്ന കാരണം കൂടുതലൊന്നും പറയാന്‍ നിന്നില്ല.
ടീമുകള്‍ രണ്ടെണ്ണം അണിനിരന്നു. റഫറിയെ സഹായിയ്ക്കാന്‍ നമ്മുടെ രയറോം ചേട്ടന്മാരും കൂടി. ചുറ്റും തിങ്ങിയ മനുഷ്യമതിലിനിടയില്‍ തിക്കി തിരക്കി ഞങ്ങള്‍ സംഘാടകക്കുഞ്ഞുങ്ങള്‍ നിന്നു.
“ശരി തുടങ്ങാം.” റഫറി ഒരു വിസില്‍ കൊടുത്തു. ഉടന്‍ രണ്ടു ടീമും ചേര്‍ന്ന് വടം കൈയിലെടുത്ത് പൊസിഷന്‍ ചെയ്തു. വാറ്റിന്റെ ലഹരിയില്‍ വീഴാതിരിയ്ക്കാന്‍ ചേട്ടന്മാര്‍ വടത്തിന്മേല്‍ ബാലന്‍സ് ചെയ്തു നിന്നു. അടുത്ത വിസിലിന് വലി ആരംഭിയ്ക്കുകയായി.
“റെഡി..വണ്‍ ..ടൂ..ത്രീ..പീ..”വിസില്‍ മുഴങ്ങി..
വലി തുടങ്ങി. രയറോംകാര്‍ ആര്‍ത്തു വിളിച്ച് ഇരു ടീമിനേം പ്രൊത്സാഹിപ്പിയ്ക്കുകയാണ്. വാറ്റു ചേട്ടന്മാരിലൊരാള്‍ ഉടുമുണ്ട് പറിച്ച് കൈയില്‍ പിടിച്ച് പുറകോട്ട് ആഞ്ഞു വീശിയാണ് പ്രോത്സാഹനം. ആകെ എന്തൊരാരവം!
അന്നേരം എന്റെ (ഞങ്ങളുടെ) നെഞ്ച് പട പടാ ഇടിയ്ക്കുകയാണ്. ദൈവമേ വടമല്ല..കിണറ്റുകയറാണ്.
ഞങ്ങള് നോക്കുമ്പോള്‍ രണ്ടു ടീമും നിന്നിടത്തു നിന്നും രണ്ടടിയോളം പുറകോട്ട് വലിച്ചിരിയ്ക്കുന്നു! എന്നാല്‍ നടുക്കത്തെ വരയില്‍ നിന്നും റിബണ്‍ അല്പം പോലും നീങ്ങിയിട്ടില്ല. ഇതെന്തല്‍ഭുതം! വടംവലി ടീമിന് പുറകോട്ടല്പം നീക്കം കിട്ടിയാല്‍ ആവേശം കൂടും. കാരണം അതു വിജയത്തിന്റെ ലക്ഷണമാണല്ലോ! രണ്ടു ടീമും പുറകോട്ട് നീങ്ങിയതിനാല്‍ ആവേശം ഇരട്ടിയായി.
അപ്പോള്‍ കാണാം വടത്തിന്റെ വണ്ണം നടുവില്‍ നിന്നും അല്പാല്പം കുറഞ്ഞു വരുന്നു! ആവേശത്തിനിടയില്‍ ആരു ശ്രദ്ധിയ്ക്കാന്‍ ? അതേ പ്രതീക്ഷിച്ചതു സംഭവിയ്ക്കുകയാണ്. വടമിപ്പോള്‍ പൊട്ടും.
ഞാന്‍ പതുക്കെ നൂണ്ടു വെളിയില്‍ കടന്നു. കണ്ണുകള്‍ ഇറുക്കിയടച്ചു.
കരിയ്ക്കിന്‍ കുല വെട്ടിയിടുന്നപോലെ ഒരൊച്ച! രണ്ടു സൈഡിലേയ്ക്കും കുറേപ്പേര്‍ തെറിച്ചു വീണു, കളികാരും കാഴ്ചക്കാരും. പാലത്തിന്റെ പരുപരുത്ത കോണ്‍ക്രീറ്റിലേയ്ക്കാണ് വീഴ്ച..ആകെപ്പാടെ ഒരു ബഹളം..അലര്‍ച്ച. ദൈവാധീനം കൊണ്ട് ആരും പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയില്‍ വീണില്ല. ശേഷം ചിന്ത്യം.
വാല്‍ക്കഷണങ്ങള്‍ :
(1)-വടം വലിയ്ക്കായി പ്രത്യേക വടമാണുപയോഗിയ്ക്കുന്നത്. നന്നായി വലിഞ്ഞു മുറുകിയതായിരിയ്ക്കും അത്. ഞങ്ങളുടേത് പുതിയ “വട”മായതുകൊണ്ട് മുറുക്കമില്ലായിരുന്നു. അതുകൊണ്ടാണ് ടീമുകള്‍ പുറകോട്ട് നീങ്ങിയിട്ടും റിബണ്‍ നീങ്ങാഞ്ഞത്.
(2)- ഞങ്ങളുടേത് കിണറ്റുകയറാണെന്ന് റഫറിയ്ക്കെങ്കിലും തോന്നേണ്ടതായിരുന്നു. കക്ഷി ആദ്യമായിട്ടാണ് ഇപ്പണിയ്ക്കു വന്നത്. അന്നത്തെ സംഭവത്തിനു ശേഷം ഞങ്ങള്‍ സാറിനെയും സാറ് ഞങ്ങളെയും കാണാതിരിയ്ക്കാന്‍ മാറിനടക്കുമായിരുന്നതിനാല്‍ പിന്നെ കണ്ടിട്ടില്ല.
(3).രയറോത്തെ ആയുര്‍വേദ വൈദ്യന് ഈ മത്സരശേഷം ചാകരയായിരുന്നു.
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്
ഈ രയരോം പുഴയില്‍ ചാടി ഞാനും കുളിച്ചിട്ടുണ്ട്. എന്തിനേറെ ഇപ്പോഴും അവധിക്കു പോകുമ്പോള്‍ നീരാട്ട് അതില്‍ തന്നെയാണ്.
ReplyDelete:)
ReplyDeleteസാധാരണ വടംവലിയിൽ ജയിച്ചവർ മാത്രമാണ് വീഴുന്നത്. ഇവിടെ ഇരുവശത്തുള്ളവരും ജയിച്ചു വീഴുന്ന ആ രംഗം ഓർത്ത് ചിരിച്ചുപോയി.
ReplyDeleteപിന്നെ മലയാളത്തിൽ എഴിതിയ പോസ്റ്റിന് ഇംഗ്ലീഷിലുള്ള 'Word Verification' ഒഴിവാക്കിയാൽ നന്നായിരിക്കും.
:)
ReplyDelete:) :)
ReplyDeleteഹയ്യൊ.. ചിരിച്ചു ചിരിച്ചു ഒരു ഗതിയായി :-))
ReplyDelete