Ind disable

Thursday 10 June 2010

രയറോം കഥകള്‍ : ഒരു ചോരക്കഥ

അക്കാലത്താണ് ഞങ്ങള്‍ വിപ്ലവ യുവജനസംഘടനയ്ക്ക് ഒരു കാര്യം ബോധ്യമായത്. വെറും രാഷ്ട്രീയം പറഞ്ഞു നടന്നിട്ടൊന്നും കാര്യമില്ല. അങ്ങ് ക്യൂബയിലെ കാര്യവും ചൈനയിലെ കാര്യവും പറഞ്ഞോണ്ട് കോമണ്‍ പീപ്പിളിന്റെ അടുത്തേയ്ക്ക് ചെന്നാല്‍ അവരും വായും പൊളിച്ച് കണ്ണും തള്ളി നില്‍ക്കുമെന്നതില്‍ കവിഞ്ഞ യാതൊരു പ്രയോജനവുമില്ല, ചിലപ്പോള്‍ നല്ല പുളിച്ച ചീത്ത കിട്ടിയേക്കാമെന്നു മാത്രം. സംഘടനയ്ക്ക് ആളെകിട്ടണമെങ്കില്‍ വേറെ വഴികള്‍ കൂടി നോക്കണം.

എന്നാ പിന്നെ എന്തെങ്കിലുമൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കിയാലോ?. ഞങ്ങള്‍ കമ്മിറ്റി കൂടി കൂലംകഷമായി ആലൊചിച്ചു. (പ്രസിഡണ്ട് ഭാസി, ഈയുള്ളവന്‍ സെക്രട്ടറി.) എന്തൊക്കെ ചെയ്താല്‍ നാട്ടുകാരെ കൈയിലെടുക്കാം?

അപ്പോഴാണ് ന്യൂട്ടന്റെ തലയില്‍ ആപ്പിളു വീണപോലെ ആ ഐഡിയ സെക്രട്ടറിയുടെ തലയില്‍ വീണത്. രയറോം ടൌണിനടുത്ത് ഒരു ഇക്കാക്കയുടെ വീടുണ്ട്. വീടല്ല ഓല ക്കുടിലു തന്നെ. ഇക്കാക്ക മരിച്ചു പോയി. ഇത്തായും രണ്ടു പെണ്മക്കളും മാത്രമേ ഒള്ളൂ. വീട് ഈ വര്‍ഷം ഇതേ വരെ കെട്ടി മേഞ്ഞിട്ടേയില്ല. അവരെക്കൊണ്ടാണെങ്കില്‍ അതിനു ആവതൊട്ടില്ല താനും.
ശരി, എന്നാപിന്നെ നമുക്കതങ്ങു കെട്ടിമേഞ്ഞു കൊടുത്താലെന്താ? അവര്‍ക്കതൊരു സഹായവുമാകും, നമുക്ക് നല്ലൊരു പബ്ലിസിറ്റിയുമാകും. സെക്രട്ടറിയുടെ ഐഡിയ എല്ലാവര്‍ക്കും “ക്ഷ” പിടിച്ചു. അങ്ങനെ തീരുമാനം കൈയടിച്ചു പാസാക്കപ്പെട്ടു.

തീരുമാനമൊക്കെ എളുപ്പം തന്നെ, ഇനിയാണു പണികിടക്കുന്നത്. ഓല കെട്ടിമേയലെന്നു പറഞ്ഞാല്‍, പറച്ചില്‍ പോലെ അത്ര എളുപ്പമല്ല.
മുഖ്യപ്രശ്നം ഓല തന്നെ. ഒരു നൂറ് (എന്റെ ഓര്‍മ്മ ശരിയെങ്കില്‍ ) മടല്‍ ഓലയെങ്കിലും വേണം. വിലകൊടുത്തുമേടിയ്ക്കല്‍ നമ്മുടെ അജണ്ടയിലില്ല. സംഘടനയുടെ ഖജനാവില്‍ പൂച്ച പെറ്റുകിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അപ്പോ പിന്നെ ആരെക്കൊണ്ടെങ്കിലും സ്പോണ്‍സറിപ്പിയ്ക്കണം. നൂറ്  മടല്‍ ഓല വെറുതെ ആരെങ്കിലും തരാനോ? ഛായ്.. അതിനു സ്ഥലം വേറെ നോക്കണം, രയറോം വിട്ടുപിടി.

വീണ്ടും കമ്മിറ്റി, കൂലംകഷ ആലോചന.
ഓരോ വീട്ടില്‍ നിന്ന് ഓരോ മടല്‍ വീതം സംഭാവന തരാന്‍ പറഞ്ഞാലോ?  പ്രസിഡണ്ടിന്റെ ചിന്ത വികേന്ദ്രീകൃതമായി.
“കൊള്ളാം എന്നിട്ട് പ്രസിഡണ്ടും സെക്രട്ടറീം കൂടെ തോളിലിട്ടു കൊണ്ടു വന്നോണം. ഞങ്ങള്‍ക്കാര്‍ക്കും നേരമില്ല നാടുമുഴുവന്‍ നടന്ന് ഓല ചുമക്കാന്‍ “. കരിങ്കാലികള്‍ നയം വ്യക്തമാക്കി.
“ഒരു കാര്യം ചെയ്താലോ? നമുക്ക് രയറോം പള്ളിയ്ക്കല്‍ ഒന്നു ചോദിയ്ക്കാം” സഖാവ് ജോസിന്റെ ശബ്ദമാണല്ലോ!
സംഗതി ശരിയാണ്. രയറോം കൃസ്ത്യന്‍ പള്ളിയ്ക്ക് ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പുണ്ട്. നൂറ് മടല്‍ ഓലയ്ക്ക് യാതൊരു വിഷമോമില്ല. പക്ഷേ പ്രശ്നമതല്ലല്ലോ. പള്ളീം വിപ്ലവവും തമ്മില്‍ എങ്ങനെ യോജിയ്ക്കാനാണ്? പോരാഞ്ഞിട്ട് ഇപ്പോഴത്തെ അച്ചന്‍ തീരെ മയമില്ലാത്ത ഒരാളും.(പറഞ്ഞു കേട്ടതാണേ). ഇതും ചോദിച്ചോണ്ട് അങ്ങോട്ട് ചെന്നാല്‍ മിക്കവാറും പോയതിലും വേഗത്തില്‍ തിരിച്ചു വരാം.
പിന്നെയും തിരിച്ചും മറിച്ചും ആലോചന, കണക്കുകൂട്ടല്‍ . ഇത്രയും “കൂടിയ” ഐറ്റം സാമൂഹ്യപ്രവര്‍ത്തനം വേണോ?
അവസാനം രണ്ടും കല്പിച്ചൊരു തീരുമാനമായി, പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും റിസ്കില്‍ . പള്ളിയ്ക്കല്‍ ഒന്നു ട്രൈ ചെയ്യുക. കിട്ടിയാല്‍ കിട്ടി. പോയാല്‍ പോട്ടെ.സാമൂഹ്യപ്രവര്‍ത്തനം പെന്‍ഡിങ്ങില്‍ വയ്ക്കാം, മറ്റാരും അറിഞ്ഞിട്ടില്ലല്ലോ!

അങ്ങനെ ഞങ്ങള്‍ നാലു പേര്‍ ഒരു ദിവസം പള്ളിമേടയില്‍ അച്ചനെ മുഖം കാണിയ്ക്കാന്‍ പോയി. ഹോ..നമ്മുടെ തിലകന്റെ അതേ രൂപം. മുഖം കടന്നല്‍ കുത്തിയ പോലെ. വിപ്ലവക്കാരാണന്നറിഞ്ഞതോടെ അല്പം കൂടി ഇരുണ്ടോ?
“ങൂം.. എന്താ വന്നത്?” ശബ്ദവും തിലകമയം.
“അല്ല... അച്ചാ..ഞങ്ങള്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീട് മേയാന്‍ ..കുറച്ച് ഓല..കിട്ടിയിരുന്നെങ്കില്‍.....” ഇങ്ങനെ പല പീസായി വിവരം അറിയിച്ചു.
“ഇവിടെന്താ ഓലക്കച്ചവടമുണ്ടോ?”
മതിയായി. സ്ഥലം വിട്ടാലോ? ചൊദിയ്ക്കാന്‍ വന്ന നമ്മളെ വേണം പൂശാന്‍ .ഞങ്ങളു പതുക്കെ എഴുന്നേറ്റു.
“ഇരിയ്ക്കടാ അവ്ടെ. കൊറെ വിപ്ലവകാരികള്‍ വന്നിരിയ്ക്കുന്നു.”
ഇങ്ങേരിതെന്തിനുള്ള പുറപ്പാടാണ്? ഓലയില്ലെങ്കില്‍ വേണ്ട. ശകാരിയ്ക്കണോ?
“എടാ ഒരു കാര്യത്തിനിറങ്ങിയാല്‍ അതു നേടാനുള്ള മനസ്സു വേണം. അല്ലാതെ ആരെങ്കിലും പറയുന്ന പാടെ പെട്ടിയും മടക്കി പോകുന്ന നീയൊക്കെ എവ്ടത്തെ വിപ്ലവക്കാരാടാ!”
ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി അന്തം വിട്ടു.
“എടാ ഔസേപ്പേ..ഇവന്മാര്‍ക്ക് ഓരോ ചായ കൊടുക്കടാ..” അച്ചന്‍ കുശിനിയിലേയ്ക്കു നോക്കി കറ കറ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.
“ദേ പിന്നൊരു കാര്യം, എനിയ്ക്ക് തെങ്ങേക്കേറി ഓല വെട്ടിത്തരാനൊന്നും പറ്റത്തില്ല. വേണമെങ്കി കേറി വെട്ടിക്കോണം. ഓലയെ വെട്ടാവൂ..മനസ്സിലായല്ലോ?”
ആ ഇരുണ്ട മുഖത്തിനു പിന്നിലെ മനസ്സിനെത്ര വെളുപ്പ്!

അങ്ങനെ പറ്റിയൊരു ദിവസം നോക്കി ഞങ്ങള്‍ പത്തുപേര്‍ ഓലവെട്ടാന്‍ പോയി. എല്ലാവര്‍ക്കും വാക്കത്തി (കൊടുവാള്‍ , വെട്ടുകത്തി എന്നൊക്കെ പറയുന്ന അതേ സാധനം), തോര്‍ത്ത് മുതലായ ആയുധങ്ങള്‍ . നൂറ് ഓല വെട്ടാന്‍ ഒരു ദിവസത്തില്‍ കൂടുതലൊന്നും വേണ്ടി വന്നില്ല. അച്ചന്‍ ഇടയ്ക്കിടയ്ക്ക് വന്നു നോക്കും. വെട്ടല്‍ കഴിയാനായപ്പോള്‍ കക്ഷി പിന്നേം വന്നു.
“എടാ ഓരോ കരിയ്ക്കിട്ടോ..ഓരോന്ന് മാത്രം. കൂടുതലിട്ടേക്കരുത്!”

എതാണ്ട് അഞ്ചുമണിയോടെ ഓലയെല്ലാം രയറോം പുഴയിലെത്തിച്ച് ഞങ്ങള്‍ വെള്ളത്തില്‍ മുക്കിയിട്ടു. സംഗതി കുതിര്‍ത്താലല്ലേ മെടയാന്‍ പറ്റു. മെടച്ചില്‍ ഇത്തായും മക്കളും കൂടി ചെയ്തോളും.
എല്ലാം കഴിഞ്ഞ് ഞങ്ങള്‍ പുഴയിലൊരു കുളി പാസാക്കുന്ന സമയം. മുകളില്‍ റോഡില്‍ ഒരു ജീപ്പ് പാഞ്ഞു വന്ന് ബ്രേക്കിട്ടു. മൂന്ന് പേര്‍ ചാടിയിറങ്ങി.
ഞങ്ങളെല്ലാം ഉല്‍കണ്ഠയോടെ പൊങ്ങി നോക്കി.
ഓ..അക്കരെയിലെ ഒരു മൂത്ത സഖാവ് ഗോപിയേട്ടനാണ്.
“ആ ബിജു.. നീയിവ്ടെയായിരുന്നോ? പിന്നെ ഒരു വിഷ്‌യോണ്ട്.”
“എന്താ ഗോപിയേട്ടാ?”
“നമ്മുടെ ഒരു സഖാവിന്റെ ഭാര്യയ്ക്ക് കൊറച്ച് രക്തം വേണം. ഓ പോസിറ്റീവ് ആണ്. എവ്ടുന്നേലും ഒടനെ കിട്ടണം”
ഞങ്ങള്‍ ഒരു അവൈലബിള്‍ കമ്മിറ്റി കൂടിയാലോചന നടത്തി. എവിടെ കിട്ടും? ഓഫീസില്‍ ലിസ്റ്റുണ്ട്. നോക്കിയാല്‍ കിട്ടാതിരിയ്ക്കില്ല.
“എടാ നമ്മുടെ പോസ്റ്റുമാന്‍ വേലായുധന്റേത് ഒ പോസിറ്റീവാ”.  ഭാസിയ്ക്ക് നല്ല ഓര്‍മ്മ ശക്തിയാണല്ലോ. 
പോസ്റ്റുമാന്റെ വീട് മൂന്നാം കുന്നിലാണ്. ഈ മൂന്നാം കുന്ന്, രയറോത്തിന്റെ അടുത്തുള്ള പ്രദേശം.  ഒരു മുസ്ലീം പോപ്പുലേറ്റഡ് ഏരിയ. മുസ്ലീങ്ങളല്ലാത്തവര്‍ തീരെ കുറവാണ്. അതിലൊരാളാണ് നമ്മുടെ പോസ്റ്റുമാന്‍ .കക്ഷി നമ്മുടെ ഒരു അനുഭാവി തന്നെ.

ശരി നമുക്ക് പൊസ്റ്റ്മാന്റെ വീട്ടിലേയ്ക്കു വിടാം. ജീപ്പില്‍ എല്ലാം കൂടി തിക്കി തിരക്കി കയറിപ്പറ്റി. നനഞ്ഞ തോര്‍ത്തെടുത്തു തലേക്കെട്ടി, അല്ലാതെന്തു ചെയ്യാനാണ്.
 വാക്കത്തികള്‍ മാറിപോയാല്‍ അതും പ്രശ്നമാകും, വീട്ടില്‍ നിന്ന് നല്ല പൂരം കിട്ടും. അതുകൊണ്ട് അതു കൈവിടാനും പറ്റില്ല. ഓരോരുത്തരും കൈയില്‍ തന്നെ പിടിച്ചു.
മൂന്നാംകുന്നിലേയ്ക്കുള്ള കല്ലും മണ്ണും നിറഞ്ഞ വഴി മുക്കിയും ചാടിയുമൊക്കെ നമ്മുടെ ജീപ്പ് തരണം ചെയ്തു. മൂന്നാം കുന്നിലെ ആദ്യത്തെ പള്ളിയും കഴിഞ്ഞ് അരകിലോമീറ്റര്‍  മാറി അടുത്തപള്ളിയുടെ അടുത്താണ് നമ്മുടെ വേലായുധന്റെ വീട്.

ഹോ..സമയം ഇരുട്ടാകാറായി. രാവിലെ ഇറങ്ങിയതാണ് സാമൂഹ്യപ്രവര്‍ത്തനവുമായിട്ട്. മര്യാദയ്ക്കൊന്നു കുളിയ്ക്കാനും പറ്റിയില്ല. വിശപ്പിന്റെ കാര്യം പറയുകയും വേണ്ട. സാരമില്ല, ഒരു വിപ്ലവകാരിയ്ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണല്ലോ.
അങ്ങനെ രണ്ടാം പള്ളിയ്ക്കലെത്തി.

ഞങ്ങളെല്ലാവരും ചാടിയിറങ്ങി. ഒരല്പം താഴേയ്ക്കിറങ്ങണം വേലായുധന്റെ വീട്ടിലേയ്ക്ക്. വാക്കത്തി മാറിപ്പോകാതിരിയ്ക്കാന്‍ എല്ലാവരും കൈയിലെടുത്തു. തലേക്കെട്ടിന്റെ കാര്യം ആരോര്‍ക്കുന്നു?
 ഞങ്ങള്‍ വേലായുധന്റെ വീട്ടിലെത്തി അകത്തേയ്ക്കു നീട്ടി വിളിച്ചു.
“വേലായുധാ..വേലായുധാ ഇങ്ങിറങ്ങി വന്നേ..”
ഇറങ്ങി വന്നത് വേലായുധന്റെ ഭാര്യ. ഞങ്ങളെ കണ്ടതും “എന്റമ്മേ..” എന്നൊരു അലര്‍ച്ചയോടെ വാതിലുമടച്ചൊരോട്ടം. ശെടാ ഇതെന്തു കൂത്ത്?
“വേലായുധാ.. ഇങ്ങിറങ്ങി വാ. കുറച്ച് രക്തത്തിന്റെ ആവശ്യമൊണ്ട്..”
ജനലിന്റെ ഒരു പാളി മാത്രം തുറന്ന് വിറച്ചു കൊണ്ട് വേലായുധന്‍ ചോദിച്ചു.
“ആരാ..?”
“ഞങ്ങളാ വേലായുധാ.. കതകു തൊറക്ക്. ഒരു രോഗിയ്ക്കു കൊറച്ച് രക്തം വേണം.” 
പുറത്തുവന്നിട്ടും വേലായുധന്റെ മുഖത്തെ പേടി മാറിയിരുന്നില്ല. ഞങ്ങളുടെ കൈയിലിരുന്ന
വാക്കത്തികളിലേയ്ക്കായിരുന്നു നോട്ടം.
“ഓ..ഇതോ.. ഞങ്ങള്‍ ഒരു പണിസ്ഥലത്തൂന്നാ വരുന്നെ. അതാ..”
ഞാന്‍ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“ഹോ..സന്ധ്യാനേരത്തു വാക്കത്തീം കൊണ്ടു വന്നു ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ!”

അങ്ങനെ കാര്യമെല്ലാം പറഞ്ഞ് വേലായുധനെ അണിയിച്ചൊരുക്കി ഞങ്ങള്‍ റോഡിലെത്തി. ശെടാ..അവിടെ വലിയൊരാള്‍ക്കൂട്ടം! ഞങ്ങള്‍ വന്ന ജീപ്പിനു ചുറ്റും വലിയ വടികള്‍ , വാക്കത്തി, കരിങ്കല്ലു കഷണങ്ങള്‍ തുടങ്ങിയവയുമായി കുറേപ്പേര്‍ റെഡിയായി നില്‍ക്കുന്നു. ഡ്രൈവറെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് സൈഡിലെ കയ്യാലയോട് ചേര്‍ത്തു വച്ചിരിയ്ക്കുന്നു! കുറേപ്പേര്‍ അടുത്തുള്ള പറമ്പിലും മറ്റും കാഴ്ചകാണാന്‍  നില്‍ക്കുകയാണ്.

എന്റമ്മച്ചീ .. ആകെ കുഴപ്പമായല്ലോ. ഞങ്ങള്‍ തലേക്കെട്ടഴിച്ചു. വാക്കത്തികള്‍ ഒളിപ്പിയ്ക്കാന്‍ നോക്കി. അന്നേരം ഒരാരവം. ഇതാ ഇപ്പം ഞങ്ങള്‍ക്കടി കിട്ടും!
മേലാസകലം ഒരു വിറയല്‍ . വല്ലവനും രക്തം തേടി പോയിട്ട്, ഇനി നമുക്കു രക്തം തേടിപ്പോകേണ്ടി വരുമെന്നുറപ്പായി.
വേലായുധന്‍ അവസരത്തിനൊത്തുയര്‍ന്നു. വേഗം ചാടി മുന്‍പില്‍ നിന്ന് വിളിച്ചു പറഞ്ഞു.
“ഒന്നും ചെയ്യല്ലേ.. ഇവരു കൊഴപ്പക്കാരല്ല. എന്നെ കാണാന്‍ വന്നതാ..”
മുന്‍പില്‍ നിന്ന, പള്ളീലെ മൊല്ലാക്ക എല്ലാവരോടും ശാന്തരാകാന്‍ പറഞ്ഞു. ഒരു വിധത്തില്‍ ഞങ്ങളു കാര്യം പറഞ്ഞു മനസ്സിലാക്കി.
“അല്ല ശൈത്താന്മാരെ അനക്കൊക്കെ കത്തീം കൊടുബാളും വല്ലടത്തും ബച്ചിട്ട് നടക്കാമ്പാടില്ലേ. ഓരോരോ കൊയപ്പമൊണ്ടാക്കാനായിട്ട്..” മൊല്ലാക്ക ഇത്ര മാത്രമേ പറഞ്ഞുള്ളു.

ഡ്രൈവര്‍ സ്വതന്ത്രനായി. ഞങ്ങള്‍ വേലായുധനെയുംകൂട്ടി രയറോം ലക്ഷ്യമാക്കി വിട്ടു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ചെവിപൊട്ടുന്ന സൈസ് തെറികള്‍ പറഞ്ഞുകൊണ്ടിരുന്ന പാവം ഡ്രൈവറൊഴിച്ച്. അയാള്‍ക്കതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഞങ്ങള്‍ക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു.

വാല്‍ക്കഷണം: മൂന്നാം കുന്ന്‍ മുസ്ലീം ലീഗിന്റെ കോട്ടയാണ്. ഇവിടെ വിപ്ലവ പാര്‍ട്ടി ശുഷ്കവും. എങ്കിലും നമ്മളു തനിസ്വഭാവം കാണിയ്ക്കും. ഇടയ്ക്കിടെ ഉരസും. ചെറിയ അടിപിടിയൊക്കെ നടക്കും. അങ്ങനെ ഒരു ഉരസല്‍ കഴിഞ്ഞിട്ടിരിയ്ക്കുന്ന അവസരത്തിലാണ് ഞങ്ങള്‍ വാക്കത്തിയുമായി രക്തം അന്വേഷിച്ചവിടെ എത്തിയത്. 
-------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

15 comments:

  1. ആദ്യത്തെ വോട്ട് എന്റെ വക.....

    ReplyDelete
  2. അപ്പൊ പൊര മേയൽ എന്തായി...? ഉപേക്ഷിച്ചോ............?

    ReplyDelete
  3. @ചിത്രഭാനു
    പുര മേഞ്ഞുകൊടുത്തു. പിന്നീട് അവര്‍ രയറോത്തു നിന്നും താമസം മാറ്റി. അതിനു ശേഷമുള്ള കാര്യങ്ങള്‍ അറിയില്ല

    ReplyDelete
  4. മൊല്ലാക്ക പറഞ്ഞത്‌ ശരിയാണല്ലോ

    ReplyDelete
  5. പുരമേഞ്ഞുകൊടുത്തതിന്റെ ഇഫക്റ്റ് ആണോ അവര്‍ സ്ഥലം മാറിയത്. എന്തായാലും രയറോം കഥകള്‍ ഇഷ്ടപ്പെട്ടു

    ReplyDelete
  6. @ശാന്ത കാവുമ്പായി
    അങ്ങനെ പറ്റിപ്പോയി ശാന്തേച്ചി

    ReplyDelete
  7. @Nileenam
    അല്ല സാര്‍ , അവരുടെ ബന്ധുക്കളുടെ അടുത്തെയ്ക്ക് മാറിയതാ.

    ReplyDelete
  8. നന്നായി അവതരിപ്പിച്ചിരിക്കുന്നു.ആശംസകള്‍.....

    ReplyDelete
  9. അണ്ണാ ... വളരെ നന്നായിട്ടുണ്ട്. ചേട്ടന് രയരോമിനെ പറ്റി ഒരു പുസ്തകം എഴുതരുതോ ?
    ആര്‍ കെ നാരായണന്റെ മാല്‍ഗുഡി ഡെയ്സ് പോലെ ഒരെണ്ണം

    ReplyDelete
  10. @കൃഷ്ണകുമാര്‍ : വളരെ നന്ദി.
    @ദുശ്ശാ: -നോക്കണം. പറ്റുമെങ്കി ഇതെല്ലാം കൂടി ലാസ്റ്റൊരു പുസ്തകമാക്കണം.

    ReplyDelete
  11. Biju nannayittindu. Bijuvinte ormakurippukal ente sanghadana pravarthanathinidayil undaya ithupolulla anubhavangalilekkanu kootikondupoyathu.
    Viplava Yuvajana Sanghadanayude pravarthanathinidayil valare dharidhryathil kazhinjirunna oru kudumbathinu pura menju koduthathu. Ithinu vendi njangal orupadu kashtappedukayum cheythu. Sambathika seshiyulla alukalil ninnum paisa collect cheythanu ola vangiyathu. 3 dhivasam kondanu ee pravarthnam poorthiyakkiyathu. Ennal ennathil kuravanengilum avideyundayirunna congresskare ithu aswasthamakki. Ee aswasthatha pura menju kodutha annu rathri thanne adiyil kalasikkukayum cheythu. 3 congresskar hospitalil avukayum cheythu.

    ReplyDelete
  12. @suresh
    അനുഭവം പങ്കുവച്ചതിനു നന്ദി

    ReplyDelete
  13. അങ്ങനെ തന്നെ വേണം.ഒരു കത്തിക്കാര്

    ReplyDelete