Ind disable

Tuesday, 14 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-8)

സ്വാതന്ത്ര്യത്തിലേയ്ക്ക്.

അങ്ങനെ ജയിലിലെ ഒന്‍പതാം പുലരിയും പിറന്നു. പ്രതീക്ഷയുടേതായ ഒരു നേരിയ വെളിച്ചം എല്ലാവരുടെയും മുഖത്തുണ്ട്. ദിനചര്യകള്‍ എല്ലാം പതിവിന്‍ പടി നടന്നു. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഉച്ചയായി, വൈകുന്നേരമായി. നാലുമണിയ്ക്കുള്ള “ഇന്റെര്‍വ്യൂ“വില്‍ വിവരമെത്തി,  സെഷന്‍സ് കോടതി ഞങ്ങള്‍ക്ക് ജാമ്യമനുവദിച്ചിരിയ്ക്കുന്നു! ആ വിവരം ഒരു വൈദ്യുതിപ്രവാഹം പോലെയാണ് മനസ്സിലൂടെ പാഞ്ഞുപോയത്. കാത്തു കാത്തിരുന്ന  സന്തോഷം ഉള്ളിലേയ്ക്ക് കുത്തിയൊലിച്ച പോലെ ! എന്നാല്‍ ഇന്നു പോക്കു നടക്കില്ല..! കോടതിയില്‍ നിന്നുള്ള കടലാസുകളൊക്കെ ജയിലെലെത്തി വരാന്‍ സമയമെടുക്കും. നാളെ ഉച്ചയായായേക്കും. എന്നാലും സാരമില്ല. നാളെ പോകാമെന്നൊരു പ്രതീക്ഷയായല്ലോ..

വിഷാദം മാറി മനസ്സ് തെളിഞ്ഞതോടെ ജയിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നു. ഒക്കെ ഒന്നുകൂടി ആസ്വദിച്ചു കണ്ടുകളയാമെന്നൊരു തോന്നലായി. കാന്റീനില്‍ നിന്നും ചായയും കടിയും വാങ്ങിക്കഴിച്ചു. കണ്ടെംഡ് സെല്ലുകളെ ഒന്നു കൂടി ദൂരെ നിന്നു നോക്കി ക്കണ്ടു. ഈ സെല്ലുകള്‍ക്ക് എന്തുമാത്രം കഥകള്‍ പറയാനുണ്ട് ! കയ്യൂര്‍ സമര സേനാനികളായ അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പു എന്നിവര്‍ കിടന്നതവിടെയാണ്. അവരുടെ ജീവന്‍ പറിച്ചെടുത്ത തൂക്കുമരം അതിനടുത്തു തന്നെയുള്ള കെട്ടിടത്തിലുണ്ട്.  അവയൊന്നും അടുത്തുകാണാന്‍ കഴിഞ്ഞില്ല എന്ന ഖേദം ഉള്ളില്‍ തിങ്ങി.

 ഞങ്ങള്‍ എത്തുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയത്. കണ്ണൂര്‍ ജയിലിലെ അവസാന തൂക്കിക്കൊല അതായിരുന്നു എന്നുതോന്നുന്നു. (അതോ വാകേരി ബാലകൃഷ്ണനോ? കൃത്യ ഓര്‍മ്മയില്ല ). നമ്മുടെ രാമനടക്കമുള്ള ആള്‍ക്കാര്‍ അന്നു ജയിലിലുണ്ടായിരുന്നു. ഞാന്‍ അവനോട് അന്നത്തെ ജയിലിലെ അവസ്ഥയെപറ്റി ചോദിച്ചു.

തൂക്കിക്കൊല വെളുപ്പിന് അഞ്ചുമണിയ്ക്കാണ് നടപ്പാക്കുക. പല സിനിമകളിലും ആ ദൃശ്യങ്ങള്‍ - പ്രത്യേകിച്ചും “സദയം” എന്ന ചിത്രത്തില്‍‌ - കണ്ടിട്ടുണ്ടാകും. ഒരാളെ ഇഞ്ചിഞ്ചായി മരണത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുമ്പോള്‍, അതെത്ര കൊടിയ കുറ്റവാളിയായാലും, സഹതാപം ഉണ്ടാകും. റിപ്പറിനെ തൂക്കിലിട്ട ആ തലേരാത്രി ജയിലില്‍ ആകെ മൂകത ആയിരുന്നത്രേ! പലരും ആഹാരം കഴിച്ചില്ല.  ആ വെളുപ്പിന്, അഞ്ചുമണിയ്ക്ക് തൂക്കുകയറില്‍ ഒരു ജീവന്‍ പിടയുകയാണെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതിനാല്‍ ചിലരൊക്കെ പ്രാര്‍ത്ഥനയില്‍ ഇരുന്നു.

കണ്ണൂര്‍ സെ‌ന്‍‌ട്രല്‍ ജയിലില്‍ എ.കെ.ജി., നായനാര്‍, കെ.പി.ആര്‍ ഗോപാലന്‍, എ.വി.കുഞ്ഞമ്പു ഇങ്ങനെ അനേകം മഹാരഥന്മാര്‍ തടവില്‍ കിടന്നിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് ധാരാളം രാഷ്ട്രീയ നേതാക്കന്മാരെ ഇവിടെ തടവിലിട്ടിരുന്നു. കൂടാതെ ഒട്ടനവധി നക്സലൈറ്റ് പ്രവര്‍ത്തകരും ഇവിടെ കിടന്നിട്ടുണ്ട്. അന്നൊക്കെ ക്രൂരമായ പല മര്‍ദ്ദനമുറകളും തടവുകാരുടെ മേല്‍ പ്രയോഗിയ്ക്കപെട്ടിരുന്നു. ഒരു നക്സല്‍ സുഹൃത്ത് എന്നോടു പറഞ്ഞത്, സെല്ലിലാകെ തണുത്ത വെള്ളമൊഴിച്ചിട്ടാണ് അവരെ തടവിലിട്ടത് എന്നാണ്. ചിലരെ ഐസുകട്ടയില്‍ കിടത്തിയിട്ടുണ്ടത്രേ! പിന്നെ ക്രൂരമായ അനേകം ഭേദ്യമുറകള്‍ വേറെയും.

പിറ്റേന്നത്തെ പുലരിയ്ക്ക് നല്ല സൌന്ദര്യമായിരുന്നു. വെയിലിന് പൊന്‍‌തിളക്കം. മുറ്റത്തെയും വളപ്പിലെയും മാവുകളിലിരുന്ന് പാടിയ കുയിലുകളുടെ ശബ്ദത്തിന് വല്ലാത്ത മാധുര്യം. കാക്കകളുടെ “ക്രാ ക്രാ“ ശബ്ദം പോലും ഹൃദ്യം. അവിടവിടെ വന്നിരുന്ന് കിലുകിലാ ചിലച്ച കുരുവികളെ ഞാന്‍ വാത്സല്യത്തോടെ നോക്കി. ഞങ്ങള്‍ പോകുകയാണല്ലോ..! ഇനി നിങ്ങളെ കാണുകയില്ല...!
എന്റെ സന്തോഷം മനസ്സിലായിട്ടെന്നവണ്ണം അവര്‍ അവിടെയൊക്കെ തന്നെ ചുറ്റിപ്പറ്റി നിന്നു.

ടാങ്കില്‍ നിന്നും തണുത്ത വെള്ളം കോരി കുളിച്ചു. ബ്ലോക്കിന്റെ വളപ്പ് ഒന്നുകൂടി ചുറ്റി നടന്നു കണ്ടു. ഇവയൊന്നും ഇനി കാണാന്‍ ആഗ്രഹിയ്ക്കുന്നില്ലല്ലോ..നെയ്ത്തുശാലയില്‍ നിന്നും ചാടുകളുടെ ചടുല താളം അനവരതം ഉയരുന്നുണ്ട്. തടവുകാരെല്ലാം പതിവു പരിപാടികളില്‍ തന്നെ. ചിലര്‍ ക്യാരംസ് കളിയ്ക്കുന്നു. ബീഡി കത്തി കത്തി, തീ ചുണ്ടില്‍ മുട്ടാനാകും വരെ വലിച്ച്, എന്തെല്ലാമോ ചിന്തകളില്‍ ലയിച്ചിരിയ്ക്കുന്നു മറ്റുചിലര്‍. ബാങ്കിലെ കറങ്ങുന്ന കസേരയിലിരുന്ന ഉദ്യോഗം ഭരിച്ചയാള്‍ പതിവുപോലെ നനഞ്ഞൊട്ടിയ തോര്‍ത്തുമുടുത്ത് വെള്ളം കോരുന്നു. മറ്റു ചിലര്‍ അകലെയുള്ള കല്‍പ്പണകളില്‍ കല്ലു കൊത്തുന്നു. പ്രതീക്ഷകളില്ലാത്തതിനാല്‍  ആ മുഖങ്ങള്‍  നിര്‍വികാരമാണല്ലോ ‍..

ഞങ്ങള്‍ പോകുന്നു എന്നറിഞ്ഞ് രാമനും ജോഷിയ്ക്കും വിഷമം. ഞാന്‍ എന്റെ തുണികള്‍ ഒക്കെ അടുക്കി വയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ ജോഷി എന്റെ അടുത്ത്  നിലത്തിരുന്നു.

“ചേട്ടനൊക്കെ രക്ഷപെട്ടല്ലോ അല്ലേ..?”

“സാരമില്ല ജോഷി..ഒക്കെ ശരിയാകും. നീ വിഷമിയ്ക്കാതിരിയ്ക്കൂ..”

അവന്‍ കുറേ നേരം തല കുമ്പിട്ടിരുന്നു. ആ മുഖത്തെ വിഷമം വായിച്ചെടുക്കാം.

“ചേട്ടനേതായാലും പോകുവല്ലേ. എനിയ്ക്ക് ആ തോര്‍ത്തും മുണ്ടും തരാമോ? ”

ഞാന്‍ നിശബ്ദനായി അവനെ നോക്കി. ലക്ഷപ്രഭുവായി ജീവിയ്ക്കേണ്ട  യുവാവ്. വിധി അവനെ എവിടെയെത്തിച്ചു എന്നു നോക്കൂ !  ഉപയോഗിച്ചു മുഷിഞ്ഞ ഒരു തോര്‍ത്തിനും മുണ്ടിനും കൈനീട്ടുകയാണവന്‍.

“തരാം..”

ഞാനവന്റെ തോളില്‍ കൈവച്ചു പറഞ്ഞു.

ഞങ്ങളുടെയെല്ലാവരുടെയും തോര്‍ത്തുകളും മുണ്ടുകളുമൊക്കെ ഓരോ ആള്‍ക്കാര്‍ വന്നു ചോദിച്ചു. ആരും  ജാമ്യത്തിലെടുക്കാനില്ലാത്ത റിമാന്‍ഡു തടവുകാരാണ് അവരൊക്കെ. ശിക്ഷിയ്ക്കപെട്ടവരല്ലാത്തതിനാല്‍ ജയില്‍ വസ്ത്രം കിട്ടില്ല. മറ്റു യാതൊരു വരുമാനവുമില്ലാത്തതിനാല്‍ കാന്റീനില്‍ നിന്നു വാങ്ങാനും കഴിയില്ല. കോടതി അവരെ ശിക്ഷിയ്ക്കുകയോ വെറുതെ വിടുകയോ ചെയ്യും വരെ അവര്‍ക്കാകെയുള്ള സാധ്യത, ഇതേ പോലെ ജാമ്യത്തില്‍ പോകുന്നവരുടെ തുണികള്‍ ചോദിച്ചു മേടിയ്ക്കുക എന്നതു മാത്രമാണ്.

ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പ്രതീക്ഷയോടെ ഇരിയ്ക്കെ ഒരു വാര്‍ഡന്‍ വന്ന് ഞങ്ങളോട് പോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. ഹോ..ആ നിമിഷത്തിന്റെ സന്തോഷം എങ്ങനെ പറഞ്ഞറിയിയ്ക്കും ?
വീട്ടില്‍ നിന്നും കൊടുത്തു വിട്ട പുതിയ വസ്ത്രങ്ങള്‍ ധരിച്ച് ഞങ്ങളെല്ലാം പോകാന്‍ റെഡിയായി. എന്റെ തോര്‍ത്തും മുണ്ടും മടക്കി ഞാന്‍ ജോഷിയ്ക്ക് കൊടുത്തു. മറ്റുള്ളവരും അവരുടെ ചില വസ്ത്രങ്ങള്‍ പലര്‍ക്കായി കൊടുത്തു. നിധികിട്ടിയ സന്തോഷത്തോടെ ആണവര്‍ അവ സ്വീകരിച്ചത്.

ബ്ലോക്കില്‍ ഇനിയുമുള്ള മറ്റു സഖാക്കളോടൊക്കെ യാത്ര പറഞ്ഞ്, ഞങ്ങള്‍ സ്വന്തം ജമുക്കാളം, പാത്രം ഗ്ലാസ് ഇവയുമായി ഹാളിനു വെളിയിലിറങ്ങി. രാമനും ജോഷിയും മറ്റു ചിലരും ഞങ്ങളെ നോക്കി കൈവീശി. അറിയാതെ ഒരു നൊമ്പരം എവിടെയോ മുള പൊട്ടിയോ...?

സെന്‍‌ട്രല്‍ ടവറില്‍, ഞങ്ങള്‍ക്കുപയോഗിയ്ക്കാന്‍ തന്ന വസ്തുക്കള്‍ തിരികെ ഏല്പിച്ച് ഞങ്ങള്‍ താഴെ ജയില്‍ കവാടത്തിലുള്ള ഓഫീസിലേയ്ക്ക് നടന്നു.  രണ്ടാം നിലയിലാണ് ജയില്‍ സൂപ്രണ്ട് അടക്കമുള്ളവരുടെ ഓഫീസ്. അവിടെ ഒരു മുറിയിലേയ്ക്ക് ഓരോരുത്തരെ വിളിപ്പിച്ചു. ജയിലില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊടുത്തിട്ടുള്ള അടയാളങ്ങള്‍ പരിശോധിച്ച് പുറത്ത് പോകുന്നത് ശരിയായ ആള്‍ തന്നെയാണെന്ന് ഉറപ്പാക്കി. പിന്നെ ഏതൊക്കെയോ കടലാസുകളില്‍ ഒപ്പും വിരലടയാളവും.
എല്ലാം കഴിഞ്ഞ്, താഴെ ഓഫീസിലെത്തി. അവിടെയാണല്ലോ വരുമ്പോള്‍ കൈയിലുണ്ടായിരുന്ന വസ്തുക്കള്‍- വാച്ച്, മോതിരം, കാശ്, നമ്പൂതിരിപ്പൊടി  ഇവയൊക്കെ- ഏല്പിച്ചത്. നമ്മുടെ നമ്പര്‍ കൊടുത്തപ്പോള്‍ അവയൊക്കെ തിരികെ കിട്ടി.

അങ്ങനെ അവസാനം ആ വാതില്‍ തുറന്നു. തലകുനിച്ച്, വലതുകാല്‍ വെളിയിലേയ്ക്കു വച്ചു. പുറത്തെ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശക്തിയോടെ മുഖത്തേയ്ക്കടിച്ചു. കണ്ണില്‍ നിന്നും മറഞ്ഞിരുന്ന, ശബ്ദത്താല്‍ അറിഞ്ഞിരുന്ന, ആ കാഴ്കകളൊക്കെ മുന്നിലേയ്ക്ക് തിക്കി കയറി വന്നു. ആദ്യമായി  കാണുന്ന പോലെ,  ആര്‍ത്തിയോടെ കണ്ണു മിഴിച്ച് എല്ലാത്തിനേയും ഉള്ളിലേയ്ക്ക് വലിച്ചെടുത്തു. എന്നിട്ട് മനസ്സിനോട് ഉച്ചത്തില്‍ വിളിച്ചു കൂവി. ഞാന്‍ സ്വതന്ത്രനായിരിയ്ക്കുന്നു..!

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് മുന്നില്‍ നില്‍ക്കുന്നവരെ ശ്രദ്ധിച്ചത്. ലോക്കല്‍ സെക്രട്ടറി കരുണാകരനും മറ്റു ചില സഖാക്കളും. ഞങ്ങളെ കൊണ്ടു പോകാന്‍ വാഹനവുമായിട്ടാണവര്‍ വന്നിരിയ്ക്കുന്നത്.  കരുണാകരന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തോളില്‍ തട്ടി പറഞ്ഞു:

“ വിഷമിയ്ക്കേണ്ട ബിജൂ..ഇതൊക്കെ ജീവിതത്തിലെ വേറിട്ട ഒരനുഭവമായി കണ്ടാല്‍ മതി..”

“ ഓ..സാരമില്ല കരുണേട്ടാ..എനിയ്ക്കിതൊക്കെ കാണാന്‍ പറ്റിയല്ലോ..”

ആത്മാര്‍ത്ഥമായി തന്നെയാണ് ഞാന്‍ അതു പറഞ്ഞത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഈ കണ്ണൂര്‍ നഗരത്തില്‍ തന്നെ ഞാനുണ്ടായിരുന്നു, പത്തു ദിവസമായി. എന്നാല്‍ അതു മറ്റൊരു ലോകത്തായിരുന്നല്ലോ..

ഞങ്ങള്‍ കയറിയ വാഹനം ജയില്‍ കോമ്പൌണ്ടില്‍ നിന്നും മെല്ലെ നീങ്ങി.

ഞാന്‍ തിരിഞ്ഞ് ആ കനത്ത മതില്‍കെട്ടിലേയ്ക്ക് നോക്കി. ഇത്രദിവസവും ഞാനിതിനകത്തായിരുന്നോ..? ആ ഇരുണ്ട കോട്ടയ്ക്കുള്ളില്‍ എത്രയെത്ര മനുഷ്യ ജന്മങ്ങള്‍? ജന്മരേഖയിലെ ഏതൊക്കെയോ മാറ്റം മറിച്ചിലുകളാല്‍ വ്യര്‍ത്ഥമായിപ്പോയ ജീവിതങ്ങള്‍. അവരുടെയെല്ലാം നെടുവീര്‍പ്പുകളും നിലവിളികളും ആ മതില്‍കെട്ടില്‍ ആര്‍ത്തലയ്ക്കുന്നതായി തോന്നി. അനേകം പേരുടെ നഷ്ടസ്വപ്നങ്ങള്‍ ഗതികിട്ടാ പ്രേതങ്ങളായി അതിനുള്ളില്‍ അലയുന്നുണ്ട്. പൊങ്ങിക്കാണാവുന്ന മാവിന്‍ തലപ്പുകളില്‍ അപ്പൊഴും കുയിലുകള്‍ പാടുന്നുണ്ടാവാം. പുറത്തേയ്ക്കു എറിഞ്ഞുകളയുന്ന ചോറിനും ചപ്പാത്തിയ്ക്കും കാത്ത് കാക്കകള്‍ ചില്ലകളില്‍ ഇരിപ്പുണ്ടാകാം. കുരുവികള്‍ കുസൃതിയോടെ ആ മുറ്റത്തൊക്കെ ചിതറി പറക്കുണ്ടാകാം. നിങ്ങളിനി എന്റെ ഓര്‍മ്മകളില്‍ മാത്രം ജീവിയ്ക്കട്ടെ..
കാണെ കാണെ ആ കൂറ്റന്‍ മതില്‍ കണ്ണില്‍ നിന്നകന്നു പോയി..

സന്ധ്യയോടെ ഞങ്ങള്‍ രയറോത്തെത്തി. പുഴയുടെ ആരവം വീണ്ടും ചെവികളില്‍ ഇക്കിളിയിട്ടു. രയറോംകാരെല്ലാം സന്ധ്യയോടെ വീടുകള്‍ പൂകിയിരുന്നു. വിജനമായ ടൌണില്‍ ഞങ്ങള്‍ അല്പനേരം സംസാരിച്ചു നിന്നശേഷം വീടുകളിലേയ്ക്ക്  തിരിച്ചു.

എന്റെ കാലടി കേട്ടിട്ടാവാം അമ്മ വിളക്കുമായി വാതില്‍ പടിയില്‍ നില്‍പ്പുണ്ട്. ഞാന്‍ ഒന്നും മിണ്ടാതെ തിണ്ണയിലേയ്ക്കു കയറി. അരണ്ട വിളക്കു വെളിച്ചത്തില്‍ അമ്മയെന്നെ സൂക്ഷിച്ചു നോക്കി. അപ്പോള്‍ ആ കണ്ണുകളില്‍ നനവുണ്ടായിരുന്നു. ഇടറിയ ശബ്ദം എന്നോടു ചോദിച്ചു:

“ഏതു ജന്മത്തിലെ പാപം തീര്‍ക്കാനാ നീയിതൊക്കെ അനുഭവിച്ചെ?“

നിശബ്ദനായി ഞാന്‍ ചിരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ, ആ മടിത്തട്ടിലിരുന്നു ചിരിച്ച ഒരു കൊച്ചു ബാലനെ പോലെ. 

വസ്ത്രങ്ങള്‍ മാറ്റി, ജട പിടിച്ച മുടിയില്‍ വെളിച്ചെണ്ണ തേച്ച്, കിണറ്റിലെ തണുത്ത വെള്ളത്തില്‍  സുഖമായി കുളിച്ചു. ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും ഏതോ ഒരാവരണം ഊരിപോയതു പോലെ.

അമ്മയപ്പോള്‍ പാത്രം നിറയെ ചോറുമായി കാത്തിരിപ്പുണ്ടായിരുന്നു. ചുവന്ന കുത്തരിചോറ്  ആര്‍ത്തിയോടെ വായിലേയ്ക്കു വയ്ക്കുമ്പോള്‍ മുടിയിഴകളില്‍ ഒരു തലോടല്‍.  ഞാനതറിഞ്ഞെങ്കിലും അറിയാത്തതായി നടിച്ചു. എന്റെ കൈത്തണ്ടയിലേയ്ക്കു വീണ രണ്ടുതുള്ളി കണ്ണീര്‍ കണ്ടില്ലെന്നും ഭാവിച്ചു.

(അവസാനിച്ചു )

അടിക്കുറിപ്പുകള്‍:
(1). ജാമ്യം ലഭിച്ച ശേഷം എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടണമായിരുന്നു. പിന്നീടത് രണ്ടാഴ്ചയിലൊരിയ്ക്കലായി. കൂടാതെ മാസത്തിലൊരിയ്ക്കല്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാകണം. കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സിലേയ്ക്ക് കമിറ്റ് ചെയ്തതോടെ പയ്യന്നൂരേയ്ക്കായി മാസത്തിലൊരിയ്ക്കലുള്ള പോക്ക്.  കേസിനായി ഒരു രൂപ പോലും ചിലവായില്ലെങ്കിലും യാത്രക്കൂലി, ജോലി ഒഴിവാക്കിയുള്ള കോടതിയില്‍ പോക്ക് തുടങ്ങിയ വകയില്‍ വലിയ ചിലവ് ഉണ്ടായി. എന്റെ ഭാര്യയെ പ്രസവത്തിനയയ്ക്കുന്ന ദിനത്തില്‍ ഞാന്‍ കോടതിയിലായിരുന്നു. ഏതാണ്ട് നാലരവര്‍ഷം ഇങ്ങനെ തുടര്‍ന്ന ശേഷമാണ് കേസ് വിചാരണയ്ക്കെടുത്തത്.
അപ്പോഴേയ്ക്കും വാദികളും പ്രതികളും വൈരാഗ്യമെല്ലാം മറന്ന് സൌഹൃദത്തിലായി കഴിഞ്ഞിരുന്നു! അങ്ങനെ കേസ് ഒത്തു തീര്‍ക്കാന്‍ ധാരണയാകുകയും ഒറ്റദിവസത്തെ വിചാരണയില്‍ കേസ് തള്ളുകയും  ചെയ്തു. ഇന്ന് ഞങ്ങളെല്ലാം രയറോത്ത്, പഴയ പോലെ തന്നെ സന്തോഷത്തിലും സൌഹൃദത്തിലും ജീവിയ്ക്കുന്നു.

(2). മുഖ്യവാദിയുടെ അനുജന്‍ എന്റെ കൈയില്‍ നാലു പവന്‍ സ്വര്‍ണം പണയം വയ്ക്കാന്‍ തന്നതു ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഞാന്‍ ജയിലില്‍ നിന്നും വന്ന് ഒരു മാസത്തിനു ശേഷം ഒരാള്‍ എന്റെ അടുത്തു വന്നു പറഞ്ഞു, ദയവായി ആ സ്വര്‍ണം എടുത്തു കൊടുക്കണമെന്ന്. എന്നെ ഏല്‍പ്പിച്ച ആള്‍ നേരിട്ടു വന്നാല്‍ അതിനെക്കുറിച്ചാലോചിയ്ക്കാ‍മെന്ന് ഞാന്‍ മറുപടി കൊടുത്തു. ഈ വിവരം അറിഞ്ഞ ചില പാര്‍ടിക്കാര്‍, പണയം എടുത്തുകൊടുക്കരുതെന്ന് എനിയ്ക്ക് മുന്നറിയിപ്പു തന്നു. വിശ്വസിച്ചേല്പിച്ച ഒരു സാധനം, എന്നെ തൂക്കിലിടാന്‍ വിധിച്ചാലും എടുത്തു കൊടുക്കുമെന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി. മൂത്ത സഖാക്കള്‍ എന്റെ നിലപാടിനെ പിന്തുണച്ചു. ഏതായാലും അനുജന്‍ എന്നെ നേരിട്ട് കാണുകയും, ഞാന്‍ കേസില്‍ പെട്ടതില്‍ അവര്‍ക്കു യാതൊരു പങ്കുമില്ലെന്ന് പറയുകയും ചെയ്തു. എനിയ്ക്ക് പറയാനുള്ളതു പറഞ്ഞിട്ട്, ഞാന്‍ ആഭരണങ്ങള്‍ എടുത്തു കൊടുത്തു.

(3). കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍ ഇപ്പോള്‍ കുറെ പരിഷ്കരിക്കപെട്ടതായി വാര്‍ത്തയുണ്ട്. സെന്‍‌ട്രല്‍ ടവറില്‍ ടി.വി. അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഒരു അനൌപചാരിക സ്കൂളും കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ കീഴിലുള്ള ഒരു കോളേജിന്റെ പഠന കേന്ദ്രവും ഇവിടെയുണ്ട്. വീഡിയോ കോണ്‍ഫറസിങ്ങ് വഴി തടവുകാരെ കോടതിയില്‍ ഹാജരാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയിട്ടുമുണ്ട്.

(4). കുറ്റകൃത്യമാകാനിടയുള്ള എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും മൂന്നു വട്ടം ആലോചിയ്ക്കുക. ഇതു ചെയ്യേണ്ടതുണ്ടോ ? ഇതിന്റെ പരിണിതഫലം കാരാഗൃഹവാസമാകാം. കേസില്‍ പ്രതിയായി അവിടെ എത്തിപ്പെട്ടാല്‍ നിങ്ങളുടെ ജീവിതം തന്നെ കീഴ്മേല്‍ മറിയുന്ന അനുഭവങ്ങളാകാം നിങ്ങളെ കാത്തിരിയ്ക്കുന്നത്. ഒരു തടവുപുള്ളിയായി ഒരിയ്ക്കലും അവിടെ പോകാതിരിയ്ക്കുക.

Monday, 13 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-7)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6) ഇവിടെ വായിയ്ക്കാം.

ബലിമൃഗങ്ങള്‍

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ലയുടെ ചിലപ്രദേശങ്ങള്‍ വിപ്ലവപാര്‍ടിയുടെയും മറ്റു ചില പ്രദേശങ്ങള്‍ കാവി പാര്‍ടിയുടെയും ശക്തികേന്ദ്രങ്ങളാണ്. ഇത്തരം ശക്തികേന്ദ്രങ്ങളില്‍ പാര്‍ടി ഭരണമാണ് നടക്കുന്നത് എന്നു തന്നെ പറയാം. ശരിയ്ക്കും പാര്‍ടി ഗ്രാമങ്ങള്‍. അവിടങ്ങളില്‍ ജനങ്ങളുടെ പല പ്രാദേശിക പ്രശ്നങ്ങളിലും ഇടപെടുകയും പരിഹരിയ്ക്കുകയും ചെയ്യുന്നത് പാര്‍ടിക്കാര്‍ തന്നെയാണ്. ഈ രണ്ടു പാര്‍ടികളും കേഡര്‍ പാര്‍ടികളായതിനാല്‍ കടുത്ത അച്ചടക്കം പാലിക്കപെടുന്നു.

ആരെങ്കിലും ചിലര്‍ അച്ചടക്കലംഘനത്തിലൂടെ പുറത്തു പോയാല്‍ അവരെ മറ്റേ പാര്‍ടിക്കാര്‍ സ്വീകരിയ്ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ ആരംഭിയ്ക്കുകയായി. ചെറിയ വാക്കു തര്‍ക്കങ്ങളില്‍ ആരംഭിയ്ക്കുന്ന പ്രശ്നം ചിലപ്പോള്‍ കൊലപാതകത്തില്‍ തന്നെ എത്തിചേരും. അതോടെ ഒരു കൊലപാതക പരമ്പരയ്ക്കുള്ള കളമൊരുങ്ങുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഉള്ള പകവീട്ടല്‍ ഇടവേളകളില്‍ നടന്നുകൊണ്ടിരിയ്ക്കും. തുടര്‍ന്നുള്ള “രക്തസാക്ഷി/ബലിദാന“ ദിനാചരണങ്ങള്‍ ഇതിനു പ്രേരണകൂട്ടും.

പോലീസിന്റെ നിരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ട ഒരു കാര്യം, ഡിസംബര്‍ മാസത്തില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ കൂടുതലാണ് എന്നാണ്. ഇതിനു കാരണം, കണ്ണൂരിന്റെ തനതു സംസ്കൃതിയായ കളിയാട്ടങ്ങളും കാവ് ഉത്സവങ്ങളും ഈ മാസത്തിലാണ് ആരംഭിയ്ക്കുക. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ഉത്സവങ്ങളില്‍ ഇരു പാര്‍ട്ടിക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും ഏറ്റുമുട്ടലിനും സാധ്യത ഏറുന്നു. നിസ്സാരമായ പ്രശ്നങ്ങള്‍, ഉദഹരണത്തിന് ഒരു പെണ്ണിനെ കമന്റടിച്ചു, അല്ലെങ്കില്‍ കൈയില്‍ പിടിച്ചു തുടങ്ങിയ പോലുള്ളവയില്‍ ആരംഭിയ്ക്കുന്ന തര്‍ക്കം, വികസിച്ച്  അടി, ബോംബേറ്, വാള്‍ പ്രയോഗം അങ്ങനെ ഒടുക്കം കൊലപാതകത്തിലെത്തുന്നു. ചിലപ്പോള്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പോലും രാഷ്ട്രീയവല്‍ക്കരിയ്ക്കപ്പെടും. (ഒരു പാര്‍ടിക്കാരും ഇക്കാര്യത്തില്‍ മോശമല്ല.) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസംബറില്‍ വിപ്ലവ പാര്‍ടിയും കാവിപാര്‍ടിയും  മത്സരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ആറോ ഏഴോ പേരെ പരസ്പരം കൊലപ്പെടുത്തി !

എന്താണ് ഇതിനു പിന്നിലെ മന:ശാസ്ത്രം? ഞാന്‍ മനസ്സിലാക്കിയിടത്തോളം, വ്യക്തിബന്ധങ്ങള്‍ക്ക് ഇത്രയേറെ വിലകല്‍പ്പിയ്ക്കുന്ന,  ഉള്ളില്‍ നിഷ്കളങ്കതയുള്ള ഒരു സമൂഹം കേരളത്തില്‍ മറ്റൊരിടത്തുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ ജന്മിത്വത്തിനും മറ്റു ചൂഷണങ്ങള്‍ക്കും എതിരെ സംഘം ചേരുകയും പോരാടുകയും ചെയ്തവരാണ് മലബാറുകാര്‍. തിരുവിതാംകൂര്‍-കൊച്ചി മേഖലയില്‍ ജന്മിത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ മലബാര്‍ ബ്രിട്ടീഷ് ഭരണത്തിലായതിനാല്‍, അവരുടെ പിന്തുണയോടു കൂടിയ ജന്മിത്വം കീഴാളവിഭാഗത്തെ അടിച്ചമര്‍ത്തിയിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി ജനങ്ങളെ സംഘടിപ്പിയ്ക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, പാടിച്ചാല്‍, മുനയന്‍ കുന്ന്, മൊറാഴ, തില്ലങ്കേരി എന്നിങ്ങനെ പലസ്ഥലത്തും അക്കാലത്ത് ജന്മിത്വത്തിനെതിരെ സമരങ്ങള്‍ നടന്നു. ഈ സംഘടിതബോധം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ പാര്‍ടി സംവിധാനങ്ങള്‍ക്കു കഴിഞ്ഞു. അതു പോലെ നേതാക്കള്‍ ജനങ്ങളില്‍ തന്നെ ജീവിയ്ക്കുന്നവരുമായിരുന്നു. അവരുടെ വാക്കുകള്‍ക്ക് ആജ്ഞാശക്തിയുണ്ടായിരുന്നു.

മറുവശത്ത് കാവിപ്പാര്‍ടിയ്ക്ക് സമരപാരമ്പര്യം ഇല്ലെങ്കിലും ശക്തമായ സംഘടനാ സംവിധാനം ഉണ്ട്. ഒപ്പം അവരുടേതായ ആദര്‍ശവും. ഈ രണ്ടു സംഘടനകളുടേയും ആദര്‍ശങ്ങള്‍ വിപരീതമായതിനാല്‍ സംഘര്‍ഷം സ്വഭാവികം. (ഖദര്‍ പാര്‍ടിയ്ക്ക് ഈ രണ്ടു പാര്‍ടികളെ അപെക്ഷിച്ച് സംഘടനാ സംവിധാനം പരിമിതമാണ്. എന്നാല്‍ ചില നേതാക്കള്‍ക്ക് അണികളിലുള്ള സ്വാധീനം അഗണ്യമല്ല.)  ഈയൊരു സംഘബോധമാണ് അണികളെകൊണ്ട് ഓരോ അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യിയ്ക്കുന്നത്. അതായത് താനൊറ്റയ്ക്കല്ല എന്ന ബോധം. തിരിച്ച് പാര്‍ടികളും തങ്ങളുടെ അണികളെ കൈവിടാറില്ല. 

പലപ്പൊഴും പ്രാദേശികപ്രവര്‍ത്തകരായിരിക്കില്ല കൊലപാതകങ്ങള്‍ക്ക്  ഉത്തരവാദികള്‍. പുറമെ നിന്നെത്തുന്നവരാവാം ഇതൊക്കെ ചെയ്യുക. (എത്രയൊക്കെയായാലും, എന്നും കാണുന്ന ഒരാളെ കൊലപ്പെടുത്താന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞെന്നു വരില്ല.) എന്നാല്‍ കേസില്‍ പെടുന്നത് അവരായിരിയ്ക്കുകയും ചെയ്യും. ഇങ്ങനെയുള്ള അനേകം പേരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കണ്ടെത്താം.

വൈകുന്നേരത്തെ ഒരു മണിക്കൂറില്‍ ഞങ്ങള്‍ മറ്റു ബ്ലോക്കുകള്‍ കാണാന്‍ പോകും. അതില്‍ കാവി പാര്‍ട്ടിയുടെ ഒരു ബ്ലോക്ക് ദൂരെ നിന്നു കണ്ടു. അങ്ങോട്ടേയ്ക്ക് പോയില്ല. അവിടെ ചെറിയൊരു അമ്പലമടക്കം ഉണ്ടത്രേ ! വിപ്ലവപാര്‍ടിയ്ക്കും ഉണ്ട് ഒരു ബ്ലോക്ക്. അവിടെയും ഉള്ളിലേയ്ക്ക് ഞാന്‍ പോയില്ല. അവിടെ പാര്‍ടി ചിട്ടയിലാണത്രെ കാര്യങ്ങള്‍ ! ഞങ്ങള്‍ കിടക്കുന്ന രണ്ടാം ബ്ലോക്ക് രാഷ്ട്രീയക്കാരല്ലാത്ത സാദാകുറ്റവാളികളുടേതാണ്. അതുകൊണ്ടുതന്നെയാണ് വ്യത്യസ്തങ്ങളായ അനുഭവങ്ങളും ആള്‍ക്കാരെയും കണ്ടുമുട്ടാന്‍ കഴിഞ്ഞത്.

ഞങ്ങള്‍ ജയില്‍ പാര്‍പ്പ് തുടങ്ങിയിട്ട് ഏഴുദിവസമായി. ഇതു വരെയും ജാമ്യം ഒന്നുമായിട്ടില്ല. അതിന്റേതായ വിഷമം എല്ലാവര്‍ക്കുമുണ്ട്. ദിനം പ്രതി പുതിയ തടവുകാര്‍ വന്നുകൊണ്ടിരിയ്ക്കുന്നു. കുറച്ചുപേര്‍ ജാമ്യം ലഭിച്ചു പോകുന്നുമുണ്ട്. അതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ വിഷാദത്തോടെ പരസ്പരം നോക്കും. ഇത്രയും ദിവസങ്ങള്‍ കൊണ്ടുതന്നെ ഏറെക്കാലം കഴിച്ചു കൂട്ടിയതു പോലെയുണ്ട്. നാടും വീടും സുഹൃത്തുക്കളുമൊക്കെ കുറെ വര്‍ഷങ്ങള്‍ പുറകിലാണെന്നു തോന്നി. എങ്ങനെയാണ് ഇത്രപെട്ടെന്ന് അവയൊക്കെ സ്മൃതിമണ്ഡലത്തില്‍ നിന്നും അകന്നു പോകുന്നത്? ജയിലിന്റെ കനത്ത ഭിത്തികള്‍ നമ്മുടെ ഓര്‍മ്മയെ പോലും ഊറ്റിയെടുത്തു കളയുമോ?

അന്ന് ഞങ്ങള്‍ വൈകുന്നേരം സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തു നില്‍ക്കുന്നു. ഈ സമയങ്ങളിലാണ് പല പുതിയ ആള്‍ക്കാരെയും പരിചയപെടുന്നത്. അന്നുമുണ്ട് ചില പുതിയ പരിചയക്കാരായ സഖാക്കള്‍. ഒക്കെ ജീവപര്യന്തം തടവിനു ശിക്ഷിയ്ക്കപെട്ടവര്‍. അതിലൊരാള്‍ നന്നെ ചെറുപ്പമാണ്. ചര്‍ച്ചകള്‍ക്കിടയില്‍ അറിയാതെ എന്റെ വായില്‍ നിന്നും ജാമ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ വെളിയില്‍ ചാടി.

“ഹോ..ഏഴു ദിവസമായിട്ടും ജാമ്യം കിട്ടിയില്ലല്ലോ..! “

തികച്ചും നിഷ്കളങ്കമായ ഒരു സങ്കടം. അതു കേട്ട ആ യുവാവ്- എന്നെക്കാള്‍ ചെറുപ്പം- എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു:

“എന്താ സഖാവെ ഇത്? നിങ്ങള്‍ക്ക് അഞ്ചോ പത്തോ ദിവസം കഴിഞ്ഞാല്‍ പോകാം. എന്നിട്ടുമിങ്ങനെ പറഞ്ഞാല്‍ ഞങ്ങളൊക്കെ എന്തു പറയണം?”

ശരിയാണ്, ആ ചോദ്യത്തിനു മുന്‍പില്‍ എനിയ്ക്കൊരു മറുപടിയുമുണ്ടായിരുന്നില്ല. ആ യുവാവിന്റെ ഉള്ളിലെ വിങ്ങല്‍ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം.

അന്നു വൈകിട്ട് ഞങ്ങളുടെ ബ്ലോക്കില്‍ ഒരു അതിഥിയെത്തി. പയ്യന്നൂര്‍ ഭാഗത്തു നിന്നുമുള്ള ഒരു യുവാവ്.  ഒരു ആജാനബാഹു. ആരാണ് എന്താണ് എന്നൊന്നുമറിയില്ല. ഏതായാലും പാര്‍ടി അനുഭാവിയല്ല എന്നു മാത്രമല്ല ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. പിറ്റേദിവസം ചില ന്യൂസുകള്‍ വന്നു. ഇയാള്‍ പയന്നൂരെ ഒരു പ്രമുഖ ഖദര്‍ പാര്‍ട്ടിക്കാരനാണത്രെ..ഒരു വിപ്ലവ പാര്‍ടി സഖാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണത്രേ ഇവിടെ റിമാന്‍ഡു ചെയ്യപ്പെട്ടത്. ഏതായാലും വിവരം ബ്ലോക്കുകളില്‍ നിന്നും ബ്ലോക്കുകളിലേയ്ക്ക് കൈമാറപ്പെട്ടു.

പിറ്റേന്ന് വൈകുന്നേരത്തെ “ഒഴിവു” സമയത്ത് ഇയാള്‍ ഇന്റെര്‍വ്യൂവിനായി ജയില്‍ കവാടത്തിലെയ്ക്കു വിളിപ്പിയ്ക്കപെട്ടു. ഇയാള്‍ അവിടെയെത്തിയ വിവരം അറിഞ്ഞതോടെ വിവിധ ബ്ലോക്കുകളില്‍ നിന്നും സഖാക്കന്മാര്‍ അവിടെ തടിച്ചു കൂടി. ഗാര്‍ഡുമാര്‍ക്ക് കാര്യം പന്തിയല്ല എന്നു ബോധ്യമായി. അവര്‍ പല രീതിയില്‍ ശ്രമിച്ചിട്ടും ആരും പിരിഞ്ഞു പോയില്ല. ഇന്റര്‍വ്യൂ കഴിഞ്ഞ് അയാള്‍ വെളിയിലിറങ്ങിയാല്‍ എന്തും സംഭവിയ്കാവുന്ന അവസ്ഥയായി. അവസാ‍നം, നാലുമണിയ്ക്ക് ശേഷം അയാളെ സബ്-ജയിലിലേയ്ക്കു മാറ്റി.

ജയില്‍ ഗാര്‍ഡുമാരെക്കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ. ഞങ്ങള്‍ കണ്ട മിക്കവാറും ഗാര്‍ഡുമാര്‍ അഥവാ വാര്‍ഡന്മാര്‍ അധികവും താല്‍ക്കാലിക ജീവനക്കാരായിരുന്നു. എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവരാണവര്‍. ശരിയായ യാതൊരു പരിശീലനവും ലഭിയ്ക്കാത്തവര്‍. പലരുടെയും മുഖത്ത് അമ്പരപ്പും പേടിയുമാണ്. ഇവരെ സംഘടിതരായ രാഷ്ട്രീയതടവുകാര്‍ക്ക് നിസാരമായി ഭീഷണിപെടുത്തി വരുതിയ്ക്കു നിര്‍ത്താവുന്നതേയുള്ളു.

പലപ്പോഴും പണമുള്ളവര്‍ക്ക് ജയിലില്‍ പല സുഖസൌകര്യങ്ങളും ലഭിയ്ക്കും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് മദ്യം, മയക്കു മരുന്ന്, മറ്റു നിരോധിതവസ്തുക്കള്‍ ഇവയൊക്കെ കടത്തും. ചില ബ്ലോക്കുകളില്‍ തടവുകാര്‍ സ്വയം പാചകം ചെയ്ത് ആഹാരം കഴിയ്ക്കുന്നുണ്ട്. അതായത് ജയില്‍ ഭക്ഷണമല്ലാത്ത സാദാ ഭക്ഷണം. ഇതിന്റെ മറ്റൊരു വശവുമുണ്ട്. ജയില്‍ പുള്ളികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്ന പലവസ്തുക്കളും അടിച്ചു മാറ്റുന്ന ഉദ്യോഗസ്തരുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ തിരിമറികള്‍ നടത്തിയ ഉദ്യോഗസ്ഥരുമുണ്ട്. ഇതു കൂടാതെ തടവുകാരെ കൊണ്ട് സ്വന്തം ക്വാട്ടേഴ്സുകളില്‍ അടിമവേല ചെയ്യിക്കാനും ചിലര്‍ മടിയ്ക്കുന്നില്ല. തടവുപുള്ളികള്‍ക്കുള്ള പരിമിതമായ അവകാശങ്ങള്‍ പോലും സാധാരണക്കാരായ തടവുകാര്‍ക്ക് കിട്ടാറില്ല. സ്വാധീനമുള്ളവര്‍ക്കോ യഥേഷ്ടം അതു ലഭിയ്ക്കുകയും ചെയ്യും.

സാധാരണ പതിനാലു ദിവസത്തേയ്ക്കാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത്. പതിനാലാം ദിവസം ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടി വാങ്ങേണ്ടതാണ്. പോലീസിന്റെ നല്ലൊരു പങ്ക്  ഊര്‍ജം ചിലവഴിയ്ക്കുന്നത് ഈ ആവശ്യത്തിലേയ്ക്കാണ്. (ഇപ്പോള്‍ ജയിലുകളില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്) ഇങ്ങനെ പുറത്തുപോകുന്ന ചില പ്രതികള്‍ മയക്കുമരുന്ന്, കഞ്ചാവ് ഇവയൊക്കെ ജയിലില്‍ കടത്തും. കൂടാതെ, ജയിലിന്റെ പുറം മതിലിനു വെളിയില്‍ നിന്നും പൊതികളായി മദ്യം, കഞ്ചാവ്, മറ്റു വസ്തുക്കള്‍ ഇവയൊക്കെ എറിഞ്ഞു കൊടുക്കും. (ഇപ്പോള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ വരെ ലഭ്യമാണത്രെ! മൊബൈല്‍ ജാമര്‍ ഉണ്ടെങ്കിലും അതു പലപ്പോഴും “കേടാ”കും )
എങ്ങനെയായാലും ജയിലില്‍ ആവശ്യക്കാര്‍ക്ക് ഒട്ടുമിക്ക വസ്തുക്കളും ലഭ്യമാണ്.

അന്ന് വൈകുന്നേരം ഒരു മധ്യവയസ്കനെ ഞങ്ങളുടെ ബ്ലോക്കില്‍ കൊണ്ടു വന്നു. അയാള്‍ ഹാളിലേയ്ക്ക് പ്രവേശിച്ചതും ഒരു ആരവമുയര്‍ന്നു. കുറേപ്പേര്‍ വലിയ സന്തോഷത്തോടെ അയാളെ എതിരേറ്റു. അയാളും നല്ല ചിരിയോടെ കയറി വന്നു. ഞങ്ങള്‍ രാമനോട് കാര്യമന്വേഷിച്ചു.

“അയാളാരാ..?”

“അതാണു കീരി.”

“കീരിയോ..?”

“അതേ ചേട്ടാ..കീരി അന്ത്രുമാന്‍. ഇയാള്‍ ഒരു ശിക്ഷ കഴിഞ്ഞ് പോയിട്ട് ഒരു മാസമാകുന്നതെയുള്ളൂ. അധികം താമസീയാതെ ഇവിടെയെത്തുമെന്നെല്ലാര്‍ക്കും അറിയാമായിരുന്നു..”

പിന്നെ കാര്യങ്ങള്‍ മനസ്സിലായി വന്നു.അധികവും മോഷ്ടാക്കള്‍ ജയിലില്‍ നിന്നിറങ്ങിയാലും സ്വന്തം തൊഴിലിലേയ്ക്കു തന്നെയാണ്  പോകുക. ഓരോ മോഷ്ടാവിനും സ്വന്തമായ ഒരു “മോഡസ് ഓപരാന്‍ഡി” ഉണ്ടാകുമത്രെ. എന്നുവെച്ചാല്‍ മോഷണ രീതി. ഒരു മോഷണം നടന്നാല്‍ അതു വച്ച് മോഷ്ടാവിനെ തിരിച്ചറിയാന്‍ പോലിസിനു കഴിയും.

ഒരാള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവനെ നിരന്തരം നിരീക്ഷണം ഉണ്ടാവും. ആയതു കൊണ്ടുതന്നെ അധികം പേരും തിരികെ ജയിലിലേയ്ക്കു തന്നെ വരും. അങ്ങനെ തിരിച്ചെത്തിയതായിരുന്നു ഈ “കീരി അന്ത്രുമാന്‍”. വന്ന പാടെ അയാള്‍ പഴയ ആള്‍ക്കാരുമായി ലോഹ്യം പങ്കിടുകയും ചിരപരിചിതമായ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയാലെന്നവണ്ണം കിടപ്പാടം സജ്ജീകരിയ്ക്കുകയും ചെയ്തു. വെറുതയല്ല തടവുകാര്‍ ജയിലിന് “തറവാട്” എന്നു പേരിട്ടിരിയ്ക്കുന്നത്.

അന്നു വൈകിട്ട് ഞങ്ങള്‍ക്കു വിവരം ലഭിച്ചു; നാളെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഞങ്ങളുടെ ജാമ്യാപേക്ഷ വാദത്തിനെടുക്കുന്നു. പ്രതീക്ഷാപൂര്‍വമാണ് എട്ടാം ദിവസമായ അന്ന് ജമുക്കാളത്തില്‍ തലചായ്ചത്.

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-8)

Saturday, 11 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6)


നഷ്ട ജീവിതങ്ങള്‍

പിറ്റേന്ന് പുലര്‍ച്ചെ വലിയ ബഹളം കേട്ടാണു ഞെട്ടിയെഴുനേറ്റത്. “ഫയലി”ന്റെ പതിവു ബഹളമല്ല. ഇന്നലെ പുതുതായി വന്ന പട്ടുവംകാര്‍ കിടക്കുന്ന ഭാഗത്തു നിന്നാണ് കേള്‍ക്കുന്നത് . കുറേപേര്‍ കൂടി നില്‍ക്കുന്നു. ഞങ്ങളും അങ്ങോട്ടു ചെന്നു. പട്ടുവംകാരുടെ കൂടെയുള്ള ആ സുമുഖനായ പയ്യന്‍ ആകെ വിരണ്ടു നില്‍ക്കുന്നു. ബാബുരാജ് കാര്യം അന്വേഷിച്ചു. ഇന്നലെ രാത്രിയില്‍ പലപ്പൊഴായി ചിലര്‍ ആ യുവാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നു പറഞ്ഞാല്‍ ലൈംഗീക അതിക്രമത്തിനു ശ്രമിച്ചു..! സഹികെട്ടപ്പോള്‍ അവന്‍ ബഹളം വെച്ചതാണ്.

“ആരാ..ആള്‍ക്കാര്‍...?” ബാബുരാജ് അന്വേഷിച്ചു.

ആ പയ്യന്‍ ചിലരെ കാണിച്ചു തന്നു. അപ്പോഴേയ്ക്കും”ഫയല്‍“ വിളി മുഴങ്ങി. അതോടെ എല്ലാവരും അങ്ങോട്ടു പോയി. ആ പരിപാടിയും മുദ്രാവാക്യം വിളിയും കഴിഞ്ഞതോടെ ബാബുരാജ് സഖാക്കന്മാരില്‍ തടിമിടുക്കുള്ള പത്തു പേരെ പ്രത്യേകം വിളിച്ചു കൂട്ടി. ( റെഡ് വാളണ്ടിയര്‍ ക്യാപ്റ്റന്‍ കൂടിയാണ് ബാബുരാജ് ). ആറുമണിയ്ക്ക് ഹാള്‍ തുറന്നതോടെ കുറെപേര്‍ പുറത്തു പോയി. ആ പയ്യനെ ഉപദ്രവിച്ചവരെ ബാബുരാജും കൂട്ടരും നോട്ടത്തില്‍ വച്ചിരിയ്ക്കുകയാണ്. അവര്‍ ഹാളിനു വെളിയിലെത്തിയതും സഖാക്കന്‍‌മാരുടെ സംഘം അവരെ വളഞ്ഞു. വളരെ പെട്ടെന്ന് ഒരു വിധം മോശമല്ലാത്ത തരത്തില്‍ നാലു പൂശങ്ങു പൂശി. എന്തിനാണു പൂശിയതെന്നു മനസ്സിലായതിനാല്‍ കിട്ടിയവര്‍ ഒന്നും മിണ്ടാതെ തടവിക്കൊണ്ടു പോയതേയുള്ളു.

ജയിലില്‍ വ്യാപകമായ ഒരു പ്രശ്നമാണ്  ലൈംഗീക പീഡന ശ്രമങ്ങള്‍. ഇളം‌പ്രായക്കാരായ ചെറുപ്പക്കാരാണ് ഇതിനിരയാകുക. എന്തെങ്കിലും കേസില്‍ പെട്ട് ഒറ്റയ്ക്ക് ജയിലിലെത്തിപ്പെട്ടാല്‍ അവര്‍ ഇങ്ങനെ പീഡിപ്പിയ്ക്കപ്പെടാന്‍ സാധ്യത ഏറെയാണ്. ആരോടു പരാതിപെട്ടിട്ടും കാര്യമില്ല. വിവിധ തരക്കാരായ കുറ്റവാളികളെ ഒന്നിച്ചിടുന്നതിന്റെ കുഴപ്പമാണിത്. പതിനെട്ടു വയസ്സു പൂര്‍ത്തിയായ പ്രതികളെ കോടതി സബ് ജെയിലിലേയ്ക്കോ സെന്‍‌ട്രല്‍ ജയിലിലേയ്ക്കോ ആണ് അയയ്ക്കുക. സബ് ജയിലില്‍ ഇത്തരം ആക്രമണ സാധ്യത കുറവാണ്. പ്രായേണ ചെറിയ കാലത്തേയ്ക്കുള്ള തടവുകാരാണല്ലോ അവിടെ. തന്നെയുമല്ല എണ്ണം കുറവുമായിരിയ്ക്കും. എന്നാല്‍ സെന്‍‌ട്രല്‍ ജയിലിലെ കഥ അതല്ല. തഴക്കവും പഴക്കവുമുള്ള ഒന്നാംതരം ക്രിമിനലുകളാണ് അവിടെ കാത്തിരിയ്ക്കുന്നത്. അവരുടെ ഇടയില്‍ പെട്ടു പോകുന്ന ഈ യുവാക്കള്‍ ക്രമേണ അവരെ പോലെ തന്നെ ആയിതീരുകയും ചെയ്യും, ചുരുക്കം അപവാദങ്ങളൊഴിച്ചാല്‍..! പലപ്പോഴും മനസാക്ഷിയുള്ള പോലീസ് ഓഫീസര്‍മാര്‍ ഇങ്ങനെയുള്ള കേസുകള്‍ കോടതിയിലെത്തിയ്ക്കാതെ നോക്കാറുണ്ട്. പക്ഷെ, നമ്മുടെ മാധ്യമങ്ങളും നാട്ടുകാരും വിടുമോ? അവര്‍ ആ ഓഫീസറെ കുരിശിലേറ്റാന്‍ ശ്രമിയ്ക്കും.

മൂന്നാം ദിവസമായിട്ടും ജാമ്യത്തെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തതിനാല്‍ ഞങ്ങള്‍ വിഷമിച്ചു. ഉച്ചയൂണും കഴിഞ്ഞ് അതുമിതും പറഞ്ഞിരിയ്ക്കുമ്പോള്‍ ഒരു ഗാര്‍ഡ് കൈയിലൊരു വെള്ളക്കടലാസുമായി ഹാളിലേയ്ക്കു വന്നു. ഞങ്ങള്‍ കുറേ പേരുടെ പേര്‍ ഉച്ചത്തില്‍ വിളിച്ചു. എന്നിട്ടു പറഞ്ഞു:

 “നിങ്ങള്‍ക്ക് ഇന്റെര്‍വ്യൂ ഉണ്ട്..! “

എന്ത് ? ഇന്റര്‍വ്യൂവോ..? ജയിലിലോ ? അത്ഭുതപെട്ടു പോയി. നാട്ടില്‍ കുറെ തെണ്ടി നടന്നു നോക്കിയിട്ടും ഒരിടത്തു നിന്നും ഇതു വരെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ടില്ല. ഇപ്പൊഴിതാ ജയിലില്‍ വന്നപ്പോള്‍ ഇന്റര്‍വ്യൂവിന് വിളിച്ചിരിക്കുന്നു. എന്തു ജോലിയ്ക്കാണാവോ ?

കടലാസു മേടിച്ചു നോക്കി. ഞാനുള്‍പ്പെടെ അഞ്ചാറുപേര്‍ക്ക് ഇന്റര്‍വ്യൂവിനു ക്ഷണമുണ്ട്. എന്നെ ക്ഷണിച്ചിരിയ്ക്കുന്നത് മറ്റാരുമല്ല സ്വന്തം അച്ഛന്‍ തന്നെ ! മറ്റുള്ളവര്‍ക്ക് സഹോദരന്‍, മകന്‍, സുഹൃത്ത് എന്നിങ്ങനെ. ഹ ഹ..സംഭവം പിടികിട്ടി. ബന്ധുക്കള്‍  ജയിലില്‍ തടവുപുള്ളികളെ സന്ദര്‍ശിയ്ക്കുന്നതിനുള്ള ഔദ്യോഗിക പേരാണ് ഈ “ഇന്റര്‍വ്യൂ”.
മൂന്നിനും നാലിനുമിടയ്ക്കുള്ള സമയത്താണ് “ഇന്റര്‍വ്യൂ” നടത്തേണ്ടത്. അപ്പോഴാണല്ലോ ബ്ലോക്ക് തുറക്കുന്നത്.

പറഞ്ഞ സമയത്ത് ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി. ജയില്‍ കവാടത്തില്‍ തന്നെയുള്ള ഒരു മുറിയാണത്. വലിയ കമ്പി വലയിട്ടിരിയ്ക്കുന്നു. ഒരു വശത്ത്  സന്ദര്‍ശകനും മറുവശത്ത് തടവുകാരനും.  പരസ്പരം കാണാം. അഞ്ചോ പത്തോ മിനിട്ടു സംസാരിയ്ക്കാം. കൈകള്‍ ഇടാനും അത്യാവശ്യ സാധനങ്ങള്‍ കൈമാറാനുമുള്ള ഒരു ചെറിയ കിളിവാതിലുണ്ട്. ഗാര്‍ഡുകളുടെ പരിശോധനയ്ക്കു ശേഷം അനുവദനീയമായ വസ്തുക്കള്‍ കൈമാറാം.

പുറത്തു നിന്നും ഗാര്‍ഡുകള്‍ സന്ദര്‍ശകനെ കയറ്റി വിട്ടു. കമ്പിവലയ്ക്കപ്പുറം അച്ഛന്‍ !ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. എന്നെ അല്പനേരം നോക്കി. ഞാന്‍ താഴോട്ടു നോക്കി നിന്നു.

“ഇതാ..”

കമ്പി വലയ്ക്കുള്ളിലൂടെ ഒരു പ്ലാസ്റ്റിക് പൊതി നീട്ടി തന്നു. ഗാര്‍ഡ് വെറുതെ നോക്കി നിന്നതേയുള്ളു. ഞാനതു മേടിച്ചു. ഒരു ജോഡി ഷര്‍ട്ടും മുണ്ടുമായിരുന്നു അത്. അച്ഛന്‍ തിരിഞ്ഞു നടന്നു. അടുത്തയാള്‍ക്കായി ഞാനും വഴിമാറി. ഞാന്‍ ആ പൊതി തുറന്ന് തുണിയിലേയ്ക്കു നോക്കി. പിന്നെ പലപ്രാവശ്യം മണത്തു. അതില്‍ അമ്മയുടെ ഗന്ധമുണ്ട്. എനിയ്ക്കറിയാം, അത്  അമ്മ അലക്കി ഉണക്കി തേച്ച് കൊടുത്തു വിട്ടതാണ്. ആ വാത്സല്യം അതില്‍ പറ്റിയിരിയ്ക്കുന്നതു പോലെ തോന്നി. ഞാനതു നെഞ്ചത്തടുക്കി പിടിച്ചു. ഒരു കൊച്ചു കുട്ടി കുറെ കാലത്തിനു ശേഷം അമ്മയെ കാണുമ്പോഴുണ്ടാകുന്ന ഒരനുഭവമായിരുന്നു അത്.

തിരികെ ഞങ്ങള്‍ സെന്‍‌ട്രല്‍ ടവറിലേയ്ക്കു നടന്നു. നാലുമണിയാകാന്‍  ഇനിയും അല്പസമയമുണ്ടല്ലോ... ടവറിനു ചുറ്റുമുള്ള ചെറിയ മതിലില്‍ ഞങ്ങള്‍ ഇരുന്നു. ചുറ്റുമുള്ള ബ്ലോക്കുകളില്‍ നിന്നും ആരൊക്കെയോ വരുകയും പോകുകയും ചെയ്യുന്നു. അപ്പോള്‍ കാണാം കുറെ കൊച്ചുകുട്ടികള്‍, യു.പി., ഹൈസ്കൂള്‍ കുട്ടികളായിരിയ്ക്കണം, ലൈനായി നടന്നു വരുന്നു. അവരുടെ ഒപ്പം  ടീച്ചറും അകമ്പടിയായി ഒരു ഗാര്‍ഡും. മരുഭൂമിയില്‍ പൂക്കള്‍  വിരിഞ്ഞ പ്രതീതിയായിരുന്നു ആ കുട്ടികളെ കണ്ടപ്പോള്‍. അവര്‍ ചുറ്റുപാടും  കൌതുകത്തോടെ നോക്കി നടന്നു വരുന്നു. ഞങ്ങള്‍ മതിലിന്മേലിരുന്നു അവരെയും നോക്കി. നടന്നു നടന്നു  ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ അല്പം വിട്ടു നടന്നു. ചെറിയൊരു പേടി ആ മുഖങ്ങളില്‍ വന്നുവോ? ടീച്ചറാണെങ്കില്‍ മുഖം താഴ്ത്തി സ്പീഡില്‍ നടന്നു. എന്നിട്ടു കുട്ടികളോട് അടക്കം പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു:

“അതൊക്കെ കുറ്റവാളികളാ..അടുത്തുകൂടെ പോകുമ്പോള്‍ ശ്രദ്ധിക്കണം !”

ടീച്ചറെ ഞാന്‍ കുറ്റം പറയില്ല. ജയിലില്‍ കിടക്കുന്നവര്‍ “കുറ്റവാളികള“ല്ലാതെ പിന്നാരാണ്? ഞങ്ങള്‍ അല്പനേരം മുഖത്തോടു മുഖം നോക്കി ചിരിച്ചു.

അപ്പോള്‍ ചിലര്‍ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. എല്ലാവരും ശിക്ഷ അനുഭവിയ്ക്കുന്നവരാണെന്നു വേഷത്തില്‍ നിന്നറിയാം. വന്നവര്‍ മൂത്ത സഖാക്കളുമായി കുശലം പറഞ്ഞു. ഉടനെ  മനസ്സിലായി എല്ലാം ഒരേ തൂവല്‍ പക്ഷികള്‍ തന്നെ. കണ്ണൂര്‍ ജയിലിപ്പോള്‍ സഖാക്കളുടെ സമ്മേളനത്തിനുള്ള ആളുണ്ടല്ലോ..! ദിവസവും കുറച്ചു പേര്‍ പോകും, ഒപ്പം കുറേ പേര്‍ വരുകയും ചെയ്യും. ഇവിടെ വര്‍ഷങ്ങളായി കഴിയുന്നവരെന്ന നിലയ്ക്ക് ഈ സഖാക്കള്‍ക്ക് അവരോടൊക്കെ പ്രത്യേക വാത്സല്യവും ഉത്തരവാദിത്വവുമാണ് ! തങ്ങളുടെ “തറവാട്ടി“ല്‍ വരുന്ന ബന്ധുക്കളുടെ ക്ഷേമമന്വേഷിയ്ക്കണമല്ലോ..!

അങ്ങനെ പരിചയമായി, സംസാരമായി. വന്ന കൂട്ടത്തില്‍  എല്ലാവരും ബഹുമാനിയ്ക്കുന്ന ഒരാളെ കണ്ടു. അല്പം പൊക്കം കുറഞ്ഞ, എന്നാല്‍ കാഴ്ചയില്‍ കുലീനനായ ഒരു യുവാവ്. മുപ്പത്തഞ്ചു-നാല്പത് വയസ്സുകാണും. സംസാരത്തില്‍ പാര്‍ടി ഭാഷയും അച്ചടക്കവും. തളിപ്പറമ്പിനടുത്തുള്ള ഒരു സ്ഥലത്തെ ലോക്കല്‍ സെക്രട്ടറി  (ആണ്) ആയിരുന്നു. കൊലക്കേസില്‍ ജീവപര്യന്തം തടവാണ്. ഒരാള്‍ കേസില്‍ ശിക്ഷിയ്ക്കപെട്ടു എന്നതു കൊണ്ട് പാര്‍ടിയില്‍ ഉണ്ടായിരുന്ന സ്ഥാനം നഷ്ടമാകില്ല. ആ സീനിയോരിറ്റി നിലനില്‍ക്കും. ആയതിനാല്‍ ആള്‍ ഇപ്പോഴും ലോക്കല്‍ സെക്രട്ടറി എന്നു തന്നെ അറിയപ്പെടുന്നു.

ഞാനാ മുഖത്തേയ്ക്കു നോക്കി. പടയാളിയുടെ ധീരതയോ, നഷ്ടപെട്ടവന്റെ വേദനയോ? രണ്ടും ഞാനവിടെ കണ്ടു. എന്തൊക്കെ ആയാലും അയാളൊരു മനുഷ്യനാണ്. മാതാപിതാക്കളും ഭാര്യയും മക്കളുമുള്ള ഒരു പച്ചയായ മനുഷ്യന്‍. പാര്‍ടിയോടുള്ള കൂറു മൂലം ജീവിതം അതിനായി ഉഴിഞ്ഞു വച്ചു. ഇപ്പോള്‍ ജീവിതത്തിലെ നല്ലകാലം തടവറയില്‍. കുടുംബത്തിനുള്ള ചിലവു തുക പാര്‍ടി മാസാമാസം എത്തിയ്ക്കും. എങ്കിലും..? ആ ഭാര്യയുടെ നഷ്ടം, കുഞ്ഞുങ്ങളുടെ നഷ്ടം,  അതാര്‍ക്കു നികത്താനാവും? കേവലം രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള കൊലകള്‍ എത്ര ജീവിതങ്ങളെയാണു തകര്‍ത്തു കളയുന്നത് ? മരണപെട്ടവന്റെ കുടുംബത്തിലും ഇതു തന്നെയല്ലേ അവസ്ഥ ?

 അവരുടെയൊപ്പം തന്നെയുള്ള ഒരു യുവാവിനെയും ഞാന്‍ ശ്രദ്ധിച്ചു. ഇതേ കേസിലെ പ്രതി തന്നെയാണയാളും. കഷ്ടിച്ച് ഇരുപത്തഞ്ചു വയസ്സു പ്രായം. ജീവിതത്തിന്റെ ഏറ്റവും ഓജസ്സുറ്റ ഭാഗം, യുവത്വം, തടവറയില്‍ കഴിയാന്‍ വിധിക്കപെട്ടവര്‍. എനിയ്ക്കവരെ നോക്കാന്‍ തന്നെ മടി തോന്നി. ഈ ജീവിതങ്ങളുടെ നഷ്ടത്തിന് ആരു മറുപടി പറയും? പലരും എന്നെ പോലെ കേസില്‍ പെട്ടവരാകും. കേസില്‍ ഗൂഡാലോചന എന്ന വകുപ്പ് തെളിയിക്കപെട്ടാല്‍ കേസിലുള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ശിക്ഷ കിട്ടാം. കോടതിയില്‍ കേസ് തെളിയുന്നതും തെളിയാതിരിയ്ക്കുന്നതും പലപ്പോഴും സത്യത്തിന്റെയും നീതിയുടെയും പേരിലാവണമെന്നില്ല.

ജീവപര്യന്തം എന്നാല്‍ പ്രത്യേകകാലാവധി പറയാത്ത പക്ഷം പതിനാലു വര്‍ഷമാണ്. ഇതില്‍ വിവിധ ഇളവുകള്‍ കഴിച്ചാല്‍ എട്ടുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ശിക്ഷാകാലത്ത് മര്യാദക്കാരായവരെ തിരഞ്ഞെടുത്ത് ഒരു അവലോകനസമിതിയാണ് ഈ ഇളവ് അനുവദിയ്ക്കുന്നത്. ഗവണ്മെന്റിന് വിരോധമില്ലാത്ത പക്ഷം എട്ടു വര്‍ഷം പൂര്‍ത്തിയായവരെ മോചിപ്പിയ്ക്കാം. പൊതുവില്‍ ഇടതു സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴാണ് ഇത്തരം മോചനങ്ങള്‍ നടക്കാറ്.  ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്ത് ഒരു തുറന്ന ജയില്‍ സ്ഥാപിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി തീരാറായ, മര്യാദക്കാരായ തടവുകാരെ അങ്ങോട്ടു മാറ്റും. ജയിലിന്റെ കാടന്‍ നിയമങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരന്തരീക്ഷം സൃഷ്ടിയ്ക്കുകയാണ് ലക്ഷ്യം.

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരാണ് കൂടുതലെന്നു പറയാം. വിപ്ലവ പാര്‍ട്ടിക്കൊപ്പം കാവി പാര്‍ട്ടിയ്ക്കും ഖദര്‍ പാര്‍ട്ടിയ്ക്കും മോശമല്ലാത്ത അംഗസംഖ്യ ഉണ്ടവിടെ. സ്വാഭാവികമായും വിപ്ലവ പാര്‍ട്ടിയ്ക്ക് അല്പം കൂടുതലുണ്ടെന്നു മാത്രം. ചില ബ്ലോക്കുകള്‍ ചില പാര്‍ട്ടികള്‍ കുത്തകയാക്കി വച്ചിട്ടുമുണ്ട്. അതുപോലെ ചിലപ്പോള്‍ രാഷ്ട്രീയ സംഘടങ്ങള്‍ വരെ നടക്കാറുണ്ട്. കുറച്ചു നാള്‍ മുന്‍പ് ഒരു തടവുകാരന്‍ സംഘടനത്തില്‍ മരണപെട്ടു. ജയിലിലെത്തിയാലും അവസാനിയ്ക്കാത്ത രാഷ്ട്രീയ വൈരാഗ്യമോ?!

(തുടരും)


സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-7)



Thursday, 9 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം : (ഭാഗം-5)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം : (ഭാഗം-4) ഇവിടെ വായിയ്ക്കാം
പല മുഖങ്ങള്‍

വീണ്ടും ഒരു പുലരി കൂടി. “ഫയല്‍” പരിപാടി, മുദ്രാവാക്യ ശീവേലി എല്ലാം കഴിഞ്ഞ് “കൂടി“ന്റെ വാതില്‍ തുറക്കുന്നതും കാത്ത് ഞങ്ങളിരുന്നു. പതിവുപോലെ, ആറുമണിയ്ക്ക് സൈറണ്‍ മുഴങ്ങി, തിരക്കുള്ളവര്‍ മുന്‍പില്‍ കുതിച്ചു പാഞ്ഞു. ആ തള്ളല്‍ കഴിഞ്ഞ പാടെ ഞങ്ങളും വെളിയിലിറങ്ങി.

അല്പം പല്‍‌പൊടിയുമെടുത്ത് ഞാന്‍ ഹാള്‍ കെട്ടിടത്തിന്റെ പിന്‍‌വശത്തെയ്ക്കു നടന്നു. അവിടെയുമുണ്ട് നെടു നീളന്‍ വരാന്ത. ഹാളില്‍ നിന്നും അങ്ങോട്ടുള്ള വാതിലുകള്‍ ഒരിക്കലും തുറക്കാറില്ല. ആ വരാന്തയിലേയ്ക്കു നോക്കിയ ഞാന്‍ അന്തം വിട്ടു പോയി. പത്തിരുപത്തഞ്ചു കൂറ്റന്മാര്‍ നിരന്നു നിന്നു വ്യായാമം ചെയ്യുന്നു. മൂന്നാലു പേര്‍ ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നു. കുറച്ചു പേര്‍ പുഷ് അപ് ചെയ്യുന്നു. വേറെ ചിലര്‍ ഭാരമുള്ള എന്തൊക്കെയോ വസ്തുക്കള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഒരു മിനി ജിമ്മു തന്നെ. സര്‍ക്കാര്‍ ചിലവില്‍ ആഹാരവും കഴിച്ച് ശരീരം നന്നാക്കുകയാണവര്‍.

അന്ന് രാവിലത്തെ “ചപ്പാത്തി“ വളരെ ശ്രദ്ധാപൂര്‍വം പൊടി തട്ടിയാണു കഴിച്ചത്. ഇന്നലത്തെ മാതിരി പറ്റരുതല്ലോ.
ആ പരിപാടി കഴിഞ്ഞു മുറ്റത്തിറങ്ങിയപ്പോള്‍ കാരംസ് ബോര്‍ഡിനുമുന്‍പില്‍ നാലുപേര്‍ ഇരുന്നു കളിയ്ക്കുന്നു. അത്യാവശ്യം തട്ടിമുട്ടി ഈ കളി അറിയാമെന്നുള്ളതു കൊണ്ട് ഒരു കൌതുകം. അറിയാമെന്നു പറഞ്ഞാല്‍ കോയിന്‍ കൃത്യം വീഴിയ്ക്കാനൊന്നും അറിയില്ല, എങ്കിലും അബദ്ധത്തില്‍ ചിലതൊക്കെ വീഴാറുണ്ട്; അത്ര തന്നെ. ജയില്‍ പുള്ളികളുടെ കളിയൊന്നു കണ്ടേക്കാമെന്നു കരുതി ഞാനും സുകുമാരനും അതിനടുത്തു പോയി നിന്നു.

കളിക്കാര്‍ നാലുപേരും പ്രായമുള്ളവര്‍. അതില്‍ തന്നെ ഒരാള്‍ വളരെ പ്രായമുള്ളയാളാണ്. താടിയും മുടിയുമെല്ലാം തൂവെള്ള. വളരെ മെലിഞ്ഞ ഒരാള്‍. വെറും കളിയല്ല, കാര്യമായ കളിയാണതെന്നു സംസാരത്തില്‍ നിന്നും മനസ്സിലായി. “ഡോളറി“നാണു കളി. ഓരോ ആളും രണ്ടു “ഡോളര്‍“ വയ്ക്കണം. ജയിയ്ക്കുന്ന ആള്‍ക്ക് മൊത്തം എടുക്കാം. “ഡോളര്‍“ എടുത്തു കളത്തിലിടുന്നതു കാണാന്‍ നിന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് കുറച്ച് “ദിനേശ് ബീഡി“ കളത്തില്‍ വീണു !

അപ്പോള്‍ അതാണു ഡോളര്‍. ദിനേശ് ബീഡി..!

കാര്യങ്ങള്‍ അല്പാല്പം ബോധ്യമായി വരുന്നു. മിക്കവാറും തടവുകാരുടെ ദൌര്‍ബല്യമാണ് പുകവലി. കഠിനമായ മനോസംഘര്‍ഷങ്ങള്‍ ലഘൂകരിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മറ്റു വരുമാനങ്ങള്‍ ഇല്ലാത്ത അവരെ സംബന്ധിച്ച് നിത്യവും കെട്ടുകണക്കിന് ബീഡി വാങ്ങാനുള്ള കഴിവില്ല. ദിവസക്കൂലിയുടെ നല്ലൊരു പങ്ക മാറ്റി വച്ചാലെ ബീഡി വാങ്ങല്‍ നടക്കൂ. ആയതിനാല്‍ ബീഡി ജയിലിലെ ഏറ്റവും വിലപിടിച്ച ഒരവശ്യ വസ്തുവാകുന്നു.

കളത്തില്‍ കറുപ്പും വെളുപ്പും കോയിന്‍സ് സ്ട്രൈക്കറിന്റെ അടിയേറ്റ് ചിതറി. പ്രിയ സുഹൃത്തെ, ഞാനെന്താ പറയുക! അലസമായ ഒരു സ്ട്രൈക്കിങ്ങിനു പോലും ഒന്നും രണ്ടും കോയിനുകള്‍ കുഴിയില്‍ വീഴുന്നു!  ഞാ‍നാദ്യം പറഞ്ഞ ആ വയോധികന്‍ ഒറ്റയടിയ്ക്ക് മൂന്നെണ്ണം വീഴിയ്ക്കുന്നതും ഞാന്‍ കണ്ടു ! ബോര്‍ഡിന്റെ ഏതു ഭാഗത്തിരിയ്ക്കുന്ന കോയിനും നിസ്സാരമായി കുഴിയില്‍ വീഴിയ്ക്കുന്നു! ജയിലിനു വെളിയിലാണെങ്കില്‍ കാരംസ് ചാമ്പ്യനാകേണ്ട ആള്‍. സദാസമയവും ഇതിനു മുന്‍പിലിരിയ്ക്കുന്ന അവര്‍ക്ക് ഈ കഴിവ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഞങ്ങള്‍ വീണ്ടും ബ്ലോക്കിലൂടെ കറങ്ങി. അല്പം അകലെയായി ഒരു ചെറിയ ഓട്ടു കെട്ടിടമുണ്ട്. അതിനുള്ളില്‍ നിന്നും “ചട പട“ ശബ്ദം. അതൊരു തുണിനെയ്തു ശാലയാണ്. ജയില്‍ വസ്ത്രങ്ങള്‍ ഇവിടെ ഉല്പാദിപ്പിയ്ക്കുന്നു. കോടതി ശിക്ഷിച്ച തടവു പുള്ളികള്‍ക്ക് പ്രത്യേക വസ്ത്രമാണ്. വെളുത്ത കൈത്തറി ഷര്‍ട്ടും മുണ്ടും. (റിമാന്‍ഡ് തടവുകാര്‍ക്ക് സ്വന്തം വസ്ത്രം ഉപയോഗിയ്ക്കാം). അവയ്ക്കു ആവശ്യമായി വരുന്ന തുണി കഴിച്ച് ബാക്കിയുള്ളവ വെളിയില്‍ ഇതു വില്‍ക്കുന്നുമുണ്ട്.  ആ കെട്ടിടത്തിനുള്ളില്‍ കുറേ പേര്‍ കൈത്തറിയില്‍ തുണികള്‍ നെയ്തു കൊണ്ടിരിയ്ക്കുകയാണ്. അതിന്റെ “ചാടി“ന്റെ ശബ്ദമാണ് പുറത്തു കേള്‍ക്കുന്നത്.

 ഈ കെട്ടിടത്തിനു അല്പം മാറി ഒരു വോളിബോള്‍ കോര്‍ട്ടുണ്ട്. പിന്നെയും അല്പം താഴേയ്ക്കു പോയാല്‍ ജയില്‍ ക്ലിനിക്ക് ആണ്. ഇടയ്ക്കിടെ അവിടെ ഒരു ഡോക്ടര്‍ വരും. ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് അവിടെ ചികിത്സ ലഭിയ്ക്കും. ജയില്‍ വളപ്പ് അവിടുന്നങ്ങോട്ട് കൃഷിസ്ഥലമാണ്. അങ്ങോട്ടധികം പോയില്ല.

തിരികെ ഹാളിലെത്തിയ ഞങ്ങളെ കാത്ത് രാമന്റെ വക ഒരു “ഓഫര്‍“ ഉണ്ടായിരുന്നു. ഞങ്ങളുടെ ഭക്ഷണം മേടിച്ചു വയ്ക്കല്‍, കുടിയ്ക്കാന്‍ വെള്ളമെടുത്തു വയ്ക്കല്‍ ഇതൊക്കെ അവന്‍ ചെയ്തു കൊള്ളും. പകരമായി അവനു ബീഡി മേടിച്ചു കൊടുത്താല്‍ മതി ! ആ ഓഫര്‍ നിരാകരിയ്ക്കാനായില്ല. അപ്പോള്‍ ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ വന്നു. നല്ല ഉയരമുള്ള സുമുഖനായ ഒരു യുവാവ്. ഇരുപത്-ഇരുപത്തിരണ്ട് വയസ്സുണ്ടാകും. മീശയൊക്കെ പേരിനു മാത്രം. മുഷിഞ്ഞ ഒരു കൈലിമുണ്ടും ഷര്‍ട്ടും വേഷം. സമൃദ്ധമായി ചിരിച്ചു കൊണ്ടാണു വരവ്. അപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ഒരു പ്രതിയും അവനെ നോക്കി ചിരിച്ചു. അവര്‍ പരിചയക്കാരാണെന്നു തോന്നുന്നു.

“നീ..! ജോഷിയല്ലേ ?! ” നമ്മുടെ കൂട്ടുപ്രതിയുടേതാണു ചൊദ്യം.

“ഉം..ആറുമാസമായി ..”

“എന്തു പറ്റീ..?”

“ഹ ഹ..!” അവന്‍ ഞങ്ങളുടെ അടുത്തിരുന്നു. “ഒക്കെ എന്റെ വിധി..അല്ലാതെന്താ..”

ഞങ്ങളെല്ലാം അവനെ ശ്രദ്ധിച്ചു. ആ മുഖത്ത് വല്ലത്തൊരു വിഷാദം. കണ്ടാല്‍ തന്നെ അറിയാം ഏതോ കൊള്ളാവുന്ന കുടുംബത്തില്‍ പിറന്നതാണെന്ന്. അവന്‍ അല്പനേരം തല കുമ്പിട്ടിരുന്നു. പിന്നെ പറഞ്ഞു:

“അപ്പനെന്റെ പേരില്‍ കേസു കൊടുത്തതാണ്.  ആറുമാസമായിട്ടും ജാമ്യമെടുക്കാന്‍ ആരും വന്നിട്ടില്ല..”

ആരുമൊന്നും മിണ്ടിയില്ല. പിന്നീട് അവന്‍ പറഞ്ഞും, നമ്മുടെ കൂട്ടു പ്രതി പറഞ്ഞും അറിഞ്ഞ കഥയിങ്ങനെ:
ചെറുപുഴ-പയ്യന്നൂര്‍ പാതയില്‍ പാടിച്ചാല്‍ എന്നൊരു സ്ഥലമുണ്ട്. അവിടെ നമ്മുടെ കൂട്ടുപ്രതിയുടെ ഒരു ജ്യേഷ്ഠന്‍ താമസിയ്ക്കുന്നു. ഈ ജ്യേഷ്ഠന്റെ അയലത്ത് വലിയൊരു സമ്പന്ന കര്‍ഷകന്‍ ഉണ്ട്. റബര്‍, കുരുമുളക് ഒക്കെ ധാരാളം കൃഷിയുള്ള ആള്‍. അയാളുടെ ഏക പുത്രനാണ് ഈ ജോഷി. അവന്റെ അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയി. അതോടെ അപ്പന്‍ വേറെ കെട്ടി. രണ്ടാനമ്മയ്ക്ക് മക്കളായതോടെ കുടുംബത്തില്‍ ഒറ്റപെട്ടുപോയ  അവന്‍ താന്തോന്നിയായി. ലക്ഷങ്ങളുടെ ബാധ്യതയാണ് വരുത്തി വച്ചത്. വീട്ടില്‍ നിന്നും റബറും കുരുമുളകും മോഷ്ടിച്ചു വിറ്റു. അവസാനം അപ്പന്‍ അവന്റെ പേരില്‍ കേസു കൊടുത്ത് ജയിലിലുമാക്കി. കോഴിക്കോട് ദേവഗിരി കോളേജില്‍ പ്രീഡിഗ്രി വരെ പഠിച്ചതാണ് ജോഷി. കഥയറിഞ്ഞപ്പോള്‍ ആ യുവാവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി. ചെറുപ്പത്തിലെ സ്നേഹം ലഭിയ്ക്കാതെ ഒറ്റപെട്ടുപോയ അവനെ എങ്ങനെ കുറ്റപ്പെടുത്താനാവും?

ഞങ്ങള്‍ കിടക്കുന്ന ഭാഗത്തെ മേസ്ത്രി കറുത്ത ഒരു  മധ്യവയസ്കനാണ്. വൈകുന്നേരം ആറര മുതല്‍ അരമണിക്കൂര്‍ അങ്ങേര്‍ ആ ഭാഗത്തുകൂടി നല്ല സ്പീഡില്‍ നിര്‍ത്താതെ നടക്കും. വ്യായാമമാണ്. ആള്‍ നല്ല മര്യാദക്കാരനും മാന്യനുമാണെന്ന് പെരുമാറ്റത്തില്‍ നിന്നും ബോധ്യപ്പെട്ടു. അബൂബക്കര്‍ എന്നാണു പേര്. കേസെന്താണെന്നു മാത്രംമനസ്സിലായില്ല. കെട്ടിടത്തിന്റെ ഒരു മൂലയിലുള്ള “കട്ടിലില്‍” ആരോടും അധികം മിണ്ടാതെ ഒതുങ്ങികൂടലാണു പതിവ്.

ജയിലില്‍ ശിക്ഷിക്കപെട്ടവര്‍ക്ക് ദിവസവും നിശ്ചയിക്കപെട്ട ജോലിയുണ്ട്. ഓരൊ ദിവസവും രാവിലെ അതവര്‍ മുടങ്ങാതെ ചെയ്യും. അങ്ങനെ എന്നും രാവിലെ വെള്ളം കോരി കൃഷികള്‍ക്കു നനക്കുന്ന ഒരാള്‍ ഞങ്ങളുടെ തൊട്ടടുത്ത് “കട്ടിലില്‍” കിടപ്പുണ്ട്. മിക്കവാറും ഒരു തോര്‍ത്തും ഷര്‍ട്ടുമാണ് വേഷം. വെള്ളം വീണ് മേലാകെ നനഞ്ഞിരിയ്ക്കും എപ്പൊഴും. ആരോടും ഒന്നും സംസാരിച്ചു കണ്ടിട്ടില്ല. ജോലി കഴിഞ്ഞു വന്നാല്‍ തന്റെ കിടപ്പാടത്ത് സ്വസ്ഥനായി കിടക്കും. ചിലപ്പോള്‍ എന്തെങ്കിലും പുസ്തകം വായിയ്ക്കും. മുപ്പത്തഞ്ചോ നാല്പതോ വയസ്സു കാണും. നല്ല കുലീനത ആ മുഖത്തു കാണാമെങ്കിലും സ്ഥായിയായ വിഷാദം അതിനെ മായ്ചു കളയുന്നു. എന്തോ ഒരിഷ്ടം തോന്നിയ്ക്കുന്ന ഭാവമാണയാള്‍ക്ക്. അയാളോട് അങ്ങോട്ട് പരിചയപെടാനുള്ള ധൈര്യം എന്തായാലും എനിക്കില്ല. എന്നാല്‍ നമ്മുടെ രണ്ടാം പ്രതി ബ്രാഞ്ച് സെക്രട്ടറി സഖാവ് ഇക്കാ‍ര്യത്തിലൊക്കെ മിടുക്കനാണ്. കക്ഷി കേറി മുട്ടി. പലപ്പോഴായി കിട്ടിയ വിവരങ്ങള്‍ :

കണ്ണൂരിനടുത്ത് ചിറക്കല്‍ സ്വദേശിയാണ്. കൊലക്കേസ് പ്രതി. അഞ്ചു വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിയ്ക്കുന്നത്. നാലുവര്‍ഷം അനുഭവിച്ചു കഴിഞ്ഞു, ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ട്. ഒരു പൊതുമേഖലാ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. അയാളുടെ ജീവിതത്തില്‍ ദുര്‍വിധി വിളയാടിയത് ഇപ്രകാരമാണ്. ഒരു സന്ധ്യയ്ക്ക് അയാളും ഭാര്യയും ബസ്സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു മദ്യപന്‍ അവരുടെ അടുത്തെത്തി, ഭാര്യയെ ശല്യപ്പെടുത്താനാരംഭിച്ചു. അസഹനീയമായപ്പോള്‍ ഇദ്ദേഹം കൈയിലിരുന്ന സ്യൂട്ട്കേസ് കൊണ്ട് അയാളെ ആഞ്ഞടിച്ചു. തലയ്ക്കടിയേറ്റ അയാള്‍ പിന്നീട് മരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരതികായന്റെ അകന്ന ബന്ധുവായിരുന്നു മരണപെട്ട മദ്യപന്‍. ഈ മനുഷ്യന്‍ കൊലക്കേസില്‍ പ്രതിയായി ജയിലുമായി. ഒരു നിമിഷ നേരത്തെ പ്രകോപനം ഒരാളുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞതു നോക്കൂ.

ഇതൊക്കെ അല്ലാത്ത ചിലകാഴ്ചകളും കാണാനുള്ള (നിര്‍)ഭാഗ്യമുണ്ടായി. ഹാളിന്റെ മറ്റൊരു ഭാഗത്തു ചെല്ലുമ്പോള്‍   കുറച്ചു പേര്‍ തറയിലിരുന്നു വര്‍ത്തമാനം പറയുന്നതു കണ്ടു. അതിലൊരാളെ നല്ല മുഖപരിചയമുണ്ട്. ആള്‍  രയറോത്തിനടുത്തുള്ള നെല്ലിപ്പാറ സ്വദേശിയാണ്‌‍. പലപ്പോഴും ആലക്കോട്ട് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ നല്ല ടിപ്-ടോപ് വേഷത്തില്‍ ബൈക്കില്‍ വിലസി നടപ്പായിരിയ്ക്കും. രാമന്റെ കൈയില്‍ നിന്നും പൂര്‍ണ വിവരങ്ങള്‍ കിട്ടി. കക്ഷി നല്ല ഒന്നാന്തരം മോഷ്ടാവാണ് ! പുറത്തൊക്കെ പോയി മോഷണം നടത്തിയിട്ട്, നാട്ടില്‍ മിടുക്കനായി നടക്കും..! അതുപോലെ എനിയ്ക്കു നല്ല പരിചയമുള്ള ഒരു തേര്‍ത്തല്ലി സ്വദേശിയേയും കണ്ടു. എന്നെ മുഖാമുഖം കണ്ടപ്പോള്‍ കക്ഷി ആദ്യം ഒഴിഞ്ഞുമാറി. എങ്കിലും ഞാന്‍ കാര്യങ്ങള്‍ തിരക്കി.

 “ഓ..ഒരു കാര്യവുമില്ലാതെ എന്നെ കള്ളകേസില്‍ കുടുക്കിയാതാന്നേ..”

ഇതാണെന്നോടു പറഞ്ഞത്. ഞാനാദ്യം വിശ്വസിച്ചെങ്കിലും രാമന്‍ തിരുത്തി തന്നു. ഏതോ വീട്ടില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കേസാണത്രേ..!

ഞാന്‍ അവിടെ കണ്ട പലമുഖങ്ങളില്‍ നിന്നും എനിയ്ക്ക് ബോധ്യമായത്, ഇതാണ്.

ജയില്‍ പുള്ളികളില്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന്,  പെട്ടെന്നുള്ള പ്രകോപനത്താലോ, സാഹചര്യങ്ങള്‍ മൂലമോ കുറ്റം ചെയ്തവര്‍. മിക്ക കൊലക്കേസ് പ്രതികളും ഈ വിഭാഗത്തില്‍ പെടും. കൊലപാതകം ചെയ്യണമെന്ന് വിചാരിച്ച് ചെയ്തവരായിരിയ്ക്കില്ല ഇവര്‍. ഒരു നിമിഷ നേരത്തെ നിയന്ത്രണമില്ലായ്മ, ജീവിതത്തെ ആകെ തകര്‍ത്തവര്‍. ഇവര്‍ ചെയ്തു പോയ തെറ്റില്‍ പശ്ചാത്തപിക്കുന്നവരും ഇനിയൊരിയ്ക്കലും ആ തെറ്റ് ചെയ്യാന്‍ ആഗ്രഹിയ്ക്കാത്തവരുമാണ്. സ്വന്തം കുടുംബത്തെയോര്‍ത്ത് ഓരോ നിമിഷവും ഉള്ളുനീറിയാണവര്‍ തടവറയില്‍ കഴിയുന്നത്. ഇക്കൂട്ടര്‍ അധികവും അധോമുഖരാണ്. മറ്റുള്ളവരോട് അധികം ഇടപഴകാന്‍ ആഗ്രഹിയ്ക്കുന്നില്ല. തടവറയ്ക്കു വെളിയിലെ കഴിഞ്ഞകാല ജീവിതത്തിന്റെ മാധുര്യം അയവിറക്കി, മോചനത്തിന്റെ ദിനവും കാത്തു കഴിയുന്നവര്‍. കണ്ണീരിന്റെ ഉപ്പു പുരണ്ടതാണവരുടെ ജീവിതം. തടവറയില്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരങ്ങനെ തന്നെ.

മറ്റൊരു വിഭാഗം, ജന്മനാ കുറ്റവാസനയുള്ളവരാണ്. ക്വട്ടേഷന്‍ കൊലകള്‍, മോഷണം, കൊള്ള, ബലാത്സംഗം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലെ പ്രതികള്‍ അധികവും ഈയിനത്തില്‍ പെടുന്നു. അവരെ കണ്ടാല്‍ തന്നെ നമുക്കു തിരിച്ചറിയാം.  വിട്ടു പോകാത്ത കൌശലം, ക്രൂരത, പുച്ഛം, ഇവയൊക്കെ മുഖത്തു നിന്നും വായിച്ചെടുക്കാം. പരിസരത്തെ എപ്പോഴും നിരീക്ഷിയ്ക്കുന്നവരാണിവര്‍. മിക്കവാറും കൂട്ടുചേര്‍ന്നായിരിയ്ക്കും നടപ്പ്.  നമ്മുടെ ജയിലുകള്‍  മോഷ്ടാക്കള്‍ക്കും ജന്മനാ കുറ്റവാസനയുള്ളവര്‍ക്കും മികച്ച പഠനകേന്ദ്രങ്ങളാണ്.

ആദ്യമായി ജയിലിലെത്തുന്ന തുടക്കക്കാരനായ മോഷ്ടാവ്, ജയിലിലുള്ള പ്രൊഫഷണല്‍ മോഷ്ടാക്കളുമായി കൂട്ടു ചേര്‍ന്ന് പുതിയവിദ്യകള്‍ പഠിയ്ക്കും, അല്ലെങ്കില്‍ പഠിപ്പിയ്ക്കും. പിന്നെ ജയിലില്‍ വച്ചു തന്നെ  പുതിയ സംഘങ്ങള്‍ രൂപീകരിയ്ക്കുന്നു. അകത്തുപോയ തുടക്കക്കാരന്‍ വെളിയില്‍ വരുന്നത്  തികഞ്ഞ പ്രൊഫഷണല്‍ ആയിട്ടായിരിയ്ക്കും. ഇത്തരം ആള്‍ക്കാരെ നിരീക്ഷിയ്ക്കാനോ ഇവര്‍ സംഘം ചേരുന്നതു തടയാനോ യാതൊരു സംവിധാനവും ജയിലിലില്ല. ഇത്തരം ഒരു സംഘത്തെ ഞങ്ങള്‍ കിടക്കുന്ന ഏരിയയില്‍ തന്നെ കണ്ടു. ഏതാനും ചെറുപ്പക്കാരാണ്. ഒരു പ്രധാനിയും നാലഞ്ചു സില്‍ബന്ധികളും. എപ്പോഴും ഒന്നിച്ചു നടക്കുന്നു. സന്ധ്യയായാല്‍ വലിയ ചര്‍ച്ചകള്‍ കേള്‍ക്കാം. അതിലൊരുവന്‍, സ്വന്തം കേസ് കോടതിയില്‍ തനിയെ വാദിയ്ക്കാനുള്ള  ശ്രമത്തിലാണു പോലും! അതിനുള്ള “ലാ പോയിന്റു“കളെ പറ്റിയാണ്  ചര്‍ച്ച. ഇതൊക്കെ നമ്മുടെ ചാരന്‍ രാമന്‍ വഴിയാണ് അറിയുന്നത്.

പിന്നെ മറ്റൊരു ചെറുപ്പക്കാരനെ കണ്ടു. അവന്‍ പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതാനുള്ള തായ്യാറെടുപ്പിലാണ്. അതിനായുള്ള പുസ്തകങ്ങള്‍ പഠിയ്ക്കുന്നു. ജയിലില്‍ ഇപ്പോള്‍ കോളേജ് വിദ്യാഭ്യാസം വരെ നേടാനുള്ള സംവിധാനം ഉണ്ട്. കണ്ണൂര്‍ ജയിലില്‍ നിന്നും ബിരുദാനന്തര ബിരുദവും എം.ബി.എ.യും നേടിയവരുണ്ട്!  നമ്മുടെ പഴയ രാഷ്ട്രീയ നേതാക്കള്‍ പലരും സ്വസ്ഥമായിരുന്നു വായിച്ചതും പഠിച്ചതും ജയിലില്‍ നിന്നായിരുന്നു.  സെല്ലുകളിലും മറ്റും കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ മാത്രമാണല്ലോ കൂട്ട്.

രണ്ടാം ദിവസം ഇങ്ങനെ പലമുഖങ്ങളെ പരിചയപെടാനിടയായി. അവിടെയുള്ള ഓരൊ തടവുകാരന്റെയും പിന്നില്‍ ദുരിതപൂര്‍ണമോ നിര്‍ഭാഗ്യപൂര്‍ണമോ ആയ ഭൂതകാലം ഉണ്ടാവും. ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലല്ലോ? ഏതു ക്രൂരന്റെയും അഞ്ചോ ആറോ വയസ്സിലെ ചിത്രം കണ്ടു നോക്കൂ.. എന്തോരമനത്വമായിരിയ്ക്കും ആ മുഖത്ത് ! പിന്നീടെപ്പോഴോ കുറ്റവാസന മുളപൊട്ടുന്നു. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അവനെ അതിലേയ്ക്കു തള്ളി വിടുന്നു. ഒരിക്കല്‍ കുറ്റവാളിയായി മുദ്രകുത്തപെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല. സമൂഹം അവനെ വെറുക്കപെട്ടവരുടെ കൂട്ടത്തിലേയ്ക്കു തള്ളും. എവിടെയും അവഗണനയും പരിഹാസവും അവനെ വേട്ടയാടും. ക്രമേണ സമൂഹ വിരുദ്ധനാകുന്ന അവന്‍ പൂര്‍ണകുറ്റവാളിയായി പരിണമിയ്ക്കുന്നു.

അന്നു ഉച്ചകഴിഞ്ഞതോടെ ഒരു സംഘം പാര്‍ട്ടിക്കാര്‍ പുതുതായി ഞങ്ങളുടെ ബ്ലോക്കില്‍ എത്തി. പട്ടുവം എന്ന സ്ഥലത്തു നിന്നും ആയിരുന്നു അവര്‍. പത്തുപേരുണ്ടായിരുന്നു എന്നാണോര്‍മ്മ. അക്കൂട്ടത്തില്‍ പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ള സുമുഖനായ ഒരു വിദ്യാര്‍ത്ഥി ഉണ്ടായിരുന്നു. ആദ്യമായി ജയിലിലെത്തിയതിന്റെ വിഷമം അവന്റെ മുഖത്തും കാണാനുണ്ട്. ഞങ്ങള്‍ അവരുമായി പരിചയപെട്ടു. കോണ്‍ഗ്രസ് പാര്‍ടിയുടെ ഒരു ഓഫീസ് തകര്‍ത്തു എന്നതാണവരുടെ കുറ്റം.

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് കിടന്നു. അതാ ജോഷി ഉച്ചത്തില്‍ ഒരു പഴയ സിനിമ പാട്ടു പാടുന്നു. ഒരു വിധം മോശമല്ലാത്ത ഈണമുണ്ടവന്. നഷ്ട സ്നേഹത്തിന്റെയും വ്യര്‍ത്ഥ യൌവനത്തിന്റെയും വേദനയും നിരാശയും ആ ശബ്ദത്തില്‍ നിന്നും വായിച്ചെടുക്കാം. കാത്തിരിയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ..! എത്ര ഭീകരമാണത്..!

 മനസ്സ്  വീണ്ടും നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും സഞ്ചരിച്ചു. നാടിനും നാട്ടിലെ പുഴയ്ക്കുമെല്ലാം എന്തുമാത്രം സൌന്ദര്യമുണ്ടെന്ന് ഇപ്പൊഴാണറിയുന്നത്. എന്നും കാണുമ്പോള്‍  നാമതറിയുന്നില്ലല്ലോ.  വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്തുള്ള വെടിപറച്ചില്‍, വിജയന്റെ തയ്യല്‍കടയിലിരുന്നുള്ള  ചെസുകളി, ക്ലബ്ബിലെ കാരംസ് കളി, പിന്നെ പതിവായി കാണാറുള്ള, പിടയ്ക്കുന്ന മിഴികളുള്ള, ചുണ്ടിനുമുകളില്‍ നേരിയ  വിയര്‍പ്പണിഞ്ഞ, പ്രിയപ്പെട്ട ഒരു മുഖം. ഒന്നും മിണ്ടാറില്ല. വല്ലപ്പോഴും ഒരു ചിരി. പിന്നെ ഒരു നോട്ടത്തില്‍ ഒത്തിരി വിശേഷം പങ്കിടും.  എല്ലാം ഏതോ വിദൂരതയിലിരുന്നെന്നെ ഉറ്റു നോക്കുന്നു. എന്തേ അവരെ വിട്ടു പോയതെന്നോടു ചോദിയ്ക്കുന്നു.

രണ്ടുദിവസം കൊണ്ടു ഞാനിത്രയും അനുഭവിയ്ക്കുന്നു എങ്കില്‍ വര്‍ഷങ്ങള്‍ ഇവിടെ തള്ളിനീക്കുന്നവരുടെ അവസ്ഥയെന്താണ് ? നഷ്ടപെട്ട ജീവിതത്തെ ഓര്‍ത്ത്, പ്രിയപെട്ടവരെ ഓര്‍ത്ത്, സ്നേഹത്തെയും സന്തോഷത്തെയും ഓര്‍ത്ത് ഓരോ നിമിഷവും വേദനയില്‍ ജീവിയ്ക്കുക. ജയില്‍ ഒരു ശിക്ഷയാകുന്നത് ഇപ്പോഴാണ്. ഉള്ളില്‍ സ്നേഹവും നൈര്‍മല്യവും ഉള്ളവര്‍ക്ക് മരണമാണ് ജയില്‍ ശിക്ഷ. തൂക്കുകയര്‍ അവര്‍ക്ക് രക്ഷയാണ്.

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6)

Tuesday, 7 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 4)

 
 പകല്‍ കാഴ്ചകള്‍

എത്രമാത്രം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായാലും, ഒരു പരിധി കഴിഞ്ഞാല്‍ നാം ബോധം കെട്ടുറങ്ങിപ്പോകും. അതിന് പതുപതുത്ത മെത്തയോ പായോ ഒന്നുംവേണ്ട. ശരീരം സ്വസ്ഥമായി ഒന്നു ചാരാനുള്ള സൌകര്യം കിട്ടിയാല്‍ മതി. ആ അഗാധ നിദ്രയുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ നാമറിയാതെ ഉണര്‍ന്നു പോയേക്കും, വ്യാകുലതകളിലേയ്ക്ക്. അങ്ങനെയൊരു ഘട്ടത്തില്‍ ഞാനും ഉണര്‍ന്നു പോയി.

കണ്ണു മിഴിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് കിടക്കുന്ന സ്ഥലം ഓര്‍മ്മ വന്നത് . ആ ബോധ്യം തള്ളിക്കയറി വന്നതോടെ ഉറക്കമെല്ലാം പമ്പ കടന്നു. വലിയ ആ ഹാളില്‍ നല്ല നിശ്ശബ്ദത, ചിലരുടെ കൂര്‍ക്കം വലിയും ഇടവിട്ടുള്ള ചുമയും ഒഴിച്ചാല്‍. സുകുമാരന്‍ അടുത്തു കിടന്ന് നന്നായി ഉറങ്ങുന്നുണ്ട്(?). ഞാന്‍ തല ഉയര്‍ത്തി നോക്കി. രണ്ടു “കട്ടിലി”നപ്പുറത്തു നിന്നും പുകചുരുളുകള്‍ ഉയരുന്നു. മങ്ങിയ വെളിച്ചത്തില്‍ ആളെ കാണാം. ലോക്കല്‍ സഖാവ് കുത്തിയിരുന്നു ദിനേശ് ബീഡി വലിയ്ക്കുകയാണ്! പാവം ഉറക്കമില്ലാതെ എന്തൊക്കെയോ ആലോചിച്ചിരിയ്ക്കുന്നു. ഒന്നാം പ്രതി, മൂന്നു പെണ്‍കുട്ടികളുടെ പിതാവ്. രയറോത്തെ വീട്ടില്‍ ആ മക്കളും ഭാര്യയും ഇപ്പോള്‍ ഇതേ പോലെ തന്നെ ഉറക്കമില്ലാതിരിയ്ക്കുകയാവാം.   ഓരോന്നാലോചിച്ച് കിടന്ന് വീണ്ടും മയങ്ങിപ്പോയി.

“ഫയലേ..കോണ്‍ ഫയല്‍..!”

ഉച്ചത്തിലുള്ള അലര്‍ച്ച.! ഞെട്ടിയെഴുനേറ്റു. എന്താണു സംഭവമെന്നൊരു പിടിയുമില്ല. എല്ലാരും അവിടുന്നുമിവിടുന്നും ഒക്കെ ചാടിയെഴുനേല്‍ക്കുന്നു. മടിച്ചു കിടന്ന ചിലരെ ആരൊക്കെയോ തട്ടിയെഴുനേല്‍പ്പിയ്ക്കുന്നു. ആകെപ്പാടെ ഒരു ബഹളം. ഞാന്‍ അന്തംവിട്ടിരുന്നു.

“ഫയല്‍..ഫയല്‍..!”

വീണ്ടും അതേ അലര്‍ച്ച..!

നോക്കുമ്പോള്‍ തടവുപുള്ളികളെല്ലാം വരിയായി കുത്തിയിരിയ്ക്കുന്നതാണു കണ്ടത്. ഒരാളുടെ പുറകില്‍ ഒരാളായി. നമ്മളും ഇരിയ്ക്കണമല്ലോ. ഞങ്ങളെല്ലാം അതേ പോലെ അനുകരിച്ചു. അപ്പോള്‍ രണ്ടു പേര്‍, ഒരാള്‍ മുന്‍പില്‍ നിന്നു പുറകോട്ടും  മറ്റേയാള്‍ പുറകില്‍ നിന്നു മുന്‍പോട്ടും, തലതൊട്ട് എണ്ണി വന്നു. എണ്ണല്‍ കഴിഞ്ഞ ശേഷം അവര്‍ പരസ്പരം  എണ്ണംകൃത്യമാണെന്നുറപ്പു വരുത്തി. അതോടെ എല്ലാവരും എഴുനേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍  കാര്യം മനസ്സിലായി. ജെയില്‍ പുള്ളികളുടെ എണ്ണമെടുത്തതാണ്. എന്നാല്‍ ഈ “ഫയല്‍” എന്ന വാക്കും ഇതുമായുള്ള ബന്ധം മനസ്സിലായില്ല.

ഈ എണ്ണമെടുപ്പു നടത്തിയ ആള്‍ തടവുകാരന്‍ തന്നെയാണ്.  അയാള്‍ക്ക് “മേസ്ത്രി” എന്ന ഒരു സ്ഥാനം നല്‍കിയിരിയ്ക്കുന്നു. പൊതുവില്‍ ശിക്ഷാകാലാവധി കഴിയാറായ, മര്യാദക്കാ‍രായ ആള്‍ക്കാരെയാണ് ഈ ചുമതല ഏല്‍പ്പിയ്ക്കുക. ഒരു ബ്ലോക്കില്‍ മൂന്നോ നാലോ മേസ്ത്രിമാരുണ്ടാകും. അവര്‍ക്ക് ഓരോ ഏരിയ തിരിച്ചു കൊടുത്തിട്ടുണ്ട്.
ആ ഏരിയയിലെ മേല്‍നോട്ടം  അവരുടെ ചുമതലയാണ്. അതിലൊന്നാണ് രാവിലെയും വൈകുന്നേരവുമുള്ള, തടവു പുള്ളികളുടെ കണക്കെടുപ്പ്.

അപ്പോള്‍ സമയമെന്തായെന്നറിയില്ല. എങ്കിലും അഞ്ചുമണിയായിക്കാണുമെന്ന് ഊഹിച്ചു, മുറ്റത്ത് കാക്കകളുടെ കരച്ചില്‍ കേള്‍ക്കാം. ആറുമണിയായാല്‍ ഹാളിന്റെ വാതില്‍ തുറക്കും. പിന്നെ ഈ ബ്ലോക്കിനുള്ളില്‍ (ഹാളിനു വെളിയിലുള്ള വളപ്പില്‍)  “സ്വതന്ത്രരായി” നടക്കാം. വീണ്ടും, വൈകുന്നേരം ആറുമണിയ്ക്ക് എല്ലാവരെയും ഉള്ളിലാക്കി ഹാള്‍ പൂട്ടും. ഇതാണു രീതിയെന്നു മനസ്സിലായി.

“എല്ലാ സഖാക്കളും ഇങ്ങോട്ടു വരൂ..”

സഖാവ് ബാബുരാജാണ് വിളിയ്ക്കുന്നത്. (ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഉന്നത ബിരുദധാരിയും പാര്‍ടി ലോക്കല്‍ സെക്രട്ടറിയും.‍). ഞങ്ങള്‍ കക്ഷിയുടെ ചുറ്റും കൂടി.

“ഇങ്ക്വിലാബ് സിന്ദാബാദ്..
രക്തസാക്ഷികള്‍ സിന്ദാബാദ്.“

ബാബുരാജിന്റെ ചെവിപൊട്ടുന്ന ശബ്ദം ജയില്‍ മുറിയില്‍ മുഴങ്ങി. പിന്നെയെന്തു നോക്കാന്‍..ഞങ്ങളും വിളിച്ചു ഉച്ചത്തില്‍. ഒരു പത്തു മിനിട്ടു നേരത്തേയ്ക്ക് തകര്‍പ്പന്‍ വിളി തന്നെ. അപ്പോള്‍ ഹാളിന്റെ പല ഭാഗത്തു നിന്നും ഈ വിളി കേട്ടു തുടങ്ങി. അതോടെ ഞങ്ങള്‍ക്ക് ആവേശം കൂടി. നമ്മുടെ ആള്‍ക്കാര്‍ ഇഷ്ടം പോലെ കിടപ്പുണ്ടല്ലോ!

ഈ മുദ്രാവാക്യം വിളി സംഘബോധം സൃഷ്ടിയ്ക്കുന്നതിനൊപ്പം ഒരു അധീശത്വ പ്രഖ്യാപനം കൂടിയാണ്. കാരണം ജയിലില്‍ വിവിധ തരത്തിലുള്ള കുറ്റവാളികളുണ്ട്. കൈക്കരുത്തില്‍ വിശ്വസിയ്ക്കുന്നവര്‍. ക്രൂര മനോഭാവമുള്ളവര്‍. അവരെയൊക്കെ ഒതുക്കി നിര്‍ത്താന്‍ ഇതു വഴി സാധിയ്ക്കും.

ആറുമണി അടുക്കാറായതോടെ വാതിലിനു മുന്‍പില്‍ വലിയൊരു കൂട്ടം രൂപപെട്ടു. ആദ്യം പുറത്തു ചാടാനുള്ള തിരക്കാണ്. ഈ തിരക്കിനു കാരണം പിന്നീടാണു ബോധ്യമായത്. ബ്ലോക്കില്‍ ആളിനനുസരിച്ചുള്ള ടോയിലറ്റുകള്‍ ഇല്ല. ആകെ എട്ടോ പത്തോ എണ്ണം മാത്രം. ആദ്യം അതു പിടിയ്ക്കാനാണ് ഈ തിരക്ക്. ഞങ്ങള്‍ ഏതായാലും ഇതെല്ലാം നോക്കി മാറിയിരുന്നു.

ആറുമണിയായപ്പോള്‍ സെ‌ന്‍‌ട്രല്‍ ടവറില്‍ സൈറണ്‍ മുഴങ്ങി. ഒരു ഗാര്‍ഡ് വന്ന്‍ കൂറ്റന്‍ വാതില്‍ തുറന്നിട്ടു. കോഴിയെ അഴിച്ചു വിട്ടമാതിരി ഒരു തള്ളലാണ് പുറത്തേയ്ക്ക്. കുറേപേര്‍ മുന്നിലിറങ്ങി പാഞ്ഞു. ഞങ്ങള്‍ ഈ തള്ളല്‍  കഴിഞ്ഞ് തോര്‍ത്തുമെടുത്ത് മുറ്റത്തിറങ്ങി. പ്രഭാതമായിരിയ്ക്കുന്നല്ലോ..!. നല്ല ശുദ്ധമായ അന്തരീക്ഷം. കുളിര്‍മ്മയുള്ള ഇളം കാറ്റ് കവിളില്‍ തട്ടി. കാക്കകളുടെ ചിലയ്ക്കല്‍. കൊച്ചു കുരുവികള്‍ അവിടെയൊക്കെ വന്നിരുന്നു എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. ചെറിയ മുറ്റം കഴിഞ്ഞാല്‍ വിശാലമായ വളപ്പാണ്. അവിടെയെങ്ങും പടുകൂറ്റന്‍ മാവുകളും തെങ്ങുമൊക്കെ. വലിയൊരു തറവാട്ടു വളപ്പ് മാതിരി. എന്തൊരു ഹരിതാഭ !

വളപ്പില്‍ അല്പം അകലത്തായി വലിയൊരു കിണറും നിലത്തു കെട്ടിയിരിയ്ക്കുന്ന ചതുരാകൃതിയിലുള്ള ടാങ്കുമുണ്ട്. നാലടിയോളം പൊക്കമുണ്ട് ടാങ്കിന്റെ ഭിത്തികള്‍ക്ക്. രണ്ടു മൂന്നു പേര്‍ ടാങ്കില്‍ വെള്ളം നിറയ്ക്കുന്നു. ഞങ്ങള്‍ അവിടെ പോയി, മാവില കൊണ്ട് പല്ലു തേച്ച് മുഖം കഴുകി വന്നു. ടോയിലറ്റിലേയ്ക്ക് ഇപ്പോള്‍ പോക്കു നടക്കില്ല.

ഏഴുമണിയായിക്കാണും, പുറത്തെ വലിയ വരാന്തയിലേയ്ക്ക് വലിയ പാത്രങ്ങള്‍ ചുമന്നു കൊണ്ട് കുറച്ചു പേര്‍ എത്തി.

“ചേട്ടാ ചായയും ചപ്പാത്തിയുമാണ്. പോയി മേടിച്ചോ..”

രാമന്‍ ഞങ്ങളോടു വിളിച്ചു പറഞ്ഞു. ഓഹോ, ചപ്പാത്തിയാണോ? ജയിലാഹാരത്തെ പറ്റി പറയുന്നത് “ഗോതമ്പുണ്ട” എന്നാണല്ലോ..! ഹായ്... .ചപ്പാത്തി എനിയ്ക്കു വലിയ ഇഷ്ടമാണ്. വീട്ടില്‍ മിക്കവാറും ഗോതമ്പ് മേടിച്ച് പൊടിപ്പിയ്ക്കാറുണ്ട് ചപ്പാത്തി ഉണ്ടാക്കാന്‍.ഞാനും സുകുമാരനും പ്ലേറ്റും ഗ്ലാസുമെടുത്ത് അങ്ങോട്ടേയ്ക്ക് ചെന്നു. തിരക്കല്പം ഒഴിഞ്ഞ് ഞങ്ങളുടെ ഊഴമായി. ഞാന്‍ പ്ലേറ്റ് നീട്ടി....

ഉദ്ദേശം ഒരടിയോളം വ്യാസമുള്ള, അര സെന്റിമീറ്റര്‍ കനമുള്ള രണ്ടു “ചപ്പാത്തി”കള്‍ പ്ലേറ്റിലേയ്ക്കു വീണു. പുറകേ ബ്രൌണ്‍ നിറമുള്ള ഒരു ദ്രാവകം. അതില്‍ നാലോ അഞ്ചോ കടല അങ്ങിങ്ങായി കിടക്കുന്നു. പിന്നെ ഒരു കെറ്റിലില്‍ നിന്നും ചായ പോലെ തോന്നിക്കുന്ന എന്തോ ഒന്നു സ്റ്റീല്‍ ഗ്ലാസിലും ഒഴിച്ചു തന്നു. അതും നോക്കി കൂടുതല്‍ അന്തം വിട്ടു നില്‍ക്കാന്‍ പറ്റില്ല, പുറകില്‍ ആളുണ്ട്. കിട്ടിയതുമായി ഞങ്ങള്‍ കിടപ്പാടത്തെത്തി.

“ചപ്പാത്തി”യ്ക്ക് നല്ല ഇരുണ്ട നിറമാണ്. ഗോതമ്പിന്റെ ഉമി പോലെ എന്തോ ആകെ പറ്റിയിരിയ്ക്കുന്നു. “ചായ“ കുടിച്ചു നോക്കി. വീട്ടില്‍ ചായവെച്ചു കഴിഞ്ഞ് കലത്തില്‍ വെള്ളമൊഴിച്ചു വയ്ക്കാറില്ലേ, അതു തന്നെ സാധനം. എന്തൊരു ടേസ്റ്റ്! എന്തായാലും ചെറിയ ചൂടുണ്ട്.  വിശപ്പുള്ളതിനാല്‍ ഒന്നിനും വലിയ അരുചിയൊന്നും തോന്നിയില്ല. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു “ചപ്പാത്തി”യിലധികം പോയില്ല.

“ബ്രേക്ക്ഫാസ്റ്റി“നു ശേഷം ബ്ലോക്ക് പരിസരമൊക്കെ ഒന്നു ചുറ്റിക്കാണാന്‍ ഞാനും സുകുമാരനും തീരുമാനിച്ചു. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഇരിയ്ക്കാനായി സിമന്റുകൊണ്ട് ബഞ്ചുകള്‍ ഉണ്ട്, ഒന്നോ രണ്ടോ എണ്ണം. കൂടാതെ ഒരു തട്ടും ചുറ്റിനും നാലുപേര്‍ക്കിരിയ്ക്കാനുള്ള സിമന്റു ബ്ലോക്കും. തട്ടിന്മേല്‍ ഒരു ക്യാരംസ് ബോര്‍ഡുണ്ട്. പ്രായമായ ചിലരൊക്കെ അവിടവിടെ ഇരിയ്ക്കുന്നു. എല്ലാം വിഷാദച്ഛവിയുള്ള മുഖങ്ങള്‍. ഇവരൊക്കെ കുറ്റവാളികളാണെന്ന് വിശ്വസിയ്ക്കാനാവുന്നില്ലല്ലോ? നമ്മളൊക്കെ എപ്പോഴും എവിടെ വച്ചും കാണുന്ന സാധാരണ മനുഷ്യര്‍. പലരും ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കിയതേ ഇല്ല. അറിയാതെയെങ്ങാനും കണ്ണുടക്കിയാല്‍ ഉടനെ പിന്‍‌വലിച്ചു കളയുന്നു. ഞങ്ങള്‍ താല്‍ക്കാലിക സന്ദര്‍ശകരാണെന്ന് അവര്‍ക്കറിയാം.

 ഞങ്ങള്‍ മുറ്റത്തു നിന്നും താഴെ ഭാഗത്തേയ്ക്കു നടന്നു. ഹാ..അതാ രണ്ട് കൂട്ടുപ്രതികള്‍ ഇളം വെയിലും കൊണ്ടിരിയ്ക്കുന്നു! തലയിലും ശരീരത്തുമൊക്കെ എണ്ണ തേച്ചു പിടിപ്പിച്ചിരിയ്ക്കുന്നു..! ഈ പുള്ളികളെ ഞങ്ങളെയൊക്കെ പിടിയ്ക്കുന്നതിനു മുന്‍പേ പിടിച്ചതാണ്. (ഭാഗം-1 ല്‍ ഇവരുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്). ഞങ്ങളെ കണ്ടപ്പോള്‍ വളരെ സന്തോഷമായി. അവര്‍ ഓരോരോ ജയില്‍ വിശേഷങ്ങള്‍ പറഞ്ഞു തന്നു. ഞങ്ങള്‍ കിടക്കുന്നത് രണ്ടാം ബ്ലോക്കിലാണ് എന്ന് മനസ്സിലായി.   ജയിലില്‍ കിടക്കുന്നതിന്റേതായ ഒരു വിഷമവും അവരുടെ മുഖത്തു കണ്ടില്ല. ഇപ്പോള്‍ ഏതാണ്ട് എട്ടോ പത്തോ ദിവസമായിക്കാണുമല്ലോ. ഒരാള്‍ ചെത്തുകാരനും മറ്റേയാള്‍ കൂലിപ്പണിക്കാരനും ആണ്. മനുഷ്യരങ്ങനെയാണല്ലോ, എവിടവുമായും പൊരുത്തപ്പെടുന്നതു വരെയേ ഉള്ളൂ വിഷാദം.

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഏതാണ്ട് രണ്ടു മണിക്കൂര്‍ ആയതോടെ വയറ്റില്‍ നല്ല വേദന..! ഞാന്‍ വയറും തിരുമ്മി കുറെ നേരം  ഇരുന്നു. രക്ഷയില്ല. പിന്നെ നേരെ ടോയിലറ്റിലേയ്ക്കോടി. അല്പം അകലെയാണത്. അരയാള്‍ ഉയരത്തിലുള്ള മറയേ ഉള്ളു. ഇപ്പോള്‍ തിരക്കൊന്നുമില്ല.

ഞാന്‍ തിരികെ പോകുമ്പോള്‍ സുകുമാരനും വയറും തിരുമ്മി വരുന്നുണ്ട്. വേദന തന്നെ..! ഞങ്ങളുടെ മിക്ക കൂട്ടുപ്രതികളും ഇതേ വേദന അനുഭവിച്ചു. പിന്നീട് കാര്യം മനസ്സിലായി. “ചപ്പാത്തി” പറ്റിച്ച പണിയാണ്. അതിന്മേലുള്ള പൊടി (ഉമി) നന്നായി തട്ടിക്കളഞ്ഞ ശേഷമേ അതു തിന്നാന്‍ പാടുള്ളു പോലും!

ഞങ്ങള്‍ വീണ്ടും ഹാളിലേക്ക് പോയി. സഖാക്കള്‍ പലരും കൂട്ടം കൂടിയിരിയ്ക്കുന്നു. മിക്കവരുടെയും മുഖത്ത് വല്ലാത്ത നിരാശയും മ്ലാനതയുമാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലല്ലോ ! എന്നും രാവിലെ രയറോത്തെ ചായക്കടകളില്‍ നിന്നും ചായയോടൊപ്പം രണ്ടോ മൂന്നോ പത്രങ്ങളും വായിയ്ക്കുന്നവര്‍, റേഡിയോയില്‍ വാര്‍ത്ത കേള്‍ക്കുന്നവര്‍ (ടി.വി. ആയിവരുന്നതേയുള്ളു), അത്യാവശ്യം രാഷ്ട്രീയം പറയുന്നവര്‍, റബ്ബര്‍ ടാപ്പു ചെയൂന്നവര്‍, പശുവിനെ കറന്നു മില്‍മയില്‍ പാലളക്കുന്നവര്‍, മറ്റു ജോലികള്‍ക്കു പോകുന്നവര്‍ അങ്ങനെ വിവിധ ദിനചര്യകളുള്ളവരാണ് എല്ലാവരും. അതിന്റെ ആ ഒരു താളത്തിലാണ് അവരുടെ ഓരോ ദിനവും വരുന്നതും പോകുന്നതും. നമുക്ക്  എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അത് നമ്മളെ എപ്പോഴും ഉത്സാഹഭരിതരായി നിലനിര്‍ത്തും. മനസ്സിന് ചലനോര്‍ജം നല്‍കും. ചുറ്റുപാടുകളില്‍ നിന്നും, മനസ്സ് എന്തിലേയ്ക്കെങ്കിലും കേന്ദ്രീകരിയ്ക്കുമ്പോള്‍ വിരസത നമ്മെ വിട്ടുപോകും. ഇവിടെയിതാ, ഞങ്ങള്‍ ഒന്നും  ചെയ്യാനില്ലാതെ  നിസ്സഹായതയിലേയ്ക്കു വലിച്ചെറിയപ്പെട്ടിരിയ്ക്കുന്നു..

അപരിചിതരായ ഒട്ടേറെ ആള്‍ക്കാര്‍കിടയില്‍ -കുറ്റവാളികള്‍ക്കിടയില്‍ ‌‌- എങ്ങനെ കഴിച്ചു കൂട്ടും? ഇവരുടെയൊക്കെ  പ്രതികരണം എങ്ങനെയാവും ? എന്നാണിനി ഇവിടെ നിന്നൊന്നു രക്ഷപെടുക? ഈ ആശങ്കകളാണ് എല്ലാവര്‍ക്കും. മുതിര്‍ന്നവര്‍ അത്ര പരസ്യമായി പറഞ്ഞില്ലെങ്കിലും ആ മുഖങ്ങളില്‍ നിന്നും അതു വായിച്ചെടുക്കാം. എല്ലാവരുടെയും ആകാംക്ഷ എന്നാണു ജാമ്യം കിട്ടുക എന്നതു മാത്രമാണ്. പുറത്ത് പാര്‍ട്ടി അക്കാര്യങ്ങള്‍ നീക്കുന്നുണ്ട് എന്നാണറിവ്.

ഇതിനിടയില്‍ മറ്റു ചില സഖാക്കള്‍ പരിചയപെടാനെത്തി. പലരും പല പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍. ഒരിയ്ക്കലും കണ്ടിട്ടില്ലാത്തവര്‍. എങ്കിലും ഒരേ തൂവല്‍ പക്ഷികളാണന്നറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സാഹോദര്യം തോന്നും. പരസ്പരം ചെയ്ത “കുറ്റങ്ങള്‍” പറഞ്ഞ് ചിരിയ്ക്കും. പലരും നല്ല വിദ്യാഭ്യാസമുള്ളവരും തൊഴിലെടുക്കുന്നവരുമൊക്കെയാണ്.
ഒരു പഞ്ചായത്ത് പ്രസിഡണ്ട്, സഹകരണ ബാങ്ക് സെക്രട്ടറി, അധ്യാപകന്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ചുമട്ടുകാര്‍ അങ്ങനെ പലരുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ക്കൊക്ക പലപ്രാവശ്യത്തെ മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാല്‍ അത്ര വലിയ ആശങ്കയൊന്നുമില്ല.

അങ്ങനെ കുറച്ചു നേരം പോയി. പിന്നെ ഞാനും സുകുമാരനും കൂടി ടാങ്കില്‍ നിന്നും വെള്ളം കോരി കുളിച്ചു. അതു കഴിഞ്ഞപ്പോള്‍ കുറച്ചൊരുന്മേഷം കിട്ടി. തിരികെയെത്തി അല്പസമയം കഴിഞ്ഞു; അതാ വീണ്ടും വലിയ കുട്ടകവും ചുമന്ന് ആള്‍ക്കാര്‍ വരുന്നു..!

 ഉച്ചഭക്ഷണം എത്തി. വലിയ ക്യൂ. ഞങ്ങള്‍ പ്ലേറ്റുമായി വരിയില്‍ നിന്നു. നല്ല റേഷന്‍ അരി ചോറാണ്. പഴയ സ്റ്റീല്‍ ടിഫിന്‍ കാരിയര്‍ കണ്ടിട്ടില്ലേ? അതിന്റെ ചുവട്ടിലെ വലിയ തട്ടിന് കണക്കായ വലിപ്പത്തില്‍ വൃത്താകൃതിയിലുള്ള, അമര്‍ത്തിയെടുത്ത ഒരു “കട്ട“ ചോറ്. ശരിയ്ക്കും ഒരാള്‍ക്ക് മിച്ചം കഴിയ്ക്കാം. ചോറിനൊപ്പം സാമ്പാര്‍ എന്നു വിളിയ്ക്കപെടുന്ന ദ്രാവകം. അതില്‍ എന്തൊക്കെയോ ഒന്നു രണ്ടു കഷണങ്ങള്‍ കിടക്കുന്നു. അപൂര്‍വമായി പാറ്റയും കിട്ടാറുണ്ടത്രേ !

(ഇപ്പറഞ്ഞതു വെച്ച് ജയില്‍ കറി എപ്പൊഴും മോശമാണെന്നു കരുതണ്ട. ചില ദിവസങ്ങളില്‍ നല്ല ഒന്നാന്തരം കറി തന്നെ കിട്ടും. അതു പോലെ ഓരോ ദിവസവും കറികള്‍ മാറി മാറി വരും. ആഴ്ചയിലൊന്ന് ഇറച്ചി, മീന്‍, ഉണക്ക മീന്‍ ഇവയുമുണ്ട്, ഒക്കെ പേരിനു മാത്രമാണേ. എന്നാല്‍ ഒരു ദിവസം പുഴുക്കു കറി കഴിച്ചിരുന്നു. ജയിലില്‍ തന്നെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടുള്ളത്. അതിന്റെ രുചി ഇന്നും നാവിലുണ്ട്.)

ഉച്ചയൂണു കഴിഞ്ഞ് ചെറിയൊരു ഉറക്കം നടത്തി. മൂന്നു മണിയായപ്പോള്‍ വീണ്ടും സൈറണ്‍ മുഴങ്ങി. ചിലരൊക്കെ തട്ടിക്കുടഞ്ഞെഴുനേറ്റു. കൂടെ ഞങ്ങളും. ഇനി ഒരു മണിക്കൂര്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുമത്രേ..! അതായത്  ബ്ലോക്കിന്റെ വേലി ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് തുറന്നു കിട്ടും. ഈ സമയത്ത് കാന്റീനില്‍ പോകാം, അത്യാവശ്യം എന്തെങ്കിലും മേടിയ്ക്കണമെങ്കില്‍ ആവാം. സെന്‍ട്രല്‍ ടവറില്‍ റേഡിയോ ഉണ്ട് അതു കേള്‍ക്കാം. പിന്നെ വേണമെങ്കില്‍ മറ്റു ബ്ലോക്കുകളും സന്ദര്‍ശിയ്ക്കാം.

കിട്ടിയ അവസരം ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അഞ്ചാറു പേര്‍ ബ്ലോക്കിനു വെളിയില്‍ വന്നു. സെ‌ന്‍ട്രല്‍ ടവര്‍ കണ്ടു. നല്ല ഉഗ്രന്‍ കെട്ടിടം. ചുറ്റിലും രണ്ടടി ഉയരമുള്ള ചെറുമതില്‍. അതില്‍ ചിലരൊക്കെ ഇരിയ്ക്കുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഒരു കോളാമ്പി കാണാം. അതു വഴി റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നുണ്ട്.

ടവര്‍ മുറ്റത്തുകൂടി മറുവശത്തേയ്ക്കു നടന്നു. അവിടെ മറ്റൊരു ബോക്കിലേക്കു പ്രവേശിയ്ക്കാം. ഈ ഭാഗത്താണ് കാന്റീന്‍. അവിടെ തന്നെ, തടി അറുക്കുന്ന സ്ഥലം, ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന സ്ഥലം, അടുക്കള, ചില ഓഫീസുകള്‍ ഇവയെല്ലാമുണ്ട്. ഇവിടെയെല്ലാം ജോലി ചെയ്യുന്നത് തടവുകാരാണ്. തടവുകാരില്‍ നല്ല വിദ്യാഭ്യാസമുള്ളവരുമുണ്ട്. അവര്‍ക്കൊക്കെ അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടും. കുറ്റവാസനയില്ലാത്ത, മര്യാദക്കാരായ തടവുകാര്‍ക്കേ ഇതൊക്കെ ലഭിയ്ക്കൂ.

കാന്റീനില്‍ നല്ല തിരക്കാണ്. ചായ, ബോണ്ട (ഉണ്ടം പൊരി), പഴം പൊരിച്ചത് അങ്ങനെയുള്ള “കടി”കള്‍, ബീഡി, അച്ചാര്‍, പല്പൊടി, പേസ്റ്റ്, തുവര്‍ത്ത് ഇങ്ങനെയുള്ള പലവസ്തുക്കളും അവിടെ കിട്ടും. പുറത്ത് ചായയ്ക്ക് ഒന്നര രൂപാ വിലയുള്ളപ്പോള്‍ ജയില്‍ കാന്റീനില്‍ അന്‍പതു പൈസയാണ്. കടികള്‍ക്കും അതേ വില തന്നെ. എന്നാല്‍ ബീഡി, അച്ചാര്‍ അങ്ങനെയുള്ള പുറം സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം. അന്ന് ഒരു ജയില്‍ പുള്ളിയ്ക്ക് ദിവസകൂലി കേവലം നാലര രൂപയാണ്. പുറത്ത് കൂലി അന്‍പതു മുതല്‍ അറുപതു രൂപ വരെ. (ഇപ്പോള്‍ ജയിലിലെ കൂലി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട് ). കാന്റീനില്‍ ഒരാള്‍ക്ക് ഒരു മാസം ചിലവാക്കാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. പരമാവധി അറുപതു രൂപാ മാത്രം.

തിരക്കിനിടയില്‍ കൂടി ഞങ്ങള്‍ ഓരോ ചായയും കടിയും പല്‍പ്പൊടിയും മേടിച്ചു. (പുറത്തു നിന്നും മേടിച്ച നമ്പൂതിരിപ്പൊടി ജയില്‍ കവാടത്തില്‍ മേടിച്ചു വച്ചിരുന്നല്ലോ). ചായയും കടിയും ഒന്നാംതരം. അതും കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരു മധ്യ വയസ്ക്കന്‍ ചിരിച്ചു കൊണ്ടു വന്നു. നല്ല കുലീനത്വം തുളുമ്പുന്ന മുഖഭാവം. ജയില്‍ വസ്ത്രങ്ങളാണ് വേഷം. ഞങ്ങളോടൊപ്പമുള്ള മൂത്ത സഖാക്കളെല്ലാം കക്ഷിയുടെ പരിചയക്കാരാണല്ലോ !. അവര്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞു. തിരിച്ചു നടക്കുമ്പോള്‍ അതാരാണെന്നു ഞാന്‍ അന്വേഷിച്ചു.

രയറോത്തിന്റെ അടുത്ത പ്രദേശമായ തേര്‍ത്തല്ലി സ്വദേശിയാണയാള്‍. നല്ല സാമ്പത്തികമുള്ള, വിദ്യാഭ്യാസമുള്ള വ്യക്തി. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മണ്ഡലം നേതാവായിരുന്നു. ഒരു കൊലപാതകവുമായി ബന്ധപെട്ട് ജീവപര്യന്തം തടവു ശിക്ഷ അനുഭവിയ്ക്കുകയാണ്. ഇനിയും മൂന്നോ നാലോ വര്‍ഷങ്ങള്‍ ബാക്കിയുണ്ട് പുറത്തിറങ്ങാന്‍. ഇവിടെ അക്കൌണ്ട് സെക്ഷനില്‍ ജോലിയെടുക്കുകയാണ്.

കാന്റീന്‍ കെട്ടിടത്തിലെ സൈഡില്‍ കനത്ത ഇരുമ്പു വേലിയണ്. അതിനുള്ളില്‍ നീളത്തില്‍ കുറച്ചു എടുപ്പുകള്‍. അവയാണ് “കണ്ടെംഡ് സെല്ലുകള്‍“. വധശിക്ഷയ്ക്ക് വിധിക്കപെട്ടവരേയും കൊടും കുറ്റവാളികളെയും ജയിലില്‍ അതിക്രമം കാണിയ്ക്കുന്നവരേയുമൊക്കെയാണ് അതില്‍ ഇടുന്നത്. ശരിയ്ക്കും ഏകാന്ത തടവാണവിടെ. ഓരോന്നും ഓരോ ചെറിയ സെല്ലുകള്‍. അവിടെ പോയി കാണണമെന്നുണ്ടെങ്കിലും അങ്ങോട്ടേയ്ക്ക് പ്രവേശനമില്ല.  അതിനുമപ്പുറത്താണ് വധശിക്ഷ നടപ്പാക്കുന്ന തൂക്കുമുറി. തടവുകാരനായിട്ടല്ലായിരുന്നു ചെന്നതെങ്കില്‍ ഒരു പക്ഷെ അതൊക്കെ പോയി കാണാമായിരുന്നു.

നാലുമണിയോടെ സൈറണ്‍ മുഴങ്ങി. തിരിച്ച് ബ്ലോക്കിലെത്തി. ഗേറ്റ് പൂട്ടപെടുകയും ചെയ്തു. അഞ്ചുമണിയായപ്പോള്‍ വീണ്ടും ഭക്ഷണമെത്തി. രാത്രിയിലേയ്ക്കുള്ള ചോറും കറിയും. ക്യൂ നിന്ന് മേടിച്ചു.  ഇപ്പോഴേ ആരും തന്നെ കഴിയ്ക്കില്ല. ഏഴുമണിയെങ്കിലും ആവണം.

ആറുമണിയായതോടെ വീണ്ടും സൈറണ്‍. എല്ലാവരും ഹാളിനകത്തു കയറി. ഗാര്‍ഡുമാര്‍ വാതില്‍ പൂട്ടി, എന്നിട്ട് പുറത്ത് കാത്തു നിന്നു.
അകത്ത് അതാ രാവിലത്തെ അലര്‍ച്ച..!

“ഫയലേ..ഫയല്‍. ..കോണ്‍ ഫയല്‍..”

എല്ലാം കൂടി രാവിലത്തെ മാതിരി കുന്തിച്ചിരുന്നു. വീണ്ടും മേസ്ത്രിയും സഹായിയും എണ്ണി നോക്കി കൃത്യത ഉറപ്പാക്കി. എന്നിട്ട് ആ വിവരം ഗാര്‍ഡുകളെ അറിയിച്ചു. എണ്ണത്തില്‍ തൃപ്തരായി അവര്‍ മടങ്ങി.

പുറത്ത് സന്ധ്യ ആവുന്നതേയുള്ളു. മാവുകളില്‍ നിറയെ കാക്കകളുടെയും മറ്റു പക്ഷികളുടെയും ആരവം. അവരും ചേക്കേറുകയാണല്ലോ ..! അതിനിടയില്‍ കുയിലിന്റെ ശബ്ദവും കേട്ടു. അപ്പോള്‍ എന്തെന്നില്ലാത്ത ഒരു വിഷാദം മനസ്സില്‍ പടര്‍ന്നു കയറി. പുറത്ത് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദം  കേള്‍ക്കുന്നുണ്ട്. എത്രയോ വൈകുന്നേരങ്ങളില്‍ കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേയ്ക്കു പോയിരിയ്ക്കുന്നു. അന്നൊക്കെ പലപ്രാവശ്യം ഈ കനത്ത മതില്‍ കെട്ടിലേയ്ക്ക് അലസമായി നോക്കിയിട്ടുണ്ട്. അതിനുള്ളിലെ പക്ഷികളുടെ ചിലപ്പുകള്‍ കേട്ടിട്ടുമുണ്ട്. അവയൊക്കെ മനസ്സില്‍ ഇരച്ചു വന്നു. ഇവയെല്ലാം എന്റെ ഓര്‍മ്മ ചിന്തുകളില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നോ? തലച്ചോറിലെവിടെയോ ഉറങ്ങിക്കിടന്ന അവ ശക്തിയോടെ ഉണര്‍ന്നെണീറ്റിരിയ്ക്കുകയാണ് ! അതേ, ഇപ്പോള്‍ അവരുടെ സമയമാണല്ലോ..!

ബാബുരാജ് വീണ്ടും എല്ലാവരെയും വി|ളിച്ചു. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകിട്ടും ശീവേലി കഴിയ്ക്കും പോലെ ഇവിടെയുമൊരു ശീവേലിയുണ്ടല്ലോ, മുദ്രാവാക്യം വിളി. പൂര്‍വാധികം ശക്തിയോടെ ആ പരിപാടി അങ്ങു നടത്തി. ഇത്തവണ മറ്റു ചില സഖാക്കന്മാരും കൂടിയിരുന്നു. ബാബുരാജിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടാവാം.

പിന്നെ, കുറേ നേരത്തെ വര്‍ത്തമാനങ്ങള്‍, ഭക്ഷണം, മൂത്രമൊഴിക്കാനുള്ള ഭാഗത്തു തന്നെ പാത്രം കഴുകലും കൈകഴുകലും. അതും കഴിഞ്ഞ് നമ്മുടെ കിടപ്പാടത്ത്, ജമുക്കാളത്തില്‍ നീണ്ടു നിവര്‍ന്നൊരു കിടപ്പ്.

കനത്ത കരിങ്കല്‍ ഭിത്തിയില്‍ വിഷാദം ചുരുളുകളായി ഒളിച്ചിരുന്നു. പരന്നു കിടന്ന നേര്‍ത്ത പുകപടലത്തില്‍ ഏകാന്തത തങ്ങി നില്‍ക്കും പോലെ. അനേകം പേരുടെ ദീര്‍ഘനിശ്വാസങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന മച്ചില്‍ തട്ടി പ്രതിധ്വനിച്ചു.  അപ്പോള്‍ അറിയാതെ മനസ്സ് വീണ്ടും വീട്ടിലേയ്ക്കു പോയി. അവിടെ അകത്തെ മുറിയില്‍, ഉറങ്ങാതെ, വെളിയിലേയ്ക്ക് ചെവിയോര്‍ത്ത്, തേങ്ങുന്ന മനസ്സുമായി അമ്മ..! അടുക്കളയില്‍ ഒരു പാത്രം ചോറ് എനിയ്ക്കായി കാത്തിരിപ്പുണ്ടാവും. നെഞ്ചില്‍ ഉരുണ്ടു വന്ന വിങ്ങല്‍ കടിച്ചമര്‍ത്തി കണ്ണു പൂട്ടി കിടന്നു.

(തുടരും)

Sunday, 5 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 3)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 2) ഇവിടെ വായിയ്ക്കാം

ജയിലിലെ ആദ്യരാത്രി.

പതിനാറുപേരും കയറി കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തോടെ ജയില്‍ വാതില്‍ ഞങ്ങള്‍ക്കു പിന്നില്‍ അടഞ്ഞു. പുറം ലോകത്തു നിന്നും ഞങ്ങള്‍ വേര്‍പിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറം കാഴ്ചകള്‍  ഇനിയെന്നു കാണാനാകുമെന്നറിയില്ല. കനത്ത ശൂന്യത വന്നു പൊതിഞ്ഞ പോലെ തോന്നി. പുറത്തു ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഹോണടിച്ചു പായുന്നതു കേള്‍ക്കാം. ഇത്രയും സമയം അതു ശ്രദ്ധിച്ചിരുന്നതേ ഇല്ല. ആ വാതില്‍ അടഞ്ഞപ്പോഴാണ് ആ ശബ്ദം അവിടെയുണ്ടായിരുന്നു എന്നോര്‍ത്തത്.. ദൃശ്യം നമ്മില്‍ നിന്നും മാറ്റപ്പെടുമ്പോഴാണല്ലോ ശബ്ദത്തില്‍ ഒളിച്ചിരിയ്ക്കുന്ന അര്‍ത്ഥതലങ്ങള്‍ നാം അറിയുന്നത്, അന്ധനായ ഒരു മനുഷ്യന്‍ ശബ്ദത്തിലൂടെ ലോകത്തെ തിരിച്ചറിയുന്ന പോലെ.  ഇതു വരെ കണ്ടിരുന്ന കാഴ്ചകള്‍ ഇനിയില്ല എന്നറിയുമ്പോഴുള്ള നഷ്ടബോധം  വിവരണാതീതമാണ്.

കവാടത്തിന്റെ ഉള്‍ഭാഗത്ത് ചെറിയൊരു ഓഫീസുകെട്ടിടമാണ്. പുതുതായി വരുന്ന തടവുകാരെ ജയിലിലേയ്ക്ക് ഏറ്റുവാങ്ങാനും അവരുടെ കൈയിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുമൊക്കെയുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നതവിടെയാണ്. ഒരു ഉദ്യോഗസ്ഥനും (ജയിലര്‍) മൂന്നാലു ഗാര്‍ഡുമാരും അവിടെയുണ്ട്. ഞങ്ങള്‍ വരിയായി നിന്നു. ഞങ്ങളെ റിമാന്‍ഡു ചെയ്ത കോടതിയുത്തരവും മറ്റു രേഖകളും പോലീസുകാര്‍  ഏല്‍പ്പിച്ചത് ആ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇരുപ്പുണ്ട്. അയാള്‍ ഞങ്ങളെ കണ്ണു കൊണ്ട് എണ്ണി നോക്കി. പിന്നെ ഓരോ ആളെയും പേരു വിളിച്ച് ഉറപ്പു വരുത്തി. തുടര്‍ന്ന്, ഞങ്ങളുടെ കൈയിലുള്ള രൂപ, വാച്ച്, വിലപിടിച്ച മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം അവിടെ ഏല്‍പ്പിയ്ക്കാനാവശ്യപ്പെട്ടു. എല്ലാം തിട്ടപെടുത്തിയ ശേഷം ഒരു അക്കൌണ്ട് നമ്പര്‍ തന്നു. ഈ നമ്പര്‍ ജയില്‍ കാന്റീനിലും മറ്റും ഉപയോഗിച്ച് അത്യാവശ്യ സാധനങ്ങള്‍ മേടിയ്ക്കാം മതിയായ രൂപാ അക്കൌണ്ടിലുണ്ടെങ്കില്‍ . നമ്മുടെ വസ്തുക്കള്‍ അവിടെ തന്നെ സൂക്ഷിയ്ക്കും.  പുറത്തിറങ്ങിമ്പോള്‍ ഈ നമ്പര്‍ കാണിച്ചാല്‍ അവയെല്ലാം തിരിച്ചു കിട്ടും.

പതിനാറുപേരെയും ജയിലില്‍ “സ്വീകരിച്ചു” കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി തുടങ്ങി. ആശ്വാസമായി. “നടയടി“യൊന്നും ഉണ്ടായില്ല. ഞങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. അപ്പോഴാണ് ജയില്‍ കവാടം തുറന്ന് ഒരു യുവാവിനെ കൊണ്ടു വന്നത്. ഈ സമയത്ത് സാധാരണ തടവുകാരെ സ്വീകരിയ്ക്കാറില്ലങ്കിലും എന്തു കൊണ്ടോ അവനെ കൊണ്ടു വന്നു. ഒരു മെല്ലിച്ച, ഇരുപതോ ഇരുപത്തി രണ്ടോ വയസ്സു വരുന്ന പയ്യന്‍.  കൌതുകം കൊണ്ട് നടപ്പിനിടയില്‍ തിരിഞ്ഞ് അവനെ നോക്കി. പേടിച്ചാണ് നില്‍പ്പ്.

“അഴിയ്ക്കെടാ മുണ്ടും ഷര്‍ട്ടും..”

ഗാര്‍ഡുമാരിലൊരാള്‍ അലറി. അവന്‍ വിറച്ചു കൊണ്ട് ഷര്‍ട്ടും ഉടുമുണ്ടും അഴിച്ചു കൈയില്‍ പിടിച്ചു. വെറും ഷഡ്ഡിയിലാണു നില്‍ക്കുന്നത്. പിന്നെ കണ്ട കാഴ്ച, ഒരു ഗാര്‍ഡ് അവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ടു തള്ളിക്കൊണ്ടു പോകുന്നതാണ്. ഞെട്ടലോടെ ഞാന്‍ കണ്ണുകള്‍ പിന്‍‌വലിച്ച് വേഗം നടക്കാനാരംഭിച്ചു. പിന്നില്‍ നിന്നും “പടേ..പടേ”ന്നു അടിയുടെ ശബ്ദം! എന്താണു "നടയടി"യെന്നു മനസ്സിലായി. ഇവിടെ മറ്റൊരു സാഹചര്യത്തിലാണ് എത്തിപ്പെട്ടെതെങ്കില്‍ ഉറപ്പായും കിട്ടിയേനെ..!

കവാടത്തില്‍ നിന്നു നോക്കുമ്പോള്‍ ഇരുനൂറുമീറ്ററോളം അകലെ (ദൂരമൊക്കെ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ്, അത്ര കൃത്യമായിരിയ്ക്കണമെന്നില്ല ) ഉയര്‍ന്നു നില്‍ക്കുന്ന വലിയൊരു ടവര്‍ -കെട്ടിടം- കാണാം. അവിടെ നിന്നും പത്തോ ഇരുപതോ മീറ്റര്‍ താഴെയാണ് നാം നില്‍ക്കുന്നത്. അതായത് ടവറിനടുത്തേയ്ക്ക്  പോകുംതോറും കയറ്റമാണ്. പതിനഞ്ചു മീറ്ററോളം വിസ്താരമുള്ള ചരല്‍ വിരിച്ച വഴിയാണ്  ടവറിനടുത്തേയ്ക്ക്. വഴിയ്ക്കിരുവശവും അലങ്കാര ചെടികള്‍. സമയം ഒരു വിധം ഇരുട്ടി തുടങ്ങി. ഞങ്ങള്‍ പതിനാറു പേരും ഒരു വരിയായി, നിശബ്ദരായി  മുന്നോട്ട് നടന്നു. ഒരു ഗാര്‍ഡ് ഞങ്ങളെ അനുഗമിക്കുന്നുണ്ട്. അയാള്‍ പറഞ്ഞറിഞ്ഞു, ആ നടയടി മേടിച്ച പയ്യന്‍ ഒരു വിഗ്രഹമോഷണ കേസിലാണ് വന്നതെന്ന്. മോഷണം‍, ബലാത്സംഗം-പെണ്ണു കേസ് ഇവയിലുള്ളവരൊക്കെ ജയിലിലെത്തിയാല്‍ ഇടിച്ചു “കലക്കു”മത്രേ ! എന്നാല്‍ രാഷ്ട്രീയ കേസുകള്‍, കൊലക്കേസുകള്‍ എന്നിവയോട് ആ സമീപനമില്ല.

ഞങ്ങള്‍ ടവറിനടുത്തെത്തി. ഇരുട്ടു കാരണം അത്ര വ്യക്തമല്ലെങ്കിലും വളരെ വലുപ്പമുള്ള, വൃത്താകൃതിയുള്ള ഒരു കെട്ടിടമാണതെന്നു മനസ്സിലായി. “സെന്‍‌ട്രല്‍ ടവര്‍“ എന്നാണറിയപ്പെടുന്നത്. ജയിലിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് അതിന്റെ സ്ഥാനം. അതിന്റെ മുകളില്‍ നിന്നാല്‍ ജയില്‍ പരിസരം മൊത്തം കാണാമത്രെ. നിരീക്ഷണോദ്ദേശത്തിലാണിത് നിര്‍മിച്ചിരിയ്ക്കുന്നത്.  ടവര്‍ കെട്ടിടത്തിന്റെ താഴെ നില സ്റ്റോര്‍ റൂം ഉണ്ടെന്നു തോന്നുന്നു. ഞങ്ങള്‍ ചെല്ലുന്നതും കാത്ത് രണ്ടു ഗാര്‍ഡുകള്‍ ടവര്‍ കെട്ടിടത്തിന്റെ വരാന്തയില്‍ നില്‍പ്പുണ്ട്. അവര്‍  ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഒരു കട്ടി ജമുക്കാളം (ചവക്കാളം), ഒരു അലുമിനിയ പ്ലേറ്റ്, ഒരു സ്റ്റീല്‍ ഗ്ലാസ് എന്നിവ തന്നു. ജമുക്കാളം എന്നാല്‍ മുക്കാല്‍ സെന്റിമീറ്റര്‍  കട്ടിയുള്ള ഒരു ബെഡ് ഷീറ്റെന്നു പറയാം. പായയ്ക്കു പകരം അതു  വിരിച്ചാണ് കിടന്നുറങ്ങേണ്ടത്. നാട്ടില്‍ കൂടി, കക്ഷത്തില്‍ ഒരു ബാഗും തിരുകി നാട്ടുകാരുടെയും പാര്‍ട്ടിക്കാരുടെയും ബഹുമാന്യ നേതാവായി നടന്ന ബേബിച്ചേട്ടന്‍ കക്ഷത്തില്‍ ജമുക്കാളം അമര്‍ത്തിപ്പിടിച്ച് അലുമിനിയപാത്രവും ഗ്ലാസുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ സത്യമായും ചിരി വന്നു പോയി. ഇവിടെ എല്ലാവരും സമന്മാരാണല്ലോ..!

വൃത്താകാരമായ സെന്‍‌ട്രല്‍ ടവറിനു ചുറ്റും പത്തു മീറ്ററോളം വരുന്ന മുറ്റമുണ്ട്. മുറ്റത്തിനതിരിട്ട് ചുറ്റും അഞ്ചടി പൊക്കമുള്ള കറുത്ത ഇരുമ്പു വേലി. ഈ ഇരുമ്പു വേലിക്കപ്പുറം വലിയ നെടും നീളമുള്ള കെട്ടിടങ്ങളാണ്. കരിങ്കല്ല് കെട്ടി കറുത്ത ചായമടിച്ചത്.  ഓരോ കെട്ടിടവും ഒരു ബ്ലോക്കാണ്. ഇങ്ങനെ ഒന്‍പതു ബ്ലോക്കുണ്ടെന്നാണ് അറിഞ്ഞത്. എല്ലാ ബ്ലോക്കിന്റെയും വേലി തുറക്കുന്നത് സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തേയ്ക്കാണ്.

സമയം നന്നേ ഇരുട്ടിയിരിയ്ക്കുന്നു. അപ്പോഴാണ് ആരോ പറഞ്ഞത്, ഞങ്ങളുടെ നാട്ടുകാരനായ ഒരു യുവാവ് ഇവിടെയുണ്ടെന്ന്. അവനെ നമുക്കു രാമന്‍ എന്നു വിളിയ്ക്കാം. ഒരു കൊലകേസില്‍ പിടിയിലായതാണ്. അഞ്ചാറുപേര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിട്ട്, എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ ഒരുത്തനെ തല്ലി. അവന്‍ ചത്തു പോകുകയും ചെയ്തു. ഈ സംഭവം മറ്റെവിടെയോ ആണ് നടന്നത്. രാമന് ഞങ്ങളെയും ഞങ്ങള്‍ക്ക് രാമനെയും നല്ല പരിചയമുണ്ട്.

അങ്ങനെ അതും പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ഗാര്‍ഡ്  വിളിച്ചു പറഞ്ഞു; കൂടെ ചെല്ലാന്‍. ഞങ്ങള്‍, പുതുതായി കിട്ടിയ ജംഗമവസ്തുക്കളുമായി അയാളുടെ പുറകെ ചെന്നു. ഒപ്പം വേറേ രണ്ടു ഗാര്‍ഡുകളും. അയാള്‍ ഒരു ബ്ലോക്കിന്റെ വേലി തുറന്നു. മുന്നില്‍ നല്ല ഇരുട്ട്. വേലിയ്ക്കല്‍ നിന്നും പത്തു മീറ്ററോളം മുന്‍പിലായി ഇറക്കത്തില്‍ കൂറ്റന്‍ ഓട്ടു കെട്ടിടം. രണ്ടു നിലയുടെ ഉയരമുണ്ട് ഭിത്തികള്‍ക്ക്. മുകളില്‍ വലിയ വെന്റിലേറ്ററുകള്‍. അതില്‍ കൂടി നേരിയ വെളിച്ചം കാണാം. പിന്നെ, തേനീച്ചകൂട്ടില്‍ നിന്നെന്ന പോലെ ഒരിരമ്പലും.

ഗാര്‍ഡുകളുടെ  കൈയിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കെട്ടിടത്തിലേയ്ക്കു നടന്നു. താഴേയ്ക്ക് നല്ല നീളമുണ്ട് കെട്ടിടത്തിന്. അല്പം ഉയര്‍ന്ന നല്ല വീതിയുള്ള  വരാന്ത നെടുനീളത്തില്‍. ഞങ്ങള്‍ അങ്ങോട്ടു കയറി. അതേ, അവിടെ വലിയൊരു വാതിലുണ്ട്. നല്ല ബലവത്തായ കനത്ത അഴികളാണ് അതിന്. ഉള്ളിലേക്കു നോക്കിയാല്‍ കാണാം കുറേ പേര്‍ ആകാംക്ഷയോടെ നില്‍ക്കുന്നത്.ഒരു ഗാര്‍ഡ് അഴിയിട്ട വാതിലിന്റെ കനത്ത പൂട്ടുകള്‍ തുറന്നു. ഞങ്ങളെ എണ്ണി നോക്കി ഉള്ളിലേയ്ക്ക് വിട്ടു. എന്നിട്ട് വാതില്‍ വീണ്ടും ഭദ്രമായി പൂട്ടി.

ഏതോ ഒരു വിചിത്ര ലോകത്തെത്തിപ്പെട്ട പ്രതീതി. വളരെ വലിയൊരു ഹാള്‍. കനത്ത തടി കഴുക്കോലുകളും മോന്തായവും. എല്ലത്തിനും നല്ല കറുപ്പു നിറം. ഭിത്തിയ്ക്ക് മങ്ങിയ വെള്ള നിറമാണ്. പണ്ട് ഇവ കറുപ്പായിരുന്നത്രേ. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് വെള്ളയടിയ്ക്കാന്‍ ഉത്തരവിട്ടത്.  ആകെ മങ്ങിയ കുറച്ച് ബള്‍ബുകള്‍ മേല്‍ക്കൂരയില്‍ നിന്നും തൂങ്ങികിടന്നു പ്രകാശിയ്ക്കുന്നു, മഴക്കാലത്തെ ചന്ദ്രനെപോലെ.  പഴക്കം ചെന്നു തുരുമ്പിച്ച ഒന്നു രണ്ടു ഫാനുകള്‍ അരോചകമായ ഒച്ച കേള്‍പ്പിച്ചു കൊണ്ട് തിരിയുന്നുണ്ട്. ഒരീച്ചയ്ക്കു പോലും അതിന്റെ അടുത്തു കൂടെ ധൈര്യമായി പറക്കാം, അത്രയ്ക്കുണ്ട് കറക്കത്തിന്റെ സ്പീഡ്. ഹാളാകെ മൊത്തം ഒരു പുകപടലം തങ്ങി നില്‍ക്കുന്ന പോലെ. അതെല്ലാം പോട്ടെ, അസംഖ്യം മനുഷ്യര്‍ അവിടവിടെ നില്‍ക്കുകയും ഇരിയ്ക്കുകയും ചെയ്യുന്നു. ചിലര്‍ ഞങ്ങളെ തുറിച്ചു നോക്കി. ചിലരാകട്ടെ, ഗൌനിച്ചതേയില്ല. ചിലര്‍ തകൃതിയായി വര്‍ത്തമാനം പറയുകയാണെങ്കില്‍ ചിലര്‍ മൌനമായി മച്ചും നോക്കിയിരിയ്ക്കുന്നു.  ഒരു വല്ലാത്ത ഇരമ്പം ചെവിയില്‍ മുഴങ്ങിക്കൊണ്ടേ ഇരുന്നു. ചെറുപ്പത്തില്‍ കഥകളില്‍ വായിച്ച യമലോകമാണോ ഇത്?

ഈ കെട്ടിടം മുകളില്‍ നിന്നും താഴേയ്ക്ക് ഇറക്കത്തിലായിട്ടാണല്ലോ നിര്‍മാണം. അതു കൊണ്ട് മൂന്നു തട്ടായിട്ടാണ് തറ നിരപ്പ്. ഓരോ നിരപ്പില്‍ നിന്നും അടുത്തതിലേയ്ക്ക് നാലഞ്ചു സ്റ്റെപ്പുകളുണ്ട്. അത്തരമൊരു സ്റ്റെപ്പിന്റെ മുന്നിലാണ് ഞങ്ങള്‍. മുകളിലേയ്ക്കു പോകാം എന്നു കരുതി ഞങ്ങള്‍ സ്റ്റെപ്പു കയറി.

മുകളിലെത്തുമ്പോഴതാ രാമന്‍ ചിരിച്ചു കൊണ്ട് മുന്നില്‍ ! രാമനും അന്തം വിട്ടുകാണും. നാട്ടിലെ നേതാക്കന്മാരും മാന്യന്മാരുമല്ലേ പ്ലേറ്റും ഗ്ലാസും പിടിച്ച് അവന്റെ മുന്നില്‍.

ആദ്യത്തെ അന്തംവിടലെല്ലാം കഴിഞ്ഞതോടെ രാമന്‍ ഞങ്ങളോട് ലോഹ്യം ചൊദിച്ചു.  അന്നത്തെ സാഹചര്യത്തില്‍ ധാരാളം പാര്‍ട്ടിക്കാര്‍ ജയിലിലേയ്ക്കു വരുന്നതിനാല്‍ ഞങ്ങള്‍ അവിടെ എത്തിയതിനെ കുറിച്ച് അവനും അത്ര വലിയ പ്രത്യേകത തോന്നാന്‍ വഴിയില്ല. തറയില്‍ ഇരു വശത്തും നിര നിരയായി ഒരു കട്ടിലിന്റെ രൂപത്തിലുള്ള സിമന്റു ബ്ലോക്കുകള്‍ പണിതിട്ടിട്ടുണ്ട്. “യാത്ര“ സിനിമയിലൊക്കെ കണ്ടിട്ടുണ്ടല്ലൊ അതു തന്നെ. നിലവില്‍ ഈ ബ്ലോക്കുകള്‍ ഒന്നും ഒഴിവില്ല. തറ തന്നെ ശരണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രി പോലെ. അപ്പോള്‍ രാമന്‍ വിളിച്ചൂ:

“വാ.. അവിടെ വലിയ കുഴപ്പമില്ലാത്ത സ്ഥലമുണ്ട്.”

അവന്‍ പറഞ്ഞ ഭാഗത്തേയ്ക്കു ഞങ്ങള്‍ ചെന്നു. രണ്ടു സിമന്റ് ബ്ലോക്കുകള്‍ക്കിടയില്‍ ഒരു ജമുക്കാളം വിരിയ്ക്കാനുള്ള സൌകര്യമുണ്ട്. അങ്ങനെ വിവിധ ഭാഗത്തായി തറയില്‍ ഞങ്ങളെല്ലാം സ്ഥലം കണ്ടെത്തി ജമുക്കാളം വിരിച്ചു. സര്‍ക്കാര്‍ ഔദാര്യപൂര്‍വം തന്ന പ്ലേറ്റും ഗ്ലാസും തലക്കല്‍ വച്ചു.

സമയം ഏകദേശം രാത്രി ഏഴര ആയിക്കാണും. ഇന്നു വെളുപ്പിനു തുടങ്ങിയ കഷ്ടപ്പാടാണ്. കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി, ലോക്കപ്പില്‍ കുറച്ചു വിശ്രമിച്ചു, കോടതിയില്‍ കയറിയിറങ്ങി, അവസാനം ജയിലിലെത്തി. അറിയാതെ മനസ്സ് വീട്ടിലേയ്ക്കു പോയി. അമ്മ എന്തു ചെയ്യുകയായിരിയ്ക്കും? പോലീസ് പിടിച്ചതൊക്കെ അറിഞ്ഞുകാണും. ഒരു പക്ഷെ ജയിലിലായതും അറിഞ്ഞു കാണും. പാവം വല്ലാതെ വിഷമിയ്ക്കുന്നുണ്ടാവും. ഞാനാണെങ്കില്‍ ഏകപുത്രന്‍. അല്പം രാഷ്ട്രീയമുണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ക്കൊന്നും പോകാറില്ല. നാട്ടില്‍ അങ്ങനെ ചീത്തപേരുമില്ല. ഏതു പാതിരാത്രിയിലും, ഞാന്‍ എത്താതെ, എനിയ്ക്കു ചോറു വിളമ്പി തരാതെ അമ്മ ഉറങ്ങില്ല. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ വീണു വലതുകാല്‍ ഉളുക്കി കിടന്നപ്പോള്‍, അവര്‍ വന്ന് എന്റെ കാല്‍ മടിയില്‍ വച്ച് കുഴമ്പിട്ട് തിരുമ്മിയത് ഓര്‍ത്തു പോയി. ഒരു കൊച്ചു കുട്ടിയോടുള്ള അതേ വാത്സല്യം മനസ്സില്‍ സൂക്ഷിയ്ക്കുന്നു അവര്‍ എപ്പോഴും. ആ എന്റെ ഇപ്പൊഴത്തെ അവസ്ഥ അമ്മയെ എത്രമാത്രം വേദനിപ്പിയ്ക്കുന്നുണ്ടാവും! പൊതുവെ പോലീസ് സ്റ്റേഷന്‍, ജയില്‍ ഇവയൊക്കെ മര്‍ദനത്തിന്റെ പര്യായങ്ങളാണല്ലോ? രാഷ്ട്രീയ പോരാട്ടങ്ങളുടെ വഴിയില്‍ ഇങ്ങനെ എത്ര അമ്മമാരുടെ കണ്ണീര്‍ വീണു കിടപ്പുണ്ട് !

എന്റെ കൂടെ നല്ലൊരു സുഹൃത്തായ സുകുമാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ജമുക്കാളത്തില്‍ കിടക്കാമെന്നു വിചാരിച്ചു. അല്പം പേടിയില്ലാതെയില്ല. ചുറ്റും കുറ്റവാളികളാണ് (?). പലരെയും ഒറ്റനോട്ടം കൊണ്ടു തന്നെ മതിയായി. കറുത്തിരുണ്ട കൂറ്റന്മാര്‍. (കറുപ്പ് നിറം ഭീകരതയുടെ ലക്ഷണമായി ഉദ്ദേശിച്ചല്ല ഇപ്പറഞ്ഞത്, ആ രാത്രിയില്‍ കണ്ടവരെല്ലാം അങ്ങനെ തോന്നിയതു കൊണ്ടു മാത്രമാണ് ). കള്ളനെയും കൊലപാതകിയെയും ബലാത്സംഗക്കരനെയും രാഷ്ട്രീയക്കാരനെയും ഒരേ ഹാളിലാണല്ലോ ഇട്ടിരിയ്ക്കുന്നത്. ഞങ്ങള്‍ ഒരു ജമുക്കാളം വിരിച്ചു, മറ്റേത് ചുരുട്ടി തലയിണയാക്കി വച്ചു. പുതപ്പിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, നല്ല ഉഷ്ണമുണ്ട് ഹാളില്‍. ധാരാളം കൊതുകുകള്‍ മൂളിപറക്കുന്നു. ഒരു സൈഡില്‍ ഭിത്തിയോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ചതുരത്തില്‍ ഒരു ചെറിയ ബണ്ട് കെട്ടിയിരിയ്ക്കുന്നു. അതിനകത്ത് ഒരു റബര്‍ തൊട്ടിയുണ്ട്. അവിടം മൂത്രമൊഴിയ്ക്കാനുള്ള സ്ഥലമാണ് ! അതിന്റെ ഒരു നാറ്റവും ഹാളില്‍ അല്പമുണ്ടായിരുന്നു.

ഞങ്ങള്‍ ഇരിയ്ക്കുന്ന ഭാഗത്തിനു ഇരു വശവുമുള്ള  “കട്ടില്‍ ബ്ലോക്കി“ല്‍ പ്രായമുള്ള രണ്ടു പേരാണ് കിടക്കുന്നത്. അവര്‍ ഞങ്ങളെ ശ്രദ്ധിച്ചേ ഇല്ല. എന്തൊക്കെയോ ആലോചിച്ച് കിടക്കുന്നു. പല “കട്ടിലി”ന്മേലും ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. ഓരോരുത്തരും ഓരോ സംഘമാണെന്നു തോന്നുന്നു.
ഞങ്ങളോടൊപ്പമുള്ളവരെല്ലാം അവിടവിടെയായി തറയില്‍ വിരിവച്ചു കൂടി. കഠിനമായ ക്ഷീണം പലര്‍ക്കുമുണ്ട്.
ഇതിനിടെ രാമന്‍ എല്ലാവരുടെയും അടുത്തു വന്ന് സൌകര്യങ്ങളൊക്കെ തൃപ്തികരമല്ലേ എന്നു പരിശോധിച്ചു.
അവന് സ്വന്തമായി ഒരു “കട്ടില്‍“ ബ്ലോക്കുണ്ട്, ഭാഗ്യവാന്‍!!

 ഞാനും സുകുമാരനും അല്പനേരം മുഖത്തോടു മുഖം നോക്കി. സുകുമാരന്‍ ഏതു ബുദ്ധിമുട്ടിനിടയിലും ചിരിയ്ക്കാന്‍ കഴിയുന്ന ഒരപൂര്‍വ മനുഷ്യനാണ്. ഇവിടെയും പുള്ളി ചിരിച്ചു. ആലക്കോട് ഒരു കടയില്‍ ജോലിചെയ്യുന്നു ആ സാധു. കടയുടെ മുതലാളി, ഒരു പാര്‍ടി അനുഭാവിയുടെ ബന്ധുവാണ്. അതുകൊണ്ട് ബന്ധുവും അയാളുടെ പണിക്കാരനും കേസില്‍ ഉള്‍പ്പെട്ടു! കാശുള്ളതു കൊണ്ട് ബന്ധു എങ്ങനെയൊ കേസില്‍ നിന്നും ഊരിയെടുത്തു, എന്നാല്‍ പണിക്കാരന്‍ കുടുങ്ങി.

 നേരത്തെ പുറത്തു നിന്നും ഭക്ഷണം കഴിച്ചതിനാല്‍ വിശപ്പൊന്നുമില്ല. എന്നാല്‍ ചെറിയ ദാഹമുണ്ട്. എന്തു കാര്യം,  തല്‍ക്കാലം സഹിയ്ക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ? മൂത്രമൊഴിക്കാന്‍ സൈഡില്‍ സൌകര്യമുണ്ട്. എന്നാല്‍ ഹോട്ടല്‍ ഭക്ഷണം വയറ്റില്‍ പിടിയ്ക്കാതെ വല്ല വയറിളക്കവും വന്നാല്‍..?

അങ്ങനെയൊന്നും സംഭവിക്കല്ലേ എന്നു പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കിടന്നു. മുഖത്തും കൈകളിലുമൊക്കെ കൊതുകുകള്‍ മൂളി വന്നിരുന്നു. അതിനെ കൈകൊണ്ട് ആട്ടുമ്പോഴത്തെ കാറ്റില്‍ ഉഷ്ണം അല്പം അടങ്ങി. അങ്ങനെ, അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി...

(തുടരും )

Thursday, 2 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-2)



ജീവവായു കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം സ്വാതന്ത്ര്യമാണ് എന്നത് നമുക്കു ബോധ്യമാകുക അതു നഷ്ടമാകുമ്പോഴാണ്. നിത്യ ജീവിതത്തില്‍ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഒന്നിനും നാം വില കല്പിയ്ക്കാറില്ലല്ലോ! കൂട്ടിലടച്ച ഒരു കിളിക്കുഞ്ഞിന്റെയൊ അണ്ണാന്‍ കുഞ്ഞിന്റെയൊ വിഷമം എന്താണെന്നറിയാന്‍ നാമും അതുപോലൊരവസ്ഥയില്‍ എത്തണം. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്താവുമ്പോള്‍ അടിമത്തം അനുഭവിച്ചറിയുകയാണ്.

പോലീസ് ലോക്കപ്പ് മുറിയുടെ തറയില്‍ ഞങ്ങള്‍ പതിനാറ് പേരും ഇരുന്നു. എന്തെന്നില്ലാത്ത ഒരനിശ്ചിതത്വം ആയിരുന്നു ഞങ്ങള്‍ക്കെല്ലാം. ബേബിച്ചേട്ടന്‍ ഒഴിച്ച് ആരും മുന്‍പ് ഇങ്ങനെയൊരവസ്ഥയില്‍ സ്റ്റേഷനില്‍ വന്നിട്ടില്ല. അദ്ദേഹം ഞങ്ങളുടെ മുഖത്തെ വിഷമം കണ്ട് ആ കഥ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. എഴുപതുകളില്‍ ഒരു സമര രംഗത്ത് എസ്.ഐ. യെ വെട്ടിയ കാര്യവും തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പിടിച്ച് കൊണ്ടുവന്ന് ഇതേ സ്റ്റേഷന്റെ തറയില്‍ കിടത്തി മര്‍ദിച്ച് അവശനാക്കിയ കാര്യവുമെല്ലാം. പൊലീസുകാരെ പ്രകോപിപ്പിയ്ക്കുക എന്ന ആദ്യകാല കമ്യൂണിസ്റ്റ് ശൈലിയില്‍ തന്നെ പറച്ചില്‍.

ഏതായാലും അത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടാവില്ല എന്നാണ് തോന്നുന്നത്.  പോലീസുകാര്‍ ഞങ്ങളെ ശ്രദ്ധിയ്ക്കുന്നു പോലുമില്ല. ഇത്രയും “ക്രിമിനലു”കളെ ഒന്നിച്ചു കിട്ടിയതിന്റെ ഒരു ആവേശവും ആരിലും കാണാനില്ല. അല്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു:

“നിങ്ങള്‍ ചായ കുടിച്ചോ? വേണമെങ്കില്‍ മേടിപ്പിയ്ക്കാം..”

“ആവട്ടെ..ഓരോ ചായയും പഴം പൊരിച്ചതും വേണം.”

ബേബി ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ സ്റ്റേഷന്‍ മുറ്റത്ത് കുറേ സഖാക്കന്മാര്‍ ഉണ്ടായിരുന്നു. ഞങ്ങളെ അറസ്റ്റു ചെയ്തതറിഞ്ഞ് വന്നതാണ്. അതിലൊരാള്‍ എന്റെ കൊച്ചച്ചനാണ്. അവരെ വിളിച്ച് കാര്യം പറഞ്ഞു. അല്പസമയത്തിനകം ചായയും കടിയും എത്തി. എങ്കിലും ലോക്കപ്പിനുള്ളിലെ മൂത്ര നാറ്റത്തില്‍ ഇരുന്ന് അതു തിന്നുക അസഹ്യമായിരുന്നു. തന്നെയുമല്ല വിശപ്പ്, ദാഹം ഇവയൊക്കെ എവിടെയോ പോയൊളിച്ച പോലെ....!

എട്ടുമണി കഴിഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വന്നു. പ്രമാദമായ കേസായതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്
അന്വേഷണോദ്യോഗസ്ഥന്‍. ഒരു മെല്ലിച്ച അന്‍പത്തിനാലു വയസ്സുകാരന്‍. സാദാ പൊലീസ് മൂത്തു സര്‍ക്കിള്‍ വരെയെത്തി. വിശിഷ്ട സേവനത്തിനു മെഡല്‍ നേടിയ ആളാണ്. (ഇയാള്‍ വാദിയുടെയും പ്രതിയുടെയും കൈയില്‍ നിന്നും കാശു മേടിയ്ക്കുന്ന ആളാണെന്ന് പിന്നീട് മനസ്സിലായി). അയാള്‍ വന്ന പാടെ ലോക്കപ്പില്‍ നോക്കി. ഞങ്ങളെല്ലാം നിരന്നിരിയ്ക്കുകയാണല്ലോ..!

“പതിനാറു പേരുണ്ടല്ലേ..? ഉം..എല്ലാവരും ആ ഷര്‍ട്ടങ്ങഴിച്ചേ..!”

അപ്പോഴാണ് ഓര്‍ത്തത്, ഞങ്ങളെല്ലാം വന്ന അതേ ഡ്രസ്സില്‍ തന്നെയാണ്. ലോക്കപ്പില്‍ പ്രതികള്‍ ഷര്‍ട്ട്, മുണ്ട് ഇവയൊന്നും ഉപയോഗിയ്ക്കാന്‍ പാടില്ല എന്നാണ് നിയമം. എങ്ങാനും തൂങ്ങി മരിച്ചാലോ ! എന്നാല്‍ പോലീസുകാര്‍ക്ക് അങ്ങനെയൊരു സംശയമില്ലാത്തതു കൊണ്ട് ആരോടും തുണിയഴിക്കാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ സര്‍ക്കിളേമാന് നിയമം പാലിക്കണമല്ലോ..! ഞങ്ങള്‍ ഷര്‍ട്ടൂരി കൈയില്‍ പിടിച്ചു. ഭാഗ്യത്തിന് മുണ്ടഴിയ്ക്കാന്‍ പറഞ്ഞില്ല.

അയാള്‍ ഓഫീസിലിരുന്ന് കുറച്ചു സമയം എന്തെല്ലാമോ ചെയ്ത ശേഷം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

“അവന്മാരെയെല്ലാം വെളിയിലിറക്ക്..”

എന്തിനാണാവോ? ആകെയൊരാശങ്ക. അയാളുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് അടി കിട്ടിയേക്കുമോ എന്ന ഒരു സംശയവുമുണ്ട്. ഞങ്ങള്‍ ഷര്‍ട്ട് കൈയില്‍ പിടിച്ച് ലോക്കപ്പിനു വെളിയിലിറങ്ങി.

“ഉം..നിരന്നു നില്‍ക്ക്..”

ഏമാന്റെ ആജ്ഞ!
ഞങ്ങള്‍ പതിനാറു പേരും നിരന്നു നിന്നു. അയാള്‍ ഞങ്ങളുടെ മുന്നില്‍ കൂടി ഒന്നു ഉലാത്തി, ഇരു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകികൊണ്ട് സുരേഷ് ഗോപി സ്റ്റൈലില്‍.  പൊലീസുകാര്‍ അല്പം മാറി ഇതു കണ്ട് നില്‍ക്കുന്നു. അടുത്തതെന്ത് എന്ന ആകാംക്ഷയോടെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ബേബിച്ചേട്ടന്റെ ഉച്ചത്തിലുള്ള ശബ്ദം:

“ഈ തറയിലിട്ടാ എസ്.ഐ.യെ വെട്ടിയ കേസില്‍ എന്നെ അഞ്ചു പൊലീസുകാര്‍ കൂടിനിന്ന് അടിച്ചത്..!”

ഞങ്ങളാകെ വിഷമിച്ചു. ഇങ്ങേരെന്തിനാ ഇതിപ്പോള്‍ വിളിച്ചു പറയുന്നത്? ഏമാന് കലി കേറി എല്ലാത്തിനിട്ടും കേറി പെരുമാറാന്‍ തോന്നിയാലോ? പ്രായമായിട്ടും വിപ്ലവ വീര്യം കത്തിജ്വലിക്കുന്നൂ അങ്ങേര്‍ക്ക്..
സര്‍ക്കിളേമാന്‍ ഒന്നു ചിരിച്ചതേയുള്ളൂ. എന്നിട്ടു പറഞ്ഞു:

“ഒരു വീട്ടില്‍ കയറി ആ കുടുംബത്തെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് നിങ്ങളുടെ ചാര്‍ജ്. എവിടെയാണ് വെട്ടാനുപയോഗിച്ച വാക്കത്തി ?“

വാക്കത്തിയോ? സത്യത്തില്‍ അവിടെ അടിയ്ക്കാന്‍ പോയവന്മാര്‍ പട്ടിക കഷണത്തിനാണ് തല്ലിയത്. തല്ലിനിടയില്‍  തടസം പിടിയ്ക്കാന്‍ വന്നതു കൊണ്ടു മാത്രമാണ് ഇരുട്ടത്ത് അവിടുത്തെ അമ്മയ്ക്കും പെങ്ങള്‍ക്കും പരിക്കു പറ്റിയത്. പെട്ടെന്നുണ്ടായ ഒരു പ്രകോപനം എന്നല്ലാതെ ആരെയും കൊല്ലാനൊന്നും ശ്രമിച്ചിട്ടേയില്ല. പക്ഷെ ഇപ്പോള്‍ കേസു വേറെയായി.

“ഞങ്ങളാരെയും വെട്ടിയിട്ടില്ല..”

ബേബിച്ചേട്ടന്‍ പറഞ്ഞു. ( ബേബിച്ചേട്ടന്‍ താമസിയ്ക്കുന്നത് ആലക്കോടാണ്. സംഭവദിവസം അങ്ങേര്‍ തളിപ്പറമ്പില്‍ ഏരിയ കമ്മിറ്റിയിലായിരുന്നു ! )

“വേണ്ട..വാക്കത്തി ഞാനുണ്ടാക്കിക്കോളാം. “

എന്നിട്ടയാള്‍ അടുത്തു നിന്ന പോലീസുകാരനോടു പറഞ്ഞു.

“ഷാജി, ആലക്കോടു നിന്നും നല്ല മൂര്‍ച്ചയുള്ള ഒരു വാക്കത്തി വാങ്ങി വാ..”

അങ്ങനെ ആക്രമിയ്ക്കാനുപയോഗിച്ച ആയുധം “റെഡി”യായി. അടുത്ത നടപടിക്രമം ഞങ്ങള്‍ക്കെതിരെയുള്ള FIR  തയ്യാറാക്കലാണ്. പതിനാറു പേര്‍ക്കെതിരെ അത് എഴുതിയുണ്ടാക്കല്‍ ഒരു വലിയ പണി തന്നെയാണ്. സ്റ്റേഷന്‍ റൈറ്റര്‍ക്കാണ് അതിന്റെ ചുമതല. കക്ഷി പരിപാടി ആരംഭിച്ചു. ഓരോ ആളെയും വിളിച്ച് പേര്, അഡ്രസ്സ്, വയസ്, തൂക്കം, പൊക്കം, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇവയെല്ലാം രേഖപ്പെടുത്തി. പിന്നെ എഴുത്തോടെഴുത്ത്.

 ഒന്നും രണ്ടും പ്രതികള്‍ രയറൊത്തുള്ള ലോക്കല്‍ കമ്മിറ്റി സഖാവും ബ്രാഞ്ച് സെക്രട്ടറിയും. ശുദ്ധ സാധുവും രാഷ്ട്രീയം നോക്കാത്ത പരോപകാരിയുമാണ് ഒന്നാം പ്രതിയായ ലോക്കല്‍ സഖാവ്. രണ്ടാം പ്രതിയും ഒരു പാവം വ്യക്തി. രണ്ടു പേരും പെണ്മക്കള്‍ മാത്രമുള്ള കുടുംബസ്ഥര്‍. ഞാന്‍ പതിനെട്ടാം പ്രതിയാണ്. പിന്നീട് ചാര്‍ജു ഷീറ്റ് വായിച്ചപ്പോഴാണ് ഞാന്‍ ചെയ്ത കുറ്റങ്ങള്‍ എനിയ്ക്കു മനസ്സിലായത്.

കുറ്റം ഒന്ന്: ആ കുടുംബത്തെ കൊല്ലാന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി. കുറ്റം രണ്ട്: അക്രമത്വരയാല്‍ പ്രചോദിതനായി സംഘം ചേര്‍ന്ന് വീടാക്രമിച്ചു. കുറ്റം മൂന്ന് :ആക്രമിക്കപെട്ട വീട്ടിലെ സഹോദരിയുടെ കഴുത്തിനു വെട്ടാനായി, അവരുടെ മുടി മാറ്റി പിടിച്ച്, ഒന്നാം പ്രതിയ്ക്ക്   സൌകര്യം ചെയ്തു കൊടുത്തു ! (ഏതായാലും അവരുടെ കഴുത്തിന് വെട്ടൊന്നും കിട്ടാത്തതിനാല്‍ ചെയ്തു കൊടുത്ത “സൌകര്യം” വെറുതെയായി പോയി !) കുറ്റം തെളിയിയ്ക്കപെട്ടാല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിയ്ക്കാം !

ഏതാണ്ട് പതിനൊന്നുമണിയ്ക്ക് കുറ്റം ചാര്‍ത്തല്‍ പൂര്‍ത്തിയായതോടെ ഞങ്ങളെ കോടതിയില്‍ ഹാജരാക്കാനുള്ള ഏര്‍പ്പാടായി. തളിപ്പറമ്പിലാണു കോടതി. ആലക്കോട് നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ. പോലീസ് ജീപ്പും ഒരു ടാക്സി ജീപ്പും തയ്യാറായി നിന്നു.  എ.എസ്.ഐ.യും രണ്ടു പോലീസുകാരും  ഞങ്ങള്‍ക്ക് അകമ്പടിയുണ്ട്.

കോടതിലെത്തിയപ്പോള്‍ മജിസ്ട്രേറ്റ് ചേംബറിലാണുള്ളത്. ഞങ്ങളെ അവിടെ ഹാജരാക്കി . അയാള്‍ എന്തെക്കെയൊ എഴുതിയ ശേഷം മുഖമുയര്‍ത്തി ചോദിച്ചു:

“എന്തെങ്കിലും പറയാനുണ്ടോ?”

ഞാന്‍ നിരപരാധിയാണെന്ന് വിളിച്ചു പറയാന്‍ വായ് തുറന്നെങ്കിലും അടുത്തു നിന്ന സഖാക്കന്മാര്‍ തടഞ്ഞു. എന്നിട്ടു പറഞ്ഞു:

 “ഇല്ല”.

“നിങ്ങളെ പതിനാലു ദിവസത്തേയ്ക്ക് റിമാന്‍ഡ്  ചെയ്തിരിയ്ക്കുന്നു.”

 ഇതും പറഞ്ഞ് അയാള്‍ ആ കടലാസില്‍ ഒപ്പിട്ടു.

ഇനി ഞങ്ങളെ ജയിലിലാക്കണം. അതും കൂടെ വന്ന പോലീസിന്റെ ചുമതലയാണ്. കടലാസെല്ലാം റെഡിയാക്കി ആറുമണിയ്ക്ക് മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്താലേ ഇന്ന് തന്നെ അവിടെ കയറാന്‍ പറ്റൂ. അല്ലെങ്കില്‍ രാത്രി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കിടന്നിട്ട് നാളെ മാത്രമേ അവിടെ പ്രവേശിയ്ക്കാനാവൂ. അതിന്റെ തൊല്ലപ്പാട് മുഴുവന്‍ പോലീസിനാണ്. അതു കൊണ്ട് അവര്‍ വേഗം കാര്യങ്ങള്‍ നീക്കി.

സാധാരണ റിമാന്‍ഡ് പ്രതികളെ താമസിപ്പിയ്ക്കുന്നത് സബ് ജയിലുകളിലാണ്. എന്നാല്‍ കൂത്തു പറമ്പ് വെടി വയ്പിനോടനുബന്ധിച്ചുള്ള അക്രമ കേസുകളിലെ പ്രതികളെ കൊണ്ട് സബ്-ജയില്‍ എന്നേ നിറഞ്ഞിരുന്നു. പിന്നെയുള്ളവരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലേക്കാണ് വിടുന്നത്. അവിടെയും നിറയാറായി. ഞങ്ങളെയും അങ്ങോട്ടാണ് കൊണ്ടു പോകുന്നത്.

നടപടി ക്രമങ്ങള്‍ എല്ലാം കഴിഞ്ഞ്  കണ്ണൂരേയ്ക്ക് പുറപ്പെടുമ്പോള്‍ സമയം നാലു മണി. കൂടെ വന്ന എ.എസ്.ഐ. ഒരു രസികനാണ്. ധാരാളം പോലീസ് കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. കക്ഷി ആദ്യം ആലക്കോട് വന്നപ്പോള്‍ എല്ലാവരോടും മര്യാദയോടെയാണു പോലും പെരുമാറിയത്. അതുകൊണ്ടെന്താ ആരും പുള്ളിയെ ബഹുമാനിച്ചില്ല. അതോടെ അങ്ങത്ത കൈയില്‍ കിട്ടിയവരെയെല്ലാം പെരുമാറാന്‍ തുടങ്ങി. ഇപ്പോ ദൂരെ നിന്നു കണ്ടാല്‍ തന്നെ മുണ്ടഴിച്ചിട്ടു ബഹുമാനിയ്ക്കുമത്രേ!

അഞ്ചുമണിയായി സെന്‍‌ട്രല്‍ ജയില്‍  കവാടത്തില്‍ എത്തിയപ്പോള്‍. വലിയ വിശാലമായ മുറ്റത്ത് ഗാന്ധിജിയുടെ ഒരു പ്രതിമ ഉയര്‍ന്നു നിപ്പുണ്ട്. കൂറ്റന്‍ തണല്‍ മരങ്ങളുടെ വേരുകള്‍ മണ്ണില്‍ നിന്നും പൊന്തിക്കാണാം. മുറ്റമാകെ അവയുടെ വാടിയ ഇലകള്‍ വീണുകിടക്കുന്നു. മരത്തണലില്‍ ആരൊക്കെയോ തളര്‍ന്നിരിപ്പുണ്ട്. ഊഴം കാത്തിരിന്നു മടുത്തിട്ടാവാം.ദൂരെ നിന്നും തടവുകാരെ സന്ദര്‍ശിയ്ക്കാനെത്തിയ ബന്ധുക്കളാണ്.  അവരുടെ കൂടെയുള്ള  കൊച്ചുകുട്ടികള്‍ ഞങ്ങളെ കൌതുകത്തോടെ നോക്കി.

 അപ്പോഴാണ് അറിഞ്ഞത്, ഇന്നിനി ജയിലില്‍ നിന്നും ഭക്ഷണം കിട്ടില്ല. അതു കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടു പോയാല്‍ മതി, അല്ലെങ്കില്‍ രാത്രി പട്ടിണി കിടക്കേണ്ടി വരും. പോലീസുകാര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ജയില്‍ വളപ്പിനു വെളിയില്‍ പോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഓരോ തോര്‍ത്തും കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണവും മേടിച്ചു. (ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഞങ്ങളാണ് പുറത്തു പോയി ഈ പര്‍ച്ചേസിങ്ങ് നടത്തിയതെന്നോര്‍ക്കണം!)

എല്ലാം കഴിഞ്ഞു ജയില്‍ വളപ്പില്‍ ചെല്ലുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞു. ജയില്‍ കവാടത്തിന്റെ മുന്നില്‍ തോക്കു പിടിച്ച രണ്ടു ഗാര്‍ഡുകള്‍ പാറാവുണ്ട്‍. പോലീസുകാര്‍  അവരുമായി എന്തോ കുശു കുശുത്തു. എന്നിട്ട് ഞങ്ങളെ വിളിച്ച് ചെല്ലാന്‍ പറഞ്ഞു. ഞങ്ങള്‍ ആകാംക്ഷയോടെയും ആശങ്കയോടെയും ചെന്നു. ജയിലില്‍ “നടയടി” എന്നൊരേര്‍പ്പാടുണ്ട്. ആദ്യം ചെല്ലുന്നവര്‍ക്കുള്ള ഹാദ്ദവമായ സ്വീകരണം. അതു മേടിയ്ക്കേണ്ടി വരുമോ എന്നതാണ് ആശങ്ക. ഇത്ര കാലം കാണാന്‍ കൊതിച്ച ആ കാഴ്ചകള്‍ ഇതാ തൊട്ടു മുന്‍പില്‍ എന്നതാണ് ആകാംക്ഷ.

അങ്ങനെ ഞങ്ങള്‍ സെന്‍‌ട്രല്‍ ജയിലിന്റെ പടുകൂറ്റന്‍ വാതിലിന്റെ  മുന്‍പില്‍ നിന്നു. ഇതു വരെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് കൈവീശി യാത്രയായി. പാറാവുകാരിലൊരാള്‍ കൂറ്റന്‍ വാതിലിനകത്തെ ചെറുവാതില്‍ തുറന്നു. തലകുനിച്ച് മാത്രമേ അതില്‍ കൂടി കയറാന്‍ പറ്റുകയുള്ളു. ആ വാതിലിനപ്പുറം ഇതു വരെ കാണാത്ത ഒരു ലോകമാണ്. കൊലപാതകികളും കൊള്ളക്കാരും ബലാത്സംഗവീരന്മാരും രാഷ്ട്രീയ തടവുകാരുമെല്ലാം വിഹരിയ്ക്കുന്ന ലോകം!

ഊഴമെത്തിയതോടെ ഞാനും തലകുനിച്ച്, ആ കൂറ്റന്‍ മതില്‍കെട്ടിനകത്തേയ്ക്കു എന്റെ ഇടതു കാല്‍ വച്ചു, കാണാകാഴ്ചകളിലേയ്ക്ക്.....!

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-3)