Ind disable

Friday 4 June 2010

രയറോം കഥകള്‍ : - ഉത്സവക്കച്ചവടം.

ലക്കോട് പ്രദേശത്തെ ഏറ്റവും വലിയ ജനകീയാഘോഷമാണ് “അരങ്ങം മഹാദേവ ക്ഷേത്ര ഉത്സവം. തേര്‍ത്തല്ലി, രയറോം മുതല്‍ അങ്ങു തളിപ്പറമ്പു നിന്നു വരെ പുരുഷാരം പങ്കെടുക്കുന്ന മഹാമഹം.
 മകര മാസം, വെളുത്തപക്ഷത്തിലെ എട്ടു നാള്‍ ഉത്സവം, അതാണ് കണക്ക്. ആലക്കോട് മഹാരാജാവ് പണികഴിപ്പിച്ച്, പരിപാലിച്ചു പോന്ന പ്രസ്തുത ക്ഷേത്രത്തിലെ ഉത്സവകാലം നാനാ ജാതി മതസ്ഥരുടേയും ആഘോഷമത്രേ! അന്നൊക്കെ നാട്ടുകാര്‍ പത്ത് ആളെ ഒന്നിച്ചു കാണുന്നത് ഈ ഉത്സവകാലത്താണ്. ഉത്സവമെന്നു പറഞ്ഞാല്‍ ചില്ലറയൊന്നുമല്ല. തൊട്ടിലാട്ടം, മരണക്കിണര്‍ , മാജിക്ക്, സര്‍ക്കസ് തുടങ്ങിയ വന്‍‌കിട വിനോദങ്ങള്‍ , ഗാനമേള, നാടകം, ബാലെ,മിമിക്രി, കഥകളി മേജര്‍ സെറ്റ്, മുതലായ കാശുമുടക്കുള്ള കലാപരിപാടികള്‍ ,പിന്നെ ലോക്കല്‍ കലാകാരന്മാരുടെ ഗാനമേള (കാണികളുടെ കൂവല്‍ പ്രാക്ടീസിനുള്ള ഒരവസരം), കൊച്ചു പിള്ളേരുടെ അരങ്ങേറ്റം തുടങ്ങിയ മുടക്കില്ലാത്ത കലാപരിപാടികള്‍ , അങ്ങനെ ആകെ സംഭവബഹുലമായിരിയ്ക്കും ഉത്സവനാളുകള്‍ . ഇടയ്ക്ക് വല്ലപ്പോഴും ചെറിയ അടികലശലോ ആനയിടച്ചിലോ ഉണ്ടായേക്കാമെങ്കിലും സംഗതി പൊതുവെ സമാധാനപരം.

 ഉത്സവസ്ഥലത്തെ പലവിധ കച്ചവടങ്ങള്‍ കാണേണ്ടതാണ്. ഒരു ഭാഗത്ത് വളകള്‍ , മാലകള്‍ , ചാന്ത്, കണ്മഷി അങ്ങനെ ലേഡീസ് ഐറ്റംസ് വില്‍ക്കുന്ന, പുരുഷന്മാര്‍ ഏറ്റവും അധികം കറങ്ങി നടക്കുന്ന, ചിന്തിക്കടകള്‍ . വേറൊരു ഭാഗത്തതാ സ്റ്റീല്‍ പാത്രങ്ങള്‍ , അലുമിനിയപാത്രങ്ങള്‍ , ചൂല്, ഗ്ലാസ്, കലം അങ്ങനെയുള്ള ഗൃഹോപകരണങ്ങള്‍ നിലത്താകെ വാരിയിട്ട കച്ചവടം . അതിനിടെ ബലൂണ്‍, പീപ്പി, വിസില്‍ എല്ലാം കെട്ടിത്തൂക്കിയിട്ട്  ഒരു സൈസ് വട്ടത്തിലുള്ള ഒരു സാധനവും പിടിച്ച്  ബലൂണ്‍ കച്ചവടക്കാര്‍. അമ്പലത്തിലേയ്ക്കുള്ള വഴിനീളെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കൂട്ടിലൊരു തത്തയുമായി, “ബാ മോനെ കൈ നൊക്കി ഫലം പറയാം “എന്നും പറഞ്ഞ് കാക്കാലത്തി മുത്തിമാര്. പിന്നെ അലുവ, ചിപ്സ്,കിപ്സ്, ലഡു, ജിലേബി അങ്ങനെയൊരു കൂട്ടര് വേറെ. അതും കഴിഞ്ഞാലോ ചായക്കട, കാപ്പിക്കട, ഓം‌ലെറ്റ് അതിന്റെ വേറൊരു സെക്ഷന്‍ . ആകെപ്പാടെ ഉത്സവപ്പറമ്പ് ജോര്‍ .എട്ടാം നാളത്തെ ആറാട്ട് എന്നു പറഞ്ഞാല്‍ അന്ന് സൂചികുത്താനിടമില്ലാത്തവിധം ജനസാഗരമായിരിയ്ക്കും. ബസുകളൊക്കെ അന്ന് രാപകല്‍ ട്രിപ്പടിയ്ക്കും. പിന്നെ വെളുപ്പാന്‍ കാലം വെടിക്കെട്ടോടെ ഉത്സവം സമാപിയ്ക്കും.

ഞാന്‍ അവസാനത്തെ മൂന്നു ദിവസമാണ് ഉത്സവം കൂടാന്‍ പോകാറ്. രയറോത്തു നിന്നും മൂന്നുകിലോമീറ്ററോളം ഉണ്ട് അരങ്ങത്തിന്.
ആലക്കോടിന് അടുത്ത്.
ഞങ്ങള്‍ക്ക് ബസു വഴിയല്ലാതെ പോകാന്‍ മറ്റൊരു വഴിയുമുണ്ട്. പക്ഷെ രയറോം പുഴ ഇറങ്ങിക്കടക്കണം. ഉത്സവകാലങ്ങളില്‍ മുട്ടോളം വെള്ളമേ ഉണ്ടാകൂ. മിക്കവാറും നമ്മുടെ ചങ്ങാതിമാരൊക്കെ കാണും.  ഞങ്ങളങ്ങിനെ ഓരോ കുസൃതികളൊക്കെ പറഞ്ഞ് ചിരിച്ച് മറിഞ്ഞ് പുഴ കടന്ന് ഉത്സവത്തിന് പോകും.

പോകുന്ന വഴിയ്ക്ക് ഒരു ഇക്കായുടെ വീടിനടുത്ത്, തൊഴുത്തിന്റെ സൈഡില്‍ കൂടെ ഒരു ഷോട്ട് കട്ടുണ്ട്. അതിലെ പോകുന്നതില്‍ ഇക്കായ്ക്ക് വലിയ എതിര്‍പ്പൊന്നുമില്ലായിരുന്നു; ആ സംഭവം വരെ!
 ആള് ചെറിയൊരന്ധവിശ്വാസിയെന്നൊക്കെ പറയാവുന്ന കൂട്ടത്തിലാണ്. ഇക്കയുടെ തൊഴുത്തില്‍ ഒരു വിത്തുകാളയുണ്ട്. പുള്ളി നന്നായി പരിപാലിച്ചു പോരുന്നുണ്ട് അതിനെ. ഞങ്ങള്‍ ഉത്സവം കഴിഞ്ഞു വരുന്ന ഒരു രാത്രി. നമ്മുടെ കൂട്ടത്തില്‍ ഒരു അസുരവിത്തുണ്ട്. അവന്‍ ഉത്സവപ്പറമ്പില്‍ നിന്നും ഒരു “ആനപിണ്ഡം” കടലാസില്‍ പൊതിഞ്ഞെടുത്തു! കൂടാതെ മുഴുത്ത രണ്ട് ഉണ്ടന്‍ പൊരിയും. “എന്തിനാ“ന്ന് ചൊദിച്ചിട്ട് ഒന്നും പറഞ്ഞില്ല.  ഇക്കായുടെ വീടിനടുത്തെത്തിയപ്പോ ആ പഹയന്‍ ആനപിണ്ഡം പൊതിയോടെ ഇക്കയുടെ തിണ്ണയില്‍  കൊണ്ടു വച്ചു. പോരാഞ്ഞിട്ട് ഉണ്ടന്‍ പൊരി രണ്ടും കാളയുടെ കൊമ്പില്‍ കോര്‍ത്തു വയ്ക്കുകയും ചെയ്തു!
 പോരേ പൂരം! ആരോ കാളയ്ക്കിട്ട് കൂടോത്രം ചെയ്തതാണെന്ന ധാരണയില്‍ പിറ്റേദിവസം, ഇക്ക
വലിയ ഇഷ്യൂ ഉണ്ടാക്കി. അതോടെ ആ വഴി അടയുകയും ചെയ്തു.

നമ്മുടെ അന്നത്തെ സാമ്പത്തിക സ്ഥിതി വട്ടപ്പൂജ്യം.
ആകെയുള്ള വരുമാനമാര്‍ഗങ്ങള്‍ അമ്മ , അച്ഛനെ അറിയിയ്ക്കാതെ മാറ്റി വെയ്ക്കുന്ന കുരുമുളക്, കശുവണ്ടി തുടങ്ങിയവയൊക്കെ “സുരക്ഷിത“മായി കടയില്‍ കൊണ്ടു പോയിക്കൊടുത്ത് പണമാക്കി അമ്മയ്ക്കു കൊടുക്കുമ്പോള്‍ കിട്ടുന്ന കമ്മീഷനും പിന്നെ വീട്ടിലെ പാല്‍ വില്പനയിനത്തില്‍ കിട്ടുന്ന കമ്മീഷനുമായിരുന്നു.
ഈയൊരു തുക കൊണ്ടൊന്നും ഉത്സവം കൂടല്‍ മര്യാദയ്ക്കു നടക്കില്ല.
എനിയ്ക്കന്ന് ഒരു കൂട്ടുകാരനുണ്ടായിരുന്നു. പ്രകാശന്‍ . അവര്‍ മൂന്നാണുങ്ങളാണ്. ഇളയവനാണ് കക്ഷി. കമഴ്ന്നു വീണാല്‍ കാല്‍ പണം അതാണു പുള്ളിയുടെ പ്രമാണം. അക്കൊല്ലത്തെ ഉത്സവത്തിന് ഒരാഴ്ച മുന്‍പേ ഞങ്ങള്‍ ഒരു ആലോചന നടത്തി. ഇക്കൊല്ലത്തെ ഉത്സവത്തിന് പത്തു കാശുണ്ടാക്കാനെന്താ വഴി?
“എടാ നമുക്ക് ഉത്സവത്തിനൊരു കച്ചവടം നടത്തിയാലോ?” പ്രകാശന്റെ തലയിലാണ് പ്രകാശം വന്നത്.
 “ഓരോരുത്തന്മാര് എന്നാ കാശാ ഒണ്ടാക്കുന്നേന്നറിയാവോ! മര്യാദയ്ക്കാണെങ്കില്‍ ഒരു വര്‍ഷത്തേയ്ക്കൊള്ള പൈസയുണ്ടാക്കാം!”
കാശിനു ദാരിദ്ര്യം അനുഭവിയ്ക്കുന്ന നമ്മളെപോലൊരുത്തനെ പ്രലോഭിപ്പിയ്ക്കാന്‍ വേറേ വല്ലതും വേണോ.
“അതിനിപ്പം നമ്മളെന്തു കച്ചവടം ചെയ്യാനാ? എന്നാത്ത്നാണേലും കാശു വേണ്ടേ?” പോക്കറ്റില്‍ തിരുമ്മിക്കൊണ്ടു നമ്മളു ചോദിച്ചു.
“എടാ അതിനു നമ്മുക്കൊരു കാപ്പിക്കടയാക്കാം. ചെറിയ കാശു പോരെ? പിന്നെ ഓം‌ലെറ്റുമടിയ്ക്കാം”.
“അതിനെനിക്കോം‌ലെറ്റടിയ്ക്കാനൊന്നുമറിയില്ല”.
“ഒരു കാര്യം ചെയ്യ്. നീ കാപ്പിക്കട ചെയ്തോ. ഞാന്‍ ഓം‌ലെറ്റ് നടത്തിക്കോളാം”
ഇത് നമ്മുക്ക് സമ്മതമായി. കാപ്പിയുണ്ടാക്കല് വല്യപാടൊന്നുമില്ല. ഒരു ഗ്ലാസില്‍ കുറച്ച് കാപ്പിപ്പൊടീം പഞ്ചസാരേം ഇടുക, തിളച്ച വെള്ളം ഒഴിയ്ക്കുക. ഒരെളക്കെളക്കിയാല്‍ കാപ്പി റെഡി! അന്നൊരു രൂപയാണ് ഒരു കട്ടങ്കാപ്പിയ്ക്ക്. മുടക്ക് കൂടിപ്പോയാല്‍ ഇരുപത്തഞ്ച് പൈസ. എഴുപത്തഞ്ചു പൈസാ ലാഭം. ദിവസം എങ്ങനെയായാലും ഒരു നൂറു കാപ്പി പോകും. ആറാട്ടിന്റന്ന് പറയാനേ പറ്റില്ല. ചിലപ്പം അഞ്ഞൂറെണ്ണം വരെ ആയേക്കാം. സകലമാന ചിലവുകളും കഴിഞ്ഞാലും അഞ്ഞൂറു രൂപാ ഉത്സവം കഴിയുമ്പം പോക്കറ്റില്‍ കിടക്കും.

അപ്പോ എന്തൊക്കെയാ പ്രാഥമിക ചിലവുകള്‍ ?
ഒരു കലം, അഞ്ചാറു ഗ്ലാസുകള്‍ ഒരു സ്റ്റൌ , പിന്നെ രണ്ടു കസേര ഒരു മേശ. വെള്ളം സംഘടിപ്പിക്കാന്‍ ഒരു കുടം. പിന്നെ  കാപ്പിപ്പൊടി പഞ്ചസാര. ഇത്രമാത്രം! ഇതില്‍ സ്റ്റൌവും  കാപ്പിപ്പൊടീം പഞ്ചസാരയുമൊഴിച്ചെല്ലാം വീട്ടില്‍ നിന്നും സംഘടിപ്പിയ്ക്കാം. സ്റ്റൌ പ്രകാശന്റെ വീട്ടിലെ പഴയതൊരെണ്ണം എടുക്കാമെന്നു പറഞ്ഞു.

 ഓക്കേ, അപ്പൊ ഇനി പ്രാരംഭമൂലധനം  അമ്മ തരണം. മകന്‍ അങ്ങനെ രക്ഷപെടുന്നെങ്കില്‍ പെടട്ടെ എന്നു കരുതി, പാവംസ്വരുക്കൂട്ടി വച്ച അന്‍പതു രൂപാ മടികൂടാതെ തന്നു.
പ്രകാശന് കാശിനു വലിയ വലിവൊന്നുമില്ല. പിന്നെ എല്ലാത്തിനും ഹെല്പാന്‍ ചേട്ടന്മാരുമുണ്ട്. ഒരു ജീപ്പു പിടിച്ച് എന്റെയും അവന്റെയും മേശ, കസേര, കലങ്ങളാദി ഐറ്റംസൊക്കെ ഉത്സവപ്പറമ്പിലെത്തിച്ചു.
 ഉത്സവ പറമ്പില്‍ കച്ചവടം നടത്താന്‍ തറവാടക വേണം. അതിനു ലേലം ഉണ്ട്. നമുക്കതു പറ്റാത്തതുകൊണ്ട്, ഉത്സവപറമ്പിനു വെളിയില്‍ റോഡിലാക്കി കച്ചവടം.
ഒരു പത്തിരുപതെണ്ണം ഉണ്ട് ഇതേ കാറ്റഗറിയില്‍ .

ഒന്നാം ഉത്സവനാളില്‍ വൈകുന്നേരത്തോടെ താര്‍പ്പായയൊക്കെ കെട്ടി കട റെഡിയാക്കി. ചുറ്റിലുമുള്ള കടയിലെല്ലാം ട്യുബ് വെളിച്ചം. പിന്നെ നമ്മളായിട്ട് ഒഴിവാക്കാന്‍ പറ്റുമോ? ഒരു ട്യൂബിടാന്‍ പറഞ്ഞു. ദിവസം ഇരുപത്തഞ്ചു രൂപാ വാടക! ഹോ..അറവു തന്നെ.

ഏഴുമണി ആയി.ഉത്സവപ്പറമ്പാകെ വെള്ളിവെളിച്ചം. എന്നാല്‍ കാര്യമായ തിരക്കൊന്നുമില്ല. തൊട്ടിലാട്ടം, മരണക്കിണര്‍ ഇവ്വക ഐറ്റംസൊന്നും എത്തിയിട്ടില്ല. (അവയൊക്കെ നാലാം ദിവസമേ എത്തൂ എന്നത് പുതിയൊരറിവായിരുന്നു. നമ്മളു സാധാരണ അഞ്ചാം ദിവസമല്ലേ ഉത്സവം കൂടാറുള്ളൂ!) അന്നത്തെ പരിപാടി ഏതോ പിറുങ്ങിണി പിള്ളേരുടെ ഡാന്‍സ് അരങ്ങേറ്റം. പിള്ളേരും ബന്ധുക്കളും ഉത്സവക്കമ്മിറ്റിക്കാരുമെല്ലാം കൂടി അന്‍പതില്‍ താഴെ ആള്‍ മാത്രം!
 അന്നത്തെ കച്ചവടം, തണുപ്പു സഹിയ്ക്കാതെ ഞാന്‍ തന്നെ കുടിച്ച കാപ്പിയുടെ വിലയായ ഒരു രൂപ. (ഗണപതിയ്ക്കു വച്ചത് കാക്ക കൊണ്ടു പോയതു പോലാവണ്ടല്ലോ എന്നു കരുതി ഞാന്‍ പോക്കറ്റിലുണ്ടായിരുന്ന ഒരു രൂപ ഇടുകയായിരുന്നു.) എന്നാല്‍ പ്രകാശന് പത്തു പതിനഞ്ച് ഓം‌ലെറ്റ് ചിലവായി. അതിലൊറ്റ ഒരുത്തന്‍ പോലും കാപ്പിയുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. (കാരണം പിന്നെയാണ് മനസ്സിലായത്. എല്ലാവനും ഇരുട്ടത്തു മറപറ്റി ഓരോ ബോട്ടില്‍ , “ഷെയര്‍ “ ചെയ്തടിച്ചിട്ടു വന്നാണ് ഓം‌ലെറ്റിനോര്‍ഡര്‍ ചെയ്യുന്നത്.)

രാത്രി പതിനൊന്നുമണിയോടെ അന്നത്തെ കച്ചവടം മടക്കിക്കെട്ടി ചുളു ചുളാ അടിയ്ക്കുന്ന തണുപ്പന്‍ കാറ്റത്ത് തണുത്തുറഞ്ഞ രയറോം പുഴ   കിടു കിടാ വിറച്ചുകൊണ്ട് ഞങ്ങള്‍ മുറിച്ചു കടന്നു. ഏതൊരു ബിസിനസ്സിനും തുടക്കത്തില്‍ ചില പ്രതിബന്ധങ്ങളൊക്കെ ഉണ്ടാകുന്നതു സ്വാഭാവികമല്ലേ! (വീട്ടിലാണെങ്കില്‍ മര്യാദയ്ക്ക് ഉള്ള കഞ്ഞീം കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങണ്ട സമയം)

ഉത്സവം രണ്ടാം ദിനം: ഇന്നു കുറച്ചു കൂടി പുരോഗതിയുണ്ട്. നാലു കാപ്പി ചിലവായി. വിശന്നു മടുത്തപ്പോള്‍ അടുത്ത ഹോട്ടലില്‍ പോയി പൊറോട്ടയും മീഞ്ചാറും കഴിച്ചു.(ഹോട്ടലുകാരന്റെ ഒരു നോട്ടം!)

ഉത്സവം മൂന്നാം ദിനം: സ്റ്റേജില്‍ ഇന്ന് ലോക്കല്‍ ഗായകരുടെ ഗാനമേളയായിരുന്നു. ആലക്കോട് നിന്ന് ഡ്രൈവര്‍ സെറ്റ് കൂട്ടമായി വന്നിട്ടുണ്ട്, കൂവാന്‍ .
ഹോ.. എന്തൊരൊടുക്കത്തെ കൂവലായിരുന്നു. വെറുതെയിരുന്നു മടുത്തപ്പോള്‍ നമ്മളും കൂടി കൂവാന്‍ .(കട തുറന്നിരിപ്പുണ്ട് എന്നു വിചാരിച്ച്  ആരും ഒന്നും എടുത്തോണ്ടു പോകാനൊന്നുമില്ലല്ലോ?)
വരവ് അഞ്ചു രൂപാ. ചിലവ് പന്ത്രണ്ട്. സാരമില്ല നാളെ മുതല്‍ ഉത്സവം ഉഷാറാകും. തൊട്ടി കിട്ടി ഐറ്റംസൊക്കെ കൊണ്ടു ചാടിച്ചിട്ടുണ്ട്. ഇനിയിപ്പോ നല്ല കച്ചവടമായിരിയ്ക്കും.

ഉത്സവം നാലാം ദിനം: പറഞ്ഞപോലെ ഉത്സവം ഉഷാറായിരിയ്ക്കുന്നു. കുറേ ആളൊക്കെ ഉണ്ട്. നല്ല ഒച്ചേം ബഹളോമൊക്കെ ആയി ഒരു കൊഴുപ്പായിട്ടുണ്ട്. ഇന്ന് തകര്‍പ്പന്‍ കച്ചവടം കിട്ടും.
ഏതാണ്ട് എട്ടുമണിയോടെ ഉത്സവകമ്മിറ്റിക്കാര്‍ പിരിവിനു വന്നു. ഒന്നും മിണ്ടാതെ ഇരുപതു രൂപാ എഴുതി തന്നു. (അതിനുള്ള കച്ചവടം നമുക്കുണ്ടോ എന്നാ പഹയന്മാര്‍ അന്വേഷിച്ചില്ല.) ആള്‍ക്കാര്‍ വന്നവരെല്ലാം സ്റ്റേജിനടുത്തേയ്ക്ക് പോയി; ബാലെ കഴിഞ്ഞു തിരിച്ചു വീട്ടിലും പോയി. വെളുപ്പാന്‍ കാലം മൂന്നുമണിയ്ക്ക്, കിടു കിടാ വിറയ്ക്കുന്ന താടി തോര്‍ത്തുകൊണ്ട് ചേര്‍ത്തു കെട്ടി നമ്മള്‍ രയറോം പുഴ മുറിച്ചു കടന്നു.(മുടിഞ്ഞ തണുപ്പാ വെള്ളത്തിന്)

ഉത്സവം അഞ്ച്, ആറ്, ഏഴ് ദിനങ്ങള്‍ : ഉത്സവകമ്മിറ്റി പിരിവ്- ഇരുപത്തഞ്ച്, മുപ്പത്, നാല്പത്. സ്റ്റൌ പണിമുടക്കിയത് നന്നാക്കിയ വകയില്‍ ഇരുപത്തഞ്ച്. മണ്ണെണ്ണ മേടിച്ച വകയില്‍ ഇരുപത്തഞ്ച്. പിന്നെ നമ്മുടെ ചിലവ് ഒരു അന്‍പത് കൂട്ടിക്കൊ. പഞ്ചസാരയും കാപ്പിപ്പൊടിയും വേറെ മേടിയ്ക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ആ വകയില്‍ ചിലവൊന്നുമില്ല. വരവ് കഷ്ടി നൂറ് രൂപാ.ചുരുക്കത്തില്‍ ഇപ്പോ കമ്പനി എന്നെ സംബന്ധിച്ച് വന്‍‌നഷ്ടത്തിലും പ്രകാശനെ സംബന്ധിച്ച് സാമാന്യം ലാഭത്തിലുമാണ് ഓടുന്നത്. (വെള്ളമടിയ്ക്ക് കുറവില്ലാത്തതുകൊണ്ടു തന്നെ ഓം‌ലെറ്റിനും നല്ല ചിലവ്!)
ഇനിയിപ്പോ ആകെ പ്രതീക്ഷ ആറാട്ടാണ്. അതെന്തായാലും നല്ല കച്ചവടം കിട്ടും. നമുക്കു കണ്ടനുഭവമുള്ളതാണ്. എല്ലാ നഷ്ടവും ഇന്ന് തീര്‍ക്കണം.

അങ്ങനെ ആറാട്ടിന്‍ നാള്‍ : ഒള്ളതു പറയണമല്ലോ.. എന്തൊരു പുരുഷാരം! സൂചികുത്താനിടമില്ല അമ്പലപറമ്പില്‍ . ആലക്കോട് പ്രദേശത്തെ സകലമാനപേരും പെണ്ണുങ്ങളും പിള്ളേരും സഹിതം ഇറങ്ങിയിട്ടുണ്ട്. ബസുകള്‍ തുരുതുരാ ട്രിപ്പടിയ്ക്കുന്നു. മരണകിണറില്‍ നിന്നും സൈലന്‍സറില്ലാത്ത ബൈക്കിന്റെ അമറിച്ച. മോട്ടോറ്‍, ജനറേറ്ററ്, ഇടക്കിടെ പൊട്ടുന്ന വെടി വഴിപാട്. സ്റ്റേജില്‍ നിന്നുംവരുന്ന പാട്ട്. ആകെ പൊടിപൂരം.
പ്രകാശന്‍ പറന്നു നടന്ന് ഓം‌ലെറ്റടിയ്ക്കുന്നു. സഹായിക്കാന്‍ അവന്റെ ചേട്ടന്മാരും.
അന്‍പതു രൂപ ഉത്സവകമ്മറ്റിക്കാരു കൊണ്ടു പോയെങ്കിലും നമുക്കും കിട്ടി ഒരു മാതിരി നല്ല കച്ചവടം. ഭഗവാനേ നഷ്ടമെല്ലാം തീര്‍ത്തു തരണേ..!
എതാണ്ട് വെളുപ്പാന്‍ കാലം മൂന്നുമണി. അഞ്ചു മണിയ്ക്ക് വെടിക്കെട്ടാണ്. അതുകൂടികഴിഞ്ഞാലേ ജനം പിരിയൂ. അതു വരെ നല്ല കോളാണ്.
റോഡിലെന്താ ഒരു കശപിശ? ഗൌനിക്കണ്ട..നമുക്കെന്തു കാര്യം?
ശോ.. ആ പുല്ലന്മാര് കളിച്ച് കളിച്ച് നമ്മുടെ കടയുടെ മുന്‍പില്‍ കിടന്നായല്ലോ കളി..ആലക്കോട്ടെ ഡ്രൈവര്‍ സെറ്റുകാര് ആരോ ആണ്.
പെട്ടെന്നാണ്.. ഉന്തിത്തള്ളിയവന്മാര്‍ മൂന്നുനാലെണ്ണം നമ്മുടെ കടയ്ക്കകത്തേയ്ക്ക് തെറിച്ചു വീണു. ഒപ്പം ചെവിപൊട്ടുന്ന സൈസ് തെറിയും.മേശ, വെള്ളം തിളച്ചുകൊണ്ടിരുന്ന കലം, ഗ്ലാസ്, ഓം‌ലെറ്റിനു വച്ചിരുന്ന മുട്ട എല്ലാം കൂടി.... .ഠിം! കടയിലുണ്ടായിരുന്ന നാല് കസ്റ്റമേഴ്സ് കിട്ടിയ ഗ്യാപ്പില്‍ ഓടി രക്ഷപെട്ടു.
കടിപിടി കൂടുന്ന പട്ടികളുടെ മാതിരി ഒരു മറിയലും ചിതറലും. ടാര്‍പ്പായയും അതു കെട്ടിയ മുളന്തൂണുമെല്ലാം  നിലം പറ്റി. എന്താണ് നടക്കുന്നതെന്നറിയാന്‍ അരമിനിറ്റെടുത്തു. അപ്പോഴേയ്ക്കും നടക്കാനുള്ളതെല്ലാം നടന്നു കഴിഞ്ഞു. കടിപിടി കൂടിയവന്മാര്‍ എങ്ങോട്ടോ കെട്ടിമറിഞ്ഞു പാഞ്ഞു പോയി. ഒരു ഭൂകമ്പം കഴിഞ്ഞമാതിരി നമ്മളങ്ങനെ നില്‍ക്കുമ്പം തുടര്‍ ചലനങ്ങള്‍ മുട്ടു വഴി മേലേയ്ക്ക് കയറി വന്നു. ട്യൂബ് ലൈറ്റ് പൊട്ടിയ സൌണ്ട് അന്നേരത്തെ ഒച്ചയില്‍ നമ്മളു കേട്ടില്ലായിരുന്നു.

ഉത്സവകച്ചവടത്തിന്റെ ബാലന്‍സ് ഷീറ്റ് :
ആകെ വരുമാനം = 214 രൂപ.
ചിലവ് =  630 രൂപ. (പ്രാരംഭമൂലധം + മറ്റു ചിലവുകള്‍ + ട്യൂബ് ലൈറ്റ്+ വണ്ടിക്കൂലി+സ്റ്റൌ റിപ്പയറിംഗ് + ഗ്ലാസ് +മേശയുടെ ഒടിഞ്ഞ കാലു നന്നാക്കിയതുള്‍പ്പെടെ).

വാല്‍ക്കഷണം : നഷ്ടം നികത്താന്‍ അമ്മയുടെ സമ്പാദ്യത്തിന്മേല്‍ ചില തിരിമറികളൊക്കെ വേണ്ടി വന്നു.ബിസിനസ്സിലൂടെ നന്നാവണമെന്ന എന്റെ ത്വര ഇവിടം കൊണ്ടു തീര്‍ന്നെങ്കില്‍ എത്ര നന്നായേനെ! എന്നാല്‍ ഞാന്‍ പഠിച്ചില്ല. ആ കഥ പിന്നെ.

8 comments:

  1. ആഹാ
    നല്ല രസായി വായിച്ചു, ഇഷ്ട്ടായി.. :)

    ReplyDelete
  2. ഒരു ഉത്സവം കണ്ടിറങ്ങിയ പ്രതീതി തോന്നി. അടുക്കും ചിട്ടയോടും കൂടി നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു . ഇത് വായിക്കാന്‍ ഒരവസരം തന്നതിന് നന്ദി.

    ReplyDelete
  3. ഉഗ്രന്‍. ശരിക്കും ആ ഉത്സവം കൂടിയ പോലെ തോന്നി ട്ടോ

    ReplyDelete
  4. കൊള്ളാം... നല്ല രസത്തില്‍ വായിച്ചു...

    ReplyDelete
  5. ഉത്സവക്കച്ചവടത്തിന് എന്നോടൊപ്പം കൂടിയ ഹാഷിം,ശ്രീലത,ദുശ്ശാസനന്‍ ,നൌഷു പിന്നെ കമന്റിടാന്‍ മറന്ന എല്ലാവര്‍ക്കും വണക്കം.

    ReplyDelete
  6. ഉത്സവത്തിനു ചെന്ന ഒരു പ്രതീതി. കൊള്ളാം.

    ReplyDelete
  7. @krish | കൃഷ്
    കൃഷ്, പോരുന്നോ അടുത്ത ഉത്സവത്തിന്?

    ReplyDelete
  8. ആഹാ....
    കുറെ നാളായിട്ടുള്ള ഒരാഗ്രഹമായിരുന്നു ഒരുത്സവം കൂടണമെന്നത്...
    അതു സാധിച്ചു...

    ReplyDelete