Ind disable

Monday 13 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-7)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-6) ഇവിടെ വായിയ്ക്കാം.

ബലിമൃഗങ്ങള്‍

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ലയുടെ ചിലപ്രദേശങ്ങള്‍ വിപ്ലവപാര്‍ടിയുടെയും മറ്റു ചില പ്രദേശങ്ങള്‍ കാവി പാര്‍ടിയുടെയും ശക്തികേന്ദ്രങ്ങളാണ്. ഇത്തരം ശക്തികേന്ദ്രങ്ങളില്‍ പാര്‍ടി ഭരണമാണ് നടക്കുന്നത് എന്നു തന്നെ പറയാം. ശരിയ്ക്കും പാര്‍ടി ഗ്രാമങ്ങള്‍. അവിടങ്ങളില്‍ ജനങ്ങളുടെ പല പ്രാദേശിക പ്രശ്നങ്ങളിലും ഇടപെടുകയും പരിഹരിയ്ക്കുകയും ചെയ്യുന്നത് പാര്‍ടിക്കാര്‍ തന്നെയാണ്. ഈ രണ്ടു പാര്‍ടികളും കേഡര്‍ പാര്‍ടികളായതിനാല്‍ കടുത്ത അച്ചടക്കം പാലിക്കപെടുന്നു.

ആരെങ്കിലും ചിലര്‍ അച്ചടക്കലംഘനത്തിലൂടെ പുറത്തു പോയാല്‍ അവരെ മറ്റേ പാര്‍ടിക്കാര്‍ സ്വീകരിയ്ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ ആരംഭിയ്ക്കുകയായി. ചെറിയ വാക്കു തര്‍ക്കങ്ങളില്‍ ആരംഭിയ്ക്കുന്ന പ്രശ്നം ചിലപ്പോള്‍ കൊലപാതകത്തില്‍ തന്നെ എത്തിചേരും. അതോടെ ഒരു കൊലപാതക പരമ്പരയ്ക്കുള്ള കളമൊരുങ്ങുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഉള്ള പകവീട്ടല്‍ ഇടവേളകളില്‍ നടന്നുകൊണ്ടിരിയ്ക്കും. തുടര്‍ന്നുള്ള “രക്തസാക്ഷി/ബലിദാന“ ദിനാചരണങ്ങള്‍ ഇതിനു പ്രേരണകൂട്ടും.

പോലീസിന്റെ നിരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ട ഒരു കാര്യം, ഡിസംബര്‍ മാസത്തില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ കൂടുതലാണ് എന്നാണ്. ഇതിനു കാരണം, കണ്ണൂരിന്റെ തനതു സംസ്കൃതിയായ കളിയാട്ടങ്ങളും കാവ് ഉത്സവങ്ങളും ഈ മാസത്തിലാണ് ആരംഭിയ്ക്കുക. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ഉത്സവങ്ങളില്‍ ഇരു പാര്‍ട്ടിക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും ഏറ്റുമുട്ടലിനും സാധ്യത ഏറുന്നു. നിസ്സാരമായ പ്രശ്നങ്ങള്‍, ഉദഹരണത്തിന് ഒരു പെണ്ണിനെ കമന്റടിച്ചു, അല്ലെങ്കില്‍ കൈയില്‍ പിടിച്ചു തുടങ്ങിയ പോലുള്ളവയില്‍ ആരംഭിയ്ക്കുന്ന തര്‍ക്കം, വികസിച്ച്  അടി, ബോംബേറ്, വാള്‍ പ്രയോഗം അങ്ങനെ ഒടുക്കം കൊലപാതകത്തിലെത്തുന്നു. ചിലപ്പോള്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പോലും രാഷ്ട്രീയവല്‍ക്കരിയ്ക്കപ്പെടും. (ഒരു പാര്‍ടിക്കാരും ഇക്കാര്യത്തില്‍ മോശമല്ല.) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസംബറില്‍ വിപ്ലവ പാര്‍ടിയും കാവിപാര്‍ടിയും  മത്സരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ആറോ ഏഴോ പേരെ പരസ്പരം കൊലപ്പെടുത്തി !

എന്താണ് ഇതിനു പിന്നിലെ മന:ശാസ്ത്രം? ഞാന്‍ മനസ്സിലാക്കിയിടത്തോളം, വ്യക്തിബന്ധങ്ങള്‍ക്ക് ഇത്രയേറെ വിലകല്‍പ്പിയ്ക്കുന്ന,  ഉള്ളില്‍ നിഷ്കളങ്കതയുള്ള ഒരു സമൂഹം കേരളത്തില്‍ മറ്റൊരിടത്തുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ ജന്മിത്വത്തിനും മറ്റു ചൂഷണങ്ങള്‍ക്കും എതിരെ സംഘം ചേരുകയും പോരാടുകയും ചെയ്തവരാണ് മലബാറുകാര്‍. തിരുവിതാംകൂര്‍-കൊച്ചി മേഖലയില്‍ ജന്മിത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ മലബാര്‍ ബ്രിട്ടീഷ് ഭരണത്തിലായതിനാല്‍, അവരുടെ പിന്തുണയോടു കൂടിയ ജന്മിത്വം കീഴാളവിഭാഗത്തെ അടിച്ചമര്‍ത്തിയിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി ജനങ്ങളെ സംഘടിപ്പിയ്ക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, പാടിച്ചാല്‍, മുനയന്‍ കുന്ന്, മൊറാഴ, തില്ലങ്കേരി എന്നിങ്ങനെ പലസ്ഥലത്തും അക്കാലത്ത് ജന്മിത്വത്തിനെതിരെ സമരങ്ങള്‍ നടന്നു. ഈ സംഘടിതബോധം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ പാര്‍ടി സംവിധാനങ്ങള്‍ക്കു കഴിഞ്ഞു. അതു പോലെ നേതാക്കള്‍ ജനങ്ങളില്‍ തന്നെ ജീവിയ്ക്കുന്നവരുമായിരുന്നു. അവരുടെ വാക്കുകള്‍ക്ക് ആജ്ഞാശക്തിയുണ്ടായിരുന്നു.

മറുവശത്ത് കാവിപ്പാര്‍ടിയ്ക്ക് സമരപാരമ്പര്യം ഇല്ലെങ്കിലും ശക്തമായ സംഘടനാ സംവിധാനം ഉണ്ട്. ഒപ്പം അവരുടേതായ ആദര്‍ശവും. ഈ രണ്ടു സംഘടനകളുടേയും ആദര്‍ശങ്ങള്‍ വിപരീതമായതിനാല്‍ സംഘര്‍ഷം സ്വഭാവികം. (ഖദര്‍ പാര്‍ടിയ്ക്ക് ഈ രണ്ടു പാര്‍ടികളെ അപെക്ഷിച്ച് സംഘടനാ സംവിധാനം പരിമിതമാണ്. എന്നാല്‍ ചില നേതാക്കള്‍ക്ക് അണികളിലുള്ള സ്വാധീനം അഗണ്യമല്ല.)  ഈയൊരു സംഘബോധമാണ് അണികളെകൊണ്ട് ഓരോ അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്യിയ്ക്കുന്നത്. അതായത് താനൊറ്റയ്ക്കല്ല എന്ന ബോധം. തിരിച്ച് പാര്‍ടികളും തങ്ങളുടെ അണികളെ കൈവിടാറില്ല. 

പലപ്പൊഴും പ്രാദേശികപ്രവര്‍ത്തകരായിരിക്കില്ല കൊലപാതകങ്ങള്‍ക്ക്  ഉത്തരവാദികള്‍. പുറമെ നിന്നെത്തുന്നവരാവാം ഇതൊക്കെ ചെയ്യുക. (എത്രയൊക്കെയായാലും, എന്നും കാണുന്ന ഒരാളെ കൊലപ്പെടുത്താന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞെന്നു വരില്ല.) എന്നാല്‍ കേസില്‍ പെടുന്നത് അവരായിരിയ്ക്കുകയും ചെയ്യും. ഇങ്ങനെയുള്ള അനേകം പേരെ കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ കണ്ടെത്താം.

വൈകുന്നേരത്തെ ഒരു മണിക്കൂറില്‍ ഞങ്ങള്‍ മറ്റു ബ്ലോക്കുകള്‍ കാണാന്‍ പോകും. അതില്‍ കാവി പാര്‍ട്ടിയുടെ ഒരു ബ്ലോക്ക് ദൂരെ നിന്നു കണ്ടു. അങ്ങോട്ടേയ്ക്ക് പോയില്ല. അവിടെ ചെറിയൊരു അമ്പലമടക്കം ഉണ്ടത്രേ ! വിപ്ലവപാര്‍ടിയ്ക്കും ഉണ്ട് ഒരു ബ്ലോക്ക്. അവിടെയും ഉള്ളിലേയ്ക്ക് ഞാന്‍ പോയില്ല. അവിടെ പാര്‍ടി ചിട്ടയിലാണത്രെ കാര്യങ്ങള്‍ ! ഞങ്ങള്‍ കിടക്കുന്ന രണ്ടാം ബ്ലോക്ക് രാഷ്ട്രീയക്കാരല്ലാത്ത സാദാകുറ്റവാളികളുടേതാണ്. അതുകൊണ്ടുതന്നെയാണ് വ്യത്യസ്തങ്ങളായ അനുഭവങ്ങളും ആള്‍ക്കാരെയും കണ്ടുമുട്ടാന്‍ കഴിഞ്ഞത്.

ഞങ്ങള്‍ ജയില്‍ പാര്‍പ്പ് തുടങ്ങിയിട്ട് ഏഴുദിവസമായി. ഇതു വരെയും ജാമ്യം ഒന്നുമായിട്ടില്ല. അതിന്റേതായ വിഷമം എല്ലാവര്‍ക്കുമുണ്ട്. ദിനം പ്രതി പുതിയ തടവുകാര്‍ വന്നുകൊണ്ടിരിയ്ക്കുന്നു. കുറച്ചുപേര്‍ ജാമ്യം ലഭിച്ചു പോകുന്നുമുണ്ട്. അതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ വിഷാദത്തോടെ പരസ്പരം നോക്കും. ഇത്രയും ദിവസങ്ങള്‍ കൊണ്ടുതന്നെ ഏറെക്കാലം കഴിച്ചു കൂട്ടിയതു പോലെയുണ്ട്. നാടും വീടും സുഹൃത്തുക്കളുമൊക്കെ കുറെ വര്‍ഷങ്ങള്‍ പുറകിലാണെന്നു തോന്നി. എങ്ങനെയാണ് ഇത്രപെട്ടെന്ന് അവയൊക്കെ സ്മൃതിമണ്ഡലത്തില്‍ നിന്നും അകന്നു പോകുന്നത്? ജയിലിന്റെ കനത്ത ഭിത്തികള്‍ നമ്മുടെ ഓര്‍മ്മയെ പോലും ഊറ്റിയെടുത്തു കളയുമോ?

അന്ന് ഞങ്ങള്‍ വൈകുന്നേരം സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തു നില്‍ക്കുന്നു. ഈ സമയങ്ങളിലാണ് പല പുതിയ ആള്‍ക്കാരെയും പരിചയപെടുന്നത്. അന്നുമുണ്ട് ചില പുതിയ പരിചയക്കാരായ സഖാക്കള്‍. ഒക്കെ ജീവപര്യന്തം തടവിനു ശിക്ഷിയ്ക്കപെട്ടവര്‍. അതിലൊരാള്‍ നന്നെ ചെറുപ്പമാണ്. ചര്‍ച്ചകള്‍ക്കിടയില്‍ അറിയാതെ എന്റെ വായില്‍ നിന്നും ജാമ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ വെളിയില്‍ ചാടി.

“ഹോ..ഏഴു ദിവസമായിട്ടും ജാമ്യം കിട്ടിയില്ലല്ലോ..! “

തികച്ചും നിഷ്കളങ്കമായ ഒരു സങ്കടം. അതു കേട്ട ആ യുവാവ്- എന്നെക്കാള്‍ ചെറുപ്പം- എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു:

“എന്താ സഖാവെ ഇത്? നിങ്ങള്‍ക്ക് അഞ്ചോ പത്തോ ദിവസം കഴിഞ്ഞാല്‍ പോകാം. എന്നിട്ടുമിങ്ങനെ പറഞ്ഞാല്‍ ഞങ്ങളൊക്കെ എന്തു പറയണം?”

ശരിയാണ്, ആ ചോദ്യത്തിനു മുന്‍പില്‍ എനിയ്ക്കൊരു മറുപടിയുമുണ്ടായിരുന്നില്ല. ആ യുവാവിന്റെ ഉള്ളിലെ വിങ്ങല്‍ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം.

അന്നു വൈകിട്ട് ഞങ്ങളുടെ ബ്ലോക്കില്‍ ഒരു അതിഥിയെത്തി. പയ്യന്നൂര്‍ ഭാഗത്തു നിന്നുമുള്ള ഒരു യുവാവ്.  ഒരു ആജാനബാഹു. ആരാണ് എന്താണ് എന്നൊന്നുമറിയില്ല. ഏതായാലും പാര്‍ടി അനുഭാവിയല്ല എന്നു മാത്രമല്ല ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. പിറ്റേദിവസം ചില ന്യൂസുകള്‍ വന്നു. ഇയാള്‍ പയന്നൂരെ ഒരു പ്രമുഖ ഖദര്‍ പാര്‍ട്ടിക്കാരനാണത്രെ..ഒരു വിപ്ലവ പാര്‍ടി സഖാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണത്രേ ഇവിടെ റിമാന്‍ഡു ചെയ്യപ്പെട്ടത്. ഏതായാലും വിവരം ബ്ലോക്കുകളില്‍ നിന്നും ബ്ലോക്കുകളിലേയ്ക്ക് കൈമാറപ്പെട്ടു.

പിറ്റേന്ന് വൈകുന്നേരത്തെ “ഒഴിവു” സമയത്ത് ഇയാള്‍ ഇന്റെര്‍വ്യൂവിനായി ജയില്‍ കവാടത്തിലെയ്ക്കു വിളിപ്പിയ്ക്കപെട്ടു. ഇയാള്‍ അവിടെയെത്തിയ വിവരം അറിഞ്ഞതോടെ വിവിധ ബ്ലോക്കുകളില്‍ നിന്നും സഖാക്കന്മാര്‍ അവിടെ തടിച്ചു കൂടി. ഗാര്‍ഡുമാര്‍ക്ക് കാര്യം പന്തിയല്ല എന്നു ബോധ്യമായി. അവര്‍ പല രീതിയില്‍ ശ്രമിച്ചിട്ടും ആരും പിരിഞ്ഞു പോയില്ല. ഇന്റര്‍വ്യൂ കഴിഞ്ഞ് അയാള്‍ വെളിയിലിറങ്ങിയാല്‍ എന്തും സംഭവിയ്കാവുന്ന അവസ്ഥയായി. അവസാ‍നം, നാലുമണിയ്ക്ക് ശേഷം അയാളെ സബ്-ജയിലിലേയ്ക്കു മാറ്റി.

ജയില്‍ ഗാര്‍ഡുമാരെക്കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ. ഞങ്ങള്‍ കണ്ട മിക്കവാറും ഗാര്‍ഡുമാര്‍ അഥവാ വാര്‍ഡന്മാര്‍ അധികവും താല്‍ക്കാലിക ജീവനക്കാരായിരുന്നു. എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവരാണവര്‍. ശരിയായ യാതൊരു പരിശീലനവും ലഭിയ്ക്കാത്തവര്‍. പലരുടെയും മുഖത്ത് അമ്പരപ്പും പേടിയുമാണ്. ഇവരെ സംഘടിതരായ രാഷ്ട്രീയതടവുകാര്‍ക്ക് നിസാരമായി ഭീഷണിപെടുത്തി വരുതിയ്ക്കു നിര്‍ത്താവുന്നതേയുള്ളു.

പലപ്പോഴും പണമുള്ളവര്‍ക്ക് ജയിലില്‍ പല സുഖസൌകര്യങ്ങളും ലഭിയ്ക്കും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് മദ്യം, മയക്കു മരുന്ന്, മറ്റു നിരോധിതവസ്തുക്കള്‍ ഇവയൊക്കെ കടത്തും. ചില ബ്ലോക്കുകളില്‍ തടവുകാര്‍ സ്വയം പാചകം ചെയ്ത് ആഹാരം കഴിയ്ക്കുന്നുണ്ട്. അതായത് ജയില്‍ ഭക്ഷണമല്ലാത്ത സാദാ ഭക്ഷണം. ഇതിന്റെ മറ്റൊരു വശവുമുണ്ട്. ജയില്‍ പുള്ളികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്ന പലവസ്തുക്കളും അടിച്ചു മാറ്റുന്ന ഉദ്യോഗസ്തരുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ തിരിമറികള്‍ നടത്തിയ ഉദ്യോഗസ്ഥരുമുണ്ട്. ഇതു കൂടാതെ തടവുകാരെ കൊണ്ട് സ്വന്തം ക്വാട്ടേഴ്സുകളില്‍ അടിമവേല ചെയ്യിക്കാനും ചിലര്‍ മടിയ്ക്കുന്നില്ല. തടവുപുള്ളികള്‍ക്കുള്ള പരിമിതമായ അവകാശങ്ങള്‍ പോലും സാധാരണക്കാരായ തടവുകാര്‍ക്ക് കിട്ടാറില്ല. സ്വാധീനമുള്ളവര്‍ക്കോ യഥേഷ്ടം അതു ലഭിയ്ക്കുകയും ചെയ്യും.

സാധാരണ പതിനാലു ദിവസത്തേയ്ക്കാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത്. പതിനാലാം ദിവസം ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടി വാങ്ങേണ്ടതാണ്. പോലീസിന്റെ നല്ലൊരു പങ്ക്  ഊര്‍ജം ചിലവഴിയ്ക്കുന്നത് ഈ ആവശ്യത്തിലേയ്ക്കാണ്. (ഇപ്പോള്‍ ജയിലുകളില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്) ഇങ്ങനെ പുറത്തുപോകുന്ന ചില പ്രതികള്‍ മയക്കുമരുന്ന്, കഞ്ചാവ് ഇവയൊക്കെ ജയിലില്‍ കടത്തും. കൂടാതെ, ജയിലിന്റെ പുറം മതിലിനു വെളിയില്‍ നിന്നും പൊതികളായി മദ്യം, കഞ്ചാവ്, മറ്റു വസ്തുക്കള്‍ ഇവയൊക്കെ എറിഞ്ഞു കൊടുക്കും. (ഇപ്പോള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ വരെ ലഭ്യമാണത്രെ! മൊബൈല്‍ ജാമര്‍ ഉണ്ടെങ്കിലും അതു പലപ്പോഴും “കേടാ”കും )
എങ്ങനെയായാലും ജയിലില്‍ ആവശ്യക്കാര്‍ക്ക് ഒട്ടുമിക്ക വസ്തുക്കളും ലഭ്യമാണ്.

അന്ന് വൈകുന്നേരം ഒരു മധ്യവയസ്കനെ ഞങ്ങളുടെ ബ്ലോക്കില്‍ കൊണ്ടു വന്നു. അയാള്‍ ഹാളിലേയ്ക്ക് പ്രവേശിച്ചതും ഒരു ആരവമുയര്‍ന്നു. കുറേപ്പേര്‍ വലിയ സന്തോഷത്തോടെ അയാളെ എതിരേറ്റു. അയാളും നല്ല ചിരിയോടെ കയറി വന്നു. ഞങ്ങള്‍ രാമനോട് കാര്യമന്വേഷിച്ചു.

“അയാളാരാ..?”

“അതാണു കീരി.”

“കീരിയോ..?”

“അതേ ചേട്ടാ..കീരി അന്ത്രുമാന്‍. ഇയാള്‍ ഒരു ശിക്ഷ കഴിഞ്ഞ് പോയിട്ട് ഒരു മാസമാകുന്നതെയുള്ളൂ. അധികം താമസീയാതെ ഇവിടെയെത്തുമെന്നെല്ലാര്‍ക്കും അറിയാമായിരുന്നു..”

പിന്നെ കാര്യങ്ങള്‍ മനസ്സിലായി വന്നു.അധികവും മോഷ്ടാക്കള്‍ ജയിലില്‍ നിന്നിറങ്ങിയാലും സ്വന്തം തൊഴിലിലേയ്ക്കു തന്നെയാണ്  പോകുക. ഓരോ മോഷ്ടാവിനും സ്വന്തമായ ഒരു “മോഡസ് ഓപരാന്‍ഡി” ഉണ്ടാകുമത്രെ. എന്നുവെച്ചാല്‍ മോഷണ രീതി. ഒരു മോഷണം നടന്നാല്‍ അതു വച്ച് മോഷ്ടാവിനെ തിരിച്ചറിയാന്‍ പോലിസിനു കഴിയും.

ഒരാള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവനെ നിരന്തരം നിരീക്ഷണം ഉണ്ടാവും. ആയതു കൊണ്ടുതന്നെ അധികം പേരും തിരികെ ജയിലിലേയ്ക്കു തന്നെ വരും. അങ്ങനെ തിരിച്ചെത്തിയതായിരുന്നു ഈ “കീരി അന്ത്രുമാന്‍”. വന്ന പാടെ അയാള്‍ പഴയ ആള്‍ക്കാരുമായി ലോഹ്യം പങ്കിടുകയും ചിരപരിചിതമായ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയാലെന്നവണ്ണം കിടപ്പാടം സജ്ജീകരിയ്ക്കുകയും ചെയ്തു. വെറുതയല്ല തടവുകാര്‍ ജയിലിന് “തറവാട്” എന്നു പേരിട്ടിരിയ്ക്കുന്നത്.

അന്നു വൈകിട്ട് ഞങ്ങള്‍ക്കു വിവരം ലഭിച്ചു; നാളെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഞങ്ങളുടെ ജാമ്യാപേക്ഷ വാദത്തിനെടുക്കുന്നു. പ്രതീക്ഷാപൂര്‍വമാണ് എട്ടാം ദിവസമായ അന്ന് ജമുക്കാളത്തില്‍ തലചായ്ചത്.

(തുടരും)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-8)

12 comments:

  1. ജയില്‍ കഥകള്‍ തുടരുന്നു..

    ReplyDelete
  2. നമ്മളുടെ നാട്ടിനെ നാണം കെടുത്തിയേ അടങ്ങൂ.. ഇല്ലേ?.. കണ്ണൂരു മാത്രമല്ല എല്ലായിടത്തും സംഘർഷങ്ങൾ ഉണ്ട്‌ ബിജൂ..ക്രിമിനൽ കേസുകൾ ഏറ്റവും കൂടുതൽ മറ്റു ജില്ലകളിലാണ്‌ എന്നത്‌ ഈയ്യിടെ പുറത്തിറങ്ങിയ ജയിൽ രേഖകളിൽ ഉണ്ടല്ലോ?... പക്ഷെ കണ്ണൂരിലെ സംഘർഷങ്ങൾ ഭരിക്കുന്ന പാർട്ടിയായതിലാണ്‌ കൂടുതൽ പ്രചാരം സിദ്ധിക്കുന്നത്‌!...അതേ കരുണാകരനായാലും നായനാരായാലും പിണറായി ആയാലും കണ്ണൂർക്കാർ തന്നെയാണ്‌ അപ്പോൾ ചെറിയ ചെറിയ പാർട്ടി സംഘട്ടനങ്ങൾ പോലും വലുതായി ചിത്രീകരിക്കാൻ ചാനലുകൾ മത്സരിക്കും...അത്തരം സംഭവങ്ങളെ അപലപിച്ചു കൊണ്ട്‌ തന്നെ പറയുന്നു... കണ്ണൂരോ? എന്ന് ചോദിച്ചു ഭയപ്പെടുന്ന മാതിരി അഭിനയിക്കുന്നവർ സ്വയം സ്വന്തം ജില്ലയിലെ കൊലപാതകങ്ങളുടെ കണക്കൊന്ന് കൈവശം വെച്ച്‌ വായിച്ചാൽ മതി ഇതൊക്കെ എന്ന അഭ്യർത്ഥനയുണ്ട്‌..

    ReplyDelete
  3. @ മാനവധ്വനി: എവിടെയാ സൂഹൃത്തേ നമ്മുടെ നാ‍ടിനെ “നാണം”കെടൂത്തിയത്? കാണിച്ചു തരൂ‍. ഞാനീ പറഞ്ഞ കാര്യമൊന്നും എന്റെ സ്വന്തം കണ്ടൂപ്പിടിത്തമല്ല, ആര്‍ക്കും അറിയ്യാത്ത കാര്യവുമല്ല. മൊത്താം കുറ്റകൃത്യങ്ങളൂടെ വിവരണമല്ല ഇവിടുത്തെ വിഷയം. രാഷ്ട്രീയ അക്രമങ്ങളും കൊലകളും മാത്രം. അതും കണ്ണൂര്‍ ജയിലിനെ സംബന്ധീച്ചു മാ‍ത്രം. അക്കാര്യത്തില്‍ ഞാ‍ന്‍ കണ്ടുബോധ്യപെട്ട കാര്യങ്ങള്‍ സത്യസന്ധമായീ അവതരിപ്പിക്കുന്നു. അത്രയേ ഉള്ളൂ.

    ReplyDelete
  4. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് .............

    ReplyDelete
  5. I read this post and all its related posts. Sympathies aside, your description about the behavior of the party (Red/ Saffron/ etc) prisoners fit in to the behavior of gangs which are quite common place everywhere. Esp, the cohabitation of similar minded individuals, the sloganeering with in the jail etc. Here is the wikipedia link for gangs:
    http://en.wikipedia.org/wiki/Gangs

    Kannur central jail is by no means the worst. Thrissur also has one, and most of the people who are residents there, belong to the criminal gangs. If any one want to see/ watch them, just travel in the unreserved compartment of Kerala Express going from Trichur towards Ernakulam in the morning. Most of these folks have their cases in courts of districts to the South of Thrissur.

    Also there was one comment regarding the absence of Feudalism in Travancore-Cochin. That is certainly a myth. Until the land reforms bill became law, the feudal power was very much in control in all these areas too.

    ReplyDelete
  6. എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു;ഓര്‍ക്കാനിഷ്ടപ്പെടാത്ത തീഷ്ണമായ വിദേശ ജയിലനുഭവം ഉള്ളതിനാല്‍ മന:പ്പൂര്‍വ്വം അഭിപ്രായമെഴുതാതെ മാറിനില്‍ക്കുകയായിരുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  7. വായിക്കുന്നു...

    ReplyDelete
  8. ചാത്തനേറ്: കുറേ മാസങ്ങള്‍ക്കു ശേഷമാ ഒരു ബ്ലോഗിലെ തന്നെ 4-5 പോസ്റ്റ് വരി വരിയായി വായിക്കുന്നതും കമന്റിടുന്നതും. നല്ല ഓര്‍മശക്തിയാണല്ലോ കഴിഞ്ഞിട്ടിപ്പോള്‍ കുറേ വര്‍ഷമായില്ലേ?. എന്റെ ഒരു കൂട്ടുകാരന്‍ ഇതേപോലെ പോയി കിടന്നിരുന്നു എന്ന് കേട്ടിരുന്നു അതു പക്ഷേ ഒരു ദിവസത്തേക്ക് മാത്രമായിരുന്നെന്നാ ഓര്‍മ്മ.

    ReplyDelete
  9. ചേട്ടാ ഇതു വായിച്ചപ്പോള്‍,എനിക്ക് ഓര്മ വന്നത്, പാലാര്‍ രാജനെയും കുടുംബത്തെയും ആണ് ,കതര്‍ പാര്‍ട്ടിയുടെ വലിയ ആളായിരുന്നു ഇയാള്‍( ബന്തടുക്ക കുറ്റിക്കോല്‍ ) ,വേറെ ഒരു പാര്‍ട്ടിയെയും വളരാന്‍ വിടില്ല എന്നാ പറഞ്ഞു കേട്ടത് അവസാനം ഇയാളെ മാര്‍കിസ്ട്ടുക്കാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു ,അതിനെ തുടര്‍ന്ന് അയാളെ വെടിവെച്ച ആളെ അയാളുടെ അനുജനും അനുജനെ വേറെ ആള്‍ക്കാരും, അവസാനം ഇപ്പോള്‍ ആരും ബാക്കി ഇല്ല..........

    ReplyDelete
  10. അപ്പോൾ മറ്റുള്ള കുറ്റകൃത്യങ്ങളൊന്നും താങ്കൾക്ക്‌ വിഷയമേ അല്ല എന്നു വരുമോ?... രാഷ്ട്രീയ കുറ്റകൃത്യങ്ങൾ മാത്രമേ താങ്കൾക്ക്‌ കുറ്റകൃത്യങ്ങൾ ആകുന്നുള്ളൂ എന്നും വരുമോ?... കമന്റിൽ വിമർശനം വന്നതിൽ വിഷമിക്കരുത്‌.. എന്റെ കാഴ്ചപ്പാട്‌ അവതരിപ്പിച്ചുവെ ന്നേയുള്ളൂ... അതിൽ വിഷമിച്ചുവെ ങ്കിൽ ഞാൻ കമന്റെഴുതാൻ പാടില്ലായിരുന്നുവെ ന്നും വായിക്കാൻ പാടില്ലായിരുന്നുവെന്നും കരുതേണ്ടി വരും..
    അതു നിങ്ങളുടെ കുറ്റമല്ല എന്റെ കുറ്റമാണ്‌ ...എന്റെ മാത്രം കുറ്റമാണെന്ന് കരുതി ക്ഷമ ചോദിച്ച്‌ കമന്റിൽ നിന്നും പിൻ വലിയാം..താങ്കൾക്കാ കമന്റ്‌ ഡിലീറ്റ്‌ ചെയ്കയും ആവാം..

    ReplyDelete